Wednesday, June 16, 2010

"ദൈവം ", "വിശ്വാസം"

"ദൈവം " "വിശ്വാസം" ഈ രണ്ടു വാക്കുകളും ബ്ലോഗില്‍ കളിക്കാന്‍ തുടങ്ങിയിട്ട്‌ കുറേ നാളായി.

ദൈവം എന്ന വാക്കു കൊണ്ട്‌ ആരൊക്കെ എന്തൊക്കെ ഉദ്ദേശിക്കുന്നു എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?

ശ്രീ ലത്തീഫിന്റെ ലേഖനങ്ങളും അഭിപ്രായങ്ങളും കുറെ ഏറെ വായിച്ച്‌ നോക്കിയപ്പോള്‍ എനിക്കു തോന്നുന്നത്‌ അദ്ദേഹം പറയുന്ന ദൈവം നമ്മില്‍ നിന്നൊക്കെ വ്യത്യസ്ഥനായി ഉന്നതങ്ങളില്‍ എവിടെയോ ഇരുന്ന് നാമൊക്കെ എന്താണു ചെയ്യുന്നത്‌ എന്നു വീക്ഷിക്കുന്നവനും അതിനുള്ള സമ്മാനമോ ശിക്ഷയോ എന്തായാലും അതു നമുക്കായി വിധിക്കുന്നവനും ആയ ഒരു പ്രതിഭാസം ആണെന്നാണ്‌

ഞാന്‍ മനസ്സിലാക്കിയത്‌ തെറ്റാണെങ്കില്‍ ശ്രി ലത്തീഫ്‌ വ്യക്തമാക്കും എന്നു പ്രതീക്ഷിക്കുന്നു.

ശ്രീമാന്‍ സജിയുടെ അഭിപ്രായവും ഇതേ പോലെ തന്നെ ആണെന്നാണ്‌ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിച്ചിട്ടു തോന്നിയത്‌. ഇതിലും തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലൊ.

ഇനി , അവര്‍ രണ്ടു പേരും വിചാരിച്ചത്‌ ഇങ്ങനെ ആണെങ്കിലും അല്ലെങ്കിലും , ശ്രീ ജബ്ബാര്‍ മാഷിനെ പോലെ ഉള്ളവര്‍ എതിര്‍ക്കുന്നത്‌ ഇത്തരം ഒരു സങ്കല്‍പ്പത്തെ ആണ്‌. ( അല്ലെങ്കില്‍ പറയണേ:)) ഇക്കൂട്ടര്‍ ഭയങ്കര മായി യുക്തി ഉപയോഗിക്കുന്നവരാണ്‌.

അതായത്‌ ദൈവം ഉണ്ട്‌ എന്നു പറഞ്ഞാല്‍ അതിന്‌ അങ്ങനെ പറയുന്നവര്‍ തെളിവു കൊടുക്കണം, ഇല്ലാത്ത പക്ഷം അതു --"ശാസ്ത്രീയമായി "--- തെറ്റായിപ്പോയി. എന്നാല്‍ ദൈവം ഇല്ല എന്ന് ഇവര്‍ പറയുന്നതിന്‌ തെളിവു വേണ്ട - അതു അതിഭയങ്കരമായ 'യുക്തി' ആണ്‌, അതാണ്‌ ഈ ശാസ്ത്രീയം ശാസ്ത്രീയം എന്നു പറയുന്നത്‌. അതിങ്ങനെ എങ്ങാനും ചോദിച്ചാല്‍ ഇവര്‍ക്കു ദേഷ്യവും വരും അതുകൊണ്ട്‌ സൂക്ഷിക്കണം


ഈ യുക്തിയുപയോഗിച്ച്‌ --
ഈ അണ്ഡകടാഹത്തില്‍ ഉള്ള ആറ്റങ്ങള്‍ വരെ കുരുമുളകു കച്ചവടക്കാരന്‍ കുരുമുളകു കൊടിയില്‍ നോക്കി മുളകു എണ്ണുന്നതുപോലെ എണ്ണി തിട്ടപ്പെടുത്തിയ ( വെറൂം ആറ്റങ്ങള്‍ മാത്രമല്ല, അതിലെ ഹൈഡ്രജന്‍ മാത്രം വേറെ വേറേ -- എന്താ മോശമാണോ?) ഇവര്‍ പറയുമ്പോള്‍ അതാണു ശരി എന്ന് ബാക്കി ഉള്ളവര്‍ക്കങ്ങു വിശ്വസിച്ചു കൂടേ? ഇവര്‍ പറയുന്നത്‌ വിശ്വസിച്ചാല്‍ അത്‌ അന്ധവിശ്വാസമല്ല അതാണു ശരിക്കുള്ള വിശ്വാസം (ദാ പിന്നെയും വിശ്വാസം )

ഇന്നു പറയുന്നതു മാറ്റി ഇവര്‍ നാളെ വേറെ ഒന്നു പറയുമ്പോള്‍ അതു വിശ്വസിച്ചു കൊള്ളണം അപ്പോള്‍ അതാണു യുക്തി മനസ്സിലായില്ലെ യുക്തിയുടെ കിടപ്പുവശം.


അനന്തമായ സ്ഥലത്ത്‌ അനന്തമായ കാലങ്ങളോളം നിലനില്‍ക്കുന്ന ഈ പ്രപഞ്ചത്തെ മുഴുവന്‍ കുരുമുളക്‌ എണ്ണുന്നതുപോലെ എണ്ണാന്‍ പരിമിതപ്രജ്ഞനായ മനുഷ്യന്‌ സാധ്യമല്ലെന്ന് അറിയാമായിരുന്ന നമ്മുടെ പൂര്‍വികര്‍ പ്രപഞ്ചസത്യത്തെ കുറിച്ചു നടത്തിയ പഠനങ്ങളുടെ ആകെ തുകയാണ്‌ ഹിന്ദുമതതത്വശാസ്ത്രം

മുസ്ലിങ്ങള്‍ക്കു ഖുറാനെ പോലെയൊ, കൃസ്ത്യാനികള്‍ക്കു ബൈബിളിനെ പോലെയൊ ഉപമിക്കാവുന്ന ഹൈന്ദവഗ്രന്ഥമായ ഭഗവത്‌ ഗീതയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട വാക്യം ഏതാണെന്നു ചോദിച്ചാല്‍
അത്‌ ഇതാണ്‌

"വിമൃശ്യൈതദശേഷേണ
യഥേച്ഛസി തഥാ കുരു"

ഗീത ഉപദേശിച്ച ശേഷം ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോടു പറയുന്നു

" ഞാന്‍ ഇപ്പറഞ്ഞതെല്ലാം - ഒട്ടും വിടാതെ - അശേഷമാകും വണ്ണം - വിമര്‍ശന ബുദ്ധിയോടു കൂടി പഠിച്ച ശേഷം - അതായത്‌ യാതൊരു സംശയവും ബാക്കി വരാത്തവണ്ണം പഠിച്ച ശേഷം - നിനക്കു യാതൊന്നു ശരി എന്നു തോന്നുന്നുവോ അപ്രകാരം ചെയ്യുക "

അവനവന്റെ യുക്തി വേണ്ടും വണ്ണം ഉപയോഗിച്ചു അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം - അതാണു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ടത്‌.

ഈ വാചകം പറയുമ്പോള്‍ ഒന്നു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌ ഇതാണ്‌-

അവനവന്‌ ഇഷ്ടമുള്ളതു പോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത്‌ എല്ലാ വിശദമായി പഠിച്ചു കഴിഞ്ഞവര്‍ക്കാണ്‌ അല്ലാതെ എന്തിന്റെ എങ്കിലും മുക്കും മൂലയും മാത്രം അറിഞ്ഞവര്‍ക്കല്ല

സ്വന്തം യുക്തിക്കു നിരക്കുന്നതല്ല എന്നു തോന്നുന്നതിനെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം എവിടെ നിരസിക്കപ്പെടുന്നുവോ ആ ജീവിതം നരകതുല്യം തന്നെ

18 comments:

 1. ഈ യുക്തിയുപയോഗിച്ച്‌ --
  ഈ അണ്ഡകടാഹത്തില്‍ ഉള്ള ആറ്റങ്ങള്‍ വരെ കുരുമുളകു കച്ചവടക്കാരന്‍ കുരുമുളകു കൊടിയില്‍ നോക്കി മുളകു എണ്ണുന്നതുപോലെ എണ്ണി തിട്ടപ്പെടുത്തിയ ( വെറൂം ആറ്റങ്ങള്‍ മാത്രമല്ല, അതിലെ ഹൈഡ്രജന്‍ മാത്രം വേറെ വേറേ -- എന്താ മോശമാണോ?) ഇവര്‍ പറയുമ്പോള്‍ അതാണു ശരി എന്ന് ബാക്കി ഉള്ളവര്‍ക്കങ്ങു വിശ്വസിച്ചു കൂടേ? ഇവര്‍ പറയുന്നത്‌ വിശ്വസിച്ചാല്‍ അത്‌ അന്ധവിശ്വാസമല്ല അതാണു ശരിക്കുള്ള വിശ്വാസം (ദാ പിന്നെയും വിശ്വാസം )

  ReplyDelete
 2. ഇതു തന്നെയാണ് എല്ലാ മതങ്ങളും തത്വശാസ്ത്രങ്ങളും പറഞ്ഞിരിക്കുന്നതു. അറ്റവും മൂലയും വായിച്ചു നോക്കിയാല്‍ പിടി കിട്ടുമോ? അല്‍‍പ്പജ്ഞാനം ആണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. ഗീതയും, ബൈബിളും, ഖുര്‍ ആനും ‘നന്നായി’,‘ശരിയായ അര്‍ത്ഥത്തില്‍‘ പഠിച്ച ഹിന്ദുവിനും, ക്രിസ്ത്യാനിക്കും, മുസല്‍മാനും മനുഷ്യരായി നിലനില്‍ക്കും. അല്ലാത്തവര്‍ അറ്റവും മൂലയും വായിച്ചു നോക്കിയിട്ട് അതേല്‍ പിടിച്ചു തൂങ്ങും.

  ReplyDelete
 3. സര്‍..
  ഇതില്‍ യുക്തിയുടെ സങ്കീര്‍ണതകള്‍ ഇല്ല.ഒരാള്‍ അകമേ..[ശരിക്കും ഉള്ളിന്റെയുള്ളില്‍]മനസ്സിലാക്കുന്ന ദൈവത്തിന്റെ വിരല്‍സ്പര്‍ശം ഉണ്ട്.
  അത് മനുഷ്യരിലൂടെ യും പ്രകൃതിയിലൂടെയും എല്ലാം അനുഭവപ്പെടും.കരുണയോ സ്നേഹമോ അലിവോ സഹതാപമോ [ഇത് ഒരു മോശം ഭാവമാനെന്ന ചിലരുടെ അഭിപ്രായം എനിക്കില്ല.പ്രകടിപ്പിയ്ക്കാനല്ലാത്ത്ത സഹതാപം ഒരു മഹത്തായ പരിഗണനയായി ഞാന്‍ കരുതുന്നു.]ഒക്കെയായി ഇത് നേരില്‍ അനുഭവപ്പെടാത്തവര്‍ക്ക് ഈശ്വരനില്‍ വിശ്വാസമില്ലെങ്കില്‍ അതവരുടെ നിര്‍ഭാഗ്യം മാത്രമാണ്.ഒന്ന് തീര്ച്ച.ഈശ്വരവിശ്വാസി കളും നിരീശ്വരവിശ്വാസികളും ആത്യന്തികമായി പ്രവര്‍ത്തിക്കുന്നത്
  മനുഷ്യന് വേണ്ടി ആയിരിക്കും.ഭാജനയോ വഴിപാടോ തീര്ത്ഥ യാത്രയോ അല്ല ഭക്തിമാര്‍ഗം.മറിച്ചു
  സന്ധ്യക്ക്‌ നിലവിളക്ക് കൊളുത്തിയാല്‍ തകരുന്നതുമല്ല യുക്തിവാദം.
  സര്‍,ഇനിയും എഴുതാനുണ്ട്.അത് പലതും ഞാന്‍ ''കുംകുമം അറിയാതെ ചുമക്കുന്നവര്‍''
  എന്നഒരു പോസ്റ്റില്‍ ഇട്ടിരുന്നു.അത് സാര്‍ വായിച്ചിരിക്കില്ല.ആവര്‍ത്തനം ഒഴിവാക്കുന്നു

  ReplyDelete
 4. ജയകൃഷ്ണന്‍ ജി, നന്ദി

  വസന്തലതിക

  യഥാര്‍ത്ഥ മതം എന്താണെന്നു ഞാന്‍ ഇവിടെ പറഞ്ഞിരുന്നു.

  പക്ഷെ ഇക്കാണുന്ന കോലാഹലം അധികാര ലബ്ധിയ്ക്കു വേണ്ടി രണ്ടു തരം നികൃഷ്ട ശക്തികള്‍ - രാഷ്റ്റ്രീയക്കാരും, പുരോഹിതരും തമ്മില്‍ നടത്തുന്ന വടംവലിയാണ്.

  തെരുവില്‍ ചാവാലിപ്പാട്ടികള്‍ എച്ചിലിനു വേണ്ടി കടീപിടീ കൂടൂന്നില്ലെ അദ്ദന്നെ

  ReplyDelete
 5. "
  അടിസ്ഥാനപരം (Basic/Primary)

  1. Physical needs like shelter
  2. Physiological Needs like hunger
  3. Security
  4. Safety and Health

  മേല്‍പറഞ്ഞ നാലെണ്ണം ഏറ്റവും അടിസ്ഥാനപരമാണ്‌. ഇവയില്‍ ഓരോന്നും ലഭിച്ചില്ലെങ്കില്‍ അവന്റെ പെരുമാറ്റം, ഇതു ലഭിച്ചവരുടെ പോലെ ആയിരിക്കില്ല.

  പക്ഷെ ആ പെരുമാറ്റത്തില്‍ മതം എന്ന വസ്തു വിന്‌ സ്വാധീനം ഇല്ല - കാരണം മതം അതിനെ സംബന്ധിക്കുന്നതല്ല.

  Secondary

  1. Social
  2. Ego- Esteem
  3. Self Actualisation - (Ethical /Moral)

  അതിനുപരിയായി കാണുന്ന ഇവകളില്‍ ആദ്യത്തെ രണ്ടെണ്ണത്തില്‍ മതം സ്വാധീനം ചെലുത്തുമ്പോഴാണ്‌, ഇന്നു കാണുന്ന തരം ഭ്രാന്തുണ്ടാകുന്നത്‌.
  എന്നാല്‍ മതം ഏറ്റവും മുകളിലത്തെതായ - Self - Actualisation ന്‌ വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുവാണ്‌.
  അതിനുള്ള കാര്യങ്ങളാണ്‌ അതില്‍ പറഞ്ഞിരിക്കുന്നതും.

  ഈ വരികള്‍ ഞാന്‍ മുന്‍പു പറഞ്ഞ പോസ്റ്റില്‍ ഇട്ടിരുന്നതാണ്. എന്നാല്‍ ചര്‍ച്ചക്കാരൊന്നും ആവഴിക്കല്ല പോയത് . അവര്‍ക്ക് അതിനെ തമസ്കരിക്കുകയായിരുന്നു വേണ്ടതും

  ReplyDelete
 6. സ്വന്തം യുക്തിക്കു നിരക്കുന്നതല്ല എന്നു തോന്നുന്നതിനെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം എവിടെ നിരസിക്കപ്പെടുന്നുവോ അവിടെ
  ഏകാധിപത്യം ആരംഭിക്കുന്നു. ഏകാധിപത്യത്തില്‍ യുക്തിയില്ല. .
  ഏകാധിപതിയുടെ യുക്തിയടിച്ചേല്പിക്കപ്പെടുന്ന യുക്തിയില്‍ തെന്നിവീഴുന്ന ദൌര്‍ഭാഗ്യം.

  ReplyDelete
 7. പണിക്കർ സാറെ,
  മറുപടി ഇത്തിരി വൈകി, ക്ഷമിക്കൂ.

  ചില കാര്യങ്ങൾ പറയട്ടെ, അന്ധമായി എതിർക്കാനല്ല എന്ന മുൻകൂർ ജാമ്യം അനുവദിക്കുമല്ലൊ.

  എന്തെങ്കിലുമൊരു സാധനം ഇല്ല എന്നു പറയാൻ തെളിവിന്റെ ആവശ്യമില്ല. ആ വാദം പൊളിയ്ക്കാൻ ഉണ്ട്‌ എന്ന് തെളിയിക്കുകയാണ്‌ വേണ്ടത്‌. ഉണ്ട്‌ എന്നത്‌ തെളിയിച്ചാൽ ഇല്ല എന്ന വാദം താനേ ഇല്ലാതാകും. ഇല്ലാത്തതിനല്ല തെളിവു വേണ്ടത്‌, ഉള്ളതിനാണ്‌.

  എന്തെങ്കിലും ഒരു സാധനം ഉണ്ട്‌ എന്നു പറയാനും ഇല്ലെന്ന് തെളിയിക്കാൻ ആവശ്യപ്പെടാനും വലിയ ബുദ്ധിമുട്ടില്ല. പക്ഷെ അത്‌ ഉണ്ട്‌ എന്ന് തെളിയിക്കാൻ അതു പോരാ. ഉണ്ട്‌ എന്ന വാദമാണ്‌ എന്നും ആദ്യം വരാറ്‌. ദൈവത്തിന്റെ കാര്യത്തിലായാലും ദൈവമുണ്ട്‌ എന്ന വാദമാണ്‌ ആദ്യം വന്നത്‌, ഇല്ല എന്നതല്ല.

  ഇനി, ഒരു വാദത്തിനായെങ്കിലും, ഇല്ല എന്ന വാദം ആദ്യം വന്നുവെന്നിരിക്കട്ടെ. അത്‌ തെളിയിക്കാൻ ആവശ്യപ്പെടുന്നതിൽ എന്തെങ്കിലും കാര്യമുണ്ടാകുമോ?

  വെള്ളത്തിനു മുകളിലൂടെ നടക്കാൻ കഴിവുള്ള മനുഷ്യൻ ഇല്ല എന്നത്‌ ഒരു സ്റ്റേറ്റ്‌മന്റ്‌ ആണ്‌. അതിന്‌ തെളിവുണ്ടോ എന്നത്‌ ആരും ചോദിക്കില്ല. ആർക്കെങ്കിലും അത്തരമൊരു മനുഷ്യൻ ഉണ്ട്‌ എന്ന അഭിപ്രായമുണ്ടെങ്കിൽ തെളിയിക്കേണ്ടത്‌ ആ വ്യക്തിയാണ്‌. (വേണമെങ്കിൽ ഇല്ലെന്ന് തെളിയിക്കാം, പക്ഷെ ഏഴു ബില്യണിനോട്‌ അടുത്തു നിൽക്കുന്ന എല്ലാവരേയും വെള്ളത്തിനു മുകളിലൂടെ നടത്തിനോക്കേണ്ടിവരും)

  ഇനി, ഇല്ല എന്ന് തെളിയിക്കണമെങ്കിൽ ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്‌ എന്നതിനുള്ള തെളിവുകളെ വിശകലനം ചെയ്യുക എന്ന രീതിയാണ്‌. വെള്ളത്തിനു മീതെ നടക്കാൻ കഴിവുണ്ടെന്ന് അവകാശപ്പെടുന്നയാളെ ആ പരീക്ഷണത്തിന്‌ വിധേയനാക്കുക. അപ്പോൾ എന്തെങ്കിലുമൊന്ന് തെളിയും.

  മേൽപ്പറഞ്ഞ സ്റ്റേറ്റ്‌മന്റ്‌ പോലൊന്ന് ദൈവത്തിന്റെ കാര്യത്തിലും പറയാവുന്നതേയുള്ളു. ദൈവത്തിന്റെ പ്രസൻസ്‌ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല എന്ന ഒരു പരാമർശം മതിയാവും. അപ്പോഴോ? വിശ്വാസികളുടെ counter arguments വന്നേയ്ക്കാം. പക്ഷെ, purely going by this particular logic, പഴയ കഥ തന്നെയായിരിക്കും അവസ്ഥ, തെളിവില്ലാതെയാണ്‌ അനുഭവപ്പെട്ടിട്ടില്ല എന്ന് പറയുന്നത്‌ എന്ന്. Then how does it proceed.

  ഇനി, ഒരു ചെറു കുനിഷ്ഠ്‌ ചോദ്യം ചോദിക്കട്ടെ, ഒരു ലൈറ്റർ സെൻസിൽ എടുക്കുമെന്ന് വിശ്വസിക്കുന്നു.

  ഇല്ല എന്നതിന്‌ തെളിവില്ല എന്നാണല്ലൊ പറയുന്നത്‌. "ഇല്ല എന്നതിന്‌ തെളിവില്ല" എന്നതിന്‌ തെളിവുണ്ടോ (all negatives) എന്ന് ചോദിച്ചാൽ ഒരു സ്റ്റാൻഡേർഡ്‌ പ്രതികരണം എന്തായിരിക്കും? സ്വാഭാവികമായും പറയുന്ന ഉത്തരം "ഇല്ലാ എന്നതിന്‌ തെളിവുണ്ടെങ്കിൽ" ഇതിനകം വരേണ്ടതാണല്ലോ എന്നല്ലേ? എന്നാലും "ഇല്ല എന്നതിന്‌ തെളിവില്ല" എന്നതിന്‌ തെളിവായില്ല. That's all

  കൃഷ്ണൻ അർജ്ജുനനോട്‌ പറഞ്ഞ ഗീതാവചനം പ്രായോഗികമാകേണ്ട കാര്യമാണ്‌, പക്ഷെ അതും പ്രയോഗത്തിൽ വരണമെങ്കിൽ, അഥവാ പറഞ്ഞത്‌ ശരിയെന്ന് ബോധ്യപ്പെടണമെങ്കിൽ എളുപ്പമുള്ള കാര്യങ്ങളാണോ ഗീതയിൽ (പൊതുവേ തത്വചിന്തകളിൽ) പറയുന്നത്‌. ഉദാഹരണത്തിന്‌, ഒരു വസ്ത്രം മാറി മറ്റൊന്ന് ധരിക്കുന്നതുപോലെ ആത്മാവും ഒരു ശരീരത്തിൽ നിന്നും മാറി മറ്റൊന്നിലേയ്ക്ക്‌ പ്രവേശിക്കുന്നു എന്നു പറയുന്നത്‌ എങ്ങിനെയാണ്‌ ബോധ്യപ്പെടേണ്ടത്‌? അപ്പോൾ കുറേയൊക്കെ ഗഹനമായി പഠിക്കാതെതന്നെ അംഗീകരിച്ചേ മതിയാവൂ. അപ്പോൾ ഈ പ്രീകണ്ടീഷന്‌ എന്ത്‌ പ്രസക്തി?

  ReplyDelete
 8. അപ്പൂട്ടാ, കമന്റിന് ആദ്യം നന്ദി പറയട്ടെ.

  "ഉദാഹരണത്തിന്‌, ഒരു വസ്ത്രം മാറി മറ്റൊന്ന് ധരിക്കുന്നതുപോലെ ആത്മാവും ഒരു ശരീരത്തിൽ നിന്നും മാറി മറ്റൊന്നിലേയ്ക്ക്‌ പ്രവേശിക്കുന്നു എന്നു പറയുന്നത്‌ എങ്ങിനെയാണ്‌ ബോധ്യപ്പെടേണ്ടത്‌? അപ്പോൾ കുറേയൊക്കെ ഗഹനമായി പഠിക്കാതെതന്നെ അംഗീകരിച്ചേ മതിയാവൂ.“

  കാരണം?

  നമ്മുടെ യുക്തിയ്ക്കു എല്ലാം മനസ്സിലാക്കാനുള്ള കഴിവില്ല എന്നാണോ?

  ReplyDelete
 9. നമ്മുടെ യുക്തിയ്ക്കു എല്ലാം മനസ്സിലാക്കാനുള്ള കഴിവില്ല എന്നാണോ?

  പണിക്കർ സാറെ,

  താങ്കൾ പറഞ്ഞത്‌ കൊള്ളാനായാലും തള്ളാനായാലും ഗഹനമായി പഠിച്ച്‌ എന്തെങ്കിലുമൊന്ന് പരിപൂർണ്ണമായി ബോധ്യം വന്നതിനുശേഷമാണ്‌ ചെയ്യേണ്ടത്‌ എന്നാണ്‌. അതിന്‌ സാധ്യതയുള്ള കാര്യങ്ങളാണോ ഗീതയിൽ എന്നാണ്‌ ഞാൻ ചോദിച്ചതും. വിശ്വസിക്കാനാണെങ്കിൽപ്പോലും അറിയാൻ സാധിക്കില്ല എന്നാണ്‌ ഈ ഉദാഹരണത്തിലൂടെ ഞാൻ പറയാൻ ശ്രമിച്ചത്‌. അപ്പോൾ പഠിച്ചതിനുശേഷം തീരുമാനിക്കുക എന്നത്‌ എല്ലാക്കാര്യത്തിലും സംഭാവ്യമല്ല.

  ക്യാൻവാസ്‌ നിറയെ ചായക്കൂട്ടുകൾ കാണിച്ച്‌ മോഡേൺ ആർട്ടാണ്‌, പച്ച പുരോഗതിയാണ്‌, ചുവപ്പ്‌ വിശപ്പാണ്‌, ഇതാണ്‌ മനുഷ്യന്റെ അവസ്ഥ എന്നൊക്കെ ഒരാൾ പറഞ്ഞാൽ അത്‌ നമ്മുടെ യുക്തിക്ക്‌ മനസിലാവില്ല എന്നുകരുതി അംഗീകരിക്കണോ അതേപടി അംഗീകരിക്കണോ, ഗഹനമായ പഠനം നടത്തണോ, ഒഴിവാക്കി നടന്നുനീങ്ങണോ എന്നൊക്കെ സ്വയം തീരുമാനിക്കാവുന്നതേയുള്ളു. (ഒരു one-to-one mapping അല്ല ഉദ്ദേശിച്ചത്‌, abstract ആയ കാര്യങ്ങളിൽ എത്ര യുക്തി പ്രയോഗിക്കണം എന്നത്‌ സ്വയം തീരുമാനിക്കേണ്ട കാര്യമാണ്‌ എന്നേ പറഞ്ഞതിന്‌ ഉദ്ദേശ്യമുള്ളു)

  ReplyDelete
 10. "താങ്കൾ പറഞ്ഞത്‌ കൊള്ളാനായാലും തള്ളാനായാലും ഗഹനമായി പഠിച്ച്‌ എന്തെങ്കിലുമൊന്ന് പരിപൂർണ്ണമായി ബോധ്യം വന്നതിനുശേഷമാണ്‌ ചെയ്യേണ്ടത്‌ എന്നാണ്‌."

  അപ്പൂട്ടാ ഞാന്‍ പിണങ്ങി. ഇങ്ങനാണൊ ഞാന്‍ പറഞ്ഞത്‌?

  ഇതൊന്നു കൂടീ വായിച്ചു നോക്കിയേ

  “" ഞാന്‍ ഇപ്പറഞ്ഞതെല്ലാം - ഒട്ടും വിടാതെ - അശേഷമാകും വണ്ണം - വിമര്‍ശന ബുദ്ധിയോടു കൂടി പഠിച്ച ശേഷം - അതായത്‌ യാതൊരു സംശയവും ബാക്കി വരാത്തവണ്ണം പഠിച്ച ശേഷം - നിനക്കു യാതൊന്നു ശരി എന്നു തോന്നുന്നുവോ അപ്രകാരം ചെയ്യുക "

  അവനവന്റെ യുക്തി വേണ്ടും വണ്ണം ഉപയോഗിച്ചു അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം - അതാണു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ടത്‌.

  ഈ വാചകം പറയുമ്പോള്‍ ഒന്നു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌ ഇതാണ്‌-

  അവനവന്‌ ഇഷ്ടമുള്ളതു പോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത്‌ എല്ലാ വിശദമായി പഠിച്ചു കഴിഞ്ഞവര്‍ക്കാണ്‌ അല്ലാതെ എന്തിന്റെ എങ്കിലും മുക്കും മൂലയും മാത്രം അറിഞ്ഞവര്‍ക്കല്ല

  സ്വന്തം യുക്തിക്കു നിരക്കുന്നതല്ല എന്നു തോന്നുന്നതിനെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം എവിടെ നിരസിക്കപ്പെടുന്നുവോ ആ ജീവിതം നരകതുല്യം തന്നെ“

  നിനക്കു യാതൊന്നു ശരി എന്നു തോന്നുന്നുവോ അതു ചെയ്യാനുള്ള സ്വാതന്ത്ര്യം ,സ്വന്തം യുക്തിയ്ക്കു നിരക്കാത്തതിനെ നിരസിക്കാനുള്ള സ്വാതന്ത്ര്യം

  ഇതൊന്നും അല്ലേ പോലും ഞാന്‍ പറഞ്ഞത്‌ ആ ആര്‍ക്കറിയാം

  ReplyDelete
 11. എന്തു പഠിക്കാനും അത് പഠിപ്പിക്കുവാൻ യോഗ്യനായ ഒരു ഗുരുവിന്റെ നിർദ്ദേശം ആവശ്യമാണ്. അത് സ്വീകരിക്കാൻ യോഗ്യനായ ശിഷ്യനാണോ എന്ന് ഗുരുവും പരീക്ഷിക്കും. ആധുനിക വിദ്യഭ്യാസരീതിയിൽ ഇത്തരം ഒരു ഇടപാടിന് അവസരമില്ലാത്തതുകൊണ്ട് ഈ പറയുന്നത് ആർക്കും മനസ്സിലാവുകയും ഇല്ല. എന്റെ വീടിന്റെ അടുത്ത് ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല. സാധാരണ അന്യോന്യത്തിന് 12വർഷമാണ് വേദം പഠിക്കേണ്ടത് എന്ന് കേട്ടിട്ടുണ്ട്. അതിൽ ആദ്യ് കടന്നിരുത്ത് 6 വർഷം കൊണ്ടും ചെയ്യാറുണ്ട്. ഞങ്ങളുടെ നാട്ടുകാരനായ പരമേശ്വരൻ നമ്പൂതിരി 6വർഷം കൊണ്ട് വേദപഠനം പൂർത്തിയാക്കിയ ഒരു വ്യക്തിയാണ്. വേദക്ലാസ്സിൽ E.M.S.നെക്കാൾ സീനിയറായിരുന്നു. നമ്മൾ ഇവിടെ 6 മണിക്കൂർ പോലും എടുക്കാതെ ആവശ്യമുള്ള ഭാഗം മാത്രം നെറ്റിലോ കടലാസിലോ നോക്കിയാണ് വിമർശനത്തിനൊരുങ്ങുന്നത്.

  ഇനി വിദ്യഭ്യാസവും ചിന്താശക്തിയും കൂടുതലുള്ള ചിലർക്ക് ഗുരുവിന്റെ ആവശ്യമില്ലെന്നു തോന്നുന്നെങ്കിൽ, തിരിച്ചൊരു ചോദ്യം മാത്രം. യൂണിവേഴ്സിറ്റിയിലും എന്റ്രൻസിലും റാങ്ക് വാങ്ങിയ ആരെങ്കിലും ഒരു അദ്ധ്യാപകന്റെ നിർദ്ദേശം ഇല്ലാതെ ഒരു ഡോക്ടറായത് കേട്ടിട്ടുണ്ടോ.

  പറഞ്ഞ് പറഞ്ഞ് എന്തോ പറഞ്ഞു. ദൈവം ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊരുപോലത്തന്നെ. ബ്രൈറ്റിന്റെ പരീക്ഷണം പോലെ,കണ്ണിന്റെ ചിത്രം ഉണ്ടെങ്കിൽ അല്പം പേടിയോടെ, ഇല്ലെങ്കിൽ എന്തും ചെയ്യാം എന്ന രീതിയിൽ ജീവിക്കുന്നവർക്ക് ചിലപ്പോൾ ഭയപ്പെടാനുണ്ടാകും.

  ReplyDelete
 12. ഹ ഹ ഹ പാര്‍ത്ഥന്‍ ജീ, അല്പം നരച്ച താടിയും മുടിയും ഉള്ള - സിബു ഗുരുവിനെ പോലത്തെ ഗുരു ആണോ? :) ;)

  വഴിയരികിലെ തമിഴ് ബോര്‍ഡ് നു താടിയുണ്ടായിരുന്നോ ആവോ?

  അല്ല നമ്മള്‍ ആരെങ്കിലും പറഞ്ഞാല്‍ സൂക്ഷിക്കണേ - ആയിരം അര്‍ത്ഥങ്ങള്‍ വ്യാഖ്യാനിച്ചു കൊണ്ടു വരും

  എന്താണ് ബ്രൈ റ്റിന്റെ പരീക്ഷണം ലിങ്ക് തരാമോ?

  ReplyDelete
 13. “അതിനപ്പുറത്ത്‌ അനുഭവത്തിന്റെ അനുഭൂതിതലങ്ങളൂണര്‍ത്താനാവാത്തവര്‍ ഗുരു എന്ന യഥാര്‍ത്ഥ നിര്‍വചനത്തിന്‌ അര്‍ഹരല്ല എന്നാണ്‌ എന്റെ അഭിപ്രായവും അനുഭവവും. അതിനാവാത്ത ഗുരുക്കന്മാരും ഗുരുക്കന്മാര്‍ തന്നെ.. ഏതാണ്ട്‌ ബില്‍ കളക്റ്ററും ജില്ലാ കളക്റ്ററും എന്ന പോലെ വ്യത്യാസമുണ്ടാവുമെന്നു മാത്രം!“

  സഹയുടെ ഒരു പഴയ കമന്റാണ്.

  വിഷയം നോക്കാതെ റോഡിലെ ബോര്‍ഡ് നോക്കി തമിഴ് പഠിച്ച കാര്യം വിളമ്പുന്നവരോട് എന്തു പറഞ്ഞിട്ടെന്തു കാര്യം.

  “എന്നാല്‍ മതം ഏറ്റവും മുകളിലത്തെതായ - Self - Actualisation ന്‌ വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുവാണ്‌.“

  എന്നു ഞാന്‍ എഴുതിയ പോസ്റ്റില്‍ നടന്ന സംവാദവും നോക്കുക. വിഷയം തെറ്റിദ്ധരിപ്പിച്ച് കുളമാക്കാന്‍ ഉള്ള ശ്രമം അല്ലെ കാണുന്നത്.

  അവരുടെ ഉദ്ദേശം വേറെ ആണെന്നെ, അതും നടക്കട്ടെ

  ReplyDelete
 14. ധാർമ്മികതയും മതവും എന്ന വിഷയത്തെക്കുറിച്ച് 4 പോസ്റ്റുകൾ ഉണ്ട് അവിടെ. ഈ പോസ്റ്റിൽ കുറച്ചു ദൂരം പിന്നിടുമ്പോൾ ഈ ദൈവത്തിന്റെ കണ്ണിന്റെ പരീക്ഷണത്തെക്കുറിച്ചും കാണാം.

  ReplyDelete
 15. പണിക്കർ സാറെ,
  ക്ഷമിക്കണം, എന്താണ്‌ ഞാൻ തെറ്റായി പറഞ്ഞത്‌ എന്ന്‌ എനിക്ക്‌ കൃത്യമായി മനസിലായില്ല. എന്റെ പ്രസ്തുതപരാമർശം തെറ്റാണെന്നാണോ അതോ താങ്കൾ എഴുതിയത്‌ മുഴുവൻ എന്റെ പ്രതികരണത്തിൽ പ്രതിഫലിച്ചില്ല എന്നതാണോ കുഴപ്പം എന്ന്‌ മനസിലായില്ല. എന്റെ ഭാഷയുടേയോ grasping ability-യുടേയോ പ്രശ്നമാകാം.
  താങ്കളുടെ അവനവന്റെ യുക്തി വേണ്ടും വണ്ണം ഉപയോഗിച്ചു അതിനനുസരിച്ച്‌ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം - അതാണു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ടത്‌ എന്നത്‌ ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു, അത്‌ പ്രത്യേകിച്ചെടുത്തെഴുതിയില്ലെന്നേയുള്ളു.

  ഞാൻ സംസാരിച്ചത്‌ അതിനു മുൻപുള്ള പരാമർശത്തെക്കുറിച്ചാണ്‌, അതിന്റെ സാധ്യതയെക്കുറിച്ചാണ്‌. അത്‌ ഞാൻ മനസിലാക്കിയതുപോലെ, അല്ലെങ്കിൽ എഴുതിയതുപോലെ അല്ല താങ്കൾ ഉദ്ദേശിച്ചതെങ്കിൽ പറയൂ.

  ഒരിക്കൽക്കൂടി, ക്ഷമിക്കൂ. ഒരു തർക്കത്തിന്‌ ഞാനില്ല.

  ReplyDelete
 16. അപ്പൂട്ടാ,

  തര്‍ക്കമല്ല വെറും സംവാദം - തദ്വിദ്യാസംഭാഷ - എന്നു സംസ്കൃതം. ഒരു വിഷയത്തെ കുറിച്ചു കൂടൂതല്‍ മനസ്സിലാക്കുവാന്‍ ആളുകള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ച. അപ്പൂട്ടന്റെ പോസ്റ്റുകള്‍ വായിച്ചിട്ട് ഏകദേശം എന്നെ പോലെ തന്നെ ചിന്തിക്കുന്ന ഒരാളിന്റെ വിശകലനം പോലെ ആയിരുന്നു എനിക്കു തോന്നിയത്. അതു ഞാന്‍ അവിടെ പറയുകയും ചെയ്തിരുന്നു.

  പക്ഷെ ഇവിടെ അപ്പൂട്ടന്‍ ഉപയോഗിച്ച ഉദാഹരണവും - ചായം തേച്ച കാന് വാസ് ഉം- കുരുക്ഷേത്രയുദ്ധഭൂമിയും താരതമ്യ യോഗ്യമല്ല.

  ഇട്ടെറിഞ്ഞു പോകുന്നത്‌ യുദ്ധഭൂമിയാണെങ്കില്‍ സംഭവിക്കുന്നതും കാന്‍ വാസാണെങ്കില്‍ സംഭവിക്കുന്നതും !!!!!

  കാന്‍ വാസാണെങ്കില്‍ അപ്പൂട്ടന്‍ പറഞ്ഞത് ന്യായം എന്തെങ്കിലും ആകട്ടെ ഞാന്‍ പോകുന്നു അത്ര തന്നെ.

  എന്നാല്‍ യുദ്ധഭൂമിയില്‍ കര്‍മ്മം ചെയ്യണം എങ്കില്‍ അഥവാ ഇട്ടെറിഞ്ഞു പോകണം എങ്കില്‍ അര്‍ജ്ജുനനെ പോലെ ഉള്ള ഒരു കഥാപാത്രം അതു മുഴുവന്‍ വിചിന്തനം ചെയ്ത ശേഷം മാത്രമേ പാടൂള്ളു.

  ശിഖണ്ഡിയ്യ്ക് എന്തും ആകാം.

  കാന്‍ വാസാണെങ്കില്‍ ആര്‍ക്കും എന്തും ആകാം അത്ര തന്നെ ബില്‍ കളക്റ്ററും ഡിസ്റ്റ്രിക്റ്റ് കളക്റ്ററും തമ്മിലുള്ള വ്യത്യാസം സഹ പറഞ്ഞതു പോലെ

  ReplyDelete
 17. http://indiaheritage.blogspot.com/2010/06/blog-post_16.html?showComment=1276738637592#c1619428070479547560

  ഈ കമന്റിനു ആധാരമായ പോസ്റ്റു കൂടി ഒന്നു വിശദമായി വായിക്കുമല്ലൊ. എന്നിട്ടു നല്ല ഒരു ചര്‍ച്ച നടത്താം. (എപ്പോഴും ഈ ക്ഷമിക്കു എന്നൊന്നും പറയണ്ടാ കേള്‍ക്കാനും ഒരു സുഖമില്ല.) ബാക്കി ഉള്ളവര്‍ എഴുതുന്ന ഭാഷയില്‍ നിന്നും വ്യത്യസ്ഥമായി സുന്ദരമായ ഭാഷയില്‍ പറയുന്ന അപ്പൂട്ടനെ വായിക്കാനും ഒരു സുഖമുണ്ട് - സുഖിപ്പിക്കാന്‍ പറയുന്നതല്ല കേട്ടൊ :)

  ReplyDelete
 18. "ഞാൻ സംസാരിച്ചത്‌ അതിനു മുൻപുള്ള പരാമർശത്തെക്കുറിച്ചാണ്‌, അതിന്റെ സാധ്യതയെക്കുറിച്ചാണ്‌. അത്‌ ഞാൻ മനസിലാക്കിയതുപോലെ, അല്ലെങ്കിൽ എഴുതിയതുപോലെ അല്ല താങ്കൾ ഉദ്ദേശിച്ചതെങ്കിൽ പറയൂ. "

  ഞാന്‍ എഴുതിയ ഏതു വരിയാണ് പരാമര്‍ശവിഷയം?

  ഇനി ഈ കമന്റാണോ?

  "ഉദാഹരണത്തിന്‌, ഒരു വസ്ത്രം മാറി മറ്റൊന്ന് ധരിക്കുന്നതുപോലെ ആത്മാവും ഒരു ശരീരത്തിൽ നിന്നും മാറി മറ്റൊന്നിലേയ്ക്ക്‌ പ്രവേശിക്കുന്നു എന്നു പറയുന്നത്‌ എങ്ങിനെയാണ്‌ ബോധ്യപ്പെടേണ്ടത്‌? അപ്പോൾ കുറേയൊക്കെ ഗഹനമായി പഠിക്കാതെതന്നെ അംഗീകരിച്ചേ മതിയാവൂ.“

  കാരണം?

  നമ്മുടെ യുക്തിയ്ക്കു എല്ലാം മനസ്സിലാക്കാനുള്ള കഴിവില്ല എന്നാണോ?“

  ReplyDelete