Friday, January 10, 2014

അല്‍പം സംസ്കൃതം പഠിക്കാം

സംസ്കൃതം പഠിക്കാൻ താല്പര്യം ഉള്ള ധാരാളം ആളുകള് ഉണ്ട് എന്നാൽ അതിനുള്ള അവസരം ഇല്ല എന്നത് ദുഃഖകരമായ ഒരവസ്ഥ തന്നെ. നല്ല ആചാര്യന്മാ രെ കിട്ടുന്നത് വരെ ചെറിയ ചെറിയ കാവ്യങ്ങൾ പഠിക്കുന്നത് കൊണ്ടും അൽപമൊക്കെ മനസിലാകും . അങ്ങനെ ഒരു എളിയ ശ്രമം .ശ്രീകൃഷ്ണവിലാസം എന്നാ കാവ്യത്തിലെ ഓരോ ശ്ലോകങ്ങൾ ആയി പരിചയപ്പെടുത്താൻ ശ്രമിക്കുന്നു. ഞാൻ സംസ്കൃതപണ്ഡിതൻ ഒന്നും അല്ല. അത് കൊണ്ട് കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് . പല ചോദ്യങ്ങള്ക്കും തിരികെ ഉത്തരം തരാൻ കഴിഞ്ഞെന്ന് വരില്ല . 

ശ്രീ സുകുമാരകവി എന്ന ഒരുമഹാന്റെ കഥ കേട്ടിരിക്കുമല്ലൊ. വളരെ മിടുക്കനായിരുന്ന ഒരു ബാലന്‍ .

അദ്ദേഹം ഗുരുകുലവിദ്യാഭ്യാസ സമയത്ത്‌ തന്റെ ഗുരുവില്‍ നിന്നും വളരെ ശകാരങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഒരു കുട്ടിയായിരുന്നു - കാരണം മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ അനിതരസാധാരണമായ ബുദ്ധിവൈഭവം.

ആ കുട്ടി വഴിതെറ്റി പോകാതിരിക്കുവാനും, ഏറ്റവും സമര്‍ഥനാകാനും വേണ്ടി, ഗുരു വളരെ ശ്രദ്ധ അവനില്‍ അര്‍പ്പിച്ചിരുന്നു.
എന്നാല്‍ സുകുമാരന്‌ ഇത്‌ ആദ്യം മനസ്സിലായിരുന്നില്ല, പകരം തന്റെ ഗുരുവിന്‌ തന്നോട്‌ എന്തോ വിരോധമാണ്‌ എന്നാണ്‌ അദ്ദേഹം കരുതിയത്‌. അതുകാരണം ഗുരുവിനെ കൊല്ലുക തന്നെ എന്ന്‌ അദ്ദേഹം തീരുമാനിച്ച്‌ , ഗുരു വിന്റെ തലയില്‍ കല്ല്‌ ഇട്ടു കൊല്ലുന്നതിനുവേണ്ടീ ഒരു വലിയ കല്ലും മുകളില്‍ കയറ്റി വച്ച്‌ കാത്തിരുന്നു എന്നും, അന്നു രാത്രിയില്‍ ഗുരുപത്നിയും ഗുരുവും തമ്മില്‍, തന്നെ ചൊല്ലിയുണ്ടാകുന്ന സംസാരം കേള്‍ക്കുവാനിടയാകുകയും ചെയ്തു.

തന്നോട്‌ ഗുരുവിനുള്ള വാത്സല്യം മനസ്സിലായ സുകുമാരന്‍ പശ്ചാത്താപപരവശനായി.
അദ്ദേഹം അടുത്ത ദിവസം ഒന്നും അറിയാത്തതുപോളെ ഗുരുവിനോട്‌, ഗുരുവധ ത്തിനെ ചിന്തിക്കുന്ന വര്‍ക്കുള്ള പ്രായശ്ചിത്തം എന്താണെന്ന്‌ അന്വേഷിച്ചു. ഉമിത്തീയില്‍ നീറിമരിക്കുകയാണ്‌ അതിനുള്ള പ്രായശ്ചിത്തം എന്നു ഗുരു പറഞ്ഞതുകേട്ട്‌ സുകുമാരന്‍ അതിനായി തുനിഞ്ഞു.
സത്യത്തില്‍ സുകുമാരന്‍ തനിക്കു വേണ്ടിയാണ്‌ ഇതു ചോദിക്കുന്നത്‌ എന്നു ഗുരു അറിഞ്ഞതുമില്ലായിരുന്നു.
ഗുരുവുള്‍പ്പടെ എല്ലാവരും തടയുവാന്‍ നോക്കിയിട്ടും സുകുമാരന്‍ തന്റെ നിശ്ചയത്തില്‍ ഉറച്ചു നിന്നു.
ഭൂമിയില്‍ ഒരു കുഴിയുണ്ടാക്കി അതില്‍ താന്‍ ഇറങ്ങി നിന്ന്‌ കഴുത്തോളം ഉമികൊണ്ടു മൂടി അതിന്‌ തീ കൊടുത്ത ശേഷം അവിടെ നിന്നു കൊണ്ട്‌ ചൊല്ലിക്കൊടുത്തതാണെന്നു കരുതപ്പെടുന്നു ഈ സുന്ദരമായ കാവ്യം.
12 സർഗ്ഗങ്ങൾ എഴുതി എന്ന പറയപ്പെടുന്നു എങ്കിലും നാലെണ്ണമെ ലഭ്യമായുള്ളൂ 

വെറും നാലു സര്‍ഗ്ഗങ്ങളേ മുഴുമിപ്പിക്കുവാന്‍ കഴിഞ്ഞുള്ളു എങ്കിലും ഇതിന്റെ സൗന്ദര്യത്തോടു കിടനില്‍ക്കുന്നമറ്റൊരു കാവ്യം ഉണ്ടോ എന്നു സംശയമാണ്‌.
ഇതു മുഴുവനാക്കുവാനും മാത്രം അദ്ദേഹം ജീവിച്ചിരുന്നില്ല എന്നുള്ള സങ്കടം സഹൃദയര്‍ക്ക്‌ ഒരിക്കലും ഇല്ലാതാകുകയില്ല.ഐതിഹ്യത്തില്‍ ഒരു കഥ വേറേയും ഉണ്ട്‌.
സാക്ഷാല്‍ കാളിദാസന്‍ ഇതിനെ ഒന്നു പൂരിപ്പിക്കുവാന്‍ നോക്കി എന്നും തല്‍സമയം "പട്ടുനൂലില്‍ വാഴനാര്‌ കൂട്ടികെട്ടേണ്ട " എന്ന്‌ അശരീരി കേട്ടതായും പറയുന്നു.
കാളിദാസന്റെ തന്നെ

"അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജഃ"

എന്നു തുടങ്ങുന്ന ശ്ലോകം ഈ കാവ്യത്തിന്റെ ആദ്യത്തെ ശ്ലോകമായ

"അസ്തി ശ്രിയഃ സദ്‌മ സുമേരു നാമാ
സമസ്ത കല്ല്യാണനിധിര്‍ഗ്ഗിരീന്ദ്രഃ:"

എന്നതിന്റെ ചുവടു പിടിച്ചെഴുതിയതാണ്‌ എന്നും പറയപ്പെടുന്നു.
കേരളക്കരയില്‍ ജനിച്ച കവിയായിരുന്നു ഇദ്ദേഹം നമുക്കെല്ലാം അഭിമാനത്തിനു വകനല്‍കുന്ന ഒരു വ്യക്തിയാണെങ്കിലും, അദ്ദേഹത്തിന്റെ കാവ്യം ഇന്ന്‌ വളരെ ചുരുക്കം ചിലര്‍ക്കേ അറിയുന്നുള്ളു.

സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ

ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.

വിഭക്തികൾ ഏഴെണ്ണം 
പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. 

രാമൻ 
രാമനെ 
രാമനോട് 
രാമനായിക്കൊണ്ട്, 
രാമനാൽ 
രാമന്റെ, 
രാമനിൽ 
എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം 
-----------------------------------------------------------------
അതിന്റെ നാലാം സര്ഗ്ഗം ആദ്യത്തെ ശ്ലോകം 

ശ്രീകൃഷ്ണവിലാസം സര്‍ഗ്ഗം നാല്‌
1
സ രോഹിണീസൂനുനിബദ്ധരാഗഃ
സതാം ശരണ്യസ്തമസോപഹര്‍ത്താ
മനോഹരോ ബാല ഇവൗഷധീശോ
ദിനേ ദിനേ പോഷമിയായ ശൗരിഃ

സഃ (തച്ഛ പു പ്ര ഏ) ആ
ശൗരിഃ (ഇ പു പ്ര ഏ) ശൗരി - കൃഷ്ണന്‍
രോഹിണീസൂനുനിബദ്ധരാഗഃ (അ പു പ്ര ഏ) രോഹിണീസൂനുവില്‍ നിബദ്ധമായ രാഗത്തോടുകൂടിയവനായി - ബലഭദ്രനില്‍ സ്നേഹത്തോടു കൂടി
സതാം (ത പു ഷ ബ) സത്തുക്കളുടെ
ശരണ്യഃ (അ പു പ്ര ഏ) ശരണ്യനായി - രക്ഷകനായി
തമസഃ (സ ന ഷ ഏ) തമസിന്റെ - ഇരുട്ടിന്റെ - അജ്ഞാനത്തിന്റെ
അപഹര്‍ത്താ (ഋ പു പ്ര ഏ) അപഹരിക്കുന്നവനായി
മനോഹരഃ (അ പു പ്ര ഏ) മനോഹരനായി
ബാലഃ (അ പു പ്ര ഏ) ബാലനായ
ഔഷധീശഃ (അ പു പ്ര ഏ) ചന്ദ്രന്‍
ഇവ (അ) എന്നപോലെ
ദിനേ , ദിനേ (അ ന സ ഏ) ദിവസം തോറും
പോഷം (അ പു ദ്വി ഏ) പോഷത്തെ - വളര്‍ച്ചയെ
ഇയായ (ലിട്‌ പ പ്രപു ഏ) പ്രാപിച്ചു

രോഹിണീപുത്രനായ ബലഭദ്രനോട്‌ ഏറ്റവും സ്നേഹമുള്ളവനായി, സത്പുരുഷന്മാരുടെ രക്ഷകനായി, അജ്ഞാനനാശകനായി ബാലനായ ചന്ദ്രനെ പോലെ കൃഷ്ണന്‍ ദിവസം തോറും വളര്‍ച്ചയെ പ്രാപിച്ചു
മുകളില്‍ കൊടുത്ത ശ്ലോകത്തിലെ ആദ്യപദം നോക്കുക
സഃ 

ഇത്‌ 'തത്‌' എന്ന ശബ്ദത്തില്‍ നിന്നും ഉണ്ടായത്‌. നമ്മുടെ തത്വമസി ഇല്ലെ അതിലെ "തത്‌" തന്നെ.

പക്ഷെ ഇവിടെ അതിന്റെ പുല്ലിംഗരൂപം

പുല്ലിംഗത്തില്‍ തന്നെ പ്രഥമാ വിഭക്തി - ഏകവചനം - അതാണ്‌ സഃ

അതാണ്‌ തഛബ്ദം പു പ്ര ഏ

അവന്‍ എന്നര്‍ത്ഥം 

ഇനി ഇതിന്റെ മറ്റ്‌ രൂപങ്ങള്‍ എങ്ങനെ ആയിരിക്കും എന്നറിയണ്ടെ?

ഏഴ്‌ വിഭകതികള്‍ കൊണ്ട്‌ അവന്‍ , അവനെ, അവന്‍ ഹേതുവായിട്ട്‌, അവനായിട്ട്‌, അവനാല്‍, അവന്റെ, അവനില്‍ എന്നീ അര്‍ത്ഥങ്ങള്‍ എല്ലാം കിട്ടാന്‍ സംസ്കൃതത്തില്‍ പറയുന്നത്‌ സിദ്ധരൂപം എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്‌. സിദ്ധമായ രൂപങ്ങള്‍ ആണ്‌ അവ

ഈ രൂപങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സംസ്കൃതത്തില്‍ ഉള്ള മൂന്ന് വചനങ്ങളിലും - ഏകവചനം -ഒരാള്‍, ദ്വിവചനം - രണ്ട്‌ പേര്‍, ബഹുവചനം രണ്ടില്‍ കൂടുതല്‍ പേര്‍ ഇങ്ങനെ ഒന്നിച്ചാണ്‌ പഠിക്കാന്‍ എളുപ്പം

പ്രഥമാ വിഭക്തിയില്‍

സഃ - അവന്‍ ഒരാള്‍
തൗ - അവര്‍ രണ്ട്‌ പേര്‍
തേ - അവര്‍ രണ്ടില്‍ കൂടുതല്‍ പേര്‍

അതിനെ സഃ തൗ തേ എന്നങ്ങ്‌ ഒന്നിച്ച്‌ പറഞ്ഞ്‌ ഉറപ്പിച്ചാല്‍ പിന്നീട്‌ മറക്കില്ല

ദ്വിതീയാ വിഭക്തി ആകുമ്പോള്‍ അവനെ , അവരെ രണ്ടു പേരെ, അവര്‍ ഒരുപാട്‌ പേരെ എന്നിങ്ങനെ അര്‍ത്ഥം കിട്ടാനുള്ള വാക്കുകള്‍ 

തം - അവനെ
തൗ - അവരെ രണ്ട്‌ പേരെ
താന്‍ - അവര്‍ ഒരുപാട്‌ പേരെ

ഇനി മൂന്നാമത്തെ വിഭക്തി തൃതീയ അവന്‍ ഹേതുവായിട്ട്‌ എന്നര്‍ത്ഥം ഇനി എളുപ്പം ആയില്ലെ ദ്വിവചനവും ബഹുവചനവും യഥാക്രമം പഴയതു പോലെ 

അത്‌
തേന - അവന്‍ ഹേതുവായിട്ട്‌
താഭ്യാം - അവര്‍ രണ്ടുപേര്‍ ഹേതുവായിട്ട്‌
തൈഃ - അവര്‍ ഒരുപാട്‌ പേര്‍ ഹേതുവായിട്ട്‌

ചതുര്‍ ത്ഥി വിഭക്തി- - അവനായിക്കൊണ്ട്‌ എന്നര്‍ത്ഥം

തസ്മൈ
താഭ്യാം 
തേഭ്യഃ

പഞ്ചമി അവനാല്‍ എന്നര്‍ത്ഥം

തസ്മാല്‍ 
താഭ്യാം 
തേഭ്യഃ

ഷഷ്ഠി - അവന്റെ എന്നര്‍ത്ഥം

തസ്യ 
തയോഃ
തേഷാം

സപ്തമി - അവനില്‍ എന്നര്‍ത്ഥം

തസ്മിന്‍
തയോഃ
തേഷു


ഈ സൂത്രം ആണ്‌ സിദ്ധരൂപം ആയി പഠിക്കുന്നത്‌

അതിനെ ഇപ്രകാരം അങ്ങ്‌ കാണാതെ പഠിച്ചാല്‍ മതി

സഃ             തൗ      തേ
തം             തൗ      താന്‍
തേന          താഭ്യാം  തൈഃ
തസ്മൈ    താഭ്യാം  തേഭ്യഃ
തസ്മാല്‍   താഭ്യാം  തേഭ്യഃ
തസ്യ         തയോഃ  തേഷാം
തസ്മിന്‍    തയോഃ  തേഷു

സഃ എന്ന പദത്തിന്‌ ഞാന്‍ ഇവിടെ "അവന്‍" എന്നര്‍ത്ഥം പറഞ്ഞു
പക്ഷെ ശ്ലോകത്തിന്റെ അടിയില്‍ അര്‍ത്ഥം കൊടുത്തിടത്ത്‌ "ആ" എന്നെ എഴുതിയിട്ടുള്ളു അല്ലെ?

എന്തുകൊണ്ടാണ്‌ അത്‌?

സംസ്കൃതം ശ്ലോകം എഴുതുമ്പോള്‍ അടുത്തടുത്ത്‌ വേണ്ട പല വാക്കുകളും എവിടെ എങ്കിലും ഒക്കെ ആയിട്ടാകും കാണുക. അങ്ങനെ ഉള്ളവയെ കണ്ടു പിടീച്ച്‌ യോജിപ്പിക്കുന്ന ഒരു പണി ഉണ്ട്‌ അതാണ്‌ "അന്വയം"

ഏതൊക്കെ വാക്കുള്‍ ഏതോക്കെ വാക്കുകളോട്‌ ബന്ധപ്പെട്ടവയാണ്‌ എന്ന് കണ്ടു പിടിച്ച്‌ ചേരുമ്പടി ചേര്‍ക്കുക.

ഇവിടെ സഃ = അവന്‍ പ്രഥമ ഏകവചനം പുല്ലിംഗശബ്ദം

അതേപോലെ പ്രഥമാ ഏകവചന പുല്ലിംഗശബ്ദങ്ങള്‍ വേറെ ഉണ്ടെങ്കില്‍ അവ ബന്ധപ്പെട്ടവ ആയേക്കാം. 

ഈ ശ്ലോകത്തില്‍ ശൗരിഃ എന്ന ശബ്ദം പ്രഥമ ആണ്‌ പുല്ലിംഗം ആണ്‌ ഏകവചനം ആണ്‌.

അവ തമ്മില്‍ ബന്ധപ്പെട്ടവയാണ്‌ അപ്പോള്‍-
 സഃ ശൗരിഃ = അവന്‍ കൃഷ്ണന്‍ 
- പക്ഷെ നമ്മള്‍ അങ്ങനെ പറയാറില്ലല്ലൊ അതുകൊണ്ട്‌ ആ കൃഷ്ണന്‍ - അതിലെ സഃ എന്ന പദം കൃഷ്ണന്റെ സൂചകം ആയി


ശ്രീരാമഃ ശരണം സമസ്തജഗതാം രാമം വിനാ കാ ഗതിഃ
രാമേണ പ്രതിഹന്യതേ കലിമലം രാമായ കാര്യം നമഃ
രാമാല്‍ ത്രസ്യതി കാലഭീമഭുജഗോ രാമസ്യ സര്‍വം വശേ
രാമേ ഭക്തിരഖണ്ഡിതാ ഭവതു മേ രാമ ത്വമേവാശ്രയഃ

ശ്രീരാമഃ , രാമം, രാമേണ, രാമായ, രാമാല്‍, രാമസ്യ, രാമേ , ഹേ രാമ (സംബോധന) എന്നിങ്ങനെ എല്ലാ പ്രഥമാ ഏകവചനരൂപങ്ങളും ഈ ശ്ളോകത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. 

രാമഃ ശബ്ദത്തിന്റെ ഏഴ്‌ വിഭക്തികളുടെയും ഏകവചനരൂപങ്ങളും സംബോധനപ്രഥമയും ഉപയോഗിച്ച്‌ ഒരു ശ്ലോകം രാമായണത്തില്‍ നിന്ന്

സമസ്തജഗത്തുക്കള്‍ക്കും ശരണം ശ്രീരാമന്‍ (ഏകവചനം)

രാമനെ കൂടാതെ എന്ത്‌ ഗതി (രാമനെ ദ്വിതീയ)
രാമന്‍ഹേതുവായി കലിമലം പ്രതിഹനിക്കപ്പെടുന്നു (തൃതീയ)
രാമനായിക്കൊണ്ട്‌ നമസ്കരിക്കണം (ചതുര്‍ ത്ഥി)
രാമങ്കല്‍ നിന്നും കാലരൂപനായ സര്‍പം ഭയപ്പെടുന്നു (പഞ്ചമി)
എല്ലാം രാമന്റെ വശം ആണ്‌ (ഷഷ്ടി)
രാമനില്‍ അഖണ്ഡിതമായ ഭക്തി എനിക്കുണ്ടാകുമാറാകട്ടെ (സപ്തമി)
അല്ലയോ രാമ നീ മാത്രമാണ്‌ ആശ്രയം (സംബോധന പ്രഥമ)

രാമഃ ശബ്ദത്തിന്റെ ഏഴ്‌ വിഭക്തികളുടെയും ഏകവചനരൂപങ്ങളും സംബോധനപ്രഥമയും ഉപയോഗിച്ച്‌ മറ്റൊരു ശ്ലോകം 

രാമോ രാജമണിഃ സദാ വിജയതെ രാമം രമേശം ഭജേ
രാമേണാഭിഹതാ നിശാചരചമൂഃ രാമായ തസ്മൈ നമഃ
രാമാന്നാസ്തി പരായണം പരതരം രാമസ്യ ദാസോസ്മ്യഹം
രാമേ ചിത്തലയഃ സദാ ഭവതു മേ ഭോ രാമ മാമുദ്ധര

ഇന്നലത്തെ ശ്ലോകം ഓര്‍മ്മയുണ്ടല്ലൊ അല്ലെ?

ഇതിലും അതുപോലെ ഏട്ട്‌ പ്രയോഗങ്ങളും കാണാം

രാമഃ എന്നത്‌ ശ്ലോകത്തില്‍ എഴുതുമ്പൊള്‍ അതിനടുത്ത അക്ഷരം /പദം ഇവയ്ക്കനുസരിച്ച്‌ വ്യത്യാസം വരും ഇവിടെ രാമോ എന്നു പറയുന്ന ശബ്ദം ഒറ്റയ്ക്കാകുമ്പോള്‍ രാമഃ ആണ്‌

അപ്പോള്‍ രാജമണിഃ രാമഃ സദാ വിജയതെ - രാജമണിയായ രാമന്‍ സദാ വിജയിക്കുന്നു
രമേശം രാമം ഭജേ - (ഞാന്‍) രമേശനായ രാമനെ ഭജിക്കുന്നു
ഭജേ എന്നത്‌ ഭജ്‌ ധാതുവിന്റെ ഉത്തമപുരുഷന്‍ ഏകവചനം രൂപം ആണ്‌ "ഞാന്‍ ഭജിക്കുന്നു" എന്നര്‍ത്ഥം

ക്രിയയെ കുറിക്കുന്ന പദങ്ങള്‍ ലകാരങ്ങള്‍.
പത്ത്‌ ലകാരങ്ങള്‍ ഉണ്ട്‌

അവയ്ക്ക്‌ പരസ്മൈപദം ആത്മനേപദം എന്നും രണ്ട്‌ രീതിയില്‍ രൂപങ്ങള്‍ ഉണ്ട്‌.

ഇത്‌ ആത്മനേപദ രൂപം
വര്‍ത്തമാനകാലം - ലട്‌ എന്ന ലകാരം

ഭജതെ -- ഭജേതെ -- ഭജന്തെ
ഭജസെ -- ഭജേധെ -- ഭജധ്വേ
ഭജെ -- ഭജാവഹെ -- ഭജാമഹെ

ഇവ ആദ്യവരി യഥാക്രമം പ്രഥമപുരുഷന്‍ അവന്‍, അവര്‍ രണ്ട്‌ പേര്‍, അവര്‍ രണ്ടില്‍ കൂടുതല്‍ പേര്‍ third Person

ഏകവചനം ദ്വിവചനം ബഹുവചനം 
രണ്ടാമത്തെ വരി മധ്യമപുരുഷന്‍ നീ, നിങ്ങള്‍ രണ്ട്‌ പേര്‍, നിങ്ങള്‍ രണ്ടില്‍ കൂടുതല്‍ പേര്‍ Second Person
മൂന്നാമത്തെ വരി ഉത്തമപുരുഷന്‍ ഞാന്‍ ഞങ്ങള്‍ രണ്ട്‌ പേര്‍, ഞങ്ങള്‍ രണ്ടില്‍ കൂടുതല്‍ പേര്‍ First Person 

അതു കൊണ്ട്‌ "ഭജേ" എന്ന് മാത്രം പറഞ്ഞാലും ഞാന്‍ ഭജിക്കുന്നു എന്നര്‍ത്ഥം വരും അതില്‍ 'ഞാന്‍' എന്ന വാക്കിന്റെ ആവശ്യം ഇല്ല. കാരണം ആ ക്രിയാപദം ഉത്തമപുരുഷ ഏകവചനം രൂപം ആണ്‌. അവിടെയെ ചേരൂ.

രാമേണ നിശാചരചമൂ അഭിഹതാ -രാമന്‍ കാരണം നിശാചരന്മാരുടെ ചമൂ - രാക്ഷസന്മാരുടെ സൈന്യം - അഭിഹതമായി - വധിക്കപ്പെട്ടു

തസ്മൈ രാമായ നമഃ (ഭവതു) ആ രാമനായിക്കൊണ്ട്‌ നമസ്കാരം (ഭവിക്കട്ടെ)

രാമാല്‍ പരതരം പരായണം ന അസ്തി രാമനെക്കാള്‍ പരതരമായ (=ശ്രേഷ്ഠമായ) പരായണമായി (= ആശ്രയസ്ഥാനം ആയി) മറ്റൊന്നും ഇല്ല
അഹം രാമസ്യ ദാസഃ അസ്മി - ഞാന്‍ രാമന്റെ ദാസന്‍ ആകുന്നു

മേ സദാ രാമെ ചിത്തലയഃ ഭവതു - എനിക്ക്‌ എല്ലായ്പ്പോഴും രാമനില്‍ മനസ്‌ ലയം ഭവിക്കുമാറാകട്ടെ

ഭോ രാമ അല്ലയൊ രാമ
മാം എന്നെ ഉദ്ധര - ഉദ്ധരിച്ചാലും

രാമശബ്ദം ഏഴ്‌ വിഭക്തികളില്‍ ആയി ഇപ്രകാരം. രാമ എന്നവസാനിക്കുന്നത്‌ കൊണ്ട്‌ അത്‌ അകാരാന്തം ആണ്‌ 'അ' കാരത്തില്‍ അവസാനിക്കുന്ന പദം.

രാമഃ -- രാമൗ -- രാമാഃ
രാമം -- രാമൗ -- രാമാന്‍
രാമേണ -- രാമാഭ്യാം -- രാമൈഃ
രാമായ -- രാമാഭ്യാം -- രാമേഭ്യഃ
രാമാത്‌ -- രാമാഭ്യാം -- രാമേഭ്യഃ
രാമസ്യ -- രാമയോഃ -- രാമാണാം
രാമേ -- രാമയോഃ -- രാമേഷു 
സംബോധനയില്‍ ഹേ രാമ, ഹേ രാമൗ, ഹേ രാമാ

രാമഃ ശബ്ദം കണ്ടുകഴിഞ്ഞില്ലെ ? ഇനി നമുക്ക്‌ കൃഷണനെ ഒന്ന് നോക്കാം

കൃഷ്ണ ശബ്ദത്തിന്റെ ഏഴ്‌ വിഭക്തികളുടെയും ഏകവചനരൂപങ്ങളും സംബോധനപ്രഥമയും ഉപയോഗിച്ച്‌ മറ്റൊരു ശ്ലോകം 

കൃഷ്ണൊ രക്ഷതു നോ ജഗത്ത്രയഗുരുഃ കൃഷ്ണം നമസ്യാമ്യഹം
കൃഷ്ണേനാമരശത്രവോ വിനിഹതാഃ കൃഷ്ണായ തസ്മൈ നമഃ
കൃഷ്ണാദേവ സമുത്ഥിതം ജഗദിദം കൃഷ്ണസ്യ ദാസോസ്മ്യഹം
കൃഷ്ണെ തിഷ്ഠതി സര്‍വമേതദഖിലം ഹേ കൃഷ്ണ രക്ഷസ്വ മാം

കൃഷ്ണൊ രക്ഷതു നോ ജഗത്ത്രയഗുരുഃ 
- എന്നതിനെ വേണ്ട രീതിയില്‍ അടുക്കുമ്പോള്‍ ഇങ്ങനെ -
ജഗത്ത്രയഗുരുഃ കൃഷ്ണഃ നഃ രക്ഷതു 
ജഗത്ത്രയഗുരുവായ കൃഷ്ണന്‍ നമ്മളെ രക്ഷിക്കട്ടെ 

കൃഷ്ണം നമസ്യാമ്യഹം
- എന്നതിനെ വേണ്ട രീതിയില്‍ അടുക്കുമ്പോള്‍ ഇങ്ങനെ -
അഹം കൃഷ്ണം നമസ്യാമി 

ഞാന്‍ കൃഷ്ണനെ നമിക്കുന്നു

കൃഷ്ണേനാമരശത്രവോ വിനിഹതാഃ
- എന്നതിനെ വേണ്ട രീതിയില്‍ അടുക്കുമ്പോള്‍ ഇങ്ങനെ -
കൃഷ്ണേന അമരശത്രവഃ വിനിഹതാഃ
കൃഷ്ണനാല്‍ അമരന്മാരുടെ ശത്രുക്കള്‍, വിനിഹതന്മാരായി - കൊല്ലപ്പെട്ടു
കൃഷ്ണായ തസ്മൈ നമഃ
- എന്നതിനെ വേണ്ട രീതിയില്‍ അടുക്കുമ്പോള്‍ ഇങ്ങനെ -
തസ്മൈ കൃഷ്ണായ നമഃ
ആ കൃഷ്ണനായിക്കൊണ്ട്‌ നമസ്കാരം (ഭവിക്കട്ടെ)

കൃഷ്ണാദേവ സമുത്ഥിതം ജഗദിദം
- എന്നതിനെ വേണ്ട രീതിയില്‍ അടുക്കുമ്പോള്‍ ഇങ്ങനെ -
ഇദം ജഗത്‌ കൃഷ്ണാത്‌ സമുത്ഥിതം ഏവ 

ഈ ജഗത്ത്‌ കൃഷ്ണനില്‍ നിന്നും ഉത്ഭവിച്ചത്‌ തന്നെ

കൃഷ്ണസ്യ ദാസോസ്മ്യഹം
- എന്നതിനെ വേണ്ട രീതിയില്‍ അടുക്കുമ്പോള്‍ ഇങ്ങനെ -
അഹം കൃഷ്ണസ്യ ദാസഃ അസ്മി

ഞാന്‍ കൃഷ്ണന്റെ ദാസന്‍ ആകുന്നു

കൃഷ്ണെ തിഷ്ഠതി സര്‍വമേതദഖിലം

- എന്നതിനെ വേണ്ട രീതിയില്‍ അടുക്കുമ്പോള്‍ ഇങ്ങനെ -

അഖിലം ഏതദ്‌ സര്‍വം കൃഷ്ണെ തിഷ്ഠതി 

ഇക്കാണുന്നതെല്ലാം കൃഷ്ണനില്‍ നില്‍ക്കുന്നു

ഹേ കൃഷ്ണ രക്ഷസ്വ മാം

- എന്നതിനെ വേണ്ട രീതിയില്‍ അടുക്കുമ്പോള്‍ ഇങ്ങനെ -

ഹേ കൃഷ്ണ മാം രക്ഷസ്വ

അല്ലയൊ കൃഷ്ണാ എന്നെ രക്ഷിച്ചാലും
രണ്ടുമൂന്ന് ശ്ലോകങ്ങള്‍ പഠിച്ചു കഴിഞ്ഞു ഇല്ലെ? ഇതിനിടയില്‍ നാം കുറെ വചനം, പുരുഷന്‍, വിഭക്തി എന്നൊക്കെ പറഞ്ഞതിനെ പറ്റി കൂടുതല്‍ നോക്കണ്ടെ?

സംഭാഷണം നടക്കുമ്പോള്‍ അതില്‍ മൂന്ന് ഘടകങ്ങള്‍ ഉണ്ട്‌
1. പറയുന്ന ആള്‍ --- ഉത്തമപുരുഷന്‍
2. കേള്‍ക്കുന്ന ആള്‍ --- മദ്ധ്യമപുരുഷന്‍
3. പറയുന്ന വിഷയം --- പ്രഥമപുരുഷന്‍

ഇംഗ്ലീഷില്‍ പറയുമ്പോള്‍ ഇത്‌ First Person, Second Person, Third person എന്ന ക്രമത്തില്‍ ആണ്‌.

പക്ഷെ സംസ്കൃതത്തില്‍ പറയുന്ന ആള്‍ ഉത്തമപുരുഷന്‍, കേള്‍ക്കുന്ന ആള്‍ മദ്ധ്യമപുരുഷന്‍, വിഷയം പ്രഥമപുരുഷന്‍ എന്ന രീതിയില്‍ ആണ്‌

അപ്പോള്‍ ഉത്തമപുരുഷന്‍ -- ഞാന്‍ ഞങ്ങള്‍
മദ്ധ്യമപുരുഷന്‍ - നീ , നിങ്ങള്‍
പ്രഥമപുരുഷന്‍ - അവന്‍ , മരം, കാറ്റ്‌ അങ്ങനെ എല്ലാം
ഇതില്‍ പ്രഥമയ്ക്ക്‌ First എന്ന അര്‍ത്ഥം എടുക്കരുത്‌ എന്നര്‍ത്ഥം.

നമ്മുടെ മലയാളത്തില്‍ ഇല്ലാത്ത ചെറിയ ചില പ്രത്യേകതകള്‍ ഇവിടെ ശ്രദ്ധിക്കാനുണ്ട്‌

കര്‍ത്താവ്‌ ക്രിയ എന്നിവയില്‍ സംസ്കൃതത്തില്‍ ഒരു പൊരുത്തം ആവശ്യം ആണ്‌ ഇംഗ്ലിഷിലും കുറച്ചൊക്കെ ഉണ്ടല്ലൊ. ഏകദേശം അത്‌ പോലെ

ഉദാഹരണത്തിന്‌

മലയാളത്തില്‍ ഞാന്‍ പോകുന്നു എന്നതിന്‌ ഇംഗ്ലീഷില്‍ I go, സംസ്കൃതത്തില്‍ അഹം ഗഛാമി

ഇനി അവന്‍ പോകുന്നു എന്ന് മലയാളത്തില്‍ പറയുമ്പോള്‍ 'പോകുന്നു" എന്ന ക്രിയ അത്‌ തന്നെ. കര്‍ത്താവ്‌ ഞാന്‍ മാറി അവന്‍ ആയിട്ടും അതിന്‍ വ്യത്യാസം ഇല്ല

എന്നാല്‍ ഇംഗ്ലീഷിലൊ ? He Goes ആയി
സംസ്കൃതത്തില്‍ "സഃ ഗഛതി"

മുന്‍പ്‌ ഗഛാമി ആയിരുന്നു , ഇപ്പോള്‍ ഗഛതി എന്നായി.

ഇപ്രകാരം ക്രിയാപദത്തിലെ ധാതുവിനോട്‌ കൂടി ചേര്‍ക്കുന്ന പ്രത്യയങ്ങള്‍ പുരുഷന്‍ അനുസരിച്ച്‌ മാറും എന്നര്‍ത്ഥം

മൂന്നു പുരുഷന്മാര്‍ പ്രഥമ മദ്ധ്യമ ഉത്തമ എന്ന്

ഇവയില്‍ ഓരോന്നിനും ഏകവചനം ദ്വിവചനം ബഹുവചനം എന്ന് മുമ്മൂന്ന് ഭേദങ്ങള്‍

അങ്ങനെ ഒന്‍പത്‌ പ്രത്യയങ്ങള്‍ നമുക്ക്‌ ഒന്ന് നോക്കാം

പ്രഥമ -- തി -- തഃ -- അന്തി
മദ്ധ്യമ -- സി -- ഥഃ -- ഥ 
ഉത്തമ --- മി -- വഃ -- മഃ

ധാതുക്കളോട്‌ കൂടി ഇവ ചേരുമ്പോള്‍ വര്‍ത്തമാനകാലമായ ലട്‌ എന്ന ക്രിയാരൂപം പരസ്മൈപദം ലഭിക്കുന്നു

സത്തയെ കുറിക്കുന്ന ഭൂ ധാതുവിനോട്‌ കൂടി ഇവ ചേരുമ്പോള്‍ 

ഭവതി -- ഭവതഃ -- ഭവന്തി
ഭവസി -- ഭവഥഃ -- ഭവഥ 
ഭവാമി -- ഭവാവ -- ഭവാമ 

പോകുക എന്നര്‍ത്ഥം വരുന്ന "യാ" എന്ന ധാതുവിനോട്‌ ചേരുമ്പോള്‍

യാതി -- യാതഃ -- യാന്തി
യാസി -- യാഥഃ -- യാഥ
യാമി -- യാവ -- യാമ

പഠിക്കുന്നു എന്നര്‍ത്ഥം വരുന്ന പഠ
ധാതുവിനോട്‌ ചേര്‍ന്നാല്‍

പഠതി പഠതഃ പഠന്തി
പഠസി പഠഥഃ പഠഥ
പഠാമി പഠാവ പഠാമ

എന്നാകുന്നു
അവന്‍ പോകുന്നു - സഃ ഗഛതി
നീ പോകുന്നു - ത്വം ഗഛസി
ഞാന്‍ പോകുന്നു - അഹം ഗഛാമി

ഇങ്ങനെ നിയമം ആയത്‌ കൊണ്ട്‌ ഗഛാമി എന്ന് മാത്രം പറഞ്ഞാലും ഞാന്‍ പോകുന്നു എന്നര്‍ത്ഥം ആകും

ഗഛസി എന്ന് മാത്രം പറഞ്ഞാലും നീ പോകുന്നു എന്നെ അര്‍ത്ഥം വരൂ

ഏതായാലും ഇത്രയും ആയില്ലെ അപ്പോള്‍ ഒരു ചെറിയ നിയമം കൂടി നോക്കാം

1. അന്തി എന്നതിലെ അകാരം ചില ദിക്കില്‍ ലോപിക്കും ഉദാ : പഠ + അന്തി = പഠന്തി (അ + അ ശരിക്കും ആ വേണ്ടിയിരുന്നു പക്ഷെ ഇവിടെ ഇല്ല എന്ന്)

2. വകാരത്തിലോ മകാരത്തിലോ തുടങ്ങുന്ന ഉത്തമപുരുഷപ്രത്യയത്തിനു മുന്‍പുള്ള അകാരം ദീര്‍ഘിക്കും
ഉദാ: പഠ + മി = പഠാമി

ഏതെങ്കിലും ഒരു ശ്ളോകം വായിച്ചാല്‍ അതിനുള്ളിലടങ്ങിയിരിക്കുന്ന മുഴുവന്‍ താല്‍പര്യങ്ങളും മനസ്സിലാക്കണമെങ്കില്‍ ഭാഷയില്‍ അഗാധമായ പാണ്ഡിത്യം ആവശ്യമാണ്‌.

അപ്പോള്‍ ഉള്ള അരിവിനെ വര്‍ദ്ധിപ്പിക്കുന്നതിന്‌ പണ്ടൂള്ളവര്‍ ഉപയോഗിച്ചിരുന്ന ഒരു സങ്കേതമാണ്‌ സമസ്യകളും അവയുടെ പൂരണങ്ങളൂം ഒരു സമസ്യ താഴെ കൊടുക്കാം.
സമസ്യ എന്നത് നാലു വരികൾ ഉള്ള ഒരു ശ്ലോകത്തിന്റെ അവസാനത്തെ പാദം മാത്രം എഴുതി  അതിന്റെ പിന്നിലുള്ള മൂന്ന് വരികൾ പൂരിപ്പിക്കാനുള്ള കടംകഥയാണ്

"വീരമര്‍ക്കടകമ്പിതാ "

ഇതിന്‌ വീരനായ മര്‍ക്കടന്‍(കുരങ്ങ്‌)ആല്‍ കമ്പിതമാക്കപ്പെട്ട =വിറപ്പിക്കപ്പെട്ട എന്ന്‌ അര്‍ത്ഥം വ്യക്തമായിക്കാണാം.

ഇനി ഇതിണ്റ്റെ പൂരണം ശ്രദ്ധിക്കൂ--

"കഃ ഖേ ചരതി? കാരമ്യാ
കിം ജപ്യം? കിം ച ഭൂഷണം?
കോ വന്ദ്യഃ? കീദൃശീ ലങ്കാ?
വീരമര്‍ക്കടകമ്പിതാ"

അവസാനത്തെ വരിയേ വീ (=പക്ഷി) + രമാ (=ലക്ഷ്മി) + ഋക്‌ (=മന്ത്രം) + കടകം (=വള) + പിതാ (=അച്ഛന്‍) എന്നിങ്ങനെ വിഭജിച്ചിട്ട്‌ ഓരൊരോ ചോദ്യങ്ങള്‍ ഇവയെ ഉത്തരമായിക്കിട്ടത്തക്കവണ്ണമാണ്‌ ആദ്യവരികള്‍.

കഃ ഖേ ചരതി= ആകാശത്തില്‍ സഞ്ചരിക്കുന്നത്‌ എന്താണ്‌
കാ രമ്യാ = സന്തോഷിപ്പിക്കുന്നവള്‍ ആരാണ്‌/ അഥവാ സുന്ദരി ആരാണ്‌
കിം ജപ്യം = ജപിക്കേണ്ടത്‌ എന്താണ്‌
കിം ഭൂഷണം = അലങ്കാരം എന്താണ്‌
കോ വന്ദ്യഃ = വന്ദനീയന്‍ ആരാണ്‌
കീദൃശീ ലങ്കാ = ലങ്ക എങ്ങിനെയുള്ളതാണ്‌ - ഇതിനുത്തരം ആദ്യത്തെ വരി ഒരുമിച്ചെടുത്ത വീരനായ ഹനുമാനാല്‍ വിറപ്പിക്കപ്പെട്ടത്‌ എന്നും


മുകളിൽ കൊടൂത്ത ശ്ലോകത്തിൽ കുറെ ക കണ്ടു അല്ലെ?

സഃ = അവൻ എന്ന് നാം നേരത്തെ പഠിച്ചു. എവൻ അഥവാ ആർ എന്നതിനുപയോഗിക്കുന്ന ശബ്ദം ആണ് ക

അതിന്റെ രൂപങ്ങൾ കഃ = ഏകവചനം - ആർ ഒരാൾ

ബാക്കി ഇങ്ങനെ (സഃ - തൗ - തേ ഓർമ്മയുണ്ടല്ലൊ അല്ലെ അതേ പോലെ )
കഃ -- കൗ -- കേ
കം -- കൗ -- കാൻ
കേന -- കാഭ്യാം -- കൈഃ
കസ്മൈ -- കാഭ്യാം -- കേഭ്യഃ
കസ്മാത് -- കാഭ്യാം -- കേഭ്യഃ 
കസ്യ -- കയോഃ -- കേഷാം
കസ്മിൻ -- കയോഃ -- കേഷു

ഖം = ആകാശം അതിന്റെ സപ്തമി ഏകവചനരൂപം ഖേ - ആകാശത്തിൽ എന്നർത്ഥം
അപ്പോൾ കഃ ഖേ ചരതി? എന്നതിന്റെ അർത്ഥം ആർ ആകാശത്തിൽ സഞ്ചരിക്കുന്നു? എളുപ്പം അല്ലെ?


പണ്ടൊരു കാലത്ത്‌ ഭുക്കുണ്ഡന്‍ എന്ന ഒരു കവി രാജാവിന്റെ കോപത്തിനിരയായി. അന്നത്തെ കാലമല്ലെ, കൊണ്ടു പോയി കഴുവിലേറ്റാന്‍ രാജാവ്‌ ആജ്ഞാപിച്ചു.

അവസാന ആഗ്രഹം എന്താണ്‌ എന്ന ചോദ്യത്തിന്‌ ഭുക്കുണ്ഡന്‍ താഴെ പറയുന്ന ശ്ലോകം ചൊല്ലി-

" ഭട്ടിര്‍ന്നഷ്ടഃ ഭാരവീയോപി നഷ്ടഃ
ഭിക്ഷുര്‍ന്നഷ്ടഃ ഭീമസേനഃ പ്രണഷ്ടഃ
ഭുക്കുണ്ഡോഹം ഭൂപതേ ത്വം ച രാജന്‍
ഭാഭാവല്ല്യാമന്തകസ്സന്നിവിഷ്ടഃ"

ഭട്ടിഃ നഷ്ടഃ = ഭട്ടി മരിച്ചു
ഭാരവീയഃ അപി നഷ്ടഃ = ഭാരവീയനും മരിച്ചു.
ഭിക്ഷുഃ നഷ്ടഃ = ഭിക്ഷു മരിച്ചു
ഭീമസേനഃ പ്രണഷ്ടഃ =ഭീമസേനനും മരിച്ചു
ഭുക്കുണ്ഡഃ അഹം = ഭുക്കുണ്ഡന്‍ എന്ന ഞാനും
ഭൂപതേ ത്വം രാജന്‍ ച =രാജാവായ അങ്ങും
ഭാഭാവല്ല്യാം അന്തകസ്സന്നിവിഷ്ടഃ = ഭ ഭാ ഭി ഭീ എന്ന അക്ഷരക്രമത്തില്‍ മൃത്യു അടുത്തവരായിരിക്കുന്നു

കാലന്‍ അക്ഷരമാലക്രമത്തില്‍ ആളുകളെ കൊല്ലുന്നു എന്ന തമാശ ആസ്വദിച്ച രാജാവ്‌ അദ്ദേഹത്തെ മോചിപ്പിച്ചു അത്രെ.


ഇനി നമുക്ക്‌ ഒരു ശ്ലോകം കൂടി പഠിക്കാം

കേയൂരാണി ന ഭൂഷയന്തി പുരുഷം
ഹാരാഃ ന ചന്ദ്രോജ്വലാഃ
ന സ്നാമം ന വിലേപനം ന കുസുമം
നാലം കൃതാ മൂര്‍ദ്ധജാഃ
വാണ്യേകാ സമലങ്കരോതി പുരുഷം
യാ സംസ്കൃതാ ധാര്യതേ
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം 
വാഗ്ഭൂഷണം ഭൂഷണം

ഭര്‍തൃഹരി യുടെ നീതിശതകം എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു സുഭാഷിതം ആണ്‌ ഇത്‌

പുരുഷം = അകാരാന്തം പുല്ലിംഗം പ്രഥമാ ദ്വിവചനം ആണ്‌ അല്ലെ അപ്പോള്‍ പുരുഷനെ എന്നര്‍ത്ഥം - ഇവിടെ ആണ്‌ എന്ന അര്‍ത്ഥം അല്ല മനുഷ്യനെ എന്ന് പൊതുവില്‍
കേയൂരാണി - കേയൂരങ്ങള്‍ - തോള്‍വളകള്‍
ഇത്‌ നപുംസകലിംഗ ശബ്ദം ആണ്‌ അകാരാന്തം നപുംസകലിംഗം
കേയൂരം - കേയൂരേ- കേയൂരാണീ 
ന ഭൂഷയന്തി = ഭൂഷണം ആകുന്നില്ല

ചന്ദ്രോജ്ജ്വലാഃ ഹാരാഃ (പുരുഷം ന ഭൂഷയന്തി) = ചന്ദ്രനെ പോലെ തിളങ്ങുന്ന മാലകളും പുരുഷന്‌ ഭൂഷണം ആകുന്നില്ല
സ്നാനം = കുളിയും 
വിലേപനം = ചന്ദനാദി ലേപനങ്ങളും
കുസുമം = പൂവും
അലം കൃതാ മൂര്‍ദ്ധജാഃ = അലങ്കരിച്ച്‌ വച്ച മുടിയും

(പുരുഷം ന ഭൂഷയന്തി)

ഏകാ വാണീ പുരുഷം സമലങ്കരോതി = വാക്ക്‌ ഒന്ന് മാത്രം ആണ്‌ മനുഷ്യനെ അലങ്കരിക്കുന്നത്‌
യാ = യാതൊന്ന് 
സംസ്കൃതാ = സംസ്കരിക്കപ്പെട്ട (ഏകാ വാണീ പുരുഷം സമലങ്കരോതി)

ഭൂഷണാനി ക്ഷീയന്തേ ഖലു = ആഭരണങ്ങള്‍ ക്ഷയിക്കുന്നു തീര്‍ച്ച തന്നെ
വാഗ്ഭൂഷണം സതതം ഭൂഷണം = വാക്കാകുന്ന ആഭരണം എല്ലാക്കാലവും ആഭരണം തന്നെ
അകാരത്തില്‍ അവസാനിക്കുന്ന രാമ ശബ്ദത്തിന്റെ രൂപങ്ങള്‍ ഒക്കെ ഇപ്പോള്‍ മനസിലായില്ലെ. ഇത്‌ പുല്ലിംഗം

ഇനി സ്ത്രീലിംഗശബ്ദം നോക്കാം. സ്ത്രീലിംഗത്തില്‍ 'അ'കാരത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ ഇല്ല എന്ന് വേണമെങ്കില്‍ പറയാം. ഒട്ടു മിക്കതും 'ആ'കാരത്തില്‍ ആണ്‌ അവസാനിക്കുന്നത്‌ 

പഠിക്കുവാന്‍ വേണ്ടി ഒരു ശബ്ദം ഉദാഹരണമായെടുക്കാം രമാ - ലക്ഷ്മിദേവി

രമാ -- രമേ -- രമാ
രമാം -- രമേ -- രമാ
രമയാ -- രമാഭ്യാം -- രമാഭിഃ 
രമായൈഃ -- രമാഭ്യാം -- രമാഭ്യഃ
രമായാഃ -- രമാഭ്യാം -- രമാഭ്യഃ 
രമായാഃ -- രമയോഃ -- രമാണാം
രമായാം -- രമയോഃ -- രമാസു

രമാ ക്രീഡതി = രമ കളിക്കുന്നു
രമാം പൂജയതി = രമയെ പൂജിക്കുന്നു
രമയാ സഹ = രമയോട്‌ കൂടെ
രമായൈഃ നമഃ = രമയ്ക്കായിക്കൊണ്ട്‌ നമസ്കാരം
സഃ രമായാഃ സമര്‍ത്ഥതരഃ = അവന്‍ രമയെക്കാള്‍ സമര്‍ത്ഥനാണ്‌
രമായാഃ കങ്കണൗ = രമയുടെ രണ്ട്‌ വളകള്‍
രമായാം ഭക്തിഃ = രമയില്‍ ഭക്തി 

എല്ലാ ആകാരാന്ത സ്ത്രീലിംഗശബ്ദങ്ങളും ഇതുപോലെ തന്നെ ആയിരിക്കും അപ്പോള്‍ ഇതൊരെണ്ണം കാണാതെ അറിയാം എങ്കില്‍ ബാക്കി എല്ലായിടവും ഇതു പോലെ തന്നെ

വര്‍ണ്ണങ്ങള്‍

നാം ഭാഷയില്‍ ഉപയോഗിക്കുന്ന ശബ്ദങ്ങളെ കുറിച്ച്‌ അല്‍പം വിശദമായി പഠിക്കാം

തൊണ്ട മുതല്‍ ചുണ്ട്‌ വരെയുള്ള പല ഭാഗങ്ങളില്‍ നിന്നായി പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന വ്യത്യസ്ഥ ശബ്ദങ്ങള്‍ ആണ്‌ വര്‍ണ്ണങ്ങള്‍

ഇവയെ പലപേരുകളില്‍ വിളിക്കുന്നു

അ, ഇ, ഋ, ള്‍ , ഉ 
(പറഞ്ഞ്‌ പറഞ്ഞ്‌ വൃത്തികേടാക്കി ആ ആ ഇ ഈ ഈറൊ, ഈലോ എന്ന് വരെ ആക്കിയതിലെ അഥവാ എറു എലു എന്ന് വരെ ആക്കിയ ആ രണ്ട്‌ എണ്ണം , ഒരെണ്ണം എഴുതാന്‍ പറ്റാത്തതിനാല്‍ ള്‍ എന്ന് എഴുതി എന്നെ ഉള്ളു)

ഇവരെ സ്വരങ്ങള്‍ എന്ന് വിളിക്കുന്നു - തൊണ്ട മുതല്‍ വരുന്ന വഴിയില്‍ പ്രത്യേകിച്ച്‌ തടസം കൂടാതെ അല്ലെങ്കില്‍ ഏറ്റവും അല്‍പമായ തടവ്‌ മാത്രം ഉള്ളവ ആണ്‌ ഇവ

ക്‌ ച്‌ ട്‌ ത്‌ പ്‌ എന്നിവ വ്യഞ്ജനങ്ങള്‍ - (ഖരങ്ങള്‍)
വഴിയില്‍ അല്‍പം തടസം നേരിട്ട്‌ വരുന്നവ ആണ്‌ ഇവ

ഇവയില്‍ ഓരോന്നിനോടും കൂടി 'ഹ്‌' ചേരുമ്പോള്‍

ഖ്‌ ഛ്‌ ഠ്‌ ധ്‌ ഫ്‌ ഉണ്ടാകുന്നു (അതിഖരങ്ങള്‍)

വ്യഞ്ജനങ്ങള്‍ മൃദുവായി ഉച്ചരിക്കുമ്പോള്‍ 
ഗ്‌ ജ്‌ ഡ്‌ ദ്‌ ബ്‌ (മൃദുക്കള്‍)
ഉണ്ടാകുന്നു

ഇവയോടൊപ്പം ഹ്‌ ചേരുമ്പോള്‍

ഘ്‌ ഝ്‌ ഢ്‌ ധ്‌ ഭ്‌ (ഘോഷങ്ങള്‍)
ഉണ്ടാകുന്നു.

ഇനി മൂക്കിന്റെ സഹായത്തോട്‌ കൂടി ഉണ്ടാകുന്നവ
ങ്‌ ഞ്‌ ണ്‌ ന്‌ മ്‌ (അനുനാസികങ്ങള്‍)

യ ര ല വ ഇവ അന്തസ്ഥങ്ങള്‍ എന്ന് അറിയപ്പെടൂന്നു

ഹ ശ ഷ സ ഇവ ഊഷ്മാക്കള്‍ എന്നറിയപ്പെടുന്നു. ഇവയെ സ്വരങ്ങളെ പോലെ നീട്ടി ഉച്ചരിക്കാന്‍ സാധിക്കുന്നവയാണ്‌ ശ്‌---- എന്നപോലെ

അപ്പോള്‍ മൊത്തത്തില്‍ സ്വരങ്ങള്‍ എന്നും വ്യഞ്ജനങ്ങള്‍ എന്നും രണ്ടായി വര്‍ണ്ണങ്ങളെ തരം തിരിച്ചിരിക്കുന്നു

ഇവയില്‍ സ്വരങ്ങള്‍ക്ക്‌ സ്വതന്ത്രമായി നിലനില്‍പ്പുണ്ട്‌, പക്ഷെ വ്യഞ്ജനങ്ങള്‍ സ്വരങ്ങളുടെ സഹായത്തോടു കൂടിയെ നിലനില്‍ക്കൂ - അഥവാ അങ്ങനെ സ്വതന്ത്രമായി നിലനില്‍ക്കണം എങ്കില്‍ അത്‌ ഒരു പദത്തിന്റെ അന്ത്യത്തില്‍ മാത്രമെ സാധിക്കൂ. ആ സമയത്ത്‌ അവ ഖരങ്ങള്‍ ആയിത്തീരും

ഉദാഹരണത്തിന്‌ ക്‌ മാത്രമായി ഉച്ചരിക്കാന്‍ പറ്റില്ല എന്നര്‍ത്ഥം ക കി കൃ ക്ല തുടങ്ങി ഒരു സ്വരം കൂടെ വേണം. 

സ്വരങ്ങളിലും വ്യഞ്ജനങ്ങളിലും പെടാത്ത ക്ലിപ്തമായ ഒരു അക്ഷരം ഇല്ലാത്ത രണ്ട്‌ ശബ്ദങ്ങള്‍ കൂടി നമുക്കുണ്ട്‌. അനുസ്വാരം , വിസര്‍ഗം

അനുസ്വാരം എന്നത്‌ പദത്തിന്റെ അവസാനം വരുന്ന അം എന്ന ഭാഗം
വിസര്‍ഗ്ഗം രണ്ട്‌ ചെറിയ പൂജ്യങ്ങളായി പദാന്ത്യത്തില്‍ ഇടുന്ന "ഃ" അടയാളം 

വിസര്‍ഗ്ഗം വേണ്ട സ്ഥലം-

1. ക , ഖ, പ, ഫ എന്നിവ തുടര്‍ന്നു വന്നാല്‍ 
2. പദ്യത്തില്‍ പാദാവസാനത്തില്‍
3. ഗദ്യത്തില്‍ വാക്യാവസാനത്തില്‍

മറ്റുള്ളിടത്തെല്ലാം വിസര്‍ഗ്ഗത്തിന്‌ രൂപഭേദം വരും

അക്ഷരം എന്ന് പറയുന്നതും വര്‍ണ്ണം എന്ന് പറയുന്നതും ഒന്നല്ല. ചെറിയ ഒരു വ്യത്യാസം ഉണ്ട്‌ 

അക്ഷരത്തെ വിഭജിക്കാന്‍ സാധിച്ചേക്കാം പക്ഷെ വര്‍ണ്ണത്തെ വിഭജിക്കാന്‍ സാധിക്കില്ല

ഉദാഹരണത്തിന്‌ 

സ്വരങ്ങള്‍ അക്ഷരങ്ങള്‍ ആണ്‌ അതേ സമയം വര്‍ണ്ണവും ആണ്‌. എന്നാല്‍
വ്യഞ്ജനങ്ങള്‍ നോക്കുക

ഗ = ഗ്‌ + അ

ഗ അക്ഷരം ആണ്‌ ഗ്‌ എന്ന വര്‍ണ്ണവും അ എന്ന വര്‍ണ്ണവും കൂടി ചേര്‍ന്നത്‌

ഒന്നിലധികം വ്യഞ്ജനങ്ങളും ഒരു സ്വരവും ചേര്‍ന്നത്‌ സംയുക്താക്ഷരം

ഉദാഹരണത്തിന്‌ 'ശ്രീ' അതില്‍ ശ്‌ + ര്‍ + ഈ ഇവ മൂന്നെണ്ണം ഉണ്ട്‌

'മാതാ' എന്ന വാക്കില്‍ രണ്ട്‌ അക്ഷരങ്ങള്‍ മാ + താ
പക്ഷെ ഇതില്‍ വര്‍ണ്ണങ്ങള്‍ നാലുണ്ട്‌ മ്‌ + ആ + ത്‌ + ആ

വിദ്വാന്‍ എന്ന വാക്കില്‍ അക്ഷരങ്ങള്‍ രണ്ടെ ഉള്ളൂ.
'വി' എന്ന കേവലാക്ഷരവും 'ദ്വാന്‍' എന്ന സംയുകതാക്ഷരവും

പക്ഷെ വര്‍ണ്ണങ്ങളൊ?

വ്‌ + ഇ + ദ്‌ + വ്‌ + ആ + ന്‍

ഇനി സ്വരങ്ങള്‍ക്ക്‌ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ പഠിക്കാം

നാം ആദ്യം അഞ്ച്‌ സ്വരങ്ങള്‍ കണ്ടു. മലയാളത്തില്‍ പഠിക്കുമ്പോള്‍ ആ ഈ ഊ എ ഐ ഒ ഔ എന്നിങ്ങനെ വേറെ കുറെ എണ്ണങ്ങള്‍ കൂടി നാം കണ്ടിട്ടുണ്ട്‌ അല്ലെ?

പക്ഷെ അവയൊക്കെ ഒന്നില്‍ കൂടൂതല്‍ സ്വരങ്ങളുടെ ചേര്‍ച്ച കൊണ്ടുണ്ടാകുന്നതാണ്‌

ഇവയില്‍ ആ ഈ ഊ എന്നിവ ഒരേ സ്വരം തന്നെ ഇരട്ടിച്ചതു കൊണ്ട്‌ ഉണ്ടാകുന്നു.
എന്നാല്‍ ബാക്കി ഉള്ളവ രണ്ടുതരം സ്വരങ്ങള്‍ കൂടിച്ചേരുന്നത്‌ കൊണ്ടുണ്ടാകുന്നു

അതായത്‌ സജാതീയങ്ങളായ സ്വരങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ അവ ദീര്‍ഘങ്ങള്‍ ആകും. വിജാതീയസ്വരങ്ങള്‍ ചേര്‍ന്നാല്‍ അവ സംയുക്തസ്വരങ്ങള്‍ ആകും

ഇപ്പോള്‍ നാം ഒരു കാര്യം കൂടികണ്ടു. സ്വരങ്ങള്‍ ഒറ്റയ്ക്ക്‌ മാത്രം ഉള്ള അഞ്ചെണ്ണം ഒരു മാത്ര സമയം മാത്രം എടുത്ത്‌ പറയുന്നവ. 
അതു കൊണ്ട്‌ അവയെ ഹ്രസ്വങ്ങള്‍ എന്ന് പറയുന്നു
ഒന്നില്‍ കൂടൂതല്‍ മാത്ര വേണ്ടവയെ ദീര്‍ഘങ്ങള്‍ എന്ന് പറയുന്നു

ഇങ്ങനെ മൂന്ന് തരം വര്‍ണ്ണഭേദങ്ങള്‍ ഉണ്ട്‌ - ഹ്രസ്വം , ദീര്‍ഘം, സംയുക്തം

ഈ ദീര്‍ഘങ്ങള്‍ പക്ഷെ ചിലയിടങ്ങളില്‍ കേവലദീര്‍ഘങ്ങള്‍ എന്ന് പറയപ്പെടും - അവ പദത്തില്‍ രണ്ടെണ്ണം കൂടീച്ചേര്‍ന്നുണ്ടാകുന്നതല്ല അതു കൊണ്ട്‌ അതിനെ രണ്ടായി പിരിക്കാന്‍ പറ്റില്ല
ഉദാഹരണത്തിന്‌ ആദി യിലെ ആ . അത്‌ കേവലദീര്‍ഘം
എന്നാല്‍ "ജന്മാഷ്ടമി" യിലെ 'ആ' രണ്ട്‌ 'അ' കള്‍ ചേര്‍ന്നുണ്ടായതാണ്‌ 

സംയുക്തസ്വരങ്ങളും ഘടകങ്ങളും

അ + അ = ആ
ഇ + ഇ = ഈ
ഉ + ഉ = ഊ 
അ + ഇ = എ
അ + ഉ = ഒ
അ + എ = ഐ
അ + ഒ = ഔ

കൂടീച്ചേരുമ്പോള്‍ ഹ്രസ്വമായാലും ദീര്‍ഘമായാലും ഒരുപോലെ തന്നെ. ഇവ കാണുക

രാമഃ + അവതാരഃ = രാമാവതാരഃ
സീതാ + ആനനം = സീതാനനം

അഭി + ഇഷ്ടം = അഭീഷ്ടം
ഗൗരീ + ഈശഃ = ഗൗരീശഃ

മധു + ഉദകം = മധൂദകം
മധു + ഊനം = മധൂനം

ഏവ + ഇതി = ഏവേതി
രമാ + ഈശ = രമേശഃ

ജന + ഉക്തി = ജനോക്തി
തഥാ + ഊചിവാന്‍ = തഥോചിവാന്‍

തവ + ഏവ = തവൈവ
വിനാ + ഐശ്വര്യ = വിനൈശ്വര്യ

നവ + ഓദനം = നവൗദനം
മഹാ + ഔഷധം = മഹൗഷധം

ഹ്രസ്വം ദീര്‍ഘം ഗുണം വൃദ്ധി വ്യഞ്ജനീഭാവം

വ്യഞ്ജനീഭാവം

ഇ ഉ ഋ ഇവയുടെ ശേഷം അവയല്ലാത്ത മറ്റേതെങ്കിലും ഒരു സ്വരമാണ്‌ വരുന്നത്‌ എങ്കില്‍ അവ വ്യഞ്ജനം ആയി മാറും ഇതിനെയാണ്‌ വ്യഞ്ജനീഭാവം എന്ന് പറയുന്നത്‌

അതിന്റെ ക്രമം ടേബിളില്‍ നോക്കുക
ഹ്രസ്വം
ദീര്‍ഘം
ഗുണം
വൃദ്ധി
വ്യഞ്ജനീഭാവം
--
--
യ്‌

വ്‌
അര്‍
ആര്‍
ര്‍
ഉദാഹരണം

യദി + അപി = യദ്യപി (യ ദ്‌ യ്‌ അ പി)
മധു + അരി = മധ്വരി ( മ ധ്‌ വ്‌ അരി)
പിതൃ + ആ = പിത്രാ (പി ത്‌ ര്‍ ആ)

8 comments:

  1. ഒറ്റ വായനയില്‍ പലതും മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല ,അത് എന്റെ കുറവാണ്
    നല്ല ശ്രമം ,തുടരുക
    ഗുണകരം
    ആശംസകള്‍

    ReplyDelete
  2. റ്റീച്ചർ വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും നന്ദി. 

    ReplyDelete
  3. in which language .. its banglaa ? or tamil ? ... you have to pur a gedget regarding Translater so if someone cant understand then he can translate it ... ok ?

    check mine also www.khaqaan.blogspot.com

    ReplyDelete
  4. Oh no. This is malayalam language of Kerala India ( Venice Of the East) . U can read with AnjaliOldlipi in unicode.

    ReplyDelete
  5. oh grt ... actually i m from pakistan that is why i cant read it ... u r doing poetry or its regarding some of other work

    ReplyDelete
  6. തീര്‍ച്ചയായും ഇതൊരു നല്ല ശ്രമമാണ് , തുടരുക , കൂടുതല്‍ പേരിലേക്ക് ഈ പോസ്റ്റ് എത്തട്ടെ , എല്ലാ പിന്തുണയും .

    ReplyDelete
  7. very useful ... great post.. thanks a lot.

    ReplyDelete