Saturday, May 09, 2009

ആഘോഷം

പാണ്ഡവന്മാര്‍ നാടു ഭരിച്ചുകൊണ്ടിരുന്ന കാലം.

ഒരിക്കല്‍ ഒരു ഗ്രാമവാസിയ്ക്ക്‌ ദാരിദ്ര്യം കാരണം തന്റെ മകളുടെ വിവാഹം നടത്തുവാന്‍ സാധിച്ചില്ല.

അദ്ദേഹം വിചാരിച്ചു പോയി രാജാവിനോട്‌ സഹായം അഭ്യര്‍ത്ഥിക്കാം.
നേരെ കൊട്ടാരത്തിലേക്കു നടന്നു.

കൊട്ടാരവാതില്‍ക്കല്‍ അന്നു കാവല്‍ ഭീമസേനന്‍ ആണ്‌. അദ്ദേഹത്തിനടുത്തെത്തിയ ആള്‍ കാര്യം പരഞ്ഞു.

ഭീമസേനന്‍ പറഞ്ഞു അകത്തു ചെന്നു ജ്യേഷ്ഠനെ കണ്ട്‌ പറയൂ. ആളെ അകത്തു വിട്ടു.

കുറച്ചു കഴിഞ്ഞപ്പോള്‍ ആള്‍ തിരികെ വന്നു

ഭീമന്‍ ചോദിച്ചു "പോയ കാര്യം എന്തായി? ധനം ലഭിച്ചോ? എത്ര തന്നു? വിവാഹത്തിനു തികയുമല്ലൊ അല്ലേ?"

ആള്‍ പറഞ്ഞു " ഇപ്പോള്‍ ഒന്നും തന്നില്ല പക്ഷെ നാളെ വരുവാന്‍ പറഞ്ഞു. നാളെ തരാമെന്നും പറഞ്ഞു."

ഇതു കേട്ട പാതി കേള്‍ക്കാത്ത പാതി ഭീമസേനന്‍ കൊട്ടാരവാതില്‍ക്കലുള്ള മണി ആഞ്ഞു വലിച്ച്‌ തുടങ്ങി.

മണിയൊച്ചകേട്ട്‌ ആളുകള്‍ ഓടിക്കൂടി. സാധാരണ എന്തെങ്കിലും അപകടം വരുമ്പോള്‍ അഥവാ ആഘോഷത്തിന്‌ ഇവയില്‍ ഏതെങ്കിലും ഒരു സന്ദര്‍ഭത്തിലാണ്‌ ഈ മണി അടിക്കുക.

ആളുകള്‍ കാര്യം ആരാഞ്ഞു.

ഭീമന്‍ പറഞ്ഞു " എല്ലാവരും ആഘോഷിച്ചു കൊള്ളുക, ധനം എത്ര വേണം എന്നു വച്ചാല്‍ എടുക്കാം ആഘോഷം പൊടി പൊടിക്കണം"

ആളുകള്‍ കാര്യമറിയാതെ കുഴങ്ങി എന്ത്‌ ആഘോഷിക്കാന്‍

അതൊന്നും നിങ്ങള്‍ അറിയണ്ടാ ആഘോഷിക്കാന്‍ പറഞ്ഞാല്‍ ആഘോഷിച്ചു കൊള്ളുക

മണിയടി വീണ്ടും തുടര്‍ന്നു.

അകത്തു നിന്നും യുധിഷ്ഠിരനും എത്തി. ആളുകളുടെ തിരക്കും ഭീമന്റെ ഉത്സാഹവും കണ്ട അദ്ദേഹം പരുങ്ങി എന്താണു പോലും കാര്യം?

അദ്ദേഹം കാര്യം തിരക്കി.

ഭീമന്‍ പറഞ്ഞു " ജ്യേഷ്ഠാ അങ്ങു ഈ ആളോട്‌ നാളെ വരാന്‍ പറഞ്ഞില്ലേ?

യുധിഷ്ഠിരന്‍ " പറഞ്ഞു"

ഭീമന്‍ "നാളെ ധനം കൊടൂക്കാം എന്നേറ്റില്ലേ?"

യുധിഷ്ഠിരന്‍ "ഏറ്റു"

ഭീമന്‍ "അതാപറഞ്ഞത്‌. എന്റെ ജ്യേഷ്ഠന്‍ സത്യവാദിയാണ്‌ . പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യും ഉറപ്പ്‌.

മനസ്സിലായില്ലേ, ജനങ്ങളെ ആഘോഷിച്ചോളൂ. എന്റെ ജ്യേഷ്ഠന്‍ എന്തായാലും നാളെ ഇദ്ദേഹം വരുന്നതുവരെ മരിക്കുകയില്ല.

ഈ ലോകത്ത്‌ ആര്‍ക്കും ഉറപ്പില്ലാത്ത ഒരു കാര്യമാണ്‌ അവനവന്റെ മരണം. പക്ഷെ എന്റെ ജ്യേഷ്ഠന്‍ യാതൊരു കാരണവശാലും നാളെ വരെ മരിക്കുകയില്ല. സന്തോഷിക്കുവാന്‍ ഇതില്‍ പരം എന്തു കാരണം വേണം? ആഘോഷിച്ചോളൂ"

ഇളിഭ്യനായ യുധിഷ്ഠിരന്‍ ഉടന്‍ തന്നെ തന്റെ പക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചുവന്ന ആളെ തിരികെ വിളിച്ചു. അദ്ദേഹത്തിനു വേണ്ട സഹായം നല്‍കി അയച്ചു അത്രെ.

"നളെ ചെയ്യേണ്ട കാര്യം ഇന്നു ചെയ്യുക, ഇന്നു ചെയ്യേണ്ടവ ഇപ്പോള്‍ ചെയ്യുക " എന്ന ഒരു ചൊല്ലു കേട്ടിട്ടുണ്ടോ?

10 comments:

  1. നാളെ ചെയ്യേണ്ട കാര്യം ഇന്നു ചെയ്യുക , ഇന്നു ചെയ്യേണ്ടവ ഇപ്പോള്‍ ചെയ്യുക "

    അതുകൊണ്ടല്ലെ ഒരാഴ്ച്ച തിന്നാനുള്ള കോഴിയെ ഞാന്‍ കൊന്നു ഫ്രിഡ്ജില്‍ ഇപ്പൊഴേ സൂക്ഷിച്ചിരിക്കുന്നത്‌

    ReplyDelete
  2. യുധിഷ്ഠിരന്റെ നിരുത്തരവാദത്തിന് ആ കോഴി എന്തു പിഴച്ചു മാഷേ.

    ReplyDelete
  3. ആരുടെ തലക്കിട്ടാണ് ഈ മണിയടി എന്നു മനസ്സിലായില്ലെങ്കിലും,
    പണിക്കർ സാറിന്റെ പഴമ്പുരാണജ്ഞാനത്തിനുമുന്നിൽ തലകുനിക്കുന്നു.

    ReplyDelete
  4. “നാളെ.. നാളേ... നാളെയാണു നറുക്കെടുപ്പ്... അറച്ചു നില്‍ക്കാതെ , കടന്ന് വരിന്‍...
    ആര്‍ക്കറിയാം... നിങ്ങളായിരിക്കും ആ കോടിപതി.“ ചേട്ടാ...ഇതാ നാളെ...നാളേ...നാളേ.....
    പാവം ധര്‍മപുത്രര്‍ ...കൃഷ്ണാ നീ എവിടേ..?
    ഹാഹാ...
    മാഷേ..ഞാനും ഒരാഴ്ചയക്കുള്ളത്.:)

    ReplyDelete
  5. നാളത്തെ മരണവും ഇന്നേ വേണോ?

    ReplyDelete
  6. കഥയിലൂടെ പറഞ്ഞത് നല്ലൊരു കാര്യം :)

    [എന്നാലും ഫ്രിഡ്ജിലെ കോഴി....]

    ReplyDelete
  7. കുതിരവട്ടന്‍ ജി :)

    പാര്‍ത്ഥന്‍ ജി കുഞ്ഞുണ്ണിമാഷിന്റെ ഉറുമ്പ്‌ വിചാരിച്ചതുപോലെ എന്റെ വായും വയറും ഇമ്മിണി സമ്മതിച്ചിരുന്നെങ്കില്‍ ലോകത്തുള്ള എല്ലാറ്റിനെയും ഞാന്‍ കൊന്ന്‌ എന്റെ ഫ്രിഡ്ജില്‍ വച്ചേനെ എന്തു ചെയ്യാനാ ദൈവത്തിനു എന്നോട്‌ സ്നേഹമില്ലാതായിപോയില്ലെ?

    ലക്സ്‌ രണ്ട്‌ സ്പൂണ്‍ ചോറും ഒരു കഷ്ണം നോണ്‍ വെജും പച്ചക്കറിയും (ഇതെവിടുന്നു കിട്ടി എന്നു ചോദിക്കരുത്‌) മാത്രം കഴിച്ചാല്‍ ഇക്കഥ മനസ്സിലാവുമോ? എല്ലാം എനിക്കു വേണം ഞാനും മറിയവും ആലപ്പുഴയിലെ തേങ്ങ കച്ചവടക്കാരനും മാത്രമേ ലോകത്തില്‍ ഉണ്ടാകാവൂ എന്നു കേട്ടിട്ടില്ലേ?

    ടൈപിസ്റ്റ്‌ :)
    വികട്സ്‌ ജി,
    ഇതൊക്കെ എന്തു കഥ പണ്ടല്ലേ കഥ
    ഈയുള്ളവന്‍ ആര്‍ക്കിട്ടു മണിയടിക്കാനാ?

    രമണിഗ നാളെ ചാകാന്‍ തീരുമാനിച്ചാല്‍ അത്‌ ഇന്നേ ചെയ്യുന്നതായിരിക്കും നല്ലത്‌ പിന്നെങ്ങാനും മനസ്സു മാറിയാലോ?
    ശ്രീരാമന്റെ അഭിഷേകം തീരുമാനിച്ച ശേഷം ആ വിവരം തലേദിവസം കാലത്ത്‌ ശ്രീരാമനെ വിളിച്ചു ദശരഥന്‍ പറഞ്ഞു - കാരണം അന്നേരം മുതല്‍ വ്രതം നോക്കണം അതുകൊണ്ട്‌. പക്ഷെ അതു പറഞ്ഞ ശേഷം ദശരഥന്‍ ഒന്നു കൂടി പറഞ്ഞു -

    ഈ വിവരം ഞാന്‍ എന്റെ നാവു കൊണ്ട്‌ പറഞ്ഞു പോയി. ഇനി ഇതു നടക്കുമോ ആവോ

    അതാ ചാണക്യന്‍ പറഞ്ഞത്‌ "മനസാ ചിന്തിതം കാര്യം വചസാ ന പ്രകാശയേത്‌"

    മനസു കൊണ്ട്‌ വിചാരിച്ച കാര്യം നടപ്പിലാകണം എന്നുണ്ടെങ്കില്‍ അതു നടക്കുന്നതു വരെ വെളിയില്‍ മിണ്ടരുത്‌ എന്ന്‌

    അല്ല രാമന്‍ കാട്ടില്‍ നടന്ന്തോര്‍മ്മയില്ലേ പതിനാലു കൊല്ലം

    വേണു ജീ അപ്പോ കോഴിയെ അവിടെയും മേടിച്ചു വച്ചു അല്ലേ? ഹ ഹ ഹ

    ReplyDelete