Saturday, March 31, 2007

ശിക്ഷേത്‌ ചത്വാരി കുക്കുടാത്‌ -തുടര്‍ച്ച-

സിംഹത്തില്‍ നിന്നും ബകത്തില്‍ നിന്നും പഠിക്കേണ്ട ഓരോന്ന്‌ കഴിഞ്ഞു ഇനി പൂവങ്കോഴിയില്‍ നിന്നും പഠിക്കാനുള്ള നാലെണ്ണം നോക്കാം.

കാലത്തുണര്‍ന്നെണീക്കുക, ഇതില്‍ കോഴിയോളം ചിട്ട വേറെ ആര്‍ക്കെങ്കിലും ഉണ്ടോ എന്നു സംശയം.
സ്വന്തം ആഹാരം സ്വപ്രയത്നത്താല്‍ സമ്പാദിക്കുക അതു യുദ്ധം ചെയ്താണെങ്കില്‍ കൂടിയും.
യുദ്ധം ചെയ്യുന്നത്‌ മരണം വരെ ചെയ്യുക- ഇതിന്‌ സമരത്തില്‍ നിന്നും പിന്മാറാതിരിക്കുക, താനുദ്ദേശിക്കുന്ന ആശയത്തിനു വേണ്ടി നിലകൊള്ളുക എന്നൊക്കെ അര്‍ത്ഥം
തനിക്കു ലഭിച്ച ആഹാരം മറ്റുള്ളവര്‍ക്കും കൂടി പങ്കു വയ്ക്കുക

ഈ നാലു ഗുണങ്ങളാണ്‌ കോഴിയില്‍ നിന്നും പഠിക്കുവാനുള്ളത്‌
നോക്കുക-

പ്രത്യുത്ഥാനം ച യുദ്ധം ച സംവിഭാഗം ച ബന്ധുഷു
സ്വയമാക്രമ്യ ഭുക്തം ച ശിക്ഷേത്‌ ചത്വാരി കുക്കുടാത്‌

കാക്കയില്‍ നിന്നും പഠിക്കുവാനുള്ള സംസ്കൃതം ശ്ലോകം ഞാന്‍ നോക്കിയിട്ട്‌ അതില്‍ നാലെണ്ണമേ എനിക്കു കിട്ടുന്നുള്ളൂ അറിവുള്ളവര്‍ അതൊന്നു വിശദീകരിച്ചാല്‍ നന്നായിരിക്കും പക്ഷെ അതിന്റെ തന്നെ ഹിന്ദി ദോഹയില്‍ അഞ്ചും കാണുന്നുണ്ട്‌. അതു കൊണ്ട്‌ അതു രണ്ടും പകര്‍ത്താം.


ഗൂഢമൈഥുനചാരിത്വം കാലേ കാലേ ച സംഗ്രഹം
അപ്രമത്തമവിശ്വാസം പഞ്ച ശിക്ഷേച്ച വായസാത്‌

മൈഥുനം രഹസ്യമായിരിക്കുക, കാലാകാലങ്ങളില്‍ വേണ്ട വസ്തുക്കള്‍ സമ്പാദിച്ചു വക്കുക,
അഹംകരിക്കാതിരിക്കുക, ആരിലും പൂര്‍ണ്ണമായി വിശ്വസിക്കാതിരിക്കുക എന്നെ നാലെണ്ണമല്ല്ലാതെ മറ്റൊരര്‍ഥം ഇതിലുണ്ടോ എന്നു ജ്യോതിര്‍മ്മയിയെ പോലെയുള്ള സംസ്കൃത പണ്ഡിതരുടെ അഭിപ്രായം അറിയുവാനാഗ്രഹിക്കുന്നു.

ഹിന്ദി ദോഹ ഇപ്രകാരം-

അതി സതര്‍ക്കതാ ഗുപ്തരതി ന കിസീ പര്‍ ബിശ്വാസ്‌
അധിക ഢിഠായീ സംഗ്രഹീ കാഗ പഞ്ച ഗുണ ഖാസ

ഇതില്‍ എല്ലായ്പോഴും ജാഗരൂകനായിരിക്കുക എന്ന്‌ അഞ്ചാമതൊരു ഗുണവും കൂടി കാണുന്നു.

അടുത്തത്‌ നായയില്‍ നിന്നും പഠിക്കാനുള്ള ആറു ഗുണങ്ങള്‍-
ധാരാളം ഭക്ഷണം കഴിക്കാനുള്ള ശക്തി ഉണ്ടങ്കിലും തങ്ക്കു കിട്ടുന്ന അല്‍പഭക്ഷണത്തിലും നായ തൃപ്തനാകും. നല്ലവണ്ണം ഉറങ്ങും എന്നാല്‍- ഏതു എത്ര ചെറിയ ശബ്ദം കേട്ടാലും ഉണരും - അതായത്‌ ശ്രദ്ധാപൂര്‍ണ്ണമായ ജീവിതം, യജമാനനില്‍ ഉള്ള ഭക്തി, ശൗരയം ഇവയാണ്‌ ആ ഗുണങ്ങള്‍


ശ്ലോകം-
ബഹ്വാശീ സ്വല്‍പസന്തുഷ്ടഃ സനിദ്രോ ലഘുചേതനഃ
സ്വാമിഭക്തശ്ച ശൂരശ്ച ഷഡേതേ ശ്വാനതോ ഗുണാഃ

ഇനി നമ്മുടെ കഴുതയില്‍ നിന്നും നോക്കാനുള്ളവ
എത്ര ക്ഷീണിതനാണെങ്കിലും ഭാരം വഹിച്ചു കൊണ്ടു പോകുക, തണുപ്പ്‌, ചൂട്‌ എന്നിവയെപറ്റിയൊന്നും ചിന്തിക്കാതിരിക്കുക, സദാ പ്രസന്ന വദനനായിരിക്കുക- സന്തുഷ്ടനായിരിക്കുക ഈ ഗുണങ്ങള്‍ കഴുതയില്‍ നിന്നും പഠിക്കാനുണ്ട്‌.

സുശ്രാന്തോപി വഹേത്‌ ഭാരം ശീതോഷ്ണേ ച ന പശ്യതി
സന്തുഷ്ടശ്ചരതേ നിത്യം ത്രീണി ശിക്ഷേച്ച ഗര്‍ദ്ദഭാത്‌

ഇവയൊക്കെ നോക്കി ഈ ഗുണങ്ങള്‍ എല്ലാം അവനവന്റെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ സാധിച്ചാല്‍ ജീവിതസമരത്തില്‍ വിജയിക്കാന്‍ എളുപ്പമാകും.

Friday, March 30, 2007

സിംഹാദേകം ബകാദേകം

ഒരാള്‍ക്ക്‌ തന്റെ ജീവിതത്തില്‍ വിജയിക്കണം എങ്കില്‍ അവന്റെ കര്‍മ്മങ്ങള്‍ അതിനനുസരിച്ചവയായിരിക്കണം. അത്‌ പ്രകൃതിയില്‍ നോക്കി തന്നെ പഠിക്കുവാന്‍ പണ്ടുള്ളവര്‍ ഉപദേശിച്ചിരുന്നു. എവിടെ നിന്നും എന്തൊക്കെ ഗുണങ്ങള്‍ ആണ്‌ സ്വായത്തമാക്കുവാന്‍ നല്ലത്‌ എന്നു പറയുന്ന ഈ ശ്ലോകങ്ങള്‍ നോക്കുക.


സിംഹാദേകം ബകാദേകം ശിക്ഷേച്ചത്വാരി കുക്കുടാല്‍
വായസാല്‍ പഞ്ച ശിക്ഷേച്ച ഷട്ശുനസ്ത്രീണി ഗര്‍ദ്ദഭാല്‍

സിംഹത്തില്‍ നിന്നും ഒന്ന്‌, കൊറ്റിയില്‍ നിന്നും ഒന്ന്‌, പൂവങ്കോഴിയില്‍ ന്‍ഇന്നും നാല്‌, കാക്കയില്‍ നിന്നും അഞ്ച്‌,നായയില്‍ നിന്നും ആറ്‌, കഴുതയില്‍ നിന്നും മൂന്ന്‌ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു ആ ഗുണങ്ങളെ.

സിംഹത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചിട്ടുണ്ടോ? സര്‍വ വിധ തയ്യാറെടുപ്പോടും കൂടി വേട്ട തുടങ്ങുന്നു അത്‌ വിജയകരമായി അവസാനിക്കുന്നതു വരെ തുടരുന്നു. എത്ര ചെറുതായ കാര്യം ആണെങ്കില്‍ പോലും വേണ്ട വിധം മുഴുവന്‍ തയ്യാറെടുപ്പും നടത്തിയ ശേഷമേ കാര്യം, ആരംഭിക്കാവൂ - എങ്കിലേ വിജയം ഉറപ്പാക്കാന്‍ സാധിക്കൂ. തുടങ്ങിയ കാര്യ ഇടക്കു വച്ചു നിര്‍ത്തുവാനും പാടില്ല

ഇതാണ്‌ സിംഹത്തില്‍ നിന്നും പഠിക്കുവാനുള്ള ഒരെണ്ണം - നോക്കുക-

പ്രഭൂതകാര്യമപി വാ തന്നരഃ കര്‍ത്തുമിച്ഛതി
സര്‍വാരംഭേണ തല്‍കാര്യം സിംഹാദേകം പ്രചക്ഷതേ

അങ്ങനെയല്ലെങ്കില്‍ കാര്യം ചെയ്യാന്‍ തുടങ്ങാതിരിക്കുക അതായിരിക്കും ബുദ്ധി - പണ്ടുള്ളവര്‍ പറഞ്ഞു-

അനാരംഭോ ഹി കാര്യാണാം പ്രഥമം ബുദ്ധിലക്ഷണം
പ്രാരബ്ധസ്യാന്ത്യഗമനം ദ്വിതീയം ബുദ്ധിലക്ഷണം

കാര്യാണാം അനാരംഭഃ = കാര്യങ്ങള്‍ തുടങ്ങി വക്കാതിരിക്കുക
പ്രഥമം ബുദ്ധിലക്ഷണം= ഇത്‌ ബുദ്ധിയുടെ ആദ്യത്തെ ലക്ഷണം
പ്രാരബ്ധ്‌അസ്യ അന്ത്യ ഗമനം= തുടങ്ങി വച്ചതിനെ മുഴുമിപ്പിക്കുക
ദ്വിതീയം ബുദ്ധിലക്ഷണം= ഇത്‌ബുദ്ധിയുടെ രണ്ടാമത്തെ ലക്ഷണം .

അതുകൊണ്ട്‌ വേണ്ട വിധ തയ്യാറെടുപ്പോടു കൂടി കാര്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്ത കാര്യത്തെ മുഴുമിപ്പിക്കുകയും ചെയ്യുക.


അടുത്തത്‌ കൊറ്റിയില്‍ നിന്നും പഠിക്കുവാനുള്ളതാണ്‌.

ഏതു കാര്യം ചെയ്യുന്നതിനും അനുകൂലമായ ഒരു സമയമുണ്ട്‌ . അസമയത്ത്‌ ചെയ്യുന്നത്‌ സാധാരണ വിജയിക്കാറില്ല. അതുകൊണ്ട്‌ തക്ക സമയം വരുന്നതു വരെ ഇന്ദ്രിയങ്ങളെ അടക്കി - കാത്തിരിക്കുക. അവസരം വരുമ്പോള്‍ പ്രവര്‍ത്തിക്കുക. എന്ത്ക്കെയാണ്‌ നോക്കേണ്ടത്‌ എന്ന്‌ പണ്ടുള്ളവര്‍ പറഞ്ഞു-

കഃ കാലഃ കാനി മിത്രാണി
കോ ദേശഃ കൗ വ്യയാഗമൗ
കശ്ചാഹം കാ ച മേ ശക്തി-
രിതി ചിന്ത്യം മുഹുര്‍മുഹു

കാലം ഏതാണ്‌, മിത്രങ്ങള്‍ ആരൊക്കെയാണ്‌ ( അതോടൊപ്പം തന്നെ ശത്രുക്കളും ആരൊക്കെയാണ്‌) ദേശം ഏതാണ്‌ വരവു ചെലവുകള്‍ എങ്ങനെയാണ്‌, താന്‍ ആരാണ്‌ , തന്റെ ശക്തി എത്രമാത്രമാണ്‌ ഇതൊക്കെ ഇടക്കിടക്ക്‌ ശ്രദ്ധിക്കണം. എങ്കിലെ അവസരം വരുമ്പോല്‍ പ്രവത്തിക്കുവാന്‍ സാധിക്കൂ.

അപ്പോള്‍ കൊറ്റിയെ പറ്റി പറഞ്ഞത്‌ നോക്കാം-

ഇന്ദ്രിയാണി ച സംയമ്യ ബകവല്‍ പണ്ഡിതോ നരഃ
ദേശകാലബലം ജ്ഞാത്വാ സര്‍വകാര്യാണീ സാധയേല്‍

കൊറ്റിയെ പോലെ ഇന്ദ്രിയങ്ങളെ അടക്കി വച്ച്‌ ദേശം, കാലം ഇവ അനുകൂലമാകുമ്പോള്‍ കാര്യങ്ങളെ സാധിച്ചുകൊള്ളുക
തുടരും

Thursday, March 29, 2007

യസ്യാര്‍ത്ഥാസ്തസ്യമിത്രാണി

കാലം പോയ പോക്കേ
ഇക്കാലത്ത്‌ ഏറ്റവും വിലപിടിപ്പുള്ള വസ്തു എന്താണ്‌ ധനം - അതല്ലേ പറഞ്ഞത്‌ അതിനു മീതേ പരുന്തും പറക്കില്ല എന്ന്‌പണ്ടും അങ്ങനൊക്കെ തന്നെ ആയിരുന്നു കേള്‍ക്കണ്ടേ?

ചാണക്യന്‍ പറഞ്ഞു-
യസ്യാര്‍ത്ഥാസ്തസ്യമിത്രാണി
യസ്യാര്‍ത്ഥാസ്തസ്യ ബാന്ധവാഃ
യസ്യാര്‍ത്ഥാ സ പുമാന്‍ ലോകേ
യസ്യാര്‍ത്ഥാ സ ച പണ്ഡിതഃ

യസ്യ അര്‍ത്ഥാഃ = ആര്‍ക്കാണോ ധനമുള്ളത്‌
തസ്യ = അവന്‌
മിത്രാണി (സന്തി) = കൂട്ടുകാര്‍ ഉണ്ട്‌
ബാന്ധവാഃ = ബന്ധുക്കള്‍ ഉണ്ട്‌
സഃ പുമാന്‍ ലോകെ = അവനാണ്‌ ലോകത്തില്‍ പുരുഷനായി അംഗീകര്‍ഇക്കപ്പെട്ടവന്‍
സഃ പണ്ഡിതഃ= അവനാണ്‌ പണ്ഡിതന്‍

ഭര്‍തൃഹരി പറഞ്ഞു

യസ്യാസ്തി വിത്തം സ നരഃ കുലീനഃ
സ പണ്ഡിതഃ സ ശ്രുതവാന്‍ ഗുണജ്ഞഃ
സ ഏവ വക്താ സ ദര്‍ശനീയ
സര്‍വേ ഗുണാഃ കാഞ്ചനമാശ്രയന്തി

യസ്യാസ്തി വിത്തം = യാവനൊരുത്തനാണോ ധനമുള്ളത്‌
സ നരഃ കുലീനഃ = ആ മനുഷ്യന്‍ കുലീനനും
പണ്ഡിതഃ = പണ്ഡിതനും
ശ്രുതവാന്‍ = വേദജ്ഞനും
ഗുണജ്ഞഃ = ഗുണദോഷജ്ഞാനിയും
സ ഏവ വക്താ = അഭിപ്രായം പറയേണ്ടവനും
ദര്‍ശനീയ = കാണപ്പെടേണ്ടവനും
സര്‍വേ ഗുണാഃ കാഞ്ചനമാശ്രയന്തി = എല്ലാ ഗുണങ്ങളൂം ധനത്തെ ആശ്രയിച്ചിരിക്കുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ ധനം എന്നത്‌ മൂന്നു വസ്തുക്കളാണ്‌. അവയെ അല്ല ഇന്നു ധനമായി നാം കാണുന്നത്‌ എന്നു മാത്രം - അറിയണ്ടേ?

പൃഥിവ്യാം ത്രീണ്‍ഈ രത്നാനി അന്നമാപ സുഭാഷിതം
മൂഢൈഃ പാഷാണഖണ്ഡേഷു രത്നസംജ്ഞാ വിധീയതേ

പൃഥിവ്യാം = ഭൂമിയില്‍
ത്രീണീ രത്നാനി = മൂന്നാണു രത്നങ്ങള്‍ -ധനം
അന്നമാപ സുഭാഷിതം = ആഹാരം , ജലം, നല്ല വാക്ക്‌
മൂഢൈഃ = മൂഢന്മാരാല്‍
പാഷാണഖണ്ഡേഷു = കല്ലിന്റെ കഷണങ്ങളില്‍
രത്നസംജ്ഞാ വിധീയതേ = രത്നം -ധനം എന്ന പേര്‌ വിധിക്കപെട്ടിരിക്കുന്നു.

ഇതും കൂടി ചേര്‍ത്തു വായിച്ചാലേ ആദ്യത്തെ വരികളുടെ മാധുര്യം മനസ്സിലാകൂ

Wednesday, March 28, 2007

വചനേ കിം ദരിദ്രതാ

നമുക്ക്‌ വാരിക്കോരി കൊടുക്കാന്‍ ഒന്നുമില്ലായിരിക്കാം.

എന്നാല്‍ മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ ഒരു നല്ല വാക്കു പറയുന്നതില്‍ എന്തിനാണ്‌ ദാരിദ്ര്യം കാണിക്കുന്നത്‌?

"പ്രിയവാക്യപ്രദാനേന സര്‍വേ തുഷ്യന്തി ജന്തവഃ
തസ്മാല്‍ തദേവ വക്തവ്യം വചനേ കിം ദരിദ്രതാ"

പ്രിയവാക്യപ്രദാനേന= പ്രിയമായ വാക്കുകള്‍ കൊടുക്കുന്നതു കൊണ്ട്‌
സര്‍വേ തുഷ്യന്തി ജന്തവഃ = എല്ലാ ജീവികളും സന്തോഷിക്കുന്നു
തസ്മാല്‍ തദ്‌ ഏവ വക്തവ്യം = അതുകൊണ്ട്‌ പ്രിയമായ വാക്കുകളേ പറയാവൂ
വചനേ കിം ദരിദ്രതാ = വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ദാരിദ്യ്‌രം എന്തിനു കാണിക്കണം?

അല്ല ഇതൊന്നും ആലോചിച്ചിട്ടും വല്ല്യ കാര്യമില്ല. കാരണം ഓരോരോ സമയത്ത്‌ വേണ്ടതും വേണ്ടാത്തതും ഒക്കെ തോന്നുക എന്നതും കാലത്തിന്റെ കളികളില്‍ പെട്ടതാണ്‌.

സ്വര്‍ണ്ണം കൊണ്ടുള്ള മാനിനെ ബ്രഹ്മാവ്‌ ഉണ്ടാക്കിയിട്ടില്ല, അങ്ങനെയൊന്നിനെ മുമ്പു കണ്ടിട്ടുമില്ല എന്നിട്ടും ശ്രീരാമന്‍ മാരീചന്റെ പിന്നാലേ ഓടിയില്ലെ?ഈ ശ്ലോകം കേള്‍ക്കുക-

"ന നിര്‍മ്മിതാ നൈവ ച ദൃഷ്ടപൂര്‍വാ ന ശ്രൂയതേ ഹേമമയോ കുരംഗഃ
തഥാപി തൃഷ്ണാ രഘുനന്ദനസ്യ വിനാശകാലേ വിപരീതബുദ്ധിഃ"

ന നിര്‍മ്മിതാ = ഉണ്ടാക്കിയിട്ടില്ല

ന ഏവ ച ദൃഷ്ടപൂര്‍വാ = മുമ്പു കണ്ടിട്ടുമില്ല
ന ശ്രൂയതേ = കേട്ടിട്ടുമില്ല
ഹേമമയഃ കുരംഗഃ = സ്വര്‍ണ്ണമയമായ മൃഗം
തഥാ അപി= എന്നിട്ടും
തൃഷ്ണാ രഘുനന്ദനസ്യ= രഘുനന്ദനന്റെ ആര്‍ത്തി
വിനാശകാലേ = ആപത്തടുത്തിരിക്കുന്ന സമയത്ത്‌
വിപരീത ബുദ്ധിഃ = വേണ്ടാത്തതു തോന്നും

ഈ ശ്ലോകത്തിന്റെ അവസാനത്തെ പാദം എല്ലാവരും കേട്ടിരിക്കും മുമ്പു തന്നെ. അതുകൊണ്ട്‌ ആദ്യം കൂടി എഴുതി എന്നു മാത്രം.

ഗുണൈരുത്തമതാം യാതി ന വൈ ആസനസംസ്ഥിതൈ
പ്രാസാദശിഖരസ്ഥോപി കിം കാകോ ഗരുഡായതേ?

ഗുണൈഃ ഉത്തമതാം യാതി = ഗുണങ്ങളെ കൊണ്ടാണ്‌ മാഹാത്മ്യം ഉണ്ടാകുന്നത്‌
ന വൈ ആസനസംസ്ഥിതൈ = അല്ലാതെ ഉന്നതമായ ഇരിപ്പിടത്തിലിരിക്കുന്നതു കൊണ്ടല്ല
പ്രാസാദശിഖരസ്ഥഃ അപി = ഗോപുരത്തിന്റെ മുകളില്‍ ഇരുന്നു എന്നതു കൊണ്ട്‌
കിം കാകോ ഗരുഡായതേ? = കാക്ക ഗരുഡന്‍ ആവില്ല്അല്ലൊ.

നല്ല ഗുണങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാവരും മാനിക്കും , അല്ലാതെ കാണിക്കുവാന്‍ നടന്നാല്‍ പോരാ. തന്റെ ഗുണം താന്‍ പറഞ്ഞാല്‍ കാണുന്നവര്‍ കളിയാക്കുകയേ ഉള്ളു, അതു മറ്റുള്ളവരാണ്‌ പറയേണ്ടത്‌ - നോക്കുക-

പരേനോക്തഗുണോ യസ്തു നിര്‍ഗ്ഗുണോപി ഗുണീ ഭവേല്‍
ഇന്ദ്രോപി ലഘുതാം യാതി സ്വയം പ്രഖ്യാപിതൈര്‍ഗ്ഗുണൈഃ

പരേന ഉക്തഗുണഃ യഃ = യാവനൊരുത്തന്റെ ഗുണങ്ങള്‍ മറ്റുള്ളവര്‍ പറയുന്നുവോ അവന്‍
നിര്‍ഗുണഃ അപി ഗുണീ ഭവേല്‍ = നിര്‍ഗ്ഗുണനാണെങ്കില്‍ പോലും ഗുണവാനായി ഭവിക്കുന്നു
ഇന്ദ്രഃ അപി ലഘുതാം യാതി= ഇന്ദ്രനാണെങ്കില്‍ പോലും ചെറുതായിപോകുന്നു
സ്വയം പ്രഖ്യാപിതൈര്‍ ഗുണൈഃ = തന്നത്താന്‍ പറഞ്ഞു നടക്കുന്ന പൊങ്ങച്ചത്താല്‍

Tuesday, March 27, 2007

നിജഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ

നാം ഈ ലോകത്തില്‍ മനുഷ്യന്റെ ജന്മം എടുത്തു വന്നത്‌ നമ്മുടെ അറിവോടെയല്ല,

പക്ഷെ ആ ജന്മം ലഭിച്ചതില്‍ നമ്മുടെ മുന്‍ ജന്മത്തിന്‌ പങ്കുണ്ട്‌.

ഈ ജന്മം കഴിഞ്ഞാല്‍ എവിടെക്കാണ്‌ പോകുന്നത്‌ എന്നും നമുക്ക്‌ നിശ്ചയമില്ല

എന്നാല്‍ അതിനെ നിയന്ത്രിക്കുവാന്‍ ഈ ജന്മത്തിലെ നമ്മുടെ പ്രവൃത്തികള്‍ക്ക്‌ കഴിവുണ്ട്‌.

അപ്പോള്‍ എവിടെ നിന്നോ വന്ന്‌ എവിടേക്കോ പോകുവാന്‍ സമയം കാത്തു കഴിയുന്ന നമ്മള്‍ അല്‍പം മധുരവാക്കുകള്‍ അന്യോന്യം പറഞ്ഞു സന്തോഷമായി കഴിയരുതോ?

മറ്റുള്ളവരെ നിന്ദിക്കുന്നത്‌ എന്തു കൊണ്ടാണെന്ന്‌ ചാണക്യന്‍ പറഞ്ഞ ഒരു ശ്ലോകം കേള്‍ക്കാം-

"ദഹ്യമാനഃ സുതീവ്രേണ നീചാഃ പരയശോഗ്നിനാ
അശക്താസ്തല്‍ പദം ഗന്തും തതോ നിന്ദാം പ്രകുര്‍വതേ"

നീചാഃ = നീചന്മാര്‍
സുതീവ്രണ = വളരെ കഠിനമായ
പരയശോഗ്നിനാ= പരന്റെ (മറ്റുള്ളവരുടെ) കീര്‍ത്തിയാകുന്ന അഗ്നിയാല്‍)
ദഹ്യമാനഃ = ജ്വലിക്കുന്നവരായി - അസൂയാലുക്കളായി

തല്‍ പദം ഗന്തും അശക്താഃ = അവരുടെ അവസ്ഥയെ പ്രാപിക്കാന്‍ കഴിവില്ലാത്തവരായി
തതഃ = അനന്തരം
നിന്ദാം പ്രകുര്‍വതേ = നിന്ദയെ ചെയ്യുന്നു.

സത്തുക്കളുടെ ലക്ഷണം പറയുന്നിടത്ത്‌ ഭര്‍തൃഹരി ചോദിക്കുന്നുണ്ട്‌

" പരഗുണപരമാണൂന്‍ പര്‍വതീകൃത്യ നിത്യം
നിജഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ"

പരഗുണപ്രമാണൂന്‍= പരന്റെ, ഒരു പരമാണുമത്രമെങ്കിലും അളവായ ഗുണത്തെ

പര്‍വതീകൃത്യ = പര്‍വതം പോലെ വലുതാക്കി മനസ്സിലാക്കി
നിത്യം നിജ ഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ= സ്വ്‌അന്തം ഹൃദയത്തില്‍ സന്തോഷിക്കുന്നവര്‍ എത്രയുണ്ട്‌?

മറ്റുള്ളവരിലുള്ള എത്ര ചെറുതെങ്കിലുമായ നന്മയെ കാണുവാന്‍ ശ്രമിക്കുക.

"മുഹൂര്‍ത്തമപി ജീവേച്ച നരഃ ശുക്ലേന കര്‍മ്മണാ
ന കല്‍പമപി കഷ്ടേന ലോകദ്വയവിരോധിനാ"

രണ്ടു നാഴികയേ ജീവിച്ചുള്ളു എങ്കിലും അതു നല്ല കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുക, അല്ലാതെ ഇഹലോകത്തിലും പരലോകത്തിലും ഗുണം ചെയ്യാത്ത ദുഷ്കര്‍മങ്ങള്‍ ചെയ്ത്‌ കല്‍പങ്ങളോളം ജീവിക്കാന്‍ ശ്രമിക്കാതിരിക്കുക.

തുടരും

Monday, March 26, 2007

സരസ ശ്ലോകങ്ങള്‍

പണ്ടൊരു കാലത്ത്‌ ഭുക്കുണ്ഡന്‍ എന്ന ഒരു കവി രാജാവിന്റെ കോപത്തിനിരയായി. അന്നത്തെ കാലമല്ലെ, കൊണ്ടു പോയി കഴുവിലേറ്റാന്‍ രാജാവ്‌ ആജ്ഞാപിച്ചു.

അവസാന ആഗ്രഹം എന്താണ്‌ എന്ന ചോദ്യത്തിന്‌ ഭുക്കുണ്ഡന്‍ താഴെ പറയുന്ന ശ്ലോകം ചൊല്ലി-

" ഭട്ടിര്‍ന്നഷ്ടഃ ഭാരവീയോപി നഷ്ടഃ
ഭിക്ഷുര്‍ന്നഷ്ടഃ ഭീമസേനഃ പ്രണഷ്ടഃ
ഭുക്കുണ്ഡോഹം ഭൂപതേ ത്വം ച രാജന്‍
ഭാഭാവല്ല്യാമന്തകസ്സന്നിവിഷ്ടഃ"

ഭട്ടിഃ നഷ്ടഃ = ഭട്ടി മരിച്ചു
ഭാരവീയഃ അപി നഷ്ടഃ = ഭാരവീയനും മരിച്ചു.
ഭിക്ഷുഃ നഷ്ടഃ = ഭിക്ഷു മരിച്ചു
ഭീമസേനഃ പ്രണഷ്ടഃ =ഭീമസേനനും മരിച്ചു
ഭുക്കുണ്ഡഃ അഹം = ഭുക്കുണ്ഡന്‍ എന്ന ഞാനും
ഭൂപതേ ത്വം രാജന്‍ ച =രാജാവായ അങ്ങും
ഭാഭാവല്ല്യാം അന്തകസ്സന്നിവിഷ്ടഃ = ഭ ഭാ ഭി ഭീ എന്ന അക്ഷരക്രമത്തില്‍ മൃത്യു അടുത്തവരായിരിക്കുന്നു

കാലന്‍ അക്ഷരമാലക്രമത്തില്‍ ആളുകളെ കൊല്ലുന്നു എന്ന തമാശ ആസ്വദിച്ച രാജാവ്‌ അദ്ദേഹത്തെ മോചിപ്പിച്ചു അത്രെ.

ഒരു രാജവിന്റെ മുമ്പില്‍;ആണെങ്കില്‍ എളുപ്പം എങ്കില്‍ നമ്മുടെ കുഞ്ചന്‍ നമ്പ്യാര്‍ അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവിന്റെ അടുത്തുനിന്നും ഊണു കഴിഞ്ഞിട്ട്‌ തിരുവനന്തപുരത്തെത്തി അവിടെ മുഖം കാണിക്കുമ്പോഴോ ?കുറച്ചു കൂടി വൈദഗ്ദ്ധ്യം വേണ്ടി വരും. അതു കൊണ്ടല്ലേ താഴെ കൊടുത്തിരിക്കുന്ന തരം സരസ ശ്ലോകങ്ങള്‍ നമുക്കു ലഭിച്ചത്‌ഊണിനെ പറ്റി അഭിപ്രായം പറയണം എന്ന്‌ വന്നപ്പോള്‍ നമ്പ്യാര്‍ എഴുതി-

പത്രം വിസ്‌ തൃതമത്ര തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍ നെയ്‌ കനകെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും
ഇത്ഥം ചെമ്പനാട്ടിലഷ്ടി തയിര്‍മോര്‍ തട്ടാതെ കിട്ടും ശുഭം

പത്രം (ഇല) വിസ്‌ തൃതം (വിശാലമായ - വലിയ) അത്ര (അവിടെ) തുമ്പമലര്‍ തോറ്റോടീടിനോരന്നവും (തുമ്പപ്പൂവ്‌ തോറ്റു പോകുന്ന തരം ചോറ്‌)

പുത്തന്‍ നെയ്‌ = പുതിയ നെയ്‌,
കനകെപ്പഴുത്ത പഴവും കാളിപ്പഴം = കാളിപ്പഴത്തിനൊരു പ്രത്യേകതയുണ്ട്‌ അതു സ്വര്‍ണ്ണനിറമാകുമ്പോള്‍ കഴിക്കണംകൂടുതല്‍ പഴുത്താല്‍ കൊള്ളുകയില്ല- അതുകൊണ്ട്‌ പറയുന്നു കനകം പോലെ പഴുത്ത പഴം അതും കാളിപ്പഴം

കാളനും = കാളനും ഉണ്ട്‌
പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും =അര്‍ഥം വ്യക്തം - ധാരാളം കറികളും, അവക്കു ദാസിമാരായി നാരങ്ങ മങ്ങ തുടങ്ങി അച്ചാറുകളും

ഇത്ഥം = ഇങ്ങനെ ചെമ്പനാട്ടില്‍ അഷ്ടി = ചെമ്പകനാട്ടില്‍ ആഹാരം

തയിര്‍മോര്‍ തട്ടാതെ = മോരിന്റെ അല്‍പം പോലും കലരാത്ത കട്ട തയിരും കിട്ടും ശുഭം.
ആഹാ ചെമ്പകരാജാവ്‌ ഖുശ്‌.

നമ്പ്യാര്‍ തിരുവനന്തപുരത്തെത്തുന്നതിനു മുമ്പു തന്നെ വിവരം രാജാവിന്നടുത്തെത്തി.രാജാവ്‌ വിളിപ്പിച്ചു. ചോദിച്ചപ്പോള്‍ നമ്പ്യാര്‍ പറയുന്നു.

പത്രം വിസ്‌ തൃതം അത്ര തുമ്പമലര്‍ = അവിടെ ഇലയുടെ വലിപ്പം തുമ്പപൂവിനോളം

തോറ്റോടീടിനോരന്നവും = ചോറിന്റെ കാര്യം പറയണ്ട, ഓടിപ്പോകും മുമ്പിലിരുന്നാല്‍

പുത്തന്‍ നെയ്‌ കനകെ = പുതിയ നെയ്‌, പക്ഷെ കനച്ചതാണ്‌

പഴുത്ത പഴവും കാളി= കാളിപ്പഴത്തിനൊരു പ്രത്യേകതയുണ്ട്‌ അതു സ്വര്‍ണ്ണനിറമാകുമ്പോള്‍ കഴിക്കണംകൂടുതല്‍ പഴുത്താല്‍ കൊള്ളുകയില്ല- അതുകൊണ്ട്‌ പറയുന്നു - പഴുത്ത പഴം അതും കാളി

പഴം കാളനും = പഴയ കാളനും

പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും =അര്‍ഥം വ്യക്തം - ധാരാളം കറികളുണ്ടെങ്കില്‍ അവക്കു ദാസിമാരായിരിക്കാന്‍ യോഗ്യതയുള്ള കുറച്ചു നാരങ്ങ മങ്ങ തുടങ്ങി അച്ചാറും

ഇത്ഥം = ഇങ്ങനെ ചെമ്പനാട്ടില്‍ അഷ്ടി = ചെമ്പകനാട്ടില്‍ ആഹാരം

തയിര്‍മോര്‍ തട്ടാതെ =തയിരും മോരും കിട്ടാനേ ഇല്ലകിട്ടും ശുഭം. = ഇതു തന്നെ ആഹാ തിരുവനന്തപുരിയും ഖുശ്‌

Thursday, March 22, 2007

തമാശ വ്യാഖ്യാനം

ചെറുപ്പത്തില്‍ ആകാശവാണിയില്‍ നിന്നും കേട്ട ഒരു നിരുപദ്രവമായ തമാശ വ്യാഖ്യാനം .

വള്ളത്തോളിന്റെ തീവണ്ടിപുരാണം എന കാവ്യത്തിലെ ഒരു ശ്ലോകം ഒരു വിവരമില്ലാത്ത അദ്ധ്യാപകന്‍ പഠിപിക്കുന്നതായിട്ടോ മറ്റോ ആയിരുന്നു അവതരണം.

ശ്ലോകം -

തീവണ്ടി വന്നു പുരുഷാരമതില്‍ കരേറി
ദ്യോവിങ്കല്‍ വീണ്ടുമൊരുവാരയുയര്‍ന്നു സൂര്യന്‍
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പു മനീഷിമാരെ.

അദ്ദേഹം പഠിപ്പിക്കുകയാണ്‌-തീവണ്ടി എല്ലാവര്‍ക്കുമറിയാമല്ലൊ അതു തന്നെ തീവണ്ടി ട്രെയിന്‍, അത്‌ വന്നു.

പുരുഷാരം എന്നാല്‍ ആളുകളുടെ കൂട്ടം; അതില്‍ അതായത്‌ പുരുഷാരത്തില്‍ - ആളുകളുടെ കൂട്ടത്തില്‍ കയറി.അതായത്‌ കൂട്ടം കൂടി നിന്നിരുന്ന ആളുകളുടെ മുകളിലെക്ക്‌ തീവണ്ടി വന്നു കയറി എന്നര്‍ത്ഥം.

എന്നിട്ടോ, ദ്യോവിങ്കല്‍ - ദ്യോവ്‌ = ആകാശം ദ്യോവിങ്കല്‍ =ആകാശത്തില്‍വീണ്ടും - ഒരു വാര ഉയര്‍ന്നു - അതെ തീവണ്ടി ആകാശത്തില്‍ ഒരു വാര കൂടി ഉയര്‍ന്നു. ആളുകളുടെ മുകളില്‍ കയറിയതു കൊണ്ട്‌തീവണ്ടി സാധാരണയില്‍ നിന്നും ഒരു വാര ഏകദേശം മൂന്നടി ഉയര്‍ന്നു എന്നര്‍ത്ഥം.

സൂര്യന്‍ - എന്തോ ഈ വാക്കിവിടെ എന്തിനാണ്‌ എഴുതിയിരിക്കുന്നത്‌ എന്നു മനസിലായില്ല അതവിടെ നില്‍ക്കട്ടെ, നമുക്ക്‌ ബാകി നോക്കാം.

പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു -കണ്ടില്ലേ തീവണ്ടിയുടെ അടിയില്‍ പെട്ടു ആ പാവം ജനങ്ങള്‍ ചത്തു പോകുന്നെങ്കിലോ അല്ല അഥവാ ഇനി പുതിയതായി ജനിക്കുന്നെങ്കിലോ നമുക്കെന്ത്‌ഉ?

പാഴ്‌വാക്കിതിന്നരുള്‍ക മാപ്പ്‌ - അതേ പാഴായി ഒരു വാക്ക്‌ ഞാന്‍ പറഞ്ഞു പോയി - ഏതാണ്‌? മുമ്പു പറഞ്ഞില്ലേ 'സൂര്യന്‍ ' ഞാനപ്പൊഴേ പറഞ്ഞു ഇതെന്തിനാണിവിടെ പറഞ്ഞത്‌ എന്നു മനസ്സിലായില്ല എന്ന്‌.അതേ ആ വാക്ക്‌ ഉപയോഗിച്ചതിന്‌ മനീഷിമാര്‍ - ബുദ്ധിയുള്ളവര്‍ മാപ്പു തരണേ

എന്തേ കേമമായില്ലേ അര്‍ഥം?