Tuesday, June 05, 2012

ബാലിവധം

വിശ്വാമിത്രകഥയില്‍ കൂടി ബ്രാഹ്മണന്‍ ആകുന്ന വിധം കാണിച്ചു തന്ന വാല്‌മീകി ശ്രീരാമകഥയില്‍ കൂടി ഉത്തമപുരുഷന്‍ ആകുന്നത്‌ എങ്ങനെ എന്നു കാണിച്ചു തരുന്നു.

പലപല കഥാസന്ദര്‍ഭങ്ങള്‍ മനുഷ്യമനസിനെ ഉയര്‍ന്നതലങ്ങളിലേക്ക്‌ എത്തിക്കാനുള്ള മാര്‍ഗ്ഗ ദര്‍ശികള്‍ ആണ്‌.

പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ്‌ ശ്രീരാമന്‍ ബാലിയെ എന്തിനു കൊന്നു എന്ന്.

കഥയെ കഥയായി കാണുന്നതു കൊണ്ടുള്ള കുഴപ്പം ആണ്‌ ഇവിടെ

അതുകൊണ്ടാണ്‌ ഇത്തരം കഥകള്‍ ഗുരുവില്‍ നിന്നും പഠിക്കണം എന്നു പറയുന്നത്‌
ബാലിസുഗ്രീവന്മാരുടെ കഥ അറിയാമല്ലൊ അല്ലെ?

ജ്യേഷ്ഠാനുജന്മാരായി ഒരു വീട്ടില്‍ താമസിച്ചു വന്നിരുന്ന രണ്ടു പേര്‍

അവര്‍ തമ്മില്‍ സ്നേഹം എത്രയായിരുന്നു എന്നത്‌ മായാവിയുമായി ബാലി യുദ്ധത്തിനു പോകുന്ന സന്ദര്‍ഭത്തില്‍ വ്യക്തം ആകുന്നു

ഗുഹയ്ക്കുള്ളില്‍ കടക്കുന്ന ബാലി സുഗ്രീവനോടു പറയുന്നത്‌ അഥവാ താന്‍ മരിക്കുന്നു എങ്കില്‍ ഗുഹാമുഖത്ത്‌ രക്തം കാണും അന്നേരം നീ വലിയ ഒരു പാറ കൊണ്ട്‌ ഗുഹാമുഖം അടച്ചിട്ട്‌, തിരികെ പോയി രാജ്യം ഭരിച്ചുകൊള്ളാനാണ്‌.

സുഗ്രീവനെ അപകടപ്പെടുത്താന്‍ മായാവിയ്ക്കു പുറത്തു വരാനുള്ള വഴിയും അടച്ചു പോകാനുപദേശിക്കുന്ന ബാലി. സഹായത്തിനു ഗുഹയിലേക്കു സുഗ്രീവന്‍ വരാന്‍ പോലും പറയാത്ത ബാലി.

പക്ഷെ പിഴച്ചത്‌ എവിടെയാണ്‌?

മായാവിയെ നിഗ്രഹിച്ചിട്ടു പുറമെ വരാന്‍ നോക്കുമ്പോള്‍ ഗുഹാമുഖം അടച്ചിരിക്കുന്നു.

അവിടെ വച്ച്‌ ബാലിയില്‍ 'സംശയം' ഉടലെടുക്കുന്നു

"സംശയാത്മാ വിനശ്യതി" ഭഗവാന്‍ പറഞ്ഞത്‌ ഓര്‍മ്മയുണ്ടല്ലൊ.

പിന്നീടങ്ങോട്ട്‌ ബാലി സുഗ്രീവന്റെ വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ തയ്യാറല്ല.

അന്ധമായ സുഗ്രീവവിരോധം ആണ്‌.

മനുഷ്യമനസിനു മാത്രമുള്ള കഴിവാണ്‌ കാര്യങ്ങള്‍ കേട്ട ശേഷം അതിനെ കുറിച്ചു ചിന്തിച്ച്‌ , വിശകലനം ചെയ്ത്‌ അതിനനുസരിച്ച്‌ ബുദ്ധിപരമായ ഒരു തീരുമാനം എടുക്കാനുള്ള കഴിവ്‌.

ബാലി കാണിക്കുന്നത്‌ മൃഗസമാനമായ ബുദ്ധിയാണ്‌.

വിശ്വാമിത്രകഥയില്‍ കാമം ക്രോധം തുടങ്ങിയ മാനസികദൗര്‍ബല്ല്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കിയത്‌ എപ്രകാരം എന്നു കാണിച്ച വാല്‌മീകി,
എത്ര ശക്തനായാലും വിവേകം ഇല്ലെങ്കില്‍ നശിക്കും എന്ന തത്വം ആണ്‌ ബാലിവധത്തില്‍ കൂടി കാണിച്ചു തരുന്നത്‌.

അത്‌ കഥയായെടുക്കാം അല്ലെങ്കില്‍ ശ്രീരാമന്റെ തന്നെ മാനസികനില ഉയര്‍ത്തലായി എടുക്കാം

പക്ഷെ ബ്ലോഗില്‍ ഒരാള്‍ രാമായണത്തില്‍ വിമാനത്തിലെ ഇന്ധനം അന്വേഷിച്ചതുപോലെ നോക്കേണ്ട ഒരു കഥയല്ല. അങ്ങനെ നോക്കുമ്പോഴാണ്‌ മുന്‍ പറഞ്ഞതു പോലെ ഉള്ള ചോദ്യങ്ങള്‍ വരുന്നത്‌