Saturday, June 22, 2013

ശൂദ്രൻ

വാല്‌മീകിരാമായണം പഠിക്കണം. പഠിക്കുന്നു എങ്കിൽ  ഗുരുമുഖത്തു നിന്നും പഠിക്കണം എന്നു ഞാൻ പറയും പോട്ടെ

അത് എന്തിനാണ് എന്നു വച്ചാൽ രാമായണം മഹാഭാരതം ഇവ രണ്ടും തത്വബോധനത്തിനുള്ളവ ആണ്. വേദതത്വങ്ങൾ എന്തൊ അത് തന്നെ ഇവ പഠിച്ചാലും കിട്ടും എന്ന് വിവരം ഉള്ളവർ പണ്ടെ പറഞ്ഞിട്ടുണ്ട്.

ഇവിടെ "ശൂദ്ര"  സംജ്ഞയെ കുറിച്ച് പല തരത്തിൽ തർക്കം നടക്കുന്നുണ്ട്.

ഏതായാലും രാമായണകാലത്ത് എന്തായിരുന്നിരിക്കാം ശൂദ്രശബ്ദം കൊണ്ട് ഉദ്ദേശിച്ചിരുന്നത്?

അതിപ്പോൾ വാല്‌മീകി ജീവനോടില്ലാത്തതു കൊണ്ട് ചോദിച്ചറിയാൻ മാർഗ്ഗം ഇല്ല. പക്ഷെ വാല്‌മീകിരാമായണത്തിൽ പറഞ്ഞിട്ടുണ്ടൊ എന്നു നമുക്കൊന്നു നോക്കാം

മൂന്നാം അദ്ധ്യായത്തിൽ സുമതി എന്ന രാജാവും വിഭാണ്ഡകൻ എന്ന ഋഷിയും തമ്മിലുള്ള  സംസാരം ദാ ഇങ്ങനെ

"രാജോവാച"
രാജാവ് പറഞ്ഞു

"ശൃണുഷ്വ ഭഗവൻ സർവം യൽ പൃഛതി വദാമി തത് 
ആശ്ചര്യം യദ്ധി ലോകാനാം ആവയോശ്ചരിതം മുനേ"

അല്ലയൊ ഭഗവൻ അങ്ങ് എന്തു ചോദിച്ചുവൊ അത് മുഴുവൻ ഞാൻ പറയുകയാണ്. നമ്മുടെ രണ്ടുപേരുടെയും കഥ ലോകത്തിനു മുഴുവൻ ആശ്ചര്യജനകം ആണ്

"അഹമാസം പുരാശൂദ്രോ മാലതിർന്നാമ സത്തമ
കുമാർഗ്ഗനിരതോ നിത്യം സർവലോകാ//ഹിതേ രതഃ"

ഞാൻ പണ്ട് മാലതി എന്നു പേരുള്ള ഒരു ശൂദ്രൻ ആയിരുന്നു. എല്ലായ്പ്പോഴും കുമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവനും ലോകത്തിൻ ദ്രോഹം മാത്രം ചെയ്യുന്നവനും ആയിരുന്നു.

""പിശുനൊ ധർമ്മദ്വേഷീ ദേവദ്രവ്യാപഹാരകഃ
മഹാപാതകിസംസർഗ്ഗീ ദേവദ്രവോപജീവകഃ"

മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുക, ധർമ്മദ്രോഹിആയിരിക്കുക, ദേവസംബന്ധമായ സ്വത്ത് മോഷ്ടിക്കുക അതു കൊണ്ട് ഉപജീവിക്കുക, മഹാപാതകികളുമായി സംസർഗ്ഗം ചെയ്യുക ഇതൊക്കെ എന്റെ സ്വഭാവങ്ങൾ ആയിരുന്നു

"ഗോഘ്നശ്ച ബ്രഹ്മഹാ ചൗരൊ നിത്യം പ്രാണീവധേ രതഃ
നിത്യം നിഷ്ഠുരവക്താ ച പാപീ വേശ്യാപരായണഃ"

പശു, ബ്രാഹ്മണൻ ഇവരെ കൊല്ലുക , മോഷ്ടിക്കുക, ജന്തുക്കളെ കൊല്ലുക, നിഷ്ഠുരമായി സംസാരിക്കുക, വേശ്യാസംസർഗ്ഗം ചെയ്യുക ഇവ എന്റെ എല്ലാ ദിവസത്തെയും ചെയ്തികളായിരുന്നു

"കിഞ്ചിത് കാലെ സ്ഥിതൊ ഹ്യേവമനാദൃത്യ മഹദ്വചഃ
സർവബന്ധുപരിത്യക്തൊ ദുഃഖീ വനമുപാഗമം"

ഇപ്രകാരം മഹത്തുക്കളുടെ വാക്കുകളെ ധിക്കരിച്ചു ജീവിച്ച ഞാൻ എല്ലാ ബന്ധുക്കളാലും കൈവെടിയപ്പെട്ട് വനത്തിൽ എത്തിച്ചേർന്നു.

ഇത് ഞാൻ വായിചു മനസിലാക്കിയ ശൂദ്രഭാവം

ഈ സ്വഭാവം ഉള്ള ആരായാലും, ഏത് തന്തയ്ക്കു പിറന്നാലും അവൻ ശൂദ്രൻ

പക്ഷെ രാമായണകാലം ത്രേതായുഗം.

ഇത് കലിയുഗം

ഇതിനിടയ്ക്ക് ആരെങ്കിലും എന്തെങ്കിലും ഒക്കെ വക്രബുദ്ധി കാണിച്ചിട്ടുണ്ടെങ്കിൽ

Friday, June 21, 2013

വ്യാഖ്യാനങ്ങൾ

വ്യാഖ്യാനങ്ങൾ എന്നു പറഞ്ഞാൽ വായിക്കുന്ന ഓരോരുത്തരും അവരവരുടെ മനസിലാകലിന്റെ നിലവാരത്തിനനുസരിച്ച് മനസിലായത് കുറിക്കുക എന്നാണല്ലൊ നാം മനസിലാക്കുന്നത്

എന്നാൽ ചില ആളുകൾ എഴുതിയ വ്യാഖ്യാനങ്ങളെ നാം വിലവയ്ക്കും കാരണം അവർ മറ്റു ദുരുദ്ദേശങ്ങൾ ഒന്നും കൂടാതെ എഴുത്തുകാരന്റെ അതേ താല്പര്യം ആയിരിക്കും പ്രകാശിപ്പിക്കുക എന്ന് നാം ധരിക്കുന്നു. അത് അവരുടെ സമൂഹസമ്മതി കൊണ്ടൊ മുൻപ് അവർ എഴുതിയ കൃതികളുടെ മാഹാത്മ്യം കൊണ്ടൊ അങ്ങനെ ഒരു അഭിപ്രായം രൂപീകരിക്കപ്പെടുന്നു


എന്നാൽ ചിലപ്പോൾ ഈ രൂപീകരിക്കപ്പെട്ട അഭിപ്രായം എങ്ങനെ ഒക്കെ ആയിപ്പോകുമൊ
ഛാന്ദോഗ്യ ഉപനിഷത്തിൽ സത്യകാമൻ എന്ന ഒരു കുട്ടിയുടെ കഥ വിവരിക്കുന്നുണ്ട്.

അതിന്റെ ചുരുക്കം ഇപ്രകാരം ആണ് സത്യകാമൻ വിദ്യ അഭ്യസിക്കേണ്ട സമയം ആയി. അവൻ ഗൗതമൻ എന്ന ഗുരുവിനടൂത്തേക്ക് പോകാൻ ഒരുങ്ങുന്നു ഗുരുവിനടൂത്ത് ചെല്ലുമ്പോൾ തന്റെ ഗോത്രം ഏതാണ് എന്ന് ഗുരു ചോദിക്കും. അപ്പോൾ എന്താണ് പറയേണ്ടത് എന്ന് അവൻ അവന്റെ അമ്മ ആയ ജാബാലയോട് ചോദിക്കുന്നു.

 ജാബാല കൊടുക്കുന്ന മറൂപടി ഇപ്രകാരം

"സാ ചൈനമുവാച നാഹമേതദ്വേദ താത യദ് ഗോത്രസ്ത്വമസി ബഹ്വഹം ചരന്തീ പരിചാരിണീ യൗവനെ ത്വാമലഭേ. സാഹമേതന്ന വേദ യദ്ഗോത്രസ്ത്വമസി ജാബാലാ തു നാമാഹമസ്മി സത്യകാമോ നാമസ്ത്വമസി സ സത്യകാം ഏവ ജാബാലൊ ബ്രുവീഥാ ഇതി"

അവൾ അവനോട് പറഞ്ഞു നീ ഏത് ഗോത്രത്തിലെ ആണെന്ന് എനിക്കറിയില്ല. ഞാൻ യൗവനത്തിൽ വളരെയിടത്ത് പരിചാരിണിയായി പോയിട്ടുണ്ട്. അങ്ങനെ എനിക് നിന്നെ മകനായി ലഭിച്ചു. അതുകൊണ്ട് നിന്റെ ഗോത്രം ഏതാണെന്ന് എനിക്കറിയില്ല. എന്റെ പേർ ജാബാല നിന്റെ പേർ സത്യകാമൻ അപ്പോള് നീ സത്യകാമൻ ജാബാല"

കുട്ടി ഗൗതമനടുത്തെത്തി ഗൗതമൻ ചോദിച്ച വാചകം ഉപനിഷത്തിൽ ഇപ്രകാരം

 "തം ഹോവാച കിം ഗോത്രോ നു ത്വമസീതി സ ഹോവാച നാഹമേതദ്വേദ ഭോ യദ്ഗോത്രോഹമസ്മ്യപൃച്ഛം മാതരം --- "

ഗൗതമൻ അവനോട് ചോദിച്ചു അല്ലയൊ സോമ്യ നീ ഏത് ഗോത്രത്തിലെ ആണ്?" അവൻ പറഞ്ഞു "അല്ലയൊ മഹാനുഭാവാ ഞാൻ ഏത് ഗോത്രത്തിലെ ആണെന്ന് എനിക്കറിയില്ല്. അത് അമ്മയോടു ചോദിച്ചപ്പോൾ അമ്മ പറഞ്ഞത് ഇപ്രകാരം"

എന്നു പറഞ്ഞിട്ട് മുൻപ് അമ്മ പറഞ്ഞതായ വാചകം മുഴുവൻ അതുപോലെ പറയുന്നു

ഇത് കേട്ട ഗൗതമൻ പറയുന്നത്
 ഉപനിഷത്തിൽ ഇപ്രകാരം "തം ഹോവാച നൈതദബ്രാഹ്മണൊ വിവക്തുമർഹതി സമിധം സോമ്യാഹരോ---" അവനോട് ഗൗതമൻ പറഞ്ഞു ഇപ്രകാരം വിശിഷ്ടമായി പറയുവാൻ ബ്രാഹ്മണനല്ലാതെ സാധിക്കില്ല. അതു കൊണ്ട് ചമത കൊണ്ടുവരൂ.

എവിടെ ഒക്കെയൊ പണിചെയ്യാൻ പോയ ഒരു യുവതിയിൽ ആർക്കൊ ജനിച്ച ഒരു കുട്ടി.

പക്ഷെ ഇവിടെ ഗുരു അവന്റെ സ്വഭാവം അല്ലെ നോക്കിയത്?

മനസിൽ വിചാരിക്കുന്നതും വാക്കു കൊണ്ട് പറയുന്നതും ശരീരം കൊണ്ട് പ്രവർത്തിക്കുന്നതും ഒന്നുപോലെ ഇരിക്കുന്നത് സത്യം

ആ സത്യം പാലിക്കുന്നതിനാൽ ഇവൻ ബ്രാഹ്മണൻ
അങ്ങനെ അല്ലെ ഗുരു പറഞ്ഞത്?

അതൊ ഇവന്റെ അച്ഛൻ ബ്രാഹ്മണൻ ആണെന്നൊ?

എനിക്കേതായാലും ആദ്യം പറഞ്ഞതാണ് ശരി എന്നാണു തോന്നുന്നത്

അത് എന്തൊ ആകട്ടെ

ഈ കഥ ഉപനിഷത്തിന്റെ സ്കാൻ ചെയ്ത ഭാഗത്തിൽ കാണാം


ബ്രഹ്മസൂത്രം എന്ന ബൃഹത്തായ ഗ്രന്ഥത്തിൽ 5 സൂത്രങ്ങൾ അപശൂദ്രാധികരണം എന്ന പേരിൽ അറിയപ്പെടുന്നു

അതിൽ ശൂദ്രന് വേദപൂരവകമായ ബ്രഹ്മവിദ്യക്ക് അധികാരം ഇല്ല എന്നാണ് സ്ഥാപിച്ചിരിക്കുന്നത്.

അതിനു ഭാഷ്യം എഴുതിയ ശ്രീശങ്കരാചാര്യർ ഏതായാലും സ്വമനസാലെ ഇതിനോട് യോജിക്കും എന്ന് തോന്നുന്നില്ല. കാരനം അദ്ദേഹം എഴുതിയിട്ടുള്ള അനേകം കൃതികളിൽ എല്ലാം എല്ലാ ജീവജാലങ്ങളും ഒരെ ബ്രഹ്മം തന്നെ എന്ന തത്വം ആണ് പറയുന്നത്.

പക്ഷെ മറ്റൊരാളുടെ ഗ്രന്ഥത്തിൻ ഭാഷ്യം എഴുതുമ്പോൾ അതിൻ സ്വന്തം അഭിപ്രായം പറയുവാൻ സ്വാതന്ത്ര്യം ഇല്ല. ഭാഷ്യത്തിൽ വെളീപ്പെടേണ്ടത് ഗ്രന്ഥകാരന്റെ അഭിപ്രായം ആണ്. അതുകൊണ്ട് ആയിരിക്കണം അദ്ദേഹം സൂത്രങ്ങളുടെ പൊതു താല്പര്യം തന്നെ  വ്യാഖ്യാനിച്ചു പറഞ്ഞു. എന്നാൽ 38 ആം സൂത്രം ഭാഷ്യം എഴുതി നിർത്തുന്നത് "ശ്രാവയേച്ചതുരൊ വർണ്ണാൻ ഇതി ചേതിഹാസപുരാണാധിഗമേ ചാതുർവർണ്ണ്യസ്യാധികാരസ്മരണാത് വേദപൂർവകസ്തു നാസ്ത്യധികാരഃ ശൂദ്രാണാമിതി സ്ഥിതം"

എന്നാണ്. അതായത് നാലു വർണ്ണങ്ങൾക്കും പുരാണം ഇതിഹാസം ഭഗവത് ഗീത തുടങ്ങിയവയുടെ അദ്ധ്യയനത്തിലൂടെ ഇതെ ബ്രഹ്മവിദ്യ പഠിക്കാം എന്നുള്ളതു കൊണ്ട് വേദപൂർവകമായ ബ്രഹ്മവിദ്യാധികാരം ശൂദ്രന്മാർക്കില്ല എന്ന് .

പണ്ഡിതശ്രേഷ്ഠനായ ശ്രീ പി ഗോപാലൻ  നായരുടെ ബ്രഹ്മസൂത്രവ്യാഖ്യാനത്തിൽ അദ്ദേഹം ഇത് എടുത്തു പറഞ്ഞിട്ടും ഉണ്ട്.

മുകളിൽ പറഞ്ഞ "ശ്രാവയേച്ചതുരൊ വർണ്ണാൻ എന്ന വാക്യം " അവസാനം എഴുതി നിർത്തിയതു കൊണ്ടു തന്നെ - ആ വാക്യം സൂത്രത്തിന്റെ താല്പര്യത്തിൻ എതിരായി - പൂർവപക്ഷമായി പറയേണ്ടതാണ് -- ആചാര്യൻ തന്റെ ഇഷ്ടക്കേട് സൂചിപ്പിക്കുകയല്ലെ ചെയ്തത്?

ഇനി ഒന്ന് ആലോചിക്കുക

വേദം പഠിക്കേണ്ട ഒരു കാര്യവും ഇല്ല , സാധനാചതുഷ്ടയം മതി ബ്രഹ്മപ്രാപ്തിക്ക് എന്ന് പ്രചരിപ്പിച്ച ആചാര്യനാണ് ശ്രീശങ്കരൻ

ആ മഹാൻ വേദപൂർവകമായ ബ്രഹ്മവിദ്യയ്ക്കെ ശൂദ്രന് അർഹത ഇല്ലാതുള്ളു എന്ന് പറഞ്ഞാൽ

ശൂദ്രന് നമ്പൂരിമാരെ പോലെ ഓം ഹ്രീം പറഞ്ഞു നടക്കേണ്ട കാര്യമില്ല അല്ലാതെ തന്നെ മോക്ഷം കിട്ടും എന്നല്ലെ അർത്ഥം?

അതു തന്നെയല്ലെ വ്യാധഗീത നമുക്കു പറഞ്ഞു തന്നത്?

എന്നാൽ ഇന്റർനെറ്റ് വന്നപ്പോൾ അതിൽ ഒരിടത്ത് കണ്ട ഇക്കഥ കൂട്ടർക്ക് കാണണ്ടേ?

ദാ ഇപ്പടത്തിൽ ഉണ്ട്

ബ്രഹ്മസൂത്രത്തിനെ ആണ് ഉദ്ദേശിച്ചിരിക്കുന്നത് കേട്ടൊ

Wednesday, June 19, 2013

കഷ്ടം

Sudheesh wrote: ".ഒരു ചോദ്യത്തിന്‌ സുധിഷ്‌ മനഃപൂര്‍വ്വം മറുപടി പറയുകയുണ്ടായില്ലെന്ന്‌ വിനോദ്‌ സൂചിപ്പിച്ചു കണ്ടു. അതേ, അപകീര്‍ത്തികരമായ ഒരു പരാമര്‍ശം ഒഴിവാകാമെന്നു കരുതിയാണ്‌ ബോധപുര്‍വ്വം അതു ചെയ്യാതിരുന്നതും. കേള്‍ക്കുക, ശങ്കരാചാര്യരുടെ ജീവിതത്തെ പ്രതിയുള്ള വിവരങ്ങള്‍ നല്‍കുന്ന രണ്ട്‌ ഗ്രന്ഥങ്ങള്‍ മാധവാചാര്യരുടെ ശങ്കരദിഗ്‌ വിജയവും ആനന്ദഗിരിയുടെ ശങ്കരവിജയവും ആണ്‌. ശങ്കരചാര്യരുടെ അമ്മയുടെ മരണാനന്തരകര്‍മ്മങ്ങളില്‍ ഇവിടത്തെ നമ്പൂതിരി സമുദായംഗങ്ങള്‍ അതില്‍ സഹകരിച്ചില്ല. അതിനു കാരണം അദ്ദേഹം ജാരസന്തതിയായിരുന്നൂവെന്നതാണ്‌. ഏതായാലും അദേഹത്തിന്‌ തനിച്ചുതന്നെ അമ്മയുടെ ശവദാഹം നടത്തേണ്ടതായി വന്നു. ഇവിടെ നിലനിന്നിരുന്നതായ ജാതീയമായ ഉച്ചനീചത്ത്വങ്ങളും നിന്ദ്യമായ അയിത്തവുമായിരുന്നു ഇതിനു പുറകില്‍. ശൂദ്രനോടുള്ള മേല്‍ജാതിക്കാരായ ബ്രാഹമണന്‍റെ സമീപനത്തെ തന്നെയാണ്‌ പ്രസ്‌തുത സംഭവും വെളിപ്പെടുത്തുന്നത്‌!"

ഫേസ് ബുക്കിലെ ഒരു ചർച്ചയിൽ വന്ന കമന്റാണ്

കാണ്ഡം കാണ്ഡമായി ബ്രഹ്മസൂത്രഭാഷ്യത്തിന്റെ വ്യാഖ്യാനങ്ങളും കോപി പേസ്റ്റ് ചെയ്തിട്ടുണ്ട്

ശാസ്ത്രം അത് പുരാതന്മായാലും അധുനാതനം ആയാലും മനുഷ്യന്റെ നന്മയ്ക്കു വേണ്ടിയാകണം

ഇന്നു കണ്ടു പിടിക്കുന്ന ഒരു കാര്യം ഇന്ന് നല്ലത് എന്നു വിചാരിച്ച് ഉപയോഗിക്കുന്നത് സാധാരണം

നാളെ അതിൽ എന്തെങ്കിലും ദോഷം ഉണ്ടെന്നു കണ്ടാൽ അത് മാറ്റി അതിനു പുതിയ രീതി കണ്ടു പിടിച്ച് ഉപയോഗിക്കുന്നത് സാമാന്യ ബുദ്ധി.

അതിനു പകരം ഇന്നു കണ്ടു പിടിച്ച ആ സാധനം മോശമാണ് എന്നു പറഞ്ഞ് അതു തന്നെ ഉരുവിട്ടു കൊണ്ട് നടക്കുന്നത് - അതിനു മലയാളത്തില് വല്ല പേരും കാണുമായിരിക്കും അല്ലെ?

പണ്ടു നടന്ന കാര്യങ്ങൾ അന്നത്തെ നാട്ടുനടപ്പായിരുന്നു

അതിൽ പല കൊള്ളരുതാഴികകളും ഉണ്ടായിരുന്നു. അവയിൽ പലതും മാറി പലതും മാറേണ്ടിയിരിക്കുന്നു

മുഴുവനും നല്ലതല്ലാതിരുന്നതു കൊണ്ടല്ലെ അതിൻ മാറ്റം വന്നത്?

പക്ഷെ അതിലും നല്ല വശങ്ങൾ ഉണ്ടായിരുന്നു, അവ ഒക്കെ നിലനിൽക്ക്ന്നും ഉണ്ട്
ഇന്നു നടക്കുന്നതിലും ധാരാളം കൊള്ളരുതാഴികകൾ ഉണ്ട്

അതും മാറണം

അതല്ലെ അതിന്റെ ഒരു ശരി?