Tuesday, November 04, 2008

സത്വരജസ്തമോലക്ഷണം

അപ്പോള്‍ വീണ്ടും കാര്യത്തിലേക്കു വരാം.

ബോധം എന്താണെന്ന്‌ എഴുതുവാന്‍ ശ്രമിച്ചപ്പോള്‍ അതിനെ വികലമാക്കുവാന്‍ വളരെ അധികം ശ്രമം നടന്നു അതിനാല്‍ തന്നെ വായനക്കാരിലും എന്തെങ്കിലും ഒക്കെ ചിന്താപ്രശ്നങ്ങള്‍ ഉണ്ടായികാണാം.

മറ്റൊരു രീതിയില്‍ നോക്കുക.

നാം വ്യവഹരിക്കുന്ന 'ഞാന്‍' ആരാണ്‌? എന്റെ ശരീരത്തിലെ ഏതൊരു ഭാഗം എടുത്താലും അതു ഞാനല്ല. എന്റേതേ ആകുന്നുള്ളു. അത്‌ ഭൗതികമായി നിര്‍വചിക്കാനാകുന്ന ഒന്നല്ല എന്നര്‍ത്ഥം. അതൊഴികെ ഇപ്രപഞ്ചത്തിലുള്ള എല്ലാറ്റില്‍ നിന്നും വ്യത്യസ്തമായി തന്നെ ആണ്‌ നാം അതിനെ കാണുന്നത്‌.

അപ്പോള്‍ ബാക്കി എല്ലാറ്റിനേയും അറിയുന്നവന്‍ ഞാന്‍ എന്നു നാം കരുതുന്നു. ഞാനാണ്‌ അറിയുന്നവന്‍.

ആ അവസ്ഥയില്‍ അറിയുന്നവന്‍ ഒന്ന്‌, അറിയുന്ന വസ്തു ഒന്ന്‌ ഇങ്ങനെ രണ്ടു ഭേദങ്ങള്‍ കാണുന്നു.

ഭൗതികമായ എല്ലാറ്റിനേയും അറിയാം എന്നതു കൊണ്ട്‌ അറിയുന്നവന്‍ ഭൗതികമായി നിര്‍വചിക്കപ്പെടുവാന്‍ യോഗ്യനല്ല എന്നു വരുന്നു.

ഇനി ഞാന്‍ ആദ്യം പറഞ്ഞ ശരീരത്തിലെ ഏറ്റവും ചെറിയ ഭാവം മുതല്‍ ഓരോന്നിനും ഉള്ള സ്വബോധത്തെ ആലോചിക്കുക.

ഏറ്റവും ചെറുതിനും അതിന്റേതായ ഒരു ബോധം ഉണ്ട്‌. അതിലും വലിയതായ ഒരു വസ്തുവിന്റെ ഭാഗമായിത്തീരുമ്പോള്‍ കൂട്ടായ രീതിയില്‍ വ്യത്യസ്ഥമായ മറ്റൊരു ബോധവും ഉണ്ട്‌.

ഈ ഭാഗം വ്യക്തമായതായി ലരുതട്ടെ.

പ്രപഞ്ചവസ്തുവിന്റെ ഏറ്റവും അടിസ്ഥാനതലത്തില്‍ 'എത്തിപ്പെടാന്‍ കഴിഞ്ഞാല്‍' അവിടെ ഇപ്പറഞ്ഞ ബോധം മാത്രമേ കാണൂ.

ഈ ബോധത്തെ സത്വം രജസ്‌ തമസ്‌ എന്ന മൂന്നു ലക്ഷണമുള്ളതായി പറയുന്നു- വിരാട്‌പുരുഷനില്‍ മാത്രമാണ്‌ ഗുണങ്ങള്‍.
പ്രപഞ്ചം എന്ന phenominal world നിലനില്‍ക്കണം എങ്കില്‍ ഈ ഗുണങ്ങള്‍ അതില്‍ ആരോപിക്കപ്പെട്ടേ പറ്റൂ. (Basic Principles of ayurveda എന്ന ലേഖനത്തില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്‌)

സുശ്രുതം പറയുന്ന ഈ വാചകം "സര്‍വഭൂതാനാം കാരണമകാരണം സത്വരജസ്തമോലക്ഷണമഷ്ടരൂപമഖിലസ്യ ജഗതഃ സംഭവഹേതുരവ്യകതം നാമ--"

ഭൂതങ്ങളുടെ എല്ലാറ്റിന്റെയും കാരണം - ഉണ്ടായതിന്റെ എല്ലാറ്റിന്റെയും കാരണം -;
അതായത്‌ ഒരു വസ്തു ഉണ്ടായി എന്നു പറയണമെങ്കില്‍ അതിനെ നിര്‍വചിക്കത്തക്ക ചില പ്രത്യേകതകള്‍ അതിനുണ്ടാകണം.

ബോധം എന്നു നാം പറഞ്ഞ വസ്തു(?) നിര്‍വചനത്തിന്‌ അതീതമാണെന്നു ആദ്യമേ പറഞ്ഞു.

ഇനി ഞാന്‍ ആദ്യം മുതല്‍ ഉദാഹരിക്കുന്ന ഇലക്രോന്‍ ഉദാഹരണം എടുക്കുക. അത്‌ അതിന്റെ സ്വഭാവം കാണിക്കുന്നത്‌ അതിന്റെ സ്വബോധം കൊണ്ടാണ്‌.

അതിന്റെ നിലനില്‍പ്‌ ആലോചിച്ചാല്‍, അതുണ്ടായിരിക്കുന്ന ഒരു ഭൗതികപ്രതിഭാസം-(വസ്തു), അതിന്റെ കര്‍മ്മം -പരിവൃത്തി തുടങ്ങിയവ, അതു പ്രവര്‍ത്തിക്കുവാന്‍ അതിനുള്ള ബോധം എന്നിങ്ങനെ മൂന്നു അടിസ്ഥാനഘടകങ്ങള്‍ കാണാം.

ഇതൊരു സാമാന്യധര്‍മ്മമായി എടുക്കാം ഏതൊരു വസ്തുവിനും.

ഇതിനെ തന്നെ വേറൊരു പേരില്‍ പറഞ്ഞാല്‍ ബോധം സത്വഗുണം, പ്രവൃത്തി രജോഗുണം, വസ്തു - തമോഗുണം എന്നു വിളിക്കാം.

ഇനി പ്രപഞ്ചവസ്തുക്കളെ നോക്കിയാല്‍ കല്ലും മണ്ണും ഒക്കെ പോലെ ഉള്ളവസ്തുക്കള്‍ തമോഗുണപ്രധാനമാണെന്നു പറയും.

സത്വഗുണം കൂടൂന്നതിനനുസരിച്ചിരിക്കും ജീവജന്തുക്കളുടെ പ്രകൃതി.

അതായത്‌ ഏറ്റവും നിര്‍ജീവ വസ്തു ഏറ്റവും തമോഗുണപ്രധാനം, തമോഗുണം കുറയുകയും സത്വഗുണം കൂടൂകയും ചെയ്യുന്നതിനനുസരിച്ച്‌ ബോധം കൂടൂന്നു. ശുദ്ധസത്വം ആകുവാന്‍ കഴിഞ്ഞാല്‍ --

ഇപ്പറഞ്ഞ തത്വം തന്നെ ആണ്‌ ആയുര്‍വേദം ഉപയോഗിക്കുന്ന വാതം പിത്തം കഫം എന്ന ത്രിദോഷങ്ങളും.

സത്വം വായുവും , രജസ്‌ പിത്തവും, തമസ്‌ കഫവും.

ഇതൊന്നും പഠിക്കാത്ത മൂഢന്മാര്‍ പലതും പുലമ്പും

10 comments:

  1. ഇതൊന്നും പഠിക്കാത്ത മൂഢന്മാര്‍ പലതും പുലമ്പും

    ReplyDelete
  2. " എന്റെയും അടുത്തവീട്ടിലെ ജോസഫ് ചേട്ടന്റെയും തലകള്‍ പരസ്പരം മാറ്റിവെക്കല്‍ സസ്ത്രക്രിയ നടത്തി എന്ന് വിചാരിക്കുക "

    ഇനി ഒരു ചോദ്യം
    ഇതില്‍ ഞാന്‍ ആരാണ് ???
    അല്ലെങ്ങില്‍ ഓപ്പറേഷന്‍ കഴിഞ്ഞു എഴുന്നേല്‍ക്കുമ്പോള്‍ എന്റെ തലയാണോ ഉടലാണോ മാറിയിരിക്കുന്നത് ??

    ReplyDelete
  3. ഹ ഹ ഹ തല വരെ മാറ്റി വച്ചു എന്നു വിചാരിക്കാം അതിന്റെ ബാക്കി വിചാരിക്കാന്‍ വയ്യേ?
    അതും കൂടി അങ്ങു വിചാരിച്ചാല്‍ പോരേ എന്റെ റിമ്പോച്ചേ.

    ReplyDelete
  4. ‘ഞാൻ എന്ന ബോധം’!
    രസമാൺ കൂടുതാലാലോചിയ്ക്കാൻ..
    അതിനുപകരിയ്ക്കും ഈ പോസ്റ്റ്

    ReplyDelete
  5. മാഷേ ഞാന്‍ എന്ന ബോധം ശരീരത്തില്‍ എവിടെ ഇരിക്കുന്നു എന്നത് ഒന്നു സങ്കല്പിച്ചു നോക്കാന്‍ വേണ്ടിയാണ് തല വരെ മാറ്റി വെച്ചത്

    കൈയും കാലും മറ്റു പല അവയവങ്ങളും ഇല്ലെങ്ങിലും ഞാന്‍ എന്ന ബോധം നഷ്ടപ്പെടില്ലല്ലോ
    വൃക്കയും ഹൃദയവും ഉള്‍പ്പെടെ പല അവയവവും മാറ്റി വെക്കാനും കഴിയും അപ്പോള്‍ ഞാന്‍ ഇരിക്കുന്നത് ഈ സ്ഥലങ്ങളില്‍ ഒന്നും ആയിരിക്കില്ലലോ ?

    പണ്ടു നമ്മുടെ ഗണപതിയുടെ തല പോയപ്പോള്‍ ഒരു ആനയുടെ തല വെച്ചതാണല്ലോ അത് കേട്ടപ്പോള്‍ മുതല്‍ തോന്നിയ സംശയമാണ് ഗണപതിക്ക്‌ ആനയുടെ തല വെച്ചതാണോ അതോ ആനയ്ക്ക് ഗണപതിയുടെ ശരീരം വെച്ചതാണോ എന്ന്

    ReplyDelete
  6. മനുഷ്യശരീരം ആദ്യം തുടങ്ങുന്നത്‌ ഒരു കോശത്തില്‍ നിന്ന്‌

    അതിന്റെ വിഭജനത്തിന്റെ ആദ്യത്തെ ചില ഘട്ടങ്ങള്‍ വരെ അതിലെ ഓരോ കോശവും ഓരോ മുഴുവന്‍ ശരീരമാകുവാന്‍ കഴിവുള്ളവ.

    അതിനു ശേഷം അവയിലെ ഓരോന്നും ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം ആകുവാന്‍ കഴിവുള്ളവ,

    എല്ലാറ്റിലും ഉള്ളത്‌ ഒരേ എണ്ണം chromsomes)


    ഇതില്‍ നിന്നു തന്നെ ബീജകോശമാജുമ്പോള്‍ വീണ്ടും ഒരു ശരീരം മുഴുവന്‍ ഉണ്ടാക്കുവാന്‍ കെല്‍പ്പുള്ളവ.

    "അനന്തമജ്ഞാതമവര്‍ണ്ണനീയം ---"

    തലയിലാണോ , ഹൃദയത്തിലാണൊ എന്നൊന്നും പറയുവാന്‍ ഞാനാളല്ലെന്നു മാത്രം എനിക്കറിയാം

    ReplyDelete
  7. പ്രകൃതിയുടെ ഗുണങ്ങളെ ‘ത്രിഗുണങ്ങൾ’ എന്നു വിളിക്കുന്നത് ജീവന്റെ സമതുലിതയെ നിലനിറുത്താൻ കഴിയുമ്പോളാണ്. അത് കഴിയാതെ വരുമ്പോൾ അവ ഗുണങ്ങളല്ല ദോഷങ്ങളാണ്. ജീവ ശരീരങ്ങളെ ഭരിക്കുന്നത് വാതവും പിത്തവും കഫവും ആയതുകൊണ്ട്, ആയുർവേദത്തിൽ അവ ഗുണത്രയം അല്ല ത്രിദോഷങ്ങളാണ്.

    ReplyDelete
  8. കഴുത്തിനു മുകളിലുള്ള തല മാറി വച്ചതാണോ കഴുത്തിനു താഴെയുള്ള ശരീരഭാഗം മാറ്റി വച്ചതാണോ? എന്ത് മാറ്റിവച്ചാലും ഞാന്‍ എന്ന ഭാവം (അഹങ്കാരം) തോന്നുമ്പോള്‍ അറിയാം അത് ആരാണെന്ന്. ഒരു എലി ബുദ്ധിക്ക് ആനയുടെ ശരീരം കൊടുത്താലും അവന് എലിയായി ചിന്തിക്കാനല്ലേ പറ്റൂ?

    കൈയും കാലും മറ്റു പല അവയവങ്ങളും ഇല്ലെങ്കിലും മറ്റൊരാളുടെ വൃക്കയും ഹൃദയവും എടുത്തു പ്രതിഷ്ടിച്ചാലും ഞാന്‍ എന്ന ബോധം ആണ് പ്രധാനം.

    എന്താണ് ആ ബോധം, ആരാണ് ഞാന്‍ എനുള്ള വിചിന്തനം അഥവാ വിചാരം നമ്മെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള അവസാന ഉത്തരത്തില്‍ എത്തിക്കും എന്ന് ശ്രീ രമണമഹര്‍ഷിയുടെ പ്രോക്തങ്ങളില്‍ കേട്ടിട്ടുണ്ട്. ഈ ഒരു ചോദ്യത്തിന് ഉത്തരം കിട്ടുമ്പോള്‍പ്പിന്നെ വേറെ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലാതാവുമത്രേ. അല്ലെങ്കില്‍ ഈ ജന്മം മുഴുവന്‍ നാം എന്തിനോ വേണ്ടി വെറുതെ പുരാണങ്ങളുടെയും ചോദ്യങ്ങളുടെയും പുറകെ നടക്കും.

    ഈയുള്ളവന്‍റെ കേട്ടറിവനുസരിച്ചു, നാം എല്ലാ പുരാതന ശാസ്ത്രങ്ങളും പഠിക്കേണ്ട ആവശ്യമില്ല. സ്വയം ചിന്തിക്കുക. സ്വയം കണ്ടെത്തുക.

    പോത്തിനെ പൂജിച്ചുപോലും ബ്രഹ്മത്തെ അറിഞ്ഞവരുണ്ട് എന്ന കഥകള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. പാണ്ഡിത്യം അല്ല ആത്മീയത എന്ന് ആയിരിക്കും അത്തരം കഥകള്‍ അര്‍ഥമാക്കുന്നത്.

    ReplyDelete
  9. പ്രിയ പാര്‍ത്ഥന്‍ ജി,

    ദോഷങ്ങള്‍ എന്നു വിളിക്കുന്നു എന്നേ ഉള്ളു - ഭൗതികമായ ശരീരത്തിനെ പറയുമ്പോള്‍.

    മാനസിക ദോഷങ്ങള്‍ എന്നാണ്‌ സത്വ രജസ്തമസുകളെ ആയുര്‍വേദം വിളിക്കുന്നത്‌

    ധാതൂനാം ദൂഷണാദ്ദോഷാഃ: എന്നു വിശകലനം.

    ഉദാഹരണത്തിന്‌ ഓക്സിജന്‍ എന്ന വാതകം ആറ്റം എനനിലയില്‍ അല്ല കാണപ്പെടുന്നത്‌ പിന്നെയോ രണ്ട്‌ ആറ്റങ്ങള്‍ കൂടിച്ചേര്‍ന്ന മോീക്യൂളുകളായാണ്‍` എന്ന്‌ ആധുനികര്‍ പറയുന്നതുപോലെ-
    ധാതുപരിണാമത്തിലുള്ള അവസ്ഥകളില്‍ കാണാം എന്നു തോന്നുന്നു. ഓജസ്‌ എന്ന ഒരു പ്രതിഭാസം പറയുന്നുണ്ട്‌. അത്‌ ഒരു തേജസ്സാണ്‌ = പുതിയതായുണ്ടാകുന്ന അവസ്ഥയില്‍ ധാതുവിനുള്ള തേജസ്‌ - എന്നു പറയുന്നത്‌

    മുകളില്‍ പറഞ്ഞ ഓക്സിജനില്‍ Nascent Oxygen ലുള്ള പ്രത്യേകത molecular Oxygen ലില്ലല്ലൊ.

    അതുപോലെ ധാതു പുതിയതാകുമ്പോള്‍ അത്‌ ഓജസും , പഴകുമ്പോള്‍ കഫവും എന്നൊരു വ്യാഖ്യാനം സാധ്യമാണ്‌

    ഇപ്പ്പ്പറഞ്ഞവ്യത്യാസം വരലായിരിക്കാം ദോഷം എന്നും ദൂഷണം എന്നും കൊണ്ട്‌ ആചാര്യന്‍ ഉദ്ദേശിച്ചത്‌ എന്നെനിക്കു തോന്നുന്നു.

    ReplyDelete
  10. "ഈയുള്ളവന്‍റെ കേട്ടറിവനുസരിച്ചു, നാം എല്ലാ പുരാതന ശാസ്ത്രങ്ങളും പഠിക്കേണ്ട ആവശ്യമില്ല. സ്വയം ചിന്തിക്കുക. സ്വയം കണ്ടെത്തുക.
    "


    ശ്രീ അപ്പറഞ്ഞതു ശരിയാണ്‌ എല്ലാം പഠിച്ച്‌ എങ്ങും എത്തുവാന്‍ സാധിക്കുകയില്ല

    അതുകൊണ്ടാണ്‍` ഉപനിഷത്തില്‍ ശിഷ്യന്‍ ഗുരുവുനോട്‌ ചോദിക്കുന്നത്‌ " അല്ലയോ ഗുരോ ഏതൊന്നിനെ അറിഞ്ഞാല്‍ എല്ലാം അറിയുമാറാകുമോ അതിനെ ഉപദേശിച്ചാലും എന്നു പറയുന്നതും" - "അതു നീ തന്നെയാണ്‌" എന്ന്‌ ഗുരു ശിഷ്യനോടു അതിനുത്തരം ഗുരു പറയുന്നതും.

    ReplyDelete