Monday, February 19, 2007

സംഗീതശാസ്ത്രം - 6--ശ്രുതിഭേദം.

ശ്രുതിഭേദം.

ചില രാഗങ്ങളുടെ ഷഡ്ജം അല്ലാതെ മറ്റ്‌ സ്വരത്തെ ആധാരഷഡ്ജമായി സ്വീകരിച്ച്‌ ആ രാഗത്തിന്റെ സ്വരസ്ഥാനങ്ങളില്‍ കൂടി സഞ്ചരിച്ചാല്‍ വേറേ ഒരു രാഗം ലഭിക്കും. അങ്ങനെ ഉള്ള രാഗങ്ങളെ മൂര്‍ഛനാകാരക രാഗങ്ങള്‍ എന്നു വിളിക്കുന്നു. മേളകര്‍ത്താരാഗങ്ങളില്‍ 56 എണ്ണം ഇപ്രകാരം ശ്രുതിഭേദം ചെയ്യാന്‍ സാധിക്കുന്നവയാണ്‌.

ഉദാഹരണം-

1. തോഡി രാഗത്തിന്റെ ഋഷഭം ആധാരഷഡ്ജമായി സ്വീകരിച്ച്‌ രി ഗ മ പ ധ നി സ രി എന്നീ സ്വരസ്ഥാനങ്ങളെ സ രി ഗ മ പ ധ നി സ എന്നു പാടിയാല്‍ കേള്‍ക്കുന്നത്‌ കല്ല്യാണി രാഗമായിരിക്കും

2. ഖരഹരപ്രിയയുടെ രി, ഗ, മ, പ, നി ഇവ ഓരോന്നിനേയും ആധാര ഷഡ്ജമാക്കിയാല്‍ യഥാക്രമം ഹനുമത്തോഡി, കല്ല്യാണി, ഹരികാംബോജി, നഠഭൈരവി, ശങ്കരാഭരണം ഇവ ലഭിക്കുന്നു.

3. മോഹനത്തിലെ രി, ഗ, പ, ധ ഇവയെ ശ്രുതിഭേദം ചെയ്താല്‍ ക്രമേണ മധ്യമാവതി, ഹിന്ദോളം, ശുദ്ധസാവേരി, ശുദ്ധധന്യാസി ഇവ ലഭിക്കും.

നല്ല വിദഗ്ദ്ധന്മാര്‍ കച്ചേരികള്‍ മോടിപിടിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു സങ്കേതമാണ്‌ ഈ ശ്രുതിഭേദം - പക്ഷേ വലരെ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യേണ്ട കാര്യമാണ്‌ എന്നു മാത്രം.

ശ്രുതിഭേദത്തിനു ചില പൊതു നിയമങ്ങളുണ്ട്‌ അവയെ നോക്കം.

1- ഒരു രാഗം മറ്റൊന്നിന്റെ പഞ്ചമമൂര്‍ഛനയാണെങ്കില്‍ (പഞ്ചമം ആധാരഷഡ്ജമാക്കികിട്ടുന്നതാണെങ്കില്‍) രണ്ടാമന്‍ ആദ്യത്തേതിന്റെ മദ്ധ്യമ മൂര്‍ച്ഛനയായിരിക്കുംഉദാഹരണത്തിന്‌a. ഖരഹരപ്രിയയുടെ പഞ്ചമം ആധാരഷഡ്ജമാക്കിയാല്‍ നഠഭൈരവി കിട്ടും എന്നു മുമ്പു പറഞ്ഞു. എങ്കില്‍ നഠഭൈരവിയുടെ മദ്ധ്യമം ആധാരഷഡ്ജമാക്കിയാല്‍ ഖരഹരപ്രിയ ലഭിക്കും എന്നര്‍ത്ഥംb. വലചിയുടെ പഞ്ചമമൂര്‍ഛനയായ ആഭോഗിയും , ആഭോഗിയുടെ മദ്ധ്യമമൂര്‍ഛനയായ വലചിയും ഇതു ശരിവക്കുന്നു.

2. ഒരു രാഗം മറ്റൊന്നിന്റെ ഋഷഭമൂര്‍ഛനയാണെങ്കില്‍ (ഋഷഭം ആധാരഷഡ്ജമാക്കികിട്ടുന്നതാണെങ്കില്‍) രണ്ടാമന്‍ ആദ്യത്തേതിന്റെ നിഷാദ മൂര്‍ച്ഛനയായിരിക്കുംഖരഹരപ്രിയ ശങ്കരാഭരണത്തിന്റെ ഋഷഭമൂര്‍ഛനയില്‍ ലഭിക്കുന്നതും ശങ്കരാഭരണം ഖരഹരപ്രിയയുടെ നിഷാദമൂര്‍ഛനയില്‍ ലഭിക്കുന്നതും ഉദാഹരണം. അതുപോലെ മധ്യമാവതി മോഹനത്തിന്റെ ഋഷഭമൂര്‍ഛനയില്‍ ലഭിക്കുന്നു, മോഹനം മധ്യമാവതിയുടെ നിഷാദമൂര്‍ഛനയില്‍ ലഭിക്കുന്നു.

3. ഒരു രാഗം മറ്റൊന്നിന്റെ ഗാന്ധാരമൂര്‍ഛനയാണെങ്കില്‍ (ഗാന്ധാരം ആധാരഷഡ്ജമാക്കികിട്ടുന്നതാണെങ്കില്‍) രണ്ടാമന്‍ ആദ്യത്തേതിന്റെ ധൈവതമൂര്‍ച്ഛനയായിരിക്കുംഉദാഹരണം തോടി ശങ്കരാഭരണത്തിന്റെയും, ശുദ്ധസാവേരി ഹിന്ദോളത്തിന്റേയും ഗാന്ധാരമൂര്‍ഛനയും , അതുപോലെ ശങ്കരാഭരണം തോടിയുടേയും ഹിന്ദോളം ശുദ്ധസാവേരിയുടേയും ധൈവതമൂര്‍ഛനയുമാണ്‌.

4. ഒരു ശുദ്ധമദ്ധ്യമമേളരാഗത്തിന്റെ പഞ്ചമം മൂര്‍ഛന ചെയ്താല്‍ കിട്ടുന്ന രാഗത്തിന്റെ ക്രമനമ്പരിനോടുകൂടി ഒന്നു കൂട്ടിയാല്‍ കിട്ടുന്ന അക്കമായിരിക്കും പ്രതിമദ്ധ്യമമേളയുടെ പഞ്ചമമൂര്‍ഛനരാഗനമ്പര്‍ഉദാഹരണം-ശങ്കരാഭരണത്തിന്റെ പഞ്ചമമൂര്‍ഛന 28 എങ്കില്‍ കല്ല്യാണിയുടെ പഞ്ചാമമൂര്‍ഛന 28 + 1 =29 ആയിരിക്കും ഹരികാംബോജിയും വാചസ്പതിയും തേപോലെ ബന്ധപ്പെട്ടിരിക്കുന്നു

Saturday, February 17, 2007

സംഗീത ശാസ്ത്രം 5

ജനകരാഗങ്ങള്‍

മേളകര്‍ത്താരാഗങ്ങളില്‍ നിന്നും മറ്റു രാഗങ്ങള്‍ ഉണ്ടാക്കാം എന്നുള്ളതുകൊണ്ട്‌ അവയെ ജനകരാഗങ്ങള്‍ എന്നും വിളിക്കുന്നു.ഇവയില്‍ നിന്നും ചില സ്വരങ്ങള്‍ ഒഴിവാക്കുകയോ (വര്‍ജ്ജരാഗങ്ങള്‍), സഞ്ചാരം വക്രരീതിയില്‍ ആക്കുകയോ ചെയ്താണ്‌ (വക്രരാഗങ്ങള്‍) ജന്യരാഗങ്ങളുണ്ടാക്കുന്നത്‌.

ആരോഹണത്തില്‍ ഏഴു സ്വരങ്ങളും അവരോഹണത്തില്‍ ഏഴു സ്വരങ്ങലൂം ഇവക്കുണ്ട്‌. ഇവയില്‍ നിന്നും ആരോഹണത്തിലെ ഏതെങ്കിലും ഒരു സ്വരം മാത്രം ഒഴിവാക്കുക, അവരോഹണം ഏഴുസ്വരങ്ങളും ഉള്ളതായിരിക്കുക - ഇങ്ങനെയുള്ള രാഗങ്ങളേ ഷ്‌ആഡവ - സമ്പൂര്‍ണ്ണം എന്നു പറയുന്നു അതായത്‌ ആരോഹണത്തില്‍ 6, അവരോഹണത്തില്‍ 7.

അതേപോലെ ആാഹണത്തില്‍ അഞ്ചു സ്വരങ്ങള്‍ അവരോഹണത്തില്‍ ഏഴ്‌ സ്വരങ്ങള്‍ ഇവയുള്ളവ ഔഡവ സമ്പൂര്‍ണ്ണം (5-7). ആരോഹണത്തില്‍ ഏഴു സ്വരം അവരോഹണത്തില്‍ 6 സ്വരം ഇങ്ങനെയുള്ളവ സമ്പൂര്‍ണ്ണ ഷാഡവം(7-6)

ഇപ്രകാരം ഓരോ മേളകര്‍ത്താ രാഗത്തിനും

6 ഷാഡവ -സമ്പൂര്‍ണ്ണ (6-7) ജന്യങ്ങളും,
15 ഔഡവ സമ്പൂര്‍ണ്ണ (5-7) ജന്യങ്ങളും,
6 സമ്പൂര്‍ണ്ണ ഷാഡവ (7-6)ജന്യങ്ങളും
15 സമ്പൂര്‍ണ്ണ ഔഡവ (7-5)ജന്യങ്ങളും
36, ഷാഡവ ഷാഡവ(6-6) ജന്യങ്ങളും
90 ഷാഡവ ഔഡവ (6-5) ജന്യങ്ങളും
90 ഔഡവ ഷാഡവ (5-6)ജന്യങ്ങളും
225 ഔഡവ ഔഡവ (5-5)ജന്യങ്ങളും
എന്നിങ്ങനെ ആകെ 483 തരത്തില്‍ ജന്യരാഗങ്ങള്‍ണ്ടാകും.

അഞ്ചില്‍ കുറവു സ്വരം വച്ചു രാഗം സാധാരണയില്ല. അങ്ങനെയാകുമ്പോള്‍ എല്ലാ മേളങ്ങള്‍ക്കും കൂടി 483 x 72 = 34776 ജന്യരാഗങ്ങള്‍ വര്‍ജ്ജരാഗങ്ങളായി ലഭിക്കുന്നു.

ഷാഡവസമ്പൂര്‍ണ്ണം ഉദാഹരണം -
28ആമത്‌ മേളത്തില്‍ നിന്നും ജന്യമായ കാംബോജി

ആ- സ രി ഗ മ പ ധ സ
അ- സ നി ധ പ മ ഗ രി സ

ഔഡവ സമ്പൂര്‍ണ്ണം ഉദാഹരണം
29ആമത്‌ മേളജന്യമയ ആരഭി

ആ- സ രി മ പ ധ സ
അ- സ നി ധ പ മ ഗ രി സ

ആരോഹണാവരോഹണങ്ങള്‍ വക്രമാക്കുന്നതിന്‌ ഈ ക്രമമൊന്നുമില്ലാത്തതിനാല്‍ വക്രരാഗങ്ങള്‍ക്ക്‌ അന്തമില്ല. പേരിനു വേണ്ടി ഇവയേയും വക്രസമ്പൂര്‍ണ്ണം , സമ്പൂര്‍ണ്ണ വക്രം എന്നൊക്കെ ആരോഹണത്തിലും അവരോഹണത്തിലും വക്ര സഞ്ചാരം സൂചിപ്പിക്കാം.

ഈശമനോഹരി (28 ല്‍ ജന്യം)
ആ-സ രി ഗ മ പ ധ നി സ
അ- സ നി ധ പ മ രി മ ഗ രി സ

ഹുസേനി (22 ല്‍ ജന്യം)
ആ- സ രി ഗ മ പ നി ധ നി സ
അ- സ നി ധ പ മ ഗ രി സ

ശഹാന ( 28 ല്‍ ജന്യം)
ആ- സ രി ഗ മ പ മ ധ നി സ
അ- സ നി ധ പ മ ഗ മ രി ഗ രി സ
എന്നിവ വക്രരാഗങ്ങള്‍ക്കുദാഹരണങ്ങള്‍

ഇനി വക്രരാഗങ്ങളില്‍ തന്നെ സ്വരങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവയെ വക്രവര്‍ജ്ജരാഗങ്ങള്‍ എന്നു വിളിക്കുന്നു. അവയിലും ഷാഡവ ഔഡവഭേദങ്ങളും ചേര്‍ത്ത്‌ വക്രഷാഡവം , വക്ര ഔഡവം എന്നിങ്ങനെയും ഉണ്ടാകുന്നു.

കുന്തളവരാളി (28 ല്‍ ജന്യം) ഒരുദാഹരണം
ആ- സ മ പ ധ നി ധ സ
അ- സ നി ധ പ മ സ
ഉപാംഗ രാഗങ്ങള്‍.

ജന്യരാഗങ്ങളില്‍ അതിന്റെ ജനകരാഗത്തിലെ സ്വരങ്ങള്‍ മാത്രമേ ഉള്ളു എങ്കില്‍ അവയെ ഉപാംഗരാഗം എന്നു വിളിക്കും. ഉദാഹരണം ഹംസധ്വനി, കേദാരഗൗള തുടങ്ങിയവ.

ഭാഷാംഗരാഗങ്ങള്‍.

ചില ജന്യരാഗങ്ങളില്‍ അവയുടെ ജനകരാഗങ്ങളിലുള്ളവയല്ലാത്ത സ്വരങ്ങള്‍ വരുന്നു. അങ്ങനെ അന്യസ്വരം വരുന്ന രാഗങ്ങളെ ഭാഷാംഗരാഗങ്ങള്‍ എന്നു പറയും. ഉദാഹരണം കാംബോജി ബിലഹരി തുടങ്ങിയ ഒരു അന്യസ്വരമുള്ളവയും, അഠാണ തുടങ്ങിയ രണ്ടു അന്യസ്വരമുള്ളവയും

വരാഹാവതാരം

അദ്വൈതവും മോക്ഷവും ഒക്കെ നാം മിക്കവാറും എന്നും തന്നെ ചരച്ച ചെയ്യുന്നതായി കാണുന്നു. നാം പറയുന്നതു കേട്ടാല്‍ നാമൊക്കെ അതു പുഷ്പം പോലെ അനുഭവിച്ചു കളയും എന്നു തോന്നിപ്പോകും. ഈ ലോകത്തിലുള്ള യാതൊരു വസ്തുവിലും താല്‍പര്യമുണ്ടാകാതിരികുക എന്നത്‌ അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. നമുക്ക്‌ പഴയ ഒരു കഥ നോക്കിയാലോ?

പണ്ടു വരാഹാവതാരസമയം ഭഗവാന്‍ വിഷ്ണു വരാഹമായി - പന്നിയായി അവതരിച്ചു. അവതാരോദ്ദേശം നിര്‍വഹിച്ചു കഴിഞ്ഞ്‌ വളരെക്കാലമായിട്ടും വിഷ്ണുവിനെ തിരികെ കാണാന്‍ജ്‌ ബ്രഹ്മാവും ശിവനും മറ്റും കൂടിയാലോചിച്ചു.

ഇദ്ദേഹമിതെവിടെപോയി? കാര്യമെല്ലാം കഴിഞ്ഞാല്‍ തിരികെ എത്തേണ്ട സമയം കഴിഞ്ഞല്ലൊ. ഒന്നു പോയി അന്വേഷിച്ചാലോ?ബ്രഹ്മാവ്‌ ശിവനെ ആ കാര്യം ഏല്‍പ്പിച്ചു.
ശിവന്‍ യാത്രയായി. ഈരേഴു പതിന്നാലു ലോകവും തേടി നടന്നിട്ടും കാണാനില്ല . അവസാനം ഒരിടത്ത്‌ ഒരു പന്നി കുടുംബത്തെ കണ്ടു. നല്ല ഒത്ത ആരോഗ്യമുള്ള ഒരു ആണ്‍പന്നി, ഒരു പെണ്‍പന്നിയും കുറേയേറെ പന്നിക്കുട്ടികളും
എല്ലാവരും കൂടി ചളിയില്‍ തിമര്‍ത്തു കളിക്കുകയാണ്‌. അവരില്‍ ആണ്‍പന്നിയെ കണ്ട ശിവനു സംശയം തോന്നി. അടുത്തു ചെന്നു . അപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്‌ . വിഷ്ണു അവതാരം കഴിഞ്ഞിട്ടും വേഷം മാറിയിട്ടില്ല അങ്ങനെ തന്നെ തുടരുന്നു.

ശിവന്‍ വിളിച്ചു " അല്ല എന്താണീകാണുന്നത്‌? അവതാരോദ്ദേശം ഒക്കെ കഴിഞ്ഞില്ലേ? ഇനി മതിയാക്കി പോരരുതോ? അവിടെ ആണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ തെരയാത്ത സ്ഥലമില്ല. മതിയാക്കുക. "

വിഷ്ണുവിന്റെ അഭിപ്രായം അറിയണ്ടേ?

" പിന്നേ,ഇത്രസുഖകരമായ ഈ ജീവിതം വിട്ട്‌ ഞാനിനി എങ്ങോട്ടുമില്ല . നിങ്ങള്‍ തിരികെ പോകൂ. നോക്ക്‌ ഞാനും എന്റെ കുടുംബവും എത്ര സ്നതോഷമായി ആണ്‌ കഴിയുന്നത്‌ എന്ന്‌."

അവസാനം ശിവന്‍ തന്റെ ശൂലം ഉപയോഗിച്ച്‌ വിഷ്ണുവിനെ മോച്ചിപ്പിച്ചു എന്നാണ്‌ കഥ. സാക്ഷാല്‍ വിഷ്ണുവിന്റെ അവസ്ഥ ഇതായിരുന്നു എങ്കില്‍ ഈ നമ്മളൂടേ ഒക്കെ കഥ പറയാനുണ്ടോ?

Thursday, February 01, 2007

ദുര്‍വ്യാഖ്യാനത്തിന്റെ കഴിവ്‌

ശ്രീ തുഞ്ചത്തെഴുത്തച്ഛനോടു ആദ്യമേ തന്നെ മാപ്പപേക്ഷ സമര്‍പ്പിക്കുന്നു.

ഇതെന്റെ ആശയമല്ല - പണ്ടു പറഞ്ഞു കേട്ടിട്ടുള്ള മോശമായ തമാശയാണ്‌. അതു ഞാന്‍ ഒന്ന്‌ എന്റീകരിച്ച്‌ പോസ്റ്റുന്നു.

ഭാരതീയമായ എന്തിനെക്കുറിച്ചും എത്ര ദുഷിച്ചെഴുതുന്നുവോ അതാണ്‌ ബ്ലോഗില്‍ ഇഷ്ടമുള്ളത്‌ എന്ന പുതിയ അറിവും ഈ എഴുത്തിനു പ്രചോദനമായിരുന്നിരിക്കാം.

കേരളത്തില്‍ ജാതിവ്യവസ്ഥ ഒക്കെ കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന കാലം. അപ്പോഴാണ്‌ നമ്പൂരിയുടെ അടുത്തു വന്ന്‌ ഒരാള്‍ അറിയിച്ചു

"അറിഞ്ഞില്ലേ ശൂദ്രന്‍ രാമകഥ എഴുതുന്നു അത്രേ. ഇനിയിപ്പോ നാട്‌ എന്താകുമോ എന്തൊ"

നമ്പൂരി " ആര്‌? ആരെഴുതുന്നു?"

" ആ എഴുത്തശ്ശനേ, രാമായണം എഴുതുന്നു പോലും"

നമ്പൂരി " അതെയോ? ശിവ ശിവ, അതു കണ്ടുവോ?, വഷളന്‍ ഗദ്യത്തിലായിരിക്കും അല്ലേ?"

"അല്ല പദ്യത്തിലാണ്‌ നല്ല മലയാളത്തില്‍ തന്നെ."

നമ്പൂരി " നിങ്ങള്‍ വായിച്ചുവോ? എങ്ങനെ ഉണ്ട്‌ ഭാഷ?"

"അതല്ലേ അപകടം നന്നായി എഴുതുന്നു ഇനി ബാക്കിയുള്ളവര്‍ വായിച്ചും കൂടി തുടങ്ങിയാല്‍ വെടിപ്പായി- ഇതാ തുടക്കം കേട്ടോളൂ
"ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്രാ ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്രാ ജയ--"
എന്നിങ്ങനെ പോന്നു നല്ല ഒഴുക്ക്‌. ഇപ്പോള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല"

നമ്പൂരി " എന്താ ഇപ്പൊ ചെയ്യുക? ഇതങ്ങനെ വിട്ടു കൊടുത്തു കൂടല്ലൊ ആട്ടെ എന്തെങ്കിലും ഒരു വഴി പറയൂ""

അതേ നോം കേട്ടത്‌ മൂപ്പര്‌ സ്വല്‍പം കഴിച്ചിട്ടാണ്‌ എഴുതുന്നത്‌ എന്നാണ്‌. നമുക്ക്‌ ആ കള്ളു ചെത്തങ്ങ്‌ നിര്‍ത്തിച്ചാലോ? കള്ളില്ല, എഴുത്തും ഇല്ല എന്താ?"

നമ്പൂരി " എങ്കില്‍ വേഗമാകട്ടെ ഈ നാട്ടില്‍ ഇനി കള്ളു ചെത്തണ്ടാ കൊടുക്കുക അറിയിപ്പ്‌"

അങ്ങനെ നമ്പൂരിമാര്‍ ആ നാട്ടിലെ കള്ളു ചെത്തു നിര്‍ത്തിക്കുവാന്‍ ആജ്ഞാപിച്ചു.ഈ സമയത്ത്‌ നമ്മുടെ എഴുത്തച്ഛന്‍ കിഷ്കിന്ധാകാണ്ഡം വരെ എഴുതിത്തീര്‍ത്തിരുന്നു.അടുത്ത ദിവസം എഴുതുവാന്‍ ഇരുന്നു. പക്ഷെ കഷ്ടം ദാഹജലം എത്തുന്നില്ല. കാരണം അന്വേഷിച്ചപ്പോള്‍ അറിവായി നമ്പൂരിമാര്‍ കള്ളു ചെത്തു നിര്‍ത്തുവാന്‍ അജ്ഞാപിച്ചിരിക്കുന്നു.


കുറച്ചു ദിവസം കഴിഞ്ഞു നമ്പൂരിമാര്‍ തുടര്‍ച്ചയായി അന്വേഷിക്കുന്നുണ്ട്‌ - ഇല്ല കിഷ്കിന്ധാകാണ്ഡത്തില്‍ തന്നെ നില്‍ക്കുന്നു. സന്തോഷം ഇനി അവന്‍ എഴുതില്ലല്ലൊ.

വീണ്ടും കുറച്ചു ദിവസം കഴിഞ്ഞു. പഴയ ആള്‍ ഓടി വന്നു

" അതേ അറിഞ്ഞോ? ചതിച്ചു ദേ സുന്ദരകാണ്ഡം എഴുതി തുടങ്ങിയിരിക്കുന്നു."

നമ്പൂരി" അതു വായിച്ചുവോ? കള്ളില്ലാതെ എഴുതിയതല്ലേ ഏല്‍ക്കില്ല"

"അങ്ങനെയല്ല ഹേ' പണ്ടൊക്കെ അയാള്‍ തുടങ്ങിയിരുന്നത്‌ -

"ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമ ചരിതം നീ ചൊല്ലീടു മടിയാതെ"
എന്നൊ,

"താര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടോ
താമസശീലമകറ്റേണമാശു നീ
രാമദേവന്‍ ചരിതാമൃതമിന്നിയു-
മാമോദമുള്‍ക്കൊണ്ടു ചൊല്ലൂ സരസമായ്‌"

എന്നൊ
"ബാലികേ ശുകകുലമൗലിമാലികേ
ഗുണശാലിനി ചാരുശീലേ ചൊല്ലീടു മടിയാതെ

എന്നൊക്കെയായിരുന്നെങ്കില്‍ഇപ്പോള്‍ കേട്ടോ

എന്തൊരു കവിതയാ-

"സകലശുകകുലവിമലതിലകിതകളേബരേ
സാരസ്യപീയൂഷ സാരസര്‍വസ്വമേ
കഥയമമ കഥയമമ കഥകളതിസാദരം
കാകുല്‍ സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ"

ഈ ജാതി എഴുതി ത്തുടങ്ങിയാല്‍ നമ്മുടെ ഒക്കെ ഗതി എന്താകും?"

നമ്പൂരി " അതെയോ അതെങ്ങനെ? ആരാണ്‌ കള്ളു ചെത്തിയത്‌ നാമറിയാതെ അവനെ ഇവിടേ എത്തിക്കൂ."

" കള്ളല്ല, മറ്റവന്‍ കൊട്ടുവടി, ചെത്തു നിന്നപ്പോള്‍ ദേ അതിങ്ങത്തി അതിന്റെ പ്രഭാവം അല്ലാതെന്തു പറയാന്‍"

നമ്പൂരി " കള്ളു ചെത്തിക്കോട്ടെ ഇപ്പോള്‍ തന്നെ അറിയിക്കൂ. ഇതുപോലെ എഴുതുന്നതിനെക്കാള്‍ നല്ലത്‌ പഴയ കള്ളിന്റെ എഴുത്താണ്‌."

നമ്പൂരിയുടെ ആജ്ഞ പാലിക്കപ്പെട്ടു. കള്ളു ചെത്തു വീണ്ടും ആരംഭിച്ചു. കൊട്ടുവടി ഇല്ലാതായി. സുന്ദരകാണ്ഡം തീര്‍ത്തു കഴിഞ്ഞ രാമായണത്തിന്റെ യുദ്ധകാണ്ഡം തുടങ്ങുന്നു

"ശാരികപ്പൈതലേ ചൊല്ലുചൊല്ലിന്നിയുംചാരുരാമായണയുദ്ധം മനോഹരം--"


അനുബന്ധം

ഈ കൊട്ടുവടി പരിശൊധിച്ച അവസരത്തില്‍ എഴുതിയതാണെന്നു പറയപ്പെടുന്നു

"ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമപണ്ടേ ക്കണക്കു വരുവാന്‍ നിന്‍ കൃപാവലികളൂണ്ടാകയെങ്കലിഹ നാരായണായ നമഃ.

കഴിച്ചപ്പോള്‍ ഒന്നായിരുന്ന നിന്നെ രണ്ടാണെന്നു തോന്നുന്നതുവരെയുള്ള അനുഭൂതികള്‍ ശരീതന്നെ, പക്ഷേ അളവില്‍ വന്ന കളിപ്പീര്‌ അതു വെളിയില്‍ പറയാന്‍ മടിയാണ്‌, അതുകൊണ്ട്‌ അതും കൂടി ശരിയാക്കി പണ്ടു കള്ളു വന്നിരുന്നത്രയും അളവും കൂടി വരുവാന്‍ നിന്റെ അനുഗ്രഹം എന്നിലുണ്ടാകണം എന്നാണു പോലും.

(ഇങ്ങനൊക്കെ എഴുതുമ്പോള്‍ ഇതു തമാശയാണെന്നും ശരിക്കുള്ള അര്‍ത്ഥം വേറേയാണെന്നും ഞാന്‍ എഴുതിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകും.എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അങ്ങനെയല്ല )