Monday, January 22, 2007

ശ്രീരാമന്റെ തിരിച്ചു വരവ്‌ --3

ഇനി അഥവാ ഭരതന്‍ അയോധ്യയിലെ സിഹാസനത്തില്‍ ഇരുന്നു ഭരിക്കുന്നു എന്നു വിചാരിക്കുക. ശ്രീരാമന്‍ ഒരു അനിഷ്ടാതിഥിയായി അവിടെ എത്തിച്ചേര്‍ന്നാലുള്ള അവസ്ഥ എന്തായിരിക്കും. എന്താ ഭരതനെ ഓടിച്ചിട്ടു തല്ലിക്കൊന്നിട്ടു രാമന്‍ ഭരിക്കുമോ?, അഥവാ ഇഷ്ടമില്ലാതെ ഒഴിഞ്ഞു കൊടുത്ത സിംഹാസനത്തില്‍ എന്നെന്നും ഭരതനെ സംശയിച്ചുകൊണ്ട്‌ രാമനിരിക്കുമോ?

ഇത്തരമൊന്നും അവസ്ഥകള്‍ യാതൊരു കാരണവശാലും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ്‌ ഹനുമാനെ മേല്‍ പറഞ്ഞതു പോളെ അങ്ങോട്ടു വിടുന്നത്‌ - അവിടെ പോയി അന്വേഷിക്‌ഹ്ചിട്ട്‌ പോയതിനെക്കാള്‍ വേഗത്തില്‍ മടങ്ങിവന്ന്‌ വിവരം പറയണം. എന്തിനാണെന്നോ - സകലസുഖസമൃദ്ധമായ ഈ ഭൂമി മുഴുവന്‍ ഭരതന്‍ ഭരിച്ചുകൊള്ളട്ടെ . തനിക്ക്‌ വേഗം തന്നെ വേറേ എവിടെയെങ്കിലും പോകുവാന്‍ -തനിക്കു രാജ്യം അന്നും വേണ്ടാ, ഇന്നും വേണ്ടാ. താന്‍ ധര്‍മ്മം നിറവേറ്റുന്നു എന്നു മാത്രം- ലേപനം ചെയ്യാതെ കര്‍മ്മം ചെയ്യുന്നു അന്നു ഇതിനെയാണ്‌ പറയുന്നത്‌.
നോക്കുക--

"സംഗത്യാ ഭരതഃ ശ്രീമാന്‍ രാജ്യേനാര്‍ത്ഥീ സ്വയം ഭവേല്‍
പ്രശാസ്തു വസുധാം സര്‍വാമഖിലാം രഘുനന്ദനഃ
തസ്യ ബുദ്ധിം ച വിജ്ഞായ വ്യവസായം ച വാനര
യാവന്ന ദൂരം യാതാഃ സ്മഃ ക്ഷിപ്രമാഗന്തുമര്‍ഹതി"

കൈകേയിയുമായുള്ള സഹവാസം മൂലം ഭരതന്‌ ഒരു പക്ഷേ രാജ്യത്തില്‍ ഇഷ്ടം തോന്നുന്നുണ്ടായേക്കാം. അങ്ങനെയാണെങ്കില്‍ അവന്‍ ഈ സര്‍വജഗത്തിനേയും ഭരിച്ചു കൊള്ളട്ടെ. അവന്റെ മനസ്സറിഞ്ഞ ശെഷം, ഞ്‌അങ്ങള്‍ ഈ ആശ്രമത്തില്‍ നിന്നും അധിക ദൂരം പോകുന്നതിനു മുമ്പു തന്നെ - പെട്ടെന്ന്‌ തിരികെ എത്തുകയും വേണം.



-----------------

എന്നാല്‍ അവിടെ ചെന്നു നോക്കുന്ന ഹനുമാന്‍ കാണുന്ന ഭരതനോ?-

ഭരതന്‍ അയോധ്യയില്‍ പോകുന്നു പോലുമില്ല. നന്ദിഗ്രാമത്തില്‍ ഉണ്ടാക്കിയ ആശ്രമത്തില്‍ മരവുരിധരിച്ച്‌ (ശ്രീരാമന്‍ വനവാസത്തില്‍ എങ്ങനെ കഴിഞ്ഞുവോ അതുപോലെ) ആശ്രമവാസിയായി, ശ്രീരാമന്റെ പാദുകങ്ങളേ വച്ചു പൂജ ചെയ്ത്‌ അതിന്റെ പ്രതിനിധിയായി രാജ്യഭാരം നടത്തുന്നു. അയോധ്യയിലെ സിംഹാസനം രാമനുവേണ്ടി ഒഴിച്ചിട്ടിരിക്കുന്നു.

ഭരതനെ കണ്ട രംഗം കേള്‍ക്കണ്ടേ?

"ക്രോശമാത്രേ ത്വയോധ്യായശ്ചീരകൃഷ്ണാജിനാംബരം
ദദര്‍ശ ഭരതം ദീനം കൃശമാശ്രമവാസിനം
ജടിലം മലദിഗ്ധാംഗം ഭ്രാതൃവ്യസനകര്‍ശിതം
ഫലമൂലാശിനം ദാന്തം താപസം ധര്‍മ്മചാരിണം
സമുന്നതജടാഭാരം വല്‍കലാജിനവാസസം
നിയതം ഭാവിതാത്മാനം ബ്രഹ്മര്‍ഷിസമതേജസം
പാദുകേ തേ പുരസ്കൃത്യ പ്രശാസന്തം വസുന്ധരാം"



അയോധ്യയില്‍ നിന്നും ഏകദേശം ഒരു കോസം( മൂന്നു മൈ ലിനു തുല്യം ) ദൂരത്തുള്ള നന്ദിഗ്രാമത്തില്‍ ദീനനായ , കൃശനായ , സഹോദരദുഃഖത്താല്‍ ക്ഷീണിച്ച, മരവുരി ധരിച്ച ധര്‍മ്മപഥത്തില്‍ സഞ്ചരിക്കുന്ന, ജടാധാരിയായ, പാദുകങ്ങളെ പുരസ്കരിച്ച്‌ രാജ്യം ഭരിക്കുന്ന---- ---- ഭരതനെയാണ്‌ കാണുന്നത്‌.

അതുകൊണ്ടാണ്‌ ശ്രീരാമന്‍ തിരികെ രാജ്യഭാരം ഏല്‍ക്കുന്നതും.

ഈ തരത്തിലുള്ള മാനുഷിക ബന്ധങ്ങളും, രാജധര്‍മ്മവും-( ശരിയായ രാഷ്ട്രീയം) ഒക്കെയാണ്‌ വാല്മീകിരാമായണത്റ്റ്‌ഹിലെ പ്രതിപാദ്യവിഷയം.

8 comments:

  1. ശ്രീരാമന്റെ തിരിച്ചു വരവ്‌ --3
    ഇന്നു കുറച്ചു തിരക്കു കൂടിപ്പോയതുകൊണ്ട്‌ ഒന്നിച്ച്‌ എഴുതുവാന്‍ സാധിച്ചില്ല - ബാക്കി ദാ ഇപ്പോള്‍ പോസ്റ്റ്‌ ചെയ്യുന്നു.

    സു വിനും കുറുമാന്‍ ജികും മറ്റും നന്ദി വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

    ReplyDelete
  2. ഇതും വായിച്ചു. :)

    ReplyDelete
  3. “എന്നിത്യാദി” എന്ന പ്രയോഗം ഉപേക്ഷിച്ചാലും. ഒന്നുകില്‍ “ഇത്യാദി”, അല്ലെങ്കില്‍ “എന്നു തുടങ്ങി”. “ഇതി” എന്നാല്‍ സംസ്കൃതത്തില്‍ “എന്ന്” എന്നാണര്‍ത്ഥം. ഈ പ്രയോഗം ഇപ്പോഴും വ്യാപകമാ‍ണെന്നു സമ്മതിക്കാം, പണ്ഡിതരടക്കമുള്ളവര്‍ ഉപയോഗിക്കുന്നുണ്ടെന്നും. എന്നാലും അബദ്ധപ്രയോഗങ്ങള്‍ ബ്ലോഗുകാരായിട്ട് പ്രോത്സാഹിപ്പിക്കണ്ടല്ലോ.

    ReplyDelete
  4. രാവുണ്ണി മാഷേ നന്ദി. ഇതു ഞാന്‍ ആദ്യമായാണ്‌ ശ്രദ്ധിക്കുന്നത്‌. മലയാളം സഹിത്യം പഠിച്ചിട്ടില്ലാത്തതു കൊണ്ട്‌ അപപാഠങ്ങള്‍ ധാരാളം എന്റെ എഴുത്തില്‍ കണ്ടേക്കാം. താങ്കളുടെ വാക്കുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു,, 'എന്നിത്യാദി' എന്നു കേള്‍ക്കുമ്പോള്‍ ഏതാണ്ടൊരിതു പോലെ. അതു ദാ ഇവിടെ തന്നെ തിരുത്തുന്നു. കഴിയുമെങ്കില്‍ പോസ്റ്റിലേതും എഡിറ്റ്‌ ചെയ്ത്‌ മാറ്റാം.

    താങ്കള്‍ ഈ എഴുതിയതുപോലെ അല്ലാതെ നമ്മുടെ ബ്ലോഗ്‌ ശൈലിയില്‍ (ഇതൊന്നും ആരും എന്നോടു പറഞ്ഞതല്ല കേട്ടൊ) "-- തനിക്കു വിവരമുണ്ടെന്നു വിചാരിച്ചു ഞാന്‍ എന്റെ സമയം വെറുതേ മിനക്കെടുത്തി--" "-- ശബ്ദതാരാവലിയൊക്കെ തലയണക്കടിയിലായിരിക്കും വച്ചേക്കുന്നത്‌---" എന്നീ രീതിയിലാകാതിരുന്നതിനു പ്രത്യേക നന്ദി. ഇനി അഥവാ അങ്ങനെ ആയിരുന്നെങ്കിലും തെറ്റ്‌ എന്റെ പക്ഷത്താണെങ്കില്‍ ഞാന്‍ തിരുത്തും കേട്ടോ.

    വക്കാരീ- വക്കാരീസ്‌ ടിപ്സ്‌ ല്‍ ക്രിയാത്മകവിമര്‍ശനത്തിന്റെ ഒരു ഉത്തമ ഉദാഹരണമായി ഇദ്ദേഹതിന്റെ ഈ വാക്കുകള്‍ വേണമെങ്കില്‍ quote ചെയ്തു കൂടേ?

    ReplyDelete
  5. പണിക്കര്‍ സാറെ, അങ്ങിനെ വിളിക്കാനാണ് ഇഷ്ടം.പ്രായക്കൂടുതല്‍ കൊണ്ടും, എന്നെക്കാള്‍ വിവരമുള്ളതു കൊണ്ടും.( എനിക്ക് എന്റെ അച്ഛനെക്കാള്‍ വിവരമുണ്ടെങ്കിലും(എന്നാണ് എന്റെ ധാരണ!) ഞാന്‍ അച്ഛനെക്കേറി പേര് വിളിക്കാറില്ല).
    സാറിന്റെ കൃതികളുടെ ഒരു ന്യൂനത ഞാന്‍ മനസ്സിലാക്കുന്നത് ആറ്റിക്കുറുക്കി ഇങ്ങനെ കുഞ്ഞന്‍ കൃതിയായി ഇടുന്നതാണ് എന്നാണ്.ഒരു വിഷയത്തെ അല്‍പ്പം കൂടി പരത്തി പദാനുപദ തര്‍ജ്ജമകള്‍ നല്‍കി അല്ലെങ്കില്‍ വ്യാഖാനങ്ങള്‍ നല്‍കി (പ്രത്യേകിച്ച് സംസ്കൃതം)പറയുകയാണെങ്കില്‍ കുറച്ച് കൂടി മനസ്സിലാക്കാന്‍ എളുപ്പമാണ്.ഇത് വായിച്ച് രസം പിടിച്ച് വരുമ്പോള്‍ നിന്ന് പോകുന്നു.(ഇന്റര്‍നെറ്റ് തകരാറാണെന്നുള്ളത് ഞാന്‍ മനസ്സിലാക്കുന്നു).എങ്കിലും വടക്കേയിന്‍ഡ്യയിലെ ഒരു കുഗ്രാമത്തിലിരുന്ന്,ഇത്രയെങ്കിലും ചെയ്യുന്നത് തന്നെ ഒരു നല്ല കാര്യം. നല്ല നല്ല കൃതികള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. പ്രിയ അനംഗാരി ജീ

    ആശുപത്രിയില്‍ ഇടക്കൊക്കെ ഒഴിവു സമയം കിട്ടുമ്പോള്‍ കുത്തിക്കുറിക്കുന്നതാണ്‌. വലിയതായി പ്ലാന്‍ ചെയ്തു എഴുതാന്‍ സാധികാറില്ല. മേലില്‍ കുറച്ചു കൂടി വിശദമാക്കാന്‍ ശ്രമിക്കാം.

    ReplyDelete
  7. പണിക്കര്‍ സാറേ എല്ലാം വായിക്കുന്നു. അടുത്തതു് പ്രതീക്ഷിക്കുന്നു.

    ReplyDelete
  8. എനിക്ക് വളരെ ഇഷ്ടപെട്ടു.ഭരതന്റെ സഹോദര സ്നേഹം ഇന്നത്തെ ജനങ്ങള്‍‌ അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്‌.നല്ലൊരു ബ്ലോഗ് സന്ദറ്ശിച്ച ചാരിതാറത്ഥ്യത്തോടെ.
    അഭിനന്ദനാങള്‍.തുടര്ര്ന്നെഴുതുക...

    ReplyDelete