Monday, December 10, 2007

തവള പറന്നു കഴിഞ്ഞാല്‍ പറയണേ

സ്രോതസ്സിനെ കുറിച്ച്‌ എഴുതിയത്‌ എന്നിട്ടും സൂരജിന്‌ അങ്ങോട്ടു മനസ്സിലായില്ല എന്നു തോന്നുന്നു.

പ്രിയ സൂരജ്‌ we have to learn to unlearn to learn മുമ്പ്‌ മനസ്സിലാക്കിയിരിക്കുന്ന ചിലതൊക്കെ തല്‍ക്കാലത്തേക്‌ ഒന്നങ്ങു മാറ്റി വയ്ക്കുക.

സ്രോതസ്സിനെ കുറിച്ചു പറഞ്ഞതില്‍ ആ ഒഴുക്ക്‌ അണുക്കളില്‍ വച്ച്‌ അണുവായതിനെ നോക്കിയാല്‍ അതിനും, മഹത്തുക്കളില്‍ വച്ച്‌ മഹത്തായതിനെ നോക്കിയാല്‍ അതിനും എല്ലാം ഒരേ പോലെ.

അതായത്‌ ആധുനികര്‍ പറയുന്ന sub-atomic particle എടുത്തുകൊള്ളൂ- അതിനും നിമിഷം പ്രതി പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നു. അത്‌ അതിന്റെ ഒറ്റയ്ക്കുള്ള കാര്യം, അതുകൂടി ഉള്‍പ്പെട്ട അതിലും സ്വല്‍പം വലിയ ഒരു വസ്തു ആണെങ്കില്‍ അതിലെ ഘടകങ്ങളുടെ collective ആയ പരിണാമം മൂലം ആ വലിയ വസ്തുവിന്‌ അതിന്റെ പരിണാമം -- എന്നിങ്ങനെ ഏറ്റവും വലുതായ വസ്തുവിന്‌ വരെ ഇതേപോലെ അനുനിമിഷം പരിണാമം ഉണ്ടാകുന്നു .

(ഇങ്ങനെ ഒരു പരിണാമം ഇല്ലാത്ത ഒരേ ഒരു വസ്തു 'പരബ്രഹ്മം' മാത്രം എന്നു കൂടി പറയുന്നുണ്ട്‌ കേട്ടോ.)

ആഹാരരസത്തില്‍ നിന്നും ആണ്‌ രക്തം ഉണ്ടാകുന്നത്‌ എന്നു താങ്കള്‍ മുമ്പു തന്നെ ഒരു ആക്ഷേപം പോലെ ഉദ്ധരിച്ച ഭാഗം ഓര്‍ക്കുക.രക്തവും ഇതുപോലെ അനു നിമിഷം ഉണ്ടാകുകയും, നിലനില്‍ക്കുകയും, നശിക്കുകയും ചെയ്യുന്നുണ്ട്‌- അല്ലാതെ ഒരു തവണ ഉണ്ടായത്‌ അതേ പോലെ നിലനില്‍ക്കുകയല്ല.

( ഇവിടെ ഒന്നു കൂടി പറഞ്ഞു കൊള്ളട്ടെ ബ്രഹ്മാവ്‌ വിഷ്ണൂ ശിവന്‍ എന്ന ത്രിമൂര്‍ത്തി സങ്കല്‍പവും ഇതു തന്നെ ആണ്‌ വിഷ്ണു എന്ന സ്ഥിതികാരകന്‌ കൂടുതല്‍ പ്രാമുഖ്യം കൊടുക്കുവാനും കാര്‍നം ഇതു തന്നെ)

ആഹാരരസത്തില്‍നിന്നും വേണ്ട ഭാവങ്ങള്‍ എടുത്ത്‌ അതിനെ രക്തമാക്കുന്നു, നിശ്ചിതകാലാവധി കഴിഞ്ഞാല്‍ അവയെ പുറംതള്ളുന്നു. ഉദാഹരണത്തിന്‌ രക്തത്തിലെ ചുവന്ന കോശങ്ങള്‍ 120 ദിവസം ജീവിക്കും എന്നും അതിനു ശേഷം അവ നശിപ്പിക്കപ്പെടുന്നു എന്നും ആധുനിക ശാസ്ത്രം- അതിലുള്ള haem moiety വിഘടിപ്പിച്ച്‌ അതിലുള്ള ഇരുമ്പിന്റെ അംശം സൂക്ഷിച്ചു വയ്ക്കുകയും ബാക്കിയുള്ളത്‌ bilirubin ആയി മാറ്റുന്നതും എല്ലാം bio-chemistry യില്‍ വിശദമായി പഠിച്ചില്ലെ? ഞങ്ങള്‍ പഠിച്ച കാലത്ത്‌ ഇതൊക്കെ നടത്തിയിരുന്നത്‌ കരള്‍ ആയിരുന്നു. ഇവയിലെ രക്താണുക്കളെ നശിപ്പിക്കുന്നത്‌ പ്ലീഹയിലാണ്‌ എന്നാണ്‌ പഠിച്ചത്‌ എന്നാണ്‌ എന്റെ ഓര്‍മ്മ പത്തുമുപ്പതുകൊല്ലം മുമ്പു പഠിച്ചതാണേ, ഇനി വേറെ വല്ലയിടത്തും നിങ്ങള്‍ ആക്കിയോ എന്നറിയില്ല)

രക്തത്തിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഉല്‍പാദനം, നിലനില്‍പ്‌ , നാശം എന്ന ഈ മൂന്നവസ്ഥകളും ചേര്‍ന്നതാണ്‌ അതിന്റെ സ്രോതസ്സ്‌. ഇതിന്റെ മൂലം കരളും പ്ലീഹയും ആണെന്നു പറഞ്ഞത്‌ വലിയ അസംബന്ധങ്ങളൂടെ ഘോഷയാത്ര അല്ലേ.

തവള പറന്നു കഴിഞ്ഞാല്‍ പറയണേ

Saturday, December 08, 2007

അബദ്ധങ്ങളുടെ ഘോഷയാത്ര 1

ഡോ സൂരജ്‌ കുറേയേറെ ചോദ്യങ്ങള്‍ വാരിയെറിഞ്ഞു തന്നു, ഇനിയും ചോദിച്ചു കൊണ്ടിരിക്കാം എന്നൊരു സൗജന്യവും തന്നു,. സൂരജോ, അതിനു സപ്പോര്‍ട്ടായി വന്ന KPS ഓ ഒന്നും ഇതു പഠിക്കുവാനുള്ള താല്‍പര്യം കൊണ്ടല്ല ചോദിക്കുന്നത്‌ എന്നറിയം. പക്ഷെ വക്കാരി, ദേവന്‍, സഹ തുടങ്ങി സത്യാന്വേഷികളായ പലരും രംഗത്തുള്ളതിനാല്‍ അവര്‍ക്കു വേണ്ടി അല്‍പം.

സൂരജിന്റെ ചോദ്യത്തില്‍ സ്രോതസ്സ്‌ എന്ന ഒരു വാക്ക്‌ ശ്രദ്ധിച്ചു കാണുമല്ലൊ. രക്തവഹസ്രോതസ്സിന്റെ മൂലം -ഇന്നിന്നതാണെന്നു പറഞ്ഞതിന്റെ യുക്തിയോ മറ്റോ ആണ്‌ ചോദ്യം. രക്തം എന്താണെന്നോ രക്തവഹ സ്രോതസ്സ്‌ എന്താണെന്നോ, വേണ്ട സ്രോതസ്സ്‌ എന്നു പറഞ്ഞാല്‍ എന്താണെന്നോ അറിയാത്ത ഒരാളോട്‌ അതെങ്ങനെ പറഞ്ഞു മനസ്സിലാക്കും?

അദ്ദേഹം വിചാരിച്ചത്‌ സ്രോതസ്സ്‌ എന്നു പറഞ്ഞാല്‍ 'തോട്‌' പോലെ ഒഴുകുന്ന വഴി ആയിരിക്കും. ആധുനികര്‍ പറയുന്ന artery, vein തുടങ്ങിയവ. ( അങ്ങനെ വിചാരിച്ചു എങ്കില്‍ അദ്ദേഹം എന്തു കൊണ്ട്‌ അസ്ഥിവഹസ്രോതസ്സിനെ കുറിച്ചു ചോദിച്ചില്ല? എന്തേ അസ്ഥി ഒഴുകിക്കൊണ്ടിരിക്കുകയാണോ എന്ന്‌. ഇതെന്റെ സംശയമാണേ- കുറച്ചു കൂടി കേള്‍ക്കുന്നവര്‍ക്ക്‌ രോമാഞ്ചമുണ്ടാക്കാമായിരുന്നു.)

ഞാന്‍ മുമ്പ്‌ മരണശേഷം എന്ന സീരീസില്‍ എവിടെയോ ഒരിടത്ത്‌ ഒരു മാങ്ങ പഴുക്കുന്ന സന്ദര്‍ഭം വിവരിച്ചിട്ടുണ്ട്‌. അതൊരുദാഹരണമായി എടുത്താല്‍ ഏതു വസ്തുവും എല്ലായ്പ്പോഴും പരിണമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഒരു നിമിഷത്തില്‍ കാണുന്ന വസ്തുവും അടുത്ത നിമിഷത്തില്‍ തന്നെ ആവസ്തുവിന്റെ ഘടനയും തമ്മില്‍ വ്യത്യാസമുണ്ടായേ പറ്റൂ. അങ്ങനെയാണ്‌ ക്രമേണ ആ വസ്തുവിന്‌ visible ആയ വ്യത്യാസം പലനിമിഷങ്ങള്‍ കഴിയുമ്പോള്‍ ഉണ്ടാകുന്നത്‌, ആദ്യമായുണ്ടാകുന്ന ചെറിയ ചെറിയ വ്യത്യാസങ്ങള്‍ വെളിപ്പെടുന്നില്ല എന്നേ ഉള്ളൂ.

ഈ ചെറിയ ചെറിയ വ്യത്യാസങ്ങള്‍ രാസപരിണാമങ്ങളാണ്‌ എന്ന്‌ ആധുനികര്‍ പറഞ്ഞതില്‍ നിന്നും ആ രീതിയില്‍ മനസ്സിലാക്കാം. അതെന്തോ ആകട്ടെ- ആ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നത്‌ അഗ്നി അണ്‌ എന്നും അവിടെ ഞാന്‍ പറഞ്ഞിരുന്നു.
ഇതു പ്രപഞ്ചത്തിലുള്ള സകല വസ്തുക്കള്‍ക്കും ബാധകമാണ്‌. ചിലവയില്‍ വ്യത്യാസം പെട്ടെന്നുണ്ടാകുന്നു, ചിലവയില്‍ പതുക്കെ ഉണ്ടാകുന്നു എന്നു മാത്രം.
അപ്പോള്‍ ഇതിനെ വേറൊരു രീതിയില്‍ നോക്കിയാല്‍ raw material - product എന്ന ഒരു chain ആലോചിക്കുക ഓരോ നിമിഷവും ഏതു വസ്തുവും മറ്റൊന്നിന്റെ raw material ആണ്‌. അനുസ്യൂതമായ ആ ഒഴുക്കാണ്‌ സ്രോതസ്സ്‌.

ആ ഒഴുക്കിനെ ഉണ്ടാക്കുന്നത്‌ അഗ്നി (പഞ്ചഭൂതങ്ങളിലെ അഗ്നിഭൂതം) ആണ്‌; അതാണ്‌ ത്രിദോഷങ്ങളില്‍ പിത്തം എന്നു വ്യവഹരിക്കപ്പെടുന്നത്‌.അല്ലാതെ നിങ്ങള്‍ വിചാരിച്ചിരിക്കുന്നതു പോലെ കരളില്‍ നിന്നൊഴുകി വരുന്ന വെള്ളം(bile) ഒന്നും അല്ല.

ഇതിനെ തന്നെ യാണ്‌ പാകം എന്നു പറയുന്നത്‌. ഒരു വസ്തു പാകം വന്ന്‌ മറ്റൊന്നാകുന്നു
(ആംഗലേയത്തില്‍ പറയുന്ന - metabolism ഇതു തന്നെ യാണ്‌ ഒരു വസ്തു മറ്റൊന്നാകുന്നു, അതില്‍ നിന്നും വേറൊന്നുണ്ടാകുന്നു ആ ശൃംഖല)

സ്രോതോരോധമാണ്‌ സര്‍വരോഗങ്ങളുടെയും കാരണം എന്നൊരിടത്തു പറയും - അതിന്റെയും അര്‍ത്ഥം ഇപ്രകാരമാണ്‌ ഈ ഒഴുക്കിനുണ്ടാകുന്ന തടസ്സം.
ഇത്‌ ഏറ്റവും അടിസ്ഥാനം മാത്രം. ഇനി ഇത്‌ ഓരോറോ ശരീരികാവസ്ഥയിലും എങ്ങനെ ഒക്കെ ആണ്‌ എന്നത്‌ ഇവിടെ എഴുതുവാനും മാത്രം അല്ലാത്തതു കൊണ്ട്‌ തല്‍ക്കാലം ഇത്രയും

എന്തേ ശരിയല്ലേ -

അബദ്ധങ്ങളുടെ ഘോഷയാത്ര അല്ലെ

ഇത്രമാത്രമല്ല കേട്ടോ എഴുതിയാല്‍ ഒരു പുസ്തകം എഴുതാന്‍ മാത്രം ഉണ്ട്‌ സ്രോതസ്സുകളെ കുറിച്ച്‌!. പൊട്ടക്കിണറ്റിലെ തവളകളോട്‌ പറഞ്ഞിട്ടെന്തു കാര്യം

Wednesday, December 05, 2007

ആയുര്‍വേദത്തിലെ ചികില്‍സയില്‍

ആയുര്‍വേദത്തിലെ ചികില്‍സയില്‍ മരുന്നുകളുടെ ഉപയോഗം എങ്ങനെ ഒക്കെ വേണം എന്നു പറഞ്ഞിരിക്കുന്നത്‌ സ്വല്‍പം നോക്കാം.

രോഗിയെ പരിശോധിച്ചശേഷം രോഗിയുടെ അവസ്ഥയെ സാധാരണയില്‍ കൊണ്ടു വരുവാന്‍ കഴിവുള്ള ആഹാരം, ഔഷധം, വിഹാരം ഇവ മൂന്നും തീരുമാനിക്കുക. ആഹാരവും , വിഹാരവും ഉപദേശിക്കുക, ഔഷധം തയ്യാറാക്കുന്നവിധം നിര്‍ദ്ദേശിക്കുക, അഥവാ സ്വയം തയ്യാറാക്കി കൊടുക്കുക.

ഇതിനു 'ഫീസ്‌' ആയി എന്തെങ്കിലും വാങ്ങിക്കുന്നതിനെ കുറിച്ചു പറയുന്നത്‌-
'രോഗി രോഗം കൊണ്ടു തന്നെ ആതുരനാണ്‌. അവനോട്‌ പ്രതിഫലമായി എന്തെങ്കിലും വാങ്ങിക്കുന്നതിനെക്കാള്‍ മോക്ഷം ലഭിക്കുവാന്‍ നല്ലത്‌ തീയില്‍ പഴുപ്പിച്ച , ഇരിമ്പിന്റെയോ, ചെമ്പിന്റെയൊ ഉണ്ടകള്‍ വിഴുങ്ങുന്നതാണ്‌'

(തീര്‍ച്ചയായും ആധുനികര്‍ക്ക്‌ കല്ലുകടിയുണ്ടാക്കാവുന്ന പ്രസ്താവനയാണ്‌ ഇത്‌. 'അബദ്ധങ്ങളുടെ ഘോഷയാത്ര' - ഞങ്ങള്‍ കോടികള്‍ മുടക്കി പഠിച്ചിറങ്ങുന്നത്‌ മോക്ഷത്തിനാണോ? അല്ല ഒരിക്കലുമല്ല )

ഇനി വൈദ്യന്‌, രോഗിയ്ക്കു വേണ്ടി ഉണ്ടാക്കുന്ന മരുന്നിന്റെ 1/16 ഭാഗം സ്വയം എടുക്കാം. അത്‌ പിന്നീട്‌ വരുന്ന രോഗിയ്ക്കു കോടുക്കാന്‍ ഉപയോഗിക്കാം. ഈ ഒരു സ്വാതന്ത്ര്യം 'ധന്വന്തരിഭാഗം' എന്ന പേരില്‍ ഉപയോഗിക്കുന്നു.

ഇനി മരുന്നുകള്‍ എങ്ങനെ ഒക്കെ തയ്യാറാക്കുന്നു.

ഔഷധങ്ങള്‍ കഷായം, ചൂര്‍ണ്ണം, ലേഹം, ആസവം തുടങ്ങി പലതരത്തിലുണ്ട്‌. ഒരേ ചെടി തന്നെ പല രീതിയിലുപയോഗിച്ചാല്‍ പലതാണ്‌ ഫലം. അത്‌ വിശദീകരിക്കുന്നത്‌ ഈ ലേഖനത്തിനു തന്നെയല്ല ഒരു മുഴിവന്‍ പുസ്തകത്തിന്റെയും scope നപ്പുറമാണ്‌. തല്‍ക്കാലം ഇത്രയും മനസ്സിലാക്കുക ആയുര്‍വേദത്തിന്റെ സിദ്ധാന്തപ്രകാരം ഇതെല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്‌.

അതുകൊണ്ടാണ്‌ മധുരമുള്ള മുന്തിരിങ്ങ ചിലപ്പോള്‍ ചവര്‍പ്പുരസപ്രധാനമുള്ള മരുന്നാക്കി ഉപയോഗിക്കുന്നത്‌.

എന്നാല്‍ ഇന്നു കാണുന്ന ആയുര്‍വേദത്തില്‍ നടക്കുന്നതോ?

കഷായങ്ങള്‍ വീട്ടിലുണ്ടാക്കി കുടിക്കുവാന്‍ പറഞ്ഞാല്‍ ആര്‍ക്കും അതിനു സമയവും ഇല്ല സൗകര്യവുമില്ല.. അപ്പോള്‍ എന്തു ചെയ്തു- കഷായം readymade

പക്ഷെ ഉണ്ടാക്കി വച്ചിരുന്നാല്‍ കഷായം ചീത്തയായി പോകും.

(ഓരോ തരത്തിലുള്ള മരുന്നുകളും ഇത്ര ഇത്ര കാലം ഉപയോഗയോഗ്യമായിരിക്കും എന്നും ഇത്രയിത്ര കാലത്തിനു ശേഷം ഉപയോഗശൂന്യമാകുമെന്നും വിശദമാക്കിയിട്ടുണ്ട്‌.)

ഈ ഉണ്ടാക്കി വച്ചിരിക്കുന്ന കഷായം ചീത്തയാകാതിരിക്കുവാന്‍ തില്‍ benzoic acip IP പോലെ ഉള്ള preservatives ചേര്‍ക്കുന്നു. ഇതിന്റെ ഫലം , അതു ചേര്‍ക്കാത്ത കസായത്തിനു തുല്ല്യമായിരിക്കും എന്ന്‌ വിഡ്ഢികള്‍ വിശ്വസിച്ചേക്കാം , പക്ഷെ എനിക്കതിനാവില്ല- കാരണം ചവര്‍പ്പു രസപ്രധാനമായി ഉപയോഗിക്കണം എന്നു പറഞ്ഞ്‌ തയ്യാര്‍ ചെയ്ത വസ്തുവില്‍ അമ്ലം കൂട്ടി ച്ചെര്‍ത്ത്‌ അതു ചീത്തയാകില്ല എന്നു പറഞ്ഞപ്പോള്‍ തന്നെ അതു മറ്റൊരു വസ്തു ആയിക്കഴിഞ്ഞു- ആ ഔഷധം ഫലം ചെയ്യാത്തതില്‍ അത്ഭുതമൊന്നുമില്ല.

മറ്റൊരു കാര്യം ആയുര്‍വേദഗ്രന്ഥങ്ങളില്‍ പറയുന്നതില്‍ ചില മരുന്നുകളുടെ യോഗം പറഞ്ഞിട്ട്‌ അതുകൊണ്ട്‌ കഷായം ഉണ്ടാക്കി കഴിക്കുക, ചില മരുന്നുകളുടെ അളവു പറഞ്ഞിട്ട്‌ ഇത്രയിത്ര മരുന്നും ഇത്രയിത്ര മറ്റുള്ളവയും ചേര്‍ത്ത്‌ -- എന്നു പ്രത്യേകം പറയും.
ഇതിനു പറയുന്ന യുക്തിയുണ്ട്‌.

ഒരു ഗ്ലാസ്സ്‌ ചായ ഉണ്ടാക്കുവാന്‍ വേണ്ട പാലും , തെയിലയും, പഞ്ചസാരയും , വെള്ളവും എല്ലാം കൊണ്ട്‌ ഒരു ഗ്ലാസ്സ്‌ ചായ ഉണ്ടാക്കുക, അതിന്റെ തന്നെ നൂറിരട്ടി ഓരോന്നും ചേര്‍ത്ത്‌ നൂറ്‌ ഗ്ലാസ്സ്‌ ചായ വേറെയും ഉണ്ടാക്കുക. കുടിച്ചു നോക്കുമ്പോല്‍ ഒരു ഗ്ലാസായി ഉണ്ടാക്കിയതിന്‌ മറ്റതിനെക്കാള്‍ 'ചായത്വം' ഉള്ളതായി കാണാം. അതു പോലെ മരുന്നിനും ചേരുവയിലുള്ള അളവിന്‌ പ്രാധാന്യം ഉണ്ട്‌ ചിലയിടങ്ങളില്‍.

എന്നാല്‍ ഇതൊന്നും ഇന്നു നോക്കാറില്ല proportion മാത്രം.
ഇതേപോലെ മറ്റു ധാരാളം കാര്യങ്ങളും പറയുവാനുണ്ട്‌.

അടുത്തത്‌ ആഹാരം-

ഞങ്ങളുടെ അടുത്ത്‌ സാധാരണ വരാറുള്ള ഒരു condition ആണ്‌ Tonsillitis കുട്ടികള്‍ പോയി ice cream കഴിക്കും, അടുത്ത ദിവസം രാവിലെ തൊണ്ടവേദനയും പനിയുമായി ഞങ്ങളുടെ അടുത്തെത്തും -

Tonsillitis എന്തുകൊണ്ടുണ്ടാകുന്നു?
ഹെയ്‌ അത്‌ bacterial Infection ആണ്‌
അപ്പോള്‍ കുട്ടികള്‍ എന്താ ബാക്റ്റീരിയ യെ ആണോ കഴിച്ചത്‌? എന്നു ചോദിക്കരുത്‌, അഥവാ ആകെ ഇത്രയും ബാക്റ്റീരിയയേ ഉള്ളോ? അവരുടെ വീട്ടിലുള്ള ബാക്കിയുള്ളവര്‍ക്ക്‌ വരാനും മാത്രം തികയില്ലായിരുന്നൊ? അതും ചോദിക്കരുത്‌

(ഹേയ്‌ പണിക്കരേ - താന്‍ ഇങ്ങനെ ഒന്നും പറയരുത്‌, പിന്തിരിപ്പന്‍, പ്രതിലോമവാദി, അല്ലേ , ഇല്ല പറയുന്നില്ല)

അപ്പോള്‍ ആയുര്‍വേദം പറയും താന്‍ താന്‍ ചെയ്യുന്ന ആഹാരവിഹാരങ്ങള്‍ക്ക്‌ നല്ല പങ്കുണ്ട്‌ രോഗമുണ്ടാക്കുന്നതിലും, രോഗശമനത്തിലും. അതുകൊണ്ട്‌ അതിനനുസരിച്ച ജീവിതചര്യ കൂടി ശീലിച്ചാല്‍ രോഗങ്ങള്‍ വരാതിരിക്കും , വന്നവ ശമിക്കുകയും ചെയ്യും എന്ന്‌.

'സ്വസ്ഥവൃത്തം' എന്ന ഒരു പ്രത്യേക ഭാഗം തന്നെ എങ്ങനെ ആരോഗ്യവാനായി ജീവിതം നിലനിര്‍ത്താം എന്നു വിശദീകരിക്കുവാന്‍ വേണ്ടി പറയുന്നു.

സമയം കിട്ടുമ്പോള്‍ തുടരാം

ആയുര്‍വേദത്തിന്റെ ഭാഷ

പണ്ടു കാലത്ത്‌ എഴുതിസൂക്ഷിക്കുവാനുള്ള സംവിധാനം വളരെ ദുര്‍ല്ലഭവും ശ്രമകരവുമായിരുന്നു. ആയതിനാല്‍, അന്നത്തെ ആളുകള്‍ ഉപയോഗിച്ചിരുന്ന ഒരു സങ്കേതം എഴുതുന്ന രീതി പരിഷ്കരിക്കുക അതായത്‌ ഏറ്റവും ചുരുങ്ങിയ രീതിയില്‍ എഴുതുക , അതില്‍ തന്നെ വളരെ വളരെ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളിക്കുക, അതു മനഃപാഠമാക്കി വയ്ക്കുക. തിരികെ അതിന്റെ വിശദാംശങ്ങള്‍ ശിഷ്യന്മാരെ പഠിപ്പിക്കുക. ശിഷ്യന്മാരില്‍ പലരും അതിന്റെ ഓരോരോ ഭാഗങ്ങള്‍ക്കോ മുഴുവനുമോ ഭാഷ്യങ്ങള്‍ എഴുതുക, പിന്നീടു വരുന്ന പണ്ഡിതന്മാര്‍ ആ ഭാഷ്യങ്ങള്‍ പഠിച്ച്‌ അതിനെ വ്യാഖ്യാനിക്കുക എന്നിങ്ങനെ.

ആദ്യം എഴുതുന്ന വാക്യത്തിനെ 'സൂത്രം' എന്ന പേരില്‍ വ്യവഹരിക്കുന്നു.
"അല്‍പാക്ഷരമസന്ദിഗ്ദ്ധം
ബഹ്വര്‍ത്ഥം വിശ്വതോമുഖം
അസ്തോഭമനവദ്യം ച
സൂത്രം സൂത്രവിദോ വിദുഃ"

പാണിനി എഴുതിയ 8 സൂത്രങ്ങളില്‍(അഷ്ടസൂത്രി) നിന്നാണ്‌ സംസ്കൃതവ്യാകരണം ഉരുത്തിരിഞ്ഞിരിക്കുന്നത്‌. അതിന്റെ ഭാഷ്യമാണ്‌ ലഘുസിദ്ധാന്തകൗമുദി, ബൃഹല്‍സിദ്ധാന്തകൗമുദി. തുടങ്ങിയവ.

( ഇവയില്‍ ലഘുസിദ്ധാന്തകൗമുദിയുടെ എങ്കിലും ആദ്യത്തെ രണ്ടു വരികള്‍ പഠിച്ചിട്ട്‌ -അഥവാ പഠിക്കുവാന്‍ ശ്രമിച്ചിട്ട്‌ വേണം Dr.സൂരജ്‌ പറഞ്ഞതു പോലെ ചരകവും മറ്റും വിമര്‍ശിക്കുവാന്‍ തുടങ്ങുവാന്‍.)

അതവിടെ ഇരിക്കട്ടെ.
ആയുര്‍വേദഗ്രന്ഥങ്ങളിലും ഇതേ ക്രമം തന്നെ ആണ്‌ സ്വീകരിച്ചിരിക്കുന്നത്‌. എഴുതുന്ന ശ്ലോകങ്ങള്‍ ധാരാളം അര്‍ത്ഥവ്യാപ്തി ഉള്ളവയാണ്‌ അതിന്‌ ഭാഷ്യം പറയുന്നത്‌ ഗോവിന്ദന്‍ വൈദ്യനും, നാരായണന്‍ വൈദ്യനും ഒക്കെ ആകുമ്പോള്‍ വരുന്ന കുഴപ്പങ്ങള്‍ സ്വാഭാവികം.

മറ്റൊരു കാര്യം ആയുര്‍വേദത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ഭാരതീയ തത്വശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്‌. തന്മൂലം അതിന്റെ അടിത്തറ കൂടി ഇതിന്‌ അത്യന്താപേക്ഷിതമാണ്‌.

(ചരകം വിമാനസ്ഥാനം നോക്കി എന്ന്‌
ഡോ സൂരജിന്റെ വാക്കുകള്‍ കണ്ടു. അതൊന്നു പഠിക്കുവാന്‍ ശ്രമിക്കുക. നോക്കുവാന്‍ തോന്നിയതു പോലും മുജ്ജന്മസുകൃതം കൊണ്ടാണ്‌ എന്നു ഞാന്‍ പറയും.)

ശ്ലോകങ്ങളില്‍ അര്‍ത്ഥങ്ങള്‍ എങ്ങനെ ഒക്കെ ഉള്‍ക്കൊള്ളിക്കുന്നു എന്നതും അന്യോന്യബന്ധവും വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തിലെ ഒരു ശ്ലോകത്തിന്റെ ഒരു വരി ഉദാഹരണം കാണിച്ചു വെളിപ്പെടുത്തുവാന്‍ ശ്രമിക്കാം.

ഇവിടെ പറയുന്നത്‌ ഗര്‍ഭമുണ്ടാകാതിരിക്കുന്ന അവസ്ഥയെ പറ്റിയാണ്‌.

" കുജേന്ദുഹേതുപ്രതിമാസമാര്‍ത്തവം-----" എന്നു തുടങ്ങുന്ന ശ്ലോകം
ഇതിന്റെ ഒരര്‍ത്ഥം -
കുജഃ + ഇന്ദു + ഹേതു+ പ്രതിമാസം + ആര്‍ത്തവം
കുജന്‍ , ഇന്ദു ഇവ ഹേതു ആയി മാസം തോറും ആര്‍ത്തവം ഉണ്ടാകുന്നു.
ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള പ്രസ്താവനയാണിത്‌. അതായത്‌ ചൊവ്വഗ്രഹവും ചന്ദ്രനും ആര്‍ത്തവത്തിന്റെ ഉല്‍പാദനത്തെ സ്വാധീനിക്കുന്നു എന്ന്‌ ജ്യോതിശ്ശാസ്ത്രം.

എന്നാല്‍ ഗ്രഹങ്ങള്‍ അനുകൂലമായതു കൊണ്ടു മാത്രം എല്ലാവര്‍ക്കും എപ്പോഴും ആര്‍ത്തവം ശരിയായി കാണുന്നില്ല - കാരണം ഓരോരുത്തരുടേയും ശാരീരിക അവസ്ഥകള്‍ക്കും അതില്‍ പ്രാധാന്യമുണ്ട്‌.

അല്ലെങ്കില്‍ യാതൊരുവര്‍ക്കും ആര്‍ത്തവതിന്‌ ക്രമക്കേടുകളുണ്ടാകുവാന്‍ പാടില്ല എന്നു വരും. അപ്പോള്‍ ഇതു തെറ്റാവില്ലേ?

അങ്ങനെ ശരീരികപ്രശ്നങ്ങള്‍ കൊണ്ട്‌ ഉണ്ടാകുന്ന ആര്‍ത്തവക്രമക്കേടുകളാണെങ്കില്‍ അതിന്‌ ചികില്‍സ വേണം - അതിന്‌ മരുന്നു കൊടുക്കണം. മരുന്നുകള്‍ കൊണ്ട്‌ ചികില്‍സിച്ചാല്‍ അപ്പോള്‍ ശരിയാകും. എന്തു മരുന്നാണ്‌?

കുജഃ എന്ന പദത്തിന്‌ അമരകോശം പറയുന്നത്‌
"അംഗാരകഃ കുജോ ഭൗമഃ" - അംഗാരകഃ, കുജഃ, ഭൗമഃ ഈ ശബ്ദങ്ങള്‍ തുല്ല്യാര്‍ത്ഥങ്ങളാണ്‌. ഇതിലേ
അംഗാരകഃ എന്ന ശബ്ദം അംഗാരവല്ലി എന്ന ഔഷധത്തിന്റെയും പേരണ്‌.

ചന്ദ്രന്റെ എല്ലാ പേരുകളും കര്‍പ്പൂരത്തിന്റെ പര്യായങ്ങളാണ്‌-
"ഘനസാരശ്ചന്ദ്രസംജ്ഞഃ" ഘനസാരം (കര്‍പൂരം) ചന്ദ്രന്റെ പേരുള്ളതാണ്‌.

ആയുര്‍വേദത്തില്‍
"അംഗാരവല്ലരീമൂലവല്‍ക്കലേന ശൃതം ജലം
ഈഷല്‍കര്‍പൂരസംയുകതം രജഃസാമ്യകരം പരം"

എന്നൊരു യോഗമുണ്ട്‌

അതായത്‌ അംഗാരവല്ലിയുടെ വേരിന്മേല്‍ തൊലി കഷായം വച്ച്‌ കര്‍പൂരം മേമ്പൊടിയാക്കി കൊടുക്കുന്നത്‌ രജോദോഷത്തില്‍ നല്ലതാണ്‌ അത്രെ.

ഇപ്പോള്‍ ചോദിക്കാം അങ്ങനെ ആണെങ്കില്‍ ആകെ ഈ ഒരു മരുന്നു മാത്രം മതിയല്ലൊ, ലോകത്തെല്ലാവര്‍ക്കും.

മതിയോ ? പോരാ. ഓരോ രോഗിക്കും ഓരോ അവസ്ഥയാകാം. ഒരാള്‍ക്കു കൊടുക്കുന്ന മരുന്ന്‌ മറ്റുള്ളവര്‍ക്ക്‌ ഫലിച്ചു എന്നു വരില്ല അവരില്‍ കാരണം വേറേ ആകാം അപ്പോഴെന്തു ചെയ്യും ഇതു തെറ്റല്ലേ?

അല്ല.

ഈ ശ്ലോകത്തിലെ പദങ്ങളെ പിരിച്ച രീതി ഒന്നു വ്യത്യാസപ്പെടുത്തുക-
ആദ്യം പിരിച്ചത്‌
കുജഃ + ഇന്ദു + ഹേതു + പ്രതിമാസം + ആര്‍ത്തവം എന്നായിരുന്നു

ഇപ്പോള്‍
കുജാ + ഇന്ദു + ഹേതു എന്നാക്കുന്നു. 'കുജാ' എന്നത്‌ സ്ത്രീലിംഗശബ്ദം - സീതാ എന്നര്‍ത്ഥം.

സീതയുടെ പേരുകളൊക്കെ തിപ്പലി എന്ന മരുന്നിന്റെ പേരാണ്‌

ആയുര്‍വേദത്തിലെ മറ്റൊരുയോഗമാണ്‌-

"ഉപകുല്ല്യാ രജഃ സിദ്ധം
ശീതം വാ ഫാണ്ടമേവ വാ
സകര്‍പൂരം പിബേദംബു
രജസ്സാമ്യായ മാത്രയാ"

തിപ്പലിപ്പൊടി കൊണ്ട്‌ ശീതകഷായമോ , ഫാണ്ടകഷായമോ ഉണ്ടാക്കി കര്‍പൂരം ചേര്‍ത്തു കുടിക്കുന്നതും രജോദോഷത്തിനു നല്ലതാണ്‌.
ഒന്നില്‍ കൂടുതല്‍ ഉദാഹരണം കാണിച്ചതു കൊണ്ട്‌- അവസ്ഥാനുസരണം രോഗീപരീക്ഷചെയ്ത്‌ അനുസൃതമായ യോഗം വേണം ഉപയോഗിക്കുവാന്‍ എന്ന്‌ വിധി.
അപ്രകാരം ഗ്രഹങ്ങളുടെ ആനുകൂല്യത്താലോ, മരുന്നു സേവയാലോ എങ്ങനെ ആയാലും രജസ്സു ശുദ്ധമായി എന്ന്‌ അറിയുവാന്‍ രജസ്സിന്റെ ലക്ഷണം-
രജസ്സില്‍ സ്രവിക്കുന്ന രക്തത്തിന്റെ വര്‍ണ്ണം അരുണവര്‍ണ്ണമാണെന്നു പറയുന്നു-

പദങ്ങളെ ഇനിയും വേറൊരു തരത്തി പിരിക്കുക-
കുജഃ+ ഇന്ദുഹേതു+ പ്രതിമാ + സമാ + ആര്‍ത്തവം
എന്ന്‌
അതായത്‌ ഉദിച്ചുയരുന്ന ഇന്ദുഹേതു(സൂര്യന്‍) വിന്റെ പോലെ യുള്ളതായിരിക്കും സമയായ- തകരാറിലാത്ത ആര്‍ത്തവം

ഇതേപോലെ വിശദമായ അര്‍ത്ഥങ്ങള്‍ ഉള്‍കൊള്ളിച്ചവയാണ്‌ ആയുര്‍വേദത്തിലേ ശ്ലോകങ്ങള്‍. അവയെ മനസ്സിലാക്കുവാന്‍ പഠിക്കുന്നത്‌ ഗുരുകുലസമ്പ്രദായത്തില്‍ ഒക്കെയായിരിക്കും സാധിക്കുക.

എനിക്ക്‌ ഈ തരത്തിലുള്ള അല്‍പം അറിവു കിട്ടിയത്‌ ഞങ്ങള്‍ പഠിച്ച കാലത്ത്‌ സംസ്കൃത പണ്ഡിതന്മാര്‍ ഞങ്ങള്‍ക്ക്‌ അദ്ധ്യാപകരായുണ്ടായിരുന്നതുകൊണ്ടാണ്‌. ആ സാധ്യത മനസ്സിലാക്കി അത്ഭുതപെട്ടിരിക്കുന്നവരാണ്‌ ഞങ്ങള്‍.

ഇപ്പോള്‍ എല്ലാം ഡിഗ്രിക്കാരല്ലേ പഠിപ്പിക്കുന്നത്‌

ആയുര്‍വേദം പഠിക്കാത്ത ആളുകള്‍ അതിനെ വിമര്‍ശിക്കുന്നതിനെകുറിച്ച്‌ ഇനി കൂടുതല്‍ എഴുതുന്നില്ല. കാരണം എത്ര എഴുതിയാലും, അവരുടെ ഉദ്ദേശം അറിയുക എന്നുള്ളതല്ലല്ലൊ.

അവനവന്‌ വിവരമില്ലാത്ത വിഷയത്തെ പഠിക്കുവാന്‍ ശ്രമിക്കുന്നത്‌ നല്ലത്‌ , പക്ഷെ വിമര്‍ശനം മാത്രം നടത്തുന്നത്‌ -- ബാക്കി ഞാന്‍ പറയുന്നില്ല

Thursday, November 29, 2007

ആയുര്‍വേദത്തിനെ കുറിച്ച്‌

ആയുര്‍വേദശാസ്ത്രത്തെ ഇകഴ്തിപറയുന്നത്‌ ഒരു ഫാഷന്‍ ആണെന്നു ധരിച്ചിട്ടോ എന്തോ ഇപ്പോള്‍ പലപോസ്റ്റുകളായി അങ്ങനെ കാണുന്നു.

ഒരു വശം മാത്രം കേട്ടുകൊണ്ടിരുന്നാല്‍ സാമാന്യജനങ്ങള്‍ വിഭ്രമത്തിലാകും എന്നതു കൊണ്ട്‌ ആയുര്‍വേദത്തിനെ കുറിച്ച്‌ അല്‍പം പറയാം.

അതിനു മുമ്പ്‌ ഒരു ഡിസ്ക്ലൈമര്‍ ഇടുന്നു- ഇതു കൊണ്ട്‌ ഞാന്‍ പറയുവാന്‍ ഉദ്ദേശിക്കുന്നത്‌ ഇന്നു ലോകത്തുള്ള അസുഖങ്ങളെല്ലാം ആയുര്‍വേദം ഉപയോഗിച്ച്‌ ചികില്‍സിച്ചു ഭേദപ്പെടുത്താം എന്നല്ല.

പിന്നെയോ ആയുര്‍വേദം എന്നത്‌ ഒരു ശാസ്ത്രം,ആണ്‌, ജനങ്ങള്‍ക്കുപകാരപ്രദമായ പല വിജ്ഞാനങ്ങളും അതിലുണ്ട്‌ . വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ എന്നു മാത്രം.

മറ്റൊന്ന്‌ ഇന്നു കാണുന്ന എല്ലാ ആയുര്‍വേദ ബിരുദധാരികളോ അല്ലാത്തവരോ ചെയ്യുന്നതും പറയുന്നതും എല്ലാം ശുദ്ധ ആയുര്‍വേദം ആണെന്നും ഞാന്‍ പറയുന്നില്ല.

ഇനി ഒന്ന്‌ എനിക്കു സാമ്പത്തികനേട്ടമുണ്ടാക്കുന്ന ഒരു വൈദ്യശാലയോ , തിരുമ്മല്‍ കേന്ദ്രമോ അങ്ങനെ യാതൊന്നും നിലവിലില്ല. ആരുടെയും പരസ്യത്തിനു വേണിയും അല്ല.

ഇപ്പറയുന്നത്‌ എനിക്കു മനസ്സിലായ ആയുര്‍വേദത്തില്‍ ജനോപകാരപ്രദമായ അനേകം കാര്യങ്ങള്‍ ഉണ്ട്‌ എന്നു വെളിപ്പെടുത്തുവാന്‍ മാത്രം

ഇത്‌ ആധുനിക ശാസ്ത്രത്തിന്റെ കഴിവുകള്‍ക്കെതിരായ ഒരു പോസ്റ്റും അല്ല - ഞാന്‍ മുമ്പ്‌ അശോക്‌ കര്‍ത്തായുടെ പോസ്റ്റില്‍ ഇട്ടിരുന്നകമന്റുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും- അത്യാഹിതസന്ദര്‍ഭങ്ങളില്‍ ആധുനികവൈദ്യമല്ലാതെ മറ്റ്‌ യാതൊരു സമ്പ്രദായങ്ങളും ജീവന്‍ രക്ഷിക്കുവാന്‍ പര്യാപ്തമാക്കുകയില്ല.

ആദ്യമായി ഒന്നു പറയട്ടെ. ആയുര്‍വേദത്തിനെ കുറിച്ചു പഠിക്കണം എങ്കില്‍ അതിന്റെ അടിസ്ഥാനം ആദ്യം മനസ്സിലാക്കണം. നാം ഇന്നു സ്കൂളില്‍ പഠിക്കുന വിഷയങ്ങള്‍ മനസ്സിലായാല്‍ പിന്നീടുള്ള ശാസ്ത്രപഠനം എളുപമാകും - കാരണം അതിന്റെ അടിസ്ഥാനമാണ്‌ നാം സ്കൂളുകളില്‍ പഠിക്കുന്നത്‌. കാര്‍ബണ്‍ എന്താണെന്നു കേട്ടിട്ടില്ലാത്ത ഒരാളിനോട്‌ കാര്‍ബണ്‍ എന്നു പറഞ്ഞാല്‍ അയാള്‍ക്ക്‌ ഒന്നും പ്രത്യേകിച്ചു മനസ്സിലാകുകയില്ല.

അതു പോലെ ത്രിദോഷം എന്നു കേട്ടിട്ടില്ലാത്ത ഒരാളോട്‌ ആ വാക്ക്‌ പറഞ്ഞാല്‍ അയാള്‍ക്ക്‌ പ്രത്യേകിച്ച്‌ ഒന്നും മനസ്സിലാകുകയില്ല - ചിലപ്പോള്‍ അത്‌ എന്തോ വലിയ ഒരു വിഡ്ഢിത്തം ആണെന്നും തോന്നിയേക്കാം. മലയാളം പഠിക്കാത്ത ഒരാള്‍ , ആംഗലേയ അക്ഷരം മാത്രം പഠിച്ച ശേഷം മലയാളത്തെ വിമര്‍ശിക്കുകയും മലയാളത്തിലെ അക്ഷരങ്ങളേയും വാക്കുകളേയും വിഡ്ഢിത്തമാണെന്നു പറയുകയും ചെയ്താല്‍ എങ്ങനെ ഉണ്ടാകും? അത്‌ അയാളുടെ തെറ്റല്ല -

ആയുര്‍വേദശാസ്ത്രം സംസ്കൃതഭാഷയിലാണ്‌ എഴുതിയത്‌ . സംസ്കൃതഭാഷയ്ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. അതിലേ ഓരോ വാക്കും ഓരോ ധാതുവില്‍ നിന്നും ഉണ്ടാക്കുന്നതാണ്‌. അതേ പോലെ ഓരോ വസ്തുവിനും പര്യായപദങ്ങള്‍ എന്ന പേരില്‍ പല പേര്‍കളുണ്ടാകും. ഇവയൊക്കെ ശ്ലോകം ചമയ്ക്കുമ്പോള്‍ പാദപൂരണത്തിന്‌ ചേരുന്ന വാക്കുപയോഗിക്കാനാണ്‌ എന്നാണ്‌ നമ്മുടെ ധാരണ .

എന്നാല്‍ അങ്ങനെ അല്ല
പിന്നെയോ ആ വസ്തുവിന്റെ properties വിശദീകരിക്കുന്നവയായിരിക്കും അതിന്റെ പര്യായ പദങ്ങള്‍. ഒരു ഉദാഹരണം പറയാം രക്തത്തിന്‌ പല പര്യായപദങ്ങള്‍ ഉണ്ട്‌.

1. "രച്‌ ചംക്രമണേ" ചംക്രമണസ്വഭാവം ഉള്ള വസ്തുവിനെ കുറിക്കുമ്പോള്‍ രച്‌ ധാതുവില്‍ നിന്നുല്‍പന്നമായ വാക്ക്‌ അത്‌ 'രക്തം' എന്ന പദം. അതായത്‌ രക്തം എന്ന പേര്‌ കേള്‍ക്കുമ്പോള്‍ അത്‌ ചംക്രമണസ്വഭാവമുള്ള ഒന്നാണ്‌ എന്നു അര്‍ത്ഥം ലഭിക്കുന്നു.

2. "അസു ക്ഷേപണേ" ക്ഷേപണസ്വഭാവം - അതായത്‌ ഒരു വസ്തുവിനെ മറ്റൊരിടത്ത്‌ എത്തിക്കുന്ന സ്വഭാവം ഉള്ള വസ്തുവിന്‌ "അസ്‌ " ധാതുവില്‍ നിന്നും നിഷ്പന്നമായ പദം അത്‌ "അസൃക്‌" . രക്തത്തിന്റെ ഒരു പര്യായപദമാണ്‌ അസൃക്‌. ആ പദം കേള്‍ക്കുമ്പോള്‍ അതിന്‌ ക്ഷേപണസ്വഭാവം ഉണ്ട്‌ എന്നു മനസ്സിലാക്കുന്നു.

3. "രുധിര്‌ ആവരണേ" ആവരണം ചെയ്യപ്പെട്ടിരികുന്ന വസ്തുവില്‍ രുധിര്‌ ധാതുവില്‍ നിന്നുല്‍പന്നമായ "രുധിരം" എന്ന പേര്‌.

ഇങ്ങനെ ഓരോരോ പേരുകളിലായി
ആവരണം ചെയ്യപ്പെട്ടിരിക്കുന്നതും , ചംക്രമണസ്വഭാവമുള്ളതും , വസ്തുക്കളെ ഒരിടത്തുനിന്ന്‌ മറ്റൊരിടത്ത്‌ എത്തിക്കുന്ന സ്വഭാവവും ഉള്ള വസ്തുവാണ്‌ പ്രകരണത്തിലൂള്ളത്‌ എന്ന്‌ ആ വസ്തുവിനെ വിശദീകരിക്കുകയാണ്‌. ആ വിശദീകരണം സംസ്കൃതം പഠിച്ചവര്‍ക്കോ, അഥവാ ശാസ്ത്രീയമായി ആയുര്‍വേദം പഠിച്ചവര്‍ക്കൊ മാത്രമേ മനസ്സിലാകുന്നുള്ളു എന്നു മാത്രം . അതുകൊണ്ട്‌ വെറുതേ പുസ്തകം വായിച്ചിട്ട്‌ അതിനെ പറ്റി അഭിപ്രായം പറഞ്ഞാല്‍ അതിലുള്ള അര്‍ത്ഥശൂന്യത മനസ്സിലായികാണുമല്ലൊ.

ആയുര്‍വേദത്തിന്റെ text books അഗ്നിവേശന്‍ എന്ന ആചാര്യന്‍ എഴിതിയതും പിന്നീട്‌ ചരകന്‍ എന്ന ആചാര്യന്‍ പുനഃസംസ്കരിച്ചതും , ദൃഢബലന്‍ എന്ന ആചാര്യന്‍ മുഴുമിപ്പിച്ചതും ആയ ചരകസംഹിത, സുശ്രുതാചാര്യന്റെ സുശ്രുതസംഹിത, വാഗ്ഭടന്റെ അഷ്ടാംഗസംഗ്രഹം, ഭാവമിശ്രന്റെ ഭാവപ്രകാശം, മറ്റൊരു വാഗ്ഭടന്റെ രസരത്നസമുച്ചയം, ശാര്‍ങ്ങധരാചാര്യന്റെ ശാര്‍ങ്ങധരസംഹിത, ഭൈഷജ്യരത്നാവലി, മാധവനിദാനം, യോഗരത്നാകരം തുടങ്ങിയവയാണ്‌. അഷ്ടാംഗഹൃദയം, എന്നത്‌ ഒരു handbook പോലെ ഉപയോഗിക്കുന്ന ചെറിയ പുസ്തകമാണ്‌.

സഹസ്രയോഗം എന്നത്‌ കുറെ മരുന്നുകളുടെ യോഗങ്ങള്‍ മാത്രം കുറിച്ചതും , കേരളത്തില്‍ പ്രസിദ്ധമായ ധാര കിഴി തുടങ്ങിയവ വിശദീകരിക്കുന്നതും ആയ ഒരു ഗ്രന്ഥമാണ്‌.

ഗര്‍ഭോപനിഷത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ എവിടെയോ വായിച്ചിട്ടുണ്ട്‌ എന്നല്ലാതെ ഞാന്‍ ആ പുസ്തകം കണ്ടിട്ടുകൂടിയില്ല, ആ പുസ്തകം ആയുര്‍വേദ കോളേജുകളില്‍ പഠിപ്പിക്കുന്ന ഒന്നല്ല.

ആയുര്‍വേദം ശരീരത്തെ മനസിലാക്കുന്നത്‌ എങ്ങനെ ആണ്‌ എന്നറിയണം എങ്കില്‍ മേല്‍പറഞ്ഞ ഗ്രന്ഥങ്ങള്‍ പഠിക്കുകയും അതിനനുസരിച്ച്‌ ചിന്തിക്കുകയും വേണം.

അല്ലെകില്‍ അമേരിക്കയില്‍ ചെന്ന പോപ്‌ ചോദിച്ച ചോദ്യം പത്രക്കാരുണ്ടാക്കിയതു പോലെ ആര്‍ക്കും എന്തും എഴുതാം ബ്ലോഗല്ലേ ആരു ചോദിക്കാന്‍
Read More


Please read this link also
where the explanations for various stupid allegations by Dr Suraj is provided.

Wednesday, November 28, 2007

അഞ്ചരക്കണ്ടിസുകുമാരന്റെ ജല്‍പനങ്ങള്

അഞ്ചരക്കണ്ടിസുകുമാരന്റെ ജല്‍പനങ്ങള്

"അണ്ട കാണാത്തവന്‍ കുണ്ട കണ്ടാല്‍ അണ്ട കുണ്ട ദേവലോകം" എന്നൊരു പഴഞ്ചൊല്ലു കേട്ടിട്ടുണ്ട്‌.
ഭാരതത്തിന്റെ മഹത്തായ ഒരു പാരമ്പര്യത്തെ "ആഭാസം " എന്നു വിളിച്ച്‌ അധിക്ഷേപിച്ചതിനുള്ള മറൂപടി അല്‍പം പരുഷമായി തോന്നുന്നു എങ്കില്‍ ബാക്കിയുള്ളവര്‍ ക്ഷമിക്കുക.

അങ്ങേര്‍ക്കുള്ള ശരിയായ ഒരു മറുപടി Ziya യുടെ (മറുമൊഴിയിലെ) 49610 നമ്പര്‍ കമന്റായി വന്നിരുന്നു - അത്‌ പക്ഷെ ഉടന്‍ തന്നെ delete ആയിപോയി - മറുമൊഴിയില്‍ നിന്നു പോലും!!-

അഞ്ചരക്കണ്ടിസുകുമാരന്റെ ജല്‍പനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മവന്നതാണ്‌. വിവരക്കേട്‌ എഴുതിയത്‌ വായിച്ചിട്ടും മിണ്ടാതിരുന്നത്‌ അങ്ങേരുടെ നിലവാരം നേരത്തെ മനസ്സിലായതു കൊണ്ടായിരുന്നു.

എന്നാല്‍ ജോജുവിനോട്‌ എന്റെ അഭിപ്രായംകൂടി ചോദിച്ചോളാന്‍ ഉദാരമായ ഒരു ഉപദേശവും

ജോജു , രോഗലക്ഷണങ്ങളല്ലെയുള്ളൂ . പിന്നെങ്ങിനെ ഇത് പരസ്പര വിരുദ്ധമല്ലാതാവും ? ചിന്തിക്കൂ ജോജൂ , ഇന്‍ഡ്യാ ഹെറിറ്റേജിനോടും അഭിപ്രായം ആരായാവുന്നതാണ്

കൂടി കണ്ടപ്പോള്‍, ഒരു വാക്ക്‌ പറഞ്ഞേക്കാം എന്നു വച്ചു.


എടോ സുകുമാരാ ഈ "5000 കൊല്ലം മുമ്പ്‌ എഴുതിയ അഷ്ടാംഗഹൃദയം" എന്ന വിവരം തനിക്ക്‌ എവിടെ നിന്നു കിട്ടിയതാണ്‌? വിവരമില്ലെങ്കില്‍ അതിനെ കുറിച്ച്‌ മിണ്ടാതിരിക്കുക(-, എങ്കില്‍ ബാക്കിയുള്ളവരെങ്കിലും താന്‍ വലിയ ബുദ്ധിമാനാണെന്നു വിചാരിച്ചുകൊള്ളും). തന്നെ പഠിപ്പിക്കേണ്ട ആവശ്യം എനിക്കില്ലാത്തതു കൊണ്ട്‌- (താന്‍ സര്‍വജ്ഞനാണല്ലൊ) അതിന്റെ ചരിത്രമൊന്നും കുറിക്കുന്നില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍- തന്റെ ആരാധനാപാത്രമായ ആധുനിക വൈദ്യശാസ്ത്ര മെഡിക്കല്‍ കോളേജ്‌ തന്നെ- പോയി നോക്കുക - അവിടെ ശസ്ത്രക്രിയയുടെ പിതാവ്‌ ആരാണ്‌ എന്ന്‌ എഴുതിവച്ചിട്ടുണ്ട്‌- സുശ്രുതന്‍ എന്ന ആയുര്‍വേദാചാര്യനാണ്‌ ലോകം അംഗീകരിക്കുന്ന ആ മഹാന്‍.

ഇന്നു ലോകത്തിലുള്ള സസ്യങ്ങളും ലോഹങ്ങളും എന്നു തുടങ്ങി നമുക്കു ചുറ്റും കാണുന്ന ഓരൊ വസ്തുവിനെ കുറിച്ചും എത്ര വിശദമായി അവര്‍ പഠിച്ചിരുന്നു എന്ന്‌ അറിയണം എങ്കില്‍ ഭാവപ്രകാശം, രസതരംഗിണി, രസരത്നസമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പഠിക്കുക. അതെങ്ങനാ എവിടെ നിന്നോ അഷ്ഠാംഗഹൃദയം എന്നൊരു വാക്കു മാത്രം കേട്ടിട്ടല്ലേ കിടന്നു കുരയ്ക്കുന്നത്‌.

ചുമയ്ക്കുള്ള ആദ്യത്തെ alkaloid ആടലോടകത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതിന്‌ യുഗങ്ങള്‍ക്കു മുമ്പു തന്നെ വാശാരിഷ്ടം വൈദ്യന്മാരും, ആടലോടകത്തില വാട്ടിപ്പിഴിഞ്ഞെടുത്ത നീര്‌ തേനും ചേര്‍ത്ത്‌ വീട്ടമ്മമാരും ഉപയോഗിച്ചിരുന്നു.

Digoxin അറിയപ്പെടുന്നതിനും യുഗങ്ങള്‍ക്കു മുമ്പു തന്നെ അതേ properties ഉള്ള പാര്‍ത്ഥാരിഷ്ടം വൈദ്യന്മാരും, നീര്‍മരുതിന്‍ തൊലി വീട്ടമ്മമാരും ഉപയോഗിച്ചിരുന്നു.

Reserpine എന്താണെന്നു ലോകം അറിയുന്നതിനു യുഗങ്ങള്‍ക്കു മുമ്പു തന്നെ സര്‍പ്പഗന്ധാദി ഗുളിക വൈദ്യന്മാര്‍ ഉപയോഗിച്ചിരുന്നു.

ഇങ്ങനെ എഴുതി പോയാല്‍ ഇന്നോ നാളെയോ ഒന്നും ഇതെഴുതി തീരുകയില്ല.

പിന്നെ - പറയുമ്പോള്‍ ഉടനേ ഒരു വാദം വരും ഇപ്പോള്‍ നടക്കുന്ന ആയുര്‍വേദ കച്ചവടം എത്ര മോശമാണ്‌ അതിനെതിരെ പ്രതികരിക്കുന്നു എന്ന്‌- എങ്കില്‍ ഇപ്പോള്‍ നടകുന്ന ആധുനിക വൈദ്യത്തിന്റെ ദുരുപയോഗത്തിനെ കുറിച്ച്‌ തനിക്കു വല്ലതും അറിയുമോ?

Ciba - Geigy കമ്പനിയുടെ ഒരു മരുന്നുപയോഗിച്ച്‌ 10000 പേരുടെ കണ്ണു പോയത്‌ താന്‍ കേട്ടിട്ടുണ്ടോ?
എന്തിന്‌ തിരുവനന്തപുരം RCC യിലെ സംഭവം തനിക്കറിയുമോ?

ജോജുവിനോട്‌ ചെറുപ്പത്തില്‍ സ്കൂളില്‍ പഠിച്ച ഒരു വരി -
"He that knows not, and knows not that he knows not is a fool, avoid him" സ്വയം വിവരമില്ല എന്നുള്ള വിവരം പോലും സ്വയം അറിയാത്തവന്‍ വിഡ്ഢിയാണ്‌ അവനെ ഒഴിവാക്കുക" അതായിരിക്കും ബുദ്ധി.
എന്റെ അഭിപ്രായം ഞാന്‍ നേരത്തെ ജോജുവിനുള്ള കമന്റില്‍ പറഞ്ഞതു തന്നെ ഇപ്പോഴും- ഓരോ ശാസ്ത്രത്തിനും അതിന്റേതായ മെച്ചങ്ങളും കോട്ടങ്ങളും ഉണ്ട്‌ അതാത്‌ ഉപകാരപ്പെടുന്ന അവസരത്തില്‍ അതാത്‌ ഉപയോഗിക്കുന്നതായിരിക്കും നല്ലത്‌