Wednesday, January 03, 2007

ആചാര്യഃ സര്‍വചേഷ്ടാസു

ഗുരുവിനെക്കുറിച്ച്‌ ചില പരാമര്‍ശങ്ങള്‍ കണ്ടതുകൊണ്ട്‌ നാം ഗുരു എന്ന പദത്തിന്റെ അര്‍ഥത്തെ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു.

"ആചാര്യഃ സര്‍വചേഷ്ടാസു ലോക ഏവ ഹി ധീമതഃ"

ബുദ്ധിമാന്മാര്‍ക്ക്‌ ലോകം തന്നെയാണ്‌ ഗുരു.

പക്ഷെ എല്ലാവരും ബുദ്ധിമാന്മാരല്ല. അഥവാ ബുദ്ധി ഉണ്ടെങ്കില്‍ തന്നെ എന്തു വായിച്ചാലും അതിലുള്ള സകല അര്‍ത്ഥവും, താല്‍പര്യവും മനസ്സിലാക്കുവാന്‍ തക്കവണ്ണം വികസിച്ചതായിരിക്കണമെന്നില്ല.

അങ്ങനെയുള്ളവര്‍ക്ക്‌ അവരുടെ ദൃഷ്ടിയെ പ്രകാശിപ്പിക്കുന്ന ദീപമാണ്‌ ഗുരു.

അജ്ഞാനതിമിര അന്‍ധസ്യ ജ്ഞാനാഞ്ജനശലാകയാ
തത്‍ പദം ദര്‍ശിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ
(ചക്ഷുരുന്മീലിതം യേന എന്നു പാഠഭേദം )
(തിമിര എന്നു അന്ധസ്യ എന്നും ഉള്ളത്‌ ചേര്‍ത്തെഴുതുമ്പോള്‍ തെറ്റായി വരമൊഴ്‌ കാണിക്കുന്നു)


അറിവില്ലാഴികയാകുന്ന തിമിരം കൊണ്ട്‌ അന്ധനായവനെ അറിവാകുന്ന ശലാക ഉപയോഗിച്ച്‌
( In Susrutha samhitha there is a detailed description of the surgery done for cataract which is referred to here)
നേര്‍വഴി നടത്തുന്ന ( മ റ്റെ പാഠത്തില്‍ - കണ്ണു തുറപ്പിക്കുന്ന) വനായ ഗുരുവിന്‌ പ്രണാമം.

"മന്ത്രവ്യാഖ്യാകൃദാചാര്യഃ"
- ഷഡംഗയുക്തമായ വിദ്യാഭ്യാസം കൊണ്ട്‌ മന്ത്രത്തിന്റെ അര്‍ത്ഥം വരെ വ്യാഖ്യാനിച്ച്‌ ശിഷ്യനെ പഠിപ്പിക്കുവാന്‍ തക്ക അറിവുള്ളയാളാണ്‌ ആചാര്യ ശബ്ദത്തിനര്‍ഹന്‍.

ഗുരു എങ്ങനെയായിരിക്കരുത്‌-
"അന്നോപാധിനിമിത്തേന ശിഷ്യാന്‍ ബധ്നന്തി ലോലുപാഃ-"

ലോലുപന്മാര്‍ വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു അഥവാ അവര്‍ക്ക്‌ ബാധയായിത്തീരുന്നു

"വേദവിക്രയിണശ്ചാന്യേ തീര്‍ഥവിക്രയിണോപരേ"

വിദ്യയേയും, തീര്‍ഥത്തേയും വില്‍പനച്ചരക്കാക്കുന്നു മറ്റുചിലര്‍.മേല്‍പറഞ്ഞ തരത്തില്‍ ആചാര്യപരീക്ഷ ചെയ്ത്‌ തനിക്കനുയോജ്യനായ ഗുരുവിനെ കണ്ടു പിടിക്കണം. അല്ലാതെ സ്വയം പ്രഖ്യാപിത ഗുരുക്കന്മാരുടെ അടുത്തു നിന്നു പഠിക്കണം എന്ന്‌ നമ്മുടെ ശാസ്ത്രം പറയുന്നില്ല. ( അങ്ങനെ വേണമെന്നു ഞാനും ഒരിടത്തും പറഞ്ഞിട്ടില്ല - പക്ഷെ നല്ല ഗുരുവിനെ ലഭിക്കാന്‍ യോഗം വേണം)

ഇനി പഠിത്തം കഴിഞ്ഞാലോ -
ഭഗവത്‌ ഗീതയില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക-

"വിമൃശ്യൈതദശേഷേണ
യഥേഛസി തഥാ കുരു"

ഞാന്‍ ഈ ഉപദേശിച്ചതത്രയും വിമര്‍ശനബുദ്ധിയോടു കൊഒടി അശേഷമാകും വണ്ണം അതായത്‌ ഒട്ടും ബാക്കി വക്കാതെ പഠിച്ച്‌ ശേഷം നിനക്ക്‌ ഇഷ്ടമുള്ളത്‌ ചെയ്യുക.
ഈ വാക്കുകള്‍ ഒന്നു കൂടി ശ്രദ്ധിച്ചു പഠിക്കുക- ഗുരു ഒരിക്കലും നിര്‍ബന്ധിക്കുന്നില്ല അവനവന്റെ സ്വാതന്ത്ര്യം എറ്റവും നന്നായി ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുകയാണ്‌ ചെയ്യുന്നത്‌


താഴെ കൊടുത്ത ചില ശ്ലോകങ്ങളും കൂടി നോക്കുക-

ജനിതാ ചോപനേതാ ച യസ്തു വിദ്യാം പ്രയഛതി
അന്നദാതാ ഭയത്രാതാ പഞ്ചൈതേ പിതരഃ സ്മൃതാഃ

ജന്മം തരുന്നയാള്‍, ഉപനയനം ചെയ്യുന്നയാള്‍, വിദ്യ തരുന്നയാള്‍, ആഹാരം തരുന്നയാള്‍, ഭയത്തില്‍ നിന്നും രക്ഷിക്കുന്നയാള്‍ ഈ അഞ്ചുപേരേ ചേര്‍ത്ത്‌ പഞ്ചപിതാക്കള്‍ എന്നു പറയുന്നു. ഇവരെ അഞ്ചു പേരേയും പിതാവിനേ പോലെ കരുതണം എന്നാണ്‌ ഇതിന്റെ അര്‍ത്ഥം
.
ഏകമേവാക്ഷരം യസ്തു ഗുരുഃ ശിഷ്യം പ്രബോധയേല്‍
പൃഥിവ്യാം നാസ്തി തദ്‌ ദ്രവ്യം യദ്ദത്വാ ചാനൃണീ ഭവേല്‍

ഒരക്ഷരമെങ്കിലും പഠിപ്പിച്ച ഗുരുവിനു കൊടുത്തു കടം വീട്ടത്തക്കവണ്ണം ഈ ഭൂമിയില്‍ യാതൊരു വസ്തുവുമില്ല.

പുസ്തകേഷു ച യാ വിദ്യാ പരഹസ്തഗതം ധനം
ഉല്‍പന്നേഷു തു കാര്യേഷു ന സാ വിദ്യാ ന തദ്ധനം

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌ - നമുക്കൊരാവശ്യം വരുമ്പോള്‍ ഒന്നു വിദ്യയുമല്ല, മറ്റേതു ധനവുമല്ല

പുസ്തകേ പ്രത്യയാധീതം നാധീതം ഗുരുസന്നിധൗ
സഭാമദ്ധ്യേ ന ശോഭന്തേ --"

ഗുരുവിങ്കല്‍ നിന്നല്ലാതെ പുസ്തകത്തില്‍ നിന്നു പഠിച്ച വിദ്യ സഭയി ശോഭിക്കുകയില്ല-
കാരണം ഗുരുവില്‍ നിന്നഭ്യസിക്കുന്ന വിദ്യക്ക്‌ നിശ്ചയാത്മികതയുണ്ട്‌. ഇത്‌ ഇതാണ്‌ എന്ന്‌ തീര്‍ച്ചയുണ്ട്‌ മറ്റേതില്‍ സംശയത്തിനവകാശമുണ്ട്‌.

https://www.facebook.com/muralidharan.kp.319/posts/1431097686957042

25 comments:

 1. ഗുരുവിനെക്കുറിച്ച്‌ ചില പരാമര്‍ശങ്ങള്‍ കണ്ടതുകൊണ്ട്‌ നാം ഗുരു എന്ന പദത്തിന്റെ അര്‍ഥത്തെ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു.

  "ആചാര്യഃ സര്‍വചേഷ്ടാസു ലോക ഏവ ഹി ധീമതഃ"

  പുസ്തകേ പ്രത്യയാധീതം നാധീതം ഗുരുസന്നിധൗ
  സഭാമദ്ധ്യേ ന ശോഭന്തേ --"

  ഗുരുവിങ്കല്‍ നിന്നല്ലാതെ പുസ്തകത്തില്‍ നിന്നു പഠിച്ച വിദ്യ സഭയി ശോഭിക്കുകയില്ല-
  കാരണം ഗുരുവില്‍ നിന്നഭ്യസിക്കുന്ന വിദ്യക്ക്‌ നിശ്ചയാത്മികതയുണ്ട്‌. ഇത്‌ ഇതാണ്‌ എന്ന്‌ തീര്‍ച്ചയുണ്ട്‌ മറ്റേതില്‍ സംശയത്തിനവകാശമുണ്ട്‌.

  ReplyDelete
 2. നല്ല വിശദീകരണം, പണിക്കര്‍ മാഷേ. കാര്യങ്ങള്‍ അധികം അദ്ധ്വാനമില്ലാതെ മനസ്സിലാക്കാന്‍ പറ്റിയാല്‍ വളരെ സന്തോഷം (തലച്ചോറിന് ഭാരം കുറച്ച് കുറവായതുകൊണ്ടാണെന്ന് തോന്നുന്നു- ഒരു ലോ ഡെന്‍സിറ്റി ഹൈ പെര്‍ഫോമന്‍സ് തലച്ചോര്‍ ഉണ്ടാക്കണം).

  ലോകം തന്നെ ഗുരു എന്നുള്ളത് വളരെ അവ്യക്തമായ ഒരു കാര്യമല്ലേ. അതിനെ ഒരു confined space-ല്‍ എങ്ങിനെ നിര്‍വ്വചിക്കാം?

  അതുപോലെ അവസാനം പറഞ്ഞ “ഗുരുവിങ്കല്‍ നിന്നല്ലാതെ പുസ്തകത്തില്‍ നിന്നും പഠിച്ച വിദ്യ ശോഭിക്കുകയില്ല” എന്നതിനും ഉദാഹരണ സഹിതം വിശദീകരണം തരാമോ? കാരണം ഗുരുവും പുസ്‌തകങ്ങളെ ആശ്രയിക്കുന്നില്ലേ വിജ്ഞാനത്തിനു വേണ്ടി? പുസ്തകങ്ങള്‍ എഴുതിയിരിക്കുന്നതും ഗുരുക്കന്മാര്‍ തന്നെയാവില്ലേ (എല്ലാം അങ്ങിനെയല്ലെങ്കിലും). അതോ direct interaction ഗുരുമുഖത്തുനിന്ന് സാധ്യമാവുന്നതുകൊണ്ടാണോ അങ്ങിനെ പറഞ്ഞത്? എഴുതിവെച്ചിരിക്കുന്നതെല്ലാം സത്യമാവണമെന്നുണ്ടോ എന്ന ലാലേട്ടന്‍ ഡയലോഗ് പ്രകാരം എഴുതിയ ആള്‍ ഉദ്ദേശിക്കാത്ത രീതിയില്‍ പുസ്തകത്തില്‍ നിന്ന് മനസ്സിലാക്കി അതാണ് ഇത് എന്ന തെറ്റിദ്ധാരണ പുസ്തകപഠനത്തെ മാത്രം ആശ്രയിച്ചാല്‍ വരുമെന്നുള്ളതുകൊണ്ടാണോ ഗുരുവില്‍ നിന്നഭ്യസിക്കുന്ന വിദ്യയ്ക്ക് നിശ്ചയാത്മികതയുണ്ട് എന്ന് പറയാന്‍ കാരണം?

  ReplyDelete
 3. രാമായണത്തിനെ സംബന്ധിച്ച്‌ എഴുതിയപ്പോള്‍ രാജാക്കന്മാരുടെ നായാട്ടിനെ പരാമര്‍ശിച്ച സമയത്ത്‌ സംസ്കൃതവ്യാകരണകര്‍ത്താവായ പാണിനി വ്യാഘ്രശബ്ദം നിര്‍വച്ചിച്ചു കൊണ്ടിരുന്നപ്പോള്‍ കടുവ വന്നതും, അതു കണ്ടിട്ടും രക്ഷപെടാന്‍ ശ്രമിക്കാതെ അതിന്റെ വായില്‍ കിടന്നും മരിക്കും വരെ ഉപദേശം കൊടുത്തു കൊണ്ടിരുന്നതും ഞാന്‍ മുമ്പെഴുതിയിരുന്നു.
  ആ നില വരെ സ്വാര്‍ത്ഥചിന്ത പോയിട്ട്‌ സ്വജീവനെന്ന ചിന്ത പോലുമില്ലാത്ത തരം ആളുകളെ യാണ്‌ നാം ഗുരു അഥവാ ആചാര്യശബ്ദം കൊണ്ടു വ്യവഹരിച്ചിരുന്നറ്റ്‌ഹ്‌.
  ആചാര്യനെ ആപ്തശബ്ദം കൊണ്ടും വിളിക്കും.
  "ആപ്തസ്തു യഥാര്‍ത്ഥവക്താ"

  യാഥാര്‍ഥ്യം പറയുന്നവനാണ്‌ ആപ്തന്‍. ഇത്തരത്തില്‍ പെട്ടയാളുകള്‍ കള്ളം എഴുതി എന്തെങ്കിലും നേടാന്‍ ശ്രമിച്ചിരിക്കും എന്നു കരുതുവാനുള്ള ന്യായം എന്താണ്‌?
  വ്യാഖ്യാനങ്ങളില്‍ പിഴവു വരാം അതിനാണ്‌

  " വിമൃശ്യൈതദശെഷേണ --"

  എന്നു തുടങ്ങുന്ന ഗീതാശ്ലോകം ഉദ്ധരിച്ചത്‌.

  അവസാനത്തെ ശ്ലോകത്തില്‍ -

  സഭാമധ്യേ ന ശോഭന്തേ -"

  എന്നാണ്‌. തര്‍ക്ക വിഷയത്തില്‍ സഭയില്‍ മറ്റൊരാള്‍ എന്താണ്‌ പറയുവാന്‍ സാധ്യതയുള്ളത്‌ എന്നു ഉറപ്പില്ല, ഏതെങ്കിലും ഗുരു വിശിഷ്ടമായ ഒരര്‍ത്ഥം എതിരാളിക്കുപദേശിച്ചിരിക്കുവാന്‍ സാധ്യതയുണ്ടാകാമല്ലൊ, അതാണ്‌ സംശയത്തിനിടയുണ്ട്‌ എന്നു പറയുന്നത്‌. നേരേ മറിച്ച്‌ ഗുരുവിനടുത്തു നിന്നും ഉള്ള വിദ്യാഭ്യാസത്തില്‍ തദ്വിദ്യാസംഭാഷ എന്ന സങ്കേതമുപയോഗിച്ച്‌ അതിന്റെ എല്ലാ വശങ്ങളും നേരത്തേ തന്നെ വിശകലനം ചെയ്യുവാന്‍ സാധിക്കും അവിടെ നിശ്ചയബുദ്ധിയുണ്ടാകുന്നു.

  ReplyDelete
 4. പണിക്കര്‍ സാറിന്റെ അഭിപ്രായങ്ങള്‍ വളരെ ഇരുത്തി ചിന്തിപ്പിക്കുന്നതു തന്നെ.....

  ഒരുതരി പഞ്ചസാരയുടെ രുചിപോലും എഴുതിഫലിപ്പിക്കാനാവാത്ത പ്രകാരത്തില്‍ പരിമിതമാണ്‌ എഴുതപ്പെടുന്ന അറിവുകളെല്ലാം. അനുഭവമില്ലാതെ നമുക്ക്‌ പലതും ഗ്രഹിക്കാനാവില്ല; അവിടെ സാമാന്യബുദ്ധിയോ അതിബുദ്ധിയോ അപ്രസക്തമാണുതാനും...

  അതിനപ്പുറത്ത്‌ അനുഭവത്തിന്റെ അനുഭൂതിതലങ്ങളൂണര്‍ത്താനാവാത്തവര്‍ ഗുരു എന്ന യഥാര്‍ത്ഥ നിര്‍വചനത്തിന്‌ അര്‍ഹരല്ല എന്നാണ്‌ എന്റെ അഭിപ്രായവും അനുഭവവും. അതിനാവാത്ത ഗുരുക്കന്മാരും ഗുരുക്കന്മാര്‍ തന്നെ.. ഏതാണ്ട്‌ ബില്‍ കളക്റ്ററും ജില്ലാ കളക്റ്ററും എന്ന പോലെ വ്യത്യാസമുണ്ടാവുമെന്നു മാത്രം!

  അതറിഞ്ഞിട്ടുതന്നെയാകണം ആശാന്‍ ഇങ്ങനെയെഴുതിയത്‌:

  തന്നതില്ല പരനുള്ളുകാട്ടുവാന്‍
  ഒന്നുമേ നരനുപായമീശ്വരന്‍
  ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ,
  വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍

  വക്കാരീ....
  ഏതൊരു അറിവാണോ എല്ലാ അറിവുകളിലേയ്ക്കുമുണര്‍ത്തുന്നത്‌, ആ അറിവു പകര്‍ന്നുതരുന്ന ഗുരുവിന്‌ പുസ്തകങ്ങളാവില്ല ആശ്രയം. മറിച്ച്‌ ആത്മജ്ഞാനമാവും. അവിടെ ഗുരു നിരക്ഷരനോ ഇറച്ചിവെട്ടുകാരനോ ആവാം.

  പണിക്കര്‍ സാര്‍... ഏറ്റവും രുചിച്ച വാചകം ഇതാണ്‌ എന്നുകൂടി പറഞ്ഞോട്ടെ...
  "പക്ഷേ നല്ല ഗുരുവിനെ കിട്ടാന്‍ യോഗം വേണം."
  വളരെ അക്കാര്യം പറഞ്ഞ താങ്കള്‍ക്ക്‌ നന്ദി!

  ReplyDelete
 5. "പക്ഷേ നല്ല ഗുരുവിനെ കിട്ടാന്‍ യോഗം വേണം."
  അക്കാര്യം പറഞ്ഞ വളരെ താങ്കള്‍ക്ക്‌ നന്ദി

  ReplyDelete
 6. പണിക്കര്‍ സാര്‍... ഏറ്റവും രുചിച്ച വാചകം ഇതാണ്‌ എന്നുകൂടി പറഞ്ഞോട്ടെ...
  "പക്ഷേ നല്ല ഗുരുവിനെ കിട്ടാന്‍ യോഗം വേണം."

  അക്കാര്യം പറഞ്ഞ താങ്കള്‍ക്ക്‌ വളരെ നന്ദി

  ReplyDelete
 7. പ്രിയ Saha,
  ഉപനിഷത്തില്‍ ഗുരുവിനോടു ശിഷ്യന്‍ ചോദിക്കുന്നതു തന്നെ അതാണ്‌ - " ഹേ ഗുരോ ഏതൊന്നിനെ അറിഞ്ഞാല്‍ എല്ലാം അറിയുമാറാകുമോ അതിനെ ഉപദേശിച്ചുതരണേ" എന്ന്‌
  താങ്കള്‍ പറഞ്ഞ ഇറച്ചിവെട്ടുകാരന്റെ കഥ വ്യാഥഗീതയില്‍ പറയുന്നു. ഇത്രയും പ്രബുദ്ധരായ നിങ്ങളൊക്കെ ഇവിടെ വരുന്നതിലും അഭിപ്രായം പറയുന്നതിലും സന്തോഷമുണ്ട്‌.
  പിന്നെ ഒരാള്‍ എഴുതിയാല്‍ അയാള്‍ ഉദ്ദേശിച്ചതല്ലാതെ മറ്റര്‍ത്ഥങ്ങള്‍ വായിക്കുന്നവര്‍ക്കുണ്ടാകും എന്നറിയാമായിരുന്നതു കൊണ്ടല്ലേ കാളിദാസന്‍
  "വാഗര്‍ത്ഥാവിവ സമ്പൃക്തൗ വാഗഋഥപ്രതിപത്ത യേ
  ജഗതഃ പിതരൗ വന്ദേ പാര്‍വതീ പരമേശ്വരൗ" വാക്കിനേയും അര്‍ത്ഥത്തേയും പോലെ യോജിച്ചിരിക്കുന്ന പാര്‍വതീപരമേശ്വരന്മാര്‍, വാക്കിന്റെ അര്‍ത്ഥപ്രതിപത്തിക്കായി സഹായിക്കണേ- വായിക്കുന്നവന്‌ ഞാന്‍ ഉദ്ദേശിച്ചതു തന്നെ മനസ്സിലാകണേ എന്ന്‌ രഘുവംശത്തിന്റെ ആദ്യശ്ലോകമായി എഴുതിയത്‌.

  ReplyDelete
 8. (തിമിര എന്നു അന്ധസ്യ എന്നും ഉള്ളത്‌ ചേര്‍ത്തെഴുതുമ്പോള്‍ തെറ്റായി വരമൊഴ്‌ കാണിക്കുന്നു)

  തിമിരാന്ധസ്യ എന്നെഴുതാന്‍ thimiraandhasya എന്നു വരമൊഴിയില്‍ എഴുതിയാല്‍ മതി മാഷേ. മാഷ് വരമൊഴിയുടെ ഹെല്‍പ്പ് ഫയല്‍ വായിച്ചു ചെയ്യാന്‍ നോക്കുന്നതു കൊണ്ടാണു് ഇങ്ങനെ പറ്റിയതു്. അതിലേതു വിദ്യയല്ല. സിബു എന്ന ഗുരു ഒരിക്കല്‍ എന്നെ വിളിച്ചു് അരികില്‍ അല്പം താഴെയായി ഇരുത്തി മറ്റാരും കേള്‍ക്കാതെ ഉപദേശിച്ചു തന്നതാണു് മുകളില്‍ കൊടുത്ത വിദ്യ :)

  ഈ പോസ്റ്റ് ഒരുപാടു ശ്ലോകങ്ങളുടെയും അവയുടെ പരാവര്‍ത്തനത്തിന്റെയും കളക്ഷന്‍ മാത്രമാണല്ലോ മാഷേ. ഇത്ര പോകേണ്ട കാര്യമില്ല. ഞാന്‍ ചോദിച്ച ചോദ്യം ഇത്ര മാത്രം:

  ഗുരു എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്

  1) കണ്ണും കാതും മൂക്കും വായും നാക്കുമൊക്കെയുള്ള, നമുക്കു വിദ്യ ഉപദേശിക്കുന്ന, വളരെയധികം അറിവുള്ള ഒരു മഹാപുരുഷന്‍ ആണോ, അതോ

  2) പുസ്തകങ്ങള്‍, ഇന്റര്‍നെറ്റ്, വിക്കിപീഡിയ, നോട്ടീസ്, വഴിയരികിലെ ബോര്‍ഡുകള്‍ (ഞാന്‍ തമിഴ് വായിക്കാന്‍ പഠിച്ചതു് ഇതില്‍ നിന്നാണു്), കൊച്ചുകുട്ടികളുടെ പ്രവൃത്തികള്‍ തുടങ്ങി നമുക്കു് അറിവു തരുന്ന എല്ലാം ആണോ?

  അത്ര ലളിതമാണു ചോദ്യം. “ഗുരുമുഖത്തു നിന്നു കിട്ടുന്ന വിദ്യയ്കേ ഫലമുള്ളൂ” എന്നു താങ്കളും മറ്റു പലരും പറഞ്ഞതു മനസ്സിലാക്കാന്‍ വേണ്ടിയാണു് ഇതു ചോദിക്കുന്നതു്.

  (1) ആണുത്തരമെങ്കില്‍ വിയോജിക്കുന്നു. ഒരാള്‍ പറഞ്ഞുതരാതെ കുറഞ്ഞപക്ഷം എനിക്കെങ്കിലും വിദ്യ കിട്ടിയിട്ടുണ്ടു്-മുകളില്‍പ്പറഞ്ഞ വഴികളിലൂടെയും അവയെപ്പറ്റി കൂടുതല്‍ ചിന്തിച്ചും.

  (2) ആണുത്തരമെങ്കില്‍ ഞാന്‍ വാദം നിര്‍ത്തി. പൂ‍ര്‍ണ്ണമായി യോജിക്കുന്നു. കാരണം, “ഗുരു” എന്നതിന്റെ നിര്‍വ്വചനം തന്നെ “വിദ്യ തരുന്ന എന്തോ അതു്” എന്നായി മാറുന്നു. പെര്‍ഫക്റ്റ്! പക്ഷേ, അപ്പോള്‍ “ഗുരുമുഖത്തു നിന്നേ വിദ്യ കിട്ടൂ” എന്നതു പൌനരുക്ത്യമാവില്ലേ എന്നതിന്റെ സമാധാനം കൂടി കിട്ടിയാല്‍ കൊള്ളാം.

  ഉത്തരം പറഞ്ഞുതന്നാല്‍ വലിയ ഉപകാരമായിരുന്നു. പ്രത്യേകിച്ചു വക്കാരിക്കു്. അദ്ദേഹത്തിനു രണ്ടുമൂന്നു സ്ഥലത്തു ക്വോട്ടു ചെയ്യാനുള്ളതാണു്.

  ഓ.ടോ.: “ഗുരുവേ നമഃ” അല്ല പൊതുവാളാ, “ഗുരവേ നമഃ” :)

  ReplyDelete
 9. തിമിരാന്ധസ്യ എന്നല്ലേ? എഴുതാന്‍ പറ്റുന്നുണ്ടല്ലോ.

  വിഡ്ഡികള്‍ക്കും ലോകം ഗുരു തന്നെയാണ്. പക്ഷെ സ്വീകരിക്കുന്നില്ല എന്നേയുള്ളൂ.

  എല്ലാ കാര്യവും ഗുരുവില്‍ നിന്ന് തന്നെ പഠിക്കണം എന്ന് പറയുന്നതില്‍ ന്യായമുണ്ടോ? പുസ്തകങ്ങള്‍ നോക്കിയും പഠിക്കാമല്ലോ. സംശയം ഉണ്ടെങ്കില്‍ തീര്‍ത്തുതരാന്‍ ആളുണ്ടാവില്ല എന്നാവും അതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലേ? അല്ലാതെ പുസ്തകത്തില്‍ നിന്ന് പഠിച്ചതിന് എന്തെങ്കിലും തകരാറുണ്ടോ?

  ReplyDelete
 10. പ്രിയ ഉമേഷ്‌,
  ഒരു വിഷയം എഴുതിക്കൊണ്ടിരുന്നപ്പോള്‍ അതിന്റെ വാച്യാര്‍ത്ഥത്തിനതീതമായ ഒരര്‍ത്ഥം പറഞ്ഞിടത്താണ്‌ "അതു മനസ്സിലാകണമെങ്കില്‍ ഗുരുമുഖത്തു നിന്നും പഠിക്കണം" എന്നു ഞാന്‍ എഴുതിയത്‌. അതിനെകുറിച്ച്‌ ഇപ്പോഴും അങ്ങനെ തന്നെയാണ്‌ അഭിപ്രായം. കാരണം എല്ലാ വ്യംഗ്യാര്‍ത്ഥങ്ങളും സ്വയം കണ്ടെടുക്കുവാന്‍ കഴിഞ്ഞു എന്നു വരില്ല സാമാന്യജനങ്ങള്‍ക്ക്‌.

  ആ സന്ദര്‍ഭത്തില്‍ ആ വാചകത്തിനുള്ള അര്‍ത്ഥമാണോ "ഗുരുമുഖത്തുനിന്നേ പഠിക്കാവൂ" എന്നു പറഞ്ഞാല്‍. വാചകങ്ങള്‍ തമ്മില്‍ അജഗജാന്തരംഉണ്ട്‌. ഇനി അതല്ലാതെ ഞാന്‍ എവിടെയെങ്കിലും "ഗുരുമുഖത്തുനിന്നേ പഠിക്കാവൂ" എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍, അതു കാണിച്ചു തന്നാല്‍ തിരുത്താന്‍ തയ്യാര്‍.

  ആദ്യത്തെ ചോദ്യത്തിനുത്തരം "ആചാര്യഃ സര്‍വ ചേഷ്ടാസു ലോക ഏവ ഹി ധീമതഃ" എന്ന ശ്ലോകത്തില്‍ തന്നെയുണ്ടല്ലൊ.
  off --
  I typed it the right way - but since I am using windows98 this problem is there with varamozhy. Thanks for the concern

  ReplyDelete
 11. പണിക്കര്‍ സാര്‍,

  നമ്മുടെ ബുദ്ധിയുടെ സീമയ്ക്കപ്പുറമാണ്‌ ജ്ഞാനവഴികളുടെ തുടക്കമെന്ന അറിവ്‌ എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഉണ്ടാകട്ടെ. (ഗൂഗിളിനും പകരാനും ഒരു 250 GB ഹാര്‍ഡ്‌ ഡിസ്കില്‍ പകര്‍ത്തിവെയ്ക്കാനും കഴിയുന്ന സാമാന്യേന "അറിവ്‌", എന്നു പറയുന്ന ഒന്നല്ല ഞാനിവിടെ ജ്ഞാനമെന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌.)

  എനിക്കെന്തെങ്കിലും പ്രബുദ്ധതയുണ്ടെന്നു താങ്കള്‍ക്ക്‌ തോന്നിയെങ്കില്‍, അതും കാളിദാസന്‍ പ്രകടിപ്പിച്ച അര്‍ത്ഥശങ്കയ്ക്കുള്ള സാധ്യതയില്‍നിന്ന് ആവാനാണു വഴി! :)

  പിന്നെ ഗുരുസാമീപ്യം, ഗുരുസംസര്‍ഗ്ഗം ഇവയിലൂടെ ഗുരു ശിഷ്യനിലേയ്ക്ക്‌ പ്രസരിപ്പിക്കുന്ന ജ്ഞാനം കുറെ ചര്‍ച്ചകളുടെയോ തര്‍ക്കങ്ങളുടെയോ മാത്രം അനന്തരഫലമാണ്‌ എന്നു തെറ്റിദ്ധരിച്ചുപോകുന്ന ചില അര്‍ത്ഥശങ്കകള്‍ വാചകങ്ങള്‍ക്കിടയില്‍ വന്നുപെട്ടിരുന്നോ? ഇതും താങ്കള്‍ പറഞ്ഞപോലെ, ചില ധാരണാപ്പിശകുകളാകാം.

  യഥാര്‍ത്ഥ ആത്മജ്ഞാനിക്ക്‌ ഒരു നോട്ടത്തിലൂടെപോലും ലവലേശം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ കാര്യങ്ങള്‍ ശിഷ്യനു പകര്‍ന്നു കൊടുക്കാന്‍ കഴിയും. ഗാര്‍ഗിയും മൈത്രേയിയും മറ്റും ഇങ്ങനെയുള്ള ജ്ഞാനസമ്പാദനത്തിന്റെ പഴയ ഉദാഹരണങ്ങളല്ലേ?

  ReplyDelete
 12. പണിക്കര്‍ മാഷ്,

  വിശദീകരണത്തിനു നന്ദി. എനിക്കു് ഉത്തരം കിട്ടി. ഇനി ഈ വിഷയത്തില്‍ വാദമില്ല.

  വിന്‍‌ഡോസ് 98-ലെ യൂണിക്കോഡ്/വരമൊഴി പ്രശ്നങ്ങളെപ്പറ്റി ആരെങ്കിലും പഠിച്ചിട്ടുണ്ടോ? സിബു? വിന്‍ഡോസ് ME-യിലും ഇതുപോലെ ചില പ്രശ്നങ്ങളുണ്ടെന്നു തോന്നുന്നു.

  ReplyDelete
 13. സൂ-
  എല്ലാ കാര്യങ്ങളും ഗുരുവില്‍ നിന്നും പഠിക്കണം, എന്നും ഗുരുമുഖത്തു നിന്നു പഠിച്ച വിദ്യക്കേ ഫലമുള്ളു എന്നൊന്നും ഞാന്‍ ഒരിടത്തും പറഞ്ഞിട്ടുള്ളതായി ഓര്‍ക്കുന്നില്ല.
  അഥവാ അങ്ങനെ ഒരു സന്ദര്‍ഭം കാണിച്ചാല്‍ അതു തിരുത്താന്‍ തയാറാണ്‌ എന്നു മുമ്പിലത്തെ കമന്റിലും പറഞ്ഞു വീണ്ടും ആവര്‍ത്തിക്കുന്നു.
  പക്ഷെ- വ്യംഗ്യാര്‍ത്ഥങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ പലപ്പോഴും ഗുരുവിന്റെ സഹായം ആവശ്യമായി വരും.

  Umesh - can you please show me where I wrote this- I cannot recollect-
  “ഗുരുമുഖത്തു നിന്നു കിട്ടുന്ന വിദ്യയ്കേ ഫലമുള്ളൂ” എന്നു താങ്കളും

  ReplyDelete
 14. പ്രിയ Saha
  അതിനും അടുത്ത ഉദാഹരണങ്ങളുമുണ്ട്‌, സ്വാമി വിവേകാനന്ദന്‍ ശ്രീരാമകൃഷണന്റെ അടുത്ത്‌ വിമര്‍ശനത്തിനായി ചെന്നതും അവസാനത്തേ ചോദ്യമായ "എങ്കില്‍ എനിക്കു കാണിച്ചു തരാമോ" എന്നതിനുന്‍ തലയില്‍ കൈവച്ച ഗുരുവിന്റെ അടുത്തു നിന്നും അദ്ദേഹത്തിനുണ്ടായ മാറ്റങ്ങളും എല്ലാം . താങ്കള്‍ മുമ്പു പറഞ്ഞ-- അനുഭവിപ്പ്പിക്കുന്ന അനുഭൂതി-- പക്ഷെ ഈ വേദി അത്തരം ചര്‍ച്ചകള്‍ക്ക്‌ യോജിച്ചതല്ല എന്നു നേരത്തേ തന്നെ മനസ്സിലായതു കൊണ്ട്‌ ഉപരിപ്ലവമായിപറഞ്ഞു പോകുന്നു എന്നു മാത്രം

  ReplyDelete
 15. ഗുരുമുഖത്തുനിന്ന് കിട്ടുന്ന വിദ്യക്കേ ഫലമുള്ളൂ എന്ന absolute statement പണിക്കര്‍ മാഷ് എവിടെയാണ് പറഞ്ഞതെന്ന് ഞാനും തപ്പിക്കൊണ്ടിരിക്കുന്നു.

  എന്റെ അനുമാനം തെറ്റായിരിക്കാം. എന്നാലും സിബുഗുരുവിനെ ഉമേഷ്‌ജി വിശേഷിപ്പിച്ച രീതിവെച്ച് നോക്കുമ്പോള്‍ ഇനി ഗുരു എന്ന് പറഞ്ഞാല്‍ നരച്ച നീണ്ട താടിയും കട്ടിക്കണ്ണടയും മെലിഞ്ഞ ദേഹവും ഒരു നീണ്ട ജുബ്ബയും ഖദര്‍ മുണ്ടുമൊക്കെയുള്ള ഒരു ആളിനെയാണോ ഉമേഷ്‌ജി മനസ്സില്‍ കാണുന്നതെന്ന് (സിബുവല്ലേ) ഒരു സംശയം-ബ്ര ഹ് മ ണ ന്‍ എന്നീ അക്ഷരങ്ങള്‍ കാണുമ്പോള്‍ തന്നെ കുടവയറും പൂണൂലുമൊക്കെയുള്ള വെളുത്ത് ചുമന്ന ഏതോ നമ്പൂരിയുടെ രൂപം പലരുടെയും മനസ്സില്‍ വരുന്നതുപോലെയും ടെയ്‌ലര്‍ മേഡ് വ്യാഖ്യാനങ്ങള്‍ ഉടന്‍ വരുന്നതുപോലെയും-പ്രത്യേകിച്ചും സിബുഗുരുവിന്റെ താഴെയിരുന്നാണ് ഉമേഷ്‌ജി വരമൊഴിയെപ്പറ്റി പഠിച്ചതെന്ന് പറഞ്ഞപ്പോള്‍ (അങ്ങിനെയൊന്നുമല്ല എന്ന് തന്നെ തോന്നുന്നു-എന്നാലും).

  എന്തായാലും ഉമേഷ്‌ജിക്ക് ഉത്തരം കിട്ടി എന്നറിഞ്ഞതില്‍ സന്തോഷം. പക്ഷേ കിട്ടിയ ഉത്തരം “എനിക്കെല്ലാം മനസ്സിലായി“ എന്ന വ്യംഗ്യാര്‍ത്ഥത്തിലാണോ എന്ന് എന്റെ കുരുട്ടു ബുദ്ധി പിന്നെയും ചോദിക്കുന്നു.

  പരിഹാസത്തിന്റെയും പുച്ഛഭാവത്തിന്റെയും പ്രസരം ഉണ്ടോ എന്ന സംശയം ഉണ്ടാകാത്ത രീതിയില്‍ പരസ്പര ബഹുമാനത്തോടെയുള്ള ഇത്തരം ചര്‍ച്ചകള്‍ ഉമേഷ്‌ജിയും പണിക്കര്‍ മാഷും ജ്യോതി ടീച്ചറും ബാക്കി ഇതിനെപ്പറ്റി അറിയാവുന്നവരുമൊക്കെയായി വേണമെന്നുള്ളതാണ് എന്റെ ഒരു എളിയ ആഗ്രഹം. അത്തരം ചര്‍ച്ചകളില്‍ കൂടി ധാരാളം പുതിയ കാര്യങ്ങള്‍ പഠിക്കാമെന്നുള്ളത് മെച്ചം (അല്ലാതെ ഇതിനെപ്പറ്റി മിണ്ടണമെങ്കില്‍ ഇതില്‍ പി.എച്ച്.ഡി വേണം എന്നല്ലേയല്ല-ഏകപക്ഷീയമല്ലാതെയുള്ള വിവര വിതരണം). ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നവര്‍ക്കും അവര്‍ തെറ്റായി മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങള്‍ തുറന്ന മനസ്സുണ്ടെങ്കില്‍ തിരുത്താമല്ലോ. അല്ലാതെ ഇതൊക്കെ ഒരു കൂട്ടര്‍ മാത്രം പറഞ്ഞാല്‍ മതി, അത് കണ്ട് മറ്റുള്ളവരും തുടങ്ങിയാല്‍ അത് ശരിയാവില്ല എന്ന രീതിയിലുള്ള വാദത്തോട്, എന്തോ യോജിപ്പില്ല. ഒരാള്‍ മാത്രം പറയുകയും അത് മാത്രം നമ്മള്‍ കേള്‍ക്കുകയും ചെയ്യുന്നത് പൂര്‍ണ്ണമായ രീതിയിലുള്ള പഠനമാവില്ലല്ലോ.

  അതുപോലെ തന്നെ ഭാരതീയ ഗണിതത്തിന്റെ കാര്യത്തിലും ഉമേഷ്‌ജിയും പ്രൊഫസര്‍ രാജീവും ബാക്കി ഇക്കാര്യങ്ങളില്‍ പഠനം നടത്തുന്നവരുമൊക്കെയായുള്ള തുറന്ന മനസ്സോടെയുള്ള ചര്‍ച്ചയും എന്റെ ആഗ്രഹം.

  ഗൂഗിളൊക്കെ വന്നതില്‍ പിന്നെ ഒരു പി.എച്ച്.ഡി വരെ ഗൂഗിള്‍ സേര്‍ച്ച് വഴി ചെയ്യാമെന്ന ആത്‌മവിശ്വാസവും വന്നു കഴിഞ്ഞു, പലര്‍ക്കും.

  ReplyDelete
 16. ഗുരുമുഖത്തുനിന്നുമുള്ള വിദ്യാഭ്യാസത്തിന് സമ്പൂര്‍ണ്ണതയുണ്ട്.
  മാനുഷിക മൂല്യങ്ങള്‍ അറിയാനും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ഗുരു ശിക്ഷ്യര്‍ക്ക് പരിശീലനം നല്‍കുന്നില്ലെ. വിവേകത്തിലൂന്നിയ വിജ്ഞാനമല്ലെ ഗുരുവിന്റെ ധര്‍മ്മ മന്ത്രം.

  ഗുരുകുലം വിട്ടാല്‍ പിന്നെ ശിഷ്ടകാലം കൂടെയുള്ള ഗുരു അനുഭവവും!

  ReplyDelete
 17. പ്രിയ സ്നേഹിതാ,
  വിദ്യാഭ്യാസം എന്നത്‌ മുഴുവന്‍ ഗുരുവില്‍ നിന്നും ലഭിക്കുകയില്ല , ഗുരുവില്‍ നിന്ന്‌ ഉപദേശം ആണ്‌ ലഭിക്കേണ്ടത്‌. അതു കഴിഞ്ഞാല്‍ ശ്രവണം, മനനം , നിദിധ്യാസം എന്നീ സങ്കേതങ്ങളാല്‍ ആണ്‌ വിദ്യാഭ്യാസം പൂര്‍ണ്ണമാകുന്നത്‌.
  ശ്രവണം എന്നത്‌ ഇന്ദ്രിയങ്ങളില്‍ കൂടി ഉള്ള ബാഹ്യജ്ഞാനലബ്ധിയെ സൂചിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങളില്‍ കൂടിയും നമുക്കു ലഭിക്കുന്ന ജ്ഞാനത്തിനെ മനനം ചെയ്ത്‌ - നിഷ്കൃഷ്ടമായി പരിശോധിച്ച്‌, ഗുരൂപദേശം ഉപയോഗിച്ച്‌ പരീക്ഷിച്ച്‌ ( ആ പരീക്ഷക്കുള്ള നിശ്ചയാത്മികത ആണ്‌ ഗുരുവിന്റെ വരദാനം) അവസാനം, നിദിധ്യസിക്കുക- അത്‌ സ്വാംശീകരിക്കുക അഥവാ അതായിത്തീരുക.
  താണ്‌ യഥാര്‍ത്ഥ വിദ്യാഭ്യാസം. ഇതാണ്‌ മുമ്പ്‌ Saha എഴുതിയ ജ്ഞാനം - മോക്ഷദമായ അറിവ്‌. അക്ഷരശാസ്ത്രത്തിലുദ്ദേശിച്ചതും അതൊക്കെ തന്നെയാണ്‌. അല്ലാതെ ഗൂഗിളില്‍ തപ്പി എടുക്കാവുന്ന തരം ജ്ഞാനശകലങ്ങളല്ല.
  ശ്രദ്ധിച്ചതിനും കമന്റിട്ടതിനും നന്ദി

  ReplyDelete
 18. ഗുരുവില്‍ നിന്നല്ലാതെ പഠിക്കുന്ന വിദ്യയില്‍ സംശയം ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടാണ് അങ്ങനെ ഒരു സംശയം ചോദിച്ചത്. പുസ്തകങ്ങളില്‍ നിന്ന് പഠിക്കുമ്പോള്‍, എന്തെങ്കിലും സംശയം വരുമ്പോള്‍ അത് മുഴുവനായും തീര്‍ത്തുതരാന്‍ കഴിയില്ല എന്നതുകൊണ്ടാവും ഗുരുമുഖത്ത് നിന്ന് തന്നെ പഠിക്കണം എന്ന് പറയുന്നത് അല്ലേ?

  ReplyDelete
 19. ആയുര്‍വേദം പഠിക്കുവാന്‍ കോളേജില്‍ ചേര്‍ന്നപ്പോള്‍ അതിന്റെ വിഷയങ്ങള്‍ കണ്ട്‌ സത്യത്തില്‍ ആദ്യം ഒരു ഞെട്ടലാണുണ്ടായത്‌. സംസ്കൃതം, ഷഡ്ദര്‍ശനങ്ങള്‍, ഇവ കൂടി ആയുര്‍വേദത്തിന്റെ ഗ്രന്ധങ്ങള്‍ക്കു പുറമേ പതിക്കണം, ആയുര്‍വേദഗ്രന്ധങ്ങളെല്ലാം സംസ്കൃതത്തിലും. സംസ്കൃതം ഭാഷയില്‍ പഠിക്കേണ്ട പുസ്തകങ്ങളോ? രഘുവംശം ശ്രീകൃഷ്ണവിലാസം
  3 ആം സര്‍ഗ്ഗം, ശാകുന്തളം, ശ്രീരാമോദന്തം, അമരകോശം, 9 ആം ക്ലാസിലെ സംസ്കൃതം പാഠപുസ്തകം ഇവയെല്ലാം. ഞാന്‍ സംസ്കൃതം എന്നു കേട്ടിട്ടുണ്ട്‌, വീട്ടീല്‍ അക്ഷരശ്ലോകം വലിയവര്‍ ചൊല്ലുന്നതും അതെപോലെ ചില ശ്ലോകങ്ങളും കേട്ടിട്ടുണ്ടെന്നല്ലാതെ അതിനെ കുറിച്ച്‌ ഒന്നും അറിയില്ലാത്ത ഒരു പയ്യന്‍.
  ഇതൊന്നും പഠിച്ചെടുക്കുവാന്‍ എന്നെക്കൊണ്ടു സാധിക്കുകയില്ല എന്നു വിഷമമായിരുന്നു ആദ്യം. കൂട്ടുകാരില്‍ മിക്കവാറും എല്ലാവരും തന്നെ ഇതേ ചിന്താഗതിയിലായിരുന്നു എന്ന്‌ എടുത്തു പറയേണ്ടല്ലൊ.
  എന്നാല്‍ ഞങ്ങള്‍ കോഴിക്കോട്‌ സര്‍വകലാശാലയുടെ ഡിഗ്രി ആദ്യ ബാച്ചായതു കൊണ്ട്‌, മുമ്പു ഞാനെഴുതിയ വാക്കുകള്‍ ഒന്നല്ല ഒരു ആയിരം പ്രാവശ്യത്തെ ബലത്തോടെ പറയട്ടെ ഞങ്ങള്‍ക്കു യോഗമുണ്ടായിരുന്നതു കൊണ്ട്‌ ഇന്നത്തെ പോലെ ഡിഗ്രിയെടുത്ത അദ്ധ്യാപകരും പേരിനുണ്ടായിരുന്നിട്ടും ഞങ്ങളെ പഠിപ്പിക്കുവാന്‍ പഴയ രീതിയില്‍ പഠിച്ചുവന്ന വൃദ്ധന്മാരായ പണ്ഡിതന്മാരുണ്ടായിരുന്നു. അവരാണ്‌ ആയുര്‍വേദത്തിന്റെ അടിസ്ഥാനതത്വം , സംസ്കൃതം തുടങ്ങിയവ കൈകാര്യം ചെയ്തിരുന്നത്‌
  നന്ദിപുരസ്സരം ഓര്‍ക്കട്ടെ ഒരു ശ്രീ കൃഷ്ണന്‍ മൂസ്‌ എന്ന അദ്ധ്യാപകനായിരുന്നു സംസ്കൃതം പഠിപ്പിക്കുന്നത്‌. ശ്രീരാമോദന്തം എന്ന ലഘുകാവ്യം തുടങ്ങി. ആദ്യത്തെ കൊല്ലം ഏകദേശം നാലു മാസം കഴിഞ്ഞു - ശ്രീരാമോദന്തം 20 ശ്ലോകം പൂര്‍ത്തിയായി.
  ഞങ്ങള്‍ ആധുനിക pre Degree യെല്ലാം വളരെ വിദഗ്ധമായി പാസ്സായവരാണല്ലൊ. ഞങ്ങള്‍ക്ക്‌ സിലബസ്‌ തീരുന്നത്‌ പ്രധാനം, പഠിക്കാനുള്ള course materials എല്ലാം പഠിച്കു തീരാത്തതിലുള്ള വിഷമം.
  ഞങ്ങള്‍ കൂടിയാലോചിച്ചു. ഹെയ്‌ ഈ വയസ്സന്മാര്‍ക്ക്‌ എന്തറിയാം ? ഇതിങ്ങനെ പോയാല്‍ സിലബസ്‌ പൂര്‍ത്തിയാകില്ല. നമ്മളൊക്കെ തോറ്റു തുന്നം പാടും. അതുകൊണ്ട്‌ നാളെ സാറിനോട്‌ ഇക്കാര്യം പറയുക തന്നെ.
  തീരുമാനിച്ചു.
  അടുത്ത ദിവസം ക്ലാസ്സില്‍ ഞങ്ങള്‍ ഈ പ്രശ്നം ഉന്നയിച്ചു.
  " സാര്‍ ഇക്കണക്കിനു പോയാല്‍ സിലബസ്‌ തീരില്ല, ഇന്നിയും ബാക്കി എല്ലാ പുസ്തകവും എന്നാണു പഠിച്ചു തീരുന്നത്‌? "
  മൂസ്‌ മാഷ്‌ വളരെ ശാന്തനായി പറഞ്ഞു ( എടാ എന്നൊക്കെ സാര്‍ വിളിക്കും) " അതെന്താടാ ഞാനല്ലേ പഠിപ്പിക്കുന്നത്‌? പിന്നെ നിങ്ങള്‍ക്കെന്താ പേടി? നിങ്ങള്‍ ഞാന്‍ പറയുന്നതുപോലെ പഠിച്ചാല്‍ മതി."
  ഞങ്ങള്‍ വിടുമോ? " അതിന്‌ പുറമേ നിന്നു പരീക്ഷകന്മാര്‍ വരില്ലേ? അവരുടെ മുമ്പില്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ ഞങ്ങളുടെ ഗതി?"
  മാഷാരാ മോന്‍. " എടാ എന്റെ വിദ്യാര്‍ത്ഥികളല്ലാതെ ഒരാളും ഈ വിഷയത്തിന്‌ പരീക്ഷകനായി വരില്ല അതൊക്കെ എനിക്ക്‌ വിട്‌ നിങ്ങള്‍ ഞാന്‍ പറയുന്നതുപോലെ പഠിച്ചാല്‍ മാത്രം മതി"

  മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ പറഞ്ഞു" പരീക്ഷക്കെന്തെങ്കിലും ബുദ്ധിമുട്ടു വന്നാല്‍ ---"

  പക്ഷേ മാഷിന്‌ അപ്പോഴും ഒരു വ്യത്യാസവുമില്ല. " അതൊക്കെ എനിക്കു വിട്‌" മാഷ്‌ അതു പോലെ തന്നെ തുടര്‍ന്നു. ശ്രീരാമോദന്തം മാത്രം.
  പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാഴ്ച്ചക്കുമുകളില്‍ ഒരു ശ്ലോകം പഠിപ്പിക്കുവാന്‍ എടുത്തിരുന്ന മാഷിനും ഏകദേശം അത്രയോ അതില്‍ കൂടുതലോ എടുത്തിരുന്ന ഞങ്ങള്‍ക്കും ചില വ്യത്യാസങ്ങളുണ്ടായി. 24-26 ആമത്തെ ശ്ലോകത്തിനു ശേഷം സമയം വളരെ കുറയുന്നു. പിന്നീട്‌ മാഷ്‌ ഓരോ ശ്ലോകം പറയുമ്പോഴും ഞങ്ങള്‍ക്ക്‌ സംശയങ്ങള്‍ ഇല്ല തന്നെ.

  ഒരു ദിവസം മാഷ്‌ പറഞ്ഞു " എടാ ആയുര്‍വേദഗ്രന്ഥങ്ങള്‍ പഠിക്കാനുള്ള സംസ്കൃതം നിങ്ങള്‍ക്ക്‌ കിട്ടിക്കഴിഞ്ഞു"

  ഇതേപോലെ കിറുകൃത്യമായി താന്‍ എന്താണ്‌ എത്രയാണ്‌ തന്റെ ശിഷ്യന്മാര്‍ക്കുപദേശിക്കുവാന്‍ പോകുന്നത്‌ എന്നറിയുവാന്‍ ഇന്നത്തെ ഡിഗ്രികാരായ സാറന്മാര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകും. (അതു അവരുടെ കുറ്റമല്ല വ്യവസ്ഥിതിയുടെയാണ്‌)

  അപ്പോഴേക്കും ഞങ്ങള്‍ക്കും അതു ബോദ്ധ്യമായിരുന്നു. കുറച്ചു കൂടി ബോദ്ധ്യമായി അത്രയും സംസ്കൃതം കൊണ്ട്‌ അതിനപ്പുറമുള്ളതൊന്നും വായിച്ചാല്‍ മനസ്സിലാവുകയില്ലെന്നും.
  ബാക്കി സിലബസിലെ പുസ്തകങ്ങളെല്ലാം ഒരാഴ്ച്ചക്കുള്ളില്‍ ഒരു ചര്‍ച്ച പോലെ പഠിച്ചു തീര്‍ത്ത ഞങ്ങള്‍ക്ക്‌ ഇന്നും യാസ്കന്റെ നിരുക്തം ഒരു ബാലികേറാമല പോലെ മുന്നില്‍ നില്‍ക്കുന്നു.
  ആ ഗുരുനാഥന്റെ പാവനസ്മരണക്കു മുന്നില്‍ ഈ കമന്റ്‌ സമര്‍പ്പിക്കുന്നു.

  ReplyDelete
 20. ഗ്രന്ധം എന്നത്‌ ഗ്രന്ഥം എന്നു തിരുത്തി വായിക്കാനപേക്ഷ

  Su- the answer was already given

  ReplyDelete
 21. പണിക്കര്‍സാറെ, ഇന്നാണിതു വായിച്ചത്. അഞ്ചാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ സംസ്കൃതമ പഠിച്ചിട്ടും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരേ ഒരു വാക്ക് - രാമ: ക്രീഡതി ഇതു മാത്രമാണ്. ഗുരുനാഥന്‍ ശരിയല്ലാഞ്ഞിട്ടല്ല, ശിഷ്യന്റെ ഗുണം.

  സാറിന്റെ ആദ്യത്തെ ഗുരുവിനു പ്രണാമം, അങ്ങേക്കു നന്ദി.

  ഒമ്പതാം ക്ലാസിലോ, പത്തിലോ എന്നോര്‍മ്മയില്ല, ഒരു സംസ്കൃതം പദ്യം(ഭജ ഗോവിന്ദം) പഠിക്കാനുണ്ടായിരുന്നു. ടീച്ചര്‍ എന്നോട് ആ പദ്യം ചൊല്ലാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നമ്മുടെ അമ്പലത്തില്‍ കോളാമ്പിമൈക്കിലൂടെ കേള്‍ക്കാറുള്ള ഈണത്തില്‍ പാടാന്‍ തുടങ്ങി, ഒരു വരി പാടി രണ്ടാമത്തെ വരി പാടാന്‍ തുടങ്ങുന്നതിന്നു മുന്‍പ് ടീച്ചര്‍ എന്നോട് പറഞ്ഞു, തന്നോട് പദ്യം ചൊല്ലാനെ പറഞ്ഞത് അല്ലാതെ തൊണ്ട കീറി പൊളിക്കാനല്ല.

  ReplyDelete
 22. കുറുമാന്‍ ജീ വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം. താങ്കളുടെ എഴുത്തുകള്‍ ഇഷ്ടപ്പെടുന്നുണ്ട്‌ .കമന്റാറില്ലെന്നു മാത്രം, അതിവിടെ അറിയിക്കുന്നു.

  ReplyDelete
 23. ചിലതൊക്കെ ഗുരുമുഖത്തുനിന്നും തന്നെ കിട്ടണം. ലഘുസിദ്ധാന്തകൌമുദി ഉദാഹരണം. ആശാന്‍ ഇല്ലായിരുന്നെങ്ങില്‍ 'ഇത്തും' നോക്കി നടന്നു ഞാന്‍ കുഴഞ്ഞേനെ :)

  ReplyDelete
 24. പിന്നെ ചിലതൊക്കെ ഗുരുവില്ലാത്ത പഠിച്ചാല്‍ എങ്ങനെയിരിക്കും എന്നറിയാന്‍ പുസ്തകം വായിച്ചു ജ്യോതിഷം പടിച്ചവനെയും ഗുരുമുഖത് നിന്നും പടിച്ചവനെയും താരതമ്യം ചെയ്താല്‍ മതി.

  ReplyDelete