Monday, March 26, 2007

സരസ ശ്ലോകങ്ങള്‍

പണ്ടൊരു കാലത്ത്‌ ഭുക്കുണ്ഡന്‍ എന്ന ഒരു കവി രാജാവിന്റെ കോപത്തിനിരയായി. അന്നത്തെ കാലമല്ലെ, കൊണ്ടു പോയി കഴുവിലേറ്റാന്‍ രാജാവ്‌ ആജ്ഞാപിച്ചു.

അവസാന ആഗ്രഹം എന്താണ്‌ എന്ന ചോദ്യത്തിന്‌ ഭുക്കുണ്ഡന്‍ താഴെ പറയുന്ന ശ്ലോകം ചൊല്ലി-

" ഭട്ടിര്‍ന്നഷ്ടഃ ഭാരവീയോപി നഷ്ടഃ
ഭിക്ഷുര്‍ന്നഷ്ടഃ ഭീമസേനഃ പ്രണഷ്ടഃ
ഭുക്കുണ്ഡോഹം ഭൂപതേ ത്വം ച രാജന്‍
ഭാഭാവല്ല്യാമന്തകസ്സന്നിവിഷ്ടഃ"

ഭട്ടിഃ നഷ്ടഃ = ഭട്ടി മരിച്ചു
ഭാരവീയഃ അപി നഷ്ടഃ = ഭാരവീയനും മരിച്ചു.
ഭിക്ഷുഃ നഷ്ടഃ = ഭിക്ഷു മരിച്ചു
ഭീമസേനഃ പ്രണഷ്ടഃ =ഭീമസേനനും മരിച്ചു
ഭുക്കുണ്ഡഃ അഹം = ഭുക്കുണ്ഡന്‍ എന്ന ഞാനും
ഭൂപതേ ത്വം രാജന്‍ ച =രാജാവായ അങ്ങും
ഭാഭാവല്ല്യാം അന്തകസ്സന്നിവിഷ്ടഃ = ഭ ഭാ ഭി ഭീ എന്ന അക്ഷരക്രമത്തില്‍ മൃത്യു അടുത്തവരായിരിക്കുന്നു

കാലന്‍ അക്ഷരമാലക്രമത്തില്‍ ആളുകളെ കൊല്ലുന്നു എന്ന തമാശ ആസ്വദിച്ച രാജാവ്‌ അദ്ദേഹത്തെ മോചിപ്പിച്ചു അത്രെ.

ഒരു രാജവിന്റെ മുമ്പില്‍;ആണെങ്കില്‍ എളുപ്പം എങ്കില്‍ നമ്മുടെ കുഞ്ചന്‍ നമ്പ്യാര്‍ അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവിന്റെ അടുത്തുനിന്നും ഊണു കഴിഞ്ഞിട്ട്‌ തിരുവനന്തപുരത്തെത്തി അവിടെ മുഖം കാണിക്കുമ്പോഴോ ?കുറച്ചു കൂടി വൈദഗ്ദ്ധ്യം വേണ്ടി വരും. അതു കൊണ്ടല്ലേ താഴെ കൊടുത്തിരിക്കുന്ന തരം സരസ ശ്ലോകങ്ങള്‍ നമുക്കു ലഭിച്ചത്‌ഊണിനെ പറ്റി അഭിപ്രായം പറയണം എന്ന്‌ വന്നപ്പോള്‍ നമ്പ്യാര്‍ എഴുതി-

പത്രം വിസ്‌ തൃതമത്ര തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍ നെയ്‌ കനകെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും
ഇത്ഥം ചെമ്പനാട്ടിലഷ്ടി തയിര്‍മോര്‍ തട്ടാതെ കിട്ടും ശുഭം

പത്രം (ഇല) വിസ്‌ തൃതം (വിശാലമായ - വലിയ) അത്ര (അവിടെ) തുമ്പമലര്‍ തോറ്റോടീടിനോരന്നവും (തുമ്പപ്പൂവ്‌ തോറ്റു പോകുന്ന തരം ചോറ്‌)

പുത്തന്‍ നെയ്‌ = പുതിയ നെയ്‌,
കനകെപ്പഴുത്ത പഴവും കാളിപ്പഴം = കാളിപ്പഴത്തിനൊരു പ്രത്യേകതയുണ്ട്‌ അതു സ്വര്‍ണ്ണനിറമാകുമ്പോള്‍ കഴിക്കണംകൂടുതല്‍ പഴുത്താല്‍ കൊള്ളുകയില്ല- അതുകൊണ്ട്‌ പറയുന്നു കനകം പോലെ പഴുത്ത പഴം അതും കാളിപ്പഴം

കാളനും = കാളനും ഉണ്ട്‌
പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും =അര്‍ഥം വ്യക്തം - ധാരാളം കറികളും, അവക്കു ദാസിമാരായി നാരങ്ങ മങ്ങ തുടങ്ങി അച്ചാറുകളും

ഇത്ഥം = ഇങ്ങനെ ചെമ്പനാട്ടില്‍ അഷ്ടി = ചെമ്പകനാട്ടില്‍ ആഹാരം

തയിര്‍മോര്‍ തട്ടാതെ = മോരിന്റെ അല്‍പം പോലും കലരാത്ത കട്ട തയിരും കിട്ടും ശുഭം.
ആഹാ ചെമ്പകരാജാവ്‌ ഖുശ്‌.

നമ്പ്യാര്‍ തിരുവനന്തപുരത്തെത്തുന്നതിനു മുമ്പു തന്നെ വിവരം രാജാവിന്നടുത്തെത്തി.രാജാവ്‌ വിളിപ്പിച്ചു. ചോദിച്ചപ്പോള്‍ നമ്പ്യാര്‍ പറയുന്നു.

പത്രം വിസ്‌ തൃതം അത്ര തുമ്പമലര്‍ = അവിടെ ഇലയുടെ വലിപ്പം തുമ്പപൂവിനോളം

തോറ്റോടീടിനോരന്നവും = ചോറിന്റെ കാര്യം പറയണ്ട, ഓടിപ്പോകും മുമ്പിലിരുന്നാല്‍

പുത്തന്‍ നെയ്‌ കനകെ = പുതിയ നെയ്‌, പക്ഷെ കനച്ചതാണ്‌

പഴുത്ത പഴവും കാളി= കാളിപ്പഴത്തിനൊരു പ്രത്യേകതയുണ്ട്‌ അതു സ്വര്‍ണ്ണനിറമാകുമ്പോള്‍ കഴിക്കണംകൂടുതല്‍ പഴുത്താല്‍ കൊള്ളുകയില്ല- അതുകൊണ്ട്‌ പറയുന്നു - പഴുത്ത പഴം അതും കാളി

പഴം കാളനും = പഴയ കാളനും

പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും =അര്‍ഥം വ്യക്തം - ധാരാളം കറികളുണ്ടെങ്കില്‍ അവക്കു ദാസിമാരായിരിക്കാന്‍ യോഗ്യതയുള്ള കുറച്ചു നാരങ്ങ മങ്ങ തുടങ്ങി അച്ചാറും

ഇത്ഥം = ഇങ്ങനെ ചെമ്പനാട്ടില്‍ അഷ്ടി = ചെമ്പകനാട്ടില്‍ ആഹാരം

തയിര്‍മോര്‍ തട്ടാതെ =തയിരും മോരും കിട്ടാനേ ഇല്ലകിട്ടും ശുഭം. = ഇതു തന്നെ ആഹാ തിരുവനന്തപുരിയും ഖുശ്‌

10 comments:

 1. പണ്ടൊരു കാലത്ത്‌ ഭുക്കുണ്ഡന്‍ എന്ന ഒരു കവി രാജാവിന്റെ കോപത്തിനിരയായി. അന്നത്തെ കാലമല്ലെ, കൊണ്ടു പോയി കഴുവിലേറ്റാന്‍ രാജാവ്‌ ആജ്ഞാപിച്ചു.

  അവസാന ആഗ്രഹം എന്താണ്‌ എന്ന ചോദ്യത്തിന്‌ ഭുക്കുണ്ഡന്‍ താഴെ പറയുന്ന ശ്ലോകം ചൊല്ലി-

  ReplyDelete
 2. ഒരു പാടു നന്ദി ഹരിതേജസ്സേ!

  ഞാന്‍ ഈ ശ്ലോകം (ഭട്ടിര്‍...) കാലങ്ങളായി അന്വേഷിച്ചുനടക്കുകയായിരുന്നു! (മറന്നുപോയി).

  ഇതുപോലെ തന്നെ “മാണ്ഡാതാ ച മഹീപതി...” എന്നൊരു ശ്ലോകം കൂടിയില്ലേ?
  ഇതേ കഥാപ്രയോഗത്തിലുള്ളത്?


  ഓര്‍മ്മയുണ്ടെങ്കില്‍ ഒന്നു ചൊല്ലിത്തരുമോ?
  നന്ദി മുന്‍‌കൂര്‍ ആയി...

  ReplyDelete
 3. പണിക്കര്‍ മാഷെ,
  നന്നായിട്ടുണ്ട്.
  ഇതില്‍ ഭുക്കുണ്ഡന്റെ കഥ ആദ്യമായി കേള്‍ക്കുകയാണ്.

  നംബ്യാരുടേത് മുന്‍പ് കേട്ടിട്ടുണ്ട്.
  ഇനിയും ഇതു പോലുള്ളവ പോസ്റ്റൂ.

  ReplyDelete
 4. മഹാരാജാ ഭോജന്റെ ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ പിതാവു മരിച്ചു പോകുകയാല്‍ അദ്ദേഹത്തിന്‌ പ്രായപൂര്‍ത്തി എത്തുന്നതു വരെ രാജ്യഭാരവും സംരക്ഷണവും ഇളയച്ഛനായ മുഞ്ജനേ ഏല്‍പിച്ചിരുന്നു. എന്നല്‍ മുഞ്ജന്‍ , ഭോജനെ കൊന്നു കളഞ്ഞ്‌ രാജ്യം സ്വന്തമാക്കന്‍ ആഗ്രഹിച്ചു. കൊല്ലുവാന്‍ വേണ്ടി കൊടുത്തയ്ച്ച കുമാരനെ അയാള്‍ കോന്നില്ല - അവിടെ വച്ച്‌ ഭോജന്‍ അയാള്‍ വശം എഴുതികൊടുത്തയച്ച ശ്ലോകമാണ്‌ വിശ്വം ചോദിച്ചത്‌-

  മാന്ധാതാ ച മഹീപതീ കൃതയുഗാലങ്കാരഭൂതോ ഗതാഃ
  സേതുര്യേന മഹോദധ്‌ഔ വിരചിതഃ ക്വാസൗ ദശാസ്യാന്തകഃ
  അന്യേ ചാപി യുധിഷ്ടിരപ്രഭൃതയോ യാതാ ദിവം ഭൂപതേ
  നൈകേനാപി സമം ഗതാ വസുമതീ മുഞ്ച ത്വയാ യാസ്യതി
  കൃതയുഗത്തില്‍ മാധാതാവ്‌, മഹീപതി തുടങ്ങിയമഹാന്മാരും, ത്രേതായുഗത്തില്‍ ശ്രീരാമനും , ദ്വാപരത്തില്‍ യുധിഷ്ടിരാദി പലരും മരിച്ചു പോയെങ്കിലും ഭൂമി അവരോടൊപ്പം പോയില്ല, പക്ഷെ അല്ലയോ മുഞ്ചാ നീ ചാകുമ്പോള്‍ തീര്‍ച്ചയായും ഈ ഭൂമിയും നിന്റെ കൂടെ പോരും
  ഇതാണ്‌ എന്റെ ഓര്‍മ്മ തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലൊ

  ReplyDelete
 5. Pl Read as മാന്ഥാതാ (not മാന്ധാതാ )

  ReplyDelete
 6. ഇങ്ങനെയുള്ള രസകരങ്ങളായ “വഹ”കള്‍ ഞങ്ങളോടൊപ്പം പങ്കു വക്കുന്ന സരസ ഹൃദയന് പ്രണാമങ്ങള്‍... :)

  ReplyDelete
 7. വിശ്വം ജി ചോദിച്ച-

  "മാന്ഥാതാ ച മഹീപതീ കൃതയുഗാലങ്കാരഭൂതോ ഗതാഃ
  സേതുര്യേന മഹോദധൗ വിരചിതഃ ക്വാസൗ ദശാസ്യാന്തകഃ
  അന്യേ ചാപി യുധിഷ്ടിരപ്രഭൃതയോ യാതാ ദിവം ഭൂപതേ
  നൈകേനാപി സമം ഗതാ വസുമതീ മുഞ്ച ത്വയാ യാസ്യതി"

  ഈ ശ്ലോകം ഇന്നലെ തന്നെ പോസ്റ്റിയിരുന്നു കണ്ടൂ കാണുമല്ലൊ.

  പൊതുവാള്‍ജീ, നല്ല വാക്കുകള്‍ക്ക്‌ നന്ദി.

  പുതിയ സന്ദര്‍ശകന്‍(?) ആയ സ്വപ്നാടകനും നല്ല വാക്കുകള്‍ക്ക്‌ നന്ദി.

  ReplyDelete
 8. വളരെ രസിച്ചു വായിച്ചു മാഷെ.
  ഇനിയും പോരട്ടെ.

  ReplyDelete
 9. ശ്ലോകവിദഗ്ദ്ധനും സരസനുമായ ആവനാഴിജിയും സന്ദര്‍ശിച്ച്‌ അഭിപ്രായം അറിയിച്ചതില്‍ സന്തോഷം

  ReplyDelete
 10. ആസ്വദിച്ചു.
  ആശംസകള്‍.

  ReplyDelete