Showing posts with label thamasa. Show all posts
Showing posts with label thamasa. Show all posts

Friday, June 22, 2007

തമാശ വ്യാഖ്യാനം

പഴയ ഒരു പോസ്റ്റ്‌ ഒന്നു കൂടി പോസ്റ്റുന്നു- അന്നു വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി

തമാശ വ്യാഖ്യാനം
ചെറുപ്പത്തില്‍ ആകാശവാണിയില്‍ നിന്നും കേട്ട ഒരു നിരുപദ്രവമായ തമാശ വ്യാഖ്യാനം .

വള്ളത്തോളിന്റെ തീവണ്ടിപുരാണം എന കാവ്യത്തിലെ ഒരു ശ്ലോകം ഒരു വിവരമില്ലാത്ത അദ്ധ്യാപകന്‍ പഠിപിക്കുന്നതായിട്ടോ മറ്റോ ആയിരുന്നു അവതരണം.

ശ്ലോകം -

തീവണ്ടി വന്നു പുരുഷാരമതില്‍ കരേറി
ദ്യോവിങ്കല്‍ വീണ്ടുമൊരുവാരയുയര്‍ന്നു സൂര്യന്‍
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പു മനീഷിമാരെ.

അദ്ദേഹം പഠിപ്പിക്കുകയാണ്‌-തീവണ്ടി എല്ലാവര്‍ക്കുമറിയാമല്ലൊ അതു തന്നെ തീവണ്ടി ട്രെയിന്‍, അത്‌ വന്നു.

പുരുഷാരം എന്നാല്‍ ആളുകളുടെ കൂട്ടം; അതില്‍ അതായത്‌ പുരുഷാരത്തില്‍ - ആളുകളുടെ കൂട്ടത്തില്‍ കയറി.അതായത്‌ കൂട്ടം കൂടി നിന്നിരുന്ന ആളുകളുടെ മുകളിലെക്ക്‌ തീവണ്ടി വന്നു കയറി എന്നര്‍ത്ഥം.

എന്നിട്ടോ, ദ്യോവിങ്കല്‍ - ദ്യോവ്‌ = ആകാശം ദ്യോവിങ്കല്‍ =ആകാശത്തില്‍വീണ്ടും - ഒരു വാര ഉയര്‍ന്നു - അതെ തീവണ്ടി ആകാശത്തില്‍ ഒരു വാര കൂടി ഉയര്‍ന്നു. ആളുകളുടെ മുകളില്‍ കയറിയതു കൊണ്ട്‌തീവണ്ടി സാധാരണയില്‍ നിന്നും ഒരു വാര ഏകദേശം മൂന്നടി ഉയര്‍ന്നു എന്നര്‍ത്ഥം.

സൂര്യന്‍ - എന്തോ ഈ വാക്കിവിടെ എന്തിനാണ്‌ എഴുതിയിരിക്കുന്നത്‌ എന്നു മനസിലായില്ല അതവിടെ നില്‍ക്കട്ടെ, നമുക്ക്‌ ബാകി നോക്കാം.

പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു -കണ്ടില്ലേ തീവണ്ടിയുടെ അടിയില്‍ പെട്ടു ആ പാവം ജനങ്ങള്‍ ചത്തു പോകുന്നെങ്കിലോ അല്ല അഥവാ ഇനി പുതിയതായി ജനിക്കുന്നെങ്കിലോ നമുക്കെന്ത്‌ഉ?

പാഴ്‌വാക്കിതിന്നരുള്‍ക മാപ്പ്‌ - അതേ പാഴായി ഒരു വാക്ക്‌ ഞാന്‍ പറഞ്ഞു പോയി - ഏതാണ്‌? മുമ്പു പറഞ്ഞില്ലേ 'സൂര്യന്‍ ' ഞാനപ്പൊഴേ പറഞ്ഞു ഇതെന്തിനാണിവിടെ പറഞ്ഞത്‌ എന്നു മനസ്സിലായില്ല എന്ന്‌.അതേ ആ വാക്ക്‌ ഉപയോഗിച്ചതിന്‌ മനീഷിമാര്‍ - ബുദ്ധിയുള്ളവര്‍ മാപ്പു തരണേ

എന്തേ കേമമായില്ലേ അര്‍ഥം?

NB -----

"തീവണ്ടിയാപ്പീസിലനേകമട്ടായ്‌
തിങ്ങുന്നു യാത്രോദ്യുതരാം ജനങ്ങള്‍
ഒറ്റയ്ക്കൊരാളങ്ങൊരഴുക്കുമുക്കില്‍
മലര്‍ന്നു മെയ്‌ നീണ്ടു കിടന്നിടുന്നു

ഞരമ്പെലുമ്പെന്നിവചേര്‍ത്തുവച്ച്‌
ചുളിഞ്ഞ തോല്‍ കൊണ്ടതു മൂടിയിട്ടാല്‍
ആളെന്ന പേരായതിനൊക്കുമെങ്കില്‍
ഒരാളുതന്നിഗ്ഗളിതാംഗചേഷ്ടന്‍

ഒരു തീവണ്ടി ആപ്പീസില്‍ കിടക്കുന്ന ഈ മനുഷ്യന്‍ ആരോരും നോക്കാതെ അവിടെ കിടന്നു മരിച്ചു. എന്നാല്‍ ഇത്ര തിരക്കുള്ള സ്ഥലമായിട്ടും ഇതു പോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേറമില്ല, തീവണ്ടി വരുന്നു പോകുന്നു, ആളുകള്‍ മരിക്കുന്നു ജനിക്ക്‌ഉന്നു, സൂര്യന്‍ തന്റെ ചക്രം മുടങ്ങാതെ നടത്തുന്നു എന്നു തുടങ്ങി ചിന്തോദ്ദീപകമായ ഒരു കാവ്യമാണ്‌ തീവണ്ടിപുരാണം. അതിന്റെ അവസാനശ്ലൊകമാണ്‌ ഈ അര്‍ഥം മുഴുവന്‍ ദ്യോതിപ്പിക്കുന്ന - പോസ്റ്റിലേ ശ്ലൊകം
---

Wednesday, May 23, 2007

തമാശ വ്യാഖ്യാനം മറ്റൊന്ന്‌

ദേവന് ഇവിടെ മാവേലി നാടു വാണ കഥ പറഞ്ഞപ്പോള്‍ അന്നത്തെ കാലത്തിനെ കുറിച്ചുള്ള ഈ ശ്ലോകം പണ്ടുള്ളവര്‍ എനഗ്നെ വികടമായി വ്യാഖാനിച്ചിരുന്നു എന്നോര്‍ത്തു . എന്നാല്‍ അതു എല്ലാവര്‍ക്കുമായി ഒന്നു പങ്കു വയ്ക്കാം എന്നും തോന്നി.

"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല"

മാവേലി നാടു വാണീടും കാലം
= മാവേലി നാടു ഭ രിക്കുന്ന കാലത്ത്‌
മാനുഷരെല്ലാരുമൊന്നു പോലെ
= മനുഷ്യര്‍ എല്ലാവരും ഒന്നു പോലെ = അതേ '1' പോലെ എന്നു വച്ചാല്‍ അന്നെല്ലാവരും നട്ടെല്ലുള്ളവരായിരുന്നു എന്ന്‌ - നിവര്‍ന്നു നടക്കുന്നവരും ധൈര്യശാലികളും ആയിരുന്നു എന്ന്‌


എന്നാല്‍ ചില കുബുദ്ധികള്‍ ഇതു തെറ്റാണെന്നും പറയുന്നുണ്ട്‌. '1' എന്നത്‌ ആംഗലേയമാണെന്നും മലയാളത്തില്‍ "ഒന്ന്‌"എഴുതുന്നത്‌ ഒരു ജാതി നാലുകാലില്‍ ഇഴയുന്നതു പോലെയുള്ള ആകൃതിയില്‍ ആണെന്നും അന്നത്തെ കാലത്ത്‌ ആംഗലയം ഇല്ലാതിരുന്നതു കൊണ്ട്‌ ആളുകളൊക്കെ നാലു കാലിലാണ്‌ നടന്നിരുന്നത്‌ എന്നും അവര്‍ വ്യാഖ്യാനിക്കുന്നു .

അതൊ പ്പൊകട്ടെ നമുക്ക്‌ ബാകി നോക്കാം.

ആമോദത്തൊടെ വസിക്കും കാലം = അങ്ങനെ സന്തോഷമായി താമസിക്കുന്ന ആ കാലത്ത്‌

ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും = ആര്‍ക്കും യാതൊരു വിധ ആപത്തുക്‌അളും ഉണ്ടായിരുന്നില്ല.

കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പോളിവചനം= = കള്ളം ചതി കളവു പറച്ചില്‍ എന്നിവ ഒട്ടും തന്നെ ഇല്ല.

കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നും ഇല്ല = അളവില്‍ കുറവു കാണിക്കുന്ന പറയും അതു പോലെ തന്നെ കുറച്ച്‌ അരി മാത്രം ഒള്ളുന്ന നാഴിയും അല്ലാതെ മറ്റു യാതൊരു കള്ളത്തരവും ഇല്ല



സ്വാഭാവികം . അന്ന്‌ ഇതു പോലെ ബാങ്കുകളും രൂപയും ഒന്നും ഇല്ലല്ലൊ. പിന്നെ സ്വല്‍പം കാശുണ്ടാക്കണം എങ്കില്‍ ഇതൊക്കെ അല്ലേ മാര്‍ഗ്ഗമുള്ളു. അതു കൊണ്ട്‌ "കള്ളത്തരങ്ങള്‍ 'മറ്റ്‌' ഒന്നും ഇല്ല" ആകെ ഇവ മാത്രമേ ഉള്ളു എന്ന്‌

ഞാന്‍ ഓടി ഇനി എന്നെ കാണണം എങ്കില്‍ സാധ്യം അല്ല