Wednesday, March 28, 2007

വചനേ കിം ദരിദ്രതാ

നമുക്ക്‌ വാരിക്കോരി കൊടുക്കാന്‍ ഒന്നുമില്ലായിരിക്കാം.

എന്നാല്‍ മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ ഒരു നല്ല വാക്കു പറയുന്നതില്‍ എന്തിനാണ്‌ ദാരിദ്ര്യം കാണിക്കുന്നത്‌?

"പ്രിയവാക്യപ്രദാനേന സര്‍വേ തുഷ്യന്തി ജന്തവഃ
തസ്മാല്‍ തദേവ വക്തവ്യം വചനേ കിം ദരിദ്രതാ"

പ്രിയവാക്യപ്രദാനേന= പ്രിയമായ വാക്കുകള്‍ കൊടുക്കുന്നതു കൊണ്ട്‌
സര്‍വേ തുഷ്യന്തി ജന്തവഃ = എല്ലാ ജീവികളും സന്തോഷിക്കുന്നു
തസ്മാല്‍ തദ്‌ ഏവ വക്തവ്യം = അതുകൊണ്ട്‌ പ്രിയമായ വാക്കുകളേ പറയാവൂ
വചനേ കിം ദരിദ്രതാ = വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ദാരിദ്യ്‌രം എന്തിനു കാണിക്കണം?

അല്ല ഇതൊന്നും ആലോചിച്ചിട്ടും വല്ല്യ കാര്യമില്ല. കാരണം ഓരോരോ സമയത്ത്‌ വേണ്ടതും വേണ്ടാത്തതും ഒക്കെ തോന്നുക എന്നതും കാലത്തിന്റെ കളികളില്‍ പെട്ടതാണ്‌.

സ്വര്‍ണ്ണം കൊണ്ടുള്ള മാനിനെ ബ്രഹ്മാവ്‌ ഉണ്ടാക്കിയിട്ടില്ല, അങ്ങനെയൊന്നിനെ മുമ്പു കണ്ടിട്ടുമില്ല എന്നിട്ടും ശ്രീരാമന്‍ മാരീചന്റെ പിന്നാലേ ഓടിയില്ലെ?ഈ ശ്ലോകം കേള്‍ക്കുക-

"ന നിര്‍മ്മിതാ നൈവ ച ദൃഷ്ടപൂര്‍വാ ന ശ്രൂയതേ ഹേമമയോ കുരംഗഃ
തഥാപി തൃഷ്ണാ രഘുനന്ദനസ്യ വിനാശകാലേ വിപരീതബുദ്ധിഃ"

ന നിര്‍മ്മിതാ = ഉണ്ടാക്കിയിട്ടില്ല

ന ഏവ ച ദൃഷ്ടപൂര്‍വാ = മുമ്പു കണ്ടിട്ടുമില്ല
ന ശ്രൂയതേ = കേട്ടിട്ടുമില്ല
ഹേമമയഃ കുരംഗഃ = സ്വര്‍ണ്ണമയമായ മൃഗം
തഥാ അപി= എന്നിട്ടും
തൃഷ്ണാ രഘുനന്ദനസ്യ= രഘുനന്ദനന്റെ ആര്‍ത്തി
വിനാശകാലേ = ആപത്തടുത്തിരിക്കുന്ന സമയത്ത്‌
വിപരീത ബുദ്ധിഃ = വേണ്ടാത്തതു തോന്നും

ഈ ശ്ലോകത്തിന്റെ അവസാനത്തെ പാദം എല്ലാവരും കേട്ടിരിക്കും മുമ്പു തന്നെ. അതുകൊണ്ട്‌ ആദ്യം കൂടി എഴുതി എന്നു മാത്രം.

ഗുണൈരുത്തമതാം യാതി ന വൈ ആസനസംസ്ഥിതൈ
പ്രാസാദശിഖരസ്ഥോപി കിം കാകോ ഗരുഡായതേ?

ഗുണൈഃ ഉത്തമതാം യാതി = ഗുണങ്ങളെ കൊണ്ടാണ്‌ മാഹാത്മ്യം ഉണ്ടാകുന്നത്‌
ന വൈ ആസനസംസ്ഥിതൈ = അല്ലാതെ ഉന്നതമായ ഇരിപ്പിടത്തിലിരിക്കുന്നതു കൊണ്ടല്ല
പ്രാസാദശിഖരസ്ഥഃ അപി = ഗോപുരത്തിന്റെ മുകളില്‍ ഇരുന്നു എന്നതു കൊണ്ട്‌
കിം കാകോ ഗരുഡായതേ? = കാക്ക ഗരുഡന്‍ ആവില്ല്അല്ലൊ.

നല്ല ഗുണങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാവരും മാനിക്കും , അല്ലാതെ കാണിക്കുവാന്‍ നടന്നാല്‍ പോരാ. തന്റെ ഗുണം താന്‍ പറഞ്ഞാല്‍ കാണുന്നവര്‍ കളിയാക്കുകയേ ഉള്ളു, അതു മറ്റുള്ളവരാണ്‌ പറയേണ്ടത്‌ - നോക്കുക-

പരേനോക്തഗുണോ യസ്തു നിര്‍ഗ്ഗുണോപി ഗുണീ ഭവേല്‍
ഇന്ദ്രോപി ലഘുതാം യാതി സ്വയം പ്രഖ്യാപിതൈര്‍ഗ്ഗുണൈഃ

പരേന ഉക്തഗുണഃ യഃ = യാവനൊരുത്തന്റെ ഗുണങ്ങള്‍ മറ്റുള്ളവര്‍ പറയുന്നുവോ അവന്‍
നിര്‍ഗുണഃ അപി ഗുണീ ഭവേല്‍ = നിര്‍ഗ്ഗുണനാണെങ്കില്‍ പോലും ഗുണവാനായി ഭവിക്കുന്നു
ഇന്ദ്രഃ അപി ലഘുതാം യാതി= ഇന്ദ്രനാണെങ്കില്‍ പോലും ചെറുതായിപോകുന്നു
സ്വയം പ്രഖ്യാപിതൈര്‍ ഗുണൈഃ = തന്നത്താന്‍ പറഞ്ഞു നടക്കുന്ന പൊങ്ങച്ചത്താല്‍

7 comments:

  1. എന്നാല്‍ മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ ഒരു നല്ല വാക്കു പറയുന്നതില്‍ എന്തിനാണ്‌ ദാരിദ്ര്യം കാണിക്കുന്നത്‌?

    "പ്രിയവാക്യപ്രദാനേന സര്‍വേ തുഷ്യന്തി ജന്തവഃ
    തസ്മാല്‍ തദേവ വക്തവ്യം വചനേ കിം ദരിദ്രതാ"

    ReplyDelete
  2. ‘പ്രിയം പറയാന്‍ സോപ്പു പതപ്പിയ്ക്കണോ’ എന്ന ചോദ്യം ആരെങ്കിലും ചോദിക്കുന്നതിനുമുന്‍‌പ്‌ ഞാന്‍ തന്നെ ചോദിക്കുകയും എന്റെ അഭിപ്രായം പറയുകയും ചെയ്യാനുള്ള (ദു)സ്വാതന്ത്ര്യം എടുക്കട്ടേ?

    ആരെക്കണ്ടാലും എന്തെങ്കിലും നല്ലതു പറയാനുണ്ടാവുക,എന്നത്‌ പറയുന്ന ആളെ സംബന്ധിച്ച്‌ ‌ വലിയൊരു കാര്യമാണ്. എന്നുവെച്ച്‌ പ്രിയം പറയാന്‍ വേണ്ടിമാത്രമുള്ള ഭംഗിവാക്ക് കള്ളം പറയുന്നതരത്തിലേക്ക് അധഃപതിക്കരുത്.
    എല്ലാവരിലും എല്ലാറ്റിലും നല്ലതും ചീത്തയും ഉണ്ടല്ലോ. ഭൂതക്കണ്ണാടിവെച്ചിട്ടായാലും, ആ ഇത്തിരിനന്മ കണ്ടുപിടിച്ച്‌ മനസ്സില്‍ തട്ടി ഒരു നല്ലവാക്കു പറഞ്ഞാല്‍ കേള്‍ക്കുന്ന ആളുടെ നന്മ -പ്രത്യേകിച്ചും വിദ്യാര്‍ഥികളുടെ/കുട്ടികളുടെ നന്മ കൂടുതല്‍ പ്രകാശിക്കുന്നതായി അനുഭവമുണ്ട്.
    (നന്മ എന്നാല്‍ ‘എനിക്ക് അനുകൂലമായത്’ എന്നല്ല അര്‍ഥം എന്നും ഓര്‍മ്മിക്കട്ടേ)

    പണിക്കര്‍ സാറേ :) നന്ദി പോസ്റ്റിന്.

    ReplyDelete
  3. സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം എന്ന് കേട്ടിട്ടുണ്ട്. എങ്കിലും the truth shall prevail..എന്നതിനോട് തന്നെയാണ് യോജിപ്പ്. ഏതു സ്വര്‍ണ്ണപ്പാത്രം കൊണ്ടു മൂടിവെച്ചാലും സത്യം പുറത്തുവരും എന്നല്ലേ? സൌമ്യമായി സംസാരിക്കുന്നതും സോപ്പ് വര്‍ത്തമാനവും രണ്ടാണ്. ആദ്യത്തേത് അവശ്യം. രണ്ടാമത്തേത് സൌകര്യം.

    qw_er_ty

    ReplyDelete
  4. നല്ല പോസ്റ്റ് :) ഗുണമുള്ളത്.

    qw_er_ty

    ReplyDelete
  5. ജ്യോതിര്‍മയീ (പ്രായം കൂടുതല്‍ കൊണ്ട്‌ ഇങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം എടുക്കട്ടെ),

    സോപ്പ്‌ പതപ്പിക്കുന്ന ചോദ്യം മുമ്പ്‌ ഞാന്‍ സത്യം ബ്രൂയാല്‍ എഴുതിയിടത്ത്‌ ആരോ കാച്ചിയിരുന്നു. അതിപ്പോള്‍ തപ്പിയിട്ട്‌ കാണുന്നില്ല, പോസ്റ്റ്‌ ഏതാണെന്ന്‌ ഓര്‍മ്മയുമില്ല.

    ഞാന്‍ ഈ എഴുതിയത്‌ ഇന്നലത്തേതിന്റെ തുടര്‍ച്ചയായാണ്‌- വെറുതേ വഴക്കടിക്കുന്നതു കണ്ട്‌ മനം മടുത്ത്‌ ചക്ക്‌ എന്നൊരാള്‍ പറയും , മറ്റൊരാള്‍ അത്‌ കൊക്കെന്നു കാണും ഇതു തന്നെ.
    സുഖിപ്പിക്കാന്‍ വേണ്ടി കള്ളം പറയണം എന്നര്‍ത്ഥമാക്കിയിട്ടില്ല.

    മൂര്‍ത്തിജീ,

    സത്യം ബ്രൂയാല്‍ പ്രിയം ബ്രൂയാല്‍
    ന ബ്രൂയാല്‍ സത്യമപ്രിയം

    എന്നതിലെ

    ന ബ്രൂയാല്‍ സത്യമപ്രിയം

    എന്നതിന്‌ അപ്രിയമായ സത്യം പറയരുത്‌ എന്നല്ല അര്‍ത്ഥം
    'സത്യം അപ്രിയം ന ബ്രൂയാല്‍ '

    എന്ന്‌ അന്വയിക്കണം - അതായത്‌ സത്യത്തേ അപ്രിയമാകും വണ്ണം പറയരുത്‌ - ഒന്നു കൂടി വ്യക്തമാക്കിയാല്‍ ഏതു സത്യത്തേയും കഴിയുന്നതും പ്രിയമായ രീതിയില്‍ അവതരിപ്പിക്കണം എന്ന്‌ അര്‍ത്ഥം- കാരണം

    "അപ്രിയസ്യ തു സത്യസ്യ
    വക്താ ശ്രോതാ ച ദുര്‍ല്ലഭാഃ"

    അപ്രിയമായ സത്യം പറയുന്നവരും അതുചെവിക്കൊള്ളുന്നവരും വളരെ വിരളമാണ്‌,
    വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.

    സു :)

    ReplyDelete
  6. നാം ഈ ലോകത്തില്‍ മനുഷ്യന്റെ ജന്മം എടുത്തു വന്നത്‌ നമ്മുടെ അറിവോടെയല്ല,

    പക്ഷെ ആ ജന്മം ലഭിച്ചതില്‍ നമ്മുടെ മുന്‍ ജന്മത്തിന്‌ പങ്കുണ്ട്‌.

    ഈ ജന്മം കഴിഞ്ഞാല്‍ എവിടെക്കാണ്‌ പോകുന്നത്‌ എന്നും നമുക്ക്‌ നിശ്ചയമില്ല

    എന്നാല്‍ അതിനെ നിയന്ത്രിക്കുവാന്‍ ഈ ജന്മത്തിലെ നമ്മുടെ പ്രവൃത്തികള്‍ക്ക്‌ കഴിവുണ്ട്‌.

    അപ്പോള്‍ എവിടെ നിന്നോ വന്ന്‌ എവിടേക്കോ പോകുവാന്‍ സമയം കാത്തു കഴിയുന്ന നമ്മള്‍ അല്‍പം മധുരവാക്കുകള്‍ അന്യോന്യം പറഞ്ഞു സന്തോഷമായി കഴിയരുതോ?

    മറ്റുള്ളവരെ നിന്ദിക്കുന്നത്‌ എന്തു കൊണ്ടാണെന്ന്‌ ചാണക്യന്‍ പറഞ്ഞ ഒരു ശ്ലോകം കേള്‍ക്കാം-

    "ദഹ്യമാനഃ സുതീവ്രേണ നീചാഃ പരയശോഗ്നിനാ
    അശക്താസ്തല്‍ പദം ഗന്തും തതോ നിന്ദാം പ്രകുര്‍വതേ"

    നീചാഃ = നീചന്മാര്‍
    സുതീവ്രണ = വളരെ കഠിനമായ
    പരയശോഗ്നിനാ= പരന്റെ (മറ്റുള്ളവരുടെ) കീര്‍ത്തിയാകുന്ന അഗ്നിയാല്‍)
    ദഹ്യമാനഃ = ജ്വലിക്കുന്നവരായി - അസൂയാലുക്കളായി

    തല്‍ പദം ഗന്തും അശക്താഃ = അവരുടെ അവസ്ഥയെ പ്രാപിക്കാന്‍ കഴിവില്ലാത്തവരായി
    തതഃ = അനന്തരം
    നിന്ദാം പ്രകുര്‍വതേ = നിന്ദയെ ചെയ്യുന്നു.

    സത്തുക്കളുടെ ലക്ഷണം പറയുന്നിടത്ത്‌ ഭര്‍തൃഹരി ചോദിക്കുന്നുണ്ട്‌

    " പരഗുണപരമാണൂന്‍ പര്‍വതീകൃത്യ നിത്യം
    നിജഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ"

    പരഗുണപ്രമാണൂന്‍= പരന്റെ, ഒരു പരമാണുമത്രമെങ്കിലും അളവായ ഗുണത്തെ

    പര്‍വതീകൃത്യ = പര്‍വതം പോലെ വലുതാക്കി മനസ്സിലാക്കി
    നിത്യം നിജ ഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ= സ്വ്‌അന്തം ഹൃദയത്തില്‍ സന്തോഷിക്കുന്നവര്‍ എത്രയുണ്ട്‌?

    മറ്റുള്ളവരിലുള്ള എത്ര ചെറുതെങ്കിലുമായ നന്മയെ കാണുവാന്‍ ശ്രമിക്കുക.

    "മുഹൂര്‍ത്തമപി ജീവേച്ച നരഃ ശുക്ലേന കര്‍മ്മണാ
    ന കല്‍പമപി കഷ്ടേന ലോകദ്വയവിരോധിനാ"

    രണ്ടു നാഴികയേ ജീവിച്ചുള്ളു എങ്കിലും അതു നല്ല കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുക, അല്ലാതെ ഇഹലോകത്തിലും പരലോകത്തിലും ഗുണം ചെയ്യാത്ത ദുഷ്കര്‍മങ്ങള്‍ ചെയ്ത്‌ കല്‍പങ്ങളോളം ജീവിക്കാന്‍ ശ്രമിക്കാതിരിക്കുക.

    തുടരും

    ഞാന്‍ ഈ എഴുതിയത്‌ ഇതിന്റെ തുടര്‍ച്ചയായാണ്‌

    ReplyDelete
  7. “ജ്യോതിര്‍മയീ (പ്രായം കൂടുതല്‍ കൊണ്ട്‌ ഇങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം എടുക്കട്ടെ)“, ഇന്ഡ്യ ഹെറിറ്റേജ്.

    ജീ, തീര്‍ച്ചയായും. സത്യം പറഞ്ഞാല്‍ എനിക്കിതു അങ്ങോട്ടുപറയണമെന്നുണ്ടായിരുന്നു, താങ്കളോടും ദേവന്‍ ജിയോടും മറ്റും മറ്റും. പിന്നെ, വിളിക്കുന്നവര്‍ അവര്‍ക്കു തോന്നുന്നതു വിളിക്കട്ടെ, എന്നു വിചാരിച്ചു ഒന്നും ഇതുവരെ അക്കാര്യത്തില്‍ പറഞ്ഞില്ലെന്നുമാത്രം.
    നന്ദി.

    ReplyDelete