Thursday, November 09, 2006

ഇനി അഥവാ അതാണ്‌ ഹിന്ദു എങ്കില്‍ ഞാന്‍ ഹിന്ദു അല്ല.

ആശാനേ,

ശംബൂകന്‍ എന്നൊരു ശൂദ്രനെ ശ്രീരാമന്‍ കൊന്നു എന്നും മറ്റും വാല്‌മീകി രാമായണത്തില്‍ ഒരു കഥയുള്ളതായി ഉമേഷ്‌ എഴുതിയതു കണ്ടോ?
അപ്പോള്‍ ഇങ്ങനൊക്കെ പറയുന്ന വാല്‌മീകിയെ ആണോ ആശാന്‍ ഈ പൊക്കിക്കൊണ്ടു നടക്കുന്നത്‌? അയാള്‍ എന്തു തെറ്റാണ്‌ ചെയ്തത്‌?
തപസ്സു ചെയ്തതോ? അതൊ അങ്ങനൊരു കുലത്തില്‍ ജനിച്ചതോ?

മാഷേ നല്ല ചോദ്യം. ഈ ചോദ്യമാണ്‌ ഞാനും ചോദിക്കാനുദ്ദേശിക്കുന്നത്‌.

ഇടക്കാലത്ത്‌ തങ്ങളുടെ കാര്യസാധ്യത്തിനായി ആരൊക്കെയോ ചെയ്തുവച്ച നീചപ്രവൃത്തികളാണ്‌ ഇതു പോലെയുള്ള കഥകള്‍.
ഇതു വാല്‍മീകി എഴുതിയ രാമായണത്തിലുള്ളതല്ല എന്നു മനസ്സിലാക്കാന്‍ വേറെ എങ്ങും പോകണ്ടാ. വാല്‍മീകിരാമായണത്തിണ്റ്റെ തന്നെ ആദിഭാഗം വായിച്ചാല്‍ മതി-
ആകെ 24,000 ശ്ളോകങ്ങള്‍ കൊണ്ട്‌ വാല്‍മീകി ശ്രീരാമചരിതമായ രാമായണം എഴുതി എന്നാദ്യം തന്നെ പറയുന്നു.

"ചതുര്‍വിംശത്സഹസ്രാണി ശ്ളോകാനാമുക്തവാനൃഷി"

യുദ്ധകാണ്ഡം തീരുന്നിടത്ത്‌ കാവ്യം തീരുന്നതായ ഈ ശ്ളോകങ്ങള്‍ നോക്കുക.

"ഏവമേതല്‍ പുരാവൃത്തമാഖ്യാനം ഭദ്രമസ്തു വഃ ---" ഇങ്ങനെയുള്ള പൂര്‍വ സംഭവം പറഞ്ഞ കഥ---"

" ഭക്ത്യാ രാമസ്യ യേ ചേമാം സംഹിതാമൃഷിണാ കൃതാം--"ഋഷിയാല്‍ വിരചിതമായ ഈ കൃതി ---" ഇതൊക്കെ കാവ്യം അവിടെ തീര്‍ന്നു എന്നല്ലേ സൂചിപ്പിക്കുന്നത്‌?

അതു വരെയുള്ള ഭാഗത്തൊന്നും ഇത്രയും ഹീനമായ കഥകളില്ല.
ഇപ്പോള്‍ ലഭിക്കുന്ന പുസ്തകത്തില്‍ ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡാവസാനം വരെ >26,000 ശ്ളോകങ്ങള്‍ ഉണ്ട്‌. അങ്ങനെയെങ്കില്‍ ഈ ബാക്കിയുള്ള രണ്ടായിരത്തില്‍പരം ശ്ളോകങ്ങള്‍ ആരുടെ കൃതിയാണ്‌. അതിനു ശേഷമുള്ള ഉത്തരകാണ്ഡം ആരെഴുതിയതാണ്‌?
ഈ പറഞ്ഞ ഉത്തരകാണ്ഡത്തിലാണ്‌ മേല്‍പറഞ്ഞ കഥയുള്ളത്‌.

ആശാനേ അപ്പോള്‍ രാജേഷ്‌ ചോദിച്ചതു ശരിയായിരിക്കില്ലേ ആ രാമായണപ്രഭാഷകന്‍ പറഞ്ഞത്‌, പ്രക്ഷിപ്തം.

അതില്‍ സംശയമൊന്നുമില്ല. ആരുടെയൊക്കെയോ വികൃതികളാണ്‌. പക്ഷെ വാല്‌മീകിക്ക്‌ അനുഷ്ടുപ്പ്‌ മാത്രമേ അറിയാമായിരുന്നുള്ളു എന്ന്‌ എവിടെ നിന്നറിഞ്ഞു എന്നു മനസ്സിലാകുന്നില്ല. അനുഷ്ടുപ്പിലാണ്‌ എഴുതുന്നത്‌ എന്നാദ്യം സൂചിപ്പിക്കുന്നു. അല്ലാതെ അതേ തനിക്കറിയൂ എന്നു പറഞ്ഞിട്ടില്ല. ഇതയും എഴുതാന്‍ അറിയുന്ന ആള്‍ക്ക്‌ വേറൊന്നും അറിയില്ല എന്നു പറയുന്നതില്‍ എന്തോ ഒരു യുക്തിക്കുറവില്ലേ?

അതവിടെ ഇരിക്കട്ടെ. ഇതുപോലെ തന്നെ ഒരു ബ്രാഹ്മണനുണ്ടാകുന്ന കുട്ടികളൊക്കെ മരിക്കുന്നു എന്നും പറഞ്ഞ്‌ ശ്രീകൃഷ്ണണ്റ്റെ അടുത്ത്‌ വരുന്ന ഒരു കഥ മഹാഭാരതത്തിലും ഉണ്ട്‌ അവിടെ ഇങ്ങനെയുള്ള വൃത്തികേടുകള്‍ കാണുന്നില്ലല്ലൊ.

ഇനി ഒന്നു കൂടി പറയാം ഛാന്ദോഗ്യോപനിഷത്തില്‍ ജാബാലയുടെ മകന്‍ സത്യം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ടാണ്‌ ഗുരു അവനെ ബ്രാഹ്മണന്‍ എന്നു സംബോധന ചെയ്ത്‌ ശിഷ്യനാക്കുന്നത്‌ ( ജാബാലയുടെ ചരിത്രം അറിയുന്നവര്‍ മനസ്സിലാക്കട്ടെ, വെട്ടം മാണിയുടെ വ്യാഖ്യാനത്തിലുള്ള അര്‍ത്ഥമല്ലാ അതിണ്റ്റെ ശരി എന്നും ക്‌ഊടി സൂചിപ്പിക്കുന്നു) അങ്ങനെയുള്ള സത്യത്തെ വെളിപ്പെടുത്തുന്ന തത്വശാസ്ത്രം ശംബൂകണ്റ്റെ പോലൊരു കഥ പറയുമെന്നു കരുതുന്നത്‌ അബദ്ധമാണ്‌. ഇനി അഥവാ അതാണ്‌ ഹിന്ദു എങ്കില്‍ ഞാന്‍ ഹിന്ദു അല്ല.

3 comments:

  1. ആശാനേ,
    ശംബൂകന്‍ എന്നൊരു ശൂദ്രനെ ശ്രീരാമന്‍ കൊന്നു എന്നും മറ്റും വാല്‌മീകി രാമായണത്തില്‍ ഒരു കഥയുള്ളതായി ഉമേഷ്‌ എഴുതിയതു കണ്ടോ?
    അപ്പോള്‍ ഇങ്ങനൊക്കെ പറയുന്ന വാല്‌മീകിയെ ആണോ ആശാന്‍ ഈ പൊക്കിക്കൊണ്ടു നടക്കുന്നത്‌? അയാള്‍ എന്തു തെറ്റാണ്‌ ചെയ്തത്‌? തപസ്സു ചെയ്തതോ?
    അതൊ അങ്ങനൊരു കുലത്തില്‍ ജനിച്ചതോ?
    മാഷേ നല്ല ചോദ്യം.------------

    ReplyDelete
  2. എഴുത്തിന് അല്പം കോണ്‍‍റ്റെക്സ്റ്റ് കൂടി കൊടുത്താല്‍ നന്നായിരുന്നു. ഇദ്ദേഹം ഇവിടെ ഇങ്ങനെ പറഞ്ഞതിന്‍റെ മറുപടിയാണിത് എന്നോ മറ്റോ. എല്ലാ ബ്ലോഗുകളും വായിക്കാനാവാത്ത എന്നെപ്പോലുള്ളവര്‍ക്ക് അത് വലിയ ഉപകാരമാവും.

    ReplyDelete
  3. പ്രിയ സന്തോഷ്‌,

    വാല്‌മീകിരാമായണത്തിലുള്ള ഒരു കഥ എന്നറിയപ്പെടുന്നു ശംബൂകണ്റ്റേത്‌.

    ശംബൂകന്‍ എന്നൊരു ശൂദ്രന്‍ തപസ്സു ചെയ്തതു കൊണ്ടാണ്‌ അയോദ്ധ്യയിലുള്ള ഒരു ബ്രാഹമണണ്റ്റെ പുത്രന്‍ മരിച്ചത്‌ എന്ന്‌ നാരദന്‍ ശ്രീരാമനോടു പറഞ്ഞു എന്നും രാമന്‍ നേരെ ചെന്ന് മൂപ്പരെ വാളു കൊണ്ടു വെട്ടി കാലനൂര്‍ക്കയച്ചു എന്നും ആണ്‌ ആ കഥ.

    അതിനെ സൂചിപ്പിക്കുന ഒരു കമണ്റ്റ്‌ വന്നതുകൊണ്ട്‌ ഒരു വിശദീകരണം നടത്തി എന്നേയുള്ളു.

    ReplyDelete