Wednesday, September 19, 2007

മരണശേഷം -09

ഓംകാരോപാസനയുടെ ഫലത്തെ പ്രശ്നോപനിഷത്തിലെ അഞ്ചാം
പ്രശ്നത്തിനുത്തരമായി പിപ്പലാദാചാര്യന്‍ സത്യകാമന്‌ പറഞ്ഞുകൊടുക്കുന്നത്‌
ഇപ്രകാരമാണ്‌. "ഓംകാരത്തിന്റെ ഒന്നാം മാത്രയില്‍ മനസ്സുറച്ചാല്‍ അവനെ
ഋക്കുകള്‍ മനുഷ്യലോകത്ത്‌ ഏകാഗ്രതയും ബ്രഹ്മചര്യവും ഉള്ള
തപസ്വിയും ശ്രദ്ധയുള്ളവനും ഭൗതികാധ്യാത്മികസമ്പന്നതയും
ഉള്ളവനാക്കുന്നു.

രണ്ടാം മാത്രയില്‍ മനസ്സുറച്ചവനെ യജുര്‍മന്ത്രങ്ങള്‍
അന്തരീക്ഷത്തില്‍ ചന്ദ്രലോകത്തെത്തിച്ച്‌ അവിടെ ഐശ്വര്യങ്ങള്‍ അനുഭവിച്ച ശേഷം
വീണ്ടും മനുഷ്യലോകത്ത്‌ വരുന്നു. മൂന്നാം മാത്രയില്‍
മനസ്സുറച്ചവനെ സാമമന്ത്രങ്ങള്‍ ബ്രഹ്മലോകത്തെത്തിക്കുനു - അഖണ്ഡബോധരൂപമായ
ബ്രഹ്മാനന്ദത്തെ അനുഭവിക്കുന്നു.
(വിശദമായി പ്രശ്ണോപനിഷത്ത്‌ നോക്കുക)

നാം ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്ന ഉദാഹരനം നോക്കുക. വാഹനം
ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന താളനിബദ്ധമായ ഒരു ശബ്ദം ഉണ്ടെങ്കില്‍
നമുക്ക്‌ സുഖമായി അതിലിരുന്ന്‌ ഉറങ്ങാം, വാഹനം നില്‍ക്കുമ്പോള്‍ ഉണരുകയും
ചെയ്യും. അതേ പോലെ തന്നെ ഒരു അമ്മ തന്റെ കുഞ്ഞിനെ ഉറക്കുവാന്‍ എത്ര
ശ്രവണസുഖമല്ലാത്ത ശബ്ദത്തിലായാല്‍ പോലും താളത്തിലാണ്‌ രാരിരം
പാടൂന്നത്‌ എങ്കില്‍ കുറച്ചു നേരം കൊണ്ട്‌ ആ കുട്ടി ഉറങ്ങും, പാട്ടു
നിര്‍ത്തിയാല്‍ അഥവാ തൊട്ടിലിന്റെ ആട്ടം നിര്‍ത്തിയാല്‍ ഉണരും. നമ്മുടെ
തലച്ചോറിന്‌ താളത്തിനോട്‌ ഇഴുകിച്ചേരാനുള ഒരു പ്രത്യേകത
ഉള്ളതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഓംകരത്തിന്റെ അവസാനമുള്ള മ്‌ എന്ന
നീട്ടല്‍ എത്രനേരം കൂടുതല്‍ നീട്ടുന്നുവോ അതും ഇതേ പോലെ ഒരു താളം
തലച്ചോറില്‍ ഏല്‍പിക്കുന്നു. (ഭ്രാമരിപ്രാണായാമം ചെയ്യുന്നവര്‍ക്ക്‌ ഇതു
ബോധ്യമായിട്ടുണ്ടാകും) അപ്പോല്‍, ചെറിയ രീതിയില്‍ ഇത്രയൊക്കെ ആകും എങ്കില്‍
വാഹനത്തിലിരുന്നുറങ്ങുന്ന ആ സുഷുപ്തി അറിഞ്ഞു കൊണ്ടാനന്ദിക്കുന്ന അവസ്ഥ
ഓംകാരോപാസനയിലും ഉണ്ടാകുന്നതിന്‌ തടസ്സമില്ലല്ലൊ അല്ലേ?

നിര്‍ഗ്ഗുണോപാസന എന്നത്‌ പ്രതീകത്തിന്റെ സഹായമില്ലാതെ തന്നെ
മനസ്സിനെ നിശ്ചലമാക്കുന വിദ്യ ആണ്‌. അത്‌ സാക്ഷാല്‍
ബ്രഹ്മദര്‍ശികള്‍ക്കല്ലാതെ ആര്‍ക്കെങ്കിലും സാധിക്കുമോ എന്നു സംശയം ആണ്‌.

തുടര്‍ന്ന്‌ ആത്മാവിന്റെ വിവരണം നല്‍കുകയാണ്‌ യമധര്‍മ്മന്‍. ഭഗവദ്‌
ഗീതയില്‍
രണ്ടാം അദ്ധ്യായം 20ആം ശ്ലോകം അല്‍പം
വ്യത്യാസപ്പെടുത്തിയതാണ്‌ ഈ മന്ത്രം

"ന ജായതേ മ്രീയതേ വാ വിപശ്ചിത്‌
നായം കുതശ്ചിന്ന ബഭൂവ കശ്ചിത്‌
അജോ നിത്യഃ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ"

ഈ ആത്മാവ്‌ ജനിക്കുന്നില്ല, മരിക്കുന്നുമില്ല. ഇത്‌ ഒന്നില്‍ നിന്നും
ഉണ്ടായതല്ല, ഇതില്‍ നിന്നും ഒന്നും ഉണ്ടാകുന്നുമില്ല. ഇത്‌ ജനിക്കാത്തവനും,
നിത്യനും, എല്ലാക്കാലവും നിലനില്‍ക്കുന്നവനും , നിത്യനൂതനനും ആണ്‌.
ദേഹം നശിപ്പിക്കപ്പെടുമ്പോഴും ഇത്‌ നശിക്കുന്നില്ല.

ദര്‍ശനങ്ങളില്‍ സാങ്ഖ്യം, യോഗം, ന്യായം, വൈശേഷികദര്‍ശനം എന്നീ നാല്‌
എണ്ണം സേശ്വരദര്‍ശനങ്ങള്‍ - അതായത്‌ ഒരു ഈശ്വരനെ അംഗീകരിക്കുന്നവ
ആണ്‌.
വൈശേഷികദര്‍ശനത്തിന്റെ ഒരു ഭാഗം വിശദീകരിച്ച്‌ ഈ സങ്കല്‍പം
എന്താണെന്ന്‌ പറയാം.
അതിന്‍പ്രകാരം- ദ്രവ്യം - matter ഉണ്ടാകുവാന്‍ എന്തെങ്കിലും ഒരു കാരണം
ആവശ്യം ആണ്‌ അതായത്‌ ഒരു കാരണത്തില്‍ നിന്നും ഒരു കാര്യം
ഉണ്ടാകുന്നു. ഇതിനെ കാര്യകാരണ ബന്ധം എന്നു വിളിക്കുന്നു.
വെറുതേ ഏതെങ്കിലും ഒരു കാരണത്തില്‍ നിന്നും ഏതെങ്കിലും ഒരു കാര്യം
ഉണ്ടാകുക എന്നത്‌ യുക്തിക്ക്‌ നിരക്കാത്തതായതിനാല്‍ കാരണങ്ങള്‍ക്ക്‌ ഒരു
നിശ്ചിത നിയമം ഉണ്ടായിരിക്കണം അല്ലെങ്കില്‍ എന്തില്‍ നിന്നും എന്തും
ഉണ്ടാകാം എന്നു വരും.
അതുകൊണ്ട്‌ അവര്‍ കാരണത്തെ മൂന്നു തരമായി തരം തിരിക്കുന്നു
1. സമവായി കാരണം
2. അസമവായി കാരണം
3. നിമിത്ത കാരണം
ഏതു ദ്രവ്യത്തിന്റേയും ഉല്‍പത്തിയില്‍ ഇവ മൂന്നും പ്രവര്‍ത്തിക്കുന്നു.
ഒരു വസ്ത്രം ഉണ്ടാകുന്നത്‌ ഉദാഹരണമായെടുത്താല്‍ നൂല്‍
വസ്ത്രത്തിന്റെ സമവായി കാരണവും, നൂലിന്റെ യഥാതഥമുള്ള അടുക്കല്‍ - നെയ്ത്ത്‌
അസമവായി കാരണവും , നെയ്ത്തുകാരന്‍ നിമിത്തകാരണവും ആണ്‌ എന്ന്‌
അവര്‍ സമര്‍ത്ഥിക്കുന്നു.
ഇതിലെ നെയ്ത്തുകാരന്റെ ഭാഗം ആണ്‌ അവര്‍ ഈശ്വരനുനല്‍കുന്നത്‌.

(എന്നാല്‍ ഇതിനെ ഒന്നും അദ്വൈതം അംഗീകരിക്കുന്നില്ല, എന്നു മാത്രമല്ല
യുക്തിയുക്തം ഖണ്ഡിച്ചിട്ടും ഉണ്ട്‌.)

അപ്പോള്‍ പറഞ്ഞു വന്നത്‌ ആത്മാവ്‌ എന്നത്‌ ഇതുപോലെ ഒന്നില്‍ നിന്നും
ഉണ്ടായതും അല്ല, അതില്‍ നിന്നും മറ്റൊന്നും ഉണ്ടാകുന്നും ഇല്ല- അതിന്‌ ഉണ്മ
എന്നൊരവസ്ഥ മാത്രമേ ഉള്ളു.

"ഹന്താ ചേന്മന്യതേ ഹന്തും
ഹതശ്ചേന്മന്യതേ ഹതഃ
ഉഭൗ തൗ ന വിജാനീതോ
നായം ഹന്തി ന ഹന്യതേ"

കൊല്ലാനൊരുങ്ങി നില്‍ക്കുന്നവന്‍ കൊല്ലുന്നു എന്നും കൊല്ലപ്പെടുവാന്‍
സാധ്യതയുള്ളവന്‍ കൊല്ലപ്പെടുന്നു എന്നും ഒക്കെ കരുതുന്നു എങ്കില്‍ രണ്ടു പേരും സത്യം
അറിയുന്നില്ല കാരണം ഈ ആത്മാവ്‌ മരിക്കുന്നുമില്ല, ആരേയും കൊല്ലുന്നും ഇല്ല.

4 comments:

 1. :) ആത്മാവ് മരിക്കുന്നില്ലെങ്കിലും, ജീവന്‍, ശരീരം വിട്ടുപോകില്ലേ?

  ReplyDelete
 2. സൂവേ,
  ഇവിടെ നിന്നും അവിടേക്കു പോയി എന്നുള്ള ആ continuity മനസ്സിലാക്കി അനുഭവിക്കുവാന്‍ ആണ്‌ വേദാന്തവും പറയുന്നത്‌. അതോടൂ കൂടി അമരനായില്ലേ? :)

  ReplyDelete
 3. മാഷേ നന്നായിട്ടുണ്ട്. ആശയങ്ങള്‍ മനസ്സിലായി. ഇനിയും തുടരുക ഈ പഠനം.

  ReplyDelete
 4. അപ്പു ജി,
  നന്ദി. വളരെ ഗഹനമായ വിഷയമായതു കൊണ്ട്‌ കുറച്ചു വീതം എഴുതുന്നു. അഭിപ്രായം അറിയിക്കുനതില്‍ സന്തോഷം.

  ReplyDelete