Tuesday, July 31, 2012

ഭീമസേനന്റെ ചിരി

ലക്ഷ്മണന്റെ ചിരി മുന്‍പേ വായിച്ചല്ലൊ അല്ലെ?
ഇനി  ഭീമസേനന്‍ ഒരു ചിരി ചിരിച്ച കഥ കേള്‍ക്കാം
കുരുക്ഷേത്രയുദ്ധം എല്ലാം കഴിഞ്ഞ്‌ ധര്‍മ്മപുത്രര്‍ രാജ്യം ഭരിക്കുന്ന കാലം.
രാജ്യത്തെ എല്ലാ പ്രജകളുടെയും
ക്ഷേമം ഒരേ പോലെ അന്വേഷിക്കുന്ന ധര്‍മ്മനിഷ്ഠന്‍.
സത്യമല്ലാതെ മറ്റൊന്നും ഉരിയാടാത്തവന്‍. പറഞ്ഞ വാക്കു പാലിക്കുന്നവന്‍.
അങ്ങനെ ഉള്ള കാലത്ത്‌ ഒരു ദിവസം ആ രാജ്യത്തുള്ള ഒരു പ്രജയ്ക്ക്‌ തന്റെ മകളുടെ വിവാഹം നടത്താന്‍ കയ്യില്‍ ഒന്നുമില്ലാത്ത ഒരവസ്ഥ വന്നു. അദ്ദേഹം രാജാവിനെ കണ്ട്‌ സഹായം അഭ്യര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചു.
നേരെ കൊട്ടാരത്തിലെത്തി. അന്നേ ദിവസം കൊട്ടാരം കാവല്‍ ഭീമസേനന്‍ ആണ്‌.
ഭീമസേനന്‍ കാര്യം അന്വേഷിച്ചു. പ്രജ വിവരം എല്ലാം പറഞ്ഞു.
ഭീമസേനന്‍ പറഞ്ഞു " അകത്തേക്കു പൊയ്ക്കോളൂ. ജ്യേഷ്ഠനെ കണ്ട്‌ വിവരം പറയൂ. തിരികെ വരുമ്പോള്‍ എന്നെ കണ്ട്‌ കാര്യം ബോധിപ്പിച്ചേ മടങ്ങാവൂ"
നോക്കണെ ഭരണം. തന്റെ ജ്യേഷ്ഠനാണു ഭരിക്കുന്നത്‌ എങ്കിലും ഒരു പരാതിക്കാരന്‍ വന്നാല്‍ അത്‌ എങ്ങനെ കൈകാര്യം ചെയ്യപ്പെട്ടു എന്നറിയാന്‍ ഒരു ഡബിള്‍ ചെക്ക്‌.
പ്രജ അകത്തു ചെന്ന് രാജാവിനോട്‌ കാര്യം ഉണര്‍ത്തിച്ചു.
അപ്പോള്‍ ധര്‍മ്മപുത്രര്‍ അല്‍പം തെരക്കിലായിരുന്നു.
അദ്ദേഹം പറഞ്ഞു "ഇന്നു ഞാന്‍ അല്‍പം തെരക്കിലാണ്‌ നിങ്ങള്‍ പോയി നാളെ വരൂ. ഞാന്‍ സഹായിക്കാം"
പ്രജ സന്തോഷമായി മടങ്ങി.
തിരികെ വാതില്‍ക്കലെത്തിയ പ്രജയെ ഭീമസേനന്‍ തടഞ്ഞു നിര്‍ത്തി അന്വേഷിച്ചു
"ജ്യേഷ്ഠനെ കണ്ടൊ?"
"കണ്ടു"
"എന്തു പറഞ്ഞു ?"
"ഇന്നദ്ദേഹം തെരക്കിലാണ്‌. നാളെ വരാന്‍ പരഞ്ഞു . നാളെ അദ്ദേഹം സഹായം ചെയ്യും"
ഇതു കേട്ടതും ഭീമസേനന്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി
ദേശീയ ആഘോഷങ്ങള്‍ക്കും , അപകടങ്ങള്‍ക്കും മുന്‍കൂട്ടി വിവരം ധരിപ്പിക്കാനുള്ള ഒരു ഉപായമായി കൊട്ടാരവാതിലില്‍ ഒരു വലിയ മണി കെട്ടി തൂക്കിയിട്ടുണ്ട്‌.
ഭീമസേനന്‍ ആ മണി വലിച്ചടിച്ച്‌ തുടങ്ങി.
മണിയടി കേട്ട്‌ ആളുകള്‍ ഓടിക്കൂടാന്‍ തുടങ്ങി.
എത്തുന്നവരോടായി ഭീമസേനന്‍ വിളിച്ചു പറഞ്ഞു "എല്ലാവരും ആഘോഷിച്ചോളൂ. ആഘോഷത്തിനു വേണ്ട ധനം ഭണ്ഡാരത്തില്‍ നിന്നും എടുത്തോളൂ"
ആളുകള്‍ ചോദിച്ചു " എന്താണു കാര്യം?"
ഭീമസേനന്‍ കയര്‍ത്തു " അതു നിങ്ങള്‍ അറിയേണ്ട കാര്യം എന്ത്‌ ആഘോഷിക്കാന്‍ പറഞ്ഞാല്‍ ആഘോഷിച്ചോളുക. കാര്യം ഒക്കെ ഉണ്ട്‌"
എന്താണു പ്രശ്നം എന്നറിയാന്‍ അവസാനം ധര്‍മ്മപുത്രരും എത്തി
ഭീമസേനന്‍ മണിയടി നിര്‍ത്തുന്നില്ല.
ഒടുക്കം ധര്‍മ്മപുത്രര്‍ കയര്‍ത്തു കാര്യം അന്വേഷിച്ചു
അപ്പോള്‍ ഭീമന്‍ ചോദിച്ചു "ഏട്ടന്റെ അടുത്ത്‌ ഈ നില്‍ക്കുന്ന ആള്‍ സഹായം അന്വേഷിച്ചു വന്നിരുന്നില്ലെ?"
"വന്നിരുന്നു"
"അയാള്‍ക്കു നാളെ സഹായം കൊടുക്കാം എന്നു ഏട്ടന്‍ പറഞ്ഞില്ലെ?"
"പറഞ്ഞു"
വീണ്ടും ഭീമന്‍ മണിയടി തുടങ്ങി " അതു തന്നെ കാര്യം
എന്റെ ഏട്ടന്‍ സത്യവാനാണ്‌. പറഞ്ഞ വാക്കു പാലിക്കുന്നവന്‍ ആന്‌. ഇയാള്‍ക്കു കൊടുത്ത വാക്കു പാലിക്കണം എങ്കില്‍ കുറഞ്ഞത്‌ നാളെ ഇയാള്‍ വരുന്നതു വരെ എങ്കിലും ഏട്ടന്‍ മരിക്കില്ല.
ഈ ലോകത്ത്‌ ആര്‍ക്കും നിശ്ചയമില്ലാത്ത ഒരേ ഒരു കാര്യം ആണ്‌ തങ്ങളുടെ മരണം എപ്പോഴാണ്‌ എന്ന്.
അങ്ങനെ ഉള്ളപ്പോള്‍ എന്റെ ഏട്ടന്‍ നാളെ വരെ മരിക്കില്ല എന്നറിയുന്നതില്‍ പരം സന്തോഷകരമായ ഒരു വാര്‍ത്ത വേറെ എന്തുണ്ട്‌?" നാട്ടുകാരെ ആഘോഷിച്ചോളൂ"
ഇടിവെട്ടേറ്റ മാതിരി ആയി ധര്‍മ്മപുത്രര്‍
അദ്ദേഹം പെട്ടെന്നു തന്നെ പ്രജയെ വിളിച്ച്‌ വേണ്ട സഹായം കൊടുത്തു പറഞ്ഞയച്ചു.
ഇപ്പോള്‍ മനസിലായില്ലെ "മരണം വരുമിനി എന്നു നിനച്ചിഹ മരുവുക സതതം നാരായണ ജയ" എന്ന വരികള്‍ എങ്ങനെ ഉണ്ടായി എന്ന്?
ആ പോസ്റ്റ്‌ വായിച്ചല്ലൊ അല്ലെ?

Monday, July 30, 2012

മരണം വരുമിനി എന്നു നിനച്ചിഹ മരുവുക

"മരണം വരുമിനി എന്നു നിനച്ചിഹ മരുവുക സതതം നാരായണ ജയ"

മരണം വരും എന്നു നിനച്ച്‌ - വിചാരിച്ച്‌ സതതം - എല്ലായ്പ്പോഴും മരുവുക - ജീവിക്കുക

ഈ വരികള്‍ കേട്ട്‌ ഒരാള്‍ എന്നോടു ചോദിച്ച ഒരു ചോദ്യമാണ്‌ "കൊള്ളാം മരിച്ചു പോകും എന്നു പേടിച്ചാണൊ എപ്പോഴും ജീവിക്കേണ്ടത്‌?"

പേടിച്ചാണൊ എപ്പോഴും ജീവിക്കേണ്ടത്‌?
ജീവിതം എന്നത്‌ ആസ്വദിച്ചു ജീവിച്ചു തീര്‍ക്കേണ്ടതല്ലെ?

കേള്‍ക്കുമ്പോള്‍ ശരി ആണെന്നുതോന്നും അല്ലെ?

ശരിയാണ്‌. ആസ്വദിച്ചു തന്നെയാണ്‌ ജീവിക്കേണ്ടത്‌.

എന്നാല്‍ എപ്പോഴാണ്‌ ആസ്വദിച്ചു ജീവിക്കാന്‍ സാധിക്കുക?

പണമുള്ളപ്പോഴാണൊ?

എങ്കില്‍ പണക്കാരെല്ലാം സുഖിമാന്മാരായിരുന്നിരിക്കണമല്ലൊ.

സത്യം പറഞ്ഞാല്‍ പണക്കാരനാകുംതോറും യഥാര്‍ത്ഥ സുഖം ഇല്ലാതാകുന്നതെ ഉള്ളു.

ഒരു കഥ കേട്ടിട്ടില്ലെ.
ഒരിടത്ത്‌ ഒരു വലിയ പണക്കാരന്‍ താമസിച്ചിരുന്നു . അദ്ദേഹത്തിന്റെ മാളികക്കരികിലുള്ള റോഡുവക്കില്‍ ഒരു ചെരുപ്പുകുത്തിയും താമസിച്ചിരുന്നു.

ചെരുപ്പുകുത്തി ദിവസവും ഒരു ജോടി ചെരുപ്പുണ്ടാക്കും അതു വിറ്റു കിട്ടുന്ന കാശു കൊണ്ട്‌ ആഹാരത്തിനുള്ള വസ്തുക്കളും അടുത്ത ദിവസം ചെരുപ്പുണ്ടാക്കാനുള്ള തോലും വാങ്ങും. തന്റെ ആ ചെറിയ കുടിലില്‍ കിടന്നുറങ്ങും

ചെരുപ്പുകുത്തിയുടെ ഈ ജീവിതം കണ്ട്‌ ആ പണക്കാരന്‍ തോന്നി. "കഷ്ടം. എല്ലാദിവസവും പാവം ഇങ്ങനെ അദ്ധ്വാനിച്ചു കഷ്ടപ്പെടുകയാണല്ലൊ. ഇയാളെ ഒന്നു സഹായിക്കാം . കുറെ പണം ഇയാള്‍ക്കു കൊടുക്കാം"
അങ്ങനെ ആലോചിച്ച്‌ പണക്കാരന്‍ ആയിരം രൂപ ഇയാള്‍ക്കു കൊണ്ടു കൊടൂത്തു.

എന്നിട്ടു പറഞ്ഞു "ഇതു കൊണ്ട്‌ സുഖമായി ജീവിക്കൂ"

ഇത്രയും തുക ഒന്നിച്ച്‌ കണ്ട കണ്ണുതള്ളിപ്പോയി ചെരുപ്പുകുത്തിയ്ക്ക്‌
അത്‌ ആരെങ്കിലും അടിച്ചു മാറ്റും എന്നു ഭയന്ന അയാള്‍ അതു കൊണ്ടുപോയി അയാളുടെ കുടിലില്‍ ഒരു ഭാഗത്ത്‌ ഒരു കുഴി കുഴിച്ച്‌ ഭദ്രമായി സൂക്ഷിച്ചു.

തുടര്‍ന്ന് ചെരുപ്പുണ്ടാക്കാന്‍ തുടങ്ങി എങ്കിലും അയാളുടെ ശ്രദ്ധ അതില്‍ ഉറക്കുന്നില്ല. ചെരുപ്പ്‌ ശരിയായില്ല എന്നു എടുത്തു പറയേണ്ടല്ലൊ.

അയാളുടെ ചെരുപ്പിനു വേണ്ടി അന്വേഷിച്ചു വന്നിരുന്നവരും മോശം എന്നു പരയുന്നത്ര മോശമായി എന്നര്‍ത്ഥം.

രാത്രി കിടന്നാല്‍ അയാള്‍ക്ക്‌ ഉറക്കം ശരിയാകുന്നില്ല . ആരെങ്കിലും രാത്രിയില്‍ ആ പണം അടിച്ചുകൊണ്ടു പോകും എന്ന ഭയം

എന്തിനു പറയുന്നു കുറച്ചു ദിവസങ്ങള്‍ കൊണ്ട്‌ അയാള്‍ ആകെ അവശനായി.
പക്ഷെ അയാള്‍ക്കു വിവരം ഉണ്ടായിരുന്നു. കാരണം അയാള്‍പെട്ടെന്നു തന്നെ മനസിലാക്കി. അടുത്ത ദിവസം പണക്കാരനെ കണ്ട്‌ അയാള്‍ ആ പണം മടക്കി കൊടുത്തു. അതിനു ശേഷം തന്റെ പഴയ ജീവിതം തുടര്‍ന്നു.

അയാള്‍ ഫൈനാന്‍സ്‌ ഒന്നും പഠിച്ചിട്ടില്ലാത്തതു കൊണ്ടാണ്‌ അങ്ങനെ ചെയ്തത്‌ , നമ്മളായിരുന്നു എങ്കില്‍ ആ ആയിരം രൂപ വളര്‍ത്തി പതിനായിരവും ലക്ഷവും കോടിയും ഒക്കെ ആക്കുമായിരുന്നു എന്നു നമുക്കു വേണംവെങ്കില്‍ വീമ്പു പറയാം

പക്ഷെ ഏറ്റവും ലളിതമായ മനഃസമാധാനത്തോടു കൂടി ഉള്ള ഉറക്കം കിട്ടണം എങ്കില്‍ ഇയാള്‍ ചെയ്തതാണ്‌ ശരി

ഉറക്കം നഷ്ടപ്പെടുന്നവര്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ എണ്ണമറ്റതാണ്‌. - ഇന്നു ലോകത്തില്‍ കാണുന്ന 90 ശതമാനം രോഗങ്ങള്‍ക്കും കാരണം അതാണെന്നു പറഞ്ഞാലും അതിശയോക്തി അല്ല

Life Style Disorders എന്ന് ഓമനപ്പേരിട്ടാല്‍ അതു പെട്ടെന്നു മനസ്സിലാകും അല്ലെ?

അതുകൊണ്ട്‌ അവനവന്റെ ജീവിതത്തെ എങ്ങനെ ജീവിച്ചു തീര്‍ക്കണം എന്നു ചോദിച്ചാല്‍ ഏറ്റവും ലളിതമായ ഉത്തരം ആണ്‌ മുകളില്‍ പറഞ്ഞ വരി

അടുത്ത ദിവസം മരണം വരും എന്നു വിചാരിക്കുക

എങ്കില്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും?

പറ്റുമെങ്കില്‍ നമ്മുടെ എതിരാളിയുടെ ആസനത്തില്‍ ഒരു കുന്തം കൂടി കയറ്റണം എന്നായിരിക്കുമൊ?

മറ്റന്നാള്‍ തിന്നാന്‍ വേണ്ടി നാലു ചിക്കന്‍ കൂടി ഫ്രിഡ്ജില്‍ വക്കണം എന്നായിരിക്കുമൊ?

നമ്മുടെ ചിന്തകള്‍ പാടെ മാറും

കര്‍മ്മങ്ങള്‍ ശുദ്ധമാകും. പ്രത്യേകിച്ചു തനിക്കു വേണ്ടി ശേഖരിച്ചു വയ്ക്കാനുള്ള ത്വര ഇല്ലാതാകും.

ഇതെ തത്വം തന്നെ ചാണക്യന്‍ പറയുന്നുണ്ട്‌

അല്‍പം രസകരമായി തന്നെ

"പുരാണാന്തേ ശ്മശാനാന്തേ മൈഥുനാന്തേ ച യാ മതീ
സാ സര്‍വദൈവ തിഷ്ഠേച്ചേത്‌ കോ ന മുച്യേത ബന്ധനാത്‌"

പുരാണകഥനം കേട്ടു കഴിയുമ്പോഴും, ശ്മശാനത്തിലെ ക്രിയകള്‍ കഴിഞ്ഞുപോരുമ്പോഴും, മൈഥുനം കഴിയുമ്പോഴും തോന്നുന്ന വിരക്തി എല്ലായ്പ്പോഴും നിലനിന്നാല്‍ ആര്‍ക്കാണ്‌ മോക്ഷം കിട്ടാത്തത്‌ ?

അവനവന്റെ കര്‍മ്മങ്ങള്‍ അത്തരത്തില്‍ ആയിരിക്കണം അപ്പോള്‍ സുഖം ഉണ്ടാകും എന്നാണ്‌ ആ വരികളുടെ താല്‍പര്യം, അല്ലാതെ പേടിച്ചു ജീവിക്കണം എന്നല്ല

ഇപ്രകാരം യഥാര്‍ത്ഥമായ അറിവുണ്ടാകാനാണ്‌ ഗുരുമുഖത്തു നിന്നും പഠിക്കണം എന്നു പണ്ടുള്ളവര്‍ പറയുന്നത്‌.

റോഡരികിലെ ബോര്‍ഡ്‌ നോക്കി തമിഴ്‌ പഠിച്ചു പണ്ഡിതനാകുമ്പോള്‍ തോന്നുന്ന അര്‍ത്ഥമാണ്‌ മറ്റത്‌

അല്ല എത്ര പറഞ്ഞാലും ഇതൊന്നും ശരിയാകില്ല എന്ന് പണ്ടെ വിവരമുള്ളവര്‍ക്കറിയാം

അതായിരുന്നല്ലൊ കാളിദാസന്‍ രഘുവംശം എഴുതാന്ന് തുടങ്ങുന്നിടത്ത്‌ ഇങ്ങനെ നാലു വരികള്‍ കുറിച്ചത്‌

"വാഗര്‍ത്ഥാവിവ സമ്പൃക്തൗ
വാഗര്‍ത്ഥപ്രതിപത്തയെ
ജഗതഃ പിതരൗ വന്ദേ
പാര്‍വതീപരമേശ്വരൗ"

വാക്കും അര്‍ത്ഥവും പോലെ പരസ്പരം ചേര്‍ന്നിരിക്കുന്ന ജഗല്‍പിതാക്കളായ പാര്‍വതീപരമേശ്വരന്മാരെ വാക്കിന്റെ അര്‍ത്ഥപ്രാപ്തിക്കായി വന്ദിക്കുന്നു " എന്ന്

അതായത്‌ ഇതു വായിക്കുന്നവന്‌ ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥം തന്നെ മനസിലാക്കിക്കൊടുക്കണേ എന്ന്

ഞാന്‍ മുന്‍പെഴുതിയ വികടവ്യാഖ്യാനങ്ങളെ പോലെ ഉള്ള കൊനഷ്ടുകള്‍ തോന്നിപ്പിക്കല്ലെ എന്ന്

Saturday, July 28, 2012

ഷൂട്ടിങ്ങിന്‌ അനുയോജ്യമായ ഒന്നര ഏക്കര്‍ സ്ഥലം

സിനിമ, സീരിയല്‍ തുടങ്ങിയവയുടെ ഷൂട്ടിങ്ങിന്‌ അനുയോജ്യമായ ഒന്നര ഏക്കര്‍ സ്ഥലം

ഏതു രീതിയിലും ഇന്‍ഡോര്‍ ഷൂട്ടിങ്ങിനു തയ്യാറാക്കാന്‍ പറ്റിയ ഏകദേശം 3500 ചതുരശ്ര അടി കെട്ടിടം.

രണ്ടു നിലകള്‍, തടികൊണ്ടുള്ള കോണിപ്പടിയും, നടുമുറ്റവും.

സെറ്റുകള്‍ ഇടാന്‍ പറ്റിയ തുറസ്സായ അകഭാഗം.

പ്രത്യേക മുറികളും

ചുറ്റുവട്ടം- പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന പച്ചപ്പു നിറഞ്ഞ സ്ഥലം.
365 ദിവസവും നിറഞ്ഞൊഴുകുന്ന പുഴ, പാടം.

5 കിലോമിറ്റര്‍ ചുറ്റളവില്‍ 7 ചുണ്ടന്‍ വള്ളങ്ങള്‍ നാട്ടുകാരുടെ സ്വന്തം. നെഹ്രു ട്രോഫി ആദിയായ മല്‍സരങ്ങളില്‍ ഭാഗഭാക്കാകുന്നവ

4 കിലോമീറ്റര്‍ ദൂരത്തില്‍ പ്രസിദ്ധമായ രണ്ട്‌ ക്ഷേത്രങ്ങള്‍

താല്‍പര്യം ഉള്ളവര്‍ ബന്ധപ്പെടുക

094480 68411,099469 36183, 098930 19654

Tuesday, July 03, 2012

പൂജ്യം പൂജ്യം

കിടുകില്ലാടി ശാസ്ത്രജ്ഞന്മാര്‍ ഉള്ള ബൂലോകത്തല്ലാതെ എവിടെയാ എന്റെ ഈ സംശയം ഒന്നു ചോദിക്കുക.

ശാസ്ത്രത്തിന്‌ ഒരു പരിമിതിയും ഇല്ല. കണക്കിന്‌ അന്നു ഞാന്‍ ഒരു പൂജ്യത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ തല്ലുകിട്ടാതെ രക്ഷപെട്ടെന്നെ ഉള്ളു

ഇപ്പൊഴും അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ ഈ പൂജ്യങ്ങള്‍ എല്ലാം ഒന്നാണോ

അതായത്‌ ഒന്ന് എന്നു പറഞ്ഞാല്‍ എപ്പൊഴും ഒന്നു തന്നെ ഒരു ഒന്ന് സമം മറ്റൊരു ഒന്ന്

അതുപോലെ ഒരു പൂജ്യം എന്നു പറഞ്ഞാല്‍ മറ്റൊരു പൂജ്യം തന്നെ ആയിരിക്കുമോ അതൊ രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ടൊ?