Friday, January 26, 2007

സംഗീതശാസ്ത്രം --4

സംഗീതശാസ്ത്രം --4

മേളകര്‍ത്താ രാഗങ്ങളുടെ വിഭജനം വിവരിച്ചത്‌ ഓര്‍ക്കുമല്ലൊ. അതില്‍ പന്ത്രണ്ടു വിഭാഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞിരുന്നു. അവയുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നോക്കാം. സ്വരസ്ഥാനങ്ങള്‍ എങ്ങനെയാണ്‌ കണ്ടു പിടിക്കുന്നത്‌ എന്നെഴുതിക്കഴിഞ്ഞതാണ്‌. പേരില്‍ നിന്നും അതു കണ്ടു പിടിക്കുവാനുള്ള കടപയാദി ന്യായവും മുമ്പു സൂചിപ്പിച്ചു. ഇനിയുള്ളത്‌ അല്‍പം കൂടി കടന്ന ഒരു കാര്യമാണ്‌.

ഈ പന്ത്രണ്ട്‌ വിഭാഗങ്ങളേ പന്ത്രണ്ട്‌ ചക്രങ്ങള്‍ എന്നു വിളിക്കുന്നു.
ഇവയുടെ പേര്‌ ഇന്ദുനേത്രാഗ്നിവേദബാണര്‍ത്തു ഋഷിവസ്‌ഉബ്രഹ്മദിഗ്രുദ്രാദിത്യാഃ ഇങ്ങനെ
ഇന്ദു, നേത്രം, അഗ്നി, വേദം, ബാണം, ഋതു, ഋഷി, വസു, ബ്രഹ്മം, ദിക്ക്‌, രുദ്രന്‍, ആദിത്യന്‍ ഇവയാണ്‌.

ഈ പേരുകള്‍ വരുവാന്‍ കാരണം-

ഇന്ദുചക്രം ഒന്നാമത്തെതു - കാരണം ഇന്ദു-( ചന്ദ്രന്‍) ഒന്നേയുള്ളു.

നേത്രങ്ങള്‍ രണ്ട്‌-

ദക്ഷിണ, ആഹവനീയ, ഗാര്‍ഹപത്യാദി അഗ്നികള്‍ മൂന്ന്‌

ഋക്‌, യജുസ്സ്‌ , സാമം, അഥര്‍വം എന്ന്‌ വേദങ്ങള്‍ നാല്‌

അരവിന്ദം, അശോകം, ചൂതം, മല്ലിക, നീലോല്‍പലം എന്ന്‌ മന്മഥന്റെ ബാണങ്ങള്‍ അഞ്ച്‌

വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്‌, ഹേമന്തം, ശിശിരം എന്ന്‌ ഋതുക്കള്‍ ആറ്‌

മരീചി, അത്രി, അംഗിരസ്‌, പുലഹന്‍, പുലസ്ത്യന്‍, ക്രതു, വസിഷ്ഠന്‍ എന്ന്‌ സപ്ത ഋഷികള്‍ (ഏഴ്‌)

(പാഠഭേദം-ഗൗതമന്‍, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ജമദഗ്നി, വസിഷ്ഠന്‍, കാശ്യപന്‍, അത്രി എന്ന്‌ ഋഷികള്‍ ഏഴ്‌)

ആപ, ധ്രുവ, സോമ,ധര, അനില, അനല, പ്രാദ്വിഷ, പ്രഭാസാദി വസുക്കള്‍ എട്ട്‌

അംഗിരസ്‌, അത്രി, ക്രതു, പുലസ്ത്യന്‍, ബലഹന്‍, ഭൃഗു, മരീചി, വസിഷ്ടന്‍, ദക്ഷന്‍ എന്ന്‌ ബ്രഹ്മാക്കള്‍ ഒന്‍പത്‌

നാലു ദിക്കുകളും നാലു ദിക്കിന്റെ കോണുകളും, ആകാശവും പാതാളവും( മുകളും, താഴെയും) ചേര്‍ന്ന്‌ ദിക്കുകള്‍ പത്ത്‌

അജന്‌, ഏകപാദന്‍, അഹിര്‍ബുധിനി, ദ്വാഷന്‍, രുദ്രന്‍, ഹരന്‍, ശംഭു, ത്ര്യംബകന്‍, അപരാജിതന്‍, ഈശാനന്‍, ത്രിഭുവനന്‍, എന്ന്‌ രുദ്രന്മാര്‍ പതിനൊന്ന്

മിത്രന്‍, രവി, സൂര്യന്‍, ഭാനു, കോകന്‍, ഭൂഷന്‍, ഹിരണ്യഗര്‍ഭന്‍, മരീചി, ആദിത്യന്‍, സവിതാവ്‌, അര്‍ക്കന്‍, ഭാസ്കരന്‍ എന്ന്‌ ആദിത്യന്മാര്‍ പന്ത്രണ്ട്‌

ഓരോ ചക്രത്തിലേയും ഒന്നു മുതല്‍ ആറു വരെയുള്ള രാഗങ്ങളേ ക്രമത്തില്‍ കടപയാദി ന്യായപ്രകാരം, പ, ശ്രീ, ഗോ, ഭൂ, മ, ഷ എന്നെ അക്ഷരങ്ങളെ കൊണ്ടു സൂചിപ്പിക്കുന്നു.
ഒന്നാമത്തെ ചക്രത്തിലെ രാഗങ്ങള്‍ക്ക്‌ ഇന്ദു പ. ഇന്ദുശ്രീ, ഇന്ദുഗോ എന്നിങ്ങനെ.
ഇനി മായാമാളവഗൗളയെ പറയണമെങ്കില്‍- അത്‌ മൂന്നാമന്തേ ചക്രത്തിലെ മൂന്നാമത്തെ രാഗമാണ്‌ അതായത്‌ അഗ്നിചക്രത്തില്‍ അതുകോണ്ട്‌ അഗ്നിഗോ എന്നു പറയും.
ഇതുപോലെ ബാക്കിയുള്ളവയും മനസ്സിലാക്കുക.

പേരിട്ടു കഴിഞ്ഞാല്‍ അതിന്റെ ആദ്യത്തെ രണ്ടക്ഷരം മേള നമ്പര്‍ആണെന്നു മുമ്പേ പറഞ്ഞു കഴിഞ്ഞു അതുവഴിയും സ്വരങ്ങള്‍ കണ്ടുപിടിക്കാം. ഉദാഹരണത്തിന്‌ മായാ മാളവഗൗള , ധീര ശങ്കരാഭരണം ഇത്യാദി.

ഇതില്‍ ചെറിയ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത്‌ ചിലമേളങ്ങളില്‍ കൂട്ടക്ഷരങ്ങള്‍ വരുന്നു അവയില്‍ എലാറ്റിനും ഒരുപോലെയല്ല നിയമം. വിശദമാക്കാം-


സൂര്യകാന്തം, രത്നാംഗി, ഝംകാരധ്വനി, ഗാംഗേയഭൂഷണി, ഷഡ്വിധമാര്‍ഗ്ഗിനി, ഷണ്മുഖപ്രിയ, ധര്‍മ്മവതി, കാന്താമണി എന്നിവയില്‍ രണ്ടാമത്തെ അക്ഷരം കൂട്ടക്ഷരമാണ്‌. ഈ കൂട്ടക്ഷരത്തിന്റെ രണ്ടാമത്തെ അക്ഷരമാണ്‌ കണക്കിലെടുക്കുന്നത്‌ ,

എന്നാല്‍ ചക്രവാകം, ദിവ്യമണി, വിശ്വംഭരി, ശ്യാമളാംഗി, സിംഹേന്ദ്രമദ്ധ്യമം, ചിത്രാംബരി, ജ്യോതിസ്വരൂപിണീ എന്നിവയിലും രണ്ടാമന്‍ കൂട്ടക്ഷരമാണെങ്കിലും , അവയില്‍ കൂട്ടക്ഷരത്തിന്റെ ആദ്യത്തെ അക്ഷരമാണ്‌ കണക്കാക്കുന്നത്‌

7 comments:

  1. വിജ്ഞാനപ്രദമായ ലേഖനം. നന്ദി.

    പരല്‍പ്പേരനുസരിച്ചു പേരു ശരിയാക്കാന്‍ ശങ്കരാഭരണം, കല്യാണി തുടങ്ങിയവയെ ധീരശങ്കരാഭരണം, മേചകല്യാണി എന്നിങ്ങനെ പേരു മാറ്റുകയായിരുന്നു എന്നു കേട്ടിട്ടുണ്ടു്. ഇതു ശരിയാണോ? ഏതു കാലം മുതലാണു് ഇന്നു പ്രചാരത്തിലുള്ള പേരുകള്‍ പ്രചരിച്ചതു്? രാഗം, താളം തുടങ്ങിയവയ്ക്കു നാട്യശാസ്ത്രത്തോളം പഴക്കമുണ്ടു്, അല്ലേ? അതോ അവയെപ്പറ്റി സാമവേദത്തിലും പറയുന്നുണ്ടോ?

    ഇവ നേരത്തേ പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

    ReplyDelete
  2. പണിക്കര്‍ മാഷെ,

    ഇതെല്ലാം പുതിയ അറിവാണ്.പോസ്റ്റിനു നന്ദി.

    ഗാനങ്ങള്‍ പിന്നീടേതെങ്കിലും compose ചെയ്യുകയുണ്ടായ്യ്യോ? പോസ്റ്റ് ചെയ്യുമല്ലൊ?

    ReplyDelete
  3. ഉമേഷ്‌,

    സമ്യക്കാകുന്ന ഗീതം സംഗീതം

    സംഗീതത്തിന്റെ ഏറ്റവും ആദ്യത്തെ ഘട്ടത്തില്‍ ഉദാത്തം അനുദാത്തം എന്ന രണ്ടു സ്വരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവത്രെ- മധ്യസ്ഥായിയും കീഴ്സ്ഥായിയും.

    പിന്നീട്‌ ഋഗ്വേദകാലഘട്ടത്തില്‍ നി സ രി എന്നീ മൂന്നു സ്വരങ്ങള്‍ ഉണ്ടായിരുന്നുവത്രേ.

    അതുകഴിഞ്ഞ്‌ സാമഗാനകാലഘട്ടത്തില്‍ ഗ രി സ നി ധ എന്നീ അഞ്ചു സ്വരങ്ങള്‍ പാടി സാമഗാനം ആലപിച്കിരുന്നു അത്രേ.

    പിന്നീട്‌ പരിഷ്കരിച്ചുണ്ടായതാണ്‌ മ ഗ രി സ നി ധ പ എന്ന സാമസപ്തകം ഈ കാലത്തെ ഉപനിഷത്‌ കാലഘട്ടം എന്നു വിളിക്കുന്നു.

    പിന്നീട്‌ ഓരോ സ്ഥായിയിലും 22 ശ്രുതികള്‍-(4,3,2,4,4,3,2) ഉണ്ടെന്നും മറ്റുമുള്ള വളര്‍ച്ച ഭരതന്‍ ശാര്‍ങ്ങദേവന്‍ തുടങ്ങിയവരുടെ കാലത്താണെന്ന്‌ വിശ്വസിക്കപ്പെടുന്നു.

    മതംഗന്റെ കാലമായ A.D അഞ്ചാം നൂറ്റാണ്ടു വരെ രാഗങ്ങളെ മൂര്‍ഛനകള്‍ എന്നും പിന്നീട്‌ ജാതികള്‍ എന്നുമാണ്‌ വിളിച്ചിരുന്നത്‌ എന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കാലത്താണത്രേ മുമ്പുണ്ടായിരുന്ന പദമെങ്കിലും 'രാഗ' ത്തിന്‌ ഒരു വ്യക്തമായ രൂപം കിട്ടിയതത്രേ

    14 ആം നൂറ്റാണ്ടിലെ വിദ്യാരണ്യന്റെ സംഗീതസാരം എന്ന ഗ്രന്ഥത്തിലാണ്‌ ആദ്യമായി മേളം, ജന്യ എന്ന തരംതിരിവു കാണുന്നതത്രേ. അദ്ദേഹം 15 മേളങ്ങളും, 50 ജന്യങ്ങളും വിവരിച്ചിട്ടുണ്ടത്രേ.

    എന്നാല്‍ 18 ആം നൂറ്റാണ്ടില്‍ ഉണ്ടായ കനകാംഗി രത്നാംഗി പദ്ധതി മുതല്‍കാണ്‌ ഇന്നു കാണുന്ന തരത്തിലുള്ള രാഗവിഭജനസമ്പ്രദായം നിലവില്‍ വരുന്നത്‌.

    പേരുമാറ്റം ശരിയാണ്‌ പലതിനും പലതരത്തില്‍ മാറ്റിയിട്ടുണ്ട്‌- മേല്‍പറഞ്ഞവക്കു പുറമേ സാമവരാളിയേ ഗനസാമവരാളിയെന്നും, തോഡിയെ ജനത്തോഡി എന്നും മറ്റും

    ബഹുവ്രീഹി,
    പൊതുവാളന്റെ ഒരു കവിത സ്വരരാഗസാന്ദ്രം എന്നത്‌ കവിയരങ്ങില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ഇടക്കു കുറച്ചു തിരക്കു കൂടിയതു കൊണ്ട്‌ സാരംഗിയുടെ മിഴിച്കെപ്പില്‍ ഇപ്പ്പ്പോഴും വര്‍ക്‌ ഷോപിലാണ്‌ അതു പാടെണ്ട ആള്‍ക്ക്‌ ഭയങ്കര തിരക്ക്‌ രണ്ടാഴ്ച്ചത്തേക്കു നോക്ക്ക്കേണ്ട.
    ശ്രദ്ധിക്കുന്നതിനു നന്ദി

    ReplyDelete
  4. ഇതൊക്കെ പഠിയ്ക്കാന്‍ എത്രകാലത്തെ തപസ്സുവേണം! വളരെ നന്ദി.
    കവിത ചൊല്ലിയതും കേള്‍ക്കുന്നുണ്ട്‌. നല്ല രസം!

    ReplyDelete
  5. എന്തൊരു കലക്കന്‍ പേരുകളാണ്!
    ഈ ഇന്ത്യക്കാരെ സമ്മതിച്ചിരിക്കുന്നു.

    ബ്രഹ്മാക്കള്‍ 9 എന്ന് പറയുന്നതെന്താണാവോ!

    പണിക്കര്‍ മാഷേ..നന്ദി.

    ReplyDelete
  6. Aravind,

    "രച്‌ ചംക്രമണേ" സഞ്ചാരശീലമുള്ളതിന്‌ രച്‌ ധാതു,

    "അസു ക്ഷേപണേ" ഒരു വസ്തു ഒരിടത്തു നിന്നും മറ്റൊരിടത്തെത്തിക്കുനതിനെ ചെയ്യുന്ന വസ്തുവിന്‌ അസ്‌ ധാതു

    "ശോണൃ വര്‍ണ്ണഗത്യോഃ" വര്‍ണ്ണവും ഗതിയുമുള്ളപ്പോള്‍ ശോണൃ ധാതു
    ഇത്യാദി ഓരോ ധാതുക്കളില്‍ നിന്നുല്‍പാദിപ്പിക്കുന പദങ്ങളാണ്‌ സംസ്കൃതതില്‍ പേരായി ഉപയോഗിക്കുന്നത്‌. അവ ആ വസ്തുവിന്റെ ഗുണങ്ങളേയാണ്‌ സൂചിപ്പിക്കുന്നത്‌

    ഈ ഉദാഹരണങ്ങള്‍ രക്തം എന്നും അസൃക്‌ എന്നും ശോണിതം ചോരക്ക്‌ പേരിട്ടതിനെ ഒന്നു വെറുതേ കാണിച്ചു എന്നേ ഉള്ളു.
    ഇങ്ങനെ പട്‌ഹിക്കാന്‍ തുടങ്ങിയാല്‍ ഒരു ജന്മം കൊണ്ടൊന്നും ചിലപ്പോള്‍ തീരില്ല കേട്ടോ

    ReplyDelete