Monday, July 21, 2008

സുഖസ്യ മൂലം ധര്‍മ്മഃ

ആദ്യത്തെ സൂത്രം -
" സുഖസ്യ മൂലം ധര്‍മ്മഃ"

ജീവനുള്ള ഏതൊരു ജന്തുവും എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതായി കണ്ടാല്‍, അതെന്തിനായിരിക്കാം എന്നതിന്‌ ആത്യന്തികമായ ഒരേ ഒരു ഉത്തരമേ ഉള്ളു - സുഖത്തിന്‌. ഏതെങ്കിലും തരത്തിലുള്ള ഒരു സുഖം അന്വേഷിച്ചാണ്‌ നമ്മുടെ ഒക്കെ ഏതൊരു പ്രവൃത്തിയും.

ഇത്‌ എന്റെ അഭിപ്രായം മാത്രമല്ല. പൗരാണികരായ ആളുകളും ഇതു തന്നെ പറഞ്ഞിരുന്നു. അവര്‍ പറഞ്ഞത്‌ സംസ്കൃതത്തില്‍ ഇപ്രകാരമായിരുന്നു -
"സുഖാര്‍ത്ഥാസ്സര്‍വഭൂതാനാം മതാസ്സര്‍വാഃ പ്രവര്‍ത്തയഃ"

സര്‍വങ്ങളായ ഭൂതങ്ങളുടെയും സര്‍വപ്രവൃത്‌തികളും സുഖത്തിനു വേണ്ടിയാകുന്നു.
എന്നാല്‍ ഈ സുഖം എന്നത്‌ എന്താണ്‌? ഒരോരുത്തരേയും സംബന്ധിച്ച്‌ അതിന്റെ നിര്‍വചനം വ്യത്യസ്ഥമായിരിക്കും. സുഖമായി ഉണ്ണാം , സുഖമായി ഉറങ്ങാം, ഇങ്ങനെ പലതരത്തില്‍ എന്നാല്‍ ഇതൊന്നും ശാശ്വത സുഖങ്ങളല്ല- പിന്നെയോ താല്‍ക്കാലികങ്ങളാണ്‌

( ശാശ്വതമായ സുഖം ഒരിക്കല്‍ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നീട്‌ അവന്‍ താല്‍കാലിക സുഖങ്ങളില്‍ ഭ്രമിക്കുകയില്ലത്രേ.)
അതുകൊണ്ട്‌ ശാശ്വതമായ സുഖം ലഭിക്കുന്നതു വരെ ജീവജന്തുക്കള്‍ പ്രവര്‍ത്തനനിരതരായിരിക്കും.

ശാശ്വതമായ സുഖം എന്നത്‌ ഭഗവത്‌ ഗീതയില്‍ പറയുന്നു-
"സുഖമാത്യന്തികം യത്‌ തത്‌
ബുദ്ധിഗ്രാഹ്യമതീന്ദ്രിയം"

ആത്യന്തികമായ ആ സുഖം എന്നത്‌ ഇന്ദ്രിയവിഷയമല്ല , പിന്നെയോ ബുദ്ധിഗ്രാഹ്യമാണ്‌ - അത്‌ ബോധത്തിലുണ്ടാകേണ്ടതാണ്‌ - അനുഭവത്തിലറിയേണ്ടതാണ്‌.
ഇന്ദ്രിയവിഷയമല്ലാത്ത ആ സുഖമാണ്‌ ഏതൊരു ജീവിയുടെയും ആത്യന്തികലക്ഷ്യം. അതു കിട്ടുന്നതുവരെ അവന്‍ എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അതു കിട്ടിയാലോ - ദുഃഖജന്മപ്രവൃത്തിദോഷമിഥ്യാജ്ഞാനാദികളൊക്കെ നശിച്ചു എന്ന് അര്‍ത്ഥം.

ഈ ലക്ഷ്യം ആണ്‌ ചാണക്യന്‍ ആദ്യമായി സൂചിപ്പിക്കുന്നത്‌. എന്നിട്ട്‌ അതിലേക്കുള്ള പടികള്‍ ഓരോന്നോരോന്നായി വെളിപ്പെടുത്തിത്തരുന്നു.

എന്നാല്‍ സുഖം എപ്പോഴാണ്‌ ലഭിക്കുക - അത്‌ ധര്‍മ്മമുള്ളപ്പോഴേ ഉള്ളു. ഇത്‌ പണ്ടുള്ളവര്‍ പറഞ്ഞു -

"സുഖം ച ന വിനാ ധര്‍മ്മാത്‌
തസ്മാദ്ധര്‍മ്മപരോ ഭവേത്‌"

ധര്‍മ്മമില്ലെങ്കില്‍ സുഖം ഉണ്ടാവുകയില്ല അതുകൊണ്ട്‌ നിങ്ങള്‍ ധര്‍മ്മിഷ്ഠരായിരിക്കൂ.
എന്താണു പോലും ഈ ധര്‍മ്മം?

പണ്ട്‌ മരണശയ്യയില്‍ കിടക്കുന്ന ഭീഷ്മരോട്‌ ഈ ചോദ്യം ചോദിച്ചതാണ്‌. അന്ന്‌ അദേഹം പറഞ്ഞു " ധര്‍മ്മത്തിന്റെ ഗതി സൂക്ഷ്മമാണ്‌" എന്ന്‌.

എന്തൊരു പുലിവാല്‌. ഇങ്ങനൊരുത്തരം കിട്ടാനായിരുന്നു എങ്കില്‍ പിന്നെ ഇങ്ങേരോടു ചോദിക്കണമായിരുന്നൊ?

പക്ഷെ പറഞ്ഞതു നേരല്ലെ? എങ്ങനെ വിശദീകരിക്കും ഇന്നതാണ്‌ ധര്‍മ്മം എന്ന്‌?

ഓരോരുത്തരും നേരിടൂന്ന ഓരോ അവസ്ഥകള്‍ക്കനുസരിച്ച്‌ ഇന്നിന്നതാണ്‌ ധര്‍മ്മം ഇന്നിന്നതാണ്‌ അധര്‍മ്മം എന്നു നിര്‍വചിക്കുവാന്‍ സാധിക്കുമോ?

ആരെയും അടിയ്ക്കരുത്‌ പാപമാണ്‌ (അല്ലെ?)

ഭാര്യയുമായി രോഡില്‍ കൂടി പോകുമ്പോള്‍ വെള്ളമടിച്ച ഒരുത്തന്‍ അസഭ്യം പറഞ്ഞു പിന്നാലെ കൂടുന്നു, ഒഴിവാക്കുവാന്‍ നോക്കി വേഗം നടന്നു പോകാന്‍ തുടങ്ങുമ്പോള്‍ അവന്‍ ഭാര്യയെ കടന്നു പിടിയ്ക്കുന്നു.

അയ്യൊ തല്ലുന്നത്‌ 'പാപം' അല്ലേ 'ഹിംസ' അല്ലെ -
അവനെ ഗല്‍ത്തായ്ക്ക്‌ പിടിച്ച്‌, നാഭി നോക്കി ഇടംകാല്‍ പൊക്കി ഒരു തൊഴി കൊടുത്ത്‌ താഴെ ഇട്ടിട്ട്‌ നാല്‌ ചവിട്ടു കൂടൂതല്‍ കൊടുത്താല്‍ അത്‌ ധര്‍മ്മം അല്ലാതെ ഭാര്യയെ പിടിച്ചു സഭയില്‍ കൊണ്ടു വന്ന്‌ തുണി അഴിക്കുമ്പോള്‍ അതുനോക്കി ഇരുന്ന ഷണ്ഡന്മാരായ പാണ്ഡവര്‍ കാണിച്ചത്‌ അധര്‍മ്മം - (ഇത്‌ ഭീഷ്മര്‍ വ്യംഗ്യമായി പറയുന്നുമുണ്ട്‌. പാഞ്ചാലി സഭയില്‍ വച്ചു ഭീഷ്മരോട്‌ ചോദിച്ചതിനുത്തരം നോക്കിയാല്‍ മനസ്സിലാകും - ശക്തന്‍ ചെയ്യുന്നതാണ്‌ ധര്‍മ്മം ഞാന്‍ ഇവര്‍ക്കടിമയായിപ്പോയീന്നര്‍ത്ഥം വരുന്ന വാക്കുകള്‍ അവിടെ കാണാം, ശക്തനായി ഭീമന്‍ അതങ്ങു കൈകാര്യം ചെയ്തിരുന്നെങ്കില്‍ അത്‌ ധര്‍മ്മമാകും എന്നൊരര്‍ത്ഥം അവിടെ ഈ ഷണ്ഡന്മാര്‍ കാണാതെ പോയി എന്നു മാത്രം)

അപ്പോള്‍ പറഞ്ഞു വന്നത്‌ ധര്‍മ്മം എന്നത്‌ വളരെ നിഗൂഢമായ ഒരു തത്വമാണെന്നര്‍ത്ഥം

ഇങ്ങനെ ഒക്കെയുള്ള തത്വങ്ങള്‍ രാജ്യതന്ത്രജ്ഞതയില്‍ ആവശ്യമാണെന്നു കണ്ട്‌ അതിനുണ്ടാക്കിയ സംഹിതയാണ്‌ ചാണക്യസൂത്രം. അതിലെ ആദ്യത്തെ സൂത്രമാണ്‌
മേല്‍ പറഞ്ഞ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന
" സുഖസ്യ മൂലം ധര്‍മ്മഃ" എന്നത്‌.

4 comments:

  1. അയ്യൊ തല്ലുന്നത്‌ 'പാപം' അല്ലേ 'ഹിംസ' അല്ലെ -
    അവനെ ഗല്‍ത്തായ്ക്ക്‌ പിടിച്ച്‌, നാഭി നോക്കി ഇടംകാല്‍ പൊക്കി ഒരു തൊഴി കൊടുത്ത്‌ താഴെ ഇട്ടിട്ട്‌ നാല്‌ ചവിട്ടു കൂടൂതല്‍ കൊടുത്താല്‍ അത്‌ ധര്‍മ്മം അല്ലാതെ ഭാര്യയെ പിടിച്ചു സഭയില്‍ കൊണ്ടു വന്ന്‌ തുണി അഴിക്കുമ്പോള്‍ അതുനോക്കി ഇരുന്ന ഷണ്ഡന്മാരായ പാണ്ഡവര്‍ കാണിച്ചത്‌ അധര്‍മ്മം - (ഇത്‌ ഭീഷ്മര്‍ വ്യംഗ്യമായി പറയുന്നുമുണ്ട്‌. പാഞ്ചാലി സഭയില്‍ വച്ചു ഭീഷ്മരോട്‌ ചോദിച്ചതിനുത്തരം നോക്കിയാല്‍ മനസ്സിലാകും - ശക്തന്‍ ചെയ്യുന്നതാണ്‌ ധര്‍മ്മം ഞാന്‍ ഇവര്‍ക്കടിമയായിപ്പോയീന്നര്‍ത്ഥം വരുന്ന വാക്കുകള്‍ അവിടെ കാണാം, ശക്തനായി ഭീമന്‍ അതങ്ങു കൈകാര്യം ചെയ്തിരുന്നെങ്കില്‍ അത്‌ ധര്‍മ്മമാകും എന്നൊരര്‍ത്ഥം അവിടെ ഈ ഷണ്ഡന്മാര്‍ കാണാതെ പോയി എന്നു മാത്രം)

    ReplyDelete
  2. "സുഖസ്യ മൂലം ധര്‍മ്മഃ"

    വളരെ ലളിതമായി വിവരിച്ചതിനു നന്ദി ..

    ReplyDelete
  3. കുറെ നാളായി ആഗ്രഹിക്കുന്നതാ ചാണക്യ സൂത്രം നല്ല രീതിയില്‍ വ്യാഖ്യാനിച്ചു കിട്ടണമെന്ന് .....കിട്ടിയ ഒരു പുസ്തകം എനിക്കങ്ങു ബോധിക്കുന്നില്ല ..ഇതിപ്പോ ഇഷ്ടായീ ട്ടോ

    ReplyDelete