Saturday, September 05, 2009

കഠോപനിഷത്‌ മൂന്നാം വല്ലി

കഠോപനിഷത്‌ മൂന്നാം വല്ലി
(കുറച്ചു നാളായി തടസം നേരിട്ടിരുന്നു. ഇതിനു മുമ്പുള്ള ഭാഗങ്ങള്‍ ഇതു മുതല്‍ പിന്നോട്ടു കാണാം)
http://indiaheritage.blogspot.com/2007/09/09.html

തുടര്‍ന്ന്‌ യമധര്‍മ്മന്‍ നചികേതസ്സിന്‌ വിഷയത്തിന്റെ ഒരു പൂര്‍ണ്ണചിത്രം നല്‍കുകയാണ്‌.

അത്മാവിനെ പറയുന്നിടത്ത്‌

"അണോരണീയാന്‍ മഹതോ മഹീയാന്‍--"
എന്നു പറഞ്ഞത്‌ ഓര്‍ക്കുമല്ലൊ.

ഒരേസമയത്തു തന്നെ അണുക്കളില്‍ വച്ച്‌ അണുവും , മഹത്തുക്കളില്‍ വച്ചു മഹത്തും ആണ്‌.

അതെങ്ങനെ ആകും എന്നതും ഈ വിശദീകരണത്തില്‍ വ്യക്തമാകുന്നു.

ഒരിക്കലും ഉണ്ടാകാത്തതും ഒരിക്കലും നശിക്കാത്തതും ആണ്‌ അത്‌. അതായത്‌ എല്ലായ്പ്പോഴും ഉള്ളത്‌ മാത്രം.

ആ ആത്മാവ്‌ ജന്തുവിന്റെ ഹൃദയാകാശത്തില്‍ വസിക്കുന്നു.

അവന്‍ ബുദ്ധിയെ തേരാളിയാക്കി, മനസ്സിനെ കടിഞ്ഞാണാക്കി ഇന്ദ്രിയങ്ങളെ കുതിരകളാക്കി ശരീരം എന്ന രഥം ഉപയോഗിച്ച്‌ ഒരു യാത്ര.

എങ്ങോട്ട്‌?

അതാണ്‌ മനോഹരമായ ഈ ചിത്രം പഠിക്കുമ്പോള്‍ മനസ്സിലാകുന്നത്‌.

ഉല്‍പ്പത്തി - അഥവാ പ്രഭവം മുതല്‍ നാശം - പ്രലയം വരെയുള്ള യാത്ര.

ഒരിക്കലും ഉണ്ടാകാത്തവനും ഒരിക്കലും നശിക്കാത്തവനും ആയ ആത്മാവിന്‌ എവിടെ ഉല്‍പ്പത്തി? എവിടെ നാശം?

ന്യായമായ സംശയം.

അതുകൊണ്ടാണ്‌ ഈ പ്രപഞ്ചം മായയുടെ സൃഷ്ടി ആണെന്നു പറയുന്നത്‌.

ആ മായയുടെ ഉല്‍പ്പത്തി മുതല്‍ നാശം വരെ.

ഉല്‍പ്പത്തി അണുക്കളില്‍ നിന്നും അണുവായ അവസ്ഥയില്‍ നിന്നും തുടങ്ങുന്നു, മഹത്തില്‍ നിന്നും മഹത്തായതില്‍ അവസാനിക്കുന്നു.

നാശം മഹത്തില്‍ വച്ചു മഹത്തായതില്‍ തുടങ്ങുന്നു അണുവില്‍ വച്ച്‌ അണുവായതില്‍ അവസാനിക്കുന്നു.

"ബൃംഹണാത്‌ ബ്രഹ്മ" ബൃംഹണസ്വഭാവം ഉള്ളതുകൊണ്ട്‌ ബ്രഹ്മം.

ബൃംഹണം - വികസിക്കല്‍ സ്വഭാവം ഉള്ളതുകൊണ്ട്‌ ആണ്‌ അതു ബ്രഹ്മം ആകുന്നത്‌.

ഈ ബൃംഹണം ആണ്‌ ഉല്‍പ്പത്തി എന്നു പറയുന്നത്‌.

എങ്ങനെ ആണ്‌ ബൃംഹിപ്പിക്കുന്നത്‌?

ആത്മാവില്‍ നിന്നും ബുദ്ധിയില്‍ കൂടി മനസ്സുപയോഗിച്ച്‌ ഇന്ദ്രിയങ്ങള്‍ വഴി.

അതേ. പ്രപഞ്ചം നാം അനുഭവിക്കുന്നത്‌ ഇന്ദ്രിയങ്ങളില്‍ കൂടി.

അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ വഴി ശബ്ദസ്പര്‍ശരൂപരസഗന്ധങ്ങള്‍ അറിയുമ്പോള്‍ നമുക്ക്‌ പ്രപഞ്ചം ഉണ്ട്‌.

ഉറങ്ങിക്കിടക്കുമ്പോള്‍ ഈ ശബ്ദസ്പര്‍ശരൂപരസഗന്ധാദികള്‍ എല്ലാം ഉണ്ടെങ്കിലും അവ നമ്മുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ടെങ്കിലും, നമുക്ക്‌ പ്രപഞ്ചം ഇല്ല. തിരികെ ഉണരുമ്പോള്‍ ഉണ്ടു താനും.

എന്നാല്‍ ഉറങ്ങിക്കിടന്നപ്പോള്‍ അത്‌ അനുഭവത്തില്‍ എങ്ങനെ ആയിരുന്നു എന്നു നാം ഓര്‍ക്കുന്നില്ല - ഓര്‍ക്കുവാന്‍ സാധിക്കുന്നില്ല. പകരം നാം ഉറങ്ങുകയായിരുന്നു എന്നു മാത്രം അറിയാം.

ഇതിനെ സുഷുപ്തി എന്ന്‌ ഉപനിഷത്‌ വിളിക്കുന്നു. ഛാന്ദോഗ്യം ഇതിനെ വിശദമായി പറയുന്നുണ്ട്‌.

സ്വപിതി - ഉറങ്ങുന്നു - സ്വം അപീതി - സ്വത്വത്തെ പ്രാപിച്ചിരിക്കുന്നു എന്നര്‍ഥം.

ബുദ്ധി നിശ്ചേഷ്ടമായി മനസ്സ്‌ നിശ്ചലമായി,അപ്പോള്‍ ഇന്ദ്രിയപ്രവൃത്തികള്‍ ഉണ്ടെങ്കിലും തന്നില്‍ നിന്നും വ്യതിരിക്തമായി അറിയേണ്ടതായി ഒന്നും ഇല്ലാത്തതിനാല്‍ സുഷുപ്തിയില്‍ ഒന്നും അറിയുന്നില്ല എന്നാണ്‌ ഉപനിഷത്ത്‌ പറയുന്നത്‌.

എങ്ങനെ എന്നാല്‍ അറിയുന്നവന്‍, അറിയേണ്ട വസ്തു എന്ന രണ്ട്‌ എണ്ണം ഉണ്ടെങ്കിലേ അറിയുന്നു എന്ന ക്രിയ നടക്കൂ.

അറിയുന്നവനും അറിയപ്പെടുന്ന വസ്തുവും രണ്ടും ഒന്നാണെങ്കിലോ? ആര്‍ ആരെ അറിയും? അങ്ങനെ അറിയുവാന്‍ തന്നില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും ഇല്ല എന്നാണ്‌ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം.

ഇന്ദ്രിയങ്ങള്‍ മനസ്സിലും മനസ്സു ബുദ്ധിയിലും ബുദ്ധി ആത്മാവിലും ലയിക്കുന്നത്‌ - പ്രലയം. (ഇതിന്റെ നേരെ വിപരീതം പ്രഭവം)

ഇതേ അവസ്ഥ ഉണര്‍ന്നിരിക്കുമ്പോള്‍ ഉണ്ടാക്കുവാന്‍ കഴിയുന്ന അവസ്ഥയാണ്‌ യമധര്‍മ്മന്‍ ഉപദേശിക്കുന്നത്‌.

ഉണര്‍ന്നിരുന്ന്‌ അറിഞ്ഞു കൊണ്ട്‌ സര്‍വവും താനാണെന്നു അനുഭവിച്ചറിയുവാന്‍ കഴിയുന്ന അവസ്ഥ.

അതാണ്‌ സന്യാസം. സമ്യക്കായ ന്യാസം.

ഇനി ഇതിന്റെ പ്രായോഗികവശങ്ങള്‍ യമധര്‍മ്മന്‍ ഉപദേശിക്കുന്നതു കേള്‍ക്കാം

ഋതം പിബന്തൗ സുകൃതസ്യ ലോകേ
ഗുഹാം പ്രവിഷ്ടൗ പരമേ പരാര്‍ദ്ധേ
ഛായാതപൗ ബ്രഹ്മവിദോ വദന്തി
പഞ്ചാഗ്നയോ യേച ത്രിണാചികേതാ

സ്വന്തം കര്‍മ്മഫലങ്ങള്‍ ഭുജിക്കുന്നവരായി ശരീരത്തില്‍ ബ്രാഹ്മാനുഭവസ്ഥാനമായ ഹൃദയാകാശത്തില്‍ ബുദ്ധിഗുഹയെ പ്രവേശിച്ചിരിക്കുന്ന ജീവാത്മപരമാത്മാക്കളെ പറ്റി ബ്രഹ്മജ്ഞാനികളും , നചികേതാഗ്നി മൂന്നുപ്രാവശ്യം യജിച്ചവരും പറയുന്നുണ്ട്‌.

ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി
മനഃ പ്രഗ്രഹമേവ ച

രഥത്തിലിരിക്കുന്ന യാത്രക്കാരന്‍ - ആത്മാവ്‌, ശരീരം രഥം , തേരാളി ബുദ്ധി, മനസ്സ്‌ കടിഞ്ഞാണ്‍ എന്നിങ്ങനെ അറിയുക.

ഇതുതന്നെ ഭഗവത്‌ ഗീതയില്‍

"ഇന്ദ്രിയാണി ഹയാനാഹു
വിഷയാംസ്തേഷു ഗോചരാന്‍
ആത്മേന്ദ്രിയമനോയുക്തം
ഭോക്തേത്യാഹുര്‍മനീഷിണഃ"

എന്ന ശ്ലോകം കൊണ്ടു പറയുന്നു.

"യസ്ത്വവിജ്ഞാനവാന്‍ ഭവത്യയുക്തേന മനസാ സദാ
തസ്യേന്ദ്രിയാണ്യവശ്യാനി ദുഷ്ടാശ്വാ ഇവ സാരഥേഃ"

നിയന്ത്രണമില്ലാത്ത കടീഞ്ഞാണായി മനസ്സിനെ അഴിച്ചു വിടൂന്ന അറിവില്ലാത്തവന്‍, തോന്ന്യവാസം സഞ്ചരിക്കുന്ന കുതിരകള്‍ വലിക്കുന്ന രഥത്തെ പോലെ ഉള്ള ശരീരയാത്ര നിര്‍വഹിക്കുന്നു.

വിജ്ഞാനസാരഥിര്യസ്തു
മനഃ പ്രഗ്രഹവാന്‍ നരഃ
സോധ്വനഃ പാരമാപ്നോതി
തദ്വിഷ്ണോഃ പരമം പദം"

ഏതൊരു പുരുഷനാണൊ വ്യക്തമായ ലക്ഷ്യബോധത്തോടൂ കൂടിയ ബുദ്ധിയാല്‍, വശപ്പെടുത്തിയ മനസ്സോടു കൂടിയവനായത്‌ അവന്‍ സംസാരയാത്രയുടെ മറുകരയായ ബ്രഹ്മസ്വരൂപത്തെ പ്രാപിക്കുന്നു. ആ ബ്രഹ്മം തന്നെ സര്‍വത്ര വിളങ്ങി നില്‍ക്കുന്ന സത്യസ്വരൂപം.

ഇനിപറയുന്ന ശ്ലോകങ്ങള്‍ ശ്രദ്ധിക്കുക

"ഇന്ദ്രിയേഭ്യഃ പരാഹ്യര്‍ത്താഃ
അര്‍ഥേഭ്യശ്ചപരം മനഃ
മനസസ്തു പരാ ബുദ്ധിഃ
ബുദ്ധേരാത്മാ മഹാന്‍ പരഃ

മഹതഃ പരമവ്യക്തം
അവ്യക്താല്‍ പുരുഷഃ പരഃ
പുരുഷാന്നപരം കിഞ്ചിത്‌
സാ കാഷ്ഠാ സാ പരാ ഗതിഃ"

ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയാര്‍ത്ഥങ്ങള്‍, മനസ്സ്‌, ബുദ്ധി, പ്രാണന്‍, അവ്യക്തം, പുരുഷന്‍ എന്നീ ക്രമത്തില്‍ പുറമേ നിന്നും അകത്തേക്കു പ്രലയവും,

പുരുഷനില്‍ നിന്നു തുടങ്ങി ഇന്ദ്രിയങ്ങള്‍ വരെ പ്രഭവവും - വികാസവും മനസ്സിലാക്കുക.

പ്രലയിക്കുവാന്‍ സാധിക്കുന്നവന്‍ ഭാഗ്യവാന്‍, വികസിക്കുന്നവന്‍ പ്രാപഞ്ചികന്‍.

അതിനുള്ള വഴിയാണ്‌ ഇനി പറയുന്നത്‌

"യഛേദ്വാങ്ങ്‌മനസി പ്രാജ്ഞഃ
സ്തദ്യഛേത്‌ ജ്ഞാന ആത്മനി
ജ്ഞാനമാത്മനി മഹതി നിയഛേത്‌
തദ്യഛേത്ഛാന്ത ആത്മനി"

ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളെ എല്ലാം മനസ്സില്‍ ഉപശമിപ്പിക്കുക. മനസ്സിനെ ബുദ്ധിയില്‍ ഉപശമിപ്പിക്കുക. ബുദ്ധിയെ മഹാനാത്മാവില്‍ - പ്രാണനില്‍ ഉപശമിപ്പിക്കുക., പ്രാണനെ ശുദ്ധബോധത്തില്‍ ഉപശമിപ്പിക്കുക.
ഇങ്ങനെ പുറമേ നിന്നും അകത്തേക്കു അകത്തേക്കു പോകുവാന്‍ ഉപദേശിക്കുന്നു.

"ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാന്‍ നിബോധത
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുര്‍ഗ്ഗം പഥസ്തത്‌ കവയോ വദന്തി"

ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ,അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച്‌ അറിവു നേടൂ. ആ വഴി കത്തിയുടെ വായ്ത്തലപോലെ മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു.

അതേ പറയുന്നതുപോലെ എളുപ്പമല്ല ഇതൊന്നും. കത്തിയുടെ വായ്ത്തലയില്‍ കൂടി നടക്കുന്നതു പോലെ കഠിനമാണ്‌. അതുകൊണ്ട്‌ സ്ഥിരോല്‍സാഹവും, ഉറച്ച ബുദ്ധിയും ഉണ്ടെങ്കിലേ അതു നേടൂവാന്‍ സാധിക്കൂ.

"അശബ്ദമസ്പര്‍ശമരൂപമവ്യയം
തഥാരസം നിത്യമഗന്ധവച്ച യത്‌
അനാദ്യനന്തം മഹതഃ പരം ധ്രുവം
നിചായ്യ തം മൃത്യുമുഖാത്‌ പ്രമുച്യതേ"

ശബ്ദസ്പര്‍ശരൂപരസഗന്ധാദി പഞ്ചതന്മാത്രകളും ഇല്ലാത്തതും - അനുഭവവേദ്യമല്ലാത്തതും എന്നു വ്യംഗ്യം-, ഒരിക്കലും നാശമില്ലാത്തതും, അതിനാല്‍ തന്നെ നിത്യവും ആയ ആ നിത്യസത്യത്തെ സ്വസ്വരൂപമായി പ്രാപിച്ചറിഞ്ഞവന്‍ മരണത്തില്‍ നിന്നും മോചനം നേടുന്നു.

വികാസസങ്കോചങ്ങളുടെ ഈ കളിയെ തിരിച്ചറിഞ്ഞവന്‍ മരണത്തിനതീതനാകുന്നു.

6 comments:

  1. ഇവിടെ ഒരു കമന്റുണ്ടായിരുന്നു പണിക്കര്‍മാഷ്‌ 'രാഷ്ട്രീയം' പ്രചരിപ്പിക്കുന്നത്‌.

    എന്റെ ബ്ലോഗുകളില്‍ എഴുതിയിരിക്കുന്നതു വായിക്കാതെ, സ്വന്തം മനസ്സിലുള്ള ഏതൊക്കെയോ വികലചിന്തകള്‍ ഉണ്ടാക്കുന്ന ഭ്രമങ്ങള്‍ക്കെതിരായി അവര്‍ ഇങ്ങനെ ഒക്കെ പറഞ്ഞുകൊണ്ടെ ഇരിക്കും . അതിന്‌ എനിക്കൊന്നും ചെയ്യാനൊക്കുകയില്ലല്ലൊ.

    സാധിക്കും എങ്കില്‍ ഇതു മാത്രമല്ല മാരീചന്‍ പറഞ്ഞതു പോലെ എന്റെ ബ്ലോഗ്‌ മുഴുവന്‍, കമന്റുകള്‍ ഉള്‍പ്പ്പടെ വൃത്തി ആയി വായിച്ചു നോക്കുക എന്നിട്ട്‌ അഭിപ്രായം രൂപീകരിക്കുക.

    പണിക്കര്‍ മാഷ്‌ പ്രചരിപ്പിക്കുന്ന 'രാഷ്ട്രീയ'ത്തിന്റെ കാതല്‍ ആണ്‌ കഠോപനിഷത്തില്‍ പറയുന്നത്‌. 2007 സെപ്റ്റംബറിനു ശേഷം തുടരാനുള്ള മുഹൂര്‍ത്തം ഇപ്പോഴേ ആയുള്ളു.

    ReplyDelete
  2. ഒരിക്കലും നാശമില്ലാത്തതും, അതിനാല്‍ തന്നെ നിത്യവും ആയ ആ നിത്യസത്യത്തെ സ്വസ്വരൂപമായി പ്രാപിച്ചറിഞ്ഞവന്‍ മരണത്തില്‍ നിന്നും മോചനം നേടുന്നു.

    മാഷെ,
    മരണത്തിൽ നിന്നും മോചനം നേടിയവരുടെ ലിസ്റ്റ് ചോദിക്കാൻ സാധ്യതയുണ്ട്.

    ReplyDelete
  3. പാര്‍ത്ഥന്‍ ജി
    ഞാന്‍ പ്രതീക്ഷിച്ചത്‌ അതല്ല.

    പ്രപഞ്ചം എന്നും വികസിക്കുന്നു എന്നും ബ്രഹ്മം എന്നാല്‍ ബൃംഹണ സ്വഭാവം എന്നൊക്കെ പറഞ്ഞതു കൊണ്ട്‌

    ബിഗ്‌ ബാംഗ്‌ തിയറി കഠോപനിഷത്തിലുണ്ടെന്ന് പണിക്കര്‍ ദാ പറഞ്ഞു എന്നായിരുന്നു

    ഏതായാലും ഇനി സൂരജിന്റെ പ്രപഞ്ച കഠോപനിഷത്‌ സ്ക്രൂണ്ഡലിനി വരുമ്പോള്‍ കാണാം. അതു വരെ കാക്കുക

    ReplyDelete
  4. കഠോപനിഷത്തിലായിരുന്നു അല്ലേ? അതിവിടെയുണ്ട്. പുസ്തകം. പക്ഷേ, അങ്ങനെ വായിച്ചൊന്നുമില്ല. ഇപ്പോ നോക്കി.

    സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് “കടോപനിഷത്ത്” എന്ന വിഷയം ആവും നല്ലത്. ഹിഹിഹി.

    ReplyDelete
  5. സൂ

    കടോപനിഷത്ത്‌ അതു കലക്കി.
    ഹ ഹ ഹ :)

    പിന്നെ അതവിടെ പറയാത്തതെന്ത്‌?

    ReplyDelete
  6. പലതും അറിയാന്‍ കഴിയുന്നു.
    തുടരുക.
    സൂ വിന്‍റെ കമന്‍റ് ചിരിപ്പിച്ചു.:)

    ReplyDelete