Monday, October 08, 2012

ബുദ്ധിജീവി

ഇത്‌ ബുദ്ധിജീവികളുടെ കാലം.

ബുദ്ധിജീവി എന്നു പറഞ്ഞാല്‍ പുരാണത്തിലെ കഥകളില്‍ നിന്നും എന്തൊക്കെ കൊനഷ്ടുകള്‍ ചികഞ്ഞെടുക്കാമൊ അതൊക്കെ ചികഞ്ഞു നാറ്റിക്കുന്നവന്‍ ആയിരിക്കും അര്‍ത്ഥം.

ഇതിഹാസം പുരാണം ഇവ മനുഷ്യമനസുകള്‍ക്ക്‌ ചിന്തിക്കാന്‍ ഉതകുന്ന വിധത്തില്‍ അനേകമനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനേകമനേകം കഥാ സന്ദര്‍ഭങ്ങള്‍ ഒരുക്കികാണിക്കുന്നു.

ഓരോ സന്ദര്‍ഭങ്ങളെയും ഓരോരുത്തര്‍ എങ്ങനെ ഒക്കെ നേരിട്ടു എന്നു കാണിക്കുന്നു.

ഇതൊക്കെ പഠിച്ചിട്ട്‌ സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം എങ്ങനെ നയിക്കാം എന്ന് അവനവന്റെ സാഹചര്യത്തിനനുസരിച്ച്‌ രൂപപ്പെടുത്തനം അതാണ്‌ അതിന്റെ ഉദ്ദേശം.

എന്നാല്‍ ബുദ്ദിജീവികളുടെ ദൗത്യമോ?

അതിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ എടുത്ത്‌ അതിന്റെ തന്നെ പകുതി കഥ പറഞ്ഞു പിടിപ്പിച്ച്‌ ആവിഷ്കാരസ്വാതന്ത്ര്യം പറഞ്ഞു നിലവിളിക്കുക

കേള്‍ക്കുന്നവരെ വിഡ്ഢികളാക്കുക

ഉദാഹരണത്തിന്‌
ശൂര്‍പ്പണഖയുടെ മൂക്കും മുലയും ചെത്തി

ഭയങ്കര അപരാധം

ചോദ്യമൊ അവള്‍ രാമനോട്‌ വിവാഹം കഴിക്കണം എന്ന് അഭ്യര്‍ത്ഥിച്ചതല്ലെ ഉള്ളു ?

രാമായണം വായിക്കുക പോയിട്ട്‌ ശരിക്കു കേട്ടിട്ടു പോലും ഇല്ലാത്ത സാധുക്കള്‍ ന്യായമായും വിശ്വസിച്ചു പോകും ശരി അല്ലെ ? അതിന്‌ ഇത്രയും കഠിനമായ ശിക്ഷ വേണ്ടിയിരുന്നൊ?


ഈ ശൂര്‍പ്പണഖ വിദ്യുജ്ജിഹ്വന്‍ എന്ന രാക്ഷസന്റെ ഭാര്യ ആണ്‌

അതറിയുമൊ?

അവള്‍ യുവതിയായി വേഷം മാറി രാമനെ കെട്ടാന്‍ വരണ്ട കാര്യം?

അവള്‍ ഖരനോടു പറഞ്ഞത്‌ അറിയുമൊ?

എന്നെ കണ്ട ഉടന്‍ തന്നെ അതില്‍ ഒരുവന്‍ എന്നെ ഇപ്രകാരം വിരൂപ ആക്കി,. നീ ചെന്ന് അവരെ കൊന്ന് എനിക്കു തരിക. അവരുടെ ചോര കുടിച്ച്‌ മാംസവും തന്നാലെ എനിക്കു സന്തോഷമാകൂ എന്ന്

എങ്ങനെ ഉണ്ട്‌?

അതു കഴിഞ്ഞ്‌ രാവണന്റെ അടുക്കല്‍ ചെന്നു പറയുന്നതൊ?

ത്രൈലോക്യ സുന്ദരിയായ ഒരു പെണ്ണ്‍ അവിടെ വനത്തില്‍ വന്നിരിക്കുന്നു. അവളെ നിനക്കു വധുവാക്കി കൊണ്ടുവരാന്‍ ഞാന്‍ പോയപ്പോള്‍ ആണ്‌ എനിക്കീ ഗതി വന്നത്‌ എന്ന്.

സീതയെ പിടിച്ചു തിന്നും എന്നു പറഞ്ഞു പാഞ്ഞ ശൂര്‍പ്പണഖയുടെ യുഥാര്‍ത്ഥ ചിത്രം ആണ്‌ ഇത്‌.

അല്ല നിങ്ങളുടെ ഭാര്യയെ പിടിച്ചു തിന്നാന്‍ വരുന്ന ഇത്തരം ഒരു കഥാപാത്രത്തെ നിങ്ങള്‍ ആയിരുന്നു എങ്കില്‍ എങ്ങനെ കൈകാര്യം ചെയ്തേനെ?

ബുദ്ധി ജീവികള്‍ അവരുടെ ഭാര്യയെ തിന്നാന്‍ കൊടുത്തിട്ട്‌ ശൂര്‍പ്പണഖയുടെ ചന്തിയും തടവി നടക്കും അല്ലെ ?

Friday, August 31, 2012

യുക്തിവാതം


രക്തസമ്മര്‍ദ്ദത്തിനു ചികില്‍സ

ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ സാക്ഷാല്‍ ആയുര്‍വേദക്കാരന്‍ ചുറ്റിപ്പോകും


കാരണം അമിതമായ രക്തസമ്മര്‍ദം എന്ന ഒരു രോഗം ആയുര്‍വേദം പറയുന്നില്ല.

ആധുനികര്‍ വിഷയം കൊണ്ടു വന്നപ്പോള്‍ ആയുര്‍വേദത്തിലെ അതാണ്‌ ഇതാണ്‌ എന്നൊക്കെ താരതമ്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നു എന്നെ ഉള്ളൂ. ഒന്നും 100 ശതമാനം ഒക്കുകയില്ല.


ചികില്‍സ രോഗിയെ പരിശോധിച്ച്‌ വൈദ്യന്‍ നിശ്ചയിക്കണം


പലരിലായി ഞാന്‍ ഉപയോഗിച്ചു ഫലം കണ്ട ചിലകാര്യങ്ങള്‍ പറയാം


പക്ഷെ ഇതിലെ ഏത്‌ ഒരെണ്ണം എടുത്താലും എല്ലാവരിലും ഫലിച്ചിട്ടില്ല. കാരണം ആളുകളുടെ പ്രകൃതിയിലും അവസ്ഥയിലും ഉള്ള വ്യത്യാസങ്ങള്‍.

മുരിങ്ങയില 60 ഗ്രാം നാല്‌ ഗ്ലാസ്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ നാലിലൊന്നാക്കി അതില്‍ പകുതി വീതം രാത്രി കിടക്കാന്‍ നേരവും പിറ്റേ ദിവസം കാലത്തും ആയി കുടിക്കുന്നത്‌ കേരളത്തിലല്ലാതെ താമസിക്കുന്ന പലരിലും ഗുണം ചെയ്തു. അത്‌ സ്ഥലത്തിന്റെ - ദേശത്തിന്റെ വ്യത്യാസം ആയിരുന്നിരിക്കാം.

നീര്‍മരുതിന്‍ തൊലി വെള്ളത്തില്‍ തിളപ്പിച്ച്‌ കുടിക്കുന്നതും ചിലരില്‍ ഫലം ചെയ്തു.

സര്‍പ്പഗന്ധാദി ഗുളിക പാര്‍ത്ഥാരിഷ്ടത്തില്‍ ചിലര്‍ക്കു ഫലം ചെയ്തു.


എല്ലാവരിലും ഫലം ചെയ്യാത്ത കാര്യങ്ങള്‍ ചികില്‍സ ആണെന്നു പറയാന്‍ സാധിക്കില്ലല്ലൊ


ഇനി എന്റെ അനുഭവത്തില്‍ കിട്ടിയ ചില വിവരങ്ങള്‍ പങ്കു വയ്ക്കാം

A type Behaviour ഉള്ള ആളുകള്‍, അധികം സമയം ഇരുന്നു ജോലി ചെയ്യുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍, പാരമ്പര്യമായി സാധ്യത ഉള്ളവര്‍ ഇ മൂന്നു കൂട്ടരിലാണ്‌ ഇത്‌ അധികം കണ്ടത്‌

അതു കൊണ്ടു തന്നെ സൂര്യനമസ്കാരം പോലെ ഉള്ള യോഗാഭ്യാസവും , പ്രാണായാമവും ഇതില്‍ വളരെ ഫലം ചെയ്തു കണ്ടു.


പാരമ്പര്യമായി ഉള്ളവര്‍ക്ക്‌ ഇതോടൊപ്പം നീര്‍ന്മരുതിന്‍ തൊലി തിലപ്പിച്ച വെള്ളം കുടിക്കുന്നതും നന്നായിരിക്കും നീര്‍മരുതിന്‍ തൊലി ഒരു ഇഞ്ച്‌ സ്ക്വയര്‍ എടുത്ത്‌ നാലുഗ്ലാസ്‌ വെള്ളത്തില്‍ തിളപ്പിക്കുക വേണമെങ്കില്‍ കുറുക്കാം അല്ലെങ്കില്‍ അര മണിക്കൂര്‍ നേരം തിലപ്പിച്ച്‌ അതുപോലെ തന്നെ വയ്ക്കാം

അളവു കൂടൂതല്‍ കുടിച്ചാല്‍ ഹൃദയത്തിന്റെ Beat Rate കുറയും. അതുകൊണ്ട്‌ വൈദ്യന്റെ നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലുമെ അപ്രകാരം ചെയ്യാവൂ Heart Rate ഏകദേശം 48 വരെ കുറച്ചപ്പോള്‍ കിടന്നെണീക്കുമ്പോള്‍ തലകറക്കം ഉണ്ടാകും - അത്‌ തലച്ചോറിലേക്കുള്ള രക്തചംക്രമണം position variation കൊണ്ട്‌ കുറയുന്നതാണ്‌ - അല്‍പം പതിയെ എണീറ്റാല്‍ ഉണ്ടാകുകയില്ല. എന്നാലും 56 ല്‍ താഴാതെ നോക്കുന്നതാണ്‌ നല്ലത്‌ സൂര്യനമസ്കാരവും പ്രാണായാമവും ക്രമമായി ചെയ്താല്‍ തന്നെ Heart Rate 60 ല്‍ നിര്‍ത്താം.

ഇതൊക്കെ കൊണ്ടുള്ള ഗുണം ഹൃദയത്തിലേക്കുള്ള രക്തചംക്രമണം കൂടൂതല്‍ നന്നായി നടക്കും - ഹൃദയത്തിലെ Diastolic Phase കൂടൂതല്‍ ദൈര്‍ഘ്യം ഉള്ളതാകും. അതുകൊണ്ടു തന്നെ കൂടൂതല്‍ ചോര ഓട്ടം ഉണ്ടാകും. മിനിട്ടില്‍ 70 ല്‍ നിന്നും 60 ആകുമ്പോള്‍ ജോലിക്കുറവും ഉണ്ടാകും. ഇതൊക്കെ പറഞ്ഞാലും കണ്ട വൃത്തികെട്ട ആഹാരവും വൃത്തികെട്ട വിഹാരവും എല്ലാം ഉണ്ടെങ്കില്‍ പിന്നെ ഇത്ര പാടു പെടാതെ ഇരിക്കുന്നതായിരിക്കും നല്ലത്‌ വെള്ളത്തിനടിയില്‍ വച്ച്‌ മെഴുകുതിരി കത്തിക്കാന്‍ പറ്റില്ലല്ലൊ

This was my post in facebook

Now see the fun


ബ്രൈറ്റ്‌ എന്നോടു ചോദിച്ച ഒരു ചോദ്യം

"നിങ്ങള്‍ ആണ്‌ Reserpin ആദ്യമായി രക്തസമ്മര്‍ദ്ദത്തിനുപയോഗിക്കാം എന്ന അവകാശവാദം ആണോ എന്റെ കമന്റ്‌"

ഞാന്‍ പറഞ്ഞിട്ടില്ലത്ത ഒരു കാര്യം.
എന്നാലും പോകട്ടെ ഞാന്‍ തിരിച്ചു ചോദിച്ചു "ഈ ഞങ്ങള്‍ നിങ്ങള്‍ എന്ന തരം തിരിവ്‌ വേണോ?. "

അപ്പോള്‍ അങ്ങേരുടെ ചോദ്യം ആരാണ്‌ ഈ വാദം ആദ്യം തുടങ്ങിയത്‌. ശത്രക്രിയയുടെ പിതാവ്‌ ഇന്നാരാണെന്നു പറയുന്നതു പോലെ മെഡിസിന്റെ പിതാവ്‌ ഹിപ്പോക്രറ്റസ്‌ ആണെന്നും പറഞ്ഞ്‌ ഞങ്ങള്‍ വരുന്നില്ലല്ലൊ എന്നു തുടങ്ങി കുറച്ചു ന്യായങ്ങള്‍.

കേട്ടാല്‍ എത്ര ശരി എത്ര നിര്‍ദ്ദോഷം അല്ലെ?

അപ്പോള്‍ ബ്രൈറ്റ്‌ സ്വയം ഒരു 'ഞങ്ങള്‍' ഉണ്ടാക്കിയിട്ടുനോ?

പണ്ടു കാലത്ത്‌ അറിവ്‌ ആര്‍ക്കും ഉപയോഗിക്കാമായിരുന്നു ബ്രാഹ്മണര്‍ എത്രയൊക്കെ തലകുത്തി നിന്നു ശ്രമിച്ചിട്ടും ഏതു കണിയാരുടെ അടുത്തു ചെന്നാലും അന്നത്തെ രീതിയില്‍ ചികില്‍സിക്കാനുള്ള മരുന്ന് അയാള്‍ക്ക്‌ ഉണ്ടാക്കാനും ചികില്‍സിക്കാനും അവകാശം ഉണ്ടായിരുന്നു. അതിനെ ഒന്നും ആരും തടുത്തിരുന്നില്ല തടുക്കാന്‍ പറ്റിയിരുന്നും ഇല്ല

ആര്‍ ആദ്യം കണ്ടു പിടിച്ചാലും ഉണ്ടാക്കിയാലും ആര്‍ക്കും ഉപയോഗിക്കാമായിരുന്നു

എന്നാല്‍ ഇന്നോ ?

പേറ്റന്റ്‌ നിയമം ഉണ്ടാക്കി മഞ്ഞളിന്റെ പോലും ഉപയോഗം തടയാന്‍ ശ്രമിച്ച വര്‍ഗ്ഗം തിരികെ ചോദിക്കുന്നതു കേട്ടില്ലെ ഞങ്ങള്‍ അങ്ങനെ പറഞ്ഞുകൊണ്ടു വരുന്നുണ്ടോ എന്ന്.

പേറ്റന്റ്‌ നിയമം എന്താണ്‌? കോപ്പി റൈറ്റ്‌ എന്താണ്‌?

എന്തു സാധനം ആയാലും അത്‌ സ്വന്തം കീശ വീര്‍പ്പിക്കാന്‍ ഉപയോഗിക്കണം എന്ന ചിന്ത മാത്രമുള്ള ചെറ്റകളുടെ ചെറ്റത്തരം അല്ലാതെ മറ്റ്‌ എന്താണ്‍ ഇവ ?

അതിനു വേണ്ടിയല്ലെ ഇത്‌ ഞാന്‍ ആദ്യം ഉണ്ടാക്കി പേറ്റന്റ്‌ എടുത്തതാണ്‍ എന്നു പറയുന്നത്‌

അത്‌ ആയുര്‍വേദക്കരാല്ലല്ലൊ ആയിരുന്നൊ?

ആയുര്‍വേദത്തിലേ ഓരോ മരുന്നും ഇതുപോലെ രാസായനിക ഘടന തിരിച്ചെടുത്ത്‌ ഇപ്രകാരം പറയുന്നതിനെ മൂടിവക്കാന്‍ എന്തു സുന്ദരന്‍ ചോദ്യം
ആദ്യം ഉണ്ടാക്കി എന്നു ചോദിക്കുന്നില്ല പോലും ഫൂ

ഇവരെ മലയാളത്തില്‍ പറഞ്ഞാല്‍ വിളിക്കാന്‍ ഇന്നുള്ള ഭാഷയില്‍ വാക്കുകള്‍ ഉണ്ടൊ?

Wednesday, August 29, 2012

തന്ത്രയുക്തി

തിരുവോണം വന്നല്ലൊ

ഇതിന്റെ ഐതിഹ്യത്തെ കുറിച്ച്‌ തര്‍ക്കങ്ങള്‍ എല്ലാകാലത്തും കേള്‍ക്കുന്നതാണ്‌. ഇതിന്റെ മാത്രം അല്ല, തത്വചിന്താപരമായ എന്തിനെ കുറിച്ചു രണ്ടു തരം വാദങ്ങള്‍ കേള്‍ക്കാം.

എന്തായിരിക്കാം ഇതിനു കാരണം?
ഓരോ വാദവും കേള്‍ക്കുമ്പോള്‍ സത്യമാണെന്ന് സാധാരണ ഒരാള്‍ക്കു തൊന്നും.
അതുകൊണ്ട്‌ നമുക്കിതിലേക്കൊന്ന് ഇറങ്ങി ചെന്നാലൊ?


ആദ്യമായി വിദ്യ നേടേണ്ട വഴികള്‍ നോക്കാം

പണ്ടുള്ളവര്‍ പറഞ്ഞു വിദ്യ നാലു തരത്തില്‍ ലഭിക്കുന്നു എന്ന്
1. ഗുരുവില്‍ നിന്ന് നാലിലൊന്ന്
2. പുസ്തകങ്ങളില്‍ നിന്നും നാലിലൊന്ന്
3. സുഹൃത്തുക്കളില്‍നിന്നും നാലിലൊന്ന്
4 ബാക്കി ജീവിതം മുഴുവന്‍ കൊണ്ട്‌.

ഇതില്‍ തത്വചിന്താപരമായ കാര്യങ്ങള്‍ പഠിക്കുന്നത്‌ ഗുരുവില്‍ നിന്നായിരിക്കണം. അത്‌ അടിസ്ഥാനം. ആടിസ്ഥാനത്തെ പോഷിപ്പിക്കാനുള്ള ഉപായങ്ങള്‍ ആണ്‌ ബാക്കി എല്ലാം.

ബ്ലോഗില്‍ ഉണ്ടായ ഒരു ദീര്‍ഘകാല തര്‍ക്കത്തില്‍ ഈ വിഷ്യം വന്നിരുന്നു.

അന്ന് ഒരാള്‍ തന്ന ഉദാഹരണം - എന്തും സ്വയം പഠിക്കാം, എന്തില്‍ നിന്നും പഠിക്കാം എന്നും ആീരുന്നു.
വളരെ ശരി.
പക്ഷെ അയാള്‍ കൊടൂത്ത ഉദാഹരണം ഇതായിരുന്നു അയാള്‍ തമിഴ്‌ വായിക്കാന്‍ പഠിച്ചത്‌ ബസിലെ ബോര്‍ഡ്‌ നോക്കിയാണത്രെ.

ബസ്സിലെ ബോര്‍ഡ്‌ നോക്കി തമിഴ്‌ വായിക്കാന്‍ പഠിക്കുന്നത്‌ വളരെ നല്ല കാര്യം.
പക്ഷെ ആ വിവരവും വച്ച്‌ കൊണ്ട്‌ ചെന്ന് തമിഴിലെ ക്ലാസിക്‌ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാല്‍ പോയാല്‍ അതിനെ ബോധം ഉള്ളവര്‍ വിവരക്കേട്‌ എന്നു വിളിക്കും. കാരണം അതിലെ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാത്രം അറീവ്‌ ബസ്സിലെ ബോര്‍ഡില്‍ നിന്നും ലഭിക്കില്ല
സംശയം ഉണ്ടോ?

ഭാരതീയ തത്വശാസ്ത്രം വ്യാഖ്യാനിക്കുകയോ അതിലെ വിഷയങ്ങളെ കുറിച്ചു തര്‍ക്കിക്കുകയൊ ചെയ്യണം എങ്കില്‍ ആദ്യം അത്‌ പഠിക്കേണ്ടതു പോലെ പഠിക്കണം വേണ്ടെ?

അതൊ ബസ്സിലെ ബോര്‍ഡ്‌ നോക്കി ഹിന്ദി അക്ഷരങ്ങള്‍ പഠിച്ചിട്ട്‌ അതേ ലിപിയില്‍ എഴുതിയിരിക്കുന്ന സംസ്കൃതം വായിച്ച്‌ അങ്ങു വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ മതിയൊ?

അതോ അതിന്റെ തര്‍ജ്ജമകള്‍ വായിച്ചിട്ട്‌ അതിന്‍ പ്രകാരം വായില്‍ തോന്നിയതു പോലെ പറഞ്ഞാല്‍ മതിയൊ?

എന്റെ അഭിപ്രായം പറഞ്ഞാല്‍ -

പോരാ

ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങള്‍ എല്ലാം തുടങ്ങുന്നത്‌ "ഓം" അല്ലെങ്കില്‍ "അഥ" എന്ന ഒരു പദം കൊണ്ടാണ്‌.

"ഓംകാരശ്ചാഥശബ്ദശ്ച
ദ്വാവേതൗ ബ്രഹ്മണഃ പുരാ
കണ്ഠ ഭിത്വാ വിനിര്യാതൗ
തസ്മാന്മാംഗളികാവുഭൗ"

എന്നു പറഞ്ഞ്‌ ഒരു വിശദീകരണവും കൊടൂത്തു. സന്തോഷമായില്ലെ?

ഓംകാരവും അഥ ശബ്ദവും ആദിയില്‍ ബ്രഹ്മാവിന്റെ കണ്ഠത്തില്‍ നിന്നുല്‍ഭവിച്ചതാണ്‌ അതു കൊണ്ട്‌ അവ രണ്ടും മംഗളകാരകങ്ങള്‍ ആണ്‌. അതുകൊണ്ട്‌ ഇവയില്‍ ഒന്നിനെ കൊണ്ട്‌ തുടങ്ങും എന്ന്.

ഇതു വായിച്ചു കഴിഞ്ഞാല്‍ കഠോപനിഷത്തിലെ സന്ദര്‍ഭം വായിക്കണം.
വിശദമായി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്‌. അത്‌ അവിടെ വായിക്കുക. അതിന്റെ ഒരു ചുരുക്കം ഇവിടെ പറയാം.

കഠോപനിഷത്തില്‍ നചികേതസ്‌ എന്ന ഒരു രാജകുമാരന്‍ തന്റെ അച്ഛന്‍ യാഗം നടത്തി വയസായ പശുക്കളെ ദാനം ചെയ്യുന്നതു കണ്ടപ്പോള്‍ അത്‌ ഇഷ്ടപ്പെടാതെ അച്ഛനെ കാര്യം ബോധിപ്പിക്കാനായി "തന്നെ ആര്‍ക്കാണ്‍ ദാനം ചെയ്യാന്‍ പോകുന്നത്‌?" എന്നു ചോദിച്ചു

പലതവണ ചോദിച്ചപ്പോള്‍ കുപിതനായി നിന്നെ യമനാണ്‌ കൊടൂക്കാന്‍ പോകുന്നത്‌ എന്നു പറഞ്ഞു രാജാവ്‌

അതു കേട്ടതു കുമാരന്‍ യമന്റെ അടുത്തെത്തി

അവിടെ വച്ച്‌ യമനോട്‌ മരണശേഷം ഉള്ള അവസ്ഥയെ കുറീച്ച്‌ ഒരു ചോദ്യം ഉണ്ട്‌. ആ ചോദ്യത്തിനുത്തരം യമന്‍ അറിയാന്‍ പാടീല്ലാഞ്ഞിട്ടല്ല ആദ്യം മറ്റു പല വേലത്തരങ്ങളും കാണിക്കുന്നത്‌.
പിന്നെയൊ?

ആ ചോദ്യത്തിനുള്ള ഉത്തരം ഉള്‍കൊള്ളാന്‍ ഈ കുട്ടിയ്ക്കു കഴിവുണ്ടോ എന്നു പരിശോധിക്കുകയാണ്‌.
ആ കഴിവുള്ളവരോടെ അതു പറയാവൂ ഇല്ലെങ്കില്‍ ഗുണമുണ്ടാകുകയില്ല എന്നു മാത്രമല്ല പിച്ചാത്തി ഉണ്ടാക്ക്ന്‍ ഉതകുന്ന ഇരുമ്പിന്റെ വിദ്യ പഠിച്ചിട്ട്‌ വാളുണ്ടാക്കുന്നതു പോളെ ചിലപ്പോള്‍ അബദ്ധവും ആയേക്കാം.

അതു വരാതിരിക്കാന്‍ ശിഷ്യനെ പരീക്ഷിക്കുകയാണ്‌.

ബാക്കി അവിടെ വായിക്കുക

ഇവിടെ നാം പറഞ്ഞത്‌ "ഓം" അല്ലെങ്കില്‍ "അഥ" അല്ലെ?

ഇവിടത്തെ അഥയ്ക്കും അതെ ഉദ്ദേശം ആണ്‌

ഇനി പറയാന്‍ പോകുന്ന ശാസ്ത്രം ഉള്‍ക്കൊള്ളാന്‍ കഴിവില്ലാത്തവര്‍ക്കായിരുന്നു ബ്രഹ്മാവിന്റെ മുഖത്തില്‍ നിന്നുള്ള ഉത്ഭവം.

ഉള്ളവനാണെങ്കില്‍ ഗുരു പറയുന്നത്‌ യഥാര്‍ത്ഥ അര്‍ത്ഥം ആയിരിക്കും

അതിന്റെ സൂചന ആണ്‌ അഥ = അനന്തരം

എന്തിന്‌ അനന്തരം?

ശിഷ്യപ്രശ്നാനന്തരം

ആ വിദ്യ നേടാനുള്ള പൂര്‍വ ജ്ഞാനം ലഭിച്ചതു കൊണ്ട്‌ ശിഷ്യന്‍ ഇനി പറയുവാന്‍ പോകുന്ന വിഷയം ഏതിനുത്തരമാണോ ആ ചോദ്യം ചോദിച്ചതിന്‌ അനന്തരം.

അഥ കഴിഞ്ഞാല്‍ ഉപയോഗിക്കുന്ന അടൂത്ത വാക്ക്‌ ആണ്‌ "അതഃ"

ആയുര്‍വേദത്തില്‍ കേട്ടിട്ടുണ്ടാകും "അഥാതോ രോഗഭിഷഗ്ജിതീയം വ്യാഖ്യാസ്യാമഃ"
ബ്രഹ്മസൂത്രം തുടങ്ങുന്ന - "അഥാതോ ബ്രഹ്മജിജ്ഞാസാ"

അതായത്‌ ഈ അഥയും അതഃ യും ഒന്നിച്ച്‌ പറയുന്നു.

അതഃ = അതു കാരണം
ഏതു കാരണം?
ശിഷ്യന്‍ ചോദിച്ചതു കൊണ്ട്‌

അതെന്താ എടുത്തു പറഞ്ഞത്‌?

ചോദിച്ചില്ലെങ്കില്‍ പറയരുത്‌

കാരണം ആ ചോദ്യം വന്നില്ലെങ്കില്‍ അത്‌ അവന്‍ ഉള്‍ക്കൊള്ളാന്‍ ആയില്ല എന്നര്‍ത്ഥം.

മുകളില്‍ എഴുതിയ വിഷയം "തന്ത്രയുക്തി" എന്നു പറയും.
തന്ത്രയുക്തി എന്ന ഒരു ശാസ്ത്രം തന്നെ ഉണ്ട്‌ എങ്ങനെ ആണ്‌ ശാസ്ത്രങ്ങള്‍ പഠിക്കേണ്ടതും പത്തീപ്പിക്കേണ്ടതും എന്നു മനസിലാക്കാന്‍

അതു പഠിച്ചിട്ടു വേണം ശാസ്ത്രം പഠിക്കാന്‍

അല്ലാതെ വല്ല അണ്ടനും അടകോടനും ഒക്കെ ശാസ്ത്രം വ്യാഖ്യാനിക്കുമ്പോള്‍ ഇങ്ങനിരിക്കും

തുടരാം

Saturday, August 25, 2012

ശാസ്ത്രം വളര്‍ന്നു

ശാസ്ത്രം വളര്‍ന്നു വളരെയധികം വളര്‍ന്നു
സംശയമില്ല.

പക്ഷെ ജനങ്ങളുടെ, ആരോഗ്യമോ? ചികില്‍സയോ?
ഇന്നത്തെ ഭാരിച്ച ചികില്‍സാചെലവുകള്‍ താങ്ങാന്‍ എത്ര പേര്‍ക്കു കഴിയും?

ഇതിനെ കുറിച്ച്‌ ആലോചിച്ചാല്‍ സന്തോഷം വരുന്നത്‌ മരുന്നു കമ്പനിക്കാര്‍ക്കും അവരുടെ സില്‍ബന്ധികള്‍ക്കും ആയിരിക്കും അല്ലെ?

കുറെ ഏറെ കാലം മുന്‍പ്‌ എന്റെ ഒരു സുഹൃത്ത്‌ കുട്ടികളുടെ ഡോക്റ്റര്‍ ആണ്‌ദ്ദേഹത്തിന്റെ കുട്ടിയ്ക്ക്‌ ഒരു വയറിളക്കം.

രണ്ടുമൂന്നു ദിവസം മരുന്നു കൊടുത്തിട്ടും കുറയാതിരുന്നപ്പോള്‍ ആ വീട്ടില്‍ അടുക്കളയില്‍ പണി ചെയ്തിരുന്ന പ്രായം ചെന്ന ഒരു അമ്മ ഉണ്ടായിരുന്നു അവര്‍ക്കു വിഷമം ആയി
അവര്‍ ചോദിച്ചു കുഞ്ഞെ ഞാന്‍ ഈ കൊച്ചിന്‌ ഒരു സൂത്രം കൊടുക്കട്ടെ?

ആയമ്മ ഏതായാലും ലോപെറാമൈഡ്‌ ഒന്നും കൊടുക്കുകയില്ലെന്നുറപ്പുള്ളതു കൊണ്ട്‌ അദ്ദേഹം സമ്മതിച്ചു.

പിറ്റേ ദിവസം കുട്ടന്‍ ഉഷാര്‍.

സുഹൃത്ത്‌ ചോദിച്ചു അമ്മച്ചി എന്തു സൂത്രമാകൊടുത്തത്‌?

വല്ല്യ മഹാകര്യം ഒന്നുമില്ല

ഉപ്പുമാങ്ങയുടെ അണ്ടിക്കകത്തെ പരിപ്പില്ലെ അത്‌ അരച്ച്‌ അരിപ്പൊടിയും ചേര്‍ത്ത്‌ ഒരു അപ്പം ഉണ്ടാക്കി കൊടുത്തു അത്ര തന്നെ.

ഇതു കേട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തിരുന്നു. ഞങ്ങളുടെ കൊച്ചിലെ എനിക്ക്‌ അമ്മ ഇതുപോലെ ചില സാധനങ്ങള്‍ തരുമായിരുന്നു. എല്ലാ കൊല്ലവും ഓരോരൊ സമയത്ത്‌ കൃത്യമായും ചിട്ടയായും. അതില്‍ ഒന്ന് ഇതുപോലെ ഉണങ്ങിയ മാങ്ങയണ്ടിയ്യുടെ അകത്തുള്ള ചോക്കലേറ്റ്‌ പോലത്ത പരിപ്പു കൊണ്ടുള്ളതായിരുന്നു.

ഒന്നും മരുന്നായല്ല

ആഹാരപദാര്‍ത്ഥങ്ങള്‍ ആയിട്ട്‌.

ഈശ്വരന്‍ അനുഗ്രഹിച്ച്‌ പഠിക്കാന്‍ കോട്ടക്കല്‍ എത്തുന്നതിനു മുന്‍പ്‌ എനിക്ക്‌ ആശുപത്രി കാണേണ്ടി വന്നിട്ടുള്ളത്‌ ഒരിക്കല്‍ ഒരു വലിയ മുറിവുണ്ടായപ്പോള്‍ മാത്രം.

വായിക്കുന്നവര്‍ ചിരിച്ചു തള്ളും എന്നറിയാം.

കാരണം അവരെല്ലാം വളരെ അധികം പഠിപ്പും പത്രാസും ഉള്ളവരാണല്ലൊ.

അത്ര ഇല്ലാത്തവര്‍ക്കു വേണ്ടി ഒരു കാര്യം കൂടി പറയാം ത്രിഫല പൊടിച്ച്‌ അതു കൊണ്ടു പല്ലു തേക്കുക - ആദ്യം വിരല്‍ കൊണ്ടും പിന്നീട്‌ ബ്രഷ്‌ ഉപയോഗിച്ചും, അതു തന്നെ ഒരു സ്പൂണ്‍ രാത്രി കിടക്കാന്‍ നേരം കഴിക്കുക.

പല്ലു ഡോകറ്ററുടെ അടുത്തു പോകേണ്ട ആവശ്യം അധികം വരില്ല ചിലപ്പോള്‍ വായ്പ്പുണ്ണൂം ഉണ്ടാവില്ല.

ഇതു കേട്ടിട്ടു ചെന്ന് ഇതൊക്കെ ചെയ്തിട്ട്‌ ബിസ്കറ്റ്‌ ചോക്കലേറ്റ്‌ ഇവ മാതിരി സാധനങ്ങള്‍ തിന്ന് പല്ലിലെല്ലാം ഒട്ടി ഇരിക്കുന്ന രീതിയില്‍ വച്ചിട്ട്‌ പുഴുപ്പല്ലാക്കിയിട്ട്‌ പറയനം പണിക്കരു പറഞ്ഞത്‌ തെറ്റാണേ കൂ ന്ന്

കയ്യിലിരിപ്പും കൂടി നന്നാകണെ

Thursday, August 23, 2012

ന ബ്രൂയാത്‌ സത്യം അപ്രിയം

ശ്ലോകങ്ങളുടെ അര്‍ത്ഥം പലപ്പോഴും പറഞ്ഞു പറഞ്ഞു വികലമായിത്തീരാറുണ്ട്‌ അല്ലെ?

അങ്ങനെ വികലമായതില്‍ പ്രധാനപ്പെട്ട ഒരു ശ്ലോകം ആണ്‌

"സത്യം ബ്രൂയാത്‌ പ്രിയം ബ്രൂയാത്‌
ന ബ്രൂയാത്‌ സത്യമപ്രിയം"

ഇതിനെ വ്യാഖ്യാനിച്ചു കേട്ടിരിക്കുന്നത്‌

സത്യം ബ്രൂയാത്‌ = സത്യം പറയൂ
പ്രിയം ബ്രൂയാത്‌ = പ്രിയം പറയൂ

അപ്രിയം സത്യം ന ബ്രൂയാത്‌ = അപ്രിയമായ സത്യത്തെ പറയാതിരിക്കൂ
എന്നാണ്‌.

സംസ്കൃതത്തില്‍ അന്വയം എന്നൊരു പരിപാടി ഉണ്ട്‌. അങ്ങുമിങ്ങുമിരിക്കുന്ന പദങ്ങളെ യഥായഥം അടുക്കിചേര്‍ക്കുന്ന പരിപാടി.

പക്ഷെ അത്‌ വായില്‍ തോന്നിയതു പോലെ ചെയ്യാന്‍ പാടുണ്ടൊ?

എഴുതിയ ആള്‍ ഉദ്ദേശിച്ച ഒരു അര്‍ത്ഥം കാണും. അതല്ലെ പറയേണ്ടത്‌?

പണ്ട്‌ ഒരു സംഭവം കേട്ടിട്ടുണ്ട്‌

ചങ്ങമ്പുഴ മഹാരാജാസില്‍ പഠിക്കുമ്പോള്‍ പഠിക്കാനുള്ള ഒരു പുസ്തകം അദ്ദേഹത്തിന്റെ "രമണന്‍"

പഠിപ്പിക്കുന്ന സാര്‍ അദ്ദേഹം ഉദ്ദേശിച്ച അര്‍ത്ഥമല്ലാതെ മറ്റൊന്നു പറഞ്ഞു പോലും

ഇതേപോലെ പണ്ട്‌ ശ്ലോകങ്ങള്‍ എഴുതിയവര്‍ ഇന്നില്ലല്ലൊ വന്നു പറഞ്ഞു തരാന്‍

എന്നാല്‍ അങ്ങനെ ഒരു അനര്‍ത്ഥം വരാതിരിക്കുവാന്‍ വേണ്ടി പണ്ടുള്ളവര്‍ "തന്ത്രയുക്തി" പോലെ ചില സാധനങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്‌.

എന്നാല്‍ അതും ഒരു ക്രമത്തില്‍ എഴുതിയിട്ടുള്ള പുസ്തകങ്ങളില്‍ മാത്രമെ പ്രയോജനപ്പെടൂ. ഒറ്റ ഒറ്റ ശ്ലോകങ്ങളില്‍ പറ്റില്ല

അതുകൊണ്ട്‌ ഒറ്റ ഒറ്റ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ മുന്‍പു എഴുതിയിട്ടുള്ള പ്രസിദ്ധമായ്‌ ഗ്രന്ഥങ്ങളിലെ വിശദീകരണങ്ങള്‍ക്ക്‌ അനുസൃതമായിരിക്കണം അതിനര്‍ത്ഥം.

രാമായണത്തില്‍ ശൂര്‍പ്പണഖ രാവണന്റെ അടുത്തു ചെന്നു പരാതി പറയുന്ന കൂട്ടത്തില്‍ പറയുന്ന ഒരു ശ്ലോകം ഉണ്ട്‌

"സുലഭാഃ പുരുഷാഃ ലോകേ സതതം പ്രിയവാദിനഃ
അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുര്‍ല്ലഭാഃ"

ഈ ലോകത്തില്‍ എല്ലായ്പ്പോഴും പ്രിയം പറയുന്ന ആളുകള്‍ സുലഭം ആണ്‌ - കമ്പനികളില്‍ നോക്കിയാല്‍ സംശയമേ ഉണ്ടാവില്ല ആനയെ കണ്ടിട്ട്‌ ബോസ്‌ പൂച്ചയാണെന്നു പറഞ്ഞാല്‍ അതെ അതെ പൂച്ച തന്നെ എന്നു പറഞ്ഞു പിന്നാലെ നടക്കുന്ന മൂടുതാങ്ങികള്‍

പക്ഷെ അപ്രിയമായതും കേള്‍ക്കുന്നയാള്‍ക്ക്‌ നല്ലതിനു വേണ്ടിയുള്ളതായതും ആയ കാര്യങ്ങള്‍ പറയുന്നവരും കേള്‍ക്കുന്നവരും വളരെ ചുരുക്കം.

സംശയം ഇല്ലല്ലൊ അല്ലെ?

ഇതേ വിഷയം മഹാഭാരതത്തില്‍ വരുന്നുണ്ട്‌
കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പ്‌ ധൃതരാഷ്ട്രര്‍ വിദുരനെ വിളിക്കും. ആ സന്ദര്‍ഭത്തില്‍ കുശലപ്രശ്നങ്ങള്‍ക്കു ശേഷം വിദുരര്‍ ആദ്യം പറയുന്നത്‌ ഇതാണ്‌

"സുലഭാഃ പുരുഷാഃ രാജന്‍ സതതം പ്രിയവാദിനഃ
അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുര്‍ല്ലഭാഃ"

പക്ഷെ അതു കഴിഞ്ഞ്‌ അദ്ദേഹം അപ്രിയമായ സത്യം പറയാതിരിക്കുകയല്ല ചെയ്തത്‌ പിന്നെയോ, അങ്ങേര്‍ക്കു മനസിലാകുന്ന തരത്തില്‍ വിശദീകരിച്ചു കൊടുക്കുകയാണ്‌.

പണ്ട്‌ ഒരു കഥയുണ്ട്‌

ഒരു വലിയ ധനിക കുടുംബത്തിലെ കുട്ടി മദിരാശിയില്‍ പഠിക്കുന്നു. ഒരിക്കല്‍ അയാളുടെ കുടുംബത്തില്‍ വലിയ ഒരഗ്നിബാധ ഉണ്ടായി സകലതും നശിച്ചു.

അയലത്തുകാര്‍ ഒത്തുകൂടി.
ആ കുട്ടിയെ എങ്ങനെ വിവരം അറിയിക്കും? പെട്ടെന്ന് ഇതറിഞ്ഞാല്‍ എന്താകും സംഭവിക്കുക?

അപ്പോള്‍ ഒരാള്‍ പറഞ്ഞു ഞാന്‍ അവിടെ പോയി പറയാം.

അയാള്‍ കുട്ടി പഠിക്കുന്ന കോളേജില്‍ ചെന്നു

സന്ദര്‍ശകന്‍ ഉണ്ടെന്നറിഞ്ഞ കുട്ടി സന്തോഷമായി വെളിയില്‍ വന്നു അയല്‍വാസിയെ കണ്ട സന്തോഷത്തില്‍ അവന്‍ ചോദിച്ചു "എന്താ ചേട്ടാ വിശേഷം?

അയല്‍വാസി പറഞ്ഞു " നല്ല വിശേഷം ചുമ്മാ നിന്നെ ഇന്നു കാണാം എന്നു വിചാരിച്ചു"

കുട്ടി "വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെ അല്ലെ? എന്താ ചേട്ടന്‍ ഈ വഴിക്കൊക്കെ വന്നത്‌?"

അയല്‍വാസി " ഓ പ്രത്യേകിച്ചൊന്നുമില്ല പിന്നെ നിന്റെ വീട്ടിലെ ആ പൂച്ച ചത്തുപോയി"

കുട്ടി " ഹൊ അതാണൊ ഇത്ര വല്യ കാര്യം ആട്ടെ എങ്ങനാ പൂച്ച ചത്തത്‌?

അയല്‍വാസി "അത്‌ കുതിരയിറച്ചി ഒരുപാട്‌ കഴിച്ചു. എല്ലാം കൂടിദഹിച്ചുകാണത്തില്ല"

കുട്ടി " കുതിരയിറച്ചിയോ അതെവിടന്ന്?"

അയല്‍വാസി " ഹ കുതിരപ്പന്തിക്കു തീപിടിച്ചപ്പോള്‍ കുതിരയൊക്കെ ചത്തുപോയില്ലെ അതിനെ തിന്നു"

കുട്ടി " ങ്‌ ഹെ കുതിരപ്പന്തിക്കു തീപിടിച്ചൊ? അതെങ്ങനെ"

അയല്‍വാസി " അടുക്കളയുടെ അടുത്തല്ലായിരുന്നൊ കുതിരപ്പന്തി. അടൂക്കളയില്‍ പിടിച്ച തീ പിന്നീട്‌ അവിടെയും പകരാതിരിക്കുമൊ?"

ഇങ്ങനെ പറഞ്ഞു പറഞ്ഞ്‌ ആ വ്യസനിപ്പിക്കുന്ന സത്യം അല്‍പാല്‍പമായി കുട്ടി അറിഞ്ഞു.

എന്നു പറഞ്ഞതു പോലെ അപ്രിയമായ സത്യം പറയരുത്‌ എന്നല്ല

സത്യത്തെ പ്രിയമാകും വണ്ണം പറയണം എന്നാണ്‌ ആ വരികളുടെ അര്‍ത്ഥം

വേണ്ടാത്ത രീതിയില്‍ അന്വയിച്ചപ്പോഴാണ്‌ വേണ്ടാത്ത അര്‍ത്ഥം കിട്ടുന്നത്‌
നേരെ നോക്കൂ

സത്യം ബ്രൂയാത്‌ = സത്യം പറയൂ
പ്രിയം ബ്രൂയാത്‌ = പ്രിയം പറയൂ
ന ബ്രൂയാത്‌ സത്യം അപ്രിയം = പറയരുത്‌ സത്യം അപ്രിയം - എന്നു വച്ചാല്‍ സത്യം അപ്രിയമായി പറയരുത്‌ എന്നാണ്‌. അതായത്‌ അപ്രിയമായല്ല പ്രിയമാകും വണ്ണമാണ്‌ സത്യം പറയേണ്ടത്‌ എന്ന്

അതിനെ തിരിച്ച്‌ അപ്രിയം സത്യം ന ബ്രൂയാത്‌ എന്ന് അന്വയിക്കാന്‍ ആരും പറഞ്ഞില്ലല്ലൊ അല്ലെ?

Tuesday, July 31, 2012

ഭീമസേനന്റെ ചിരി

ലക്ഷ്മണന്റെ ചിരി മുന്‍പേ വായിച്ചല്ലൊ അല്ലെ?
ഇനി  ഭീമസേനന്‍ ഒരു ചിരി ചിരിച്ച കഥ കേള്‍ക്കാം
കുരുക്ഷേത്രയുദ്ധം എല്ലാം കഴിഞ്ഞ്‌ ധര്‍മ്മപുത്രര്‍ രാജ്യം ഭരിക്കുന്ന കാലം.
രാജ്യത്തെ എല്ലാ പ്രജകളുടെയും
ക്ഷേമം ഒരേ പോലെ അന്വേഷിക്കുന്ന ധര്‍മ്മനിഷ്ഠന്‍.
സത്യമല്ലാതെ മറ്റൊന്നും ഉരിയാടാത്തവന്‍. പറഞ്ഞ വാക്കു പാലിക്കുന്നവന്‍.
അങ്ങനെ ഉള്ള കാലത്ത്‌ ഒരു ദിവസം ആ രാജ്യത്തുള്ള ഒരു പ്രജയ്ക്ക്‌ തന്റെ മകളുടെ വിവാഹം നടത്താന്‍ കയ്യില്‍ ഒന്നുമില്ലാത്ത ഒരവസ്ഥ വന്നു. അദ്ദേഹം രാജാവിനെ കണ്ട്‌ സഹായം അഭ്യര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചു.
നേരെ കൊട്ടാരത്തിലെത്തി. അന്നേ ദിവസം കൊട്ടാരം കാവല്‍ ഭീമസേനന്‍ ആണ്‌.
ഭീമസേനന്‍ കാര്യം അന്വേഷിച്ചു. പ്രജ വിവരം എല്ലാം പറഞ്ഞു.
ഭീമസേനന്‍ പറഞ്ഞു " അകത്തേക്കു പൊയ്ക്കോളൂ. ജ്യേഷ്ഠനെ കണ്ട്‌ വിവരം പറയൂ. തിരികെ വരുമ്പോള്‍ എന്നെ കണ്ട്‌ കാര്യം ബോധിപ്പിച്ചേ മടങ്ങാവൂ"
നോക്കണെ ഭരണം. തന്റെ ജ്യേഷ്ഠനാണു ഭരിക്കുന്നത്‌ എങ്കിലും ഒരു പരാതിക്കാരന്‍ വന്നാല്‍ അത്‌ എങ്ങനെ കൈകാര്യം ചെയ്യപ്പെട്ടു എന്നറിയാന്‍ ഒരു ഡബിള്‍ ചെക്ക്‌.
പ്രജ അകത്തു ചെന്ന് രാജാവിനോട്‌ കാര്യം ഉണര്‍ത്തിച്ചു.
അപ്പോള്‍ ധര്‍മ്മപുത്രര്‍ അല്‍പം തെരക്കിലായിരുന്നു.
അദ്ദേഹം പറഞ്ഞു "ഇന്നു ഞാന്‍ അല്‍പം തെരക്കിലാണ്‌ നിങ്ങള്‍ പോയി നാളെ വരൂ. ഞാന്‍ സഹായിക്കാം"
പ്രജ സന്തോഷമായി മടങ്ങി.
തിരികെ വാതില്‍ക്കലെത്തിയ പ്രജയെ ഭീമസേനന്‍ തടഞ്ഞു നിര്‍ത്തി അന്വേഷിച്ചു
"ജ്യേഷ്ഠനെ കണ്ടൊ?"
"കണ്ടു"
"എന്തു പറഞ്ഞു ?"
"ഇന്നദ്ദേഹം തെരക്കിലാണ്‌. നാളെ വരാന്‍ പരഞ്ഞു . നാളെ അദ്ദേഹം സഹായം ചെയ്യും"
ഇതു കേട്ടതും ഭീമസേനന്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി
ദേശീയ ആഘോഷങ്ങള്‍ക്കും , അപകടങ്ങള്‍ക്കും മുന്‍കൂട്ടി വിവരം ധരിപ്പിക്കാനുള്ള ഒരു ഉപായമായി കൊട്ടാരവാതിലില്‍ ഒരു വലിയ മണി കെട്ടി തൂക്കിയിട്ടുണ്ട്‌.
ഭീമസേനന്‍ ആ മണി വലിച്ചടിച്ച്‌ തുടങ്ങി.
മണിയടി കേട്ട്‌ ആളുകള്‍ ഓടിക്കൂടാന്‍ തുടങ്ങി.
എത്തുന്നവരോടായി ഭീമസേനന്‍ വിളിച്ചു പറഞ്ഞു "എല്ലാവരും ആഘോഷിച്ചോളൂ. ആഘോഷത്തിനു വേണ്ട ധനം ഭണ്ഡാരത്തില്‍ നിന്നും എടുത്തോളൂ"
ആളുകള്‍ ചോദിച്ചു " എന്താണു കാര്യം?"
ഭീമസേനന്‍ കയര്‍ത്തു " അതു നിങ്ങള്‍ അറിയേണ്ട കാര്യം എന്ത്‌ ആഘോഷിക്കാന്‍ പറഞ്ഞാല്‍ ആഘോഷിച്ചോളുക. കാര്യം ഒക്കെ ഉണ്ട്‌"
എന്താണു പ്രശ്നം എന്നറിയാന്‍ അവസാനം ധര്‍മ്മപുത്രരും എത്തി
ഭീമസേനന്‍ മണിയടി നിര്‍ത്തുന്നില്ല.
ഒടുക്കം ധര്‍മ്മപുത്രര്‍ കയര്‍ത്തു കാര്യം അന്വേഷിച്ചു
അപ്പോള്‍ ഭീമന്‍ ചോദിച്ചു "ഏട്ടന്റെ അടുത്ത്‌ ഈ നില്‍ക്കുന്ന ആള്‍ സഹായം അന്വേഷിച്ചു വന്നിരുന്നില്ലെ?"
"വന്നിരുന്നു"
"അയാള്‍ക്കു നാളെ സഹായം കൊടുക്കാം എന്നു ഏട്ടന്‍ പറഞ്ഞില്ലെ?"
"പറഞ്ഞു"
വീണ്ടും ഭീമന്‍ മണിയടി തുടങ്ങി " അതു തന്നെ കാര്യം
എന്റെ ഏട്ടന്‍ സത്യവാനാണ്‌. പറഞ്ഞ വാക്കു പാലിക്കുന്നവന്‍ ആന്‌. ഇയാള്‍ക്കു കൊടുത്ത വാക്കു പാലിക്കണം എങ്കില്‍ കുറഞ്ഞത്‌ നാളെ ഇയാള്‍ വരുന്നതു വരെ എങ്കിലും ഏട്ടന്‍ മരിക്കില്ല.
ഈ ലോകത്ത്‌ ആര്‍ക്കും നിശ്ചയമില്ലാത്ത ഒരേ ഒരു കാര്യം ആണ്‌ തങ്ങളുടെ മരണം എപ്പോഴാണ്‌ എന്ന്.
അങ്ങനെ ഉള്ളപ്പോള്‍ എന്റെ ഏട്ടന്‍ നാളെ വരെ മരിക്കില്ല എന്നറിയുന്നതില്‍ പരം സന്തോഷകരമായ ഒരു വാര്‍ത്ത വേറെ എന്തുണ്ട്‌?" നാട്ടുകാരെ ആഘോഷിച്ചോളൂ"
ഇടിവെട്ടേറ്റ മാതിരി ആയി ധര്‍മ്മപുത്രര്‍
അദ്ദേഹം പെട്ടെന്നു തന്നെ പ്രജയെ വിളിച്ച്‌ വേണ്ട സഹായം കൊടുത്തു പറഞ്ഞയച്ചു.
ഇപ്പോള്‍ മനസിലായില്ലെ "മരണം വരുമിനി എന്നു നിനച്ചിഹ മരുവുക സതതം നാരായണ ജയ" എന്ന വരികള്‍ എങ്ങനെ ഉണ്ടായി എന്ന്?
ആ പോസ്റ്റ്‌ വായിച്ചല്ലൊ അല്ലെ?

Monday, July 30, 2012

മരണം വരുമിനി എന്നു നിനച്ചിഹ മരുവുക

"മരണം വരുമിനി എന്നു നിനച്ചിഹ മരുവുക സതതം നാരായണ ജയ"

മരണം വരും എന്നു നിനച്ച്‌ - വിചാരിച്ച്‌ സതതം - എല്ലായ്പ്പോഴും മരുവുക - ജീവിക്കുക

ഈ വരികള്‍ കേട്ട്‌ ഒരാള്‍ എന്നോടു ചോദിച്ച ഒരു ചോദ്യമാണ്‌ "കൊള്ളാം മരിച്ചു പോകും എന്നു പേടിച്ചാണൊ എപ്പോഴും ജീവിക്കേണ്ടത്‌?"

പേടിച്ചാണൊ എപ്പോഴും ജീവിക്കേണ്ടത്‌?
ജീവിതം എന്നത്‌ ആസ്വദിച്ചു ജീവിച്ചു തീര്‍ക്കേണ്ടതല്ലെ?

കേള്‍ക്കുമ്പോള്‍ ശരി ആണെന്നുതോന്നും അല്ലെ?

ശരിയാണ്‌. ആസ്വദിച്ചു തന്നെയാണ്‌ ജീവിക്കേണ്ടത്‌.

എന്നാല്‍ എപ്പോഴാണ്‌ ആസ്വദിച്ചു ജീവിക്കാന്‍ സാധിക്കുക?

പണമുള്ളപ്പോഴാണൊ?

എങ്കില്‍ പണക്കാരെല്ലാം സുഖിമാന്മാരായിരുന്നിരിക്കണമല്ലൊ.

സത്യം പറഞ്ഞാല്‍ പണക്കാരനാകുംതോറും യഥാര്‍ത്ഥ സുഖം ഇല്ലാതാകുന്നതെ ഉള്ളു.

ഒരു കഥ കേട്ടിട്ടില്ലെ.
ഒരിടത്ത്‌ ഒരു വലിയ പണക്കാരന്‍ താമസിച്ചിരുന്നു . അദ്ദേഹത്തിന്റെ മാളികക്കരികിലുള്ള റോഡുവക്കില്‍ ഒരു ചെരുപ്പുകുത്തിയും താമസിച്ചിരുന്നു.

ചെരുപ്പുകുത്തി ദിവസവും ഒരു ജോടി ചെരുപ്പുണ്ടാക്കും അതു വിറ്റു കിട്ടുന്ന കാശു കൊണ്ട്‌ ആഹാരത്തിനുള്ള വസ്തുക്കളും അടുത്ത ദിവസം ചെരുപ്പുണ്ടാക്കാനുള്ള തോലും വാങ്ങും. തന്റെ ആ ചെറിയ കുടിലില്‍ കിടന്നുറങ്ങും

ചെരുപ്പുകുത്തിയുടെ ഈ ജീവിതം കണ്ട്‌ ആ പണക്കാരന്‍ തോന്നി. "കഷ്ടം. എല്ലാദിവസവും പാവം ഇങ്ങനെ അദ്ധ്വാനിച്ചു കഷ്ടപ്പെടുകയാണല്ലൊ. ഇയാളെ ഒന്നു സഹായിക്കാം . കുറെ പണം ഇയാള്‍ക്കു കൊടുക്കാം"
അങ്ങനെ ആലോചിച്ച്‌ പണക്കാരന്‍ ആയിരം രൂപ ഇയാള്‍ക്കു കൊണ്ടു കൊടൂത്തു.

എന്നിട്ടു പറഞ്ഞു "ഇതു കൊണ്ട്‌ സുഖമായി ജീവിക്കൂ"

ഇത്രയും തുക ഒന്നിച്ച്‌ കണ്ട കണ്ണുതള്ളിപ്പോയി ചെരുപ്പുകുത്തിയ്ക്ക്‌
അത്‌ ആരെങ്കിലും അടിച്ചു മാറ്റും എന്നു ഭയന്ന അയാള്‍ അതു കൊണ്ടുപോയി അയാളുടെ കുടിലില്‍ ഒരു ഭാഗത്ത്‌ ഒരു കുഴി കുഴിച്ച്‌ ഭദ്രമായി സൂക്ഷിച്ചു.

തുടര്‍ന്ന് ചെരുപ്പുണ്ടാക്കാന്‍ തുടങ്ങി എങ്കിലും അയാളുടെ ശ്രദ്ധ അതില്‍ ഉറക്കുന്നില്ല. ചെരുപ്പ്‌ ശരിയായില്ല എന്നു എടുത്തു പറയേണ്ടല്ലൊ.

അയാളുടെ ചെരുപ്പിനു വേണ്ടി അന്വേഷിച്ചു വന്നിരുന്നവരും മോശം എന്നു പരയുന്നത്ര മോശമായി എന്നര്‍ത്ഥം.

രാത്രി കിടന്നാല്‍ അയാള്‍ക്ക്‌ ഉറക്കം ശരിയാകുന്നില്ല . ആരെങ്കിലും രാത്രിയില്‍ ആ പണം അടിച്ചുകൊണ്ടു പോകും എന്ന ഭയം

എന്തിനു പറയുന്നു കുറച്ചു ദിവസങ്ങള്‍ കൊണ്ട്‌ അയാള്‍ ആകെ അവശനായി.
പക്ഷെ അയാള്‍ക്കു വിവരം ഉണ്ടായിരുന്നു. കാരണം അയാള്‍പെട്ടെന്നു തന്നെ മനസിലാക്കി. അടുത്ത ദിവസം പണക്കാരനെ കണ്ട്‌ അയാള്‍ ആ പണം മടക്കി കൊടുത്തു. അതിനു ശേഷം തന്റെ പഴയ ജീവിതം തുടര്‍ന്നു.

അയാള്‍ ഫൈനാന്‍സ്‌ ഒന്നും പഠിച്ചിട്ടില്ലാത്തതു കൊണ്ടാണ്‌ അങ്ങനെ ചെയ്തത്‌ , നമ്മളായിരുന്നു എങ്കില്‍ ആ ആയിരം രൂപ വളര്‍ത്തി പതിനായിരവും ലക്ഷവും കോടിയും ഒക്കെ ആക്കുമായിരുന്നു എന്നു നമുക്കു വേണംവെങ്കില്‍ വീമ്പു പറയാം

പക്ഷെ ഏറ്റവും ലളിതമായ മനഃസമാധാനത്തോടു കൂടി ഉള്ള ഉറക്കം കിട്ടണം എങ്കില്‍ ഇയാള്‍ ചെയ്തതാണ്‌ ശരി

ഉറക്കം നഷ്ടപ്പെടുന്നവര്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ എണ്ണമറ്റതാണ്‌. - ഇന്നു ലോകത്തില്‍ കാണുന്ന 90 ശതമാനം രോഗങ്ങള്‍ക്കും കാരണം അതാണെന്നു പറഞ്ഞാലും അതിശയോക്തി അല്ല

Life Style Disorders എന്ന് ഓമനപ്പേരിട്ടാല്‍ അതു പെട്ടെന്നു മനസ്സിലാകും അല്ലെ?

അതുകൊണ്ട്‌ അവനവന്റെ ജീവിതത്തെ എങ്ങനെ ജീവിച്ചു തീര്‍ക്കണം എന്നു ചോദിച്ചാല്‍ ഏറ്റവും ലളിതമായ ഉത്തരം ആണ്‌ മുകളില്‍ പറഞ്ഞ വരി

അടുത്ത ദിവസം മരണം വരും എന്നു വിചാരിക്കുക

എങ്കില്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും?

പറ്റുമെങ്കില്‍ നമ്മുടെ എതിരാളിയുടെ ആസനത്തില്‍ ഒരു കുന്തം കൂടി കയറ്റണം എന്നായിരിക്കുമൊ?

മറ്റന്നാള്‍ തിന്നാന്‍ വേണ്ടി നാലു ചിക്കന്‍ കൂടി ഫ്രിഡ്ജില്‍ വക്കണം എന്നായിരിക്കുമൊ?

നമ്മുടെ ചിന്തകള്‍ പാടെ മാറും

കര്‍മ്മങ്ങള്‍ ശുദ്ധമാകും. പ്രത്യേകിച്ചു തനിക്കു വേണ്ടി ശേഖരിച്ചു വയ്ക്കാനുള്ള ത്വര ഇല്ലാതാകും.

ഇതെ തത്വം തന്നെ ചാണക്യന്‍ പറയുന്നുണ്ട്‌

അല്‍പം രസകരമായി തന്നെ

"പുരാണാന്തേ ശ്മശാനാന്തേ മൈഥുനാന്തേ ച യാ മതീ
സാ സര്‍വദൈവ തിഷ്ഠേച്ചേത്‌ കോ ന മുച്യേത ബന്ധനാത്‌"

പുരാണകഥനം കേട്ടു കഴിയുമ്പോഴും, ശ്മശാനത്തിലെ ക്രിയകള്‍ കഴിഞ്ഞുപോരുമ്പോഴും, മൈഥുനം കഴിയുമ്പോഴും തോന്നുന്ന വിരക്തി എല്ലായ്പ്പോഴും നിലനിന്നാല്‍ ആര്‍ക്കാണ്‌ മോക്ഷം കിട്ടാത്തത്‌ ?

അവനവന്റെ കര്‍മ്മങ്ങള്‍ അത്തരത്തില്‍ ആയിരിക്കണം അപ്പോള്‍ സുഖം ഉണ്ടാകും എന്നാണ്‌ ആ വരികളുടെ താല്‍പര്യം, അല്ലാതെ പേടിച്ചു ജീവിക്കണം എന്നല്ല

ഇപ്രകാരം യഥാര്‍ത്ഥമായ അറിവുണ്ടാകാനാണ്‌ ഗുരുമുഖത്തു നിന്നും പഠിക്കണം എന്നു പണ്ടുള്ളവര്‍ പറയുന്നത്‌.

റോഡരികിലെ ബോര്‍ഡ്‌ നോക്കി തമിഴ്‌ പഠിച്ചു പണ്ഡിതനാകുമ്പോള്‍ തോന്നുന്ന അര്‍ത്ഥമാണ്‌ മറ്റത്‌

അല്ല എത്ര പറഞ്ഞാലും ഇതൊന്നും ശരിയാകില്ല എന്ന് പണ്ടെ വിവരമുള്ളവര്‍ക്കറിയാം

അതായിരുന്നല്ലൊ കാളിദാസന്‍ രഘുവംശം എഴുതാന്ന് തുടങ്ങുന്നിടത്ത്‌ ഇങ്ങനെ നാലു വരികള്‍ കുറിച്ചത്‌

"വാഗര്‍ത്ഥാവിവ സമ്പൃക്തൗ
വാഗര്‍ത്ഥപ്രതിപത്തയെ
ജഗതഃ പിതരൗ വന്ദേ
പാര്‍വതീപരമേശ്വരൗ"

വാക്കും അര്‍ത്ഥവും പോലെ പരസ്പരം ചേര്‍ന്നിരിക്കുന്ന ജഗല്‍പിതാക്കളായ പാര്‍വതീപരമേശ്വരന്മാരെ വാക്കിന്റെ അര്‍ത്ഥപ്രാപ്തിക്കായി വന്ദിക്കുന്നു " എന്ന്

അതായത്‌ ഇതു വായിക്കുന്നവന്‌ ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥം തന്നെ മനസിലാക്കിക്കൊടുക്കണേ എന്ന്

ഞാന്‍ മുന്‍പെഴുതിയ വികടവ്യാഖ്യാനങ്ങളെ പോലെ ഉള്ള കൊനഷ്ടുകള്‍ തോന്നിപ്പിക്കല്ലെ എന്ന്

Saturday, July 28, 2012

ഷൂട്ടിങ്ങിന്‌ അനുയോജ്യമായ ഒന്നര ഏക്കര്‍ സ്ഥലം

സിനിമ, സീരിയല്‍ തുടങ്ങിയവയുടെ ഷൂട്ടിങ്ങിന്‌ അനുയോജ്യമായ ഒന്നര ഏക്കര്‍ സ്ഥലം

ഏതു രീതിയിലും ഇന്‍ഡോര്‍ ഷൂട്ടിങ്ങിനു തയ്യാറാക്കാന്‍ പറ്റിയ ഏകദേശം 3500 ചതുരശ്ര അടി കെട്ടിടം.

രണ്ടു നിലകള്‍, തടികൊണ്ടുള്ള കോണിപ്പടിയും, നടുമുറ്റവും.

സെറ്റുകള്‍ ഇടാന്‍ പറ്റിയ തുറസ്സായ അകഭാഗം.

പ്രത്യേക മുറികളും

ചുറ്റുവട്ടം- പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന പച്ചപ്പു നിറഞ്ഞ സ്ഥലം.
365 ദിവസവും നിറഞ്ഞൊഴുകുന്ന പുഴ, പാടം.

5 കിലോമിറ്റര്‍ ചുറ്റളവില്‍ 7 ചുണ്ടന്‍ വള്ളങ്ങള്‍ നാട്ടുകാരുടെ സ്വന്തം. നെഹ്രു ട്രോഫി ആദിയായ മല്‍സരങ്ങളില്‍ ഭാഗഭാക്കാകുന്നവ

4 കിലോമീറ്റര്‍ ദൂരത്തില്‍ പ്രസിദ്ധമായ രണ്ട്‌ ക്ഷേത്രങ്ങള്‍

താല്‍പര്യം ഉള്ളവര്‍ ബന്ധപ്പെടുക

094480 68411,099469 36183, 098930 19654

Tuesday, July 03, 2012

പൂജ്യം പൂജ്യം

കിടുകില്ലാടി ശാസ്ത്രജ്ഞന്മാര്‍ ഉള്ള ബൂലോകത്തല്ലാതെ എവിടെയാ എന്റെ ഈ സംശയം ഒന്നു ചോദിക്കുക.

ശാസ്ത്രത്തിന്‌ ഒരു പരിമിതിയും ഇല്ല. കണക്കിന്‌ അന്നു ഞാന്‍ ഒരു പൂജ്യത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ തല്ലുകിട്ടാതെ രക്ഷപെട്ടെന്നെ ഉള്ളു

ഇപ്പൊഴും അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ ഈ പൂജ്യങ്ങള്‍ എല്ലാം ഒന്നാണോ

അതായത്‌ ഒന്ന് എന്നു പറഞ്ഞാല്‍ എപ്പൊഴും ഒന്നു തന്നെ ഒരു ഒന്ന് സമം മറ്റൊരു ഒന്ന്

അതുപോലെ ഒരു പൂജ്യം എന്നു പറഞ്ഞാല്‍ മറ്റൊരു പൂജ്യം തന്നെ ആയിരിക്കുമോ അതൊ രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ടൊ?

Tuesday, June 05, 2012

ബാലിവധം

വിശ്വാമിത്രകഥയില്‍ കൂടി ബ്രാഹ്മണന്‍ ആകുന്ന വിധം കാണിച്ചു തന്ന വാല്‌മീകി ശ്രീരാമകഥയില്‍ കൂടി ഉത്തമപുരുഷന്‍ ആകുന്നത്‌ എങ്ങനെ എന്നു കാണിച്ചു തരുന്നു.

പലപല കഥാസന്ദര്‍ഭങ്ങള്‍ മനുഷ്യമനസിനെ ഉയര്‍ന്നതലങ്ങളിലേക്ക്‌ എത്തിക്കാനുള്ള മാര്‍ഗ്ഗ ദര്‍ശികള്‍ ആണ്‌.

പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ്‌ ശ്രീരാമന്‍ ബാലിയെ എന്തിനു കൊന്നു എന്ന്.

കഥയെ കഥയായി കാണുന്നതു കൊണ്ടുള്ള കുഴപ്പം ആണ്‌ ഇവിടെ

അതുകൊണ്ടാണ്‌ ഇത്തരം കഥകള്‍ ഗുരുവില്‍ നിന്നും പഠിക്കണം എന്നു പറയുന്നത്‌
ബാലിസുഗ്രീവന്മാരുടെ കഥ അറിയാമല്ലൊ അല്ലെ?

ജ്യേഷ്ഠാനുജന്മാരായി ഒരു വീട്ടില്‍ താമസിച്ചു വന്നിരുന്ന രണ്ടു പേര്‍

അവര്‍ തമ്മില്‍ സ്നേഹം എത്രയായിരുന്നു എന്നത്‌ മായാവിയുമായി ബാലി യുദ്ധത്തിനു പോകുന്ന സന്ദര്‍ഭത്തില്‍ വ്യക്തം ആകുന്നു

ഗുഹയ്ക്കുള്ളില്‍ കടക്കുന്ന ബാലി സുഗ്രീവനോടു പറയുന്നത്‌ അഥവാ താന്‍ മരിക്കുന്നു എങ്കില്‍ ഗുഹാമുഖത്ത്‌ രക്തം കാണും അന്നേരം നീ വലിയ ഒരു പാറ കൊണ്ട്‌ ഗുഹാമുഖം അടച്ചിട്ട്‌, തിരികെ പോയി രാജ്യം ഭരിച്ചുകൊള്ളാനാണ്‌.

സുഗ്രീവനെ അപകടപ്പെടുത്താന്‍ മായാവിയ്ക്കു പുറത്തു വരാനുള്ള വഴിയും അടച്ചു പോകാനുപദേശിക്കുന്ന ബാലി. സഹായത്തിനു ഗുഹയിലേക്കു സുഗ്രീവന്‍ വരാന്‍ പോലും പറയാത്ത ബാലി.

പക്ഷെ പിഴച്ചത്‌ എവിടെയാണ്‌?

മായാവിയെ നിഗ്രഹിച്ചിട്ടു പുറമെ വരാന്‍ നോക്കുമ്പോള്‍ ഗുഹാമുഖം അടച്ചിരിക്കുന്നു.

അവിടെ വച്ച്‌ ബാലിയില്‍ 'സംശയം' ഉടലെടുക്കുന്നു

"സംശയാത്മാ വിനശ്യതി" ഭഗവാന്‍ പറഞ്ഞത്‌ ഓര്‍മ്മയുണ്ടല്ലൊ.

പിന്നീടങ്ങോട്ട്‌ ബാലി സുഗ്രീവന്റെ വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ തയ്യാറല്ല.

അന്ധമായ സുഗ്രീവവിരോധം ആണ്‌.

മനുഷ്യമനസിനു മാത്രമുള്ള കഴിവാണ്‌ കാര്യങ്ങള്‍ കേട്ട ശേഷം അതിനെ കുറിച്ചു ചിന്തിച്ച്‌ , വിശകലനം ചെയ്ത്‌ അതിനനുസരിച്ച്‌ ബുദ്ധിപരമായ ഒരു തീരുമാനം എടുക്കാനുള്ള കഴിവ്‌.

ബാലി കാണിക്കുന്നത്‌ മൃഗസമാനമായ ബുദ്ധിയാണ്‌.

വിശ്വാമിത്രകഥയില്‍ കാമം ക്രോധം തുടങ്ങിയ മാനസികദൗര്‍ബല്ല്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കിയത്‌ എപ്രകാരം എന്നു കാണിച്ച വാല്‌മീകി,
എത്ര ശക്തനായാലും വിവേകം ഇല്ലെങ്കില്‍ നശിക്കും എന്ന തത്വം ആണ്‌ ബാലിവധത്തില്‍ കൂടി കാണിച്ചു തരുന്നത്‌.

അത്‌ കഥയായെടുക്കാം അല്ലെങ്കില്‍ ശ്രീരാമന്റെ തന്നെ മാനസികനില ഉയര്‍ത്തലായി എടുക്കാം

പക്ഷെ ബ്ലോഗില്‍ ഒരാള്‍ രാമായണത്തില്‍ വിമാനത്തിലെ ഇന്ധനം അന്വേഷിച്ചതുപോലെ നോക്കേണ്ട ഒരു കഥയല്ല. അങ്ങനെ നോക്കുമ്പോഴാണ്‌ മുന്‍ പറഞ്ഞതു പോലെ ഉള്ള ചോദ്യങ്ങള്‍ വരുന്നത്‌

Thursday, March 29, 2012

ഒരു ശവപ്പെട്ടി കൂടി കരുതിക്കൊ ആയുർവേദത്തിനെ അടക്കാൻ

ആയുർവേദമരുന്നുകൾക്ക് നിലവാരം ഉറപ്പിക്കാൻ നിയമം വരുന്നു. നല്ല കാര്യം. വളരെ നല്ല കാര്യം.

പക്ഷെ അത് എപ്രകാരം ആണ് നടപ്പിലാക്കുന്നത് എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

മരുന്ന് കൊണ്ടുപോയി ലാബറട്ടറിയിൽ പരിശോധിക്കുമൊ?

എന്നിട്ട് അതിൽ രൂക്ഷത എത്രയുണ്ട്, സ്നിഗ്ദ്ധത എത്രയുണ്ട്, വീര്യം എന്താണ്, വിപാകരസം എന്താണ്, വാതശമനത്വം എത്രയുണ്ട്, കഫത്തെ കോപിപ്പിക്കുന്നതാണൊ എന്നൊക്കെ കണ്ടുപിടിക്കുമായിരിക്കും അല്ലെ?

എന്നിട്ട് കറക്റ്റ് ആയതിനു ലൈസൻസ് നൽകും

കടുകിട ഒന്നങ്ങോട്ടൊ ഒന്നിങ്ങോട്ടൊ പോയാൽ അവൻ ഔട്

ഹൊ കാലം പോയ പോക്കെ !!!

ഞങ്ങൾ കോട്ടക്കൽ പഠിക്കുന്ന കാലത്ത് ചങ്കുവെട്ടിയിൽ ഉള്ള കെട്ടിടം ആയിരുന്നു കോളെജ്. അവിടത്തെ ഫുട്ബാൾ ഗ്രൗണ്ടിൽ ഇടയ്ക്കിടയ്ക്ക് ഓരോ ട്രക് വന്ന് കുറെ തൊലിയൊ, വേരൊ, ഞെരിഞ്ഞിലൊ ഒക്കെ ഉണക്കാൻ ഇടും. ഉണങ്ങി കഴിയുമ്പോൾ തിരികെ വാരിക്കൊണ്ടും പോകും. ഞങ്ങൾ ഓടുമ്പോൾ മിക്കപ്പോഴും ഞെരിഞ്ഞിൽ കാലിൽ തറച്ചു കയറും.

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒരു ഫുട്ബാൾ കോർട്ട് മുഴുവൻ നിരത്തി ഇട്ടിരിക്കുന്ന ഈ മരുന്നുകൾ എന്താണെന്ന് ആർ അറിയും?

ഒരു ടൺ കുറുന്തോട്ടി വേർ വേണം എന്നു പറഞ്ഞു എന്നു വിചാരിക്കുക. ആ കൊണ്ടു വരുന്ന ട്രക്കിൽ മാവിന്റെ വേരു നിറച്ചു കൊണ്ടു വന്നാലും ആരറിയും?

പണ്ട്യു അറംഗസീബിനെ പറ്റി പറഞ്ഞു കേട്ട ഒരു കാര്യം ഉണ്ട്.
ഒരിക്കൽ ഡൽഹിയിൽ ഉണ്ടായിരുന്ന ഒരു പള്ളി ഇടിഞ്ഞു വീണ വർത്ത അദ്ദേഹത്തെ ആരോ വന്നു ധരിപ്പിച്ചു.

അദ്ദേഹം ആദ്യം ചോദിച്ച ചോദ്യം "അതിനു മുന്നിൽ നിന്ന ആല്മരത്തിനു കേടുവല്ലതും വന്നൊ"? എന്നായിരുന്നു അത്രെ

കാരണവും അദ്ദേഹം വിശദീകരിച്ചു "അല്ല പള്ളി വേണമെങ്കിൽ ഒരു ദിവസം കൊണ്ട് പണിതുയർത്താം പക്ഷെ അതുപോലെ ഒരു ആല്മരം വേണം എങ്കിൽ കൊല്ലം അൻപതുവേണം"

എന്നു പറഞ്ഞതു പോലെ ആയുർവേദത്തിൽ ഉപയോഗിക്കുന്ന പച്ച മരുന്നുകൾ താനെ വളർന്നു വരേണ്ടവ ആണ്. അതു ദിവസം തോറും ഓരോ ടൺ ഇങ്ങു പോരട്ടെ എന്നു പറഞ്ഞാൽ അതിലെ അപ്രായോഗികത തലയിൽ ആൾതാമസം ഉള്ളവർക്കു മനസിലാകും

അപ്പോൾ ഈ ഉണ്ടാക്കുന്ന മരുന്ന് ശരിക്കുള്ള മരുന്നായിരിക്കണം എങ്കിൽ അത് സ്വയം പച്ച മരുന്നുകൾ പറിച്ചെടുത്ത് സ്വന്തമായി അന്നന്നത്തെ ആവശ്യത്തിനുള്ളത് അവരവർ ഉണ്ടാക്കുന്നതായിരിക്കണം

ആ രീതിയിൽ ഉണ്ടാക്കുവാൻ ആണ് ആചാര്യന്മാർ ഉദ്ദേശിച്ചിരുന്നത് എന്നും ഞാൻ കരുതുന്നു.

എന്നാൽ ഇന്ന് പച്ചമരുന്നു പോയിട്ട് മാവു കണ്ടാൽ പോലും തിരിച്ചറിയാൻ പാടില്ലാത്ത ഒരു തലമുറ അല്ലെ വളർന്നുവരുന്നത്.

ഒരിക്കൽ എന്റെ ഏട്ടന്റെ മകൻ വീട്ടിൽ വന്നു. ഒരു ചെടിച്ചട്ടിയിൽ വളർന്നു കായ്ച്ചു നിൽക്കുന്ന വെണ്ടക്ക കണ്ടപ്പോൾ അവന്റെ ഒരതിശയം " ഹയ്യൊ ചിറ്റപ്പാ ഇതല്ലെ വെണ്ടക്കാ?" ഏതാണ്ടു ചന്ദ്രനിൽ നിന്നു വന്നതു പോലെ അവന്റെ ചോദ്യ കേട്ടു ഞാൻ ആയിരുന്നു നാണിച്ചത്.

ആ നിലയ്ക്ക് പുതിയ തലമുറയ്ക്ക് ഏതെങ്കിലും ചെറുകിട വൈദ്യന്മാരുടെ സഹായം തേടി അവനവൻ ആവശ്യം ഉള്ള മരുന്നുകൾ ഉണ്ടാക്കി എടുത്താൽ അതു വിശ്വസിച്ചു കഴിക്കാം.

അതല്ല കെട്ടും മട്ടും മോടിയും പരസ്യവും പോകറ്റിൽ കിട്ടുന്ന കാശും കണ്ട് മരുന്നിനു ലൈസൻസ് കൊടുത്തു തുടങ്ങിയാൽ നല്ല ഒരു ശവപ്പെട്ടി കൂടി കരുതിക്കൊ ആയുർവേദത്തിനെ അടക്കാൻ

Friday, March 23, 2012

ശിവാംബു - മൂത്രം ഒരനുബന്ധം

രോഗം എന്തു കൊണ്ടുണ്ടാകുന്നു?

ഈ ഒരു ചോദ്യം നിങ്ങളോട്‌ ആണെങ്കില്‍ നിങ്ങള്‍ എന്ത്‌ ഉത്തരം കൊടുക്കും?

ഒരു ആധുനിക ഡോക്റ്ററോട്‌ ചോദിച്ചാല്‍ കിട്ടാവുന്ന ഉത്തരത്തില്‍ രോഗാണു ബാധ, ആഹാരവിഹാരങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മാനസിക പ്രശ്നങ്ങള്‍, പാരമ്പര്യം തുടങ്ങി അനേകം കാരണങ്ങള്‍ വരും

ശരി ആണ്‌ ഇതെല്ലാം രോഗകാരണങ്ങള്‍ തന്നെ

പക്ഷെ ഒരേ ആഹാരവിഹാരങ്ങള്‍ അനുസരിക്കുന്ന ഒരേസ്ഥലത്തു ജീവിക്കുന്ന രണ്ടു പേരുണ്ടെങ്കില്‍ അതി ഒരാള്‍ക്കു രോഗം വരുന്നതായും മറ്റൊരാള്‍ രോഗമില്ലാത്തവനായും വരുന്നതും കണ്ടിട്ടുണ്ട്‌ ഇല്ലെ?

ഒരേ അച്ഛനും അമ്മയ്ക്കും ജനിച്ച ഇരട്ടകളില്‍ പോലും ഈ വ്യത്യാസം കാണാം.

അതു കൊണ്ട്‌ ആയുര്‍വേദം പറയുന്നത്‌ ശരീരം രോഗത്തെ സ്വീകരിക്കത്തക്കവണ്ണം ബലക്കുറവുള്ളതാകുമ്പോഴാണ്‌ രോഗം ഉണ്ടാകുന്നത്‌ എന്നാണ്‌.

ഈ ബലക്കുറവിനു കാരണമായി മേല്‍പറഞ്ഞ പലതും ഉണ്ടെങ്കിലും വിശേഷമായി മറ്റൊന്നു കൂടി ആയുര്‍വേദം പറയുന്നു.

അത്‌ പൂര്‍വജന്മകൃത പാപം ആണ്‌

"പൂര്‍വജന്മ കൃതം പാപം വ്യാധിരൂപേണ ജായതേ"

അതുകൊണ്ടു തന്നെ അത്‌ അനുഭവിച്ചു തീര്‍ക്കുവാനുള്ള ഒരു വസ്തു ആണ്‌ എന്നു വരുന്നു.

പലരിലും ഒരേ രോഗം ഉണ്ടായാലും ചിലര്‍ക്കു മാറുകയും ചിലര്‍ക്കു മാറാതിരിക്കുകയും ചെയ്യുന്നതിനേയും ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും.

അനുഭവയോഗം ഉള്ളവന്‍ അനുഭവിക്കും അല്ലാത്തവന്‍ സുഖപ്പെടും എന്നര്‍ത്ഥം. അങ്ങനെ ഉള്ളവര്‍ സുഖമനുഭവിക്കുന്നതും അനുഭവമാണ്‌.

സുഖപ്പെടാന്‍ യോഗം ഉള്ളവന്‍ നല്ല ഭിഷഗ്വരന്റെ അടുത്തെത്തിപ്പെടുന്നു അല്ലാത്തവന്‍ കച്ചവടമനസ്ഥിതിക്കാരന്റെ അടുത്തും.

അതെ അതുപോലെ അനുഭവയോഗം ഉള്ളവന്‍ ഒരിക്കലും നേരായ വഴിയില്‍ എത്തിപ്പെടാതിരിക്കാനാനല്ലൊ ശ്രി സി കെ ബാബു, കെ പി സുകുമാരന്‍ തുടങ്ങിയവര്‍ ഇതുപോലെ ഉള്ള ലേഖനങ്ങള്‍ പടച്ചു വിട്ടു കൊണ്ടിരിക്കുന്നത്‌.

ശ്രി സി കെ ബാബു എന്തു വിഷയത്തിലെ വിദ്വാനാണെന്നെനിക്കറിയില്ല.

പക്ഷെ മൂത്രത്തെ പറ്റി അദ്ദേഹം ഇങ്ങനെ ഒരു അഭിപ്രായം പറയുന്നതിനുപയോഗിച്ച മാനദണ്ഡം എനിക്കു മനസിലാകുന്നില്ല

അവനവന്‍ അറിവില്ലാത്ത കാര്യത്തെ തെറ്റാണെന്ന് എഴുതേണ്ട കാര്യം എന്താണ്‌.

വൈദ്യ ശാസ്ത്രവിദഗ്ദ്ധനായ ഡൊ സൂരജ്‌ എഴുതുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടൊ അദ്ദേഹം തനിക്കറിവുള്ള വിഷയങ്ങള്‍ വിശദമായി എഴുതുന്നു. അല്ലാതെ ഇതുപോലെ അറിവില്ലാത്തതിനെ പുഛിക്കുക അല്ല ചെയ്യുന്നത്‌.

അതുപോലെ വൈദ്യശാസ്ത്രത്തില്‍ വിദഗ്ദ്ധനാണെങ്കില്‍ തനിക്കറിവുള്ള കാര്യങ്ങള്‍ പറയുക. അറിവില്ലാത്തതിനെ വിട്ടേക്കുക.

പറയുവാന്‍ വ്യക്തമായ കാരണം ഉണ്ടെന്നു തന്നെ കൂട്ടിക്കോളൂ.

ക്യാന്‍സര്‍ പോലെ ഉള്ള മാരകരോഗങ്ങളില്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റിവ്‌ കേയര്‍ കൊടുക്കുന്നിടത്ത്‌ പോയി അവര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ കണ്ടിട്ടുണ്ടോ?

അത്തരം രോഗങ്ങളില്‍ അത്ഭുതാവഹമായ വേദനശാന്തി ലഭിക്കുന്ന തരം ചികില്‍സകള്‍ ഉണ്ട്‌. എന്ന് എനിക്കറിയാവുന്നതു കൊണ്ടാണ്‌ ആ ലേഖനത്തിലെ ആ വാചകങ്ങളെ ശക്തമായി എതിര്‍ക്കുന്നത്‌.

രോഗം ഭേദമായില്ലെങ്കില്‍ പോലും വേദനയില്ലാത്ത ശാന്തജീവിതം എങ്കിലും കൊടുക്കുവാന്‍ കഴിയുന്നതിനെ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെ വിലയിരുത്താന്‍ കഴിയൂ


അല്ലാതെ കണ്ട അണ്ടനും അടകോടനും പറ്റില്ല

മൂത്രത്തിനെ ആയുര്‍വേദം ശിവാംബു എന്ന പദം കൊണ്ടാണ്‌ വ്യവഹരിക്കുന്നത്‌.

മുന്‍ലേഖനത്തിലെ വിശദീകരണ പ്രകാരം വേണമെങ്കില്‍ പരീക്ഷിച്ചു നോക്കിക്കൊള്ളൂ.

മൂത്രവും വെറും പച്ച വെള്ളവും മാത്രം കഴിച്ച്‌ - മറ്റൊന്നും കഴിക്കാതെ- ആരോഗ്യപൂര്‍ണ്ണമായി വളരെ നാള്‍ കഴിയാം. പക്ഷെ അതോടൊപ്പം രാസവസ്തുക്കള്‍ ആയ ആധുനിക മരുന്നുകള്‍ പോലും പാടില്ല മുകളില്‍ പറഞ്ഞ രണ്ടും മാത്രം

അവസാന ഘട്ട ക്യാന്‍സര്‍ രോഗത്തില്‍ ഗോമൂത്രം കുടിപ്പിച്ചു നോക്കൂ വേദന വളരെ അധികം കുറയും

ശരീരം ആഹാരത്തെ വെറുക്കുന്നത്‌ അത്‌ ആ സമയത്ത്‌ രോഗബാധിത കോശങ്ങളെ കൂടുതല്‍ വളരുവാന്‍ സഹായിക്കും എന്നതു കൊണ്ടാണ്‌.

അതു കൊണ്ട്‌ ആഹാരം കൊടുക്കാതെ ഇത്തരം ചികില്‍സ ഫലപ്രദമായി കാണുന്നു.

രോഗം ഭേദമായില്ലെങ്കില്‍ പോലും
അവസാന ഘട്ടമായതു കൊണ്ട്‌ മരുന്നുകള്‍ ഒന്നുമില്ലാതെ തന്നെ വേദനയില്ലാത്ത ഒരു ജീവിതം ലഭിക്കുന്നതു തന്നെ മഹാകാര്യം ആണ്‍ എന്നു വിശ്വസിക്കുന്ന ഒരു വൈദ്യന്‍ ഇതു മനസിലായേക്കാം.

പക്ഷെ ഇതൊന്നും "ആധുനിക ചാത്രക്കാര്‍ക്കു ദഹിക്കുകയില്ലായിരിക്കും

ശാസ്ത്രത്തിനു ദഹിക്കും കേട്ടൊ. പക്ഷെ സായിപ്പിന്റെ മൂടുമാത്രം താങ്ങി നടക്കുന്നവര്‍ക്കു ദഹിക്കില്ല എന്ന്

Wednesday, March 21, 2012

എന്തു കഴിക്കണം - പാകം

നമ്മുടെ ചുറ്റും ജീവിക്കുന്ന പക്ഷിമൃഗാദികളെ ശ്രദ്ധിച്ചിട്ടുണ്ടൊ?

നാം തീറ്റ കൊടുത്തു വളര്‍ത്തുന്ന പലതും പലപ്പോഴും രോഗങ്ങള്‍ക്ക്‌ അടിമപ്പെടാറുണ്ട്‌ അതുകൊണ്ടാണല്ലൊ മൃഗഡോക്റ്റര്‍ വേണ്ടി വരുന്നത്‌

അല്ലാതെ സ്വയം ജീവിക്കുന്നവയൊ?

അവ ആഹാരം കഴിക്കുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടൊ പൂച്ച ആണെങ്കില്‍ അതിനു വിശപ്പു തോന്നുമ്പോള്‍ ഭക്ഷണം അന്വേഷിക്കും കിട്ടുന്ന പാറ്റയെയൊ പല്ലിയെയൊ എലിയെയൊ എന്തിനെ ആയാലും

പിടിക്കുന്നു കൊന്ന് തിന്നുന്നു. അല്ലാതെ അത്‌ അതിനെ വേവിക്കാനും ഫ്രിഡ്ജില്‍ വക്കാനും ഒന്നും പോകാറില്ല

നാളെ ജീവനോടെ ഉണ്ടാകുമോ എന്നുറപ്പില്ലാത്തതിനാലാകും അത്‌ പിന്നത്തേക്കു സൂക്ഷിച്ചു വയ്ക്കാറും ഇല്ല

നമ്മള്‍ ചിരം ജീവികള്‍ ആണെന്നു നമുക്കറിയാവുന്നതു കൊണ്ട്‌ നാം ഒരു കൊല്ലത്തേക്കുള്ളതു വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കും

ആഹാരവസ്തുക്കള്‍ പാകം ചെയ്യുമ്പോള്‍ അതിന്റെ ഘടനയ്ക്കു വ്യത്യാസം വരുന്നു.
ഉദാഹരണത്തിന്‌ കോഴിമുട്ട നോക്കാം
കോഴിമുട്ടയുടെ വെള്ള പച്ചയ്ക്കാണെങ്കില്‍ അതില്‍ കൂടി അപ്പുറം കാണാം

അത്‌ ശുദ്ധമായ മാംസ്യം അണ്‌. അത്‌ ദോശക്കല്ലില്‍ ഒഴിച്ചാലോ

കട്ടിയുള്ള വെളുത്ത വസ്തു ആകുന്നു- Denatured Protein

അത്‌ സ്വാഭാവിക മാംസ്യം അല്ലാതാകുന്നു. കുറെ നശിക്കുന്നു

അതാണ്‌ സ്വാദോടു കൂടി നാം കഴിക്കുന്നത്‌.

അരിയും പച്ചക്കറിയും മറ്റും കഴുകി തവിടും അതുപോലെ ജലത്തില്‍ ലയിക്കുന്ന അംശമെല്ലാം കളഞ്ഞ്‌ വെള്ളത്തില്‍ വേവിച്ച്‌ മേല്‍പറഞ്ഞതു പോലെ അസ്വാഭാവികരൂപത്തിലാക്കി - അതോടൊപ്പം ചൂടില്‍ നശിക്കുന്ന വസ്തുക്കളെ എല്ലാം കളഞ്ഞ്‌ , കഞ്ഞിവെള്ളം ഊട്ടി കളഞ്ഞ്‌ അതില്‍ കൂടി ചൂടുള്ള ജലത്തില്‍ ലയിക്കുന്ന വസ്തുക്കളെയും ഒഴിവാക്കി
കഴിക്കുന്ന ചണ്ടി എത്ര ആരോഗ്യദായകം ആയിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടൊ?

ഇതിനും പുറമെ ആണ്‌ ശീത സംഭരണികളില്‍ വയ്ക്കുന്നത്‌.

മറ്റൊരു അപകടം പിടിച്ച പണി ഒരിക്കല്‍ വേവിച്ചു വച്ച വസ്തു വെണ്ടും ചൂടാക്കി കഴിക്കുന്നത്‌

"പുനഃ പാകം വിഷോപമം" എന്ന് അയുര്‍വേദം പറയുന്നു.

ഒരു ദിവസം ഉണ്ടാക്കിയ വസ്തു പിറ്റേ ദിവസം കഴിക്കുന്നതു തന്നെ നിഷേധിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ പിറ്റേ ദിവസം അതു ചൂടാക്കുകയും കൂടി ചെയ്യുമ്പോഴോ?

എന്നാല്‍ പാകം ആവശ്യം ആയ ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്‌

ചില വസ്തുക്കള്‍ ദഹിക്കുവാന്‍ പ്രയാസം ഉള്ളതാണെങ്കില്‍ അവയെ ലഘു ആക്കുവാന്‍ പാകത്തിനു കഴിയും എന്ന് ആയുര്‍വേദം.
ഒരു ഉദാഹരണം

അരി
അരി ഇടിച്ച്‌ അവില്‍ ആക്കിയാല്‍ ഗുരു ആണ്‌ ദഹിക്കുവാന്‍ സമയതാമസ മെടുക്കും
എന്നാല്‍ അത്‌ മലരാക്കിയാല്‍ ലഘു ആണ്‌ വലരെ എളുപ്പം ദഹിക്കും.

മനുഷ്യനു തലയും തലച്ചോറും തന്നിരിക്കുന്നത്‌ യുക്തിക്കനുസരിച്ച്‌ കാര്യങ്ങള്‍ മനസിലാക്കി ചെയ്യാനാന്‌. അതു വേണ്ട വണ്ണം ഉപയോഗിക്കുക

സി കെ ബാബു എഴുതിയ "തൂണിലും തുരുമ്പിലും ദൈവം"മുന്‍പത്തെ ലേഖനത്തില്‍ പറഞ്ഞ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരിക്കുമല്ലൊ.

ശരീരത്തിനുള്ളില്‍ എത്തിപ്പെടുന്ന യാതൊരു വസ്തുവിനെയും പഠിക്കാനും കൈകാര്യം ചെയ്യാനും കഴിവുള്ളതാണ്‌ ശരീരം- അതിനു സമയം അനുവദിക്കും എങ്കില്‍.

പാമ്പിന്‍ വിഷം ഉദാഹരണമായി പറഞ്ഞതു കണ്ടുവല്ലൊ അല്ലെ?

പാമ്പിന്‍ വിഷം മാംസ്യവര്‍ഗ്ഗത്തില്‍ പെടുന്നു. അത്‌ ആമാശയത്തില്‍ എത്തിയാല്‍ അതിനെ ദഹിപ്പിച്ച്‌ അതില്‍ നിന്നും വേണ്ട ഭാഗങ്ങള്‍ ആഗിരണം ചെയ്യുകയും അത്‌ ശരീരത്തിന്‍ ആഹാരം ആയി തീരുകയും ചെയ്യും

എന്നാല്‍ അത്‌ നേരിട്ടു രക്തത്തില്‍ കടന്നാല്‍ - പര്യാപ്തമായ അളവില്‍ ഉണ്ടെങ്കില്‍ അതു മരണ കാരണം ആയിത്തീരുന്നു.

സാത്മ്യം വിശദീകരിച്ചതു പ്രകാരം പ്രായോഗികമായ രീതി ആധുനികശാത്രം വികസിപ്പിച്ചെടുത്തതാണ്‌ പ്രതിരോധ കുത്തിവയ്പ്പുകള്‍.

അതായതു ശരീരത്തിനു ഹാനികാരകമായ വസ്തുക്കളെ ഉപയോഗിച്ചു തന്നെ സരീരത്തിനു രക്ഷാകവചം സൃഷ്ടിക്കുന്നു.

ഇനി മറ്റൊരു വിഷയം നോക്കാം

നാം ഓരോ വസ്തുവിനെയും പഠിക്കുന്നത്‌ ഇന്നത്തെ രീതിയില്‍ ക്ലാസുകളില്‍ പഠിക്കുന്ന അളവുകോലുകള്‍ ഉപയോഗിച്ചാണ്‌

എന്നാല്‍ അത്‌ എല്ലായ്പ്പോഴും ശരിയായിക്കൊള്ളണം എന്നില്ല

ഒരേ വസ്തുവിനെ തന്നെ മറ്റൊരു രീതിയില്‍ നോക്കിക്കാണാന്‍ കഴിഞ്ഞേക്കാം

ഇന്നലെ ശ്രി സി കെ ബാബു എഴുതിയ "തൂണിലും തുരുമ്പിലും ദൈവം" എന്ന ഒരു പോസ്റ്റ്‌ വായിക്കാന്‍ ഇടയായി

അതില്‍ ഇടയ്ക്ക്‌ ശ്രി മൊറാര്‍ജി ദേശായിയെ കുറിച്ച്‌ ഒരു പരാമര്‍ശം കണ്ടു.

തുടര്‍ന്ന് "മൂത്രവും തീട്ടവും കഴിക്കുന്ന --"എന്ന രീതിയില്‍ ഒരു പ്രസ്താവനയും കണ്ടു.

"
എന്തായാലും സ്വന്തം മലം മൂത്രം വാതം പിത്തം കഫം മുതലായവ അവനവനുതന്നെ റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതു്‌ ഭാരതത്തിലെ പരിസ്ഥിതിമലിനീകരണത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു്‌ നോക്കുമ്പോള്‍ വിപ്ലവാത്മകമായ ഒരു ആശയമാണെന്നു്‌ പറയാതെ വയ്യ.
"

മൂത്രത്തെയും മലത്തെയും ഒരുപോലെ ആയിരിക്കും ബാബു കാണുന്നത്‌

അല്‍പം കമ്മ്യൂണിസവും അല്‍പം യുക്തിവാദവും അധികം വിവരക്കേടും ചേര്‍ന്നാല്‍ ഇതും ഇതില്‍ അപ്പുറവും തോന്നാം

മലം എന്നത്‌ ശരീരത്തിനു പുറമെ ഉള്ള വസ്തു ആണ്‌. വായ മുതല്‍ ഗുദം വരെ ഉള്ള ഒരു കുഴല്‍ ശരീരത്തിനുള്ളില്‍ പിടിപ്പിച്ചിരിക്കുന്നു എന്നെ ഉള്ളു അതിനുള്ളില്‍ കൂടി കടന്നു വരുന്ന വസ്തു കീഴെ കൂടി പുറം തള്ളപ്പെടുന്നു. അത്‌ ശരീരബാഹ്യം ആണ്‌

എന്നാല്‍ മൂത്രം അങ്ങനെ അല്ല അത്‌ സരീരത്തിനുള്ളില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്ന വസ്തു ആണ്‌.

കൂടുതല്‍ വിശദം ആക്കിയാല്‍- മൂത്രം എന്നത്‌ ശരീരം തന്നെ മറ്റൊരു രൂപത്തില്‍ നില്‍നില്‍ക്കുന്ന അവസ്ഥ ആണ്‌.

വിശദം ആയി പറയാം.

നമ്മുടെ ശരീരം x കോശങ്ങളെ കൊണ്ട്‌ ഉണ്ടാക്കിയതാണ്‌ എന്നു വിചാരിക്കുക

ഈ x കോശങ്ങള്‍ അനുസ്യൂതം വിഭജിച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍ ശരീരത്തിന്റെ അളവ്‌ കൂടുന്നും ഇല്ല. കാരണം വിഭജിക്കുമ്പോല്‍ എത്ര കൂടുതല്‍ ഉണ്ടാകുന്നുവോ അത്രയുന്മ്‌ എണ്ണം നശിപ്പിക്കപ്പെടുന്നും ഉണ്ട്‌.

അതായത്‌ 20000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ ടയര്‍ മാറ്റണം എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍, ഇനി ഒരു 20000 കിലോമീറ്റര്‍ കൂടി ഓടും എങ്കിലും വിവരം ഉള്ളവര്‍ ആ ടയര്‍ മാറ്റി പുതിയ ഒരെണ്ണം ഫിറ്റ്‌ ചെയ്യും

അതെ പോലെ ശരീരത്തിലെ ഓരോ കോശങ്ങളുടെയും ജീവിതകാലാവധി കഴിഞ്ഞാല്‍ അതിനെ മാറ്റി പുതിയ ഒരെണ്ണത്തിനെ അവിടെ ശരീരം സ്ഥാപിക്കും

ഈ പ്രക്രിയ അനുസ്യൂതം ത്ടര്‍ന്നു കൊണ്ടിരിക്കുന്നു

ഇതു തന്നെ ആണ്‌ ജീവിതപ്രക്രിയ.
ഇതു തന്നെ ആണ്‌ metabolism എന്നു ആധുനികര്‍ പറയുന്നത്‌

ഈ പ്രക്രിയ നിര്‍ബ്ബാധം തുടര്‍ന്നു കൊണ്ടിരുന്നാല്‍ ശരീരം ആരോഗ്യപൂര്‍ണ്ണവും ആയിരിക്കും

ഇതില്‍ എന്തെങ്കിലും തടസം വരുന്നതാണ്‌ രോഗം എന്ന പേരില്‍ അറിയപ്പെടുന്നത്‌.

അപ്പോള്‍ രോഗമില്ലാത്ത ഒരു ശരീരത്തില്‍ ഈ നശിപ്പിക്കപ്പെടുന്ന കോശങ്ങള്‍ക്കെന്തു സംഭവിക്കും?

അതിനെ അതിന്റെ അടിസ്ഥാന ഘടകങ്ങള്‍ ആക്കി വിഭജിച്ചു വിഭജിച്ച്‌ ജലത്തില്‍ ലയിക്കുന്ന രൂപത്തിലാക്കി വൃക്കയില്‍ എത്തിച്ച്‌ അരിച്ചെടുത്ത്‌ പുറം തള്ളുന്നു.

അതായത്‌ 24 മണിക്കൂര്‍ നേരം ഒന്നും കഴിക്കാതെ ഇരുന്ന ശേഷം, അത്രയും നേരത്തെ മൂത്രം ഒരു കുപ്പിയില്‍ സംഭരിച്ചാല്‍ ആ കിട്ടുന്ന വസ്തു ആ 24 മണിക്കൂര്‍ നേരം ശരീരത്തിലുണ്ടായ നാശം സംഭവിച്ച കോശങ്ങളുടെ മറ്റൊരു രൂപം ആയിരിക്കും.

അതായത്‌ ശരീരം തന്നെ മറ്റൊരു രൂപത്തില്‍ - അല്ലെ?

15000 രൂപ കൊടുത്ത്‌ വാങ്ങുന്ന - നാറുന്ന പബ്ലിക്‌ മൂത്രപ്പുരകളിലെ മൂത്രത്തില്‍ നിന്നും എടുക്കുന്ന Urokinase കുത്തിവയ്ക്കുമ്പോള്‍ ഒരറപ്പും ഇല്ല

പിന്നെ ഇതിനെ മലത്തോട്‌ താരതമ്യം ചെയ്ത്‌ അത്‌ ഭക്ഷിക്കണം എന്നാര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍ അതും ആയിക്കോളൂ ഭയങ്കര യുക്തിയല്ലെ

Tuesday, March 20, 2012

എന്തു കഴിക്കണം തുടര്‍ച്ച -സാത്മ്യം

Conditioned Reflex എന്നു കേട്ടിരിക്കും അല്ലെ?
അതുപോലെ ശരീരത്തിനെ നമുക്ക്‌ പലതും പഠിപ്പിക്കാന്‍ പറ്റും. അങ്ങനെ ഒരു ഉപായം ആന്‌ സാത്മ്യം

ഏതു പുതിയ സാധനം ആയാലും ശരീരത്തില്‍ എത്തിപ്പെട്ടാല്‍ ശരീരം അതിനെ പഠിക്കും

അതിനെ രാസപരിണാമങ്ങള്‍ക്കു വിധേയമാക്കി, അതില്‍ നിന്നും ശരീരത്തിനു വേണ്ട ഭാഗങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ ആഗിരണം ചെയ്യുകയും വേണ്ടാത്തതിനെ പുറം തള്ളുകയും ചെയ്യും.

പക്ഷെ പുതിയ വസ്തു ആണെങ്കില്‍ ഇതിനു സ്വല്‍പം സമയം ആവശ്യം ആയി വരും. ആ സമയത്തിനുള്ളില്‍ ജീവനെ അപകടപ്പെടുത്തുന്നതാണെങ്കില്‍ - അതിനു പര്യാപ്തമായ അളവില്‍ അകത്തു ചെന്നാല്‍ ജീവന്‍ അപകടത്തിലാകും.

പാമ്പിന്‍ വിഷത്തില്‍ സംഭവിക്കുന്നത്‌ ഇതാണ്‌. പാമ്പിന്‍ വിഷം വായില്‍ കൂടി കഴിച്ചാല്‍ നല്ല പോഷകഗുണമുള്ള പദാര്‍ത്ഥം.

എന്നാല്‍ രക്തത്തില്‍ എത്തി പെട്ടാലൊ? അതിനെ ദഹിപ്പിക്കുവാന്‍ കഴിയുന്നതിനു മുന്‍പ്‌ മരിച്ചു പോയേക്കാം.

എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ ശരീരത്തിനെ പല നാള്‍ ശീലിപ്പിച്ചാല്‍ ശരീരം അതിനെ കൈകാര്യം ചെയ്യാന്‍ സന്നദ്ധമാകും.
മദ്യത്തിന്റെ കാര്യത്തില്‍ ഇതു കുറച്ചു കൂടി നല്ല ഉദാഹരണം ആകുന്നു.

ആദ്യ ദിവസം 60 മില്ലി അടിച്ചാല്‍ ഫിറ്റാകുന്ന ആള്‍ കാലങ്ങള്‍ കഴിയുമ്പോള്‍ ഒരു കുപ്പി മുഴുവന്‍ അടിച്ചാലും പച്ചയ്ക്കു നടക്കുന്നതു കണ്ടിട്ടില്ലെ

അദ്ദന്നെ

കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ ആളിനു വിറയല്‍ ഉണ്ടാകാതിരിക്കണം എങ്കില്‍ മദ്യം വേണം എന്നു വരുന്നു
addiction അല്ലെ

ഇതാണ്‌ സാത്മ്യം എന്നു പറയുന്ന സാധനം.

അപ്പോള്‍ നാം ജനിച്ച നാള്‍ മുതല്‍ ശീലിക്കുന്ന വസ്തുക്കള്‍ നമുക്കു സാത്മ്യം ആണ്‌ അവ നമുക്ക്‌ അപകടം ഉണ്ടാക്കുന്നത്‌ കുറവായിരിക്കും

അതുപോലെ തന്നെ ദേശത്തിനു സാത്മ്യമായതും കാലത്തിനു സാത്മ്യമായതും ഉണ്ട്‌.

സാധാരണ ആയി ഏതൊരു വസ്തുവും ഏഴു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ അത്‌ സാത്മ്യമാകും എന്നാണു പറയുക.

ശീലം കൊണ്ട്‌ സാത്മ്യമായ വസ്തു ശരീരത്തിനു ദോഷകരം ആണെങ്കില്‍ അതിനെ ഒഴിവാക്കാനുള്ള വഴി വേണ്ടെ?

"ഏകദ്വിത്ര്യന്തരീകൃതം" ആയി ഒഴിവാക്കാം
കേട്ടു പേടിക്കണ്ടാ

ശീലിച്ച ആ വസ്തു ഒന്നിടവിട്ട ദിവസങ്ങളില്‍ കഴിക്കുക, പിന്നീട്‌ രണ്ടു ദിവസം വിട്ടു കഴിക്കുകപിന്നീട്‌ മൂന്നു ദിവസം വിട്ടു കഴിക്കുക
ഇപ്രകാരം ക്രമേണ ഒഴിവാക്കാന്‍ സാധിക്കും പക്ഷെ മനസ്സിനു ഉറപ്പു വേണം എന്നു മാത്രം

സാത്മ്യമായ വസ്തു പെട്ടെന്ന് ഒഴിവാക്കുന്നതും അസാത്മ്യമായ വസ്തു പെട്ടെന്ന് ഉപയോഗിച്ചു തുടങ്ങുന്നതും ശരീരത്തിനു നല്ലതല്ല അത്‌ ക്രമേണ തന്നെ വേണം അല്ലെങ്കില്‍ അതു ദോഷഫലം ഉണ്ടാക്കും

"അപഥ്യമപി ഹി ത്യക്തം
ശീലിതം പഥ്യമമേവ വാ
സാത്മ്യാസാത്മ്യവികാരായ
ജായതെ സഹസാന്യഥാ"

ആധുനിക ശിശുരോഗ വിദഗ്ദ്ധരുടെ അടുത്തു ചെന്നാല്‍ കുട്ടിക്കു മാതാവിന്റെ പാലിനു പുറമെ മറ്റാഹാരങ്ങള്‍ എങ്ങനെ കൊടുത്തു തുടങ്ങാം എന്നു ചോദിക്കുമ്പോള്‍ കിട്ടുന്ന ഉത്തരവും ഇതിനനുസൃതം ആണ്‌

പശുവിന്‍ പാലായാലും മുട്ട ആയാലും എല്ലാം ആദ്യം നാവില്‍ തൊടുവിക്കുക. ശരീരത്തിനെ ശീലിപ്പിക്കുക ക്രമേണ അളവു കൂട്ടാം.
അല്ലെങ്കിലൊ ആദ്യ ദിവസം കുപ്പി പാല്‍ കൊടുക്കും കുട്ടി വയറിളക്കം തുടങ്ങുമ്പോള്‍ എടുത്തു കൊണ്ട്‌ ആശുപത്രിയിലേക്ക്‌ ഓടും

എന്തു കഴിക്കണം- തുടര്‍ച്ച1

ആദ്യം പറഞ്ഞതനുസരിച്ച്‌ ആറു രസങ്ങളും ആഹാരത്തില്‍ നിന്നും ലഭിക്കത്തക്കവണ്ണം പല പല വസ്തുക്കള്‍ കൂട്ടി ക്കഴിക്കണം എന്നു മനസിലായി അല്ലെ?

എന്നാല്‍ എല്ലാ വസ്തുക്കളും ഒന്നിച്ച്‌ കഴിക്കുവാന്‍ പാടില്ല

ചിലവ മറ്റു ചിലവയുമായി ചേരാത്തവ ആകാം

ഇതിനെ ആയുര്‍വേദം 'വിരുദ്ധം' എന്ന ഒരു പേരില്‍ വ്യവഹരിക്കുന്നു.

ആദ്യലേഖനത്തില്‍ എഴുതിയതു പോലെ ഒരു ദ്രവ്യത്തിന്റെ ദഹനപ്രക്രിയ എന്നു പറയുന്നത്‌ രാസപരിണാമങ്ങളുടെ ഒരു ശൃംഖല ആണ്‌. ആ ചങ്ങലയിലെ ഏതെങ്കിലും ഒരു ഘട്ടത്തെ തടസപ്പെടുത്തുന്നതൊ വ്യത്യാസപ്പെടുത്തുന്നതൊ ആയ മറ്റൊരു വസ്തു ഇടയ്ക്കുണ്ടായാല്‍ അതിന്റെ ദഹനപ്രക്രിയ വികലം ആകും.

മറ്റൊരു ദ്രവ്യത്തിന്റെ പരിണാമത്തില്‍ ഇങ്ങനെ ഒരു വസ്തു ആവശ്യം ആയി വരും എങ്കില്‍ മുന്‍പറഞ്ഞ വസ്തുവും ഇതും കൂടി വിരുദ്ധം ആകും എന്നര്‍ത്ഥം.

"വിരുദ്ധമപി ചാഹാരം വിദ്യാത്‌ വിഷഗരോപമം"

വിരുദ്ധാഹാരം വിഷം അഥവാ കൂട്ടുവിഷം എന്നതുപോലെ അറിയണം. അതായത്‌ വിരുദ്ധാഹാരം വിഷത്തിനു സമം ആണ്‌ അല്ലെങ്കില്‍ കൂട്ടുവിഷത്തിനു സമം ആണ്‌- ശരീരത്തിനു ദോഷകരം ആണ്‌ എന്നര്‍ത്ഥം

ആധുനികരും,ആയി പലപ്പോഴും ശണ്ഠ കൂടേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്‌ ഇക്കാര്യത്തില്‍.

പലരും ഇതിനെ അന്ധമായി എതിര്‍ത്തിട്ടുണ്ട്‌. പക്ഷെ വിവരം ഇല്ലാ എങ്കില്‍ എന്താ ചെയ്യുക.

ഞാന്‍ എത്ര കാലമായി അങ്ങനെ ഉപയോഗിക്കുന്നു എന്നിട്ടു ഞാന്‍ ഇതു വരെ ചത്തില്ലല്ലൊ വിഷമാണെങ്കില്‍ ചാകേണ്ടിയിരുന്നില്ലെ എന്നു വരെ ചോദിച്ച വിവരദോഷികള്‍ ഉണ്ട്‌

വിഷം എന്ന പദം കൊണ്ട്‌ ഉടനെ കൊല്ലും എന്നല്ല അര്‍ത്ഥമാക്കുന്നത്‌.

ശരീരത്തിന്റെ ദഹനപ്രക്രിയ 100 ശതമാനം കൃത്യമാകുന്നതില്‍ തടസ്സം ഉണ്ടാക്കും എന്നെ ഉള്ളു.

തുടര്‍ച്ചയായി ഇതുപോലെ ഉണ്ടാകുന്ന ചെറിയ ചെറിയ തകരാറുകള്‍ ഭാവിയില്‍ വലിയ വലിയ ദോഷങ്ങള്‍ക്കു കാരണമാകും.

പാലും പഴവും കൂടിയാല്‍ വിരുദ്ധമാണ്‌
പാലും മല്‍സ്യവും ചേര്‍ന്നും വിരുദ്ധമാണ്‌

"വിശേഷാല്‍ പയസാ മല്‍സ്യാഃ
സഹ സര്‍വം ഫലം തഥാ"

എന്നാല്‍ ഞാന്‍ കോട്ടക്കല്‍ പഠിക്കുമ്പോള്‍ പലപോഴും ഉപയോഗിച്ചിരുന്ന ഒരു സാധനം ആയിരുന്നു പാലും പഴവും കൂട്ടി അടിച്ച്‌ കടയില്‍ കിട്ടുന്ന ഒരു പാനീയം.
ഞാന്‍ അന്നു ചത്തില്ല എന്നു വച്ച്‌ അതു എന്റെ ശരീരത്തിനു നല്ലതായിരുന്നു എന്നര്‍ത്ഥമില്ല.

പാലിനകത്ത്‌ പഴം കഷണങ്ങളാക്കി ഇട്ടു കഴിക്കുമായിരുന്ന ഒരു കോളേജ്‌ പ്രൊഫസറോട്‌ അങ്ങനെ ചെയ്യുന്നത്‌ നല്ലതല്ല എന്നു പറഞ്ഞതിന്‌ അങ്ങേര്‍ എന്നെ പറഞ്ഞ ചീത്തയ്ക്കു കയ്യും കണക്കും ഇല്ല. അയാളും പരഞ്ഞ കാരനം ഇതു തന്നെ ആയിരുന്നു ഇത്ര നാളായി ഞാന്‍ കഴിക്കുന്നു എന്നിട്ടു ചത്തു പോയില്ലല്ലൊ.

ആയുര്‍വേദം Perfectness ആണ്‌ നോക്കുന്നത്‌. അതിനാലാണ്‌ ഏറ്റവും നേരിയ കാര്യങ്ങള്‍ പോലും പറയുന്നത്‌. അതുകൊണ്ട്‌ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ദൂരവ്യാപകമായ ദോഷങ്ങള്‍ ഇല്ലാതിരിക്കുവാന്‍

100 ആമത്തെ അടി കൊള്ളുമ്പോള്‍ കല്ലു പൊട്ടും എങ്കില്‍ അതിനു മുന്‍പടിച്ച 99 അടിയും പ്രധാനം തന്നെ ആണ്‌ അല്ലെ?

ഇതു മനസിലാകാന്‍ സാമാന്യ ബോധം മാത്രം മതി.

അതെ പോലെ പഴങ്ങള്‍ കഴിക്കുക ആണെങ്കില്‍ പലപ്പോഴും ഒരു തരം മാത്രം കഴിക്കുന്നതായിരിക്കും നല്ലത്‌.

ഒരു ചക്കയുടെ ചുള മുഴുവന്‍ ഒറ്റ ഇരിപ്പിനു തിന്നു നോക്കൂ. മൂന്നു നാലു മണിക്കൂര്‍ കഴിയുമ്പോള്‍ അതു മുഴുവന്‍ ദഹിച്ചിരിക്കും പ്രത്യേകിച്ചു യാതൊരു കുഴപ്പവും ഇല്ലാതെ

എന്നാല്‍ പത്തു ചക്കച്ചുള കഴിച്ചിട്ട്‌ പിന്നാലെ ഒരു പൈനാപ്പിള്‍ കഷണം കഴിച്ചു നോക്കൂ. അല്ലെങ്കില്‍ ഒരു നേന്ത്രപ്പഴം കഴിച്ചു നോക്കൂ.

തീക്ഷ്ണാഗ്നി ഉള്ളവര്‍ ആണെങ്കില്‍ ചിലപ്പോള്‍ പ്രശ്നം ഒന്നും ഉണ്ടാകില്ല.

Mixed Fruit Juice കടകളില്‍ ഉണ്ടാക്കി കൊടുക്കുന്നതു കാണുമ്പോള്‍ ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌.

ഇതൊക്കെ എങ്ങനെ നമ്മുടെ പുതിയ തലമുറയെ പഠിപ്പിക്കും എന്ന്.

അല്ല ഇതു കൊണ്ടൊക്കെ അല്ലെ ആശുപത്രികള്‍ നിലനില്‍ക്കുന്നത്‌ കോടികള്‍ മുടക്കി ഡോക്റ്ററാകുന്നത്‌ അല്ലെ

എന്ത് കഴിക്കണം

വൈദ്യന്റെ അടുത്തെത്തുന്ന രോഗിയ്ക്ക്‌ മരുന്നെഴുതിക്കഴിയുമ്പോള്‍ കിട്ടുന്ന ആദ്യത്തെ ചോദ്യം ഇതാണ്‌

"എന്തെങ്കിലും പഥ്യം ഉണ്ടൊ?"

രസകരമായ വസ്തുത എന്താണെന്നു വച്ചാല്‍ രോഗി ഉദ്ദേശിക്കുന്നത്‌ ഈ മരുന്ന് കഴിക്കുമ്പോള്‍ ഭക്ഷണത്തില്‍ എന്തെങ്കിലും ഒഴിവാക്കണോ എന്നാണ്‌

ഉപ്പ്‌ പഥ്യം എന്നു കേട്ടാല്‍ രോഗി മനസ്സിലാക്കുന്നത്‌ ഉപ്പ്‌ ഒഴിവാക്കണം എന്നാണ്‌ എന്നര്‍ത്ഥം.

പഥ്യം എന്ന വാക്കിനര്‍ത്ഥം ഇഷ്ടപ്പെട്ടത്‌ എന്നാണ്‌. അതായത്‌ ശരീരത്തിന്റെ ആ അവസ്ഥയ്ക്കു യോജിച്ചത്‌ വേണ്ടത്‌ എന്നൊക്കെ അര്‍ത്ഥം.

അതായത്‌ രോഗിയായാലും അല്ലെങ്കിലും ശരീരത്തിനു പഥ്യമായതാണ്‌ ഭക്ഷിക്കേണ്ടത്‌.

ആധുനികശാസ്ത്രം പറയുന്നതു പോലെ അല്ല ദ്രവ്യങ്ങളെ ആയുര്‍വേദം കാണുന്നത്‌. അതുകൊണ്ടു തന്നെ ആഹാരം കഴിക്കുന്ന കാര്യത്തില്‍ ആയുര്‍വേദരീതിയില്‍ നമുക്കു ചിന്തിക്കാം

എല്ലാ പ്രപഞ്ച വസ്തുക്കളെയും പോലെ ശരീരവും പഞ്ചഭൂതങ്ങളെ കൊണ്ടു നിര്‍മ്മിക്കപ്പെട്ടതാണ്‌.

അപ്പോള്‍ കഴിക്കുന്ന വസ്തുക്കളുടെ ഭൂതഘടന ശരീരത്തിന്റെ ഭൂതഘടനയ്ക്കനുസൃതമായിരിക്കണം.

എങ്കിലേ ശരീരത്തിന്‌ അതിന്റെ സ്വന്തം ഭൂതഘടന നിലനിര്‍ത്തുവാന്‍ സാധിക്കൂ.

ദ്രവ്യങ്ങളെ ആറു തരത്തിലുള്ള സ്വാദുകള്‍ ഉള്ളതായാണ്‌ ആയുര്‍വേദം പറയുന്നത്‌. ആധിനികര്‍ക്കു നാലു രസങ്ങളേ ഉള്ളു.

ആയുര്‍വേദത്തില്‍
"രസാഃ സ്വാദമ്ലലവണ തിക്തോഷണകഷായകാഃ"

മധുരം, പുളി, ലവണം(ഉപ്പ്‌), കയ്പ്പ്‌, എരുവ്‌, കഷായം (ചവര്‍പ്പ്‌) എന്ന് ആറു തരം രസങ്ങളെ പറയുന്നു.

"നിത്യം സര്‍വരസാഭ്യാസീ സ്യാത്‌"

ഇവയില്‍ ആറും എല്ലാ ദിവസവും ഉപയോഗിക്കേണ്ടതാണ്‌. പക്ഷെ അളവില്‍ വ്യത്യാസം ഉണ്ട്‌

ശരീരപ്രകൃതിക്കനുസരിച്ചും ആഹാരദ്രവ്യങ്ങള്‍ ക്രമീകരിക്കണം.

വാതപ്രകൃതിക്കാരന്‍ കൂടുതല്‍ എരുവുരസപ്രധാനമായവയോ/കഷായരസപ്രധാനമായവയൊ ഉപയോഗിച്ചാല്‍ ശരി ആകില്ല. അവന്‍ മധുരരസം കൂടുതല്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ കഫപ്രകൃതിക്കാരന്‌ തിരിച്ചാണ്‌.

താമസിക്കുന്ന ദേശത്തിനനുസരിച്ചും ആഹാരക്രമീകരണം വേണം

ആനൂപദേശത്തു താമസിക്കുന്നവര്‍ കൂടുതല്‍ മധുരരസം ഉപയോഗിച്ചാല്‍ കഫജന്യവികാരങ്ങള്‍ക്കു സാദ്ധ്യത ഉണ്ട്‌

എഴുതി എഴുതി ബുദ്ധി മുട്ടിക്കുന്നില്ല.

ആഹാര പദാര്‍ത്ഥങ്ങള്‍ പല തരം കൂട്ടി ചേര്‍ത്തു എല്ലാ രസങ്ങളും കിട്ടത്തക്കവണ്ണം ക്രമീകരിക്കണം

അവനവന്‍ താമസിക്കുന്ന സ്ഥലത്ത്‌ ഉണ്ടാകുന്ന വസ്തു അവനവന്റെ ശരീരത്തിന്റെ നിലനില്‍പ്പിനു യോജിച്ചവ ആയിരിക്കും.

ആരോടെങ്കിലും പഴങ്ങള്‍ കഴിക്കണം എന്നു പറഞ്ഞാല്‍ ആദ്യം അവര്‍ കടയില്‍ പോയി കുറെ ഓറഞ്ചും മുന്തിരിയും ആപ്പിളും വാങ്ങി കൊണ്ടു വരും
എന്താ ശരി അല്ലെ?

നല്ല പഴങ്ങള്‍ അല്ലെ?

ഒരു കാര്യം ശ്രദ്ധിക്കുക

പ്രകൃതിയ്ക്ക്‌ ശരി എന്താണ്‌ എന്നു നമ്മെക്കാള്‍ നന്നായി അറിയാം. അതുകൊണ്ട്‌ അത്‌ നല്ല വേനല്‍ കാലത്ത്‌ തണ്ണിമത്തയും മാങ്ങയും നിരനിരയായി കുലകുലയായി ഉല്‍പാദിപ്പിക്കുന്നു.

വേനലില്‍ വശം കെടുന്ന ജീവികള്‍ക്ക്‌ ആഹരിക്കാന്‍ പ്രകൃതി ദത്തമായ ഭക്ഷണം ഇവയാണ്‌.

"ഋതുഫലം സമര്‍പ്പയാമി" കേട്ടിട്ടുണ്ടൊ? അഗ്നിക്കു ഹോമിക്കേണ്ടത്‌ ഇതാണ്‌. അഗ്നി അവനവന്റെ ശരീരത്തിനുള്ളിലെ അഗ്നിയാണ്‌. ഈ യജ്ഞം ആണ്‌ അനുഷ്ടിക്കേണ്ടത്‌.

തണുപ്പു രാജ്യത്ത്‌ ശരീരം ചൂടാക്കാനുള്ള സാധനം വൈന്‍ എവിടെ നിന്നാണുണ്ടാക്കുന്നത്‌ ?

മുന്തിരി അല്ലെ?

അതെ മുന്തിരി ചൂടു രാജ്യത്ത്‌ കഴിച്ചാല്‍ എങ്ങനെ ഉണ്ടാകും?

അത്‌ കാലം നോക്കി വേണം എന്നര്‍ത്ഥം. വേനല്‍ കാലത്ത്‌ ഇഷ്ടഫലം മാങ്ങ ആണെങ്കില്‍ തണുപ്പുകാലത്ത്‌- ശിശിര ഋതുവില്‍ ഇഷ്ടഫലം മുന്തിരി ആണ്‌, ആപ്പിളും ആകാം.
അവ യഥാക്രമം ഉഷ്ണത്തിന്റെയും തണുപ്പിന്റെയും ആഘാതത്തില്‍ നിന്നും ശരീരത്തിനെ രക്ഷിക്കും എന്നര്‍ത്ഥം.

മറിച്ചായാലോ? ദോഷമായിരിക്കും ഫലം

ചുരുക്കത്തില്‍ പറഞ്ഞാല്‍ അവനവന്‍ താമസിക്കുന്നതിനു ചുറ്റുവട്ടം ഉണ്ടാകുന്ന പദാര്‍ത്ഥങ്ങള്‍ ആണ്‌ അവനവന്റെ ഇഷ്ടഭക്ഷണം. അതാണെങ്കില്‍ കാലാനുസൃതവും ദേശാനുസൃതവും ആയിരിക്കും മറ്റൊന്നും നോക്കേണ്ടി വരുന്നില്ല.

എല്ലാദിവസവും കഴിക്കരുതാത്ത പദാര്‍ത്ഥങ്ങളില്‍ ആണ്‌ ഉപ്പിനെ പെടുത്തിയിരിക്കുന്നത്‌. മിക്കപ്പോഴും കഴിക്കാം പക്ഷെ എല്ലാ ദിവസവും വേണ്ട.

പഴയ ബാറ്ററിയിലെ രാസവസ്തുക്കള്‍ പിണ്ടിയില്‍ ഇട്ടു വളര്‍ത്തി എടുത്ത വാഴപ്പഴവും, യൂറിയ യില്‍ തുകച്ചെടുത്ത പച്ചക്കറികളും, ജനിതക മാറ്റം വരുത്തിയ മറ്റു പദാര്‍ത്ഥങ്ങളും പഠിക്കാന്‍ മറ്റൊരു ചരകന്‍ ഉണ്ടാകുന്നതു വരെ അവനവന്‍ കൃഷി ചെയ്ത പദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ അവനവനു കൊള്ളാം.

ഇങ്ങനെ നോക്കിയാ അവസാനം പണ്ടൊരു വൈദ്യം പച്ചക്കറിക്കടയില്‍ പോയിട്ടു അവസാനം കുറച്ച്‌ ചിറ്റമൃതും വാങ്ങി വീട്ടില്‍ വന്നത്‌ ഹ ഹ ഹ :)

Monday, March 19, 2012

ആഹാരകാലം

ലൈഫ്‌ സ്റ്റെയില്‍ ഡിസൊര്‍ഡര്‍ Life Style Disorders
ഇംഗ്ലീഷില്‍ കേള്‍ക്കുമ്പോള്‍ രോമാഞ്ചം വരും അല്ലെ?
ഏതാണ്ടു വല്ല്യ സംഭവം.

ഇന്നത്തെ ലോകത്തില്‍ കാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണം ജീവിതചര്യയില്‍ വന്ന മാറ്റങ്ങള്‍ ആണ്‌ എന്നതു തര്‍ക്കമറ്റ സംഗതി ആണ്‌

അതുകൊണ്ട്‌ രോഗം വരാതെ എങ്ങനെ ശരീരത്തെ കാക്കാം എന്നറിയണ്ടെ?

അതല്ല ഒരു പടി കൂടി കടന്ന് ശരീരത്തെ എങ്ങനെ ആരോഗ്യം ഉള്ളതായി സൂക്ഷിക്കാം എന്നറിയണ്ടെ?

രോഗം ഇല്ലാഴിക അല്ല ആരോഗ്യം.

ആയുര്‍വേദം സ്വസ്ഥവൃത്തം എന്ന ഒരു പ്രകരണം തന്നെ ഇതിനായി മാറ്റി വച്ചിരിക്കുന്നു.

അതില്‍ വളരെ വിശദം ആയി പ്രതിപാദിച്ചിരിക്കുന്നതില്‍ നിന്നും നമുകാവശ്യമുള്ള ചില സംഗതികള്‍ ഇവിടെ പറയുവാന്‍ ശ്രമിക്കാം

ആഹാരം വിഹാരം എന്ന രണ്ടു വൃത്തികള്‍ ആണ്‌ പ്രതിപാദ്യവിഷയം.

ആഹാരം - സാധാരണ അര്‍ത്ഥം തന്നെ നാം എന്തു കഴിക്കുന്നു.

വിഹാരം നമ്മുടെ ദൈനം ദിന ചര്യകള്‍

ആദ്യമായി ആഹാരം ശ്രദ്ധിക്കാം

ആഹാരം ഇന്നത്തെ കണക്കിന്‌ എങ്ങനെ ഒക്കെ ആണ്‌ പറയുന്നത്‌?

ബ്രേക്‌ ഫാസ്റ്റ്‌ ഒരിക്കലും ഒഴിവാക്കരുത്‌. തുടങ്ങി ആധുനിക വിജ്ഞാനം പറയുന്നത്‌ കേട്ടിരിക്കുമല്ലൊ

എന്നാല്‍ ആയുര്‍വേദം പറയുന്ന രീതി വ്യത്യസ്ഥം ആണ്‌

ചരകന്‍ വിവിധാശിതപീതീയം വിമാനസ്ഥാനം തുടങ്ങി പലയിടത്തായി പറഞ്ഞവ കുറച്ചു കൂടി ലളിതം ആക്കി
വാഗ്ഭടന്‍ മാത്രാശിതീയം എന്ന ഒരു അദ്ധ്യായം ഇതു പറയാന്‍ വേണ്ടി ഉപയോഗിച്ചു.

അതില്‍ എന്തൊക്കെയാണ്‌ പറഞ്ഞിരിക്കുന്നത്‌ എന്നു നോക്കാം

ആഹാരം

1. എപ്പോള്‍ കഴിക്കണം

2. എന്തു കഴിക്കണം

3. എത്ര കഴിക്കണം

4. എങ്ങനെ കഴിക്കണം


എപ്പോള്‍ കഴിക്കണം

ആഹാരകാലം രണ്ടാണ്‌ പഴയവര്‍ പറഞ്ഞിട്ടുള്ളത്‌

"സായം പ്രാതര്‍മ്മനുഷ്യാണാം ഭോജനം വിധിനിര്‍മ്മിതം"

അല്ലാതെ മൂന്നു നേരവും നാലു നേരവും കഴിക്കാന്‍ പറഞ്ഞിട്ടില്ല.

പക്ഷെ കാലത്തും വൈകുന്നേരവും ഭക്ഷണം കഴിക്കണം എന്നല്ല വിധി

മുന്‍പു കഴിച്ച ആഹാരം ദഹിച്ചതിനു ശേഷമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളു

നാം അവിയല്‍ ഉണ്ടാക്കുമ്പോള്‍ പകുതി വെന്ത അവിയലിലേക്ക്‌ കുറച്ചു കൂടി പച്ച കഷണങ്ങള്‍ ചേര്‍ക്കാറുണ്ടൊ?

ചേര്‍ത്താല്‍ എന്തു സംഭവിക്കും?

അവിയല്‍ കൊള്ളുകയില്ല അത്ര തന്നെ

അല്ലെങ്കില്‍ അരി പകുതി വേവാകുമ്പോള്‍ കുറച്ചു കൂടി അരി ഇട്ടാല്‍ ചോര്‍ എങ്ങനിരിക്കും?

ഇതെ പോലെ ശരീരത്തിനുള്ളില്‍ ഒരിക്കല്‍ എത്തിപ്പെട്ട ആഹാരപദാര്‍ത്ഥത്തിന്റെ ദഹനപ്രക്രിയ തുടങ്ങി കഴിഞ്ഞാല്‍, അതു പൂര്‍ത്തിയായി ആമാശയത്തില്‍ നിന്നും ഒഴിവാകുന്നതിനു മുന്‍പായി മറ്റൊരു പദാര്‍ത്ഥം കഴിച്ചാല്‍, ശരിയായ ദഹനപ്രക്രിയ നടക്കില്ല.

ഈ ശരിയായ എന്ന പ്രയോഗം ശ്രദ്ധിക്കണം.

അല്‍പം കുറച്ച്‌ എന്തെങ്കിലും ചെന്നാല്‍ ചിലപ്പോള്‍ ശരീരം അതിനെ എങ്ങനെ എങ്കിലും ഒതുക്കി കൊള്ളും.

പക്ഷെ ചില ഘട്ടങ്ങളില്‍ ആദ്യം കഴിച്ച ആഹാരത്തിന്റെ ദഹനപ്രക്രിയയും ആയി പൊരുത്തപ്പെടാത്ത വസ്തു ആണ്‌ ചെല്ലുന്നത്‌ എങ്കില്‍ ശരീരം മറ്റൊരു രീതിയില്‍ പ്രതികരിക്കും

എങ്ങനെ?

മൊത്തം സാധനവും പുറം തള്ളും ഛര്‍ദ്ദിയായിരിക്കും ചിലപ്പോള്‍

അഥവാ അമാശയത്തില്‍ നിന്നും കുറച്ചു താഴേക്കു പോയിട്ടുണ്ടെങ്കില്‍ വയറിളക്കവും ഉണ്ടായി എന്നു വരും.

അതു പോയി തീര്‍ന്നാല്‍ സുഖമാക്കയും ചെയ്യും. എന്നാല്‍ നാം എന്താണു ചെയ്യുക?

ഓട്ടമായി ആശുപത്രിയിലേക്ക്‌.

ഗുളിക വിഴുങ്ങുന്നു

അതും പുറമെ വരുന്നു ഉടന്‍ കുത്തിവയ്പ്പായി. പിന്നെ ഡ്രിപ്‌ ആയി

ഇതിനിടയില്‍ ഉള്ളതെല്ലാം ഛര്‍ദ്ദിയായും വയറിളക്കമായും പുറമെ പോകുന്നതിനാല്‍ രോഗി സുഖപ്പെടുന്നു, രക്ഷപെടുന്നു. കൂട്ടത്തില്‍ ആശുപത്രിക്കാരും രക്ഷപെടുന്നു.

എല്ലാ ഛര്‍ദ്ദിയും വയറിളക്കവും അല്ല ഇവിടെ പറഞ്ഞത്‌. കാലം തെറ്റി വേണ്ടാത്ത ഭക്ഷണം കഴിച്ചതു കൊണ്ടുണ്ടാകുന്നതാണ്‍.

പക്ഷെ ഇന്നത്തെ കാലത്ത്‌ ഒന്നു കൂടി സൂക്ഷിക്കണം ഹോട്ടലില്‍ പോയാല്‍ മൂന്നു ദിവസം പഴക്കമുള്ളതും പുളിച്ചതും വളിച്ചതും എല്ലാം കിട്ടിയേക്കും. അതു കഴിച്ചുണ്ടാകുന്നതാണെങ്കില്‍ ആശുപത്രിയില്‍ പോയേക്കണെ ഇല്ലെങ്കില്‍ ചിലപ്പോല്‍ വിവരം അറിയും.

അപ്പോള്‍ പറഞ്ഞു വന്നത്‌ കാലം തെറ്റി കഴിക്കുന്ന കാര്യം

അതിനെ "വിഷമാശനം" എന്നു ആയുര്‍വേദം വിളിക്കും

" അകാലേ ബഹു വാല്‍പം വാ ഭുക്തം തു വിഷമാശനം"

അകാലത്തില്‍ - അതായത്‌ വേണ്ട സമയത്തല്ലാതെ കുറച്ചോ കൂടുതലൊ ആയി എന്തു കഴിക്കുന്നതും വിഷമാശനം എന്നു പറയപ്പെടുന്നു.

എങ്കില്‍ എന്താണ്‌ ശരിയായ ആഹാരകാലം?


"വിസൃഷ്ടെ വിണ്മൂത്രെ ഹൃദി സുവിമലെ ദോഷെ സ്വപഥഗേ
വിശുദ്ധെ ചോദ്ഗാരെ ക്ഷുദുപഗമെ വാതേനുസരതി
തഥഗ്നാവുദ്രിക്തെ വിശദകരണെ ദേഹെ ച സുലഘൗ
പ്രയുഞ്ജീതാഹാരം വിധിനിയമിതഃ കാലഃ സ ഹി മതഃ"


ഇത്രയും കാര്യങ്ങള്‍ നോക്കണം

മലമൂത്രവിസര്‍ജ്ജനം നടന്നിരിക്കണം
ഹൃദയവൈമല്യം ഉണ്ടാകണം
ദോഷങ്ങള്‍ സ്വപഥ സഞ്ചാരികള്‍ ആയിരിക്കണം
ഉദ്ഗാരം ശുദ്ധമായിരിക്കണം
വിശപ്പുണ്ടായിരിക്കണം
വാതാനുലോമ്യം ഉണ്ടാകണം
അഗ്നി ദീപ്തമായിരിക്കണം
ഇന്ദ്രിയങ്ങള്‍ തെളിഞ്ഞിരിക്കണം
ദേഹം ലഘുവായിരിക്കണം

ഇതൊക്കെ വൈദ്യന്‍ പരീക്ഷിച്ചറിയേണ്ട കാര്യം.

സാധാരണ ഒരാള്‍ ശ്രദ്ധിക്കേണ്ടത്‌
വിശപ്പുണ്ടായിരിക്കണം.
മുന്‍പു ആഹാരം കഴിച്ചത്‌ കുറഞ്ഞത്‌ മൂന്നു മണിക്കൂര്‍ എങ്കിലും മുന്‍പായിരിക്കനം.
ഏമ്പക്കം വരുന്നെങ്കില്‍ അതില്‍ മുന്‍പു കഴിച്ച ആഹാരത്തിന്റെ ഗന്ധം ഉണ്ടാകരുത്‌.
ശരീരതളര്‍ച്ച ഉണ്ടായിരിക്കരുത്‌- ലഘുത്വം വേണം.

എന്നാല്‍ ഇന്നു നാം കാണുന്നതോ?

അമ്മമാരും അച്ഛന്മാരും ടൈം ടേബിള്‍ വച്ചല്ലെ അടിച്ചു തീറ്റിക്കുന്നത്‌

വളര്‍ന്നാലൊ?

മീറ്റിംഗ്‌ - ഇടയ്ക്കിടക്ക്‌ ചായ , വറുത്തത്‌ , പൊരിച്ചത്‌, മിക്സ്ചര്‍, തേങ്ങാക്കൊല മാങ്ങാത്തൊലി

കാലത്ത്‌ വീട്ടില്‍ നിന്നും കഴിച്ച ലഘു ഭക്ഷണം അകത്തു കിടന്നു കരയും. അതിനു മുകളിലേക്ക്‌ ആണ്‌ ഈ വഹകള്‍

രണ്ടു മീറ്റിംഗ്‌ ഉണ്ടെങ്കില്‍ പരയണ്ടാ

ഇനി അതുമല്ല വീട്ടില്‍ ചൊറിയും കുത്തി ഇരിക്കുന്ന സമയത്തോ

ടി വി തുറന്നു
കയ്യില്‍ ഒരു പൊതി എടുത്തു

വിഡ്ഢിപ്പെട്ടി എന്ന പേര്‍ അന്വര്‍ത്ഥമാക്കി കൊണ്ട്‌ അതിനു മുന്നില്‍ ഇരുന്നു തീറ്റ. കപ്പലണ്ടിയോ ചിപ്സൊ എന്തു കുന്തമായാലും

അല്ല ഇതൊക്കെ കൊണ്ടല്ലെ ആശുപത്രികള്‍ നിലനില്‍ക്കുന്നത്‌. ലക്ഷോപലക്ഷം ആളുകള്‍ അതു കൊണ്ടല്ലെ ജീവിക്കുന്നത്‌ നടക്കട്ടെ

സാറന്മാരെ ആഹാരകാലം നോക്കിയെ ഇനി കഴിക്കാവെ.

ബാക്കി മൂന്നെണ്ണം പിന്നാലെ എഴുതാം എല്ലാം കൂടി ദഹനക്കേടാകണ്ടാ

Wednesday, February 08, 2012

ശ്യാമളാദണ്ഡകം

മാണിക്യവീണാമുപലാളയന്തീം മദാലസാം മഞ്ജുളവാഗ്വിലാസാം
മാഹേന്ദ്രനീലദ്യുതികോമളാംഗീം മാതംഗകന്യാം സതതം സ്മരാമി

ചതുർഭുജേ ചന്ദ്രകലാവതംസേ
കുചോന്നതേ കുങ്കുമരാഗശോണേ
പുണ്ഡ്രേക്ഷുപാശാംകുശപുഷ്പബാണ
ഹസ്തേ നമസ്തേ ജഗദേകമാത

മാതാമരതകശ്യാമാ മാതംഗീ മദശാലിനീ
കടാക്ഷയതു കല്ല്യാണീ കദംബവനവാസിനീ

ജയമാതംഗതനയെ ജയ നീലോല്പലദ്യുതേ
ജയ സംഗീതരസികേ ജയലീലാശുകപ്രിയേ
ജയജനനിസുധാസമുദ്രാന്ത ഹൃദ്യന്മണിദ്വീപ
സംരൂഢവില്വാടവീമദ്ധ്യകല്പദ്രുമാകല്പകാദംബകാന്താരവാസപ്രിയെ
കൃത്തിവാസപ്രിയേ സർവലോകപ്രിയേ

സാദരാരബ്ദ്ധസംഗീതസംഭാവനാസംഭ്രമാലോലനീപസ്രഗാബദ്ധചൂളീസനാഥത്രികേ സാനുമല്പുത്രികേ

ശേഖരീഭൂതശീതാംശുരേഖാമയൂഖാവലീബദ്ധസുസ്നിഗ്ദ്ധനീലാളകശ്രേണീശൃംഗാരിതേ ലോകസംഭാവിതേ

കാമലീലാധനുസ്സന്നിഭഭ്രൂലതാപുഷ്പസംദോഹസന്ദേഹകൃല്ലോചനേ വാക്‌സുധാസേചനേ
ചാരുഗോരോചനാപങ്കകേളീലലാമാഭിരാമെ സുരാമേ രമേ

പ്രോല്ലസദ്‌വാലികാ മൗക്തികശ്രേണികാചന്ദ്രികാമണ്ഡലോത്ഭാസിലാവണ്യഗണ്ഡസ്ഥലന്യസ്തകസ്തൂരികാപത്രരേഖാസമുദ്ഭൂതസൗരഭ്യസംഭ്രാന്തഭൃംഗാംഗനാഗീതസാന്ദ്രീഭവന്മന്ദ്രതന്ത്രീസ്വരേ സുസ്വരേ ഭാസ്വരേ

വല്ലകീവാദനപ്രക്രിയാലോലതാലീദലാബദ്ധ
താടങ്കഭൂഷാവിശേഷാന്വിതേ സിദ്ധസമ്മാനിതേ

ദിവ്യഹാലാമദോദ്വേലഹേലാലസച്ചക്ഷുരാന്ദോളനശ്രീസമാക്ഷിപ്തകർണ്ണൈകനീലോല്പലേ ശ്യാമളേ
പൂരിതാശേഷലോകാഭിവാഞ്ഛാഫലേ നിര്‍മ്മലേ ശ്രീഫലേ


സ്വേദബിന്ദൂല്ലസദ്ഫാലലാവണ്യനിഷ്യന്ദസന്ദോഹസന്ദേഹകൃന്നാസികാമൗക്തികേ സർവസിദ്ധ്യാത്മികെ കാളികേ
മുഗ്ദ്ധമന്ദസ്മിതോദാരവക്ത്രസ്ഫുരത് പൂഗതാംബൂലകർപൂരഖണ്ഡോൽകരേ ജ്ഞാനമുദ്രാകരേ ശ്രീകരേ പദ്മഭാസ്വൽകരേ

കുന്ദപുഷ്പദ്യുതിസ്നിഗ്ദ്ധദന്താവലീനിർമ്മലാലോലകല്ലോലസമ്മേളനസ്മേരശോണാധരേ ചാരുവീണാധരേ പക്വബിംബാധരേ

സുലളിതനവയൗവനാരംഭചന്ദ്രോദയോദ്വേലലാവണ്യദുഗ്ദ്ധാർണ്ണവാവിർഭവൽ കംബുബിംബോകഭൃൽകന്ധരേ സൽകലാമന്ദിരേ മന്ഥരേ
ദിവ്യരത്നപ്രഭാബന്ധുരഛന്നഹാരാദിഭൂഷാസമുദ്യോതമാനാനവദ്യാംഗശോഭേ ശുഭേ

രത്നകേയൂരരശ്മിഛടാപല്ലവപ്രോല്ലസദ്ദോർല്ലതാരാജിതേ യോഗിഭിഃ പൂജിതേ
വിശ്വദിങ്ങ്മണ്ഡലവ്യാപിമാണിക്യതേജസ്ഫുരൽകങ്കണാലംകൃതേ ബിഭ്രമാലംകൃതേ

സാധുഭിഃ പൂജിതേ വാസരാരംഭവേലാസമുജ്ജൃംഭമാണാരവിന്ദപ്രതിദ്വന്ദി പാണിദ്വയേ സന്തതോദ്യദ്ദയേ അദ്വയേ

ദിവ്യരത്നോർമ്മികാദീധിതിസ്തോമസന്ധ്യായമാനാംഗുലീപല്ലവോദ്യന്നഖേന്ദുപ്രഭാമണ്ഡലേ സന്നതാഖണ്ഡലേ ചിത്പ്രഭാമണ്ഡലേ പ്രോല്ലസത് കുണ്ഡലേ

താരകാരാജിനീകാശഹാരാവലിസ്മേര ചാരുസ്തനാഭോഗഭാരാനമന്മദ്ധ്യവല്ലീ വലിഛേദവീചീസമുദ്യത്സമുല്ലാസസന്ദർശിതാകാരസൗന്ദര്യരത്നാകരേ വല്ലകീഭൃൽക്കരേ കിങ്കരശ്രീകരേ
ഹേമകുംഭോപമോത്തുംഗവക്ഷോജഭാരാവനമ്രേ ത്രിലോകാവനമ്രേ ലസദ്വൃത്തഗംഭീരനാഭീസരസ്തീര ശൈവാലശങ്കാകരശ്യാമരോമാവലീഭൂഷണേ മഞ്ജുസംഭാഷണെ ചാരുശിഞ്ജൽകടീസൂത്രനിർഭത്സിതാനംഗലീലാധനുശ്ശിഞ്ജിനീഡംബരേ ദിവ്യരത്നാംബരേ

പത്മരാഗോല്ലസന്മേഖലാമൗക്തികശ്രോണിശോഭാജിതസ്വർണ്ണഭൂഭൃത്തലേ ചന്ദ്രികാശീതളേ വികസിതനവകിംശുകാതാമ്രദിവ്യാംശുകഛന്നചാരൂരുശോഭാപരാഭൂതസിന്ദൂരശോണായമാനേന്ദ്രമാതംഗഹസ്താർഗ്ഗളേ വൈഭവാനർഗ്ഗളേ ശ്യാമളേ
കോമളസ്നിഗ്ദ്ധ നീലോല്പലോല്പാദിതാനംഗതൂണീരശങ്കാകരോദാരജംഘാലതേ ചാരുലീലാഗതേ
നമ്രദിക്‌പാലസീമന്തിനീകുന്തളസ്നിഗ്ദ്ധനീലപ്രഭാപുഞ്ജസംജാതദൂർവാങ്കുരാശങ്കസാരംഗസംയോഗരിംഖന്നഖേന്ദുജ്വലേ പ്രോജ്ജ്വലേ നിർമ്മലേ
പ്രഹ്വദേവേശലക്ഷ്മീശ ഭൂതേശ ലോകേശ വാണീശ കീനാശ ദൈത്യേശ യക്ഷേശ വായ്വഗ്നികോടീര മാണിക്യ സംഹൃഷ്ട വാലാതപോദ്ദാമലാക്ഷാരസാരുണ്യതാരുണ്യലക്ഷ്മീഗൃഹീതാംഘ്രിപത്മേ സുപത്മേ ഉമേ

സുരുചിരനവരത്നപീഠസ്ഥിതേ സുസ്ഥിതേ
രത്നപത്മാസനേ രത്നസിംഹാസനേ
ശംഖപത്മദ്വയോപാശ്രിതേ വിശ്രുതേ
തത്ര വിഘ്നേശദുർഗ്ഗാവടുക്ഷേത്രപാലൈർ യുതേ
മത്തമാതംഗകന്യാസമൂഹാന്വിതേ
ഭൈരവൈരഷ്ടഭിർവേഷ്ടിതേ

മഞ്ജുളാമേനകാദ്യംഗനാമാനിതേ
ദേവി വാമാദിഭിഃ ശക്തിഭിഃ സേവിതേ
ധാത്രിലക്ഷ്മ്യാദി ശക്ത്യഷ്ടകൈഃ സംയുതേ
മാതൃകാമണ്ഡലൈർമണ്ഡിതേ
യക്ഷഗന്ധർവസിദ്ധാംഗനാമണ്ഡലൈരർച്ചിതേ

ഭൈരവീസംവൃതേ പഞ്ചബാണാത്മികേ
പഞ്ചബാണേന രത്യാ ച സംഭാവിതേ
പ്രീതിഭാജാ വസന്തേന ചാനന്ദിതേ
ഭക്തിഭാജാം പരം ശ്രേയസേ കല്പസേ

യോഗിനാം മാനസേ ദ്യോതസെ
ഛന്ദസാമോജസാ ഭാജസേ
ഗീതവിദ്യാവിനോദാദി തൃഷ്ണേന കൃഷ്ണേന സമ്പൂജ്യസേ
ഭക്തിമച്ചേതസാ വേധസാസ്ഥൂയസേ

വിശ്വഹൃദ്യേന വാദ്യേന വിദ്യാധരൈർഗീയസെ
ശ്രവണഹരദക്ഷിണക്വാണയാ വീണയാ
കിന്നരൈർഗീയസേ

യക്ഷഗന്ധർവസിദ്ധാംഗനാമണ്ഡലൈർച്യസേ
സർവസൗഭാഗ്യവാഞ്ഛാവതീഭിർ വധൂഭിഃ സുരാണാം സമാരാദ്ധ്യസേ
ഗീതവിദ്യാവിശേഷാത്മകം ചാടുഗാധാസമുച്ചാരണാത്
കണ്ഠമൂലോല്ലസദ്വർണ്ണരാജിത്രയം
കോമളശ്യാമളോദാരപക്ഷദ്വയം
തുണ്ഡശോഭാതിദൂരീഭവത് കിം ശുകം
തം ശുകം ലാളയന്തീ പരിക്രീഡസേ
പാണിപത്മദ്വയേനാക്ഷമാലാമപി സ്ഫാടികീം
ജ്ഞാനസാരാത്മകം പുസ്തകം ചാങ്കുശം പാശമാബിഭ്രതീ
യേന സംചിന്ത്യസേ ചേതസാ
തസ്യ വക്ത്രാന്തരാത്
ഗദ്യപദ്യാത്മികാ ഭാരതീ നിസ്സരേത്
യേന വാ യാവകാഭാകൃതിർഭാവ്യസെ
തസ്യ വശ്യാ ഭവന്തി സ്ത്രിയഃ പൂരുഷാഃ
യേന വാശാതകംഭദ്യുതിർഭാവ്യസേ
സോപി ലക്ഷ്മീ സഹസ്രൈഃ പരിക്രീഡതേ
കിം ന സിദ്ധ്യേത് വപുഃ ശ്യാമളം കോമളം
ചന്ദ്രചൂഡാന്വിതം താവകം ധ്യായതഃ
തസ്യ ലീലാസരോ വാരിധിഃ
തസ്യ കേളീവനം നന്ദനം
തസ്യ ഭദ്രാസനം ഭൂതലം
തസ്യ വാക്ദേവതാ കിംകരീ
തസ്യ ചാജ്ഞാകരീ ശ്രീസ്വയം

സർവ തീർഥാത്മികേ സർവ മന്ത്രാത്മികേ
സർവ യന്ത്രാത്മികേ സർവ തന്ത്രാത്മികേ
സർവ ചക്രാത്മികേ സർവ ശക്ത്യാത്മികേ
സർവ പീഠാത്മികേ സർവ വേദാത്മികേ
സർവ വിദ്യാത്മികേ സർവ യോഗാത്മികേ
സർവ വർണ്ണാത്മികേ സർവ ഗീതാത്മികേ

സർവ നാദാത്മികേ സർവ ശബ്ദാത്മികേ
സർവ വിശ്വാത്മികേ സർവ വർഗ്ഗാത്മികേ
സർവ സർവാത്മികേ സർവഗേ സർവരൂപേ
ജഗന്മാതൃകേ പാഹിമാം പാഹിമാം പാഹിമാം
ദേവി തുഭ്യം നമോ ദേവി തുഭ്യം നമോ ദേവി തുഭ്യം നമഃ

Friday, January 20, 2012

പ്രപഞ്ചം Repost

പരിണാമം, വിക്കി, ക്വാണ്ടം, പ്രപഞ്ചം
മുമ്പു രണ്ടു പോസ്റ്റുകളില്‍ പരിണാമം, വിക്കിയില്‍ നിന്നും ക്വോട്‌ ചെയ്ത ക്വാണ്ടം ഇവ എഴുതിയതിന്‌ ഒരു പ്രത്യേക കാരണം ഉണ്ട്‌.

അജ്ഞാതന്റെ പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ വന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും.

പ്രപഞ്ചത്തിന്റെ സത്യാവസ്ഥയെ കുറിച്ച്‌ അറിയുവാന്‍ എല്ലാവരും ഉത്സുകരാണ്‌ എന്നത്‌ ഒരു വെറും പരമാര്‍ത്ഥം. എന്നാല്‍ അതിനെ പറ്റി നമുക്കറിയുന്നതിനെക്കാള്‍ വളരെ കൂടുതല്‍ അറിയാത്തതാണ്‌ എന്നത്‌ അടുത്ത പരമാര്‍ത്ഥം.

എങ്കില്‍ നിഷ്പക്ഷമായി ചില ചിന്തകള്‍. ഇതില്‍ ദയവു ചെയ്ത്‌ മതം ഇന്നത്തെ രീതിയിലുള്ളത്‌ കാണരുതെന്നപേക്ഷ.

രസതതന്ത്രത്തില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്ന ഒരു ഉദാഹരണമാണ്‌ "ഒരു വസ്തുവിനെ വിഭജിച്ചു വിഭജിച്ച്‌ ഏറ്റവും ചെറിയ വിഭജിക്കാനാകാത്ത കണമാക്കിയാല്‍ --"

അന്ന്‌ അതു വിശ്വസിച്ചിരുന്നു. അങ്ങനെ വിഭജിച്ചു വിഭജിച്ച്‌ വിഭജിക്കാനാകാത്ത ഒരു കണം ഉണ്ടാകും എന്ന്‌.

പിന്നീടുള്ള ക്ലാസുകളില്‍ പഠിച്ചു ആറ്റം -അതും മറ്റു പല കണങ്ങള്‍(?) കൊണ്ടുണ്ടാക്കപ്പെട്ടതാണെന്നും അതിനെയും വിഭജിക്കാം എന്നും. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ പഠിച്ചു sub atomic particles വളരെയധികം ഉണ്ടെന്ന്‌.

പിന്നീട്‌ മനസ്സിലായി ഇവയൊക്കെ പൊളിഞ്ഞാല്‍ കണമൊന്നും അവശേഷിക്കില്ലെന്ന്‌.

ഈ പഠിച്ചിടത്തൊക്കെ രസതന്ത്രപ്രകാരം വസ്തു പരിണമിക്കുന്നതും പ്രതിപ്രവര്‍ത്തിക്കുന്നതും മറ്റും ചില നിയമങ്ങള്‍ക്കനുസരിച്ചാണ്‌ എന്നു പറഞ്ഞിരുന്നു.

പിന്നീട്‌ ക്വാണ്ടത്തെ കുറിച്ച്‌ കേട്ടു. പഠിച്ചപ്പോള്‍ തോന്നി ഏറ്റവും താഴെ എത്തി കണവും ഇല്ല എന്ന അവസ്ഥ പറഞ്ഞില്ലേ - അവിടെ തൊട്ടടുത്ത, കണമാണോ അല്ലയോ എന്ന വഴുക പരുവത്തില്‍ ഉള്ള അളക്കാനാകുന്ന ഒരു unit അതാണ്‌ ക്വാണ്ടം എന്നു ധരിച്ചു (ശരിയാണോ എന്നറിയില്ല ഇപ്പോഴും - പുലികള്‍ സഹായിക്കും എന്നു കരുതുന്നു)

അപ്പോള്‍ സംശയം പിന്നെയും കൂടി

ആ ഒരളവു 'സാധനം' ആണ്‌ അതിനു മുകളില്‍ ഉള്ള എല്ലാറ്റിനും കാരണം എങ്കില്‍ - അങ്ങനെ അതിനു മുകളില്‍ ഉള്ള ഏതു വസ്തുവിനും പരിണാമ പ്രക്രിയയ്ക്കിടയില്‍ ക്വാണ്ടം എന്നു വിളിക്കാവുന്ന ഒരു stage എപ്പോഴും ഉണ്ടാകില്ലേ?

ക്വാണ്ടം എന്നത്‌ ചെറുതാകണം എന്നു നിര്‍ബന്ധമുണ്ടോ?

ഇതൊന്നും കൂടുതല്‍ പഠിക്കുവാന്‍ അവസരം ഉണ്ടായില്ല

എന്നാല്‍ അതിനിടയിലാണ്‌ ഭാരതീയദര്‍ശനങ്ങള്‍ പഠിക്കുവാനിടയായത്‌.

ദര്‍ശനങ്ങള്‍ പലത്‌. അവയിലൊന്ന് വൈശേഷികദര്‍ശനം. കണാദന്‍ എന്ന മുനി ആചാര്യന്‍. രസതന്ത്രത്തില്‍ വിഭജിച്ചു വിഭജിച്ചെത്തുന്നതു പറഞ്ഞതുപോലെ ഇദ്ദേഹവും വിഭജിച്ചു വിഭജിച്ച്‌ പരമാണുവിലെത്തി.
പഞ്ചഭൂതങ്ങളുടെ ഏറ്റവും ചെറിയ തന്മാത്ര. അവ രണ്ടെണ്ണം ചേര്‍ന്ന്‌ ഒരു ദ്വ്യണുകം, അവ രണ്ടെണ്ണം ചേര്‍ന്ന്‌ ചതുരണുകം ഇപ്രകാരം വസ്തു വലുതാകുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു.

ഇവിടെ പരമാണുക്കള്‍ ഉണ്ടാകുന്നതിനുള്ള അടിസ്ഥാനവസ്തു അവ്യക്തം എന്ന നിര്‍വചിക്കപ്പെടാനാകാത്ത ഒന്നാണ്‌.

ചേതനമല്ലാത്ത ഇവയ്ക്ക്‌ തന്നെ യോജിക്കുവാനോ വേര്‍പെടുവാനോസാധ്യമല്ല അതുകൊണ്ട്‌ ആ പണി ചെയ്യിക്കുവാന്‍ അദ്ദേഹം പുറമേ ഒരു ഈശ്വരനെയും കൂട്ടു പിടിച്ചു.

അതായത്‌ കുശവന്‍ മണ്ണുപയോഗിച്ചു കലം ഉണ്ടാക്കുന്നതുപോലെ ഈശ്വരന്‍ അവ്യക്തം തുടങ്ങിയ പദാര്‍ത്ഥം ഉപയോഗിച്ച്‌ പ്രപഞ്ചം സൃഷ്ടിച്ചു എന്ന്‌.

ഇത്രയും ആയപ്പോള്‍ രസതന്ത്രം പഠിച്ചപ്പോള്‍ കേട്ട 'നിയമം' ഓര്‍മ്മ വന്നു.
അതെങ്ങനെ? ആരെങ്കിലും പുറമെ നിന്നു നിയന്ത്രിക്കുന്നോ അതോ ആ നിയമങ്ങള്‍ അകത്തു തന്നെ ആണോ?

ശരി എന്നു തോന്നിക്കുന്ന ഒരു ഉത്തരം കിട്ടിയില്ല.

അടുത്തതായി ബുദ്ധദര്‍ശനം പഠിച്ചു. അദ്ദേഹം ഈശ്വരനെ ഒഴിവാക്കി. സംഘാതം എന്ന ഒരു പ്രതിഭാസം അവതരിപ്പിച്ചു.

നമ്മുടെ ക്വാണ്ടം ഏകദേശം അതുപോലിരിക്കും.

അതിനോടു സാമ്യമുള്ളവയായതുകൊണ്ടാണ്‌ ഞാന്‍ മേല്‍പറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ചത്‌.

അതായത്‌ ഒരു വസ്തു , അതെന്തു തന്നെ ആകട്ടെ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു.

ആ പരിണാമത്തിന്റെ ഏറ്റവും അടുത്ത രണ്ടു ഘട്ടങ്ങളില്‍, ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു മാറുന്ന ആ gap അതിനെ തല്‍ക്കാലം ഒരു 'മാത്ര' എന്നു വിളിക്കാം.

അപ്പോള്‍ ആ മാത്രയ്ക്കു മുമ്പുള്ളതും അതിനു ശേഷമുള്ളതും രണ്ടു വസ്തുക്കള്‍ ആണ്‌. അവയുടെ വ്യത്യാസം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു അനുഭവവേദ്യമാകണമെന്നില്ല എന്നു മാത്രം.

ഇതില്‍ ആദ്യത്തേത്‌ കാരണമായും രണ്ടാമത്തേത്‌ കാര്യം ആയും വരും. അങ്ങനെ കാരണകാര്യങ്ങളുടെ ഒരു ശൃംഖല. ഓരോ കാര്യവും അടുത്തതിന്റെ കാരണം ആണ്‌.

അപ്രകാരം നിരന്തരം പരിണമിക്കുന്നതുകൊണ്ടാണ്‌ മാങ്ങ പഴുക്കുന്നത്‌.

ഇങ്ങനെ ഈരണ്ട്‌ മാത്രകള്‍ക്കിടയില്‍ കാണുന്ന ഓരോരോ സംഘാതങ്ങള്‍ -ക്വാണ്ടങ്ങള്‍(?) - ഇതാണ്‌ പ്രപഞ്ചം എന്ന്‌ ബൗദ്ധദര്‍ശനം പറഞ്ഞു.


ഇവിടെ നിയന്ത്രിക്കുവാന്‍ ഈശ്വരന്‍ ഇല്ല. അപ്പോള്‍ വീണ്ടും സംശയം ആയി. ഈ പരിണാമ പ്രക്രിയ എന്തു നിയമങ്ങളെ അനുസരിച്ചാണ്‌?

ആ നിയമങ്ങള്‍ അതിനുള്ളിലോ പുറത്തോ?

പുറത്താണെങ്കില്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും പിന്നാലെ അങ്ങനെ ഒരു നിയന്താവ്‌ നടന്നു കൊണ്ടിരിക്കണം എന്നല്ലാ നിയന്താവിനിരിക്കുവാന്‍ ഇടം പോലും ഉണ്ടാവില്ല.

പിന്നെ അകത്താണൊ?

Added Later

അകത്താണെങ്കില്‍ എന്തിനകത്ത്‌? അകം എന്നത്‌ എത്രവരെ പോകാം?

അതും മനസ്സിലായില്ല.

പക്ഷെ നിയന്താവ്‌ വസ്തു എന്ന രണ്ട്‌ അടിസ്ഥാനപദാര്‍ഥങ്ങള്‍ അസംഭാവ്യം എന്ന്‌ സങ്കല്‍പത്തെ സംശയിക്കുവാന്‍ തുടങ്ങി.

ന്യായദര്‍ശനം വൈശേഷികത്തിന്റെ പാത തന്നെ.

സാംഖ്യം അവ്യക്തത്തെ മുറുകെപ്പിടിക്കുന്നു.

യോഗം പഠിച്ചു അതില്‍ കൃഷ്ണന്റെ ഭഗവത്‌ ഗീത പഠിച്ചു കൊണ്ടിരിക്കുമ്പോള്‍, യോഗത്തെ സേശ്വരം എന്നു പറഞ്ഞിടത്ത്‌ സംശയമായി. വൈശേഷികര്‍ പറയുന്ന ഈശ്വരന്‍ ഗീതയില്‍ കാണുന്നില്ല.

"ഏകം സാംഖ്യം ച യോഗം ച" എന്ന കൃഷ്ണന്റെ വാക്കുകള്‍ കേട്ടപ്പോള്‍, സാംഖ്യത്തിനും അല്‍പം മാപ്പു കൊടുത്തു.

ആ പശ്ചാത്തലത്തിലാണ്‌ ശ്രീ ശങ്കരന്റെ അദ്വൈതം പഠിക്കുന്നത്‌.

ആദ്യം തന്നെ വൈശേഷികരുടെ പരമാണുക്കളെ പരിശോധിച്ചു.

രണ്ട്‌ പരമാണുക്കള്‍ ചേര്‍ന്നാല്‍ അതിലും വലിയ ഒരു വസ്തുവാകും എന്നാണല്ലൊ വയ്പ്പ്‌. കീഴോട്ട്‌ കീഴോട്ട്‌ വിഭജിച്ചു കൊണ്ടു വരാന്‍ സാധിക്കും എങ്കില്‍ മുകളിലേക്ക്‌ മുകളിലേക്ക്‌ വളര്‍ത്തിക്കൊണ്ടു വരുവാനും സാധിക്കണമല്ലൊ.

അവിടെ ഒരു പ്രശ്നം.

രണ്ട്‌ പരമാണുക്കള്‍ തമ്മില്‍ എങ്ങനെ സന്ധിക്കും? പറൗന്നത്‌ പ്രപഞ്ചത്തിന്റെ അടിസ്ഥാനവസ്തുവിനെ പറ്റിയാണ്‌. അതിന്റെ ഏറ്റവും ചെറിയ - വിഭജിക്കാനാകാത്ത - കണം. അങ്ങനെ രണ്ടെണ്ണം. അവയ്ക്ക്‌ എങ്ങനെ കൂടിച്ചേരുവാന്‍ സാധിക്കും?

വശങ്ങള്‍ തമ്മില്‍? മുകളിലും താഴെയും?

പറയുമ്പോള്‍ വളരെ എളുപ്പമായിരുന്നു.

പക്ഷെ 'വശം' ഉണ്ടൊ വശങ്ങള്‍ ഉണ്ടോ? മുകള്‍ഭാഗം ഉണ്ടോ? താഴ്ഭാഗം ഉണ്ടോ? അപ്പോള്‍ വീണ്ടും വിഭജിക്കാം അല്ലേ?

അങ്ങനെ വീണ്ടും വിഭജിച്ചു ഒരു 'വശം' മാത്രമേ ഉള്ളു ആ വശം മാത്രമായതാണൊ കണം?

അങ്ങനെ ഉള്ള രണ്ടെണ്ണം ആണെങ്കില്‍ തമ്മില്‍ ചേര്‍ന്നാലും വളരുകയില്ലല്ലൊ- അവ തമ്മില്‍ നൂറു ശതമാനം ഭാഗവും ബന്ധപ്പെട്ടിരിക്കും അതായത്‌ വലിപ്പം കൂടുവാന്‍ സാധിക്കില്ല എന്ന്‌. എത്ര 'പരമാണുക്കള്‍' ചേര്‍ന്നാലും അത്‌ ഒരു പരമാണുവിന്റെ അത്രയുമേ കാണുകയുള്ളു എന്ന്‌.

അല്ലേ

ഇപ്പോള്‍ മനസ്സിലായിക്കാണും എനിക്കു ഭ്രാന്താണെന്ന്‌ അല്ലേ?
സാരമില്ല.

പക്ഷെ പരമാണുസിദ്ധാന്തം പിശകാണെന്ന്‌ വ്യക്തം.

വീണ്ടും എത്തി ബുദ്ധനും ക്വാണ്ടവും സംഘാതവും പരിണാമവും.

Added Later
കാരണം കാര്യം എന്ന വിഭാഗം പോലും സാധ്യമല്ലാത്ത ഒരു 'വസ്തു' അതെന്തായാലും ആദ്യം ഉണ്ടായിരുന്നിരിക്കണം.

അത്‌ എല്ലാകാലത്തും നിലനില്‍ക്കുന്നതും ആയിരിക്കണം.

അല്ലാതെ കാരണത്തില്‍ നിന്നും കാര്യം ഉണ്ടായി എന്നത്‌ പ്രപഞ്ചത്തിന്റെ തുടക്കത്തിനെ സംബന്ധിച്ച്‌ അസംഭാവ്യമാണ്‌.

അതുകൊണ്ടു തന്നെ (നേരത്തെ നിയന്താവിന്‌ ഇരിക്കുവാന്‍ സ്ഥലം പോലും കാണുകയില്ല എന്നു പറഞ്ഞതും കൂട്ടി വായിക്കുക) പുറമെ ഒരു ദൈവം സൃഷ്ടിച്ചതാണ്‌ ഇക്കാണുന്നതൊക്കെ എന്ന വാദം നിലനില്‍ക്കുന്നതല്ല.

ഇപ്പറഞ്ഞതിലൊക്കെ കാര്യം ഉണ്ട്‌ എന്നു തോന്നി തുടങ്ങി.

( മഹാസ്ഫോടന സിദ്ധാന്തക്കാര്‍ പറയുന്നതും ഇക്കാണുന്ന പ്രപഞ്ചത്തിന്റെ വിരാട്‌ രൂപം ഉണ്ടായത്‌ മഹാ സ്ഫോടനത്തില്‍ നിന്നാണ്‌ എന്നേ ഉള്ളു - അല്ലാതെ യാതൊന്നിലാണോ ആ മഹാസ്ഫോടനം നടന്നത്‌, അതുണ്ടായത്‌ മഹാസ്ഫോടനം കൊണ്ടാണ്‌ എന്നല്ല.

എനിക്കു വിവരം കുറവാണ്‌ വിവരം ഉള്ളവര്‍ സമയാസമയത്ത്‌ തിരുത്തണേ )

അതായത്‌ നാം ആലോചിക്കുന്നത്‌ ഏറ്റവും ആദി - മഹാസ്ഫോടനത്തിനും മുമ്പുള്ള സാധ്യതകളാണ്‌ എന്നര്‍ത്ഥം

അപ്പോള്‍ അങ്ങനെ ആദിയും അന്തവും ഇല്ലാത്ത എന്തോ ഒന്ന്‌ ഉണ്ട്‌. അത്‌ നിത്യപരിണാമം നടന്നു കൊണ്ടിരിക്കുന്നതാണ്‌ . അതാണ്‌ ഇക്കാണുന്ന പ്രപഞ്ചം എന്ന സങ്കല്‍പം വന്നു.

ആ ഒന്നിനെ തന്നെയല്ലേ ആധുനികര്‍ {സുബ്‌ അറ്റൊമിc പര്‍റ്റിcലെസ്‌} വരെ ചെന്നെത്തിയിട്ട്‌ കയ്യിലൊതുക്കുവാന്‍ സാധിക്കാതെ വിഷമിക്കുന്നത്‌?

അതിന്റെ പരിണാമത്തിനെ ഉണ്ടാക്കുന്ന ഘട്ടത്തില്‍ ഒരു മൂര്‍ത്തദ്രവ്യത്തില്‍ നിന്നും വെളിയില്‍ വരുന്നതോ അതിലേക്കെടുക്കുന്നതോ ആയ ഒരു unit ശക്തി അല്ലേ ഈ Quantum ( എനിക്കു വിവരമില്ല ഇക്കാര്യത്തില്‍ വീണ്ടും പറയുന്നു വിവരമുള്ളവര്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലൊ)

ഒരുദാഹരണം കൂടി കാണിച്ചു ചോദിക്കട്ടെ -

ഒരു photon വിസര്‍ജ്ജിക്കുന്നതിനു മുമ്പും പിന്‍പും ഉള്ള ദ്രവ്യം-

തീര്‍ച്ചയായും അത്‌ രണ്ടു വ്യത്യസ്ഥദ്രവ്യങ്ങള്‍ ആണ്‌ - പേരില്‍ അതിനെ ഒന്നാണെന്നു പറയാം എങ്കിലും യാഥാര്‍ത്ഥ്യം അങ്ങനെ അല്ല

ചില ദ്രവ്യങ്ങള്‍ സ്വയം അതിനെ വിസര്‍ജ്ജിച്ചു വിസര്‍ജ്ജിച്ചു നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട്‌ അറിയുവാന്‍ സാധിക്കുന്നത്ര ചെറിയ സമയം കൊണ്ട്‌ മറ്റൊന്നാകുന്നു. മറ്റുള്ളവയൊന്നും അങ്ങനെ പെട്ടെന്നു വിസര്‍ജ്ജിക്കുന്നില്ല എന്നത്‌ അവ വിസര്‍ജ്ജനമേ നടത്തുന്നില്ല എന്നു പറയുവാന്‍ തെളിവല്ല. അവ കാലതാമസം എടുക്കും എന്നേയുള്ളു- പരിണാമം കൊണ്ട്‌ ജന്തുക്കള്‍ മാറുന്നു എന്നു പറയുന്നതുപോലെ.

അതുകൊണ്ടാണ്‌ പെട്ടെന്നു സ്വയം പരിണാമം നടക്കുന്ന radio active ദ്രവ്യങ്ങള്‍ പെട്ടെന്നു നശിച്ചു പോകുന്നത്‌ - മറ്റൊരു ദ്രവ്യമായി പോകുന്നത്‌ എന്നര്‍ത്ഥം.

അക്കണക്കിന്‌ , ആ ദ്രവ്യത്തിന്റെ അതിലെ ഏറ്റവും ചേറിയ അളവ്‌ പോയിക്കഴിഞ്ഞു ശേഷിക്കുന്ന ദ്രവ്യം ഒരു ശൃംഖലയിലെ ആദ്യത്തെ കണ്ണിയായി കരുതുക.

അതില്‍ നിന്നും രണ്ടാമത്തെ കണ്ണിയുണ്ടാകുന്നു. അതില്‍ നിന്നും മൂന്നാമത്തെ കണ്ണി ഇപ്രകാരം.

ഈ ഓരോ കണ്ണികളും വ്യത്യസ്ഥങ്ങളാണ്‌. അല്ലേ?

(ഈ ഓരോ കണ്ണികളേയും ഓരോ ക്വാണ്ടം എന്നു സങ്കല്‍പ്പിക്കാമോ എന്നു ഞാന്‍ ബാബുവിനോട്‌ ചോദിച്ചിരുന്നു. ബാബു അതിനുത്തരം പറഞ്ഞില്ല. പകരം എനിക്കുള്ള വിവരക്കുറവിനെ ആണ്‌ സൂചിപ്പിച്ചത്‌. മറ്റു പുലികളും ഒന്നും ഇറങ്ങാത്തതു കൊണ്ട്‌ ഞാന്‍ ക്വാണ്ടത്തെ ഒന്നു മാറ്റി നിര്‍ത്തി ബാക്കി പറയാം - അതു ചോദിക്കുവാന്‍ കാരണം - വിക്കിയിലെ തന്നെ ഒരു വാചകമായിരുന്നു അതു ഞാന്‍ അവിടെ പറഞ്ഞിരുന്നു)

അപ്പോള്‍ ചെറുതു മുതല്‍ വലുതു വരെ ഏതു ദ്രവ്യം എടുത്താലും ഇപ്പറഞ്ഞ ഒരു അനുസ്യൂതപരിണാമപ്രക്രിയ എല്ലാറ്റിലും ഉണ്ട്‌.

ഓരോന്നിന്റെയും പരിണാമം ഇന്ന രീതിയിലൊക്കെയേ ആകുവാന്‍ സാധിക്കൂ എന്ന നിയമവും ഉണ്ട്‌ അല്ലേ?

അതോ ഇനി നിയമം ഇല്ലേ?

Added Later -14-10-2008 Morning

അങ്ങനെ അനുസ്യൂതപരിണാമം നടക്കുന്ന ഓരോരോ ചെറിയ unit കള്‍ ചേര്‍ന്നുണ്ടായ ഒരു വലിയ വസ്തുവാണ്‍` ഈ കാണപ്പെടുന്ന പ്രപഞ്ചം.

ആ unit കള്‍ വസ്തു- ദ്രവ്യം ആണോ നിയമം മാത്രമാണോ?

നിയന്ത്രിക്കുവാനുള്ള സന്ദേശം എന്തിലെങ്കിലും ക്രോഡീകരിച്ചു വച്ചിരിക്കണം അല്ലെങ്കില്‍ വസ്തുവിലേക്ക്‌ അതെങ്ങനെ പകര്‍ന്നു കൊടുക്കും?

ആ സന്ദേശം വസ്തുവിനു പുറത്താണോ / അകത്താണൊ എന്ന ഒരു ചോദ്യം മുമ്പു പറഞ്ഞു.

പുറത്താകുവാന്‍ സാധിക്കില്ല -

കാരണം,

എങ്കില്‍ വസ്തുവും സന്ദേശവും എല്ലായിടവും നിറഞ്ഞതാകണം. എല്ലായിടവും നിറഞ്ഞതായി രണ്ടു വസ്തുക്കള്‍ നിലനില്‍ക്കില്ല ഒരെണ്ണമേ ഉണ്ടാകാന്‍ സാധിക്കൂ. അപ്പോള്‍ ഒന്നുകില്‍ വസ്തു അല്ലെങ്കില്‍ സന്ദേശം, രണ്ടും കൂടി ഉണ്ടാകില്ല.

ഇല്ലാതെ ഒക്കുകയും ഇല്ല.

ആധുനികരും ഇവിടെ എത്തി വസ്തു എന്നത്‌ പലതരം ഊര്‍ജ്ജങ്ങളുടെ താല്‍ക്കാലിക ഭാവങ്ങളാണെന്നൊക്കെ വരുന്ന വിധം പറഞ്ഞു തുടങ്ങി. (തുടങ്ങിയോ? ആ ഞാന്‍ അതിനെ കുറിച്ചു പറയുന്നില്ല -അത്‌ പുലികള്‍ പറയട്ടെ

കിച്ചു ആന്‍ഡ്‌ ചിന്നുവും പറഞ്ഞു പഴയത്‌ പഴയതു പോലെ പറഞ്ഞാല്‍ മതി ആധുനികത്തില്‍ തൊട്ടു കളിക്കണ്ടാ എന്ന്‌. പോട്ടെ)

വീണ്ടും വിശദീകരിക്കണം എങ്കില്‍ ഉദാഹരണം വേണമല്ലൊ . ഞാന്‍ വീണ്ടും ഒരു കണം എടുത്തു.

ആ കണത്തിന്‌ 'ശരീരം' എന്നു പേരിട്ടു. ഇതു ഞാന്‍ മുമ്പു വിശദീകരിച്ച പല ഉദാഹരണങ്ങളിലും പറഞ്ഞ വാക്കായതു കൊണ്ട്‌ ഇവിടെയും പറഞ്ഞു അത്രേയുള്ളു.

ഇപ്പോള്‍ നമുക്കറിയാം ആ കണത്തിന്‌ എന്തെങ്കിലും പരിണാമം സംഭവിക്കണം എങ്കില്‍ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ - എവിടെയെങ്കിലും സംഭരിക്കപ്പെട്ടിരിക്കണം എന്ന്‌.

ഞാന്‍ മുമ്പ്‌ മാങ്ങ പഴുക്കുന്ന ഉദാഹരണം പറഞ്ഞു- പല പല ഘട്ടങ്ങള്‍ - ഓരോ നിമിഷത്തിലും - ഓരോ മാത്രയിലും ആ മാങ്ങ പരിണമിക്കുന്നു. ഓരോ മാത്രയിലും അത്‌ ഒരു വ്യത്യസ്ഥ വസ്തുവാണ്‌.

ഈ മാത്രയില്‍ കാണുന്ന വസ്തു തന്നെയാണ്‌ അടുത്ത മാത്രയിലും എങ്കില്‍ അതു പഴുക്കുകയില്ല ഉവ്വോ?

ഇനി അഥവാ രണ്ടു മാത്രകള്‍ ഒരുപോലെ നില്‍ക്കും മൂന്നാമത്തെ മാത്രയില്‍ പരിണമിക്കും എന്നു പറയുന്നോ?

ആകാം വിരോധമില്ല - പക്ഷെ അതു മൂന്നാമത്തെ മാത്രയിലേ പരിണമിക്കാവൂ എന്ന സന്ദേശം അതിലുള്ളതുകൊണ്ടാണ്‌ അല്ലേ?

എനിക്കെന്നിട്ടും എന്നെ തന്നെ നിയന്ത്രിക്കുവാന്‍ ആകുന്നില്ല കിച്ചു ചിന്നൂ ക്ഷമിക്കണം ഞാന്‍ അല്‍പം പിന്നോട്ട്‌ പോകട്ടെ-

കഴിഞ്ഞ പോസ്റ്റുകളില്‍ ഒന്നില്‍ http://indiaheritage.blogspot.com/2008/09/blog-post_8389.html
അനിലിനോട്‌ ഞാന്‍ ചോദിച്ചിരുന്നു. 'അനില്‍' എപ്പോള്‍ തുടങ്ങി എപ്പോള്‍ വരെ ആണ്‌ എന്ന്‌.

രാജീവ്‌ ചേലനാട്ട്‌ അതിനുത്തരം തന്നു- ഇപ്രകാരം-

"ബോധം(അഹംബോധം ) എന്നത്‌ ആത്യന്തികമായി ശരീരര്‍ത്തിനെ ആശ്രയിച്ചിരിക്കുന്നു എങ്കിലും, ശരീരഭിന്നമായ ഒരവസ്ഥ അതിനുണ്ട്‌ എങ്കിലും, ശരീരത്തിന്റെ നാശത്തോടെ അവസാനിക്കുന്ന ഒന്നാണത്‌."

അതിനെ കുറിച്ച്‌ വീണ്ടും വിശദീകരിക്കുന്നു-

"ശരീരത്തിന്റെ ഭാഗമായി നിലനില്‍ക്കുമ്പോഴും അതില്‍ നിന്നു വിഭിന്നമായ ഒരു അസ്തിത്വം ബോധത്തിനുണ്ട്‌. ബോധവും ശരീരവും വേറെ വേറെ ആണെങ്കിലും-- " ബാക്കി അവിടെ വായിക്കുക.

ഏതായാലും ബൂലോകത്തിലെ മറ്റു പുലികളൊന്നും അവിടെയ്ക്കു വന്നില്ല. അതുകൊണ്ട്‌ ആ വാദം പുലികള്‍ക്ക്‌ സമ്മതമാണ്‌ എന്നു കരുതട്ടെ.

അതായത്‌ 'ശരീരം' എന്നു വിളിച്ച ആ കണം, അതിന്റെ നിയമങ്ങള്‍ ആയ സന്ദേശം ഇവ രണ്ടും രണ്ടാണ്‌.

ഒരു സന്ദേശം പ്രവര്‍ത്തിച്ചു ആ ശരീരം, പരിണമിച്ചു മറ്റൊന്നായി, അതിലെ സന്ദേശം വേറെ. അതു പരിണമിക്കുന്നത്‌ എങ്ങനെ എന്ന സന്ദേശം അതിലുണ്ട്‌.

ആ സന്ദേശങ്ങള്‍ രണ്ടും രണ്ട്‌. രണ്ടിന്റെയും ധര്‍മ്മങ്ങള്‍ (properties) രണ്ട്‌.

ഒരു ഉദാഹരണം പറഞ്ഞാല്‍ H2O2 ഹൈഡ്രജന്‍ പെറൊക്സൈഡ്‌ , H2O ജലം ഇവ പോലെ

ഹൈഡ്രജന്‍ പെറോക്സൈഡിനറിയാം അതെന്താണെന്നും അതെന്തൊക്കെ ചെയ്യണം എന്നും , ജലത്തിനറിയാം അതെന്താണെന്നും അതെന്തൊക്കെ ചെയ്യണം എന്നും.

കുറച്ചു നേരം വെളിയില്‍ വച്ചിരുന്നാല്‍ ഹൈഡ്രജന്‍ പെറോക്സൈഡ്‌ ജലമായി മാറും.

അപ്പോള്‍

ഇവയില്‍ ജലത്തിന്‌ അറിയുമോ ഹൈഡ്രജന്‍ പെറൊക്സൈഡെന്താണ്‌ ചെയ്തിരുന്നത്‌ എന്ന്‌

അറിയുവാന്‍ വഴിയില്ല അല്ലേ?

Added Later 14/10/2008 10am

പണ്ടൊരിക്കല്‍ ഒരു മാര്‍ക്സിസ്റ്റ്‌ നേതാവുമായി സംസാരിക്കുന്ന അവസരത്തില്‍ ഈ വൈരുദ്ധ്യാത്മകഭൗതികവാദം എന്താണെന്നു ചോദിച്ചു.

അദ്ദേഹത്തിന്റെ ഉത്തരം വളരെ രസകരമായിരുന്നു.
"താങ്കള്‍ ഇന്നാരുടെ പുസ്തകം വായിച്ചിട്ടുണ്ടൊ? ഒന്നു വായിച്ചു നോക്കണം. (ഒരു ഇംഗ്ലീഷ്‌ പുസ്തകത്തെ കുറിച്ചാണ്‌) വായിച്ചാല്‍ നമുക്കൊന്നും ഒരക്ഷരം മനസ്സിലാവില്ല . അറിയുമോ? എന്നിട്ടാ ചോദിച്ചു കൊണ്ട്‌ നടക്കുന്നത്‌"

അദ്ദേഹം എന്തോ മഹാകാര്യമാണ്‌ പറഞ്ഞത്‌ എന്ന്‌ അദ്ദേഹം വിചാരിക്കുന്നു. വല്ലവനും എഴുതിയ കാര്യങ്ങള്‍ വായിച്ചു നോക്കി മനസ്സിലാക്കുവാന്‍ പോലും അറിയാത്ത ഇവനെ പോലെയുള്ള വിഡ്ഢിക്കൂശ്മാണ്ഡങ്ങള്‍ അതും പ്രചരിപ്പിച്ചു നടക്കുന്നു എന്നു ഞാനും വിചാരിച്ചു. എന്തു ചെയ്യാം എനിക്കു വിവരമില്ലാതായി പോയില്ലേ?

എന്നാല്‍ വായിച്ചാല്‍ മനസ്സിലാകുന്ന എന്തെങ്കിലും വായിച്ചു കൂടേ എന്നദ്ദേഹത്തിനോടു ചോദിച്ചിട്ട്‌ അദ്ദേഹത്തിനത്‌ ഇഷ്ടപ്പെട്ടുമില്ല.

ഇതെന്തിനാണാവോ ഇപ്പോള്‍ എഴുതിയത്‌ ?

ആ.

വായിച്ചാല്‍ മനസ്സിലാകാത്ത ചിലതു ചോദിച്ചു മനസ്സിലാക്കാം എന്നു വിചാരിച്ചാലും നമുക്കുള്ള വിവരക്കുറവു മൂലം ചിലര്‍ പറഞ്ഞു തരുന്നും ഇല്ല.:)

അതും ശരിയാണ്‌ എന്തെങ്കിലും മനസ്സിലാകണം എങ്കില്‍ അതിനുള്ള അടിത്തറ വേണം. അതില്ലാത്തവരോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല.
( മുമ്പ്‌ പലതവണ ഞാന്‍ 'അഥ' ശബ്ദം സംസ്കൃതഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുന്നത്‌ വിശദീകരിച്ചിരുന്നു ഇതേ അര്‍ത്ഥത്തില്‍)

അതിരിക്കട്ടെ.
രാജീവ്‌ ചേലനാട്ട്‌ പറഞ്ഞതുപോലെ ശരീരവും ബോധവും രണ്ടാണ്‌ എന്നു തന്നെ തല്‍ക്കാലം വിചാരിക്കാം അല്ലേ?

ശരീരം നശിച്ചു എന്നു പറയുമ്പോള്‍ ബോധവും നശിച്ചു എന്നും കരുതാം അല്ലേ.

ഇനി നമുക്ക്‌ മറ്റൊരു പോസ്റ്റിലേക്കു പോയി നോക്കാം

വിക്കിയിലെ ഒരു വാചകം എന്ന പോസ്റ്റില്‍ ഞാന്‍ ചോദിച്ചു - ഈ പരിണാമത്തിന്റെ വിശദാംശം അവിടെ ബാബുപറഞ്ഞ ചില കാര്യങ്ങള്‍.

ദേ ഇവിടെ http://indiaheritage.blogspot.com/2008/10/blog-post_11.html?showComment=1223809620000#c4706147078490743841
എനിക്കു വിവരമില്ലെന്നു മനസ്സിലാകുന്നതിനു മുമ്പായതു കൊണ്ട്‌ അദ്ദേഹം ഇത്രയും പറഞ്ഞുതന്നു.

ഈ മുറിഞ്ഞു മുറിഞ്ഞ്‌ ഊര്‍ജ്ജം റേഡിയറ്റ്‌ ചെയ്യുന്നു- എന്നു പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചോദിച്ച ചോദ്യത്തിലെ-

പരിണാമത്തിന്റെ ആ ശൃംഖലയിലെ ഒരു കണവും അടുത്ത കണവും തമ്മില്‍ ബന്ധം,ഇല്ല എന്നു തന്നെ അല്ലേ വായിക്കുന്നവര്‍ മനസ്സിലാക്കുന്നത്‌? അതോ എനിക്കു വിവരമില്ലാത്തതു കൊണ്ട്‌ തോന്നുന്നതാണൊ?

ആകാന്‍ വഴിയില്ല കാരണം ആദ്യം പറഞ്ഞു -"ശാസ്ത്രത്തിന്റെ പഴയ ധാരണയായ steadiness അഥവാ ഭംഗമില്ലാത്ത തുടര്‍ച്ച തെറ്റായിരുന്നു ---" എന്നു തുടങ്ങിയ വാചകം.

കിച്ചു ആന്‍ഡ്‌ ചിന്നു ക്ഷമിക്കണം - ഇടയ്ക്കിടക്ക്‌ ആധുനികരെ ബുദ്ധിമുട്ടിക്കുന്നതില്‍-

ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ മാങ്ങ പഴുക്കുന്ന ഉദാഹരണത്തില്‍ ഞാന്‍ എഴുതിയ വാചകം -ഏറ്റവും അടുത്ത സമയതന്മാത്രയുടെ അപ്പുറവും ഇപ്പുറവും ഉള്ള ദ്രവ്യം വ്യത്യസ്ഥങ്ങളായിരിക്കും- എന്ന അര്‍ത്ഥം

ഈ വാചകത്തില്‍ നിന്നും "അതായത്‌ ഒരു നിമിഷത്തില്‍ നാം കാണുന്ന വസ്തു, അടുത്ത നിമിഷത്തില്‍ നമുക്കു മനസ്സിലാകുന്നില്ല എങ്കില്‍ കൂടി മുമ്പിലത്തേതില്‍ നിന്നും വ്യത്യസ്ഥമാണ്‌ എന്ന്‌ അല്ലേ ?" ലഭിക്കുകയില്ലേ?

ഇല്ലെങ്കില്‍ എന്റെ തെറ്റ്‌ എന്റെ തെറ്റ്‌ എന്റേ വലിയ തെറ്റ്‌ ആമേന്‍.

എങ്കില്‍ ഇപ്പോള്‍ അങ്ങനെ മനസ്സിലാക്കി കൊള്ളുക. എന്ത്‌ ദ്രവ്യം പരിണമിക്കുന്നു എന്നു പറയുമ്പോള്‍ ഓരോരോ പ്രത്യേകം പ്രത്യേകം കഷണങ്ങളായാണ്‌ പരിണമിക്കുന്നത്‌ അനുസ്യൂതമല്ല എന്ന്‌.

രാജീവ്‌ പറഞ്ഞതും ഇതും കൂട്ടി നോക്കാം അല്ലേ?

ശരീരം ബോധം ഇവ രണ്ടാണ്‌ എന്നാലും ഒരു ശരീരത്തിന്‌ അതിന്റേതായ ബോധം ഉണ്ട്‌, അതു നശിക്കുമ്പോള്‍ ആ ബോധവും നശിക്കുന്നു. എന്ന്‌ രാജീവ്‌

അടുത്ത വസ്തുവിന്‌ അതിന്റേതായ ഒരു ബോധം ഉണ്ട്‌ അതു നശിക്കുമ്പോള്‍ ആ ബോധവും നശിക്കുന്നു. ആ ശൃംഖല അങ്ങനെ തുടരുന്നു മുറിഞ്ഞു മുറിഞ്ഞ്‌ അല്ലേ?

ഇതു തന്നെയാണ്‌ ബുദ്ധമതത്തിലെ വൈനാശികമതം പറയുന്നത്‌.

കിച്ചു ആന്‍ഡ്‌ ചിന്നു വീണ്ടും ക്ഷമിക്കണം. രണ്ടും ഒരു പോലെ ആയതു കൊണ്ട്‌ അറിയാതെ അങ്ങു പറഞ്ഞു പോകുന്നതാണ്‌.

ഇനി പറയാതിരിക്കുവാന്‍ ശ്രമിക്കാം (പക്ഷെ ഉറപ്പൊന്നുമില്ല കേട്ടൊ)

Added 14-10-2008 evening

പറഞ്ഞു വന്നത്‌ രാജീവ്‌, ബാബു എന്നിവരുടെ അഭിപ്രായപ്രകാരം വസ്തു പരിണാമം നടക്കുന്നത്‌ മുറിഞ്ഞു മുറിഞ്ഞാണ്‌. അവയിലുള്ള ബോധവും മുറിഞ്ഞു മുറിഞ്ഞതാണ്‌- തുടര്‍ച്ചയായതല്ല.

ഈ തത്വം ഏറ്റവും ചേരിയ വസ്തു മുതല്‍ ഏറ്റവും വലിയ വസ്തു വരെ ഒരുപോലെ തന്നെ ആയിരിക്കണം അല്ലേ അപ്പോഴല്ലെ ഇങ്ങനെപറയുവാന്‍ സാധിക്കൂ?
അല്ലാതെ ചെറുതിനിങ്ങനെ വലുതിന്‌ വേറൊരു തരത്തില്‍ അങ്ങനെ വ്യത്യാസം ഉണ്ടാകില്ലല്ലൊ അല്ലേ?

ഇല്ല

കാരണം വിക്കിയില്‍ ദേ ഇങ്ങനെ ഒരു വാചകം കാണുന്നുണ്ട്‌

""Thus, the current logic of correspondence principle between classical and quantum mechanics is that all objects obey laws of quantum mechanics, and classical mechanics is just a quantum mechanics of large systems (or a statistical quantum mechanics of a large collection of particles). "

അപ്പോള്‍ വലുതിനും ഇതൊക്കെ തന്നെ നിയമങ്ങള്‍.

ഈ വലിയ സാധനം എന്നു പറയുമ്പോള്‍ നമ്മുടെ ശരീരവും അതില്‍ പെടില്ലേ?

നമ്മുടെ ശരീരവും ഉണ്ടായിരിക്കുന്നത്‌ ഇതുപോലെ പരിണമിക്കുന്ന ചെറിയ ചെറിയ unit കളെ കൊണ്ടല്ലേ?

അവയ്ക്കൊക്കെയും അവയുടെതായ ഓരോ ബോധം ഇല്ലെ?

(ഇവിടെ ചിലര്‍ ഇല്ലെന്നു പറഞ്ഞേക്കാം, അവര്‍ വിഡ്ഢികളാണെന്നു സ്വയം മനസ്സിലാകുന്നതു വരെ അവരോടു പറഞ്ഞിട്ടു പ്രത്യേകിച്ചു കാര്യമൊന്നും ഇല്ലാത്തതുകൊണ്ട്‌ അതിനുള്ള മറുപടി ഇനിയും വിശദീകരിക്കുന്നില്ല)

ആ ബോധവും അനുനിമിഷം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നതല്ലേ?

വസ്തുവിന്റെ ഓരോ മുറിയലിലും ഓരോ പുതിയ ബോധം എന്നല്ലേ നിങ്ങള്‍ പറഞ്ഞത്‌?

അങ്ങനെ ഉള്ള ഒരു കൂട്ടം വസ്തുക്കള്‍ ഒരുമിച്ചു കൂടിയ പിണ്ഡം മാത്രമാണ്‌ ജീവനുള്ള ശരീരം എന്നാണൊ നിങ്ങള്‍ പറയുന്നത്‌?

അപ്പോള്‍ രാജീവേ, ബാബൂ, ഒരു ചോദ്യം ഇതില്‍ രാജീവ്‌ എവിടെയാണ്‌ ബാബു എവിടെയാണ്‌?


ഓരോ കണത്തിലും രാജീവിന്റെ ഓരോ കണങ്ങള്‍ ഉണ്ടോ? അതും മുറിഞ്ഞു മുറിഞ്ഞാണൊ പരിണമിക്കുന്നത്‌?

Added 15-10-2008 morning


ഇനി ഇവിടെ നിന്നും അല്‍പം പിന്നിലേക്കു പോകാം

പൊയ്ക്കൂടേ അതോ വീണ്ടും കഷണം കഷണമായ വസ്തു- ബോധങ്ങളെന്ന വിഡ്ഢിത്തത്തെ കുറിച്ചു തന്നെ ചര്‍വിതചര്‍വണം നടത്തണോ? വേണ്ടല്ലൊ.

ആദ്യം പറഞ്ഞു വസ്തുവിനെ അംഗീകരിച്ചാല്‍ ബോധത്തിനിരിക്കുവാന്‍ സ്ഥലം ഉണ്ടാകില്ല, അതുപോലെ തന്നെ മറിച്ചും എന്ന്‌. ഒന്നുകില്‍ വസ്തു അല്ലെങ്കില്‍ ബോധം.

ഇതു മനസ്സിലാകണം എങ്കില്‍ സാധാരണ വിവരം മതി കേട്ടൊ.

നമ്മുടെ H2O2, H2O പറഞ്ഞ ഭാഗത്തേക്ക്‌ തിരിച്ചൊരു യാത്ര.

H2O2 ഇല്‍ നിന്നും ഒരു [O] വിട്ടു പോയി അത്‌ H2O ആകുമ്പോള്‍ അല്‍പസമയം വിടവുണ്ടെന്നു അല്ലേ ബാബുവിന്റെ അഭിപ്രായം - ക്വാണ്ടം സിദ്ധാന്തമനുസരിച്ച്‌, അതോ ബാബു അവിടെ വിടവില്ല എന്നു പറയുന്നോ? അതു തുടര്‍ച്ചയാണെന്നു പറയുന്നോ.

ബാബു മറുപടി പറയും എന്നു തോന്നുന്നില്ല.
പക്ഷെ രാജീവ്‌ ബോധം നശിക്കും എന്നു പറഞ്ഞതില്‍ ആ വിടവുണ്ടെന്നു തെളിച്ചു പറയുന്നു.

ഇവിടെ ഒരു സംശയം വരും.

H2O2 വിനറിയാം അതെന്താണെന്നും അതിന്റെ ധര്‍മ്മങ്ങള്‍ എന്താണെന്നും അതതിനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു. അതിലെ ഒരു ഓക്സിജന്‍ ആറ്റത്തെ വെളിയില്‍ വിടുന്നു. ജലം ഒരു ഓക്സിജന്‍ ആറ്റം എന്ന രണ്ടു വസ്തുക്കള്‍ എന്ന അവസ്ഥയെ പ്രാപിക്കുന്നു. ജലം ജലത്തിന്റെ ധര്‍മ്മങ്ങള്‍ നിറവേറ്റുന്നു ഓക്സിജന്‍ ആറ്റം അതിന്റെ ധര്‍മ്മങ്ങള്‍ നിറവേറ്റുന്നു.

H2O2 ഉണ്ടാകുവാന്‍ സഹായിച്ച ഹൈഡ്രജനും ഓക്സിജനും യഥാക്രമം അവയുടെ ധര്‍മ്മങ്ങള്‍ അറിയാമെകിലും കൂട്ടായിരിക്കുമ്പോള്‍ അവയുടെ ധര്‍മ്മം വേറേ ആണെന്നും അറിയം.

അപ്പോള്‍ രാജീവിന്റെ വാദം -- ശരീരത്തിനോടു ചേര്‍ന്നും എന്നാല്‍ അതില്‍ നിന്നു ഭിന്നവും ആയി നിലനില്‍ക്കുന്ന ഒരു പ്രജ്ഞ ആണ്‌ ബോധം, ശരീരം നശിക്കുമ്പോള്‍ അതും നശിക്കും എന്നും പറഞ്ഞത്‌ - ഇങ്ങനെ വ്യാഖ്യാനിക്കാമോ?

ഒരു പ്രോടോണും ഒരു ഇലക്റ്റ്രോണും വ്യത്യസ്ഥ ധര്‍മ്മങ്ങള്‍ ഉള്ളതായിരുന്നു എങ്കിലും അവ ചേര്‍ന്ന്‌ ഹൈഡ്രജന്‍ ആയപ്പോള്‍ അതിന്റെ ഒരു ബോധം അതു വേറേ. അതായത്‌ താല്‍ക്കാലികമായി പ്രോടൊണിന്റെയും ഇലക്റ്റ്രോണിന്റെയും ബോധം നശിച്ചു(?) എന്നു പറയാം.

അങ്ങനെ രണ്ട്‌ ഹൈഡ്രജനും രണ്ട്‌ ഓക്സിജനും ചേര്‍ന്ന്‌ ഹൈഡ്രജന്‍ പെറോക്സൈഡായപ്പോള്‍ അതിനുള്ള ബോധം വേറേ. അവിടെ ഹൈഡ്രജന്റെയും ഓക്സിജന്റെയും ബോധം നശിച്ചു(?)

അതില്‍ നിന്നും ഒരു ഓക്സിജന്‍ ആറ്റം പോയപ്പോള്‍ അതു ജലമായി അതിനുള്ള ബോധം വേറേ. ഹൈഡ്രജന്‍ പെറോക്സൈഡിന്റെ ബോധം നശിച്ചു(?)


എങ്കില്‍ ഇനിയെനിക്കു ചോദിക്കുവാനുള്ളത്‌ -

ഹൈഡ്രജന്‍ ആറ്റത്തിനറിയാം അത്‌ രണ്ടെണ്ണം ഓക്സിജനുമായി ചേര്‍ന്നാല്‍ ജലം ആകാനുള്ളതാണ്‌ എന്ന്‌, രണ്ട്‌ ഓക്സിജനുകളുമായി ചേര്‍ന്നാല്‍ അത്‌ ഹൈഡ്രജന്‍ പെറോക്സൈഡാണാകേണ്ടത്‌ എന്ന്‌. അല്ലേ?

അതേ പോലെ തന്നെ ഓക്സിജന്‍ ആറ്റത്തിനും അതിലൊരെണ്ണം ഹൈഡ്രജനോടു ചേര്‍ന്നാല്‍ ജലം ആകണം എന്നും , രണ്ടെണ്ണം ചേര്‍ന്നാല്‍ ഹൈഡ്രജന്‍ പെറോക്സൈഡാകണം എന്നും അറിയാമായിരിക്കണം അല്ലേ?

ശരീരത്തിന്റെ ഒരു താല്‍ക്കാലിക പ്രജ്ഞ എന്നൊക്കെ രാജീവ്‌ പറഞ്ഞത്‌ ഹൈഡ്രജന്റെ ആ ശരീരം ഉണ്ടാകുമ്പോള്‍ അതിലുത്ഭവിക്കുന്ന താല്‍കാലികപ്രജ്ഞ അതായിരികണം അല്ലേ?

വിഷ്ണുപ്രസാദ്‌ കവിതയില്‍ ചോദിച്ചതുപോലെ

മനസ്സിലാവ്‌ണ്‌ ണ്ടോ ആവോ

ഉവ്വേ ഉവ്വേ അല്ലെങ്കില്‍ ഇല്ലേ ഇല്ലേ

എങ്കില്‍ വിക്കിയില്‍ എ ഒരു വാചകം എന്ന പോസ്റ്റില്‍ പാര്‍ത്ഥന്‍ ചോദിച്ച ഒരു ചോദ്യം ഞാന്‍ ഇപ്പോള്‍ ഇവിടെ ചോദിക്കട്ടെ. (അതിനവിടെ ഉത്തരം ഞാന്‍ പറയാഞ്ഞത്‌ ഇവിടെ പറയാന്‍ പോകുന്നു എന്നറിയാവുന്നതുകൊണ്ടാണ്‌. മറ്റുള്ളവര്‍ പറയാത്തത്‌ പറഞ്ഞാല്‍ അതവരുടെ മനസ്സാക്ഷിക്കു കുത്തലുണ്ടാക്കും എന്നതു കൊണ്ടൂം - അങ്ങനെ ഒന്നുണ്ടെങ്കില്‍- കൂട്ടത്തില്‍ വിവരവും ഉണ്ടെങ്കില്‍)

രണ്ടു ലിറ്റര്‍ ഹൈഡ്രജനും 1 ലിറ്റര്‍ ഓക്സിജനും കൂട്ടി വച്ചാല്‍ ജലം ഉണ്ടാകുമോ?

ഇല്ല

എന്തുകൊണ്ട്‌?

Added 15-10-2008 evening

കാരണം അതിനെ നിയന്ത്രിക്കുന്ന മറ്റ്‌ എന്തോ ശക്തി- അഥവാ നിയമം ഉണ്ട്‌. അത്‌ അതിനെ തടയുന്നു. അനുകൂല സാഹചര്യം വരുമ്പോള്‍ അനുവദിക്കുന്നു. അതു തന്നെ.

അതായത്‌ ഹൈഡ്രജന്‍ എന്ന ആറ്റം ഒരേ സമയം അതിന്റെ സ്വന്തം നിയാമക ശക്തിയുടെയും മറ്റ്‌ എന്തോ ഒരു ശക്തിയുടെയും നിയന്ത്രണത്തിലാണെന്നല്ലേ?

അതെന്താണെന്നതിനറിയാം അതെന്തൊക്കെയായി കൂടിച്ചേരണം എന്നറിയാം പക്ഷെ അതിനൊത്ത ഒരു വസ്തു അടുത്തു വന്നാലും മറ്റ്‌ എന്തോ ഒരു ശക്തിയുടെ നിയന്ത്രണത്തില്‍ മാത്രമേ അതിനു യോജിക്കുവാനോ വിട്ടുപോകാനോ കഴിയുകയുള്ളു എന്ന്‌

അല്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ്‌ വിഭജിച്ച്‌ ജലവും ഓക്സിജനും ആകുന്നതിനിടയ്ക്കുള്ള ആ വിടവില്‍(?) അത്‌ യാതൊരു നിയന്ത്രണങ്ങളുടെയും അധീനതയിലല്ല ആണോ?

അങ്ങനെ ഒരു ശൂന്യത വരുമെങ്കില്‍ അതിനപ്പുറവും ഇപ്പുറവും ഉള്ള വസ്തുക്കള്‍ എന്തായിരിക്കണം എന്നു നിയമം ഉണ്ടാകില്ല - അവിടെ ചക്കയില്‍ നിന്നു മാങ്ങയോ തേങ്ങയോ ഉണ്ടായേക്കാം അല്ലേ?

അതുകൊണ്ടല്ലേ മഹാനായ ഐന്‍സ്റ്റൈന്‍ ഈ വാചകം പറഞ്ഞത്‌

"God doesn't play dice with the universe"

അര്‍ത്ഥം വിശദീകരിക്കേണ്ടല്ലൊ അല്ലേ?

ഈ ഒരു വാചകത്തില്‍ "GOD" എന്ന വാക്കുപയോഗിക്കുവാന്‍ ഐന്‍സ്റ്റൈന്‌ ഒരു മടിയും ഉണ്ടായിരുന്നില്ല.

ഹൊ ഹൊ ഹൊ അദ്ദേഹം നമ്മുടെ ഇടയിലുള്ള 'മഹാജ്ഞാനി' കളോളം അറിവുള്ള ആളല്ലല്ലൊ അല്ലേ? സ്വാറി

അദ്ദേഹം ഉദ്ദേശിച്ച ആനുസ്യൂതപ്രവാഹം അതില്ലെന്നു പറയുന്ന ഈ "മഹാജ്ഞാനികള്‍"

യഥാര്‍ത്ഥത്തില്‍ ഈ അനുസ്യൂതപ്രവാഹം മാത്രമാണ്‌ ഉള്ളത്‌ , ഇടയ്ക്ക്‌ പരിമിതമായ വസ്തുവിലുണ്ടെന്നു പറയുന്ന ആ ബോധമാണ്‌ താല്‍ക്കാലികം, അല്ലാതെ അവ രണ്ടും രണ്ടല്ല.

അതു മനസ്സിലാക്കിയാല്‍ രാജീവ്‌ പറഞ്ഞ - ബോധം ശരീരത്തിനോട്‌ ബന്ധപ്പെട്ടതാണെങ്കിലും ശരീരനാശത്തില്‍ അതും നശിക്കുന്നു എന്നതിലെ "നശിക്കുന്നു" എന്ന ഭാഗം മാറ്റി രൂപാന്തരം സംഭവിക്കുന്നു എന്നാക്കിയാല്‍ വ്യക്തമാകും.

Added 15-10-2008 CONCLUDING

അവസാനമായി ഒരു വിഷയം കൂടി
രാജീവ്‌ ചോദിച്ച ചോദ്യം

മാങ്ങ പഴുക്കുന്നത്‌ ബോധത്തോടു കൂടിയാണോ എന്ന ചോദ്യം.

ഇതു വരെ വിശദീകരിച്ച രീതിയില്‍നിന്നും ഒരു വസ്തുവിന്‌ അതിനെക്കുറിച്ച്‌ "അറിയാവുന്ന" കാര്യങ്ങള്‍ - അതിന്റെ അതിരുകള്‍, അതിന്റെ properties, അതിനു ബാക്കി ചുറ്റും ഉള്ളവയുമായി ഉള്ള ബന്ധം ഇവയല്ലേ ബോധം എന്നു വ്യവഹരിക്കുവാന്‍ സാധിക്കുന്നത്‌. മേല്‍പറഞ്ഞ അനുസ്യൂതപ്രവാഹത്തിന്റെ ഭാഗമായിരികുമ്പോഴും തന്നെ അതിനുള്ളിലുള്ള ഒരു ചെറിയ അതിരിനുള്ളില്‍ തളച്ചിട്ടതായി കാണുന്ന ആ അറിവ്‌?

എനിക്കറിയാം ഞാന്‍ എന്റെ ശരീരത്തിനുള്ളില്‍ തളച്ചിടപ്പെട്ടതാണെന്ന്‌. എന്റെ അതിരുകള്‍ എനിക്കറിയാം. ഞാന്‍ എന്തൊക്കെ ചെയ്യുന്നു എന്നെനിക്കറിയാം, ചുറ്റുമുള്ളതൊന്നും എന്റെ ഭാഗങ്ങളല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇതേപോലെ രാജീവിനും അറിയാം.

നാം വളര്‍ത്തുന്ന നായക്കറിയാം അതിന്റെ ശരീരം അതിരുകള്‍ തുടങ്ങിയവ.

ഒരു ചെടി നോക്കിയാല്‍ അതിനും അറിയാം അതിന്റെ ശരീരം.

ഒരു വ്യത്യാസമുള്ളത്‌ അറിവിന്റെ അളവിലാണ്‌.

താഴെക്കിടയിലുള്ള നാം നിര്‍ജ്ജീവവസ്തു എന്നു വിളിക്കുന്ന അവയ്ക്കും ഉണ്ടാവില്ലേ ഇതുപോലെ ഏതെങ്കിലും ഒരു നിലയിലുള്ള അറിവ്‌?

ഒരു ഇലക്ട്രോണ്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനറിയാം എങ്കില്‍ നിര്‍ജ്ജീവവസ്തുവിന്‌ അറിവില്ല എന്നു വാദിക്കുന്നതിനു മുമ്പ്‌ രണ്ടു വട്ടം ആലോചിക്കേണ്ടി വരും.

ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌.

ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം.

സംസ്കൃതശ്ലോകങ്ങളിലും, സൂത്രങ്ങളിലും ഒക്കെയായി പരന്നു കിടക്കുന്ന ഈ വെളിച്ചം നമ്മുടെ സാമാന്യജീവിതത്തില്‍ ഉപയോഗിക്കുന്ന terminology ഉപയോഗിച്ച്‌ വിശദീകരിക്കുവാന്‍ ശ്രമിച്ചതാണ്‌. പാളിച്ചകള്‍ ഉണ്ടാകാം.

എഴുതുവാന്‍ പറഞ്ഞു ഫലിപ്പിക്കുവാന്‍ അറിയാത്തതിന്റെ കുഴപ്പം ഉണ്ടാകാം ധാരാളം. അറിവു കുറവിന്റെതായ പോരായ്മകളും ഉണ്ടാകാം.

ഒക്കെ ക്ഷമിച്ച്‌ ഇതു വായിച്ച്‌ അഭിപ്രായം രേഖപ്പെടൂത്തും എന്നു കരുതി തല്‍ക്കാലത്തേക്ക്‌ നിര്‍ത്തുന്നു.

Tuesday, January 17, 2012

Managing Difficult People

എച്ച് ആർ ന് "Managing Difficult People" എന്ന വിഷയത്തിൽ ഒരു ക്ലാസ് എടുക്കുവാൻ വേണ്ടി പരതി കിട്ടിയ സംഭവശകലങ്ങള് ആണ് ഈ പോസ്റ്റുകളാക്കി ഇടുന്നത്

വിഷയം കണ്ടപ്പോൾ അന്തിച്ചു പോയി

ആരാ പോലും ഈ "ഡിഫികൾറ്റ് പീപ്പിൾ" അങ്ങനെ ഒരു വകുപ്പുണ്ടോ?
അല്ലാത്ത ആളുകളും ഉണ്ടൊ?

(അതല്ലെ അതിന്റെ ശരി മുകളിൽ ഇരിക്കുന്ന കൊജ്ഞാണന്മാർ നല്ല നല്ല ആളുകൾ. താഴെ ഉള്ളവരെല്ലാം ഡിഫികൾറ്റ് അത്രയല്ലെ ഉള്ളു)

ഒരു സ്ഥാപനം നടത്തി കൊണ്ടു പോകണം എങ്കിൽ അതിന്റെ മുകളിൽ ഇരിക്കുന്ന ആളിന് താഴെ ഉള്ള എല്ലാവരും ഡിഫികൾറ്റ് തന്നെ. പക്ഷെ അതൊരു കാഴ്ചപ്പാടു മാത്രം.

ആരും പെർഫക്റ്റ് അല്ല. എല്ലാവരിലും കുറച്ചു നല്ല വശങ്ങൾ കാണും, ബാക്കി വിട്ടേക്കുക.

ഉള്ള എല്ലാ ആളുകളുടെയും നല്ല വശങ്ങൾ ചേർത്തിണക്കി പ്രയോജനപ്പെടുത്തിയാൽ ആൾ വിജയിച്ചു.

അതിൽ confrontation ഇല്ലാതെ ആളെ വശത്താക്കുവാൻ ഇതിഹാസങ്ങളിലെ ആളുകൾ ഉപയോഗിച്ച പല പല വിദ്യകളും കഥകളിൽ കാണുന്നു. അതിന്റെ ഉദാഹരണങ്ങൾ മുൻപു കൊടുത്ത പോസ്റ്റുകളിൽ കാണാം

ശകുനി എടുത്ത തീരുമാനം നടപ്പിലാക്കി

ദുര്യോധനൻ കർണ്ണനെ വശത്താക്കി

ഭീഷ്മർ പരശുരാമനിൽ നിന്നും രക്ഷപെട്ടു

എന്നാൽ ഇവരാരും, ശാശ്വത വിജയം കൈവരിച്ചും ഇല്ല

അതു നേടിയവൻ കൃഷ്ണൻ

നമുക്കത്ര പോകണ്ട

വെറും ഭൗതികമായ ഒരു സ്ഥാപനത്തിന്റെ മാത്രം കാര്യം നോക്കിയാൽ പോരേ?

നാം ടി വീയിൽ പല ഷോകളിലും കണ്ടിട്ടുണ്ടാകും ഡോൾഫിനുകൾ അതിന്റെ പരിശീലകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചു ചാടുന്നതും മറിയുന്നതും മറ്റും

ഏതായാലും ഒരു ഡോൾഫിനെയും ഭാഷ പറഞ്ഞു അതു പഠിപ്പിക്കാൻ പറ്റില്ല അല്ലെ?

പക്ഷെ തലച്ചോർ ഇത്രയും കുറച്ചു മാത്രം വളർച്ച എത്തിയ ആ മീനിനെ കൊണ്ട് നാം ഉദ്ദേശിക്കുന്ന കാര്യം നടപ്പിലാക്കാം എങ്കിൽ മനുഷ്യരെ ഉപയോഗിച്ചും പറ്റില്ലെ?

(പറ്റും പക്ഷെ അതിനു മുകളിൽ ഇരിക്കുന്നവർ ഭാരതീയരായിരിക്കരുത് എന്നു മാത്രം - ഒരു മൾടി നാഷനൽ കമ്പനി ഭാരതത്തിലെ ഒരു സ്ഥാപനം വാങ്ങി അതിന്റെ തൊഴിലാളികൾക്കുള്ള വേതനവും മറ്റും നിശ്ചയിച്ച ഭാഗം ആദ്യമായി അവതരിപ്പിച്ചപ്പോൾ അതു കണ്ടു കണ്ണു തള്ളിയ ഇവിടത്തെ തലവൻ വച്ച പാര - അതെല്ലാം മാറ്റിച്ച് ഇവിടെ ഉള്ള ശമ്പളം തന്നെ നിലനിർത്തിയതും അതിന്റെ ബാക്കിപത്രങ്ങളും മറ്റും ഓർത്തപ്പോള് എഴുതി പോയതാണ്, ആഴ്ച്ചയിൽ അഞ്ചു ദിവസം അല്ല ഇവിടത്തെ പട്ടികൾ ആറു ദിവസവും ജോലി ചെയ്തോളും എന്നും. ഇന്ത്യക്കാരെ പറ്റിക്കാൻ ഇന്ത്യക്കാർ തന്നെ ഉള്ളപ്പോള് സായിപ്പിനെന്തു വിഷമം?)

ആ അതവിടെ നിൽക്കട്ടെ

നമുക്ക് ഒരു കിളിയെ എടുത്ത് പരീക്ഷിക്കാം

ഒരു കമ്പിക്കൂട് അതിന്റെ ഒരു വശത്ത് താഴെ ഒരു വാതിൽ
മറ്റെ അറ്റത്ത് ഒരു കമ്പിയിൽ ഒരു വളയം

ഈ കൂടിന്റെ ഒരു വശത്ത് ഒരു ഗ്രെയിൻ ഗൺ ( ധാന്യം ഉണ്ടയായി ഉപയോഗിക്കുന്ന ഒരു തോക്ക് സംവിധാനം. അതായത് അതു ഷൂട്ട് ചെയ്യുമ്പോള് ഒരു ധാന്യം പുറത്തു വരും.

നിങ്ങളെ ട്രെയിനറായി നിയമിച്ച് ഒരു പ്രാവിനെ കയ്യിൽ തരുന്നു.
നിങ്ങളുടെ ജോലി ആ പ്രാവിനെ കൂട്ടിനുള്ളിലുള്ള വളയത്തിൽ ഇരിക്കുവാൻ പഠിപ്പിക്കണം.

എങ്ങനെ ചെയ്യും?

ആലോചിച്ചാൽ വളരെ പ്രയാസം ആണ് അല്ലെ?

എന്നാൽ ഇതെങ്ങനെ സാധിക്കുന്നു എന്നറിയണ്ടെ?

പ്രാവിനെ വെറുതെ തുറന്നു വിട്ടിട്ട് അത് ആ വളയത്തിൽ കയറി ഇരിക്കുവാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നാൽ --
നടക്കില്ല ഉറപ്പല്ലെ?

പ്രാവ് അവിടെയും ഇവിടെയും ഒക്കെ ചാടി നടക്കുമായിരിക്കും അല്ലാതെ അതിനറിയില്ലല്ലൊ നാം അതിനെ വളയത്തിൽ കയറാൻ പഠിപ്പിക്കുക ആണെന്ന്.

അതുകൊണ്ട് ശരിക്കുള്ള പരിശീലകർ എന്താണു ചെയ്യുക?

പ്രാവിനെ വഴക്കു പറയുമൊ?
അടിക്കുമോ?
ഒന്നും ഇല്ല

ആ കൂടിന്റെ വാതിലിനരികിൽ ഒരു വര വരയ്ക്കും.

എന്നിട്ടു പ്രാവിനെ തുറന്നു വിട്ടു കാത്തിരിക്കും.

പ്രാവ് പലതവണ അവിടെയും ഇവിടെയും ഒക്കെ ചാടി നടക്കുന്നതിനിടയിൽ എപ്പോഴെങ്കിലും അബദ്ധത്തിൽ ആ വരയെ കടന്നു കൂട്ടിനു നേരെ ചാടിയാൽ ആദ്യം പറഞ്ഞ ഗൺ ഉപയോഗിച്ച് ഒരു ധാന്യം ഷൂട്ട് ചെയ്യും.

പ്രാവിനു ധാന്യം ഇഷ്ടമാണല്ലൊ അല്ലെ.
ആ ധാന്യം കൊത്തി കൊറിച്ചിട്ടു വീണ്ടും അവിടെയും ഇവിടെയും ചാടി നടക്കും.

എപ്പോഴങ്കിലും വീണ്ടും ആ വര കടന്നാൽ ധാന്യം ലഭിക്കും. പക്ഷെ പലതവണ ഇതു കണ്ടാൽ പ്രാവിനു മനസിലാകും സംഗതി. അതു പിന്നീടു മനഃപൂർവം ആ വരയെ ക്രോസ് ചെയ്യുവാൻ തുടങ്ങും.

ഒരു തവണ മനഃപൂർവം ക്രോസ് ചെയ്താൽ പിന്നീടു ആ വരയെ അല്പം കൂടി മാറ്റി വരയ്ക്കും.

കൂടുതൽ വിസ്തരിക്കേണ്ട ആവശ്യം ഇല്ലല്ലൊഅല്ലെ?

പതിയെ പതിയെ ആ പ്രാവിനെ വളയത്തിനടുത്തെത്തിക്കാനും അതിൽ ഇരുത്തുവാനും കഴിയും.

ഇതിൽ അന്തർഭവിച്ചിരിക്കുന്ന മൂന്നു തത്വങ്ങൾ മനസിലാക്കിയാൽ ഏതു അണ്ടനെയും അടകോടനെയും വേണ്ട രീതിയിൽ ഉപയോഗിക്കാം.

എങ്കിൽ കഴിവുള്ള ആളുകളെ കൊണ്ട് എന്തു വേണമെങ്കിലും സാധിക്കാം എന്നും അറിയാമല്ലൊ അല്ലെ?

1. ആദ്യം അറിയേണ്ട കാര്യം തന്റെ സബോർഡിനേറ്റ് ആയ ഓരോ വ്യക്തിയിൽ നിന്നും താൻ എന്താണ് പ്രതീക്ഷിക്കുന്നത്?

അതു തനിക്കും അറിയാമായിരിക്കണം, സബോർഡിനേറ്റിനും വ്യക്തമായി അറിയാമായിരിക്കണം

തനിക്കു അത് ആദ്യമേ അറിയാം - അതു കൊണ്ട് അതു വേണ്ട വിധത്തിൽ സബോർഡിനേറ്റിനെ മനസിലാക്കിക്കണം. പ്രാവിനു വര വരച്ചും ധാന്യം കൊടുത്തും മറ്റും ചെയ്തതുപോലെ പ്രയാസം ഉണ്ടാകുമോ?

സബോർഡിനേറ്റിനു വ്യക്തമായി മനസിലായില്ല എങ്കിൽ അയാളിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. അതുകൊണ്ട് ആദ്യമായി ചെയ്യേണ്ടത് ഗോള് സെറ്റിങ്ങ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കർമ്മം ആണ്.

വേണം എങ്കിൽ അതു പോയിന്റുകളായി എഴുതി വയ്പ്പിക്കുക.
വലിയ ജോലികൾ ആണെങ്കിൽ അളക്കാവുന്ന തരത്തിൽ ചെറിയ ചെറിയ പണികൾ ആയി വിഭജിച്ചെടുക്കുക.

നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കാൻ പറ്റുന്നത്ര പണിയെ ഉൾക്കൊള്ളിക്കുവാൻ പാടുള്ളൂ

2. കൃത്യമായ പണീയെ അഭിനന്ദിക്കുക.
ആരു ജോലി ചെയ്താലും അംഗീകാരം ആഗ്രഹിക്കും അതു ലോക നിയമം ആണ്.

ആ അംഗീകാരം ലഭിക്കുന്നില്ല എങ്കിൽ അതു അവരുടെ പ്രകടനത്തെ സാരമായി ബാധിക്കുകയും ചെയ്യും

അതു കൊണ്ട് സമയ പരിധിക്കുള്ളിൽ മുഴുമിപ്പിക്കപ്പെട്ട ഏതു ജോലിയ്ക്കും തോലിൽ തട്ടിയുള്ള അഭിനന്ദനം പോലെ ഒരു ചെറിയ കാര്യം ആയാലും മതി - അത് അയാളുടെ പ്രകടനത്തെ സാരമായി മെച്ചപ്പെടുത്തും

കൈ കൊടുക്കുക, പുറത്തു തട്ടുക ഇതൊക്കെ ( സബോർഡിനേറ്റ് സ്ത്രീയും ബോസ് പുരുഷനും ആണെങ്കിൽ ഭാരതത്തിൽ ആണെങ്കിൽ സൂക്ഷിക്കണം തൊട്ടുള്ള അഭിനന്ദനം ഒഴിവാക്കുകയായിരിക്കും നല്ലത് :) ) വളരെ വളരെ ഊഷ്മളമായ ബന്ധം ഉണ്ടാക്കും

3. കൃത്യമായി മനസിലായ ജോലി ഒരിക്കൽ ചെയ്തു തീർത്ത ജോലി പിന്നീടൊരിക്കൽ തെറ്റായി ചെയ്തു കണ്ടാൽ കർശനമായ വിമർശനം, രൂക്ഷമായ ഭാഷയിൽ അപ്പോള് തന്നെ നടത്തണം.

പലപ്പോഴും നാം നമ്മുടെ മക്കളെ തല്ലി കഴിഞ്ഞായിരിക്കും അവർ ചോദിക്കുന്നത് "അച്ഛാാ എന്തിനാ എന്നെ തല്ലിയത്" എന്ന്

എന്തിനാണ് തല്ലിയത് എന്നു മക്കൾക്കു മനസിലായില്ലെങ്കിൽ തല്ലിയിട്ടെന്തു ഫലം?

അതുപോലെ സബോർഡിനേറ്റ് വരുത്തിയ കുറവ് എന്താണ് എന്നു അയാൾക്കു വ്യക്തമായി മനസിലാകത്തക്കവണ്ണം വേണം ഈ പ്രകടനം

ഇവിടെ പ്രകടനം എന്നെഴുതാൻ ഒരു പ്രത്യേക കാരണം ഉണ്ട്

ഇതൊന്നും മനസ്സിൽ വയ്ക്കരുത്

( ഭാരതീയ എച്ച് ആറുകാരെ ധാരാളം കണ്ടിട്ടുള്ളതു കൊണ്ട് പറഞ്ഞതാ. എന്തൊ മുജ്ജന്മ വൈരാഗ്യം പോലെയാണ് നമ്മുടെ മിക്കവരും അല്ലെ?)

ഇനി ഈ വഴക്കു പറയൽ അധികം നീളരുത് ഏറിയാൽ 30 സെക്കൻഡ് അല്ലെങ്കിൽ ഒരു മിനിറ്റ്. അതിന്റെ തുടർച്ച ആയി തന്നെ ഈ വഴക്ക് ആ വ്യക്തിയ്ക്കു നേരെ അല്ലെന്നും, ആവ്യക്തിയുടെ ആ നേരത്തെ പ്രവൃത്തിക്കെതിരെ മാത്രമാണെന്നും ബോദ്ധ്യപ്പെടൂത്തുകയും വേണം
" I never expected such a behaviour from you" എന്ന പോലെ ഉള്ള ഒരു വാചകം അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം.

ആ ആളിനെയും അയാളുടെ കഴിവുകളെയും താൻ എത്ര വിലമതിക്കുന്നുണ്ടെന്നും ബോദ്ധ്യപ്പെടുത്തനം എന്നർത്ഥം

മേല്പറഞ്ഞ മൂന്നു പോയിന്റുകൾ തങ്ങളുടെ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞാൽ ---