Saturday, October 27, 2007

മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ

മനുഷ്യന്‍ ജനിച്ചു വരുന്നത്‌ വാസനകളോടു കൂടിയാണ്‌ എന്നു പറയാറുണ്ട്‌.

എന്താണ്‌ ഈ വാസനകള്‍? മുമ്പുണ്ടായിരുന്ന ജന്മങ്ങളില്‍ പലതവണ ആവര്‍ത്തിച്ച്‌ അനുഭവിച്ച കാര്യങ്ങളോട്‌ നമുക്കുണ്ടായിത്തീരുന്ന അടുപ്പം അഥവാ അഭിനിവേശം ആണ്‌ ഇവ. അതായത്‌ കുറേ തവണ ഇടപെടുന്ന ആളോട്‌ നമുക്കുണ്ടാകുന്ന മാനസികമായ അടുപ്പം പോലെ അനുഭവങ്ങളോടും നമുക്ക്‌ അടുപ്പം ഉണ്ടാകും - പിന്നീട്‌ അവ ഇല്ലാതെ ജീവിക്കുവാന്‍ സാധിക്കില്ല എന്ന തോന്നല്‍ ഉണ്ടാകും. ശീലം കൊണ്ട്‌ ഈ അടുപ്പത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നു. പുകവലി, ലഹരി ഉപയോഗം എന്നിവയുടെ ഉദാഹരണം എടുത്താല്‍ ഇത്‌ വളരെ പെട്ടെന്ന്‌ മനസ്സിലാകും. അങ്ങനെ നേരത്തെ തന്നെ സൂക്ഷ്മശരീരത്തില്‍ ഉണ്ടായിട്ടുള്ള സംസ്കാരം ആണ്‌ വാസനകള്‍. ശീലം കൊണ്ട്‌ ഇവയുടെ തീവ്രത വര്‍ദ്ധിക്കും എന്നു പറഞ്ഞപ്പോള്‍ തന്നെ ശീലം ഇല്ലാഴിക കൊണ്ട്‌ ഇവയെ ഒഴിവാക്കുവാനും സാധിക്കും എന്ന്‌ അര്‍ഥം ലഭിക്കുമല്ലൊ.
തന്നെയുമല്ല ഇവയെ തന്നെ നല്ലതും ചീത്തയും എന്നും തിരിക്കാം.

ഈ തത്വങ്ങളെ യോഗവാസിഷ്ഠത്തില്‍ വസിഷ്ഠമഹര്‍ഷി ശ്രീരാമന്‌ ഉപദേശിക്കുന്ന ഒരു ഭാഗം നോക്കാം-
"ശുഭാശുഭാഭ്യാം മാര്‍ഗ്ഗാഭ്യാം വഹന്തീ വാസനാസരിത്‌
പൗരുഷേണ പ്രയത്നേന യോജനീയാ ശുഭേ പഥി"

ശുഭവും അശുഭവും ആയ മാര്‍ഗ്ഗങ്ങളില്‍ കൂടി ഒഴുകുന്ന വാസന ആകുന്ന നദിയെ പൗരുഷങ്ങളാല്‍ - (കര്‍മ്മങ്ങളാല്‍) ശുഭമായ വഴിയിലേക്ക്‌ തിരിച്ചു വിടണം.
പറഞ്ഞപ്പോള്‍ എളുപ്പം കഴിഞ്ഞു. എന്നാല്‍ ഇതൊക്കെ മനസ്സിലാകാണമെങ്കിലോ? പ്രാവര്‍ത്തികമാക്കണമെങ്കിലോ?
നാം എങ്ങനെ ആണ്‌ നമുക്കു ചുറ്റും ഉള്ള പ്രപഞ്ചത്തോട്‌ ഇടപെടുന്നത്‌? ഇന്ദ്രിയങ്ങളില്‍ കൂടി. എന്നാല്‍ ഇന്ദ്രിയങ്ങള്‍ ഉറങ്ങുന്ന സമയത്തും ഉണ്ടായിട്ടും അന്നേരം നമുക്ക്‌ ഈ അനുഭവം ഉണ്ടാകുന്നില്ലല്ലൊ.
അപ്പോള്‍ ഇന്ദ്രിയങ്ങള്‍ , മനസ്‌ , ബുദ്ധി തുടങ്ങി പലഘടകങ്ങളുടെ പ്രവര്‍ത്തനം ഇതില്‍ ഉള്‍പ്പെടുന്നു എന്ന്‌ മനസ്സിലാക്കാം.
എന്താണ്‌ ഈ മനസ്സ്‌? അത്‌ ഇന്ദ്രിയങ്ങളെ പോലെ വേര്‍തിരിച്ചു കാണിക്കുവന്‍ സാധിക്കുന്ന ഒരു ദ്രവ്യം അല്ല. പിന്നെയോ?

പരീക്ഷണശാലയില്‍ വിശകലനം ചെയ്തു ബോദ്ധ്യപ്പെടുത്താവുന്ന രു വസ്തുവും അല്ല.

മനസ്സിനെ പറ്റിയും ശ്രീരാമന്‍ വസിഷ്ഠനോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞത്‌- " നാം ആകാശം എന്നു പറഞ്ഞിട്ട്‌ എന്തിനേയോ മനസ്സിലാക്കുന്നില്ലേ?, വാസ്തവത്തില്‍ എന്തിനെ എങ്കിലും അറിയുന്നുണ്ടോ? ശൂന്യവും ജഡവുമായ ഒന്നിനെ എങ്ങനെ ആണ്‌ മനസ്സിലാക്കുക? അതുപോലെ തന്നെ ആണ്‌ മനസ്സിന്റെയും സ്ഥിതി"
ആകാശം എന്നതു കൊണ്ട്‌ നാം മുകളില്‍ കാണുന്ന വ്യാവഹാരിക ആകാശം അല്ല ഉദ്ദേശിച്ചത്‌ - പഞ്ചഭൂതങ്ങളിലെ ആകാശം ആണ്‌. അത്‌ ശുദ്ധമായ ശൂന്യത - absolute space ആണെന്നു പറയുന്നു. അതിനെ മനസ്സിലാകുവാന്‍ ബുദ്ധിമുട്ടാണ്‌. അതുപോലെ തന്നെ ആണ്‌ മനസ്സും എന്ന്‌.

ഈ ഉത്തരത്തില്‍ മറ്റൊരു വലിയ തത്വം കൂടി ഒളിഞ്ഞു കിടക്കുന്നു. മനസ്സ്‌ എന്നത്‌ ഒരാളില്‍ ഒതുങ്ങി കഴിയുന്ന ഒരു തത്വം അല്ല - പിന്നെയോ അത്‌ universal ആണ്‌- അത്‌ എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ഒരു തത്വമാണ്‌- ബ്രഹ്മാണ്ഡവ്യാപിയായ പ്രപഞ്ചമനസ്സ്‌.

ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ സൂചിപ്പിക്കുന ഒരു തത്വം ഉണ്ട്‌- എവിടെ ചലനം കണ്ടാലും അതിനു പിന്നില്‍ ഒരു ചേതനസങ്കല്‍പം ഉണ്ടെന്ന്‌.

എന്തു ചലനം ഉണ്ടാകണം എങ്കിലും അത്‌ വ്യക്തമായ ഒരു planning ന്റെ ഫലമായേ ഉണ്ടാകൂ. ആ planning തുടങ്ങുന്ന ഒരു ചേതന - അഥവാ ബോധം അതിനു പിന്നില്‍ ഉണ്ടായേ ഒക്കൂ.

ഇല്ലെങ്കില്‍ എന്തില്‍നിന്നും എന്തും ഉണ്ടാകാം എന്ന അരക്ഷിതാവസ്ഥ ഉണ്ടാകും.

ഈ planning നടത്തുന്ന തന്ത്രം - technoLogy, അതു നടപ്പിലാക്കുന്ന യന്ത്രം machinery ഇവയെ രണ്ടിനെയും ധരിക്കുന്നത്‌ വായു (പഞ്ചഭൂതങ്ങളിലെ വായു) ആണ്‌ എന്ന്‌
"വായുസ്തന്ത്രയന്ത്രധര:" എന്ന വാക്യത്തില്‍ പറയുന്നു

വായുവിന്റെ ധര്‍മ്മമാണ്‌ ചലനം. അതിനെ നിയന്ത്രിക്കുന്ന ബോധവും സര്‍വവ്യാപിയാണ്‌- universal ആണ്‌. അഥവാ ആ ബോധ തന്നെ ആണ്‌ പരമാത്മതത്വം. അതിനെ സൂചിപ്പിക്കുന്നു ഈ മന്ത്രം-
"ഭയാദസ്യാഗ്നിസ്തപതി
ഭയാത്തപതി സൂര്യഃ
ഭയാദിന്ദ്രശ്ച വായുശ്ച
മൃത്യുര്‍ധാവതി പഞ്ചമഃ".
ഇങ്ങനെ ഉള്ള, നമ്മില്‍ തന്നെ ഉള്ള ഈ ബോധത്തെ നാമറിയാതെ മറച്ചു വയ്ക്കുന്നവന്‍ ആരാണ്‌, അഥവാ ഈ ബോധം നാം അറിയുവാതിരിക്കുവാന്‍ സഹായിക്കുന്നത്‌ ആരാണ്‌? അത്‌ മനസാണ്‌.

ആ മനസ്സും universal ആണെന്ന്‌ നേരത്തെ പറഞ്ഞു.

അരണികള്‍ കടയുമ്പോള്‍ അഗ്നിയുണ്ടാകുന്നു, രണ്ടു വസ്തുക്കള്‍ തമ്മില്‍ ഉരയുമ്പോള്‍ തീയുണ്ടാകുന്നു. മുമ്പില്ലാതിരുന്ന തീ പുതിയതായി ഉണ്ടാകുവാന്‍ സാധിക്കുകയില്ല. തീ ഏതെങ്കിലും ഒരു രൂപത്തില്‍ ആ വസ്തുക്കളില്‍ ഉണ്ടായിരുന്നു എന്നു കരുതേണ്ടി വരും. അല്ലെങ്കില്‍ എവിടെ നിന്നു വന്നു?

അപ്പോള്‍ എല്ലാ വസ്തുക്കളിലും അഗ്നി ഉണ്ട്‌, പക്ഷെ അതു വെളിപ്പെടുന്നത്‌ രണ്ടു വസ്തുക്കള്‍ തമ്മില്‍ ഉണ്ടാകുന്ന സമ്പര്‍ക്കത്തിലായി എന്നു മാത്രം.

ഇതെ പോലെ ഇന്ദ്രിയങ്ങളും ഇന്ദ്രിയാര്‍ഥങ്ങളും തമ്മില്‍ബന്ധപ്പെടുമ്പോല്‍ തല്‍ക്കാലം ഉണ്ടാകുന്ന ഒരു സങ്കല്‍പമാണ്‌ മനസ്സ്‌ എന്നു പറയാം.

അഗ്നി എല്ലാ വസ്തുക്കളിലും ഉണ്ട്‌ എന്നു വച്ച്‌ അത്‌ അപകടകാരിയാകുന്നില്ല. അഗ്നിയെ വേണ്ട വിധം നിയന്ത്രിച്ചുപയോഗിച്ചാല്‍ അത്‌ നമുക്ക്‌ ഇഷ്ടഫലത്തെ പ്രദാനം ചെയ്യുന്നവനും അണ്‌, പക്ഷെ അനിയന്ത്രിതമായാല്‍ അത്‌ അപകടകാരിയും ആണ്‌. ഇതുപോലെ തന്നെ ആണ്‌ മനസ്സിന്റെ കാര്യവും.

ഈ മനസ്സ്‌ എന്ന സങ്കല്‍പശക്തി തുടക്കത്തില്‍ ഒരു ചെറു ദീപനാളം പോലെ ഉണ്ടാകുന്നു എങ്കിലും അതിന്റെ ക്രമേണ ഉള്ള പോഷണം - അതായത്‌ കൂടുതല്‍ കൂടുതല്‍ അതിനെ ഉപയോഗിച്ചു കൊണ്ടിരുന്നാല്‍- അതു വളര്‍ന്ന്‌ വളര്‍ന്ന്‌ ഈ ബ്രഹ്മാണ്ഡത്തെ പോലും നശിപ്പിക്കുവാന്‍ കെല്‍പുള്ളതാകും, മറിച്ച്‌ അതിനെ അതിന്റെ ഉറവിടത്തില്‍ തന്നെ ഉപശമിപ്പിച്ചാല്‍ അതു വീണ്ടും പൊതിവരുവാന്‍ കഴിവുള്ള വണ്ണം അടങ്ങി ഇരിക്കും.

എന്നാല്‍ നിയന്ത്രിതമായി അതിനെ ഉപരോധിച്ചാല്‍ - ബോധപൂര്‍വം അതിനെ അടക്കിയാല്‍- അതെങ്ങോ പോയിമറയും, സച്ചിദാനന്ദസ്വരൂപനായ പരമപുരുഷന്‍ വെളിപ്പെടുകയും ചെയ്യും.

എണ്ണമില്ലാത്തത്ര പ്രാപഞ്ചികദൃശ്യങ്ങളെ കാട്ടി നമ്മെ വഴിതെറ്റിക്കുന്നത്‌ ഈ മനസ്സിന്റെ അനിയന്ത്രിതമായ അവസ്ഥയാണ്‌, മനസ്സിന്റെ ആസ്വഭാവം നിയന്ത്രിതമായാലോ ? ദ്വൈതഭാവം അസ്തമിച്ചു -

"മനോദൃശ്യമിദം ദ്വൈതം യത്‌കിഞ്ചിത്‌ സചരാചരം
മനസോ ഹ്യമനീഭാവേ ദ്വൈതം നൈവോപലഭ്യതേ"

എന്നു മാണ്ഡൂക്യകാരികയില്‍ പറയുന്നത്‌ ഇതു തന്നെ ആണ്‌.

ഈ മനസ്സിനെ നിശ്ശേഷം ഇല്ലാതാകുവാന്‍ അനുവദിക്കാതെ നിലനിര്‍ത്തുന്നതും അവസരം കിട്ടുമ്പോള്‍ തളിര്‍ക്കുവാന്‍ സഹായിക്കുന്നതും ആയ വസ്തുവാണ്‌ നാം ആദ്യം കണ്ട 'വാസന'

അതുകൊണ്ട്‌ ആ വാസനകളെ അഭ്യാസം കൊണ്ട്‌ ശുഭമാര്‍ഗ്ഗത്തിലേക്കു തിരിച്ചു വിട്ട്‌ , മനസ്സിനെ നിഗ്രഹിച്ച്‌ നിത്യസത്യത്തെ അനിഭവിക്കുവാന്‍ വേഡാന്തം ഉപദേശിക്കുന്നു.

മനസ്സാണ്‌ ബന്ധത്തിനും മോക്ഷത്തിനും കാരണം-

"മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ
ബന്ധായ വിഷയാസക്തം മുക്ത്യൈ നിര്‍വിഷയം സ്മൃതം"

വിഷയാസക്തമായ മനസ്‌ ബന്ധങ്ങള്‍ക്കായും , നിര്‍വിഷയമായത്‌- വിരക്തമായത്‌ മോക്ഷത്തിനും കാരണമാകുന്നു.

ഈ ജീവിതത്തില്‍ തന്നെ ഈ തത്വങ്ങള്‍ മനസ്സിലാക്കി, അവനവന്റെ ധര്‍മ്മങ്ങള്‍ വൃത്തിയായി നിറവേറ്റിക്കൊണ്ടിരിക്കുവാന്‍ അവസരം കിട്ടുന്ന ഭാഗ്യവാന്മാര്‍ ഈ ജന്മത്തില്‍ തന്നെ മുക്തന്മാരാകുന്നു- കര്‍മ്മങ്ങളെല്ലാം ഈശ്വരാര്‍പ്പണമായി ചെയ്യുക - ശ്രീരാമകൃഷ്ണന്റെ ഉപദേശം പോലെ ബാങ്കിലെ കാഷ്യര്‍ ധനം കൈകാര്യം ചെയ്യുന്നുണ്ട്‌ - പക്ഷെ അതൊന്നും അത്‌ തന്റെതായി കണ്ടു കൊണ്ടല്ല - അതേ ഭാവത്തോടു കൂടി ചെയ്യുവാന്‍ ശീലിക്കുക.
"ഇഹൈവ തൈര്‍ജ്ജിതഃ സര്‍ഗോ യേഷാം സാമ്യേ സ്ഥിതം മനഃ"

ഇതു വായിക്കുന്നവര്‍ക്കും അതിനുള്ള ഭാഗ്യം ഉണ്ടാകുവാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ

13 comments:

  1. മനസ്സിനെ നിയന്ത്രിക്കാന്‍ ശീലിക്കുക എന്ന് എപ്പോഴും വിചാരിക്കും. ആ വിചാരവും വരുന്നത് മനസ്സില്‍ നിന്നാണോ എന്ന് വിചാരിക്കും. കര്‍മ്മങ്ങളെല്ലാം ഈശ്വരാര്‍പ്പണമായി ചെയ്യുക. നല്ല കാര്യം തന്നെ. ശ്രമിക്കാം. ഇതുവരെ അങ്ങനെ ആയിരുന്നോ, എപ്പോഴെങ്കിലും അങ്ങനെ കരുതിയിരുന്നോ എന്നൊന്നും അറിയില്ല. ഇനിയും സമയമുണ്ടല്ലോ.

    ReplyDelete
  2. ആകാശം എന്നു പറഞ്ഞിട്ടു് അറിയാത്ത എന്തോ ഒന്നിനെ നാം മനസ്സിലാക്കുന്ന പോലെ തന്നെ മനസ്സും.
    ബ്രഹ്മാണ്ഡവ്യാപിയായ പ്രപഞ്ചമനസ്സ്‌.
    എന്താണ്‌ ഈ വാസനകള്‍? മുമ്പുണ്ടായിരുന്ന ജന്മങ്ങളില്‍ പലതവണ ആവര്‍ത്തിച്ച്‌ അനുഭവിച്ച കാര്യങ്ങളോട്‌ നമുക്കുണ്ടായിത്തീരുന്ന അടുപ്പം അഥവാ അഭിനിവേശം ആണ്‌ ഇവ.
    പണിക്കരു മാഷേ പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നു. നന്ദി.

    ReplyDelete
  3. എവിടെയായിരുന്നു? കണ്ടില്ലല്ലോ?
    അതോ ഞാന്‍ ഇവിടെ ഇല്ലായിരുന്നോ?:)

    ReplyDelete
  4. സൂ,
    അങ്ങനെ നിരന്തരം വിചാരിച്ചു വിചാരിച്ചുണ്ടാകുന്ന സംസ്കാരം ആണ്‌ വാസന. അതുണ്ടായാലും മതി-ഈ ജന്മത്തിലല്ലെങ്കില്‍ അടുത്ത ജന്മത്തെങ്കിലും അതു നടപ്പിലാകും. അതുകൊണ്ട്‌ ആവിചാരം മനസ്സാണുണ്ടാക്കുന്നതെങ്കിലും കളയണ്ടാ. :)

    ReplyDelete
  5. വേണുജീ,
    തുടര്‍ച്ചയായ പ്രോല്‍സാഹനത്തിനു നന്ദി.

    ReplyDelete
  6. അനംഗാരിജീ,
    കുറച്ചു തെരക്കായിരുന്നു. സൂവിന്റെ കവിത എപ്പോഴാണ്‌ ചൊല്ലുക?

    ReplyDelete
  7. അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
    ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
    ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
    എം.കെ.ഹരികുമാര്

    ReplyDelete
  8. താങ്കളുടെ ഈ പോസ്റ്റിനെ എന്റെ സംശയത്തിനുള്ള മറുപടിയായിട്ട്‌ കാണുന്നു. സന്തോഷമായി.ജ്യോതിര്‍മയി ടീച്ചറുടെയും ബ്ലോഗ്‌ സന്ദര്‍ശിച്ചു. അന്വേഷണത്തിനിടയില്‍ പതഞ്ചലീയോഗത്തില്‍ പറഞ്ഞിട്ടുള്ള 5+5+5+5+1 = 21 എന്ന കണക്കും കണ്ടു. അത്രക്കൊന്നും ഞാന്‍ തലകൊടുക്കുന്നില്ല. മനസ്സ്‌ സര്‍വ്വവ്യാപി ആണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞതാണ്‌ ഇതില്‍ പ്രധാനമായി തോന്നിയത്‌. അപ്പോള്‍ കാമത്തിന്റെ ഇരിപ്പിടമാണ്‌ മനസ്സ്‌. മനസ്സിനെ നിയന്ത്രിക്കുക എന്നുവച്ചാല്‍ ഇന്ദ്രിയങ്ങളുടെ പ്രേരണയെ അടക്കുക. മനസ്സ്‌ സര്‍വ്വവ്യാപിയാണെന്നു പറയുമ്പോള്‍ അതു തന്നെയല്ലെ ആത്മാവ്‌. ആത്മീയ കാര്യങ്ങളില്‍ ഒരു ഗുരു ഇതുവരെയും ഇല്ലാതിരുന്നതുകൊണ്ട്‌ താങ്കളെ ബ്ലോഗിലൂടെ ഗുരുവായി കരുതുന്നു. ഗുരുക്കന്മാരോട്‌ ചോദിച്ചു മനസ്സിലാക്കണം എന്നു തന്നെയല്ലെ ഭ.ഗീ. 4.34 പറയുന്നത്‌.

    ReplyDelete
  9. പ്രിയ താരാപഥം, ആദ്ധ്യാത്മിക ഗുരുവിനൊക്കെ അവരുടേതായ ചില ഗുണങ്ങള്‍ ഉണ്ടായിരിക്കണമല്ലൊ. അതുകൊണ്ട്‌ അനര്‍ഹമായ ആ പദപ്രയോഗങ്ങളൊക്കെ കേള്‍ക്കുവാന്‍ സുഖകരമാണെങ്കിലും ഒഴിവാക്കിക്കൂടേ? ഇവിടെ തന്നെ സതീഷ്‌, സഹ, വിശ്വപ്രഭ, ജ്യോതിര്‍മ്മയി തുടങ്ങി തത്വചിന്തയില്‍ പ്രഗല്‍ഭരായ പലരും ഉണ്ട്‌.
    ഏതായാലും മനസ്സിനെ കുറിച്ചു ചോദിച്ച ചോദ്യത്തിന്‌ ചിലതു പറയട്ടെ.
    മനസ്സ്‌ എന്നത്‌ പരമാത്മാവാണെന്ന്‌ പറയുവാന്‍ സാധിക്കയില്ല - അതു വായിക്കുമ്പോള്‍ അങ്ങനെ എല്ലായിടവും നിറഞ്ഞത്‌ എന്നൊക്കെ പറഞ്ഞു എങ്കിലും.
    പകരം പരമാത്മതത്വത്തെ സാക്ഷാല്‍കരിക്കുന്നതില്‍ നിന്നും മനുഷ്യനെ തടയുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നതാണ്‌ മനസ്‌.
    contd--

    ReplyDelete
  10. ഇന്ദ്രിയങ്ങളും ഇന്ദ്രിയാര്‍ത്ഥങ്ങളും തമ്മിലുണ്ടാകുന്ന ബന്ധത്തില്‍ നിന്നുല്‍ഭവിക്കുന്ന നൈമിഷികസങ്കല്‍പം കൊണ്ട്‌ അതാണ്‌ വസ്തുത എന്ന മിഥ്യാജ്ഞാനം തന്ന്‌ നമ്മെ നേര്‍വഴിയില്‍ നിന്നും മാറ്റുകയണ്‌ അതിന്റെ പ്രവൃത്തി.
    സവികല്‍പസമാധി, നിര്‍വികല്‍പസമാധി എന്നീ ഭാഗങ്ങള്‍ വിശദീകരിക്കുമ്പോള്‍ പറയുന്ന ചിലതു ശ്രദ്ധിക്കാം-
    മനസിന്റെ ചഞ്ചലതയെ നിയന്ത്രിക്കുവാന്‍ വേണ്ടി ആദ്യം ഏതെങ്കിലും ഒരു പ്രതീകത്തെ സങ്കല്‍പിക്കുക, അതില്‍ ധ്യാനം ചെയ്ത്‌ ചെയ്ത്‌ അതായിത്തീരുക- ആ അവസ്ഥയെ സവികല്‍പസമാധി എന്നു വിളിക്കാം- contd--

    ReplyDelete
  11. അപ്പോള്‍ മനസ്സിന്റെ പ്രവര്‍ത്തനം എല്ലാം നിന്നു എന്നു പക്ഷെ അര്‍ത്ഥമാകുന്നില്ല - കാരണം ആ പ്രതീകത്തിലുള്ള സങ്കല്‍പം ഉണ്ട്‌.
    അതിനെ ഒരു വലിയ തിരയായി സങ്കല്‍പിച്ചാല്‍ ആ വലിയ തിരയില്‍ ബാക്കിയുള്ള ചെറിയ തിരകളെല്ലാം അലിഞ്ഞു എന്നെ ഉള്ളു എന്നു പറയുന്നു.
    ആ സങ്കല്‍പം അഥവാ ആ സംസ്കാരവും മനസ്സില്‍ നിന്നു പോയി കഴിയുമ്പോഴാണ്‌ ശുദ്ധമായ സമാധി - അഥവാ നിര്‍വികല്‍പ സമാധി ലഭിക്കുന്നത്‌ എന്നു പറയുന്നു.
    അതായത്‌ ദ്വിത്വഭാവം മനസ്സുള്ള അവസ്ഥയില്‍ ഉണ്ട്‌ , മനസ്സിന്റെ ലയത്തിലാണ്‌ അദ്വൈതസാക്ഷാല്‍കാരം ഉണ്ടാകുന്നത്‌ എന്നു വരുന്നു.

    ReplyDelete
  12. താങ്കളുടെ വിവരണങ്ങളിലൂടെ മനസ്സിനെക്കുറിച്ച്‌ ഒരുപാടറിയാന്‍ കഴിഞ്ഞു. എന്നിട്ടും മനസ്സ്‌ പിടികിട്ടാപുള്ളി തന്നെ. എളുപ്പമല്ല മാഷെ. ആദ്യപടിയായി ഇന്ദ്രിയങ്ങളെ അടക്കി സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഏര്‍പ്പെട്ട്‌ സ്ഥിതപ്രജ്ഞനാവണ്ടേ. അതുതന്നെ ഇക്കാലത്ത്‌ നടക്കുമോ? ആരെങ്കിലും വിശ്വസിക്കുമോ? പിന്നെ സവികല്‍പസമാധി, നിര്‍വ്വികല്‍പസമാധി, സഹജാവസ്ഥ... ഹായ്‌ ഹായ്‌ എന്താ രസം ആലോചിക്കുമ്പോള്‍. ഇങ്ങനെയുള്ളകാര്യങ്ങളെക്കുറിച്ച്‌ ഒന്ന് വായിക്കുന്നതുതന്നെ വലിയ അനുഭവമായി കരുതുന്നു.

    ReplyDelete
  13. പ്രിയ താരാപഥം
    "അസംശയം മഹാബാഹോ മനോ ദുര്‍ന്നിഗ്രഹം പരം"
    എന്നു സാക്ഷാല്‍ ശ്രീകൃഷ്ണന്‍ പറഞ്ഞതിനപ്പുറം ഒരു തെളിവ്‌ താങ്കള്‍ പറഞ്ഞതിനാവശ്യമില്ലല്ലൊ.
    എന്നാലും ഒരു തുടക്കം കുറിച്ചാല്‍ ഇന്നല്ലെങ്കില്‍ നാളെ അതിനു പ്രയോജനം ഉണ്ടാകും എന്നു വിശ്വസിച്ച്‌ തുടരാം അല്ലേ

    ReplyDelete