Wednesday, January 02, 2008

കഠോപനിഷത്‌ - തുടര്‍ച്ച

"അണോരണീയാന്‍ മഹതോ മഹീയാന്‍
ആത്മാസ്യ ജന്തോര്‍ന്നിഹിതോ ഗുഹായാം
തമക്രതുഃ പശ്യതി വീതശോകോ
ധാതുപ്രസാദാന്മഹിമാനമാത്മനഃ"

ആത്മാ: അണോഃ അണീയാന്‍ = ആത്മാവ്‌ സൂക്ഷ്മങ്ങളില്‍ വച്ചു സൂക്ഷ്മമാണ്‌
മഹതഃ മഹീയാന്‍ = മഹത്തുക്കളില്‍ വച്ച്‌ - സ്ഥൂലങ്ങളില്‍ വച്ച്‌ മഹത്തും (സ്ഥൂലവും) ആണ്‌.
അസ്യ ജന്തോഃ ഗുഹായാം നിഹിതം= ജീവനുള്ളവയിലൊക്കെ ഹൃദയഗുഹയില്‍ സ്ഥിതിചെയ്യുന്നു.
തം =ആ ആത്മാവിനെ
അക്രതുഃ പശ്യതി= ഭൗതികകാമങ്ങള്‍ വെടിഞ്ഞവന്‍ കാണുന്നു.
ധാതുപ്രസാദാത്‌ വീതശോകഃ = മനസ്സും ഇന്ദ്രിയങ്ങളും പ്രസന്നങ്ങളായി, ശോകത്തെ വെടിഞ്ഞ്‌
ആത്മനഃ മഹിമാനം = താനും ഇക്കാണുന്ന സകലചരാചരങ്ങളും ഒന്നുതന്നെ എന്നുള്ള മാഹാത്മ്യത്തെ കാണുന്നു.

സൂക്ഷ്മമായതോ സ്ഥൂലമായതോ എന്തു തന്നെ ആയാലും ആത്മാവല്ലാതെ മറ്റൊരു വസ്തു ഇല്ല എന്നുള്ള സത്യം ഇവിടെ തുറന്നു പറയുന്നു. ഉള്ളതെല്ലാം ആത്മാവു തന്നെ. അതല്ലാതെ മറ്റൊരു വസ്തു ഇല്ല.
ആ ആത്മാവോ തന്റെ തന്നെ ഉള്ളിലുണ്ടു താനും , എന്നാല്‍ താന്‍ അതറിയുന്നില്ല. പിന്നെ പുറമേ അന്വേഷിക്കുകയാണ്‌.
ഉള്ളില്‍ എന്നു പറഞ്ഞതുകൊണ്ട്‌ - വിവക്ഷിക്കുന്നത്‌ - root cause - എന്നായിരിക്കണം- അല്ലാതെ ഹൃദയഗുഹയില്‍ മറ്റൊരു വസ്തുവായി ഇരിക്കുന്നു എന്നല്ല. ഏറ്റവും പ്രാഥമികമായത്‌ എന്നര്‍ത്ഥം.

അതിനെ കാണുവാനുള്ള ഉപായവും പറയുന്നു- കാമത്തെ ഹനിച്ചവന്‍ കാണുന്നു. കാമനിഗ്രഹം - (ശിവന്‍ കാമദേവനെ നിഗ്രഹിച്ച കഥയും ഓര്‍ക്കുക - വാക്കുകള്‍ക്കൊക്കെ പ്രത്യേകതകള്‍ ഉണ്ട്‌ സംസ്കൃതത്തില്‍) കാമങ്ങളെ നിഗ്രഹിച്ച്‌ ഇന്ദ്രിയങ്ങളെയും മനസ്സിനേയും അടക്കി കഴിഞ്ഞവന്‍ അവനെ കാണുന്നു.

ആ കാഴ്ചയില്‍ അവന്‌ ആത്മാവിന്റെ മഹിമ മനസ്സിലകുന്നു.

"ആസീനോ ദൂരം വ്രജതി
ശയാനോ യാതി സര്‍വതഃ
കസ്തം മദാമദം ദേവം
മദന്യോ ജ്ഞാതുമര്‍ഹതി"

ആസീനഃ = ഒരിടത്തിരുന്നുകൊണ്ട്‌
(ആത്മാ) ദൂരം വ്രജതി= ആത്മാവ്‌ അതിദൂരങ്ങളില്‍ സഞ്ചരിക്കുന്നു
ശയാനഃ = ഒരിടത്തു കിടന്നുകൊണ്ട്‌
സര്‍വതഃ യാതി = എല്ലായിടത്തും പോകുന്നു.
മദാമദം തം ദേവം= ചലിക്കുന്നവനും നിശ്ചലനുമായ ആ ദേവനെ
മദന്യഃ കഃ ജ്ഞാതും അര്‍ഹതി = നമ്മെ പോലെയുള്ള സൂക്ഷ്മബുദ്ധികളല്ലാതെ ആര്‌ അറിയുവാന്‍ അര്‍ഹരാകുന്നു?

ആത്മാവിനെ കുറിച്ചുള്ള അറിവ്‌ രണ്ടു തലങ്ങളില്‍ ആലോചിക്കാം.
സൂക്ഷ്മവും സ്ഥൂലവും. എറ്റവും സൂക്ഷ്മതലത്തില്‍ ശുദ്ധബോധസ്വരൂപം മാത്രം. അത്‌ നിശ്ചലമാണ്‌. അതിന്റെ വിരാട്‌ സ്വരൂപമാണ്‌ ഈ ജഗത്‌. കാനല്‍ ജലം കണുന്നതുപോലെ ഓരോരോ രൂപങ്ങള്‍ ഉള്ളതായും അതാണ്‌ വാസ്തവമെന്നും തോന്നുന്ന സ്ഥൂലസ്വരൂപം. അതു തന്നെ ആണ്‌ പ്രപഞ്ചം.

ഇവിടെ ആണ്‌ പ്രസിദ്ധമായ, കയറില്‍ പാമ്പിനെ കാണുന്ന ഉദാഹരണം വരുന്നത്‌. സന്ധ്യാനേരത്ത്‌, വളഞ്ഞു കിടക്കുന്ന ഒരു കയറു കണ്ടാല്‍ ചിലപ്പോള്‍ അത്‌ പാമ്പാണ്‌ എന്ന ഒരു ഭീതി ഉണ്ടാകാം. ഒരിക്കല്‍ അങ്ങനെ തോന്നി കഴിഞ്ഞാല്‍ പിന്നെ പാമ്പിന്റേതായ സകല ഭാവവിശേഷങ്ങളും നാം അതില്‍ ആരോപിക്കുന്നു.

നല്ല വെളിച്ചത്തില്‍ അത്‌ കയറാണ്‌ എന്നു തിര്‍ച്ചറിവുണ്ടായാല്‍ അതുവരെ കണ്ട പാമ്പ്‌ ഇല്ലാതെ ആകുന്നു. രണ്ട്‌ അവസ്ഥകളും തല്‍സമയങ്ങളില്‍ വാസ്തവം പോലെ ആണ്‌ തോന്നുന്നതും.
എന്നാല്‍ ഒരിക്കല്‍ അത്‌ കയറാണ്‌ എന്നു മനസ്സിലായാല്‍ പിന്നെ ആ ഭീതി ഒരിക്കലും ഉണ്ടാകുന്നില്ല.

അങ്ങനെ സത്യം ദര്‍ശിച്ച ധീരന്‍ ഭീതനാകുന്നില്ല എന്ന്‌ അടുത്ത മന്ത്രം.

"അശരീരം ശരീരേഷ്വനവസ്ഥേഷ്വവസ്ഥിതം
മഹാന്തം വിഭുമാത്മാനം മത്വാ ധീരോ ന ശോചതി"

ശരീരേഷു അശരീരം = ശരീരങ്ങളില്‍ ശരീരമില്ലാതെ വര്‍ത്തിക്കുന്നവനും
അനവസ്ഥേഷു അവസ്ഥിതം = അനിത്യവസ്തുക്കളില്‍ നിത്യസ്വരൂപനായി വര്‍ത്തിക്കുന്നവനും
മഹാന്തം വിഭും ആത്മാനം = മഹാനും, സര്‍വവ്യാപിയുമായ ആത്മാവിനെ
മത്വാ ധീരോ ന ശോചതി = അറിഞ്ഞിട്ട്‌ ധീരനായവന്‍ ദുഃഖത്തെ വെടിയുന്നു.

"നായമാത്മാ പ്രവചനേന ലഭ്യോ
ന മേധയാ ന ബഹുനാ ശ്രുതേന"
യമേവൈഷ വൃണൂതേ തേന ലഭ്യ
സ്തസ്യൈഷ ആത്മാ വിവൃണുതേ തനും സ്വാം

അയം ആത്മാ പ്രവചനേന ന ലഭ്യഃ= ഈ ആത്മജ്ഞാനം വേദപഠനം കൊണ്ട്‌ ലഭിക്കുകയില്ല.
ന മേധയാ = ബുദ്ധികൊണ്ട്‌ ലഭിക്കുകയില്ല
ന ബഹുനാ ശ്രുതേന = അതിനെ കുറിച്ച്‌ ധാരാളം കേട്ടതുകൊണ്ട്‌ ലഭിക്കുകയില്ല
ഏഷ യം ഏവ വൃണുതേ = യാതൊരു സത്യാന്വേഷി ഈ ആത്മാവിനെ തന്നെ പരമലക്ഷ്യമായി വരിക്കുന്നുവോ
തേന ലഭ്യഃ = അവന്‌ ലഭിക്കുന്നതാണ്‌.
തസ്യ = അങ്ങനെയുള്ളവന്‌
ഏഷ ആത്മാ = ഈ ആത്മാവ്‌
സ്വാം തനും വിവൃണുതേ = തന്റെ സ്വരൂപത്തെ മറനീക്കി തെളിച്ചു കൊടുക്കും.

കുറെയേറെ വേദപഠനം നടത്തിയതുകൊണ്ടോ, വായിച്ചു പഠിച്ചതു കൊണ്ടോ , കേട്ടു പഠിച്ചതുകൊണ്ടോ , അതീവ ബുദ്ധിമാനായതുകൊണ്ടോ ഒന്നും ഈ ആത്മജ്ഞാനം ലഭിക്കുകയില്ല. അതു ലഭിക്കണം എങ്കില്‍ ഒരു തപസ്യയായി തന്നെ ജീവിതം മാറ്റണം തന്റെ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം ആത്മജ്ഞാനപ്രാപ്തിയാണ്‌ എന്ന്‌ നിശ്ചയിക്കണം. അതിനെ ഒരു തപസായി അനുഷ്ഠിക്കണം. അതിനെ സ്വയം വരിച്ചാല്‍ അത്‌ നമുക്ക്‌ അതിന്റെ മറനീക്കി പ്രത്യക്ഷമാകും.
പക്ഷെ അതിനും ചില കടമ്പകളൊക്കെയുണ്ട്‌

"നാവിരതോ ദുശ്ചരിതാല്‍
നാശാന്തോ നാസമാഹിതഃ
നാശാന്തമനസോ വാപി
പ്രജ്ഞാനേനൈനമാപ്‌നുയാത്‌"

ദുരാചാരങ്ങളില്‍ നിന്നും പിന്തിരിയാത്തവനും, ഇന്ദ്രിയപ്രലോഭനങ്ങള്‍ക്ക്‌ വശംവദനായവനും, മനസ്സിന്‌ ഏകാഗ്രത ഇല്ലാത്തവനും, ഹൃദയചാഞ്ചല്യമുള്ളവനും ഒന്നും ആത്മാവ്നെ സാക്ഷാല്‍കരിക്കുവാന്‍ സാധിക്കുകയില്ല.

പരോക്ഷജ്ഞാനം അപരോക്ഷജ്ഞാനം എന്നിങ്ങനെ രണ്ടു തരത്തില്‍ ജ്ഞാനമുണ്ട്‌.
സിദ്ധാന്തപരമായ ജ്ഞാനം പരോക്ഷജ്ഞാനമാണ്‌. നീന്തലിനെ കുറിച്ചുള്ള വളരെ പ്രസിദ്ധമായ പുസ്തകങ്ങള്‍ നോക്കി വായിച്ചു പഠിച്ച്‌ എത്ര പരീക്ഷകള്‍ പാസായാലും വെള്ളത്തില്‍ ചാടിയാല്‍ പൊങ്ങി കിടക്കണം എങ്കില്‍ അതുമാത്രം പോരാ - പിന്നെയോ അനുഭവം കൂടി വേണം.
എന്നു പറഞ്ഞതുപോലെ അനുഭവം ആണ്‌ അപരോക്ഷജ്ഞാനം, അതില്ലാതെ ആത്മജ്ഞാനം ഇല്ല. അത്‌ വേണം എങ്കില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ നിര്‍ബന്ധവും ആണ്‌.

8 comments:

  1. സിദ്ധാന്തപരമായ ജ്ഞാനം പരോക്ഷജ്ഞാനമാണ്‌. നീന്തലിനെ കുറിച്ചുള്ള വളരെ പ്രസിദ്ധമായ പുസ്തകങ്ങള്‍ നോക്കി വായിച്ചു പഠിച്ച്‌ എത്ര പരീക്ഷകള്‍ പാസായാലും വെള്ളത്തില്‍ ചാടിയാല്‍ പൊങ്ങി കിടക്കണം എങ്കില്‍ അതുമാത്രം പോരാ - പിന്നെയോ അനുഭവം കൂടി വേണം.
    എന്നു പറഞ്ഞതുപോലെ അനുഭവം ആണ്‌ അപരോക്ഷജ്ഞാനം, അതില്ലാതെ ആത്മജ്ഞാനം ഇല്ല. അത്‌ വേണം എങ്കില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ നിര്‍ബന്ധവും ആണ്‌

    ReplyDelete
  2. വായിക്കുന്നുണ്ട് പണിക്കര്‍ മാഷേ. എന്റെ കയ്യിലുള്ള ഉപനിഷത്തുക്കളെല്ലാം (വളരെയൊന്നുമില്ല) മൃഢാനന്ദസ്വാമി വ്യാഖ്യാനിച്ചതാണ്‌, അദ്ദേഹത്തിന്റേല്ലാത്ത വീക്ഷണങ്ങളും കൂടിച്ചേര്‍ന്ന് എനിക്ക് കൂടുതല്‍ മനസ്സിലാവട്ടെ.

    ഓഫ്: വിദ്യ- അവിദ്യ എന്ന കണ്‍സപ്റ്റ് കൂടി (എപ്പോഴെങ്കിലും) വിശദീകരിക്കണേ.

    ReplyDelete
  3. വളരെ നന്ദി മാഷേ.
    തുടരുമല്ലോ.

    ReplyDelete
  4. സര്‍, വളരെ നന്ദി ഉണ്ടു ഇത്തരം ലളിത വ്യാഖ്യാനങ്ങളോടുകൂടി എഴുതുന്നതിനു.

    സ്നേഹത്തോടെ

    ReplyDelete
  5. ഉപനിഷത്തുക്കള്‍ കുറച്ച്‌ വായിച്ചിട്ടുള്ളത്‌, വിവേകാനന്ദസ്വാമികളുടെ തര്‍ജ്ജമയാണ്‌, അതും ആദ്ധ്യാത്മികകാര്യങ്ങളില്‍ അത്ര താല്‌പര്യം ഇല്ലാതിരുന്ന കാലത്തും. ഇപ്പോള്‍ അതൊന്നും ഓര്‍മ്മയില്‍ പോലുമില്ല. മാഷുടെ ഈ ഉദ്ദ്യമം അതെല്ലാം വീണ്ടെടുക്കാന്‍ സഹായകമാവുന്നുണ്ട്‌.
    നടരാജഗുരു, ജ്ഞാനത്തെ ശുദ്ധമായ അറിവ്‌ (pure knowledge) എന്നും വിജ്ഞാനത്തെ പ്രായോഗികമായ അറിവ്‌ (applied knowledge) എന്നും പറഞ്ഞിരിക്കുന്നത്‌ ഭഗവത്‌ ഗീതയുടെ വ്യാഖാനത്തില്‍ കണ്ടിരുന്നു.
    ഇവിടെത്തന്നെ, വേദപഠനം കൊണ്ടും വായനകൊണ്ടും കിട്ടുന്ന 'അപരയായ' അറിവുകൊണ്ടുമാത്രം ആത്മാവിനെ അറിയാന്‍ കഴിയില്ല എന്നു പറഞ്ഞല്ലോ. പ്രായോഗികതലത്തില്‍ 'പരയായ' അറിവ്‌ എന്താണ്‌ എന്ന് മുഴുവനായും മനസ്സിലായില്ല. കുറച്ചു കൂടി വ്യക്തമായി അറിയണമെന്നുണ്ട്‌. തല്‌ക്കാലം ഭ.ഗീ. 7-3 വായിച്ച്‌ സമാധാനിക്കുന്നു.

    ReplyDelete
  6. ആചാര്യ ശ്രീശങ്കരന്റെ വിവേകചൂഡാമണിയില്‍ പറയുന്ന ഒരു ശ്ലോകം -
    " അവിജ്ഞാതേ പരേ തത്വേ ശാസ്ത്രാധീതിസ്തു നിഷ്ഫലാ
    വിജ്ഞാതേപി പരേ തത്വേ ശാസ്ത്രാധീതിസ്തു നിഷ്ഫലാ"

    പരയായ തത്വം അറിയുന്നില്ലെങ്കില്‍ ശാസ്ത്രപഠനം വ്യര്‍ത്ഥം, എന്നാല്‍ അറിഞ്ഞുകഴിഞ്ഞാലും ശാസ്ത്രപഠനം വ്യര്‍ത്ഥം തന്നെ.
    അപ്പോള്‍ പഠനം അല്ല കാര്യം അതിന്റെ അനുഭവമാണ്‌ അത്‌ മനനം, നിദിധ്യാസം ഇവകൊണ്ടേ ലഭിക്കൂ അതും വൈരാഗ്യം, മുമുക്ഷുത്വം ഇവയുള്ളവരില്‍ - ഏറ്റവും പ്രധാനമായി - ഗുരുവിന്റെ അനുഗ്രഹം ഉള്ളവരില്‍

    ReplyDelete
  7. ---എന്നു പറഞ്ഞതുപോലെ അനുഭവം ആണ്‌ അപരോക്ഷജ്ഞാനം, അതില്ലാതെ ആത്മജ്ഞാനം ഇല്ല. അത്‌ വേണം എങ്കില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ നിര്‍ബന്ധവും ആണ്‌.

    അപ്പോള്‍ ചുറ്റിപ്പോകുമല്ലോ മാഷേ ?

    ലോകത്തിലെ സകല അനുഭവങ്ങളും കഴിഞ്ഞ് ആത്മജ്ഞാനം ലഭിക്കുകാന്നു വച്ചാ ജന്മങ്ങളെത്ര കോടി വേണം! അല്ല, ഒരോ നിമിഷവും ഓരോ പുതിയ അനുഭവം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കയല്ലേ.
    ഇന്നലെ കാസറ്റില്‍ കവിത കേട്ട അനുഭവം, ഇന്ന് ദാ കമ്പ്യൂട്ടറില് കേക്കണ വേറൊരനുഭവം, ഇന്നലെ ആറ്റം ബോംബ് കൊണ്ടൊര് അനുഭവം, ഇന്ന് ദാ ക്ലസ്റ്റര്‍ ബോംബ് കൊണ്ടൊരനുഭവം, ഇന്നലെ നൊന്ത് പ്രസവിച്ച അനുഭവം, ഇന്ന് മയക്കി ഓപ്പറേറ്റു ചെയ്യന അനുഭവം.....നാളെ ഇതിനൊക്കെ വേറൊരനുഭവം.... ഇതു തീര്‍ന്നിട്ട് വേണ്ടേ എല്ലാം ഒന്ന് പഠിച്ച് അനുഭവിക്കാന്‍...എന്നിട്ടു വേണമല്ലോ ആത്മജ്ഞാനം നേടാന്‍...!!
    ന്റെ ശിവനേ...നീ തന്നെ തുണ!

    ReplyDelete