Tuesday, October 22, 2013

പുത്രൻ




പുത് എന്ന നരകത്തിൽ നിന്നും ത്രാണനം ചെയ്യുന്നവൻ - രക്ഷിക്കുന്നവൻ ആണത്രെ പുത്രൻ.

ബാലകൃഷ്ണപിള്ളയെ ഗണേശനും , കരുണാകരനെ മുരളിയും ഒക്കെ രക്ഷിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

ചിലരുടെ ഒക്കെ രക്ഷിക്കുന്ന കഥകൾ പുറത്ത് പറയാൻ ഭയമാകുന്നു - കാരണം അവരുടെ അച്ഛന്മാർ അവരുടെയും രക്ഷകരായത് കൊണ്ട് ചിലപ്പോൾ നമ്മൾ കഥാവശേഷർ മാത്രമായിപ്പോകും

യഥാർത്ഥത്തിൽ രക്ഷിക്കുന്നത് എങ്ങനെ ആണ് എന്ന് ബൃഹദാരണ്യകം ഉപനിഷത്ത് പറയുന്നുണ്ട് ദാ ഇവിടെ കാണാം

പക്ഷെ ഈ പോസ്റ്റ് അതിനല്ല

എന്റെ ഒരു സുഹൃത്ത്. ഒപ്പം പഠിച്ച് വലിയ നിലയിൽ ഇരുന്ന ആൾ. പുള്ളി വളരെ വൈകിയാണ് വിവാഹം കഴിച്ചത്. അതും അദ്ദേഹത്തെ പോലെ തന്നെ സാത്വികയായ ഒരു സ്ത്രീ. ആ വിവരം ഞാൻ അറിയുന്നത് കുറച്ചു കൂടി താമസിച്ച്.

ഒരു ദിവസം ഫോൺ ചെയ്തപ്പോൾ ഞാൻ കുട്ടികൾ എത്ര എന്നന്വേഷിച്ചു

കുട്ടികൾ  ഇല്ല എന്ന മറുപടി ആരെയും പോലെ എന്നെയും ഒന്ന് വിഷമത്തിലാക്കി

ശ്ശേ എന്റെ ചോദ്യം അവനെ വിഷമിപ്പിച്ചു കാണുമല്ലൊ

ഞാൻ വടക്കെ ഇന്ത്യയിൽ ആയത് കൊണ്ട് അതിനടൂത്തുള്ള ഇൻഫെർട്ടിലിറ്റി സെന്ററിൽ അന്വേഷിച്ച് ചികിൽസ്ക്കുള്ള സൗകര്യങ്ങളും മറ്റും ഉറപ്പിച്ചിട്ട് വീണ്ടും അവനെ വിളിച്ചു


അപ്പോൾ അവന്റെ തിരിച്ചുള്ള ചോദ്യം " എനിക്കില്ലാത്ത വിഷമം നിനക്കെന്തിനാടൊ? ഞാൻ ചികിൽസക്കൊന്നും ഇല്ല"


അതിൽ പിന്നെ അങ്ങനൊരു ചോദ്യം ആരോടും ചോദിക്കാൻ ധൈര്യം വരുന്നില്ല.
പിന്നീട് ഇത്രയും കൊല്ലങ്ങൾ ആയി അവർ സന്തുഷ്ടരായി തന്നെ ജീവിക്കുന്നു.
യാതൊരു ചികിൽസ്ക്കും പോയിട്ടില്ല


ആ ചോദ്യം എന്നെക്കൊണ്ട് കുറേ ഏറേ ആലോചിപ്പിച്ചു

ദശരഥൻ മക്കളില്ലാഞ്ഞിട്ട് വിഷമിച്ച് മൂന്നു വിവാഹം കഴിച്ച്, പിന്നെ യാഗം ചെയ്ത് എന്തിന് പറയുന്നു കഷ്ടപ്പാടിന്റെ അവസാനം നാല് മക്കൾ.

ഏതായാലും അദ്ദേഹത്തിന്റെ ജീവിതം അതോട് കൂടി കട്ടപ്പൊകയായി എന്നു പറഞ്ഞാൽ അത് അതിശയോക്തി ആണോ?

 ധൃതരാഷ്ട്രർക്കും ഉണ്ടായി നൂറ്റിഒന്ന് മക്കൾ - ബാക്കി പറയേണ്ടല്ലൊ അല്ലെ?

വിശ്രവസ്സിന് ഉണ്ടായി മൂന്ന് മക്കൾ രാവണൻ കുംഭകർണ്ണൻ വിഭീഷണൻ ഒന്ന് മറ്റൊന്നിന് പാര. കഥ ഒരുപാട് നീണ്ടതാണെങ്കിലും എല്ലാവർക്കും അറിയാം അല്ലെ?

ഇതൊക്കെ പുരാണങ്ങളല്ലെ എന്ന് ചോദിച്ചാൽ അതെ പക്ഷെ ജീവിതത്തിൽ കാണാനും ഉണ്ട് അനേകം കഥകൾ ഉദാഹരണത്തിന്


എന്റെ ഒരു സബോർഡിനേറ്റ്. ഭാര്യാഭർത്താക്കന്മാർ രണ്ട് പേരും ഡോക്റ്റർമാർ. അവർ ഇതുപോലെ കുട്ടികൾ ഉണ്ടാകാത്തതിൽ വിഷമിച്ച് ചികിൽസിച്ച് ചികിൽസിച്ച് നടന്നു.

അവസാനം 2004 ല് ഇൻഡോറിൽ പോയി  ചികിൽസ  നടത്തി. ആ ഗർഭം ഏഴ് മാസം ആയപ്പോൾ തന്നെ പ്രസവം നടന്നു. പിന്നീട് ഇങ്കുബേറ്ററിൽ.

 ഇപ്പോൾ ആ കുട്ടിയെയും കൊണ്ട് അവർ അലയാത്ത സ്ഥലങ്ങൾ ഇല്ല- മന്ദബുദ്ധിക്കുള്ള പരിഹാരവും തേടി. 

കുട്ടികൾ ഇല്ലാതിരുന്നപ്പോൾ അതായിരുന്നു ദുഃഖം പക്ഷെ അതൊന്നും ഇതിന്റെ നൂറിലൊരംശം വരുമൊ?

മുജ്ജന്മത്തെ കടം തിരികെ വാങ്ങാൻ വരുന്നവരാണ് മക്കൾ എന്ന് ഒരു വിശ്വാസം ഉണ്ട്. പലരുടെയും അനുഭവങ്ങൾ കാണുമ്പോൾ അതും ശരിയാണെന്ന് തോന്നിപ്പോകും.

അപ്പോൾ മുജ്ജന്മ കടം ഇല്ലാത്തവർ അല്ലെ ശരിക്കും ഭാഗ്യവാന്മാർ?


14 comments:

  1. മുജ്ജന്മ കടം ഇല്ലാത്തവർ അല്ലെ ശരിക്കും ഭാഗ്യവാന്മാർ?

    ReplyDelete
  2. ആഷിക് ജീ ആദ്യവായനയ്ക്കും അഭിപ്രായത്തിനും നന്ദി.
     ശരിയല്ലെ? 
    പക്ഷെ ഓരോരുത്തർക്കും അവരവരുടെതായ ശരികളാണല്ലൊ ഇന്ന് , അല്ലെ? 

    ReplyDelete
  3. പാപം ചെയ്താല്‍ അനുഭവിക്കും ദുഃഖം,
    ഈ ജന്മത്തില്‍ ചെയ്തതായാലും,മുജ്ജന്മത്തില്‍,ചെയ്തതായാലും....
    ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  4. തങ്കപ്പൻ ജീ സ്ഥിരമായുള്ള പ്രോൽസാഹനത്തിന് വളരെ വളരെ നന്ദി

    പറഞ്ഞത് വളരെ ശരി. അവനവൻ ചെയ്യുന്ന കർമ്മത്തിനനുസൃതമായ ഫലം എന്നായാലും ലഭിക്കും
    പക്ഷെ നമ്മുടെ കുഴപ്പം നാം ആഗ്രഹിക്കുന്ന തരത്തിലുള്ള ഫലം ലഭിക്കണം എന്നാണ്- അത് നടക്കാത്തപ്പോൾ കുറ്റം പറയലും വിഷമവും
    ദീപനാളത്തിൽ തൊട്ടിട്ട് സുഖമുള്ള കുളിർമ്മ വേണം എന്ന് വിചാരിച്ചാൽ നടക്കുമൊ?

    അല്ലെ?

    ReplyDelete
  5. അത് ഈശ്വരൻ തന്നാൽ രണ്ടു കയ്യും നീട്ടി വാങ്ങും എന്നല്ലാതെ എന്ത് പറയാൻ ഒരു പൊക്കിൾ കൊടി ബന്ധം ഉണ്ടല്ലോ ഭൂമിയും കുട്ടിയും മാതാപിതാക്കളും തമ്മിൽ തലമുറ എന്ന് പറയാവുന്നത്

    ReplyDelete
  6. അത് ഈശ്വരൻ തന്നാൽ രണ്ടു കയ്യും നീട്ടി വാങ്ങും എന്നല്ലാതെ എന്ത് പറയാൻ ഒരു പൊക്കിൾ കൊടി ബന്ധം ഉണ്ടല്ലോ ഭൂമിയും കുട്ടിയും മാതാപിതാക്കളും തമ്മിൽ തലമുറ എന്ന് പറയാവുന്നത്

    ReplyDelete
  7. ശ്രി ബൈജു സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി

    ReplyDelete
  8. സത്പുത്രന്മാർ ( പുത്രികളും ) ഉണ്ടാവാൻ ഭാഗ്യം ചെയ്യണം. സാമൂഹ്യദ്രോഹിയായിട്ടുള്ള പുത്രൻ ഉണ്ടാവുന്നതിലും ഭേദം ഇല്ലാത്തതാണ്.

    രാജ്യത്തിന്നുവേണ്ടി പിതാവിനെ തുറുങ്കിലടച്ച ഔറംഗസീബ് പണത്തിന്നുവേണ്ടി അച്ഛനമ്മമാരെ ദ്രോഹിക്കുകയും വധിക്കുകയും ചെയ്യുന്നവരുടേ മുങാമിയാണ്.

    ReplyDelete
  9. കേരളദാസനുണ്ണി ജീ

    സത്യമാണ്. 

    പണ്ടുള്ളവർ വിവാഹശെഷം ബന്ധപ്പെടുന്നത് പുത്രോല്പാദനത്തിനു വേണ്ടി ആകണം എന്നും, അത് മൃഗങ്ങളെ പോലെ കാമ്പൂരണത്തിനുള്ള വികൃതകേളികൾ ആകരുത് എന്നും അതിൽ ചില നിഷ്കർഷകൾ ഉണ്ടാകണം എന്നും പറഞ്ഞിട്ടുണ്ട്.

    ഒരെ ഒരു പുത്രൻ - അതും പുത്രധർമ്മത്തിലൂടെ  തങ്ങളുടെ ധർമ്മം നിലനിർത്താൻ എന്നൊക്കെ ആയിരുന്നു അത്രെ.

    ഇപ്പോൾ കാലം കലികാലമായി

    അതിന്റെ മാറ്റങ്ങൾ 
    അത്രമാത്രം

    ReplyDelete
  10. ആദ്യം കുട്ടികള്‍ ഇല്ലാത്തതിന്റെ ദുഃഖം ,ഉണ്ടായാലോ അവര്‍ക്ക്‌ എന്തെങ്കിലും വൈകല്യം ഉണ്ടെങ്കില്‍ അതിന്റെ ദുഃഖം ,ഈ കുട്ടികള്‍ വളര്‍ന്ന് വീടിനും നാടിനും കൊള്ളരുതാത്തത് ആയി മാറിയാല്‍ നിത്യ ദുഃഖം
    സത്യത്തില്‍ ഇതൊക്കെ അല്ലെ ജീവിതം
    അല്ലെ ?

    ReplyDelete
  11. ഗീത റ്റീച്ചർ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി

    ഇപ്പോൾ  കുട്ടികളെ എങ്ങനെ കൊള്ളരുതാത്തവർ ആക്കാം എന്നല്ലെ പഠിപ്പിച്ചു വിടുന്നതും. ടി വി ഒന്ന് തുരന്ന് നോക്കിയാൽ മതി

    ReplyDelete
  12. കുട്ടികള്‍ ഇല്ലെങ്കില്‍ നാം വിചാരിക്കും ഓ ഒരു കുഞ്ഞിനെ കിട്ടിയെങ്കില്‍ എന്ന്. കുട്ടികള്‍ ഇല്ലാത്തവര്‍ ചികിത്സ ചെയ്തു പലപ്പോഴും എന്തെങ്കിലും അപാകത ഉള്ള മക്കള്‍ ഉണ്ടായാല്‍ അതുംസങ്കടം. നല്ല മക്കള്‍ അല്ലെങ്കില്‍ വളര്‍ന്നാല്‍ അത് അതിനേക്കാള്‍കഷ്ടം...
    എല്ലാം നല്ലതായി വന്നാല്‍ അവര്‍ ഭാഗ്യവാന്മാര്‍.

    ReplyDelete
  13. അല്പം മുൻപെ ഞങ്ങളുടെ കോളനിയിൽ താമസിക്കുന്ന ഒരു അമ്മ അവരുടെ രണ്ട് കുട്ടികളിൽ ഒരാളെയും കൊണ്ട് വന്നിരുന്നു ചികിൽസയ്ക്ക്.

    ഏകദേശം 14 വയസുള്ള ഇരട്ടകളിൽ ഒന്ന് . ഒരാണും  ഒരു പെണ്ണും

    ഒരിക്കൽ അവർ സങ്കടപ്പെട്ടു പറയുകയുണ്ടായി
    എന്ത് ചെയ്യാൻ പറ്റും സർ. ഞങ്ങൾ ജീവനോടു കൂടി ഉള്ളത്രയും നാൾ കാത്ത് രക്ഷിക്കും
    അതു കഴിഞ്ഞാൽ എന്താകും എന്നറിയില്ല

    ആ ഭീകരമായ അർത്ഥം ധ്വനിപ്പിക്കുന്ന വാക്കുകൾ - ചങ്ക് പിളർക്കും എന്ന് കേട്ടിട്ടില്ലെ

    സ്വയം രക്ഷിക്കാൻ കഴിയാത്ത മന്ദബുദ്ധിയായ ഒരു പെൺകുട്ടി  വളർന്നു വരുന്നത് :(

    ReplyDelete
  14. അപ്പോൾ മുജ്ജന്മ കടം ഇല്ലാത്തവർ അല്ലെ ശരിക്കും ഭാഗ്യവാന്മാർ ... ഞങ്ങൾ ഭാഗ്യവാനും,ഭാഗ്യവതിയുമാണ് ..............

    ReplyDelete