Saturday, September 19, 2009

വര്‍ണ്ണം

കഴിഞ്ഞ കുറച്ചു നാളുകളായി ചാതുര്‍വര്‍ണ്ണ്യത്തെയും വിദ്യക്കുള്ള അര്‍ഹതയെ കുറിച്ചും ഹിന്ദുമതത്തില്‍ എന്താണു നടക്കുന്നത്‌ എന്നതിനെ കുറിച്ചു പല ചര്‍ച്ചകള്‍ കണ്ടു.
മതം എന്ന പേരില്‍ എന്താണു നടന്നത്‌ എന്നു നമുക്കെല്ലാം അറിയാം. ശുദ്ധ പോക്കിരിത്തരം എന്നു വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കുകയും ചെയ്യാം.

പക്ഷെ ഹൈന്ദവതത്വശാസ്ത്രം അതൊന്നും അല്ല പറഞ്ഞിരുന്നത്‌

അറിവ്‌ അത്‌ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്‌.
പക്ഷെ അതു നേടാനുള്ള അര്‍ഹത വേണം എന്നു മാത്രം . ആ അര്‍ഹത ജന്മം കൊണ്ടല്ല തീരുമാനിക്കപ്പെടുന്നത്‌.

ബ്രഹ്മസൂത്രം എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ ശ്രീ ശങ്കരന്‍ അപശൂദ്രാധികരണത്തില്‍
വേദോക്തമായ "ശ്രാവയേച്ചതുരോ വര്‍ണ്ണാന്‍ " എന്ന ഭാഗം ഉദ്ധരിച്ചു ശൂദ്രനു പോലും വേദാധികാരം ഉണ്ടെന്നു സ്ഥാപിച്ചിട്ടും ഉണ്ട്‌.

ബാക്കി താഴെ നോക്കുക

"ജന്മനാ ജായതേ ശൂദ്രഃ കര്‍മ്മണാ ജായതെ ദ്വിജഃ"

ജന്മം കൊണ്ട്‌ എല്ലാവരും ശൂദ്രന്‍ ആണ്‌. കര്‍മ്മം കൊണ്ട്‌ ദ്വിജനാകും. അല്ലാതെ നമ്പൂരി എന്നു പേരുള്ള ഒരാളുടെ മകനായി ജനിച്ചാലൊ അവിടെ ഉപനയനം ചെയ്താലോ ബ്രാഹ്മണനാകുകയില്ല. ആകും എന്നു ഹൈന്ദവതത്വശാസ്ത്രത്തില്‍ പറയുന്നില്ല.

പ്രചേതസ്സിന്റെ പത്താമത്തെ പുത്രനായ ഒരാള്‍ ശൂദ്രനായ വാല്‌മീകിയായതും ക്ഷത്രിയനായ വിശ്വാമിത്രന്‍ ബ്രാഹ്മണനായതും ഒക്കെ കഥകളില്‍ കൂടി വിവരിച്ചു തരുന്നത്‌ തത്വബോധനത്തിനാണ്‌.

"വര്‍ണ്ണ്യതെ ജ്ഞായതെ അനേന ഇതി വര്‍ണ്ണഃ ഗുണമിത്യര്‍ത്ഥഃ"

യാതൊരു സ്വഭാവഗുണത്താല്‍ വ്യക്തിയെ അറിയുന്നുവോ അത്‌ വര്‍ണ്ണം - ഗുണം എന്നര്‍ത്ഥം.

ബ്രാഹ്മണന്‍

"ബ്രഹ്മ അധീതേ വേത്തി വാ ഇതി ബ്രാഹ്മണഃ"

ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രാഹ്മണന്‍ - വിശ്വാമിത്രകഥ മുമ്പ്‌ എഴുതിയത്‌ നോക്കുക

ക്ഷത്രിയന്‍

"ക്ഷതാല്‍ കില ത്രായതേ അനേനേതി ക്ഷത്രിയ: "

ക്ഷതത്തില്‍നിന്നും - നാശത്തില്‍ നിന്നും അപകടത്തില്‍ നിന്നും രക്ഷിക്കുന്നവന്‍ ക്ഷത്രിയന്‍

വൈശ്യന്‍

"വിശതി ധാരയതി ഇതി വൈശ്യഃ"

കൃഷി, കച്ചവടം എന്നിവയില്‍ പ്രവര്‍ത്തിച്ച്‌ ദേശം തോറും നടക്കുന്നവന്‍ വൈശ്യന്‍ അവനെ അപേക്ഷിച്ചാണ്‌ ജനജീവിതം നിലനില്‍ക്കുന്നത്‌.

ശൂദ്രന്‍

"ശുചാ അഭിദ്രവതി ഇതി ശൂദ്രഃ"

സേവനം ചെയ്യുന്നവന്‍ ശൂദ്രന്‍


ഛാന്ദോഗ്യ ഉപനിഷത്തിലെ സത്യകാമന്റെ കഥ

ജാബാല എന്ന ഒരു യുവതിയുടെ പുത്രനായ സത്യകാമന്‍ വിദ്യാഭ്യാസത്തിനായി ഗുരുവിനടൂത്തു പോകാനൊരുങ്ങുന്നു. അവിടെ ചെല്ലുമ്പൊള്‍ ഗുരു അവന്റെ ഗോത്രം ഏതാണെന്നു ചോദിക്കും അപ്പോള്‍ എന്താണു പറയേണ്ടതെന്നറിയുവാന്‍ വേണ്ടി അവന്‍ അമ്മയോടൂ ചോദിക്കുന്നു.

നിഷ്കളങ്കനായ ആ കുട്ടിയുടെ ചോദ്യം - താന്‍ ഏതു ഗോത്രത്തില്‍ പെട്ടവനാണെന്ന്‌ - അമ്മയില്‍ ഉണ്ടാക്കുന്ന വിഷമങ്ങള്‍ അവനറിയുന്നില്ല.

അമ്മ പറയുന്ന ഉത്തരം ഇതായിരുന്നു- യൗവനത്തിലവള്‍ ഒരു വീട്ടുജോലിക്കാരിയായിരുന്ന കാലത്താണ്‌ അവനു ജന്മം നല്‍കിയത്‌ ഏതു ഗോത്രത്തിലാണെന്നറിയില്ല. ഒരു ദീര്‍ഘനിശ്വാസം വിട്ടശേഷം അവള്‍ അവനോടു പറഞ്ഞു- ഗുരു ചോദിക്കുമ്പോള്‍ വേണ്ടതുപോലെ ഉത്തരം പറഞ്ഞു കൊള്ളൂക, നിന്റെ അമ്മയുടെ പേര്‍ ജാബാല എന്നു നിന്റെ പേര്‍ സത്യകാമന്‍ എന്നും ആണ്‌ അതിനാല്‍ നീ ജാബാലാ സത്യകാമന്‍ എന്നറിയപ്പെടൂന്നതു തന്നെ പര്യാപ്തമാണ്‌.

(അച്ഛന്റെ പേരു മാത്രം ചോദിക്കുന്നു എന്നു പറഞ്ഞു വിനയയുടെ ഒരു പോസ്റ്റ്‌ കണ്ടിരുന്നു. )

കുട്ടി ഗുരുവുനടൂത്തെത്തി.
ഒന്നിനു പിന്നാലെ ഒന്നായി കുട്ടികള്‍ താന്താങ്ങളുടെ ഗോത്രം പറഞ്ഞുകൊണ്ടിരുന്നു. അവസാനം സത്യകാമന്റെ ഊഴം എത്തി.
അവന്‍ പറഞ്ഞു
"ഗുരോ ഞാന്‍ ഇതിനെ കുറിച്ച്‌ എന്റെ അമ്മയോടു ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു തന്ന വാചകം തന്നെ കേട്ടുകൊള്ളൂ

"നാഹമേതദ്വേദ ഭോ യദ്ഗോത്രോഹമസ്മി
ബഹ്വഹം ചരന്തീ പരിചാരിണീ യൗവനേ ത്വാമലഭേ
സാഹമേതന്ന വേദ യദ്ഗോത്രസ്ത്വമസി
ജാബാലാ തു നാമാഹമസ്മി സത്യകാമോ നാമ ത്വമസീതി"


ഞാന്‍ ഏതുഗോത്രത്തിലെ ആണെന്നെനിക്കറിയില്ല. യൗവനത്തില്‍ ഞാന്‍ പരിചാരിണീയായി വീട്ടുപണീകള്‍ ചെയ്തുവരുന്നകാലത്താണ്‌ നീ ഉണ്ടായത്‌. ആ നീയും ഏതു ഗോത്രത്തില്‍ പെടുന്നു എന്നെനിക്കറിയില്ല. എന്റെ പേര്‍ ജാബാല എന്നാണ്‌ നിന്റെ പേര്‍ സത്യകാമന്‍ എന്നും, അപ്പോള്‍ അല്ലയോ ഗുരോ ഞാന്‍ സത്യകാമന്‍ ജാബാലാ" (ഛാന്ദോഗ്യം 4- 4)

ഇതു കേട്ട ഗുരു പറയുന്നു

"നൈതദബ്രാഹ്മണൊവിവക്തുമര്‍ഹതി"

ഇപ്രകാരം സത്യം പറയുന്നതിനാല്‍ ഇവന്‍ ബ്രാഹ്മണന്‍ ആകുന്നു. അങ്ങനെ അവന്‍ ആ ഗുരുവിനു ശിഷ്യനായി.

ഇതേ കഥ വെട്ടം മാണി പുരാണിക്‌ എന്‍സൈക്ലൊപീഡിയ ഇല്‍ എഴുതിയപ്പോള്‍ ജാബാല നേരത്തെ വിവാഹം കഴിച്ചിരുന്നു എന്നും ഭര്‍ത്താവു മരിച്ചു പോയി എന്നും അതിനാല്‍ ഗോത്രം ഏതാണെന്നറിയില്ല എന്നും എഴുതിപ്പിടിപ്പിച്ചിരികുന്നു. അദ്ദേഹത്തിന്‌ ജാബാല ഭര്‍ത്താവില്ലാതെ കുട്ടിയെ പ്രസവിച്ചു എന്നു പറയുവാന്‍ - ഉപനിഷത്തിലെ കഥ അതുപോലെ എഴുതുവാന്‍ വൈമുഖ്യം എന്തു കൊണ്ടുണ്ടായി എന്നറിയില്ല.

ഇതുദ്ദേശിച്ച്‌ ഞാന്‍ ആദ്യകാലത്ത്‌ വെട്ടം മാണിയുടെ പിന്നാലെ പോകാതെ സംസ്കൃതം പഠിച്ചവരുടെ അടുത്തു നിന്നും ഉപനിഷത്തു പഠിക്കൂ എന്നു പറഞ്ഞതിന്റെ പുകില്‍ ഇവിടെ കാണാം.

വേദാധികാരം ശൂദ്രന്മാര്‍ക്കില്ല എന്നു വാദിച്ചു കാണുന്നു.

യജുര്‍വേദത്തിലെ ഈ മന്ത്രം ഒന്നു നോക്കുമോ?

"യഥേമാം വാചം കല്ല്യാണീമാവദാനി ജനേഭ്യഃ
ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ ചാര്യായച സ്വായ ചാരണായ"

(യജുര്‍വേദം അധ്യായം 26- 2 ആം മന്ത്രം)

In this manner we teach you these words which are auspicious (you also should do), We have revealed the vedas to the brahminas and kshathriyas, the vaisyas and the soodras, servants and women and ati- soodras

നിരുക്തത്തിലെ പരാമര്‍ശം

വിദ്യാദേവത ബ്രാഹ്മണനെ സമീപിച്ചു അവര്‍ തമ്മില്‍ നടക്കുന്ന ഒരു സംഭാഷണം ശ്രദ്ധിക്കുക.
"വിദ്യാ ഹ വൈ ബ്രാഹ്മണമാജഗാമ"

(വിദ്യ കാമരൂപിണിയായിബ്രാഹ്മണനെ സമീപിച്ചു പറഞ്ഞു)

"ഗോപായ മാം"

(എന്നെ രക്ഷിച്ചാലും)

അവള്‍ ആരാണെന്നു ചോദിച്ചപ്പോള്‍

"ശേവധിഷ്ടേഹമസ്മി"

ഞാന്‍ നിനക്കൊരു നിധിയായിരിക്കും

ഏതു രീതിയിലാണൂ നിന്നെ രക്ഷിക്കേണ്ടതെന്നു ചോദിച്ചപ്പോള്‍

"അസൂയകായാനൃജവേയതായ ന മാ ബ്രൂയ"
അസൂയകാര്‍ - മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ദുഃഖിക്കുന്നവര്‍, വാക്കും പ്രവൃത്തിയും തമ്മില്‍ യോജിപ്പില്ലാത്തവര്‍, ഇന്ദ്രിയങ്ങള്‍ വശമാക്കിയിട്ടില്ലാത്തവര്‍ ഇവരോട്‌ എന്നെ പറ്റി പറയരുത്‌.

അങ്ങനെ ഒക്കെ ചെയ്താല്‍ എന്തുണ്ടാകും? എന്നു ചോദിച്ചപ്പോള്‍

"വീര്യവതീ തഥാ സ്യാം "

എങ്കില്‍ ഞാന്‍ നിനക്കൊരു ശക്തിയായിരിക്കും.

വിദ്യയ്ക്ക്‌ അര്‍ഹരല്ലാത്തവര്‍ ആരൊക്കെ ആണെന്ന് ഇതില്‍ കൂടുതല്‍ വ്യക്തമാക്കണോ?

മേല്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും ഒന്നു വ്യക്തം ആണ്‌.

അകിതിരി അക്കിത്തിരി ചോമാതിതി ഭട്ടതിരി നമ്പൂതിരി തുടങ്ങി ഏതെങ്കിലും ഒന്ന്‌ പേരിന്റെ അറ്റത്തു വരുന്നതല്ല ബ്രാഹ്മണന്റെ ലക്ഷണം. ഇവരില്‍ ആരുടെ എങ്കിലും കുടൂംബത്തില്‍ ജനിക്കുന്നതുകൊണ്ടും ബ്രാഹ്മണന്‍ ആകുകയില്ല. ബ്രാഹ്മണ ആകുന്നത്‌ ബ്രഹ്മജ്ഞാനം നേടുമ്പോഴാണ്‌
ആ ജ്ഞാനം നേടുവാനുള്ള വിദ്യക്ക്‌ അധികാരം എല്ലാവര്‍ക്കും ഉണ്ട്‌.
പക്ഷെ നേടുമോ ഇല്ലയോ എന്നത്‌ വേറെ കാര്യം

എന്നാല്‍ ഇന്നിവിടെ നടക്കുന്നതോ ?

ഭരണത്തില്‍ ഉള്ളവര്‍ക്ക്‌ ജനങ്ങളെ ഇതേ പോലെ തമ്മില്‍ അടിപ്പിക്കണമെങ്കില്‍ കടലാസില്‍ ജാതി എഴുതാന്‍ പറയണമല്ലൊ. പാവങ്ങള്‍ ചിലര്‍ തങ്ങള്‍ ബ്രാഹ്മണരാണെന്നു എഴുതി വയ്ക്കുന്നുവല്ലൊ. അപ്പോള്‍ അവരെ കുറ്റം പറയാന്‍ സാധിക്കുമൊ? അവരെ അങ്ങനെ വിശ്വസിപ്പിച്ചു വച്ചിരിക്കുന്നു. അതുപോലെ മറ്റു ചിലരെ തങ്ങള്‍ ശൂദ്രരാണെന്നും .

ഇതിനൊക്കെ പോംവഴി ഇതു വായിച്ചു മനസ്സിലാക്കുക അതല്ലെ വേണ്ടത്‌?

ഇവിടെ എനിക്ക്‌ പ്രത്യേകമായി നകുലന്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന സുഹൃത്തിനോടും ഒരു ചോദ്യം ഉണ്ട്‌ - താങ്കള്‍ പ്രചരിപ്പിക്കുന്ന സംഘടന അഥവാ അധികാരത്തില്‍ എത്തിയാല്‍ ഇപ്പറഞ്ഞതു പോലെ ഉള്ള definition ആയിരിക്കുമോ അംഗീകരിക്കുക അതോ ഇന്നു കാണൂന്ന തരം ജന്മം കൊണ്ടുണ്ടാകുന്ന വര്‍ണ്ണനിര്‍ണ്ണയമായിരികുമോ അംഗീകരിക്കുക?

കാരണം ഇന്നു കാണുന്ന രാഷ്ട്രിയക്കാര്‍ മാറിയും മറിഞ്ഞും അധികാരത്തില്‍ വന്നു കൊണ്ടിരിക്കുന്നു. രണ്ടു കൂട്ടരും അവനവന്റെ കീശകള്‍ വീര്‍പ്പിക്കുവാനല്ലാതെ ഒന്നും ചെയ്യുന്നില്ലെനു വ്യക്തമായിട്ടും മറ്റൊരു പോംവഴിയില്ലാതെ ചിന്താകുഴപ്പത്തിലുള്ള ഒരു പറ്റം ആളുകള്‍ ഉണ്ട്‌ എന്നെ പോലെ.

Saturday, September 05, 2009

കഠോപനിഷത്‌ മൂന്നാം വല്ലി

കഠോപനിഷത്‌ മൂന്നാം വല്ലി
(കുറച്ചു നാളായി തടസം നേരിട്ടിരുന്നു. ഇതിനു മുമ്പുള്ള ഭാഗങ്ങള്‍ ഇതു മുതല്‍ പിന്നോട്ടു കാണാം)
http://indiaheritage.blogspot.com/2007/09/09.html

തുടര്‍ന്ന്‌ യമധര്‍മ്മന്‍ നചികേതസ്സിന്‌ വിഷയത്തിന്റെ ഒരു പൂര്‍ണ്ണചിത്രം നല്‍കുകയാണ്‌.

അത്മാവിനെ പറയുന്നിടത്ത്‌

"അണോരണീയാന്‍ മഹതോ മഹീയാന്‍--"
എന്നു പറഞ്ഞത്‌ ഓര്‍ക്കുമല്ലൊ.

ഒരേസമയത്തു തന്നെ അണുക്കളില്‍ വച്ച്‌ അണുവും , മഹത്തുക്കളില്‍ വച്ചു മഹത്തും ആണ്‌.

അതെങ്ങനെ ആകും എന്നതും ഈ വിശദീകരണത്തില്‍ വ്യക്തമാകുന്നു.

ഒരിക്കലും ഉണ്ടാകാത്തതും ഒരിക്കലും നശിക്കാത്തതും ആണ്‌ അത്‌. അതായത്‌ എല്ലായ്പ്പോഴും ഉള്ളത്‌ മാത്രം.

ആ ആത്മാവ്‌ ജന്തുവിന്റെ ഹൃദയാകാശത്തില്‍ വസിക്കുന്നു.

അവന്‍ ബുദ്ധിയെ തേരാളിയാക്കി, മനസ്സിനെ കടിഞ്ഞാണാക്കി ഇന്ദ്രിയങ്ങളെ കുതിരകളാക്കി ശരീരം എന്ന രഥം ഉപയോഗിച്ച്‌ ഒരു യാത്ര.

എങ്ങോട്ട്‌?

അതാണ്‌ മനോഹരമായ ഈ ചിത്രം പഠിക്കുമ്പോള്‍ മനസ്സിലാകുന്നത്‌.

ഉല്‍പ്പത്തി - അഥവാ പ്രഭവം മുതല്‍ നാശം - പ്രലയം വരെയുള്ള യാത്ര.

ഒരിക്കലും ഉണ്ടാകാത്തവനും ഒരിക്കലും നശിക്കാത്തവനും ആയ ആത്മാവിന്‌ എവിടെ ഉല്‍പ്പത്തി? എവിടെ നാശം?

ന്യായമായ സംശയം.

അതുകൊണ്ടാണ്‌ ഈ പ്രപഞ്ചം മായയുടെ സൃഷ്ടി ആണെന്നു പറയുന്നത്‌.

ആ മായയുടെ ഉല്‍പ്പത്തി മുതല്‍ നാശം വരെ.

ഉല്‍പ്പത്തി അണുക്കളില്‍ നിന്നും അണുവായ അവസ്ഥയില്‍ നിന്നും തുടങ്ങുന്നു, മഹത്തില്‍ നിന്നും മഹത്തായതില്‍ അവസാനിക്കുന്നു.

നാശം മഹത്തില്‍ വച്ചു മഹത്തായതില്‍ തുടങ്ങുന്നു അണുവില്‍ വച്ച്‌ അണുവായതില്‍ അവസാനിക്കുന്നു.

"ബൃംഹണാത്‌ ബ്രഹ്മ" ബൃംഹണസ്വഭാവം ഉള്ളതുകൊണ്ട്‌ ബ്രഹ്മം.

ബൃംഹണം - വികസിക്കല്‍ സ്വഭാവം ഉള്ളതുകൊണ്ട്‌ ആണ്‌ അതു ബ്രഹ്മം ആകുന്നത്‌.

ഈ ബൃംഹണം ആണ്‌ ഉല്‍പ്പത്തി എന്നു പറയുന്നത്‌.

എങ്ങനെ ആണ്‌ ബൃംഹിപ്പിക്കുന്നത്‌?

ആത്മാവില്‍ നിന്നും ബുദ്ധിയില്‍ കൂടി മനസ്സുപയോഗിച്ച്‌ ഇന്ദ്രിയങ്ങള്‍ വഴി.

അതേ. പ്രപഞ്ചം നാം അനുഭവിക്കുന്നത്‌ ഇന്ദ്രിയങ്ങളില്‍ കൂടി.

അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ വഴി ശബ്ദസ്പര്‍ശരൂപരസഗന്ധങ്ങള്‍ അറിയുമ്പോള്‍ നമുക്ക്‌ പ്രപഞ്ചം ഉണ്ട്‌.

ഉറങ്ങിക്കിടക്കുമ്പോള്‍ ഈ ശബ്ദസ്പര്‍ശരൂപരസഗന്ധാദികള്‍ എല്ലാം ഉണ്ടെങ്കിലും അവ നമ്മുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ടെങ്കിലും, നമുക്ക്‌ പ്രപഞ്ചം ഇല്ല. തിരികെ ഉണരുമ്പോള്‍ ഉണ്ടു താനും.

എന്നാല്‍ ഉറങ്ങിക്കിടന്നപ്പോള്‍ അത്‌ അനുഭവത്തില്‍ എങ്ങനെ ആയിരുന്നു എന്നു നാം ഓര്‍ക്കുന്നില്ല - ഓര്‍ക്കുവാന്‍ സാധിക്കുന്നില്ല. പകരം നാം ഉറങ്ങുകയായിരുന്നു എന്നു മാത്രം അറിയാം.

ഇതിനെ സുഷുപ്തി എന്ന്‌ ഉപനിഷത്‌ വിളിക്കുന്നു. ഛാന്ദോഗ്യം ഇതിനെ വിശദമായി പറയുന്നുണ്ട്‌.

സ്വപിതി - ഉറങ്ങുന്നു - സ്വം അപീതി - സ്വത്വത്തെ പ്രാപിച്ചിരിക്കുന്നു എന്നര്‍ഥം.

ബുദ്ധി നിശ്ചേഷ്ടമായി മനസ്സ്‌ നിശ്ചലമായി,അപ്പോള്‍ ഇന്ദ്രിയപ്രവൃത്തികള്‍ ഉണ്ടെങ്കിലും തന്നില്‍ നിന്നും വ്യതിരിക്തമായി അറിയേണ്ടതായി ഒന്നും ഇല്ലാത്തതിനാല്‍ സുഷുപ്തിയില്‍ ഒന്നും അറിയുന്നില്ല എന്നാണ്‌ ഉപനിഷത്ത്‌ പറയുന്നത്‌.

എങ്ങനെ എന്നാല്‍ അറിയുന്നവന്‍, അറിയേണ്ട വസ്തു എന്ന രണ്ട്‌ എണ്ണം ഉണ്ടെങ്കിലേ അറിയുന്നു എന്ന ക്രിയ നടക്കൂ.

അറിയുന്നവനും അറിയപ്പെടുന്ന വസ്തുവും രണ്ടും ഒന്നാണെങ്കിലോ? ആര്‍ ആരെ അറിയും? അങ്ങനെ അറിയുവാന്‍ തന്നില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും ഇല്ല എന്നാണ്‌ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം.

ഇന്ദ്രിയങ്ങള്‍ മനസ്സിലും മനസ്സു ബുദ്ധിയിലും ബുദ്ധി ആത്മാവിലും ലയിക്കുന്നത്‌ - പ്രലയം. (ഇതിന്റെ നേരെ വിപരീതം പ്രഭവം)

ഇതേ അവസ്ഥ ഉണര്‍ന്നിരിക്കുമ്പോള്‍ ഉണ്ടാക്കുവാന്‍ കഴിയുന്ന അവസ്ഥയാണ്‌ യമധര്‍മ്മന്‍ ഉപദേശിക്കുന്നത്‌.

ഉണര്‍ന്നിരുന്ന്‌ അറിഞ്ഞു കൊണ്ട്‌ സര്‍വവും താനാണെന്നു അനുഭവിച്ചറിയുവാന്‍ കഴിയുന്ന അവസ്ഥ.

അതാണ്‌ സന്യാസം. സമ്യക്കായ ന്യാസം.

ഇനി ഇതിന്റെ പ്രായോഗികവശങ്ങള്‍ യമധര്‍മ്മന്‍ ഉപദേശിക്കുന്നതു കേള്‍ക്കാം

ഋതം പിബന്തൗ സുകൃതസ്യ ലോകേ
ഗുഹാം പ്രവിഷ്ടൗ പരമേ പരാര്‍ദ്ധേ
ഛായാതപൗ ബ്രഹ്മവിദോ വദന്തി
പഞ്ചാഗ്നയോ യേച ത്രിണാചികേതാ

സ്വന്തം കര്‍മ്മഫലങ്ങള്‍ ഭുജിക്കുന്നവരായി ശരീരത്തില്‍ ബ്രാഹ്മാനുഭവസ്ഥാനമായ ഹൃദയാകാശത്തില്‍ ബുദ്ധിഗുഹയെ പ്രവേശിച്ചിരിക്കുന്ന ജീവാത്മപരമാത്മാക്കളെ പറ്റി ബ്രഹ്മജ്ഞാനികളും , നചികേതാഗ്നി മൂന്നുപ്രാവശ്യം യജിച്ചവരും പറയുന്നുണ്ട്‌.

ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി
മനഃ പ്രഗ്രഹമേവ ച

രഥത്തിലിരിക്കുന്ന യാത്രക്കാരന്‍ - ആത്മാവ്‌, ശരീരം രഥം , തേരാളി ബുദ്ധി, മനസ്സ്‌ കടിഞ്ഞാണ്‍ എന്നിങ്ങനെ അറിയുക.

ഇതുതന്നെ ഭഗവത്‌ ഗീതയില്‍

"ഇന്ദ്രിയാണി ഹയാനാഹു
വിഷയാംസ്തേഷു ഗോചരാന്‍
ആത്മേന്ദ്രിയമനോയുക്തം
ഭോക്തേത്യാഹുര്‍മനീഷിണഃ"

എന്ന ശ്ലോകം കൊണ്ടു പറയുന്നു.

"യസ്ത്വവിജ്ഞാനവാന്‍ ഭവത്യയുക്തേന മനസാ സദാ
തസ്യേന്ദ്രിയാണ്യവശ്യാനി ദുഷ്ടാശ്വാ ഇവ സാരഥേഃ"

നിയന്ത്രണമില്ലാത്ത കടീഞ്ഞാണായി മനസ്സിനെ അഴിച്ചു വിടൂന്ന അറിവില്ലാത്തവന്‍, തോന്ന്യവാസം സഞ്ചരിക്കുന്ന കുതിരകള്‍ വലിക്കുന്ന രഥത്തെ പോലെ ഉള്ള ശരീരയാത്ര നിര്‍വഹിക്കുന്നു.

വിജ്ഞാനസാരഥിര്യസ്തു
മനഃ പ്രഗ്രഹവാന്‍ നരഃ
സോധ്വനഃ പാരമാപ്നോതി
തദ്വിഷ്ണോഃ പരമം പദം"

ഏതൊരു പുരുഷനാണൊ വ്യക്തമായ ലക്ഷ്യബോധത്തോടൂ കൂടിയ ബുദ്ധിയാല്‍, വശപ്പെടുത്തിയ മനസ്സോടു കൂടിയവനായത്‌ അവന്‍ സംസാരയാത്രയുടെ മറുകരയായ ബ്രഹ്മസ്വരൂപത്തെ പ്രാപിക്കുന്നു. ആ ബ്രഹ്മം തന്നെ സര്‍വത്ര വിളങ്ങി നില്‍ക്കുന്ന സത്യസ്വരൂപം.

ഇനിപറയുന്ന ശ്ലോകങ്ങള്‍ ശ്രദ്ധിക്കുക

"ഇന്ദ്രിയേഭ്യഃ പരാഹ്യര്‍ത്താഃ
അര്‍ഥേഭ്യശ്ചപരം മനഃ
മനസസ്തു പരാ ബുദ്ധിഃ
ബുദ്ധേരാത്മാ മഹാന്‍ പരഃ

മഹതഃ പരമവ്യക്തം
അവ്യക്താല്‍ പുരുഷഃ പരഃ
പുരുഷാന്നപരം കിഞ്ചിത്‌
സാ കാഷ്ഠാ സാ പരാ ഗതിഃ"

ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയാര്‍ത്ഥങ്ങള്‍, മനസ്സ്‌, ബുദ്ധി, പ്രാണന്‍, അവ്യക്തം, പുരുഷന്‍ എന്നീ ക്രമത്തില്‍ പുറമേ നിന്നും അകത്തേക്കു പ്രലയവും,

പുരുഷനില്‍ നിന്നു തുടങ്ങി ഇന്ദ്രിയങ്ങള്‍ വരെ പ്രഭവവും - വികാസവും മനസ്സിലാക്കുക.

പ്രലയിക്കുവാന്‍ സാധിക്കുന്നവന്‍ ഭാഗ്യവാന്‍, വികസിക്കുന്നവന്‍ പ്രാപഞ്ചികന്‍.

അതിനുള്ള വഴിയാണ്‌ ഇനി പറയുന്നത്‌

"യഛേദ്വാങ്ങ്‌മനസി പ്രാജ്ഞഃ
സ്തദ്യഛേത്‌ ജ്ഞാന ആത്മനി
ജ്ഞാനമാത്മനി മഹതി നിയഛേത്‌
തദ്യഛേത്ഛാന്ത ആത്മനി"

ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളെ എല്ലാം മനസ്സില്‍ ഉപശമിപ്പിക്കുക. മനസ്സിനെ ബുദ്ധിയില്‍ ഉപശമിപ്പിക്കുക. ബുദ്ധിയെ മഹാനാത്മാവില്‍ - പ്രാണനില്‍ ഉപശമിപ്പിക്കുക., പ്രാണനെ ശുദ്ധബോധത്തില്‍ ഉപശമിപ്പിക്കുക.
ഇങ്ങനെ പുറമേ നിന്നും അകത്തേക്കു അകത്തേക്കു പോകുവാന്‍ ഉപദേശിക്കുന്നു.

"ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാന്‍ നിബോധത
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുര്‍ഗ്ഗം പഥസ്തത്‌ കവയോ വദന്തി"

ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ,അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച്‌ അറിവു നേടൂ. ആ വഴി കത്തിയുടെ വായ്ത്തലപോലെ മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു.

അതേ പറയുന്നതുപോലെ എളുപ്പമല്ല ഇതൊന്നും. കത്തിയുടെ വായ്ത്തലയില്‍ കൂടി നടക്കുന്നതു പോലെ കഠിനമാണ്‌. അതുകൊണ്ട്‌ സ്ഥിരോല്‍സാഹവും, ഉറച്ച ബുദ്ധിയും ഉണ്ടെങ്കിലേ അതു നേടൂവാന്‍ സാധിക്കൂ.

"അശബ്ദമസ്പര്‍ശമരൂപമവ്യയം
തഥാരസം നിത്യമഗന്ധവച്ച യത്‌
അനാദ്യനന്തം മഹതഃ പരം ധ്രുവം
നിചായ്യ തം മൃത്യുമുഖാത്‌ പ്രമുച്യതേ"

ശബ്ദസ്പര്‍ശരൂപരസഗന്ധാദി പഞ്ചതന്മാത്രകളും ഇല്ലാത്തതും - അനുഭവവേദ്യമല്ലാത്തതും എന്നു വ്യംഗ്യം-, ഒരിക്കലും നാശമില്ലാത്തതും, അതിനാല്‍ തന്നെ നിത്യവും ആയ ആ നിത്യസത്യത്തെ സ്വസ്വരൂപമായി പ്രാപിച്ചറിഞ്ഞവന്‍ മരണത്തില്‍ നിന്നും മോചനം നേടുന്നു.

വികാസസങ്കോചങ്ങളുടെ ഈ കളിയെ തിരിച്ചറിഞ്ഞവന്‍ മരണത്തിനതീതനാകുന്നു.

Friday, September 04, 2009

ഉത്തിഷ്ഠത ജാഗ്രത

ഈ വരികള്‍ എല്ലാവരും ധാരാളം കേട്ടിട്ടുള്ളതല്ലേ?

ഇതെവിടെ ആണ്‌ ആദ്യം പറഞ്ഞത്‌ എന്നറിയാമോ?

"ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യ വരാന്‍ നിബോധത"