Friday, December 03, 2010

ബ്രഹ്മസൂത്രം - മായാവാദം

ശ്രീ ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യം തെറ്റാണെന്നും സാക്ഷാല്‍ ബ്രഹ്മസൂത്രം ദ്വൈതമാണ്‌ പറയുന്നത്‌ എന്നും പറഞ്ഞ്‌
ഒരു പുസ്തകം
കണ്ടു.

അതില്‍ പറയുന്നു ശ്രീശങ്കരന്റെ "മായാവാദം" അസംബന്ധമാണ്‌ , ഇക്കാണുന്നതെല്ലാം ഉള്ളതാണ്‌, ഇക്കാണുന്ന ജഗത്ത്‌ മായ ആണെന്നു പറയുന്നത്‌ വിഡ്ഢിത്തമാണ്‌ എന്നര്‍ത്ഥം വരുന്ന വാക്കുകള്‍.

ചെറുപ്പത്തില്‍ എന്റെ അമ്മ ഇതുപോലെ മായയാണ്‌ എന്നു പറഞ്ഞപ്പോള്‍ ഞാനും വിചാരിച്ചു ഇതെന്തൊരു വിഡ്ഢിത്തമാണ്‌. നമ്മുടെ മുന്നില്‍ കാണുന്നതൊന്നും ഇല്ല എന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? എന്നൊക്കെ.

അതേപോലെ ശ്രീ ശങ്കരന്‍ പറഞ്ഞത്‌ എന്താണ്‌ എന്നു വായിച്ചറിയാതെ ഇതുപോലെ ഉള്ള വ്യാഖ്യാനങ്ങള്‍ മാത്രം കണ്ടാല്‍ അതു ശരിയാണെന്ന് ചിലപ്പോള്‍ ആര്‍ക്കും തോന്നിക്കൂടാഴികയില്ല.

ശ്രീശങ്കരന്റെ ഭാഷ്യത്തില്‍ "അധ്യാസം" എന്താണെന്നു വിശദീകരിക്കുന്നുണ്ട്‌ അതു പഠിച്ചാല്‍ മനസ്സിലാകും എന്താണ്‌ മായ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ന്. അതു പഠിച്ചിട്ടു വേണം അതിനെ വിമര്‍ശിക്കാന്‍.

അധ്യാസം പറയുന്നതിനു മുന്‍പ്‌ മറ്റൊരു കാര്യം പറയട്ടെ.

നാം ഓരോരുത്തരും ആദ്യം ഭൂമിയില്‍ ജനിച്ചു വീഴുന്നത്‌ ഒരു മകനൊ മകളൊ ആയിട്ടാണ്‌ അല്ലേ?

പക്ഷെ അതോടൊപ്പം തന്നെ നാം ഒരു സഹോദരനോ സഹോദരിയോ കൂടി ആയിരിക്കാം.

കുറച്ചു കൂടി വളര്‍ന്നു കഴിയുമ്പോള്‍ നാം ഭര്‍ത്താവോ ഭാര്യയോ , അതും കഴിഞ്ഞാല്‍ അച്ഛനോ അമ്മയോ, മുത്തച്ഛനോ മുത്തശ്ശിയോ ഒക്കെ ആകുന്നു.

ഇതെല്ലാം ഒരേ ആള്‍ ആണ്‌ പക്ഷെ അയാളെ വിലയിരുത്തുന്നത്‌ ആരാണോ എന്നതിനനുസരിച്ച്‌ പല ഭൂമികകള്‍ ആണ്‌ ലഭിക്കുന്നത്‌.

ഒരാള്‍ അയാളെ അച്ഛന്‍ എന്നു വിളിക്കുമ്പോള്‍ മറ്റൊരാള്‍ക്ക്‌ അയാള്‍ മകന്‍ ആണ്‌. അപ്പോള്‍ അയാളെ സംബന്ധിച്ചിടത്തോളം ഇതു രണ്ടും ഒരേ സമയം ശരിയും ആണ്‌ തെറ്റും ആണ്‌ എന്നു പറഞ്ഞാലോ?

അങ്ങനെ വിപരീതമായ രണ്ടു ഗുണങ്ങള്‍ ഒരേ വസ്തുവില്‍ ആരോപിക്കേണ്ടി വരുന്നതിനെ ആണ്‌ മായ എന്നു പറയുന്നത്‌. അല്ലാതെ അത്‌ ഇല്ല എന്നല്ല.

ബ്രഹ്മസൂത്രം എന്ന ഗ്രന്ഥത്തിനു ശ്രീശങ്കരന്‍ ഭാഷ്യം എഴുതി അതിനു ഒരു വ്യാഖ്യാനം എഴുതുവാന്‍ തുനിഞ്ഞ ശ്രീ പണ്ഡിറ്റ്‌ പി ഗോപാലന്‍ നായരുടെ വാചകം അല്‍പം ശ്രദ്ധിക്കുക
"ശ്രീ ശങ്കരഭാഷ്യഭാരതീവിലാസം ദുര്‍ഗ്രഹം ആകയാല്‍ ആ ഭാഷ്യത്തിന്റെ നിഗൂഢാര്‍ത്ഥത്തെ പ്രകാശിപ്പിക്കുവാന്‍ ശ്രീ ഗോവിന്ദാനന്ദസരസ്വതി "രത്നപ്രഭ" എന്നും ശ്രീ വചസ്പതിമിസ്രന്‍ "ഭാമതി" ആനന്ദഗിരി "ന്യായനിര്‍ണ്ണയം" എന്നും മൂന്നു വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്‌. എത്ര മഹാന്മാര്‍ എത്ര എത്ര വ്യാഖ്യാനങ്ങള്‍ എഴുതിയാലും ശ്രീ ശങ്കരഭാഷ്യവാഗര്‍ത്ഥം നന്നായി ധരിപ്പാന്‍ ആ പൂജ്യപാദാരവിന്ദങ്ങളെ ആ പരമഗുരുവിനെ സര്‍വാത്മനാ ശരണം പ്രാപിക്കുന്നവര്‍ക്കെ കഴിയുകയുള്ളു എന്നാണ്‌ മഹദഭിപ്രായം"

-----

"നഭഃ പതന്ത്യാത്മസമം പതത്രിണഃ" പക്ഷികള്‍ ആകാശത്തിന്റെ അന്തം വരെ പറക്കുന്നില്ല, അവയുടെ ശക്തിക്കനുസരിച്ചവിധം എത്തുന്ന സ്ഥലങ്ങളില്‍ വ്യാപരിക്കുന്നതെ ഉള്ളു. അതുപോലെ അല്‍പജ്ഞനായ ഞാന്‍ ഈ പ്രൗഢഗ്രന്ഥത്തില്‍പ്രവര്‍ത്തിച്ചതില്‍ കാണാവുന്ന തെറ്റുകുറ്റങ്ങളെ കരുണാമയരായ മഹാത്മാക്കള്‍ പൊറൂത്തനുഗ്രഹിക്കണം ---"

പണ്ഡിതവരേണ്യനായ ഗ്രന്ഥകാരന്റെ വാക്കുകള്‍ ആണ്‌.

രണ്ടും മൂന്നും അധ്യായങ്ങള്‍ അദ്ദേഹം വ്യാഖ്യാനിക്കാന്‍ തന്നെ വളരെ വിഷമിച്ചതായി എഴിതിയിട്ടുണ്ട്‌.

ആ ഗ്രന്ഥത്തിന്റെ സന്ദേശം പിന്നെ എങ്ങനെ ആണാവോ ഇവരൊക്കെ ഇത്ര എളുപ്പം വിമര്‍ശിച്ചു തള്ളുന്നത്‌?

അധ്യാസം പിന്നീടു സമയം കിട്ടിയാല്‍ എഴുതാം