Thursday, February 01, 2007

ദുര്‍വ്യാഖ്യാനത്തിന്റെ കഴിവ്‌

ശ്രീ തുഞ്ചത്തെഴുത്തച്ഛനോടു ആദ്യമേ തന്നെ മാപ്പപേക്ഷ സമര്‍പ്പിക്കുന്നു.

ഇതെന്റെ ആശയമല്ല - പണ്ടു പറഞ്ഞു കേട്ടിട്ടുള്ള മോശമായ തമാശയാണ്‌. അതു ഞാന്‍ ഒന്ന്‌ എന്റീകരിച്ച്‌ പോസ്റ്റുന്നു.

ഭാരതീയമായ എന്തിനെക്കുറിച്ചും എത്ര ദുഷിച്ചെഴുതുന്നുവോ അതാണ്‌ ബ്ലോഗില്‍ ഇഷ്ടമുള്ളത്‌ എന്ന പുതിയ അറിവും ഈ എഴുത്തിനു പ്രചോദനമായിരുന്നിരിക്കാം.

കേരളത്തില്‍ ജാതിവ്യവസ്ഥ ഒക്കെ കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന കാലം. അപ്പോഴാണ്‌ നമ്പൂരിയുടെ അടുത്തു വന്ന്‌ ഒരാള്‍ അറിയിച്ചു

"അറിഞ്ഞില്ലേ ശൂദ്രന്‍ രാമകഥ എഴുതുന്നു അത്രേ. ഇനിയിപ്പോ നാട്‌ എന്താകുമോ എന്തൊ"

നമ്പൂരി " ആര്‌? ആരെഴുതുന്നു?"

" ആ എഴുത്തശ്ശനേ, രാമായണം എഴുതുന്നു പോലും"

നമ്പൂരി " അതെയോ? ശിവ ശിവ, അതു കണ്ടുവോ?, വഷളന്‍ ഗദ്യത്തിലായിരിക്കും അല്ലേ?"

"അല്ല പദ്യത്തിലാണ്‌ നല്ല മലയാളത്തില്‍ തന്നെ."

നമ്പൂരി " നിങ്ങള്‍ വായിച്ചുവോ? എങ്ങനെ ഉണ്ട്‌ ഭാഷ?"

"അതല്ലേ അപകടം നന്നായി എഴുതുന്നു ഇനി ബാക്കിയുള്ളവര്‍ വായിച്ചും കൂടി തുടങ്ങിയാല്‍ വെടിപ്പായി- ഇതാ തുടക്കം കേട്ടോളൂ
"ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്രാ ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്രാ ജയ--"
എന്നിങ്ങനെ പോന്നു നല്ല ഒഴുക്ക്‌. ഇപ്പോള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല"

നമ്പൂരി " എന്താ ഇപ്പൊ ചെയ്യുക? ഇതങ്ങനെ വിട്ടു കൊടുത്തു കൂടല്ലൊ ആട്ടെ എന്തെങ്കിലും ഒരു വഴി പറയൂ""

അതേ നോം കേട്ടത്‌ മൂപ്പര്‌ സ്വല്‍പം കഴിച്ചിട്ടാണ്‌ എഴുതുന്നത്‌ എന്നാണ്‌. നമുക്ക്‌ ആ കള്ളു ചെത്തങ്ങ്‌ നിര്‍ത്തിച്ചാലോ? കള്ളില്ല, എഴുത്തും ഇല്ല എന്താ?"

നമ്പൂരി " എങ്കില്‍ വേഗമാകട്ടെ ഈ നാട്ടില്‍ ഇനി കള്ളു ചെത്തണ്ടാ കൊടുക്കുക അറിയിപ്പ്‌"

അങ്ങനെ നമ്പൂരിമാര്‍ ആ നാട്ടിലെ കള്ളു ചെത്തു നിര്‍ത്തിക്കുവാന്‍ ആജ്ഞാപിച്ചു.ഈ സമയത്ത്‌ നമ്മുടെ എഴുത്തച്ഛന്‍ കിഷ്കിന്ധാകാണ്ഡം വരെ എഴുതിത്തീര്‍ത്തിരുന്നു.അടുത്ത ദിവസം എഴുതുവാന്‍ ഇരുന്നു. പക്ഷെ കഷ്ടം ദാഹജലം എത്തുന്നില്ല. കാരണം അന്വേഷിച്ചപ്പോള്‍ അറിവായി നമ്പൂരിമാര്‍ കള്ളു ചെത്തു നിര്‍ത്തുവാന്‍ അജ്ഞാപിച്ചിരിക്കുന്നു.


കുറച്ചു ദിവസം കഴിഞ്ഞു നമ്പൂരിമാര്‍ തുടര്‍ച്ചയായി അന്വേഷിക്കുന്നുണ്ട്‌ - ഇല്ല കിഷ്കിന്ധാകാണ്ഡത്തില്‍ തന്നെ നില്‍ക്കുന്നു. സന്തോഷം ഇനി അവന്‍ എഴുതില്ലല്ലൊ.

വീണ്ടും കുറച്ചു ദിവസം കഴിഞ്ഞു. പഴയ ആള്‍ ഓടി വന്നു

" അതേ അറിഞ്ഞോ? ചതിച്ചു ദേ സുന്ദരകാണ്ഡം എഴുതി തുടങ്ങിയിരിക്കുന്നു."

നമ്പൂരി" അതു വായിച്ചുവോ? കള്ളില്ലാതെ എഴുതിയതല്ലേ ഏല്‍ക്കില്ല"

"അങ്ങനെയല്ല ഹേ' പണ്ടൊക്കെ അയാള്‍ തുടങ്ങിയിരുന്നത്‌ -

"ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമ ചരിതം നീ ചൊല്ലീടു മടിയാതെ"
എന്നൊ,

"താര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടോ
താമസശീലമകറ്റേണമാശു നീ
രാമദേവന്‍ ചരിതാമൃതമിന്നിയു-
മാമോദമുള്‍ക്കൊണ്ടു ചൊല്ലൂ സരസമായ്‌"

എന്നൊ
"ബാലികേ ശുകകുലമൗലിമാലികേ
ഗുണശാലിനി ചാരുശീലേ ചൊല്ലീടു മടിയാതെ

എന്നൊക്കെയായിരുന്നെങ്കില്‍ഇപ്പോള്‍ കേട്ടോ

എന്തൊരു കവിതയാ-

"സകലശുകകുലവിമലതിലകിതകളേബരേ
സാരസ്യപീയൂഷ സാരസര്‍വസ്വമേ
കഥയമമ കഥയമമ കഥകളതിസാദരം
കാകുല്‍ സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ"

ഈ ജാതി എഴുതി ത്തുടങ്ങിയാല്‍ നമ്മുടെ ഒക്കെ ഗതി എന്താകും?"

നമ്പൂരി " അതെയോ അതെങ്ങനെ? ആരാണ്‌ കള്ളു ചെത്തിയത്‌ നാമറിയാതെ അവനെ ഇവിടേ എത്തിക്കൂ."

" കള്ളല്ല, മറ്റവന്‍ കൊട്ടുവടി, ചെത്തു നിന്നപ്പോള്‍ ദേ അതിങ്ങത്തി അതിന്റെ പ്രഭാവം അല്ലാതെന്തു പറയാന്‍"

നമ്പൂരി " കള്ളു ചെത്തിക്കോട്ടെ ഇപ്പോള്‍ തന്നെ അറിയിക്കൂ. ഇതുപോലെ എഴുതുന്നതിനെക്കാള്‍ നല്ലത്‌ പഴയ കള്ളിന്റെ എഴുത്താണ്‌."

നമ്പൂരിയുടെ ആജ്ഞ പാലിക്കപ്പെട്ടു. കള്ളു ചെത്തു വീണ്ടും ആരംഭിച്ചു. കൊട്ടുവടി ഇല്ലാതായി. സുന്ദരകാണ്ഡം തീര്‍ത്തു കഴിഞ്ഞ രാമായണത്തിന്റെ യുദ്ധകാണ്ഡം തുടങ്ങുന്നു

"ശാരികപ്പൈതലേ ചൊല്ലുചൊല്ലിന്നിയുംചാരുരാമായണയുദ്ധം മനോഹരം--"


അനുബന്ധം

ഈ കൊട്ടുവടി പരിശൊധിച്ച അവസരത്തില്‍ എഴുതിയതാണെന്നു പറയപ്പെടുന്നു

"ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമപണ്ടേ ക്കണക്കു വരുവാന്‍ നിന്‍ കൃപാവലികളൂണ്ടാകയെങ്കലിഹ നാരായണായ നമഃ.

കഴിച്ചപ്പോള്‍ ഒന്നായിരുന്ന നിന്നെ രണ്ടാണെന്നു തോന്നുന്നതുവരെയുള്ള അനുഭൂതികള്‍ ശരീതന്നെ, പക്ഷേ അളവില്‍ വന്ന കളിപ്പീര്‌ അതു വെളിയില്‍ പറയാന്‍ മടിയാണ്‌, അതുകൊണ്ട്‌ അതും കൂടി ശരിയാക്കി പണ്ടു കള്ളു വന്നിരുന്നത്രയും അളവും കൂടി വരുവാന്‍ നിന്റെ അനുഗ്രഹം എന്നിലുണ്ടാകണം എന്നാണു പോലും.

(ഇങ്ങനൊക്കെ എഴുതുമ്പോള്‍ ഇതു തമാശയാണെന്നും ശരിക്കുള്ള അര്‍ത്ഥം വേറേയാണെന്നും ഞാന്‍ എഴുതിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകും.എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അങ്ങനെയല്ല )

17 comments:

  1. ദുര്‍വ്യാഖ്യാനത്തിന്റെ കഴിവ്‌"

    ReplyDelete
    Replies
    1. "ദുര്‍വ്യാഖ്യാനത്തിന്റെ മിഴിവ്‌" എന്നയാലോ?

      പണ്ടു് നർമ്മദ എന്ന മലയാളം വാരികയിലാണെന്നു തോന്നുന്നു നാരായണേട്ടന്റെ ഷാപ്പിലെ ഒരു കാഴ്ച വരച്ചിരുന്നു.

      Delete
    2. സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി. നർമ്മദ ഞാൻ കണ്ടിട്ടില്ല ഇതെവിടെയോ വായിച്ചു കേട്ടതാണ്.

      Delete
  2. ഇങ്ങനെയുള്ള രസിക വ്യാഖ്യാനങ്ങളിലെ ഹാസ്യം,
    ആരെയും ചിരിപ്പിക്കുന്നതാണു്.
    ഒന്നായ നിന്നെയിഹ,എന്നതിന്‍റെ വ്യാഖ്യാനം വായിച്ചു് അതെഴുതിയ ആളിന്‍റെ ഭാവനാവിലാസങ്ങളെ സമ്മതിച്ചു.

    ReplyDelete
  3. വ്യാഖ്യാനം ദുരുദ്ദേശ്യത്തോടെയാകുമ്പോ മാത്രമേ ദുര്‍വ്യാഖ്യാനം എന്നുവിളിക്കാവൂ എന്ന ശാസ്ത്രമാണ് എനിക്ക്.
    പോസ്റ്റ് അസ്സലായി ബോധിച്ചു. അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. ഒന്നു സമ്മതിക്കുന്നു, സമർപ്പിക്കുന്നു.

      അന്യമതസ്ഥരുടെ ഗ്രന്ഥങ്ങൾ വായിക്കുന്നതോ, കാണുന്നതു തന്നെയോ പാപമാണു് എന്നു പഠിച്ചുവന്നിരുന്ന ഒരു പാവം നസ്രാണിയുടെ മുമ്പിൽ ഭാരതത്തിന്റെ ഉദാത്തപൈതൃകത്തിലേക്കു തുറന്ന വാതിലായിരുന്നു സ്ക്കൂളിൽ പഠിക്കുമ്പോൾ ( അമ്പതു അറുപതുകളിൽ) കണ്ണിൽ പെട്ട കാർട്ടൂൺ .

      "ഒന്നായ നിന്നെയിഹ. . ."

      Delete
  4. സംഗതി ഇതാണു ഹെറിറ്റേജേ,

    ഒന്നായ നിന്നെ ... തനതായി , തനിയായി , ഒറിജിനലായി നിന്ന നിന്നെ

    ഇഹ...... ഇവിടെ, അതായത് ഈ ഷാപ്പില്‍ അഥവാ ഈ കാലഘട്ടത്തില്‍

    രണ്ടെന്ന് കണ്ട്....... രണ്ടായിട്ട്, അതായത് നിന്നില്‍ വേറെ എന്തോ ഒന്നു കലര്‍ന്നിരിക്കുന്നതായി കാണുന്നുവല്ലോ എന്നു. ( ചുരുക്കമായി പറഞ്ഞാല്‍ കള്ളില്‍ വെള്ളം ചേര്‍ത്തിരിക്കുന്നുവല്ലോ എന്നര്‍ത്ഥം. അതു ഞാന്‍ ദീര്‍ഘചക്ഷുസ്സുകൊണ്ടു കാണുകയും ചെയ്തല്ലോ.)

    അളവിലുണ്ടായൊരിണ്ടല്‍........ (തന്നേയുമല്ല)അളവിലും കുറവു കാണുന്നു. ഇണ്ടല്‍ എന്നതിനു കുറവ് എന്നു വ്യാഖ്യാനിക്കാം. കോപ്പയുടെ വലിപ്പത്തില്‍ കുറവു വരുത്തിയിരിക്കുന്നു.

    ബത മിണ്ടാവതല്ല മമ........ എന്നാല്‍ അതിനെപ്പറ്റി പരാതി പറയാനും കഴിയാത്ത അവസ്ഥയാണല്ലോ ഭഗവാ‍നേ എന്നു സാരം. മിണ്ടിയാല്‍ അബ്കാരി മുതലാളിമാരുടെ കിങ്കരന്മാര്‍ കൊച്ചുപിച്ചാത്തി കേറ്റും.

    പണ്ടേ കണക്കെ വരുവാന്‍...... അളവിലും ഗുണത്തിലും പഴയ കാലങ്ങളില്‍ എപ്രകാരമായിരുന്നുവോ അപ്രകാരം വന്നു ഭവിക്കുന്നതിനായിക്കൊണ്ട്

    നിന്‍ കൃപാവലികള്‍...... അങ്ങയുടെ കരുണാമൃതധാര

    ഇഹ... ഇവിടെ, അതായത് ഈയുള്ളവനില്‍ എന്നു വ്യാഖ്യാനിക്കാം

    ഉണ്ടാകയെങ്കില്‍...... ചൊരിഞ്ഞാല്‍

    നരായണായ...... ഹേ നാരായാ, അങ്ങേക്കായിക്കൊണ്ട്

    നമ: ....... എന്റെ നമസ്കാരം.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. എഴുതിയത് ബോധിച്ചെങ്കിലും ഡോ. പണിക്കര്‍, “ഭാരതീയമായ എന്തിനെക്കുറിച്ചും എത്ര ദുഷിച്ചെഴുതുന്നുവോ അതാണ്‌ ബ്ലോഗില്‍ ഇഷ്ടമുള്ളത്‌” എന്നീ അബദ്ധ ധാരണകള്‍ ‍കൊണ്ടുനടക്കുന്നതും അതിന്‍റെ പേരില്‍ ‘എന്നാ കേട്ടോ’ എന്ന മട്ടില്‍ ഈ വിധം എഴുതിവിടുന്നതുമെല്ലാം കഷ്ടമെന്നാല്ലാതെ എന്തു പറയാന്‍.

    ReplyDelete
  7. ഇത്‌ ഇപ്പഴാ കണ്ടത്‌. നന്നായിരിക്‌ക്‍ണൂ. പക്ഷെ അവസാനം ആ തലതിരിഞ്ഞ 'ദുര്‍'വ്യാഖ്യാനം ത്ര പിടിച്ചില്ലാട്ടോ.. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ചനുതന്നെ മലയാളത്തില്‍ ഒരലക്ക്‌..
    ഹാസ്യം രസിച്ചു.

    കൃഷ്‌ | krish

    ReplyDelete
  8. വ്യാഖ്യാനങ്ങള്‍ വലിയൊരു പ്രശ്നമാണ്.അത് ദുര്‍ വ്യാഖ്യാനം സുവ്യാഖ്യാനം എന്നൊക്കെ തരം തിരിക്കുന്നത് ആപേക്ഷികമാണ്.പല ഗ്രന്ഥങ്ങളും വ്യാഖ്യാനം കൊണ്ട് വഴിതെറ്റിയിട്ടുണ്ട്.വ്യാഖ്യാതാവിന് ചില ലക്ഷ്യങ്ങള്‍ കാണും.
    പക്ഷേ ബൂലോകത്തെക്കുറിച്ച് താങ്കള്‍ കരുതുന്നത്ര പ്രശ്നങ്ങളൊന്നുമില്ല.ഭാരതീയമായത് എങ്ങനെ വ്യാഖ്യാനിക്കപ്പെട്ടാലും അതില്‍ താങ്കള്‍ എന്തിന് അലോസരപ്പെടണം.വായിക്കുന്നവന്‍ വിവരമില്ലാത്തവനാണെന്ന് കരുതരുത്.വായിക്കുന്നതപ്പടി വിഴുങ്ങുന്നവരാണ് ഇന്ത്യക്കാരെങ്കില്‍ എന്നേ നന്നായേനേ.

    ReplyDelete
  9. ഇന്ത്യ ഹെറിറ്റേജ്‌,
    മുത്തപ്പന്‍ ഒരു വെള്ളാട്ടിനു ക്ഷണിക്കുന്നു.

    ReplyDelete
  10. ദുര്‍വ്യാഖ്യാനം സദ് വ്യാഖാനം എന്നതിനു പകരം പക്വമായ വ്യാഖ്യാനം എന്നുപറയുന്നതല്ലെ ഉചിതം എന്നാണെനിക്കു തോന്നുന്നത്.


    ഒരു കൃതി വ്യാഖാനിക്കപ്പെടുമ്പൊള്‍ അതെഴുതപ്പെട്ടപ്പോള്‍ ,

    രചയിതാവുനുണ്ടായ വികാര-വിചാരങ്ങള്‍ വ്യാഖ്യാതാവിന്‌ പൂര്ണ്ണമായും ഉള്‍ക്കൊള്ളാന്‍ പറ്റിയാല്‍

     മത്രമെ പക്വമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കാന്‍ പറ്റൂ എന്നാണെന്‍റ്റെ മതം.


    മൂല്യ കൃതി എന്തായാലും ,

    ദേവന്‍മാരെ പ്രകീര്‍ത്തിക്കുന്നതു സദ് വ്യാഖ്യാനവും ,

    അസുരന്‍മാരെ ആയാല്‍ ദുര്‍വ്യാഖ്യാനവും ആവുന്നില്ലാന്നാണ്‌ ഞാന്‍ കരുതുന്നത്.


    വിഷ്ണുമാഷെ , തങ്കളുടെ കമന്‍റ്റ് വളരെ നന്നായി.

    ReplyDelete
  11. തീക്കടല്‍ കടഞ്ഞു തിരുമധുരം എന്നതില്‍ സി.രാധാകൃഷ്ണന്‍ വളരെ നന്നായി ഇതു വരച്ചു കാട്ടിയിട്ടുണ്ടെന്നു വിശ്വസിക്കുന്നു..
    ഭാരതീയത ഭാരതത്തിനു വെളിയില്‍ തേച്ചു മിനുക്കിയ വിളക്കു പോല്‍ പ്രകാശം പരത്തുന്നുണ്ട്.നമുക്കു പ്രതീക്ഷിക്കാം.

    ReplyDelete
  12. കഥ ഇഷ്ടപ്പെട്ടു. ആവനാഴി മാഷിന്റെ വ്യാഖ്യാനവും.

    പ്രസിദ്ധീകരിച്ച് കൃത്യം രണ്ടു വര്‍ഷത്തിനു ശേഷമാൺ ഈ പോസ്റ്റ് വായിക്കുന്നത്. :-)

    ReplyDelete