Thursday, March 26, 2009

മാംസാഹാരം, മതം, ഭക്തി

പണ്ടു കേട്ട ഒരു കഥ.

ഒരു വ്യവസായി തന്റെ യാത്രയ്ക്കിടയില്‍ ഒരു കൊടും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. കാടിന്റെ വളരെ വളരെ ഉള്ളില്‍ ഒരിടത്ത്‌ എത്തിയപ്പോള്‍ അവിടെ ഒരുമരച്ചുവട്ടില്‍ കിടന്നുറങ്ങുന്ന ഒരാളെ കണ്ടു. അദ്ദേഹം വാഹനം അവിടെ നിര്‍ത്തി, ഉറങ്ങുന്ന ആളെ വിളിച്ചുണര്‍ത്തി-
" ഹേയ്‌ താങ്കള്‍ ആരാണ്‌, ഇവിടെ എന്തു ചെയ്യുന്നു?"

അയാള്‍- " ഞാന്‍ ഇവിടെ കിടന്നുറങ്ങുന്നു അല്ലാതെന്ത്‌"

വ്യവസായി " നിങ്ങള്‍ക്കു നല്ല ആരോഗ്യമുണ്ടല്ലൊ , നിങ്ങള്‍ക്ക്‌ നാട്ടില്‍ വന്നു പല്ല പണിയും ചെയ്തു ജീവിച്ചു കൂടെ?"

അയാള്‍ " അതെന്തിന്‌"?

വ്യവസായി " നല്ല പോലെ പണിചെയ്താല്‍ നല്ല പോലെ കാശുണ്ടാക്കാം"

അയാള്‍ " നല്ല പോലെ കാശുണ്ടാക്കി എന്നു കരുതുക എന്നിട്ട്‌?

വുവസായി " കാശുണ്ടാക്കിയാല്‍ എന്നെ പോലെ ബിസിനസ്സൊക്കെ ചെയ്ത്‌ പിന്നെയും കാശുണ്ടാക്കാം"

അയാള്‍ " പിന്നെയും ഒരുപാട്‌ കാശുണ്ടാക്കി എന്നിട്ട്‌?"

വ്യവസായി " നല്ല മാളിക പണിഞ്ഞ്‌ അവിടെ കിടന്നുറങ്ങാം, അല്ലാതെ ഈ കാട്ടില്‍ കിടക്കണൊ"

അയാള്‍ " സുഹൃത്തേ അവസാനം വെറുതേ കിടന്നുറങ്ങാനാണെങ്കില്‍ - അതു തന്നെ അല്ലേ ഈ ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ ഞാന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്‌? തന്നെയുമല്ല ആ മാളികയില്‍ കിടന്നാല്‍ ഉറങ്ങുന്നവര്‍ വളരെ കുറവായിരിക്കും ശരിയല്ലേ?

ഇതൊരു കഥ മാത്രം.

പക്ഷെ ജീവിതത്തിന്റെ വളരെ വലിയ ഒരു തത്വത്തെ വെളിപ്പെടുത്തുന്നു.

മതം, ഭക്തി എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ഞാന്‍ കണ്ട ചില പ്രതിവാദങ്ങള്‍ക്ക്‌ ഉപോല്‍ബലകമായ വാദവും ഈ വ്യവസായിയുടെ തരം വീക്ഷണമാണ്‌.

ഒരു ജീവിയുടെ ഏറ്റവും പ്രഥമമായ ആവശ്യം ഭക്ഷണം. ജീവിയ്ക്കാനുള്ള ഭക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അടുത്ത്‌ ആവശ്യം വരുന്നത്‌ വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവ. അതിനു ശേഷം തന്റെ കുടുംബം അതിനെ പോറ്റാനും പാലിക്കാനും ഉള്ള വഴി.

ഇതെല്ലാം നിറവേറികഴിഞ്ഞാല്‍ തന്റെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യാനുള്ള മനസ്ഥിതി.

ഇതും കഴിഞ്ഞാല്‍ വേണ്ടത്‌ ഭക്തി. അതും കഴിഞ്ഞ്‌ മതം.

ഈ ക്രമത്തിലല്ല ഇതുണ്ടാകുന്നത്‌ എങ്കില്‍ പ്രശ്നങ്ങള്‍ തുടങ്ങുകയായി.

അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റികഴിഞ്ഞ്‌ തന്റെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയോ, തന്റെ കയ്യില്‍ നീക്കിയിരിപ്പുള്ള ധനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗമായോ ഭക്തിയും മതവും എന്നുപയോഗിക്കപ്പെടുന്നുവോ അപ്പോള്‍ അവ ഭക്തിയും മതവും അല്ലാതായിത്തീരുന്നു.

തന്റെ കുടൂംബം പോറ്റാനുള്ള വഴി വരെ ഏകദേശം മൃഗങ്ങളും മനുഷ്യനും തുല്ല്യരാണ്‌.

എന്നാല്‍ അതിലുപരിയായി മനുഷ്യന്‍ തന്റെ സമൂഹത്തെ കുറിച്ചു ബോധവാനാകുന്നതോടൂ കൂടി മൃഗത്തില്‍ നിന്നും അല്‍പം മുകളിലാകുന്നു.

അതിനും മുകളില്‍, തന്റെ സത്തയെ അന്വേഷിക്കുന്ന ബുദ്ധി എന്നുദിക്കുന്നുവോ അന്നവന്‍ ഭക്തനാകുന്നു.
- അല്ലാതെ അമ്പലത്തില്‍ പോയി "എനിക്കു നാളെ ലോട്ടറി അടിക്കണേ" എന്നു പ്രാര്‍ത്ഥിക്കുന്നതല്ല ഭക്തി.

ഭക്തിയുടെ സൈദ്ധാന്തികവശമാണ്‌ മതം. അതിനെ ആണ്‌ 'തത്വശാസ്ത്രം' എന്നു വ്യവഹരിക്കുന്നത്‌ - തത്‌ = അത്‌, ത്വം = നീ

അതു നീ തന്നെ ആകുന്നു എന്നു വെളിപ്പെടുത്തുന്ന ശാസ്ത്രം.
ഹൈന്ദവതത്വശാസ്ത്രത്തില്‍ വിശ്വാമിത്രന്റെ കഥ (വിശ്വത്തിന്‌ അമിത്രനായവന്‍) നേരത്തെ എഴുതിയത്‌ വായിച്ചിരിക്കുമല്ലൊ.

തന്റെ തപസ്സിനവസാനം പാരണ വീടുവാന്‍ വച്ചിരുന്ന വസ്തു പോലും ദാനമായി നല്‍കുന്ന അവസ്ഥ - താന്‍ എന്നോ തന്റെ ജീവന്‍ എന്നോ ഉള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കാത്ത നിലയിലെത്തുവാന്‍ ശ്രമിക്കുന്ന കഥ.

ഇത്തരത്തിലുള്ള ഒരു തത്വശാസ്ത്രത്തിന്റെ ഭാഗമായി മാംസാഹാരം കഴിക്കുന്നതിനെ പറ്റി പറയുമ്പോള്‍ ഞാനെഴുതും - non- vegetarian food will make your thinking carnivorous--" മറ്റൊരു ജീവനെ കുരുതി കൊടുത്തും തന്റെ ജീവന്‍ നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്ന ചിലര്‍ക്ക്‌, തന്റെ ആഹാരം ദാനം നല്‍കി താന്‍ നശിച്ചാലും മറ്റൊരു ജീവന്‍ രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നത്‌ മനസ്സിലാവുകയില്ല - അത്‌ അവരുടെ കുറ്റമല്ല.

ആ വാചകത്തിനു മുമ്പ്‌ ഞാന്‍ വേറൊരു വാചകം കൂടി എഴുതിയിരുന്നു - "try to avoid no-veg diet if possible" എന്ന്‌ "if possible" എന്നു വച്ചാല്‍ കഴിയുമെങ്കില്‍ എന്നു മലയാളം. 'കഴിയുമെങ്കില്‍ മാംസാഹാരം ഒഴിവാക്കണം' എന്നു പറഞ്ഞാല്‍ ഒരിക്കലും മാംസാഹാരം കഴിക്കരുത്‌ എന്നല്ല അര്‍ത്ഥം.

മറ്റ്‌ ആഹാരങ്ങള്‍ ലഭ്യമാണെങ്കില്‍, അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെടാനാകുമെങ്കില്‍, അതു നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങളെ നിറവേറ്റാന്‍ പര്യാപ്തമാണെങ്കില്‍ എന്നീ ഉപാധികള്‍ അവിടെ ഉണ്ട്‌. ഈ ഉപാധികളെല്ലാം പൂരിതമാകുമ്പോഴും നിങ്ങള്‍ മാംസാഹാരം കഴിക്കണം എന്നു നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍, അതു നിങ്ങളുടെ മാനസിക നിലയെ സൂചിപ്പിക്കുനത്‌ ഇപ്രകാരമാണ്‌- ഏത്‌ - മുമ്പു പറഞ്ഞ - മറ്റൊരു ജീവിതത്തെ ബലികഴിച്ചും തന്റെ ജീവിതം സുഖമയമാക്കണം എന്ന തരം. അത്‌ ഭൗതികവാദത്തില്‍ നല്ലതായിരിക്കാം പക്ഷെ ആദ്ധ്യാത്മികതയില്‍ നല്ലതല്ല.

'കൊന്നാല്‍ പാപം തിന്നാല്‍ തീരും' എന്ന ഒരു പഴഞ്ചൊല്ലുണ്ട്‌. അതിന്‍ പ്രകാരം തിന്നാന്‍ വേണ്ടി കൊല്ലാം എന്നു വാദിക്കുന്നതും കേട്ടിട്ടുണ്ട്‌.

ഇവിടെയും മേല്‍പറഞ്ഞ പ്രകാരം, മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെങ്കില്‍, തന്റെ ജീവിതം നിലനിര്‍ത്തുന്നതിന്‌ ആഹാരമായി അപ്പോള്‍ ആ ഒരു വഴിയേ ഉള്ളു എങ്കില്‍ അതു ശരിയാണ്‌, പക്ഷെ മറ്റു വഴികള്‍ ആഹാരസമ്പാദനത്തിനുണ്ടെങ്കില്‍ കൊന്ന പാപം തീരില്ല.

ഇത്രയും വായിച്ചു കഴിഞ്ഞെങ്കില്‍ മുകളില്‍ പറഞ്ഞ ഈ വാചകങ്ങള്‍ ഒന്നു കൂടി വായിക്കുക -

"അതിനും മുകളില്‍, തന്റെ സത്തയെ അന്വേഷിക്കുന്ന ബുദ്ധി എന്നുദിക്കുന്നുവോ അന്നവന്‍ ഭക്തനാകുന്നു.
- അല്ലാതെ അമ്പലത്തില്‍ പോയി "എനിക്കു നാളെ ലോട്ടറി അടിക്കണേ" എന്നു പ്രാര്‍ത്ഥിക്കുന്നതല്ല ഭക്തി.

ഭക്തിയുടെ സൈദ്ധാന്തികവശമാണ്‌ മതം."

ഈ നിലവാരത്തില്‍ ചിന്തിക്കുന്നവര്‍ക്കുള്ള കാര്യങ്ങളാണ്‌ ഇപ്പറഞ്ഞത്‌.

Saturday, March 21, 2009

സദാചാരം -- contd

സദാചാരം -- മുമ്പിലത്തെ പോസ്റ്റ്‌ വായിച്ചല്ലൊ അല്ലേ

"കിം കര്‍മ്മ കിമകര്‍മ്മേതി
കവയോപ്യത്ര മോഹിതാഃ"

ഭഗവത്‌ഗീതയിലെ ഒരു ശ്ലോകത്തിന്റെ ഭാഗമാണ്‌. എന്താണ്‌ ചെയ്യേണ്ടവ എന്തൊക്കെയാണ്‌ ചെയ്യരുതാത്തവ ഇവയെ കുറിച്ച്‌ തീര്‍ച്ചയില്ലാതെ കവികള്‍ പോലും വിഷമിക്കുന്നു -

(ഹ ഹ ഹ ബ്ലോഗിലെ കവികളല്ല കേട്ടൊ അവര്‍ക്കറിയാം കൃത്യമായിട്ടറിയാം. ചിലതൊക്കെ വായിക്കുമ്പോള്‍ തോന്നുന്നില്ലെ? )

ഇന്നതൊക്കെ ചെയ്യണം ഇന്നതൊന്നും ചെയ്യരുത്‌ എന്നു അറത്തു മുറിച്ചു പറയുവാന്‍ സാധിക്കുമോ?

പറ്റില്ല എന്നാണ്‌ ഹൈന്ദവതത്വശാസ്ത്രം പറയുന്നത്‌. ഇന്നത്‌ പുണ്യം , അവയൊക്കെ ചെയ്യുക, ഇന്നതൊക്കെ പാപം - അവയൊന്നും ചെയ്യരുത്‌ എന്നിങ്ങനെ പറയുക സാധ്യമല്ല.

കാരണം - "കര്‍മ്മം" എന്നത്‌ പുണ്യവുമല്ല പാപവുമല്ല. ഏതു സാഹചര്യത്തില്‍ അനുഷ്ഠിക്കപ്പെടുന്നുവോ , എന്തുമനോഭാവത്തോടു കൂടി അനുഷ്ഠിക്കപ്പെടുന്നുവോ അതിനനുസരിച്ചിരിക്കും കര്‍മ്മത്തിന്റെ നിര്‍വചനം.

അതുകൊണ്ടല്ലേ "ഇപ്പോള്‍ മുഴക്കോലായോ" എന്ന പോസ്റ്റ്‌ എനിക്കിടേണ്ടി വന്നത്‌- വായിച്ചില്ലേ സൂരജിന്റെ രണ്ടു ലേഖനങളും? ഇല്ലെന്‍കില്‍ ഉടനെ തന്നെ പോയി വായിക്കണെ നല്ല തമാശകളാണ്‌.

കൂട്‌തല്‍{ ദാ ഇവിടെ ഉണ്ട്‌.

എന്താണ്‌ ചെയ്യേണ്ട കര്‍മ്മങ്ങള്‍ , എന്ന്‌
മഹാഭാരതത്തില്‍ വിദുരരോട്‌ ചോദിക്കുമ്പോല്‍ വിദുരരോട്‌ ചോദിക്കുമ്പോള്‍ അദ്ദേഹം കൊടുക്കുന്ന മറുപടി ഇതാണ്‌

" ദിവസേനൈവ തത്‌ കുര്യാത്‌
യേന രാത്രൗ സുഖം വസേത്‌
യാവജ്ജീവേത തത്‌ കുര്യാത്‌
യേനാമുത്ര സുഖം ഭവേത്‌"

പകല്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ എങ്ങനെ ഉള്ളവയായിരിക്കണം ? രാത്രി സുഖമായി ഉറങ്ങാന്‍ സാധിക്കുന്നവയായിരിക്കണം.
മറ്റുള്ളവര്‍ക്കു പാരപണിയുന്ന പണി ചെയ്താല്‍ രാത്രി ഉറങ്ങുവാന്‍ കഴിയില്ല എന്ന്‌ വിദുരര്‍ ഭംഗിയായി പറഞ്ഞിരിക്കുന്നു അല്ലേ?

ജീവനുള്ളിടത്തോളം ചെയ്യുന്ന കാര്യങ്ങള്‍ പരലോകജീവിതം സുഖകരമാക്കുന്നവയായിരിക്കണം.

ഇതൊക്കെ ഓരോരുത്തരും മനസ്സിലാക്കി അനുഷ്ഠിച്ചിരുന്നെങ്കില്‍ അവരവരുടെ ജീവിതം മാത്രമല്ല ഈ ലോകം മുഴുവന്‍ സുഖമുള്ളതായിരുന്നേനേ

സദാ 'ചാരം'

മുമ്പു കേട്ടിട്ടുള്ള ഒരു കഥയാണ്‌.

പിതാവിന്റെ ബലിയിടുന്ന ഒരു പുത്രന്‍. ബലിയ്ക്കുള്ള തയ്യറെടുപ്പുകളെല്ലാം പൂര്‍ത്തിയായി.

പെട്ടെന്നു അദ്ദേഹം വിളിച്ചു ചോദിക്കുന്നു. "പൂച്ചയെവിടെ"?

ആ വീട്ടില്‍ പൂച്ചയില്ല. എന്തു ചെയ്യും? കൂട്ടുകാരന്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്‌ ദൂരെ ഒരു വീട്ടില്‍ പൂച്ചയുണ്ടെന്ന്‌. അതിനെ കൊണ്ടു വരാമെന്നേറ്റിരുന്നതും ആണ്‌. പക്ഷെ ഇതുവരെ എത്തിയില്ല.

വേഗം വേറേ ആളെ വിട്ടു ആ പൂച്ചയെ വരുത്തിച്ചു. കൊണ്ടു വന പാടെ അതിനെ ഒരു കുട്ടയ്ക്കടിയില്‍ അടച്ചിട്ടു.

ബലികര്‍മ്മങ്ങള്‍ എല്ലാം ഭംഗിയായി നടത്തി. പൂച്ചയെ തിരികെ അതിന്റെ വീട്ടിലും എത്തിച്ചു.

കര്‍മ്മങ്ങള്‍ക്കെത്തിയിരുന്ന വൃദ്ധനായ ഒരു അതിഥിയ്ക്ക്‌ ഈ പൂച്ച പുരാണം മനസ്സിലായില്ല അദ്ദേഹം ചോദിച്ചു

" എന്തിനാ പൂച്ചയെ കൊണ്ടു വന്നത്‌?"

വീട്ടുകാരന്‍ "അതേയ്‌, അച്ഛന്‍ മുമ്പ്‌ ബലിയിടുമ്പോഴൊക്കെ പൂച്ചയെ പിടിച്ച്‌ കുട്ടയ്ക്കടിയില്‍ ഇടാന്‍ പറയുമായിരുനു. ഞാനാണ്‌ അതു ചെയ്തിരുന്നത്‌. എന്തു ചെയ്യാം ഇപ്പോള്‍ വീട്ടില്‍ പൂച്ചയില്ലാതായിപ്പോയി.?

അതിഥി " എടോ തന്റെ അച്ഛന്‍ തന്റെ വീട്ടിലെ പൂച്ചയെ പിടിച്ചു കുട്ടയ്ക്കടിയില്‍ ഇടുന്നത്‌ എന്തിനാണെന്നു അറിയില്ലേ? കഷ്ടം. ബലിയ്ക്കുള്ള ചോറും പാലുമൊന്നും അതു വന്ന്‌ തിന്നും കുടിച്ചും നശിപ്പിക്കാതിരിക്കാന്‍ ചെയ്ത കാര്യം താന്‍ ഇങ്ങനെ ആണോ മനസ്സിലാക്കിയത്‌?"

നമ്മുടെ നാട്ടില്‍ നടമാടുന്ന സദാ 'ചാരങ്ങള്‍" കാണുമ്പോള്‍ ഇതൊക്കെ കുറച്ചു കൂടി വിപുലമായതേ ഉള്ളു എന്നു തോന്നുന്നു.

Thursday, March 19, 2009

എഴുത്തും ഭാഷയും

'രക്ഷതു' എന്നത്‌ രക്ഷിക്കുമാറാകട്ടെ എന്നര്‍ത്ഥം വരുന്ന വാക്ക്‌.

ഈശ്വരോ രക്ഷതു എന്നു സാധാരണയായി പറയാറുള്ള ഒരു പ്രയോഗം.

സംസ്കൃതം എന്തെഴുതിയാലും അവസാനം വിസര്‍ഗ്ഗം വേണം എന്നൊരു അന്ധവിശ്വാസം ഉണ്ടോ പോലും

ഇതൊക്കെ വായിച്ചപ്പോള്‍ എഴുതിപ്പോയതാണ്‌.

"കേട്ടിട്ടുള്ളതല്ലാതെ, ഇത്രയും വിശദമായി മുമ്പ് വായിച്ചിട്ടില്ല. എന്തായാലും വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. :-) നന്ദി.

ശോകം, അല്ലല്ലോ ശ്ലോകം, കേമം ആയിട്ടുണ്ട്‌. ഈശ്വരോ രക്ഷതു എന്നത് ഈശ്വരോ രക്ഷതുഃ എന്ന് വേണ്ടേ എന്ന് ഒരു സംശയം! ഈയുള്ളവന്‍റെ സംസ്കൃത പാണ്ഡിത്യം എടുത്ത്‌ കാണിക്കാന്‍ കിട്ടുന്ന അവസരം അല്ലയോ! ഹി ഹി ഹി.
----------

March 18, 2009 5:13 AM
കൂതറ തിരുമേനി said...
@ ശ്രീ @ശ്രേയസ്സ്
സരളമായി ഒന്ന് വിശദീകരിക്കാം എന്ന് കരുതി.ശ്ലോകം എന്നാണല്ലോ എഴുതിയിരിക്കുന്നത്. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.തൂലികാനാമക്കാര്‍ ശാന്തരും സ്വന്തം പേരില്‍ എഴുതുന്നവര്‍ തെറിവിളിക്കുകയും ചെയ്യന്ന കാലമാണ് ഇത്.കലികാലം അല്ലാതെന്താ പറയുക.ശിവ ശിവ.പിന്നെ "ഈശ്വരോ രക്ഷതുഃ " താങ്കള്‍ എഴുതിയത് തന്നെ ശരി.ആ വട്ടമിടാന്‍ നോക്കി. നടന്നില്ല. പിന്നെ താങ്കള്‍ എഴുതിയത് കോപ്പി ചെയ്തു വീണ്ടും പോസ്റ്റ് ചെയ്തു.
March 18, 2009 8:54 AM
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
"പിന്നെ "ഈശ്വരോ രക്ഷതുഃ " താങ്കള്‍ എഴുതിയത് തന്നെ ശരി.ആ വട്ടമിടാന്‍ നോക്കി. നടന്നില്ല. പിന്നെ താങ്കള്‍ എഴുതിയത് കോപ്പി ചെയ്തു വീണ്ടും പോസ്റ്റ് ചെയ്തു."

???മനസ്സിലായില്ല.

March 18, 2009 9:36 AM
ശ്രീ @ ശ്രേയസ് said...
ഹെന്റമ്മേ, ഞാന്‍ വെറുതെ അടിച്ചതാ! ആ "ഈശ്വരോ രക്ഷതുഃ ". അപ്പോള്‍ ശരിയായോ!! പണ്ട് കാളേജില്‍ പഠിക്കാനെന്നും പറഞ്ഞു പോകുമ്പോള്‍ കറക്കി കുത്തി ടെസ്റ്റ് ജയിച്ചത്‌ ഇപ്പോള്‍ ഓര്‍മ്മ വരുന്നു! :-)

March 18, 2009 9:57 AM
Santhosh | പൊന്നമ്പലം said...
ആ വട്ടത്തിന്റെ (രക്ഷതുഃ) പേര് വിസര്‍ഗ്ഗം എന്നാണേ!

March 18, 2009 10:02 AM
കൂതറ തിരുമേനി said...
@ സന്തോഷ്
അല്പം ഹാസ്യത്തോടെ പറഞ്ഞതാ കേട്ടോ. വിസര്‍ഗ്ഗം എന്നറിയാമായിരുന്നു.വിസര്‍ഗ്ഗം ഇടാന്‍ ശ്രമിച്ചിട്ട് നടന്നില്ല.താങ്ക്സ്

@ ഇന്‍ഡ്യാഹെറിറ്റേജ്‌:
ആദ്യം എഴുതിയപ്പോള്‍ വിസര്‍ഗ്ഗം വിട്ടു പോയിരുന്നു.ശ്രീ@ശ്രേയസ് അത് ചൂണ്ടിക്കാണിച്ചപ്പോള്‍ ആ കമന്റില്‍ നിന്ന് വിസര്‍ഗ്ഗമുള്‍പ്പടെ കോപ്പി ചെയ്തു പോസ്റ്റില്‍ ഇട്ടു കറക്റ്റ് ചെയ്തു എന്നാണ് പറഞ്ഞത്.
"


ഒരാള്‍ ആദ്യം എഴുതുന്നു, വേറൊരാള്‍ തിരുത്തുന്നു, അതുകേട്ട്‌ ആദ്യത്തെയാള്‍ താനെഴുതിയ ശരിയായ പദത്തെ തെറ്റാക്കി തിരുത്തുന്നു, എന്നിട്ട്‌ അതാണ്‌ ശരി എന്നു പറയുന്നു. അപ്പോള്‍ രണ്ടാമന്‍ കറക്കിക്കുത്തിയതാണെന്ന് -

ആകെ തമാശ

ചിരിക്കണോ കരയണൊ എന്നു മനസ്സിലാകുന്നില്ല.

ഇപ്പോള്‍, പഠിച്ചു കൊണ്ടിരുന്ന കാലത്തെ ഒരു സംഭവമാണോര്‍മ്മ വരുനത്‌.

എക്സ്‌ എന്ന സുഹൃത്ത്‌ ബയോകെമിസ്റ്റ്രി സെഷനല്‍ പരീക്ഷ നടക്കുമ്പോള്‍ വൈ എന്ന സുഹൃത്തിന്റെ കടലാസു നോക്കി അയാള്‍ എഴുതിയതു പോലെ ഒക്കെ എഴുതി വച്ചു. അവസാനം മാര്‍ക്ക്‌ വന്നപ്പോള്‍ എക്സിന്‌ ഒരു മാര്‍ക്ക്‌, വൈയ്ക്ക്‌ പൂജ്യം മാര്‍ക്ക്‌. എക്സ്‌ തുള്ളിച്ചാടിക്കൊണ്ട്‌ പറഞ്ഞു നടന്നതാണ്‌ - നോക്കെടാ ഞാന്‍ അവന്റെ നോക്കി പകര്‍ത്തിയതാ എനിക്കൊരു മാര്‍ക്കു കിട്ടി അവനോ പൂജ്യവും.