Tuesday, July 22, 2008

ധര്‍മ്മസ്യമൂലമര്‍ത്ഥഃ

"ധര്‍മ്മസ്യ മൂലമര്‍ത്ഥഃ"

ധര്‍മ്മം എന്താണ്‌ എന്നു മുമ്പിലത്തെസൂത്രം വിശദീകരിച്ചപ്പോള്‍ പറയുവാന്‍ ശ്രമിച്ചു. അത്‌ നിര്‍വചിക്കുവാന്‍ സാധിക്കത്തതായതു കൊണ്ടാണ്‌ അതിബൃഹത്തായ അനേകമനേകം കഥകള്‍ ഉള്‍ക്കൊള്ളുന്ന ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടത്‌. പല തരം സ്വഭാവവിശേഷങ്ങളുള്ള പല ആളുകളുടെ ഇടപെടലുകള്‍ വിശദീകരിക്കുന്ന പല സന്ദര്‍ഭങ്ങള്‍ നമുക്കു മുമ്പില്‍ കാണിച്ചു തരുന്നു. ഓരോരുത്തരും, അവയെ എങ്ങനെ ഒക്കെ നേരിട്ടു എന്നു കാണിക്കുന്നു. പക്ഷെ അതിലൊരിടത്തും ഇന്നതായിരുന്നു ശരി എന്നോ ഇന്നതായിരുന്നു തെറ്റ്‌ എന്നോ ഗ്രന്ഥകാരന്റെതായ അഭിപ്രായം ഇല്ല, എന്നാല്‍ കഥാപാത്രങ്ങള്‍ തെറ്റും ശരിയും വളരെ വിദഗ്ദ്ധമായി പറയുന്നും ഉണ്ട്‌. അതുകൊണ്ടാണ്‌ പറഞ്ഞത്‌ അതെല്ലാം ആപേക്ഷികമാണ്‌ എന്ന്‌.

ഭാഗവതം പതിനൊന്നാമധ്യായം വ്യാസന്‍ എഴുതിയത്‌ അദ്ദേഹത്തിനു പറയുവാനുള്ളത്‌ പറയുവാനായിരുന്നു. അത്‌ അദ്ദേഹം അവിടെ പറഞ്ഞിട്ടും ഉണ്ട്‌.
എന്നാല്‍ ഭാഗവതസപ്താഹം നോക്കൂ- ഏഴുദിവസവും പൊടിപൂരമായി കൊണ്ടാടുന്നത്‌ എന്തൊക്കെ ആണെന്നു കണ്ടിട്ടില്ലേ?
രുഗ്മിണീസ്വയംവരവും അതില്‍ ചെറിയ കുട്ടികളെ അണിയിച്ചൊരുക്കി രുഗ്മിണിയാക്കുവാനും, മറ്റും മറ്റുമാണ്‌.
പതിനൊന്നാമധ്യായം നേരെ ചൊവ്വേ വായിക്കുന്നുണ്ടോ എന്നു പോലും സംശയമാണ്‌.

ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ കാര്യം നടക്കില്ലല്ലൊ അല്ലേ?
ധര്‍മ്മം എന്താണ്‌ എന്നു പറയുവാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ എന്തിനിത്‌ തുടങ്ങി വച്ചു?

എന്നാല്‍ ധര്‍മ്മം എന്നതിനെ ഏറ്റവും ലളിതമായി എങ്ങനെ പറയുന്നു എന്നു നോക്കാം-

പത്തുമാസം ചുമന്ന്‌ പ്രസവിച്ചു മുലപ്പാലൂട്ടി വളര്‍ത്തുന്ന അമ്മയോട്‌ അതിനുള്ള കടപ്പാട്‌ തീര്‍ത്താല്‍ തീരാത്തവണ്ണം കടമായി പേറിക്കോണ്ടാണ്‌ നാം ജനിക്കുന്നതുതന്നെ. ഇത്‌ ഒന്നാമത്തെ കടം
ജനനശേഷം പാലനം വിദ്യാഭ്യാസം തുടങ്ങിയവ നല്‍കുന്ന പിതാവിനോടുള്ളത്‌ രണ്ടാമത്തെ കടം. തനിക്കു താന്‍ പോരുന്നവനാകുന്നതുവരെ അതിനു പരിശീലനംവും തണലും നല്‍കുന്ന, താന്‍ വളര്‍ന്നു പോന്ന ആ സമൂഹത്തോടുള്ള കടപ്പാട്‌ മൂന്നാം കടം. ചിലര്‍ കരുതുന്നുണ്ടാകാം എല്ലാം താന്‍ തന്നെ തന്റെ തന്നെ കഴിവു കൊണ്ടു നേടിയെടുത്തതാണെന്ന്‌. ശരിയായിരിക്കാം പക്ഷെ അവനു കൂട്ടായിനിന്നിരുന്ന ആ സമൂഹമല്ലായിരുന്നു, മറ്റൊരു തരം സമൂഹമായിരുന്നു ചുറ്റും ഉണ്ടായിരുന്നത്‌ എന്നു സങ്കല്‍പ്പിക്കുക -( നാം പല രാജ്യങ്ങളിലേയും പല സാഹചര്യങ്ങളും വായിച്ചും ദൃശ്യങ്ങള്‍ കണ്ടും ഇരിക്കുന്നതുകൊണ്ട്‌ ഒന്നു സങ്കല്‍പിക്കാം )

അപ്പോഴേക്കും വിവാഹം കുട്ടികള്‍ തുടങ്ങി അടൂത്ത കടങ്ങളുടെ പ്രവാഹമായി. ഇവയെല്ലാം വേണ്ടും വണ്ണം നിര്‍വഹിക്കുക എന്നതാണ്‌ ധര്‍മ്മം എന്നു ചുരുക്കത്തില്‍ പറയാം.

അച്ഛനമ്മമാരോടൂം സമൂഹത്തോടൂം, ഭാര്യാപുത്രാദികളോടൂം ഉള്ള അടിസ്ഥാനപരമായ കടമ നിറവേറ്റക്ല് എന്നു ചുരുക്കം.

ഇനി ഒരുത്തന്‍ ജനിച്ചു എന്നു എപ്പോഴാണ്‌ പറയുന്നത്‌ എന്നറിയണ്ടേ?

"പരിവര്‍ത്തിനി സംസാരേ മൃതഃ കോ വാ ന ജായതേ
സ ജാതോ യേന ജാതേന യാതി വംശഃ സമുന്നതിം"

ചക്രം പോലെ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ മരിച്ച ആരാണ്‌ ജനിക്കാതിരിക്കുന്നത്‌?
പക്ഷെ അവനവന്റെ സമൂഹത്തിന്‌ ഉയര്‍ച്ചയുണ്ടാക്കുന്നവന്‍ ആരോ അവനെ ജനിച്ചു എന്നു പറയുവാന്‍ സാധിക്കൂ. മറ്റുള്ളവരെല്ലാം - !!!

അപ്പോള്‍ അതിനുപകരിക്കുന്ന പ്രവര്‍ത്തനമാണ്‌ ബാക്കി.

ഇത്രയും കൂടീച്ചേര്‍ന്നതാണ്‌ സ്വധര്‍മ്മം എന്നുഭഗവാന്‍ ഗീതയിലും പറയുന്നത്‌.

ഇതൊക്കെ നിറവേറ്റണമെങ്കിലോ അര്‍ത്ഥം വേണം. അതാണ്‌ രണ്ടാം സൂത്രം കൊണ്ടു പറയുന്നത്‌
ധര്‍മ്മത്തിന്റെ മൂലം അര്‍ത്ഥം -
"ധര്‍മ്മസ്യമൂലമര്‍ത്ഥഃ"

3 comments:

 1. ഇനി ഒരുത്തന്‍ ജനിച്ചു എന്നു എപ്പോഴാണ്‌ പറയുന്നത്‌ എന്നറിയണ്ടേ?

  "പരിവര്‍ത്തിനി സംസാരേ മൃതഃ കോ വാ ന ജായതേ
  സ ജാതോ യേന ജാതേന യാതി വംശഃ സമുന്നതിം"

  ചക്രം പോലെ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ മരിച്ച ആരാണ്‌ ജനിക്കാതിരിക്കുന്നത്‌?
  പക്ഷെ അവനവന്റെ സമൂഹത്തിന്‌ ഉയര്‍ച്ചയുണ്ടാക്കുന്നവന്‍ ആരോ അവനെ ജനിച്ചു എന്നു പറയുവാന്‍ സാധിക്കൂ. മറ്റുള്ളവരെല്ലാം - !!!

  ReplyDelete