Monday, February 09, 2009

നിങ്ങള്‍ക്കെന്തു തോന്നുന്നു?

ഇന്ദ്രിയങ്ങളെ അടക്കുക - എല്ലാവരും പറയുന്ന ഒരു കാര്യമാണ്‌.

നടപ്പില്ലാത്ത ഒരു കാര്യം കൂടി ആണ്‌. എല്ലാ ഇന്ദ്രിയങ്ങളെയും അടക്കുന്ന കാര്യം പറയുമ്പോള്‍ അര്‍ജ്ജുനനും കൃഷ്ണനും തമ്മില്‍ സംസാരിക്കുന്നിടത്ത്‌ ഇക്കാര്യം എടുത്തു പറയുന്നും ഉണ്ട്‌.

എങ്കില്‍ നമ്മെപോലെ ഉള്ളവര്‍ എന്തു ചെയ്യും

അതില്‍ ഏതെങ്കിലും ഒരെണ്ണത്തിനെ അടക്കുവാന്‍ സാധിക്കുമൊ?

അഥവാ സാധിക്കും എങ്കില്‍ അത്‌ ഏതായിരിക്കണം?

എന്തൊക്കെ ഗുണം ജീവിതത്തില്‍ ലഭിക്കുവാന്‍ അത്‌ സഹായിക്കും?

എന്റെ അഭിപ്രായം ഞാന്‍ പിന്നെ പറയാം. നിങ്ങള്‍ക്കെന്തു തോന്നുന്നു?

16 comments:

  1. ഇന്ദ്രിയങ്ങളെ അടക്കുക - എല്ലാവരും പറയുന്ന ഒരു കാര്യമാണ്‌.
    അതില്‍ ഏതെങ്കിലും ഒരെണ്ണത്തിനെ അടക്കുവാന്‍ സാധിക്കുമൊ?
    നിങ്ങള്‍ക്കെന്തു തോന്നുന്നു?

    ReplyDelete
  2. എല്ലാം കൂടി ഒന്നിച്ച് അടക്കാമല്ലോ.
    അതുകൊണ്ട് സ്വന്തം ജീവിതത്തിനല്ല ഗുണം,മറ്റു ജീവിതങ്ങൾക്കാണ്.

    ReplyDelete
  3. ഇന്ദ്രിയങ്ങളെ അടക്കുക എന്നതിനേക്കാള്‍ കൂടുതല്‍ചേരുക മനസ്സിനെ അടക്കുക അല്ലെങ്കില്‍ നിയന്തിക്കുക എന്നതാണെന്ന് തോന്നുന്നു. മനസ്സിനെ നിയന്ത്രിക്കാന്‍ "അനാസക്തി"യും "വൈരാഗ്യ"വും സഹായിക്കും എന്ന് കേട്ടിട്ടുണ്ട്.

    ഇന്ദ്രിയങ്ങള്‍ ഉപയോഗിക്കാതെ ഈ ലോകത്ത് സാധാരണ മനുഷ്യര്‍ക്ക്‌ ജീവിക്കാന്‍ കഴിയില്ലല്ലോ. അവധൂതന്മാര്‍ക്ക് കഴിയും എന്ന് കേട്ടിട്ടുണ്ട്.

    നാം കാണുന്നത് കണ്ണ് ഉള്ളതുകൊണ്ടാണല്ലോ. എന്നാല്‍ ആരോഗ്യകുള്ള ഒരു കണ്ണുണ്ട് എന്നതുകൊണ്ട് മാത്രം കാണാന്‍ കഴിയില്ലല്ലോ. ഒരു വസ്തുവിന്‍റെ രൂപവും ഭാവവും മറ്റും നമ്മില്‍ ജനിപ്പിക്കുന്നത് മനസ്സല്ലേ? ഒരു വസ്തുവിനെ നാം കണ്ണുകൊണ്ട് കാണുമ്പോള്‍ അതിനെക്കുറിച്ചുള്ള പലതരം ചിന്തകള്‍ മനസ്സില്‍കൂടി കടന്നുപോകുന്നു. അങ്ങനെയല്ലേ നാം ആ വസ്തുവിനെ യഥാര്‍ത്ഥത്തില്‍ കാണുന്നത്? അപ്പോള്‍ കാണുന്നത് കണ്ണോ മനസ്സോ? അതുപോലെ തന്നെയല്ലേ ചെവി, മൂക്ക്, നാക്ക്, തുടങ്ങിയ മറ്റു ഇന്ദ്രിയങ്ങളും? (ബ്രെയിന്‍, ബുദ്ധി തുടങ്ങിയ ശാസ്ത്രീയവശങ്ങള്‍ ഈയുള്ളവന്‍ പരാമര്‍ശിക്കുന്നില്ല.)

    നമ്മുടെ ചിന്തകളും പ്രവൃത്തികളും ആസക്തികൂടാതെ, വൈരാഗ്യത്തോടെ, ചെയ്‌താല്‍ അത് മനസ്സിനെ അടക്കുമെന്ന് കേട്ടിട്ടുണ്ട്. രമണമഹര്‍ഷിയുടെ ഞാന്‍ ആരാണ്? എന്ന ചോദ്യങ്ങള്‍ ഇവിടെ സ്മരണീയമാണ്.

    ReplyDelete
  4. പ്രിയ ശ്രീ @ ശ്രേയസ്‌

    എഴുതിയത്‌ കാര്യം തന്നെ സമ്മതിച്ചു.

    "അസംശയം മഹാബാഹോ മനോ ദുര്‍ന്നിഗ്രഹം പരം" എന്നു ശ്രീകൃഷ്ണന്‍ പരഞ്ഞ ആ സാധനം സാധാരണമനുഷ്യരായ നമ്മള്‍ക്ക്‌ എങ്ങനെ ഉള്ളതായിരിക്കും?
    അതുകൊണ്ട്‌ ഇന്ദ്രിയങ്ങളെ ഓരോന്നായി എടുത്ത്‌ അവയില്‍ ഏതെങ്കിലും ഒരെണ്ണത്തെ അല്‍പമെങ്കിലും വരുതിയ്ക്കു നിര്‍ത്തുവാന്‍ സാധിക്കും എങ്കില്‍ ഏതായിരിക്കും ഏറ്റവും നല്ലത്‌ എന്നായിരുന്നു ഞാന്‍ ചോദികാന്‍ ഉദ്ദേശിച്ചത്‌`.

    എല്ലായ്പോഴത്തെയും പോലെ എന്റെ എഴുത്ത്‌ ഒരു വഹയാ അല്ലേ?

    ReplyDelete
  5. കരുത്തരായ കുതിരകളെന്നു വിവക്ഷയുള്ള ഇന്ദ്രിയങ്ങളെ അടക്കുക എന്നത് യോഗികള്‍ക്കു പറഞ്ഞിട്ടുള്ളതു തന്നെ.
    മാഷിന്‍റെ ചോദ്യത്തിലെ “ഏതെങ്കിലും ഒരെണ്ണത്തിനെ”, എന്നതില്‍ ഞാന്‍ നാക്ക് എന്ന് പറയും. നാവടക്കാന്‍ സാധിച്ചാല്‍ ഉള്ള ഗുണങ്ങള്‍ പറയണമെങ്കില്‍ ഉത്തരം ശരിയാണോ എന്നറിയണമല്ലോ.:).

    ReplyDelete
  6. വേണുജീ ഇനിയും ആരെങ്കിലും പറയുന്നെങ്കില്‍ അതുകഴിഞ്ഞിട്ട്‌ എഴുതാം ഉത്തരം - ((അതൊരു ഉത്തരം ആണൊ- എന്റെ അഭിപ്രായം എന്നലേ വിളിക്കാന്‍ പറ്റൂ?)

    ഏതായാൂം നാവടക്കുന്നതു കൊണ്ടൂള്ള ഗുണങ്ങള്‍ കൂടി എഴുതാമായിരുന്നു - ഇനിയായാലും മതി ,അതുകൂടെ പോരട്ടെ

    ReplyDelete
  7. ഒരു ഇന്ദ്രിയം മാത്രം മൊത്തമായി അടക്കിയതുകൊണ്ട് കാര്യമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ ബധിരരും കുരുടരും ഊമയും ആയിട്ടുള്ളവര്‍ മൂന്നു ഇന്ദ്രിയങ്ങളെ പ്രകൃത്യാതന്നെ അടക്കിയവരാണോ? അറിയില്ല.

    കുറേശ്ശെ എല്ലാം അടക്കുന്നതായിരിക്കും പ്രായോഗികം എന്നുതോന്നുന്നു. വേണ്ടത് മാത്രം കേള്‍ക്കാനായി കേള്‍വി അടക്കാം, വേണ്ടത് മാത്രം കാണാനായി കാഴ്ച അടക്കാം, ആവശ്യമുള്ളതുമാത്രം പറയാനായി നാവ്‌ അടക്കാം, എന്നിങ്ങനെ. പക്ഷെ ഇവയില്‍ ഏതിനെ അടക്കണമെങ്കിലും നമ്മുടെ മനസ്സ് വിചാരിക്കണ്ടേ? ഗാന്ധാരിയെപ്പോലെ കണ്ണ് മൂടിക്കെട്ടിയാല്‍ കണ്ണിനെ അടക്കാന്‍ സാധിക്കില്ലല്ലോ.

    അതായത്, കുതിരയാകുന്ന ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കടിഞ്ഞാണാകുന്ന മനസ്സിനെ പിടിക്കണം, അതിന് കൃഷ്ണനാകുന്ന ആത്മാവ് തന്നെ വിചാരിക്കുകയും വേണം എന്ന് വിവക്ഷ. എന്നിലെ 'ഞാന്‍' മനസ്സിനെ പിടിച്ചു ഇന്ദ്രിയങ്ങളെ അടക്കാന്‍ പരിശ്രമിച്ചാല്‍ തീര്‍ച്ചയായും അത് സംഭവിക്കും എന്ന് വിശ്വസിക്കുന്നു. നമ്മള്‍ സാധാരണക്കാര്‍ക്കും ഇത് ശ്രമിക്കാവുന്നതേയുള്ളൂ.

    (തര്‍ക്കിക്കാനല്ല, സംശയം എഴുതുന്നുവെന്നുമാത്രം)

    ReplyDelete
  8. ശ്രീ പറഞ്ഞതാദ്യം തന്നെ സമ്മതിച്ചതാണ്‌- കാരണം എല്ലാറ്റിനേയും നിയന്ത്രിക്കുന്നവനെ ആണ്‌ ആദ്യം വരുതിയില്‍ ആക്കേണ്ടത്‌. പക്ഷെ അത്‌ "ദുര്‍ന്നിഗ്രഹം " ആയതിനാല്‍ നമ്മെ പോലെ നിലവാരത്തില്‍ താണവര്‍ക്ക്‌ എന്തു ചെയ്യാന്‍ സാധിക്കും?

    പ്രായോഗികമായി എന്താണ്‌ സാധ്യമായുള്ളത്‌? പറയുവാന്‍ എല്ലാവര്‍ക്കും സാധിക്കും. പ്രയോഗത്തില്‍ വരുത്തുവാന്‍ ബുദ്ധിമുട്ടുള്ളത്‌ പറഞ്ഞു നടന്നിട്ടെന്തു കാര്യം?

    സുന്ദരിയായ ഒരു സ്ത്രീയെ ഒരു പുരുഷന്‍ കാണുന്നത്‌ കണ്ണുകള്‍ കൊണ്ടാണ്‌, ദൂരെ നിന്ന് അവളെ കന്നു കൊണ്ട്‌ എത്ര നേരം നോക്കി നിന്നാലും പ്രത്യേകിച്ച്‌ അപകടം ഒന്നും ഉണ്ടാകില്ല. എന്നാല്‍ കര്‍മ്മേന്ദ്രിയമായ കയ്യുകള്‍ ഒപ്പം പ്രവര്‍ത്തിച്ചാല്‍ ചിലപ്പോള്‍ അല്ല മിക്കവാറും എല്ലായ്പ്പോഴും തന്നെ അടികിട്ടി എന്നു വരും (ഉദാഹരണം തറയായിപ്പോയോ?) അപ്രകാരം ഒരു ഇന്ദ്രിയം പ്രലോഭിപ്പിച്ചാലും മറ്റൊന്നിനെ അടക്കുവാന്‍ കഴിഞ്ഞാല്‍ നല്ലതാണ്‌ എന്നു വിവക്ഷ.
    ഇവിടെ കുരുടന്‌ കണ്ണില്ലാത്തതുപോലെയുള്ള അവസ്ഥയല്ല - അറിഞ്ഞു കൊണ്ട്‌ ഉള്ളതിനെ നിയന്ത്രിക്കുകയാണ്‌

    ReplyDelete
  9. താങ്കളുടെ ഉദാഹരണത്തില്‍ കയ്യ് പ്രവര്‍ത്തിക്കാതിരിക്കാന്‍ ആര് വിചാരിക്കണം? കയ്യ് കൂടി പ്രവര്‍ത്തിച്ചാല്‍ നാട്ടുകാര്‍ കൂടി തല്ലുമെന്ന് അദ്ദേഹത്തിന്‍റെ മനസ്സല്ലേ തീരുമാനിക്കുന്നത്. :-)

    സുന്ദരിയായ ഒരു സ്ത്രീയെയോ പുരുഷനെയോ നോക്കുന്നതില്‍ തെറ്റില്ല, സ്ത്രീയെ കാണുമ്പോള്‍ കണ്ണടക്കാന്‍ പറ്റില്ലല്ലോ. സുന്ദരിയെ കാണുമ്പോള്‍ മനസ്സില്‍ വികലമായ ചിന്തവരുമ്പോള്‍ മാത്രമാണ് അതൊരു അരുതാത്ത നോട്ടം ആകുന്നത്. പാവം കണ്ണുകള്‍ എന്ത് പിഴച്ചു?

    നഗ്നയായ ഒരു കുഞ്ഞിനെയും നഗ്നയായ സുന്ദരിയായ ഒരു സ്ത്രീയെയും കാണുമ്പോള്‍ കണ്ണിന്‍റെ പ്രവര്‍ത്തനത്തില്‍ ഒരു വ്യത്യാസവുമില്ല, പക്ഷെ മനസ്സിനല്ലേ കണ്‍ഫ്യൂഷന്‍ ഉണ്ടാവുന്നത്. രണ്ടുപേരെയും വാരിപ്പുണരുകയും ചെയ്യാം, പക്ഷെ മനസ്സിന്‍റെ വികാരം മാത്രം മാറുന്നു!

    ഈയുള്ളവന്‍ പറഞ്ഞു വന്നത്, മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കാതെ ഇന്ദ്രിയങ്ങളെ ഒന്നും ചെയ്യാന്‍ പറ്റില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഏതെങ്കിലും ഇന്ദ്രിയങ്ങളെ നാം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നാല്‍ അതിനുവേണ്ടി മനസ്സും കുറേശ്ശെ അടങ്ങുന്നു എന്നര്‍ത്ഥം.

    എന്തായാലും താങ്കളുടെ ഈ ചോദ്യത്തിന് താങ്കളുടെ വിശദമായ മറുപടികൂടെയാവുമ്പോള്‍ കൂടുതല്‍ മനസ്സിലാവും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  10. ശ്രീ മനസ്സിനെ നിയന്ത്രിക്കുന്നു എന്നു വച്ചാല്‍ വികടശിരോമണി പറഞ്ഞതു പോലെ എല്ലാം കൂടെ ഒന്നിച്ചായില്ലേ?

    ആത്യന്തികമായി നിയന്ത്രണം എന്നത്‌ മനസ്സിന്റെ തന്നെ ആണു താനും അതില്‍ തര്‍ക്കമില്ല.

    ഇവിടെ അത്ര ഉന്നതമായ ചിന്തയല്ല ഉദ്ദേശിച്ചത്‌. പ്രായോഗിക ജീവിതത്തിലെ കാര്യങ്ങള്‍ - വെറും സാധാരണക്കാരന്‌ - എന്നു പറഞ്ഞാല്‍- ഓര്‍ഡിനറി ബസ്സില്‍ യാത്ര ചെയ്യുന്ന, തീവണ്ടിയില്‍ ജെനെറല്‍ കമ്പാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുന്ന, മുണ്ടും ഉടുപ്പും ഇടുന്ന മനുഷ്യന്‌ അനുവര്‍ത്തിക്കാന്‍ ഉതകുന്ന കാര്യം

    ReplyDelete
  11. മുണ്ടും ഉടുപ്പും ധരിച്ചു തീവണ്ടിയില്‍ യാത്ര ചെയ്യുന്നവനും കോട്ടും സ്യൂട്ടും ഷൂസും ധരിച്ചു പറക്കുന്നവനും ഒക്കെയുള്ളത് ഒരേ മനസ്സാണ്, അവിടെ വ്യത്യാസമൊന്നുമില്ല. ഒരു തുണിയും ധരിക്കാത്ത വളരെ മനസ്സടക്കിയ സിദ്ധന്മാരെയും കണ്ടിട്ടുണ്ട്, അവരും സാധാരണക്കാര്‍ തന്നെ! :-)

    ഒരു ഇന്ദ്രിയത്തെ ശാരീരികമായി കെട്ടിയോ മറച്ചോ പൊതിഞ്ഞോ വയ്ക്കാം, പക്ഷേ അതിനെ അടക്കുന്നത് മനസ്സില്‍ കൂടിയേ പറ്റൂ എന്നാണ് ഈയുള്ളവന്‍ പറഞ്ഞത്.

    ഏതായാലും മാഷിന്‍റെ ചിന്തകള്‍ നീണ്ടൊരു പോസ്റ്റായി/കമന്‍റായി ഉടനെ പ്രതീക്ഷിക്കുന്നു. അപ്പോള്‍ ഈ പോസ്റ്റിലൂടെ താങ്കള്‍ ഉദ്ദേശിച്ചത് കൂടുതല്‍ വ്യക്തമാവും. എന്നിട്ട് ആവശ്യമെങ്കില്‍ ചര്‍ച്ച തുടരാം എന്ന് തോന്നുന്നു.

    ചിന്തിപ്പിച്ചതിനു നന്ദി മാഷേ.

    ReplyDelete
  12. ശ്രീ, നിയന്താവിനെ കുറിച്ച്‌ ശ്രീയുടെ അഭിപ്രായത്തിനോട്‌ എതിരില്ലെന്നല്ല , അതുതന്നെ ആണ്‌ എന്റെയും അഭിപ്രായം എന്നിനി എത്ര പ്രാവശ്യം പറയണം? അത്രയും പ്രാവശ്യം പറഞ്ഞിരിക്കുന്നു.

    "സാധാരണക്കാരന്‍" - നമ്മുടെ രാഷ്ട്രീയക്കാര്‍ പറയുന്ന ആ പ്രയോഗം ഒന്നു ഊതി നോക്കിയതാ ചീറ്റിപോയി അല്ലേ. അവനൊക്കെ കട്ടുമുടിച്ചിട്ട്‌ "സാധാരണക്കാരനെ " ബാധിക്കുകയില്ല എന്നുള്ള ഒരു പ്രയോഗമുണ്ടല്ലൊ അത്‌. ആ കോട്ടിനും സൂട്ടിനും ഉള്ളിലുള്ള മനസ്സിനെ സാധാരണക്കാരന്റെ മനസ്സിനോടുപമിക്കല്ലേ.

    ReplyDelete
  13. അപ്പോള്‍ വേണു ജി പറഞ്ഞ നാക്കു തന്നെ ആണ്‌ എന്റെ അഭിപ്രായത്തില്‍ നിയന്ത്രണത്തിനു വിധേയമാക്കേണ്ട ആദ്യത്തെ ഇന്ദ്രിയം

    ReplyDelete
  14. ഇന്ദ്രിയവാസനകളെ ജയിക്കണം എന്നല്ലേ പറയുന്നത്.
    (നിത്യകർമ്മങ്ങളെ ഒഴിച്ചു നിർത്തിക്കൊണ്ട് ഒരു മോക്ഷവും സാധ്യമല്ല)

    1)ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും-
    നളികയിലേറി നയേന മാറിയാടും
    കിളികളെയഞ്ചുമരിഞ്ഞു കീഴ്മറിക്കും
    വെളിവുരുവേന്തിയകം വിളങ്ങിടേണം.

    2)യദാ ഹി നേന്ദ്രിയാർത്ഥേഷു ന കർമ്മസ്വനുഷജ്ജതേ.
    (കർമ്മങ്ങളിൽ ഒട്ടിപ്പിടിക്കരുത്)

    3)ആകാശത്തെ ഒരു തോല്പായപോലെ ചുരുട്ടിക്കൂട്ടിയെടുക്കാമെങ്കിൽ ജ്ഞാനമില്ലാതെ തന്നെ മോക്ഷവും നേടാം. രണ്ടും നടപ്പില്ലാത്ത കാര്യം എന്നു സാരം.(ശ്വേതാശ്വതരോപനിഷത്)

    ReplyDelete
  15. അതേസമയം പഞ്ചേന്ദ്രിയം , നാവ് :)

    ReplyDelete