Friday, November 21, 2008

ശനിയുടെ പേരുദോഷം

ഗുളികനെ കുറിച്ച്‌ മുമ്പെഴുതിയപ്പോള്‍ ഓര്‍മ്മ വന്നതാണ്‌. എന്നാല്‍ പലര്‍ക്കും അറിയാമായിരിക്കും എങ്കിലും ആരെങ്കിലും അറിയാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി എഴുതുന്നു.

പണ്ട്‌ എന്നു വച്ചാല്‍ വളരെ പണ്ട്‌ , ആളുകള്‍ എല്ലാം ശനിദേവനെ കുറ്റം പറയും . കാരണം?

എല്ലാ ഉപദ്രവങ്ങള്‍ക്കും കാരണം ശനിയാണ്‌.

ഇതു കേട്ടു കേട്ട്‌ ശനിയ്ക്ക്‌ ഭയങ്കര വിഷമമായി.

എന്തു ചെയ്യും ?
ബ്രഹ്മാവിന്റടുത്തുപോയാലോ? അതു തന്നെ അദ്ദേഹത്തെ കണ്ട്‌ ഇത്നൊരു പരിഹാരം നേടണം , ഇങ്ങനെ എല്ലാവരുടെയും പ്രാക്ക്‌ കേട്ട്‌ ജീവിയ്ക്കാനാവുകയില്ല.

ശനിദേവന്‍ ബ്രഹ്മാവിനടുത്തെത്തി. കാര്യം പറഞ്ഞു "ഏല്ലാവരും ദേ എന്നെ ദുഷ്ടന്‍ ദുഷ്ടന്‍ എന്നു പറയുന്നു. ഇങ്ങനെ എല്ലാവൃടെയും പ്രാകല്‍ ശരിയല്ല . ഞാന്‍ എന്തു തെറ്റാണ്‌ ചെയ്തത്‌. അറ്റുകൊണ്ട്‌ എങ്ങനെയെങ്കിലും ഇതില്‍ നിന്നും എന്നെ രക്ഷിക്കണം. ആരെങ്കിലും എന്നെ കുറിച്ച്‌ നല്ലതും പറയണം അതിന്‌ എന്തെങ്കിലുംചെയ്യണം"

ബ്രഹ്മാവ്‌ അനുഗ്രഹിച്ചു "നിനക്ക്‌ ഒരു പുത്രനുണ്ടാകുമ്പോല്‍ നിന്റൈീ ദുസ്ഥിതി മാറൂം"

ശനി സന്തുഷ്ടനായി തിരികെ പോയി.

പിന്നീട്‌ കാത്തിരിപ്പാണ്‌ മകനുണ്ടാകണം, തന്റെ പേരുദോഷം മാറണം.

അങ്ങനെ കാത്തിരുന്ന്‌ കാത്തിരുന്ന്‌ ഒരു ദിവസം തന്റെ ശരീരത്തില്‍ വിരലോടിച്ച്‌ ഓടീച്ച്‌ അഴുക്കുരുട്ടി ഉരുട്ടി ഒരു ഉരുളയാക്കി കളഞ്ഞു.
ദാ ഉണ്ടായിരിക്കുന്നു ഗുളികന്‍ - ശനിയുടെപുത്രന്‍. പുത്രന്‍ പിതാവിനെ വന്ദിച്ചു തന്റെ സ്വസ്ഥാനത്തേക്കു യാത്രയായി.

തന്റെ പേര്‍ പുത്രന്‍ മൂലം നന്നാകുന്നതും നോക്കി ശനി കാത്തിരിപ്പായി.

പക്ഷെ പുത്രന്‍ അറുവഷളന്‍. പ്രവൃത്തിദോഷം കൊണ്ട്‌ ആളുകള്‍ അവനെ തലങ്ങും വിലങ്ങും ചീത്ത പറയുവാന്‍ തുടങ്ങി.

കേട്ടു കേട്ടു സഹികെട്ട്‌ ശനി വീണ്ടും ബ്രഹ്മാവിനടൂത്തെത്തി.
" ദേ അങ്ങല്ലെ പറഞ്ഞത്‌ ഒരു പുത്രനുണ്ടാകുമ്പോള്‍ എന്റെ പേൂ ദോഷം എല്ലാം മാറും എന്ന്‌. അവനെ കൊണ്ട്‌ ഇപ്പോള്‍ എനിക്കുകൂടി പൊറുതി മുട്ടിയിരിക്കുന്നു. എന്താണിത്‌ പ്രഭോ"

ബ്രഹ്മാവ്‌ പറഞ്ഞു" പക്ഷെ നിന്റെപേരുദോഷം മാറിയില്ലെ കേള്‍ക്കുന്നില്ലേ ആളുകള്‍ പറയുന്നത്‌?"

ശനി ശ്രദ്ധിച്ചു
ആളുകള്‍ പറയുന്നു --" ആ ശനി ഇതിലൊക്കെ എത്ര ഭേദമായിരുന്നു"

Thursday, November 20, 2008

സില്‍ വര്‍ ജൂബിലി -ചോദ്യം

ഞങ്ങള്‍ - ആധുനികവൈദ്യം ഒരുമിച്ചു പഠിച്ച ബാച്ചിലെ സുഹൃത്തുക്കളെല്ലാവരും കൂടി അതിന്റെ 25ആം വാര്‍ഷികം വന്നപ്പോള്‍ ഒന്നൊരുമിച്ചു കൂടിയിരുന്നു.

അന്ന്‌ ഒരു സുഹൃത്ത്‌ പറഞ്ഞ ചില വാക്കുകള്‍, അതേ പോലെ അല്ലെങ്കിലും അതിന്റെ പൊരുള്‍ ഇവിടെ കുറിക്കുവാന്‍ ശ്രമിക്കാം.

അദ്ദേഹം നങ്ങളുടെ ബാച്ചില്‍ ഒന്നാം സ്ഥാനത്തിനു വേണ്ടി വളരെ പരിശ്രമിച്ചു പഠിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഒപ്പം തന്നെ മിക്കവരേയും പോലെ മറ്റുള്ള പല പാഠ്യേതരപ്രവര്‍ത്തനങ്ങളിലും സജീവമായിപ്രവര്‍ത്തിക്കുന്നവനും ആയിരുന്നു.

ഇന്ന്‌ വളരെ പ്രശസ്തനും ആണ്‌.

അദ്ദേഹം അന്നു ചോദിച്ചത്‌ ഇപ്രകാരമായിരുന്നു. നാം പഠിച്ചുകൊണ്ടിരുന്ന കാലത്ത്‌ മല്‍സരബുദ്ധി വളരെയധികം ഉപയോഗിച്ചു. ഉറങ്ങേണ്ട സമയത്ത്‌ ഉറങ്ങാതെയും , കളിക്കേണ്ട സമയത്ത്‌ കളിക്കാതെയും പഠിച്ചു. സൗഹൃദം പുലര്‍ത്തേണ്ട പലരോടും, മറുകക്ഷിക്കാരന്‍ എന്ന നിലയില്‍ സൗഹൃദം കാട്ടാതെ വര്‍ത്തിച്ചു.

എന്തിനു വേണ്ടിയായിരുന്നു. ഉന്നതനാകുവാന്‍.

ഉന്നതനായി
ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍, നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ മിക്കവരും, മറ്റു ബാച്ചുകളിലെയും മിക്കവരും, ആരും നമുക്കുള്ള നിലയില്‍ നിന്നും താഴെയൊന്നും അല്ലാത്ത നിലയില്‍ തന്നെയുണ്ട്‌. പലരും നമ്മെക്കാള്‍ മുകളിലും ഉണ്ട്‌.

നാം വെറുപ്പു സൂക്ഷിച്ചിരുന്ന പലരും ഇപ്പോള്‍ വളരെ നല്ല സുഹൃത്തുക്കളും സഹജീവികളും ആണ്‌.

അന്നു ജീവിതം സുഖമായി കൊണ്ടു നടന്നവരും ഇപ്പറഞ്ഞ ഗണത്തില്‍ തന്നെയുണ്ട്‌.

ഇപ്പോല്‍ തോന്നുന്നു നാം അന്ന്‌ എന്തിനായിരുന്നു ഇത്രയും വേവലാതി പിടിച്ചിരുന്നത്‌. ജീവിതം കുറേ കൂടി ആസ്വദിക്കരുതായിരുന്നില്ലേ?

എന്നു വിചാരിച്ചിട്ടിപ്പോള്‍ എന്തു കാര്യം? ഇപ്പോള്‍ നമ്മുടെ മക്കളും അതു തന്നെ അല്ലേ ചെയ്യുന്നത്‌ അവരെ ഇതു പറഞ്ഞു മനസ്സിലാക്കുവാന്‍ നമുക്കു കഴിയുമോ?

അവരും നമ്മെ പോലെ തന്നെ സില്‍ വര്‍ ജൂബിലി ആഘോഷിക്കുമ്പോള്‍ മനസ്സിലാക്കുമായിരിക്കും അല്ലേ?

എന്തോ അന്നു മുതല്‍ മനസ്സില്‍ ഈ ചോദ്യം മുഴങ്ങുന്നുണ്ട്‌

യോ യഥാ മാം പ്രപദ്യന്തേ

യോ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം

ഭഗവത്‌ ഗീതയില്‍ നാലാം അദ്ധ്യായത്തിലെ പതിനൊന്നാം ശ്ലോകത്തിന്റെ ആദ്യ പകുതി.

ഏതൊരുത്തര്‍ ഏതു വിധത്തില്‍ എന്നെ ആശ്രയിക്കുന്നുവോ ഞാന്‍ അവരെ അപ്രകാരം തന്നെ അനുഗ്രഹിക്കുന്നു. എന്നര്‍ത്ഥം

ചെറുപ്പത്തില്‍ അച്ഛനുമമ്മയും എന്നെ ഇടയ്ക്കിടയ്ക്ക്‌ ഓര്‍മ്മപ്പെടുത്തിയിരുന്ന ഒരു കാര്യമുണ്ട്‌- "വായില്‍ നാക്കു തന്നിരിക്കുന്നത്‌ നല്ല കാര്യം പറയാനാണ്‌" പിന്നൊന്ന്‌ " നാക്കില്‍ എപ്പൊഴാ ഗുളികന്‍ കയറിയിരിക്കുന്നത്‌ എന്നറിയില്ല അതുകൊണ്ട്‌ സൂക്ഷിച്ചു വേണം വര്‍ത്തമാനം പറയാന്‍" എന്ന്‌.

അന്ധവിശ്വാസത്തിന്റെ കാതല്‍ അല്ലേ - നാക്കില്‍ അല്ലേ ഗുളികന്‍ കയറിരിക്കുന്നത്‌. എന്തോന്ന്‌ ഗുളികന്‍?

പ്രിയപ്പെട്ടവരേ ഇതാണ്‌ നിങ്ങളുടെ മനസ്സില്‍ തോന്നിയത്‌ എങ്കില്‍ തുടര്‍ന്നു വായിക്കല്ലേ. ഇതു നിങ്ങള്‍ക്കുള്ളതല്ല.

ഞാന്‍ ഇതോര്‍ക്കുവാന്‍ കാര്യം എന്റെ ജീവിതത്തില്‍ കണ്ട രണ്ടു കാര്യങ്ങള്‍ ആണ്‌.

ഒന്ന്‌ എന്റെ അയല്‍ വാസിയായ ഒരു സുഹൃത്ത്‌.എന്നെക്കാള്‍ മൂന്നുനാലു വര്‍ഷം പ്രായക്കൂടുതല്‍ ഉള്ള വ്യക്തി.

അദ്ദേഹം ചെറുപ്പത്തില്‍ വളരെ ഉറക്കെ പാടൂമായിരുന്ന ഒരു വരിയാണ്‌ ഒരു പാരഡി - ദേവീ ശ്രീദേവീ എന്ന ഗാനത്തിന്റെ വികൃതരൂപം . ശ്രീദേവി എന്നതിനു പകരം മൂധേവീ എന്ന വാക്കു ചേര്‍ത്ത്‌ അദ്ദേഹം ആലപിക്കുന്നതു കേട്ട്‌ എനിക്കു വളരെ വിഷമം തോന്നിയിരുന്നു അന്നൊക്കെ.

പക്ഷെ പിന്നീടുള്ള ജീവിതത്തില്‍ അദ്ദേഹത്തെ മൂധേവി കനിഞ്ഞനുഗ്രഹിക്കുന്നതു കണ്ടപ്പോള്‍ എന്റെ അമ്മയുടെയും അച്ഛന്റെയും വാക്കുകള്‍ വെറുതേ ഓര്‍ത്തുപോകുന്നു.

മറ്റൊരനുഭവം എന്റെ ജൂനിയറായി പ്രി ഡിഗ്രിയ്ക്കു പഠിച്ചിരുന്ന ഒരു സുഹൃത്ത്‌.
കോളെജിലെ ഏറ്റവും പ്രസിദ്ധഗായകന്‍. ഒരു മുറിയില്‍ ഇരുന്ന്‌ അദ്ദേഹം പാടുന്നത്‌ വെളിയില്‍ നിന്നു കേട്ടാല്‍, യേശുദാസല്ല പാടുന്നത്‌ എന്നു പറയുവാന്‍ സാധിക്കുകയില്ല അത്ര മനോഹരമായ ശബ്ദവും പാട്ടും.
അദ്ദേഹത്തിനും ഉണ്ടായിരുന്നു ഇതുപോലെ ഒരു വൈകല്യം " സ്വാമി അയ്യപ്പനെ കുറിച്ചുള്ള ഒരു ഗാനം പാടുമ്പോള്‍ "എന്നില്‍ കാരുണ്യാമൃത തീര്‍ത്ഥം ചൊരിയണം " എന്നതില്‍ തീര്‍ത്ഥത്തിനു പകരം അറയ്ക്കുന്ന ഒരു പദപ്രയോഗം.

കുറച്ചു നാള്‍ കഴിഞ്ഞു ഒരിക്കല്‍ അദ്ദേഹത്തിനെ കണ്ടപ്പോള്‍ വിശേഷങ്ങള്‍ ചോദിച്ചു. ന്യായമായും സിനിമയില്‍ പാടുവാന്‍ എല്ലാം കൊണ്ടും യോഗ്യതയുള്ളവന്‍.

അദ്ദേഹത്തിന്റെ അനുഭവം കേള്‍ക്കൂ. അദ്ദേഹം അന്നു ബറോഡയില്‍ താമസം. ഒരു സിനിമയില്‍ പാട്ടു പാടൂവാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചു. ആദ്യത്തെ പാട്ടായതിനാല്‍ അതിന്റെ ചെലവ്‌ അദ്ദേഹം വഹിക്കണം പോലും. അന്ന്‌ അയ്യായിരം രൂപ വേണ്ടിയിരുന്നു. അത്‌ സ്വരൂപിക്കുവാന്‍ എത്ര ശ്രമിച്ചിട്ടും നടന്നില്ല. അപ്പോള്‍ ദിവസം നീട്ടിക്കിട്ടുവാന്‍ മദ്രാസിലേക്ക്‌ കമ്പിയടിച്ചു. പക്ഷെ കഷ്ടകാലം നോക്കണെ, ടെലിഗ്രാം ചെയ്തിട്ട്‌ തിരികെ എത്തി അടുത്ത ദിവസം പൈസ റെഡി. പെട്ടെന്നു തന്നെ വീണ്ടും കമ്പിയടിച്ചിട്ട്‌ യാത്ര പുറപ്പെട്ടു.

പക്ഷെ മദ്രാസിലെത്തിയപ്പോള്‍ ആ പാട്ട്‌ ശ്രീ ജയചന്ദ്രന്‍ റെകോര്‍ഡ്‌ ചെയ്തിരിക്കുന്നു.

പിന്നീട്‌ ഇന്നുവരെയും അദ്ദേഹത്തിന്‌ അവസരം ലഭിച്ചിട്ടും ഇല്ല.

അയ്യപ്പന്‍ അദ്ദേഹത്തെ ശിക്ഷിക്കും എന്നു വ്യാഖ്യാനിക്കുവാന്‍ സാധിക്കില്ല,

പക്ഷെ അവനവന്റെ നാക്കു കൊണ്ട്‌ പറയുന്നതിനൊക്കെ ഇതുപോലെ അനിര്‍വചനീയമായ എന്തോ ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാകുമോ?

ഏതായാലും നമുക്കൊരു കാര്യം ശ്രദ്ധിക്കാം. കഴിയുന്നതും നല്ലതു പറയുവാന്‍ ശ്രമിക്കാം. നാക്കില്‍ ദുഷിച്ച വര്‍ത്തമാനം വന്നാല്‍ അത്‌ പുറമെ വരാതിരിക്കുവാന്‍ ശ്രമിക്കാം.

അല്ലെങ്കില്‍ ഇതു തന്നെ ആയിരികുമോ ഭഗവാന്‍ ഗീതയില്‍ പറഞ്ഞത്‌? - താം തഥൈവ ഭജാമ്യഹം എന്ന്‌?

Saturday, November 15, 2008

നമ്മുടെ 'രാജാഭാസന്‍മാ' രെയല്ല ഒന്നു കൂടി

ആശാനേ,
അന്നു പറഞ്ഞില്ലേ വിശ്വാമിത്രണ്റ്റെ ഒരു നോട്ടത്തെ പോലും നേരിടാനുള്ള ശക്തി ആരാക്ഷസന്‍മാര്‍ക്കില്ലായിരുന്നു എന്ന്‌ .
പിന്നെ എന്തിനാണ്‌ അദ്ദേഹം ദശരഥമഹാരാജാവിണ്റ്റടുത്ത്‌ ചെന്ന്‌ രാമനെ കൂടെ വിടാന്‍ ആവശ്യപ്പെട്ടത്‌?
രാമനാണെങ്കില്‍ അന്നു ചെറിയ കുട്ടിയുമല്ലേ? ദശരഥന്‍ പോലും പറഞ്ഞത്‌ അദ്ദേഹം തണ്റ്റെ മുഴുവന്‍ സൈന്യവുമായിട്ട്‌ കൂടെ വരാം പക്ഷെ എന്നാലും സുബാഹുവിനേയും മാരീചനേയും ജയിക്കാന്‍ അദ്ദേഹത്തിനു പോലും സാധിക്കയില്ല എന്നല്ലേ?
അപ്പോള്‍ ആ കൊച്ചു കുട്ടിയെ ആവശ്യപ്പെടുന്നതിനു പകരം തനിക്കു ശല്യമുണ്ടാക്കുന്ന സുബാഹുവിനേയും, മാരീചനേയും മറ്റും അദ്ദേഹത്തിന്‌ തന്നത്താനേ അങ്ങ്‌ കൊന്നുകളയരുതായിരുന്നോ?

മാഷേ,

ഈ ചോദ്യത്തിനുത്തരം മനസ്സിലായാല്‍ ഹിന്ദുതത്വശാസ്ത്രം പകുതി മനസ്സിലായി എന്നര്‍ത്ഥം. ഇന്നു കാണിക്കുന്ന ജാതിയും, മതവും , വര്‍ണ്ണവും, അവര്‍ണ്ണവും എല്ലാം ശുദ്ധ ഭോഷ്കുകളാണെന്ന്‌ മനസ്സിലാകും. വര്‍ണ്ണങ്ങളില്‍ ബ്രഹ്മണന്‍ ജ്ഞാനത്തിണ്റ്റെ മൂര്‍ത്തരൂപമാണ്‌.

ഭഗവത്ഗീത പറയുന്ന പണ്ഡിതലക്ഷണത്തില്‍-
"വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ സമദര്‍ശിനഃ"
ഇങ്ങനെ എല്ലാറ്റിനേയും തുല്യമായി കാണുന്നവനാണ്‌ പണ്ഡിതന്‍.

ക്ഷത്രിയന്‍ ശക്തിയുടെ മൂര്‍ത്തരൂപമാണ്‌. രാജ്യരക്ഷണം അവണ്റ്റെ ധര്‍മ്മമാണ്‌. രാജ്യതന്ത്രത്തില്‍ അവന്‌ ഉപദേശം കൊടുക്കേണ്ടത്‌ ജ്ഞാനിയായ ബ്രാഹ്മണനാണ്‌.

ത്രിശങ്കുവിനു വേണ്ടി പുതിയതായി ഒരു സ്വര്‍ഗ്ഗലോകം പോലും സൃഷ്ടിക്കുവാനും , ഈ ലോകമാകെ ഒരു ഹുംകാരത്താല്‍ ഭസ്മമാക്കുവാനും ഉള്ള ശക്തിയുണ്ടായിട്ടു കൂടി കേവലം രണ്ടു രാക്ഷസന്‍മാരില്‍ നിന്നു സ്വയരക്ഷ നേടാന്‍ പോലും ആ ശക്തികളെ ഹിംസാത്മകമായി ഉപയോഗിക്കാത്തവനാണ്‌ 'ബ്രാഹ്മണ' പദത്തിനര്‍ഹന്‍. വിശ്വാമിത്രന്‍ അങ്ങിനെയായതു കൊണ്ടാണ്‌ ദശരഥണ്റ്റെ അടുക്കല്‍ വന്ന്‌ രാമനെ ആവശ്യപ്പെടുന്നത്‌.

അല്ലാശാനെ. ഇതില്‍ തെറ്റൊന്നും ഇല്ലല്ലൊ. വിശ്വാമിത്രന്‍ ചെയ്യുന്ന യജ്ഞത്തിന്‍ തടസ്സമുണ്ടാക്കുന്നവരല്ലായിരുന്നോ ആ രക്ഷസന്‍മാര്‍. അവരെ അങ്ങു നേരെ കൊല്ലുന്നതില്‍ എന്താണ്‌ തെറ്റ്‌?

അതാണു മാഷേ പറഞ്ഞത്‌ രാജ്യസംരക്ഷണം ക്ഷത്രിയണ്റ്റെ ധര്‍മ്മമാണ്‌. ക്ഷത്രിയനെ അതില്‍ സഹായിക്കുക മാത്രമാണ്‌ ബ്രാഹ്മണനു ചെയ്യാനുള്ളത്‌ അല്ലാതെ നിയമം കയ്യിലെടുക്കലല്ല. മറ്റുള്ളവരെ ഉപദേശിച്ചാല്‍ മാത്രം പോരാ സ്വയം അനുഷ്ഠിക്കുകയും വേണം എന്നു മാതൃകാപരമായി ഉദാഹരിക്കുകയാണിവിടെ.

ആട്ടെ മാഷ്‌ (euthanasia) ദയാവധം എന്നു കേട്ടിട്ടുണ്ടല്ലൊ അല്ലേ. അതെന്താ എല്ലായ്പ്പോഴും തര്‍ക്കതില്‍ കിടക്കുകയല്ലാതെ നിയമമാക്കാത്തത്‌? കാരണം ഒരിക്കല്‍ നിയമം ആക്കിയാല്‍ പ്രതിപക്ഷത്തെ എല്ലാവരേയും അടുത്ത ദിവസം തന്നെ ദയാവധം നല്‍കി സ്വര്‍ഗ്ഗത്തേക്കയക്കാന്‍ ഇന്നുള്ള ഏതു ഭരണാധികാരികളും ജാതി, മത, വര്‍ഗ്ഗ , വര്‍ണ്ണ ഭേദമെന്യേ മത്സരിക്കും എന്നത്‌ എല്ലാവര്‍ക്കുമറിയാം അതുകൊണ്ട്‌. അതല്ല രാജ്യതന്ത്രജ്ഞത.

രാജാക്കന്‍മാര്‍ എങ്ങനെയുള്ളവരായിരിക്കരുത്‌ എന്ന്‌ ഇന്നത്തെ ഭരണാധികാരികളെ നോക്കിയാലറിയാം.

തണ്റ്റെ പ്രജകള്‍ക്ക്‌ അവനവണ്റ്റെ ധര്‍മ്മം ചെയ്തു ജീവിക്കാന്‍ ഉള്ള അവസരം തണ്റ്റെ പ്രായപൂര്‍ത്തിയാകാത്ത മകനെ വിട്ടു കൊടുത്തു പോലും നല്‍കാന്‍ ശ്രമിക്കുന്ന രാജാവാണ്‌ ദശരഥന്‍, താന്‍ തണ്റ്റെ മുഴുവന്‍ സേനകളൊടൊപ്പം പോയി യുദ്ധം ചെയ്താലും ആ രണ്ടു രാക്ഷസന്‍മാരെ ജയിക്കാന്‍ തനിക്കാവില്ല എന്നറിയാവുന്ന ദശരഥന്‍.

"അഹമേവ ധനുഷ്പാണിര്‍ഗോപ്താ സമരമൂര്‍ദ്ധനി
യാവല്‍ പ്രാണാന്‍ ധരിഷ്യാമി താവല്‍ യോത്സ്യേ നിശാചരൈഃ"

"എണ്റ്റെ മുഴുവന്‍ സേനാസഹിതനായി വന്ന്‌ വില്ലെടുത്ത്‌ ജീവനുള്ളിടത്തോളം സമയം ഞാന്‍ തന്നെ ആ രാക്ഷസന്‍മാരുന്‍മായി യുദ്ധം ചെയ്യാം "

അല്ലാതെ അവരെ കൊല്ലമെന്നൊ എന്തിന്‌ ജയിക്കാമെന്നോ പോലുമുള്ള വ്യാമോഹം ദശരഥനില്ല.

അയല്‍രാജാവിനെ ജയിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ തണ്റ്റെ യജമാനത്വം അംഗീകരിച്ചു കൊടുത്ത നമ്മുടെ 'രാജാഭാസന്‍മാ' രെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്‌

Friday, November 14, 2008

ബലെ ബലെ ബലെ ഭേഷ്‌പണ്ട്‌ എന്നു വച്ചാല്‍ വളരെ പണ്ട്‌ ആരോ ചിലരൊക്കെ മനുഷ്യനു വേണ്ട ചില കാര്യങ്ങള്‍ സംസ്കൃതത്തിലെഴുതിവച്ചു.

ക്രമേണ ക്രമേണ അതില്‍ നിന്നും തങ്ങള്‍ക്ക്‌ എന്തെങ്കിലുമൊക്കെ സ്വരൂപിക്കുവാന്‍ സാധിച്ചേക്കും എന്നു മനസ്സിലാക്കിചിലര്‍ അതിനെ തങ്ങളുടെ കുത്തകയാക്കി വച്ചു.

അതു വേറെ ആരും പഠിക്കാതിരിക്കുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. നാടിനെ കുട്ടിച്ചോറാക്കുന്നതിലും തങ്കാര്യം നേടുന്നതിലും അവര്‍ വിജയിക്കുകയും ചെയ്തു.
വന്നു വന്ന്‌ ആ ഭാഷ ആര്‍ക്കും വലിയ നിശ്ചയമില്ലാതായി.

ഇപ്പോള്‍ ആര്‍ക്കു വേണമെങ്കിലും എന്തു വേണമെങ്കിലും എഴുതാം - അതുകേട്ട്‌ കയ്യടിക്കാനും ആളുണ്ടാകും.

അങ്ങനെ എഴുതുന്നവര്‍ ഇനി പുതിയ ബ്രാഹ്മണന്മാരായിരിക്കും അല്ലേ?

കാണണ്ടെ ഒരു സാമ്പിള്‍

നിങ്ങള്‍ എന്താണ്‌ ഇക്ഷു എന്ന വാക്കിനര്‍ത്ഥം പഠിച്ചത്‌?
ഞാന്‍ പഠിച്ചത്‌ കരിമ്പ്‌ എന്നാണ്‌. ഇനി കാലം മാറിയപ്പോള്‍ അര്‍ത്ഥവും മാറിയോ പോലും
മധുരത എന്നു വച്ചാല്‍ മാധുര്യം എന്നാണ്‌ ഞാന്‍ പഠിച്ചത്‌.

അറിവുള്ളവര്‍ കുറച്ചു കൂടി പറഞ്ഞു തന്നാല്‍ നന്നായിരുന്നു

ഇവിടെ കാണുന്നു "യന്ത്രാര്‍പ്പിതോ മധുരതാം ന ജഹാതി ചേക്ഷു " എന്ന വരിയുടെ അര്‍ത്ഥം വിവരിക്കുന്നിടത്ത്‌ - എത്ര ചതച്ചാലും ചൂരലിന്‌ ബലക്കുറവുണ്ടാകുന്നില്ല " എന്ന്‌


ഈ ബ്ലോഗ്ഗില്‍ ഇതുപോലെയുള്ള അര്‍ത്ഥവൈകല്യം ധാരാളം കണ്ടിരുന്നു.

പക്ഷെ ആദ്യം ഒരിക്കല്‍ അക്ഷരം തെറ്റു തിൂത്തി കമന്റിട്ടിരുന്നതിന്റെ ശെഷം കമന്റിടുന്നതില്‍ കാര്യമില്ല എന്നു തോന്നി നിര്‍ത്തിയതാണ്‌

പക്ഷെ വായിക്കുന്ന ചിലര്‍ ബലെ പറയുമ്പോള്‍ - അവര്‍ക്കതിനു പ്രത്യേക ഉദ്ദേശ്യങ്ങള്‍ കാണുമായിരിക്കും- ചില സാധുക്കള്‍ വഴിതെറ്റിപ്പോയേക്കാം എന്നു തോന്നി.

ആ ബ്ലോഗില്‍ തന്നെ " ദ്വിജഭുക്തശേഷം " എന്ന വാക്കിനേയും വ്യഖ്യാനിച്ചിട്ടുണ്ട്‌.

ബ്രാഹ്മണന്റെ എച്ചില്‍ തിന്നണം എന്ന് വരുത്താന്‍ ്

ദ്വിജന്‍ എന്ന വാക്കിന്റെ ലക്ഷണം അദ്ദേഹം തന്നെ അതിനു മുമ്പൊരദ്ധ്യായത്തില്‍ പറഞ്ഞത്‌!് വായിച്ചിരിക്കുമല്ലൊ.

"ഏകാഹാരേണ സന്തുഷ്ട---" ഒര്‍ ദിവസം ഒരു നേരത്തെ ആഹാരം കൊണ്ട്‌ തൃപ്തനായവന്‍, എന്നു തുടങ്ങി ബാക്കിയും കൂടി വായിക്കുക.

മേല്‍പറഞ്ഞ ശ്ലോകം കഴിഞ്ഞു വരുന്ന ശ്ലോകം നോക്കുക-

"ദൂരാഗതം പഥി ശ്രാന്തം ---" ഇത്യാദി

വിദ്യനല്‍കുന്നവനും അതിഥിയ്ക്കും മറ്റും ഭോജനം നല്‍കാതെ ഭക്ഷിക്കുന്നതാണ്‌ പ്രതിപാദ്യവിഷയം.

അവര്‍ക്കു നേദിച്ച ശേഷമേ ആഹാരം കഴിക്കാവൂ എന്നു താല്‍പര്യം.

ഇതൊക്കെ മനസ്സിലാകണമെങ്കില്‍ ജന്മപുണ്യം വേണം കൂടുതല്‍ പറയുന്നില്ല.

ഇനിയും ഇതുപോലെ കുടകപ്പാലപ്പൂവിന്റെ തേന്‍ കുടിച്ചു സുഖം അഭിനയിക്കുന്ന തേനീച്ചയെ - മുള്ളുണ്ടെന്നു മനസ്സിലാക്കിയതായും, തവിയെ കുട്ടിയായും ഉള്ള ഭയങ്കര വ്യാഖ്യാനങ്ങള്‍ കണ്ട്‌ ആനന്ദതു ന്ദിലരാകൂ

ബലെ ബലെ ബലെ ഭേഷ്‌

മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ചു ഭരണം നടത്തിയിരുന്ന ചാണക്യന്റെ പേര്‌ നശിപ്പിക്കുന്ന ആ ബ്ലോഗിനോട്‌ ഉള്ള എന്റെ അനിഷ്ടം തുറന്ന്‌ പ്രകടിപിക്കുന്നു

ഒരു ചോദ്യം കൂടി

ആദ്യത്തെ ചോദ്യം കുറച്ചുപേര്‍ക്ക്‌ ഇഷ്ടപ്പെട്ടെന്നറിഞ്ഞപ്പോള്‍ ഒരു അതിമോഹം

ഒരു ചോദ്യം കൂടി ഇട്ടാലോ എന്ന്‌.

അതിന്റെ ഫലം ഇത്‌
"ദര്‍വീ പാകരസം യഥാ"

ആരെഴുതിയത്‌? മുഴുവന്‍ ശ്ലോകം എന്ത്‌? ശരിയായ അര്‍ത്ഥം എന്ത്‌?

ബ്ലോഗില്‍ തന്നെ തിരഞ്ഞാലും ലഭിക്കും ശരിയ്ക്കുള്ള അര്‍ത്ഥവും , മുമ്പിലത്തെ ചോദ്യത്തില്‍ തറവാടിജി എഴുതിയതു പോലെയുള്ള അര്‍ത്ഥവും (തറവാടിജി ഇവിടെ തമാശയ്ക്കെഴുതിയത്‌ പക്ഷെ ചില വിദ്വാന്മാര്‍ അവിടെ വളരെ ഗൗരവമായി എഴുതുന്നത്‌ എന്നൊരു വ്യത്യാസം മാത്രം)

Wednesday, November 12, 2008

ചുമ്മാതെ ഒരു ചോദ്യം-

"കൗസല്ല്യാസുപ്രജാരാമ പൂര്‍വാസന്ധ്യാപ്രവര്‍ത്തതേ
ഉത്തിഷ്ഠനരശാര്‍ദ്ദൂല കര്‍ത്തവ്യം ദൈവമാഹ്നികം"

ഇതെല്ലാവരും കേട്ടിട്ടുള്ളതായിരിക്കുമല്ലൊ.

ചുമ്മാതെ ഒരു ചോദ്യം-
ആര്‍ ആരോട്‌ എപ്പോള്‍ എവിടെവച്ച്‌ പറഞ്ഞു?

കമന്റ്‌ മോഡറേഷനുള്ളതുകൊണ്ട്‌ പിന്നീടേ പബ്ലിഷ്‌ ചെയ്യൂ.
ധൈര്യമായി ഉത്തരം എഴുതിക്കൊള്ളൂ

Tuesday, November 04, 2008

സത്വരജസ്തമോലക്ഷണം

അപ്പോള്‍ വീണ്ടും കാര്യത്തിലേക്കു വരാം.

ബോധം എന്താണെന്ന്‌ എഴുതുവാന്‍ ശ്രമിച്ചപ്പോള്‍ അതിനെ വികലമാക്കുവാന്‍ വളരെ അധികം ശ്രമം നടന്നു അതിനാല്‍ തന്നെ വായനക്കാരിലും എന്തെങ്കിലും ഒക്കെ ചിന്താപ്രശ്നങ്ങള്‍ ഉണ്ടായികാണാം.

മറ്റൊരു രീതിയില്‍ നോക്കുക.

നാം വ്യവഹരിക്കുന്ന 'ഞാന്‍' ആരാണ്‌? എന്റെ ശരീരത്തിലെ ഏതൊരു ഭാഗം എടുത്താലും അതു ഞാനല്ല. എന്റേതേ ആകുന്നുള്ളു. അത്‌ ഭൗതികമായി നിര്‍വചിക്കാനാകുന്ന ഒന്നല്ല എന്നര്‍ത്ഥം. അതൊഴികെ ഇപ്രപഞ്ചത്തിലുള്ള എല്ലാറ്റില്‍ നിന്നും വ്യത്യസ്തമായി തന്നെ ആണ്‌ നാം അതിനെ കാണുന്നത്‌.

അപ്പോള്‍ ബാക്കി എല്ലാറ്റിനേയും അറിയുന്നവന്‍ ഞാന്‍ എന്നു നാം കരുതുന്നു. ഞാനാണ്‌ അറിയുന്നവന്‍.

ആ അവസ്ഥയില്‍ അറിയുന്നവന്‍ ഒന്ന്‌, അറിയുന്ന വസ്തു ഒന്ന്‌ ഇങ്ങനെ രണ്ടു ഭേദങ്ങള്‍ കാണുന്നു.

ഭൗതികമായ എല്ലാറ്റിനേയും അറിയാം എന്നതു കൊണ്ട്‌ അറിയുന്നവന്‍ ഭൗതികമായി നിര്‍വചിക്കപ്പെടുവാന്‍ യോഗ്യനല്ല എന്നു വരുന്നു.

ഇനി ഞാന്‍ ആദ്യം പറഞ്ഞ ശരീരത്തിലെ ഏറ്റവും ചെറിയ ഭാവം മുതല്‍ ഓരോന്നിനും ഉള്ള സ്വബോധത്തെ ആലോചിക്കുക.

ഏറ്റവും ചെറുതിനും അതിന്റേതായ ഒരു ബോധം ഉണ്ട്‌. അതിലും വലിയതായ ഒരു വസ്തുവിന്റെ ഭാഗമായിത്തീരുമ്പോള്‍ കൂട്ടായ രീതിയില്‍ വ്യത്യസ്ഥമായ മറ്റൊരു ബോധവും ഉണ്ട്‌.

ഈ ഭാഗം വ്യക്തമായതായി ലരുതട്ടെ.

പ്രപഞ്ചവസ്തുവിന്റെ ഏറ്റവും അടിസ്ഥാനതലത്തില്‍ 'എത്തിപ്പെടാന്‍ കഴിഞ്ഞാല്‍' അവിടെ ഇപ്പറഞ്ഞ ബോധം മാത്രമേ കാണൂ.

ഈ ബോധത്തെ സത്വം രജസ്‌ തമസ്‌ എന്ന മൂന്നു ലക്ഷണമുള്ളതായി പറയുന്നു- വിരാട്‌പുരുഷനില്‍ മാത്രമാണ്‌ ഗുണങ്ങള്‍.
പ്രപഞ്ചം എന്ന phenominal world നിലനില്‍ക്കണം എങ്കില്‍ ഈ ഗുണങ്ങള്‍ അതില്‍ ആരോപിക്കപ്പെട്ടേ പറ്റൂ. (Basic Principles of ayurveda എന്ന ലേഖനത്തില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്‌)

സുശ്രുതം പറയുന്ന ഈ വാചകം "സര്‍വഭൂതാനാം കാരണമകാരണം സത്വരജസ്തമോലക്ഷണമഷ്ടരൂപമഖിലസ്യ ജഗതഃ സംഭവഹേതുരവ്യകതം നാമ--"

ഭൂതങ്ങളുടെ എല്ലാറ്റിന്റെയും കാരണം - ഉണ്ടായതിന്റെ എല്ലാറ്റിന്റെയും കാരണം -;
അതായത്‌ ഒരു വസ്തു ഉണ്ടായി എന്നു പറയണമെങ്കില്‍ അതിനെ നിര്‍വചിക്കത്തക്ക ചില പ്രത്യേകതകള്‍ അതിനുണ്ടാകണം.

ബോധം എന്നു നാം പറഞ്ഞ വസ്തു(?) നിര്‍വചനത്തിന്‌ അതീതമാണെന്നു ആദ്യമേ പറഞ്ഞു.

ഇനി ഞാന്‍ ആദ്യം മുതല്‍ ഉദാഹരിക്കുന്ന ഇലക്രോന്‍ ഉദാഹരണം എടുക്കുക. അത്‌ അതിന്റെ സ്വഭാവം കാണിക്കുന്നത്‌ അതിന്റെ സ്വബോധം കൊണ്ടാണ്‌.

അതിന്റെ നിലനില്‍പ്‌ ആലോചിച്ചാല്‍, അതുണ്ടായിരിക്കുന്ന ഒരു ഭൗതികപ്രതിഭാസം-(വസ്തു), അതിന്റെ കര്‍മ്മം -പരിവൃത്തി തുടങ്ങിയവ, അതു പ്രവര്‍ത്തിക്കുവാന്‍ അതിനുള്ള ബോധം എന്നിങ്ങനെ മൂന്നു അടിസ്ഥാനഘടകങ്ങള്‍ കാണാം.

ഇതൊരു സാമാന്യധര്‍മ്മമായി എടുക്കാം ഏതൊരു വസ്തുവിനും.

ഇതിനെ തന്നെ വേറൊരു പേരില്‍ പറഞ്ഞാല്‍ ബോധം സത്വഗുണം, പ്രവൃത്തി രജോഗുണം, വസ്തു - തമോഗുണം എന്നു വിളിക്കാം.

ഇനി പ്രപഞ്ചവസ്തുക്കളെ നോക്കിയാല്‍ കല്ലും മണ്ണും ഒക്കെ പോലെ ഉള്ളവസ്തുക്കള്‍ തമോഗുണപ്രധാനമാണെന്നു പറയും.

സത്വഗുണം കൂടൂന്നതിനനുസരിച്ചിരിക്കും ജീവജന്തുക്കളുടെ പ്രകൃതി.

അതായത്‌ ഏറ്റവും നിര്‍ജീവ വസ്തു ഏറ്റവും തമോഗുണപ്രധാനം, തമോഗുണം കുറയുകയും സത്വഗുണം കൂടൂകയും ചെയ്യുന്നതിനനുസരിച്ച്‌ ബോധം കൂടൂന്നു. ശുദ്ധസത്വം ആകുവാന്‍ കഴിഞ്ഞാല്‍ --

ഇപ്പറഞ്ഞ തത്വം തന്നെ ആണ്‌ ആയുര്‍വേദം ഉപയോഗിക്കുന്ന വാതം പിത്തം കഫം എന്ന ത്രിദോഷങ്ങളും.

സത്വം വായുവും , രജസ്‌ പിത്തവും, തമസ്‌ കഫവും.

ഇതൊന്നും പഠിക്കാത്ത മൂഢന്മാര്‍ പലതും പുലമ്പും

Saturday, November 01, 2008

ബഹുരത്നാ വസുന്ധരാ

ദാനേ തപസി ശൗര്യേ വാ വിജ്ഞാനേ വിനയേ നയേ
വിസ്മയോ ന ഹി കര്‍ത്തവ്യോ ബഹുരത്നാ വസുന്ധരാ

ഭൂമിയിലുള്ള ധനത്തിനൊന്നും ഒരു അളവുമില്ല, പിന്നെ എന്താ ഇത്ര ബഹളം?
എല്ലായിടത്തും വഴക്ക്‌, പിടിച്ചുപറി?

ഉള്ളതു കൊണ്ട്‌ ജീവിക്കാമെന്നു വിചാരിച്ചാല്‍ തീര്‍ക്കണമെന്നു വിചാരിച്ചാല്‍ പോലും തീരാത്തത്ര സമ്പത്തുള്ള ഭൂമിയില്‍ നരകം ഉണ്ടാക്കുന്നത്‌ ആരാണ്‌? അഥവാ എന്താണ്‌?

കുഞ്ഞുണ്ണീ മാഷുടെ ഈ കൊച്ചു കവിത ഓര്‍മ്മ വരുന്നു

തന്റെ വയറും വായയും ചെറുതായിപ്പോയതില്‍ വിഷമിച്ചു കൊണ്ട്‌ പഞ്ചാരയുടെ ഒരു കുന്നിനു മുന്നില്‍ ഇരുന്നു കരയുന്ന എറുമ്പ്‌ - എല്ലാം കൂടി ഒന്നിച്ചു വിഴുങ്ങാനുള്ള കഴിവു തരാത്തതില്‍ ദൈവത്തെ ശപിക്കുന്ന എറുമ്പ്‌

"പഞ്ചാരക്കുന്നിന്റെ മുന്നിലിരുന്ന്‌
കുഞ്ഞിയുറുമ്പ്‌ കരഞ്ഞു
എത്ര ചെറിയതാണെന്റെ വായ
എത്ര ചെറിയതാണെന്‍ വയറും"