Friday, December 29, 2006

യോഗസാധന contd

യമം, നിയമം എന്നീ കടമ്പകള്‍ കടന്ന വ്യക്തി തികച്ചും വൈരാഗ്യയുക്തനായിരിക്കും.
അങ്ങനെയുള്ള ആ ആള്‍ തുടര്‍ന്ന്‌ ധ്യാനത്തില്‍ കൂടി സമാധിയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്നു.
ധ്യാനം ഏകാഗ്രമായിരിക്കും - അപ്പോള്‍ മനസ്സിനെ നിശ്ചലമാക്കിം വിലയിപ്പിക്കണം എങ്കില്‍ ശ്വാസം
പോലും അതിനു തടസ്സമാകാം. ശ്വാസം വഴി ലഭിക്കുന്ന പ്രാണവായുവിന്റെ സഹായത്താല്‍
നിലനില്‍ക്കുന്ന ശരീരത്തെ, പ്രാണവായുവില്ലാതെയും നിലനിര്‍ത്താന്‍ അഭ്യസിപ്പിക്കുന വിദ്യയാണ്‌
പ്രാണായാമം - അല്ലാതെ ചിലര്‍ പ്രസംഗിക്കുന്നതുപോലെ "ശ്വാസം വലിച്ചു വിടുമ്പോള്‍ കൂടുതല്‍
പ്രാണവായു ലഭിക്കുന്നു, തന്മൂലം ശാരീരികപ്രക്രിയകളെല്ലാം വളരെ ഭംഗിയായി നടക്കുന്നു, നല്ല
ആരോഗ്യമുണ്ടാകുന്നു " എന്നിത്യാദിയല്ല. ഇപ്പറഞ്ഞവയൊക്കെ ഭൗതികവീക്ഷണത്തില്‍ ശരിതന്നെ, പക്ഷെ യോഗസാധനയില്‍ ഇതിനു തികച്ചും വിപരീതമായി, ഹിമജീവികളുടെ hybernation പോലെ ശരീരത്തെ
തികച്ചും നിശ്ചേഷ്ടമായി വക്കാനും, അതേസമയം തന്നെ സചേതനനായിരിക്കാനുമുള്ള അഭ്യാസമാണ്‌
പ്രാണായാമം.
നമുക്കറിയാം കുറച്ച്‌ ഏറെ നേരം ചമ്രം പടിഞ്ഞിരുന്നാല്‍ കാലുകള്‍ മരവിക്കും- കാരണം അവിടെക്കുള്ള
ചോരയോട്ടം തടസ്സപ്പെടുന്നു. എന്നാല്‍ ശീലം കൊണ്ട്‌ ഇതിനെടുക്കുന്ന സമയം വര്‍ദ്ധിപ്പിക്കാം.
അങ്ങനെ ശരീരത്തെ ഏതെങ്കിലും ഒരു അവസ്ഥയില്‍ (ഇരിക്കുന്നതൊ, നില്‍ക്കുന്നതോ, കിടക്കുന്നതോ )
കുറെയേറെ നേരം സുഖമായിരിക്കത്തക്കവണ്ണം ശീലിപ്പിക്കുന്നതാണ്‌ ആസനം.
നിര്‍വചനം - "സ്ഥിരസുഖമാസനം" സ്ഥിരമായും , സുഖമായുമുള്ളത്‌ ആസനം. അത്രയേ ഉള്ളു.
അതിനു തലകുത്തി നില്‌ക്കണമെന്നൊന്നുമില്ല
പക്ഷേ ഹഠയോഗികള്‍ പരിശീലിക്കുന്ന ആസനങ്ങള്‍ ശരീരാരോഗ്യം വളര്‍ത്താനും, നിലനിര്‍ത്താനും നല്ലതാണ്‌.
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. മനസ്സും , ശരീരവും അന്യോന്യം ആധാരവും
ആധേയവും എന്ന പോലെ ബന്ധപ്പെട്ടിരിക്കുന്നു. ഒന്നിനുണ്ടാകുന്ന വൈകല്യങ്ങള്‍ മറ്റേതിനെയും ബാധിക്കുന്നു.
"മനശ്ശരീരയോസ്താപഃ പരസ്പരമഭിവ്രജേല്‍
ആധാരാധേയഭാവേന തപ്താജ്യഘടയോരിവ" മനസ്സും ശരീരവും ചൂടുള്ള നെയ്യും, ചട്ടിയും പോലെ അന്യോന്യം
ബന്ധപ്പെട്ടിരിക്കുന്നു. ചട്ടി ചൂടായാല്‍ നെയ്യും ചൂടാകും, നെയ്യു ചൂടായാല്‍ ചട്ടിയും ചൂടാകും.
അതുകൊണ്ട്‌ ആദ്യം ശരീരം ആരോഗ്യപൂര്‍ണ്ണമാക്കുക, മനസ്സും താനേ ആരോഗ്യമുള്ളതാകും.
ആസനങ്ങളെല്ലാം തന്നെ isometric exercises ആണ്‌. അതുകൊണ്ട്‌ മറ്റു വ്യായാമങ്ങളെക്കാള്‍ വളരെ ശക്തമാണ്‌.
തന്മൂലം ഗുരൂപദേശത്തോടുകൂടിയേ ശീലിക്കാവൂ. ( അല്ലാതെ ചെയ്യുന്നവര്‍ക്ക്‌ ചിലപ്പോള്‍ ദുഷ്ടമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി എന്നു വരാം - പ്രസംഗവശാല്‍ ഇത്ര കൂടി പറയട്ടെ ദേവരാഗം,. നളന്‍ എന്നിവര്‍ ഗുരുകുലത്തിലെ eeyemmes savyaakhyaanaththinte കമന്റില്‍ എഴുതിയതു പോലെ സ്വയം സ്വന്തം ഗുരുവാകാന്‍ കെല്‌പുള്ളവര്‍ക്ക്‌ അതും ആകാം - ഞാനീ എഴുതുന്നത്‌ അതിലും സ്വല്‍പ്പം താഴെയുള്ളവര്‍ക്കു വേണ്ടിയാണെന്നു കരുതിയാല്‍ മതി. ) വ്യായാമത്തിന്റെ തീവ്രത കൂട്ടുവാന്‍ പ്രാണായാമത്തിലെ
കുംഭകത്തിന്റെയും, ബാഹ്യകുംഭകത്തിന്റെയും മാത്ര ക്രമേണ വര്‍ധ്ധിപ്പിക്കുക.

ആസനവും പ്രാണായാമവും നിരന്തരം, പരിശീലിച്ചാല്‍, ശരീരത്തിന്‌ പ്രാണവായുവിന്റെ വളരെ കുറഞ്ഞ
മാത്രയിലും നിലനില്‍ക്കാന്‍ സാധിക്കും. അതിന്റെ പരമകാഷ്ഠയാണ്‌ മുമ്പു പറഞ്ഞ ഉദാഹരണത്തിലെ hybernation
അങ്ങനെയൊരു അവസ്ഥയില്‍ സചേതനനായി ഇരിക്കാം എന്ന്‌ ആചാര്യന്മാര്‍ പറയുന്നു.
will be contd--

3 comments:

  1. ആസനങ്ങളെല്ലാം തന്നെ isometric as well as isotonic exercises ആണ്‌. അതുകൊണ്ട്‌ മറ്റു വ്യായാമങ്ങളെക്കാള്‍ വളരെ ശക്തമാണ്‌.
    തന്മൂലം ഗുരൂപദേശത്തോടുകൂടിയേ ശീലിക്കാവൂ. ( അല്ലാതെ ചെയ്യുന്നവര്‍ക്ക്‌ ചിലപ്പോള്‍ ദുഷ്ടമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി എന്നു വരാം - പ്രസംഗവശാല്‍ ഇത്ര കൂടി പറയട്ടെ ദേവരാഗം,. നളന്‍ എന്നിവര്‍ ഗുരുകുലത്തിലെ eeyemmes savyaakhyaanaththinte കമന്റില്‍ എഴുതിയതു പോലെ സ്വയം സ്വന്തം ഗുരുവാകാന്‍ കെല്‌പുള്ളവര്‍ക്ക്‌ അതും ആകാം - ഞാനീ എഴുതുന്നത്‌ അതിലും സ്വല്‍പ്പം താഴെയുള്ളവര്‍ക്കു വേണ്ടിയാണെന്നു കരുതിയാല്‍ മതി. )

    ReplyDelete
  2. അറിവിന് നന്ദി, പണിക്കര്‍ മാഷേ.

    ഓഫ് ടോപ്പിക്-ഭരതനാട്യം ഏതോ അസുഖത്തിന് നല്ലതാണെന്ന് ഈയിടെ ഒരു പത്രവാര്‍ത്ത വായിച്ചിരുന്നു-ഫിസിയോതെറാപ്പിക്കോ മറ്റോ ബദലായി.

    സ്വയം ഗുരുവാകുന്നത് നല്ലത് തന്നെ. അനുഭവം ഗുരുവും നല്ലത്. പക്ഷേ അനുഭവം ഗുരുവിന്റെ പ്രശ്‌നം ഒരിക്കലെങ്കിലും അനുഭവിക്കണമെന്നുള്ളതാണ്. സ്വയം ഗുരുവായി പനിക്കുള്ള മരുന്ന് ഇന്റര്‍നെറ്റില്‍ തപ്പി അത് കഴിച്ച് വയറിളകി ആശുപത്രിയില്‍ കിടക്കുന്നവനോട് അനുഭവം ഗുരു എന്ന് പറഞ്ഞാല്‍...പാവം.

    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  3. പണിക്കര്‍ സാറെ, പ്രതികരണങ്ങള്‍ എഴുതാന്‍ മാത്രം വിവരമൊന്നും ഈ വിഷയത്തില്‍ എനിക്കില്ല.എങ്കിലും അങ്ങയുടെ ഈ വലിയ അറിവിന്റെ ലോകത്തിനു മുന്നില്‍ ഞാന്‍ നമ്ര ശിരസ്കനായി നില്‍ക്കുന്നു.

    ഓ:ടോ:താങ്കളെ പ്രതിലോമകാരിയെന്ന് കയ്യടി കിട്ടാന്‍ വേണ്ടിയോ, അല്ലെങ്കില്‍ മറ്റാരെയെങ്കിലും സുഖിപ്പിക്കാന്‍ വേണ്ടിയോ പറഞ്ഞവരോട്, അവരുടെ അറിവ് കേടിന് ദൈവം പൊറുക്കട്ടെ.

    ReplyDelete