പ്രസ്ഥാനത്രയം എന്നറിയപ്പെടുന്ന വേദം, ബ്രഹ്മസൂത്രം, ഭഗവദ് ഗീത ഇവയില്‍ ബ്രഹ്മവിജ്ഞാനം ഉപദേശിച്ചിരിക്കുന്നു. ഇത് ശരിയായി ധരിക്കാനുള്ള ധീ, മേധാ എന്നിവയുള്ളവര്‍ക്കേ ഉപദേശിക്കാന്‍ പാടുള്ളു- അല്ലാത്ത പക്ഷം മിഥ്യാജ്ഞാനം ഉണ്ടാകുകയും വിപരീതഫലം ലഭിക്കുകയും ചെയ്യും.
ബ്രഹ്മസൂത്രം തുടങ്ങുന്നതു തന്നെ "അഥാതോ ബ്രഹ്മജിജ്ഞാസാ" എന്ന സൂത്രത്തോടു കൂടി ആണ്.
"അഥ" എന്നതിന് അനന്തരം എന്നര്‍ത്ഥം. "അതഃ" എന്നതിന് അതു കാരണം എന്നര്‍ത്ഥം.
ഈ രണ്ടു വാക്കുകള്‍ സംസ്കൃത ശാസ്ത്രഗ്രന്ഥങ്ങളില്‍ എല്ലാ അധ്യായങ്ങളുടേയും തുടക്കത്തില്‍ കാണാം. അതിനൊരു പ്രത്യേകകാരണം ഉണ്ട്.
"അനന്തരം" എന്ന വാക്കു കൊണ്ട് ആ അദ്ധ്യായത്തില്‍ പറയുവാന്‍ പോകുന്ന വിഷയം ഗ്രഹിക്കുവാനുള്ള സാമര്‍ഥ്യം ശിഷ്യനുണ്ടായി കഴിഞ്ഞിട്ട് എന്ന അര്‍ത്ഥത്തെ ആണ് സൂചിപ്പിക്കുന്നത്.
അതായത് ക്രമമായുള്ള വിദ്യാഭ്യാസത്തില്‍ ഓരോരോ പടിയായി മാത്രം മുന്‍പോട്ടു പോകുക എന്നര്‍ത്ഥം. അതിന് ശിഷ്യനെ പരീക്ഷിച്ചതിനു ശേഷം മാത്രമെ ഉപദേശം കൊടുക്കാവൂ എന്നു സൂചിപ്പിക്കുന്നതാണ് അഥ എന്ന ശബ്ദം.
അതഃ എന്നത്, അതു കൊണ്ട് എന്നര്‍ഥമാക്കുന്നു എന്നു പറഞ്ഞു- അതായത് ശിഷ്യന്‍ ചോദിച്ചതു കൊണ്ട് എന്നര്‍ഥം. ആ അദ്ധ്യായത്തില്‍ പറയുവാന്‍ പോകുന്ന വിഷയം ഏതു ചോദ്യത്തിനുത്തരമാണോ, ആ ചോദ്യം ശിഷ്യന്‍ ചോദിച്ചു - അതിനര്‍ത്ഥം ആ ശിഷ്യന്‍ അതു ഗ്രഹിക്കുവാനുള്ള തയ്യാറിലായി എന്നു വരുന്‍നു.
ശിഷ്യന്റെ ചോദ്യത്തിനു ശേഷം പോലും അതു ഒന്നു കൂടി ഉറപ്പാകിയിട്ടേ ഗുരു ഉപദേശിക്കുകയുള്ളു.
ഇവിടെ യമരാജന്‍ പറയുന്നതു നോക്കാം- അയ്യയ്യോ ഈ വിഷയം എനിക്കറിയില്ല തന്നെയുമല്ല ദേവന്മാര്‍ പോലും ഇതെന്താണെന്നറിയാതെ ഉഴലുകയാണ്. അതു കൊണ്ട് ഈ ചോദ്യം മാറ്റി വേറേ എന്തെങ്കിലും ചോദിക്കൂ എന്ന്- കേള്‍ക്കണ്ടേ?
ദേവൈരത്രാപി വിചികിത്സിതം പുരാ
നഹി സുവിജ്ഞേയമണുരേഷ ധര്‍മ്മഃ
അന്യം വരം നചികേതോ വൃണീഷ്വ
മാമോപരോത്സീരതി മാസൃജൈനം
അത്ര = ഈ വിഷയത്തില്‍ - ആത്മാവിന്റെ വിഷയത്തില്‍
ദേവൈഃ അപി= ദേവന്മാരാല്‍ പോലും
പുരാ = പണ്ട്
വിചികിത്സിതം=സംശയം പ്രകടിപ്പിക്കപെട്ടിട്ടുണ്ട്.
ഹി ന സുവിജ്ഞേയം - എന്തുകൊണ്ടെന്നാല്‍ ഇതു അത്ര എളുപ്പം അറിയപ്പെടാവുന്നതല്ല.
ഏഷ ധര്‍മ്മഃ അണു: = ഈ വസ്തുത അത്യധികം സൂക്ഷ്മമാണ്
നചികേതഃ= അല്ലയോ നചികേതസ്സെ
അന്യം വരം വൃണീഷ്വ = നീ മറ്റൊരു വരം വരിച്ക്‌ഹാലും
മാമാ ഉപരോത്സീ = എന്നെ ഇങ്ങനെ നിര്‍ബന്ധിക്കരുതേ
മാ ഏനം അതിസൃജ= എന്നോട് ഇതു ചോദിക്കാതിരിക്കൂ, ഇതിനെ ഉപേക്ഷിക്കൂ
ഈ വിഷയത്തില്‍ - ആത്മാവിന്റെ വിഷയത്തില്‍
ദേവന്മാരാല്‍ പോലും പണ്ട് സംശയം പ്രകടിപ്പിക്കപെട്ടിട്ടുണ്ട്.
എന്തുകൊണ്ടെന്നാല്‍ ഇതു അത്ര എളുപ്പം അറിയപ്പെടാവുന്നതല്ല. ഈ വസ്തുത അത്യധികം സൂക്ഷ്മമാണ് അല്ലയോ നചികേതസ്സെ നീ മറ്റൊരു വരം വരിച്ക്‌ഹാലും
എന്നെ ഇങ്ങനെ നിര്‍ബന്ധിക്കരുതേ എന്നോട് ഇതു ചോദിക്കാതിരിക്കൂ, ഇതിനെ ഉപേക്ഷിക്കൂ
ഗുരു ഇങ്ങനെ പറഞ്ഞു കഴിയുമ്പോള്‍ , അതു ശരിയായിരിക്കാം, തന്റെ ഗുരുവിന് ആ വിവരം അറിയില്ലായിരിക്കാം എന്നു കരുതി ശിഷ്യന്‍ ചോദ്യം നിര്‍ത്തുകയാണെങ്കിലും, ആ ശിഷ്യന്‍ ആ ജ്ഞാനം ഗ്രഹിക്കുവാന്‍ അര്‍ഹനല്ല- കാരണം ഗുരുവിലുള്ള വിശ്വാസവും ഭക്തിയും ഈ വിഷയത്തില്‍ പ്രധാനമാണ്.
അമ്മ, അച്ഛന്‍, ആചാര്യന്‍ എന്ന മൂന്നു പേരുടെ അനുഗ്രഹം ഉള്ളവര്‍ക്കേ ബ്രഹ്മജ്ഞാനം ഉണ്ടാകൂ.
(ത്രിണാചികേതഃ ത്രിഭിരേത്യ സന്ധിം--" എന്ന ശ്ലോകതാല്‍പര്യം ഓര്‍ക്കുക)
അടുത്തതായി ഈ വിഷയം അറിയുവാന്‍ ഉള്ള താല്‍പര്യം ശിഷ്യനില്‍ എത്ര്അ മാത്രമുണ്ട് എന്നും അറിയണം. വെറുതേ ഒന്നു ചോദിച്ചു, കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍ എന്താ നഷ്ടം എന്ന മാതിരി ആണെങ്കില്‍ അവനും അത് അറിയുവാന്‍ യോഗ്യനല്ല. അറിയുവാനുള്ള നിശ്ചയദാര്‍ഢ്യം ഉള്ളവനേ കൊടുക്കാവൂ.
ഈ വക പരീക്ഷയുടെ ഒക്കെ ഒരു രൂപമായി വേണം യമധര്‍മ്മന്റെ വാക്കുകളെ എടുക്കുവാന്‍.
ഈ തത്വത്തെ ഒക്കെ കൂടി ഉള്‍ക്കൊള്ളിച്ചാണ് -
"നാപൃഷ്ഠഃ കസ്യചിത് ബ്രൂയാത്
ന ചാന്യായേന പൃഛതഃ
വിജാനന്നപി മേധാവീ
ജളവല്ലോകമാചരേത്"
ചോദ്യം ചോദിച്ചിട്ട് ഉത്തരത്തിനു വേണ്ടി ശ്രദ്ധയോടു കൂടി കാത്തിരിക്കുന്നവനോടു മാത്രമേ പറയാവൂ. ഇനി ചോദ്യം അന്യായമായിട്ടാണെങ്കില്‍ അതായത് അസംഗതമാണെനിലോ, പരീക്ഷിക്കുവാന്‍ വേണ്ടി ഉള്ളതാണെങ്കിലോ പോലും പറയേണ്ടതില്ല- കാരണം ബുദ്ധിമാനെ പോലും ജളനെന്ന പോലെ പരിഹസിക്കും വിവരമില്ലാത്തവര്‍ എന്ന് മുമ്പുള്ളവര്‍ ഉപദേശിച്ചിരിക്കുന്നത്.
തന്ത്രയുക്തി എന്ന സങ്കേതം ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇതൊക്കെ പഠിച്ചതിനു ശേഷമുള്ള അദ്ധ്യയനം പൂര്‍ണ്ണത പ്രാപിക്കും.
തുടരും--
added later-
മരണശേഷം contd-2
യമരാജന്റെ ഈ ഉത്തരം നചികേതസ്സിനെ പിന്തിരിപ്പിക്കുവാന്‍ സമര്‍ത്ഥമായില്ല- കാരണം നിശ്ചയബുദ്ധിയുള്ളവനാണ്. അവന്‍ ദൃഢമായ വിശ്വാസത്തോടു കൂടി ആണ് യമസന്നിധിയില്‍ എത്തിയത്. ഇപ്പോള്‍ ദേവന്മാര്‍ക്കു കൂടി സംശയം ഉള്ള വസ്തു ആണ് എന്ന പ്രസ്താവന തന്റെ ചോദ്യത്തിന്റെ മാഹാത്മ്യത്തെ ആണ് സൂചിപ്പിക്കുനത് അതു കൊണ്ട് യാതൊരു കാരണവശാലും അതൊഴിവാക്കുവാന്‍ സാധിക്കില്ല എന്നും,
ജീവലോകത്തിനെ പരലോകത്തേക്കു പ്രവേശിപ്പിക്കുന്ന യമരാജനെ കാള്‍ ഈ തത്വം ഉപദേശിക്കുവാന്‍ യോഗ്യനായ മറ്റൊരാളില്‍ല എന്നും ഉറപ്പുള്ള നചികേതസ്സ് എന്താണ് പറയുന്നത് എന്നു നോക്കാം.
"ദേവൈരത്രാപി വിചികിത്സിതം കില ത്വം
മൃത്യോ യന്ന സുജ്ഞേയമാത്ഥ
വക്താ ചാസ്യ ത്വാദൃഗന്യോ നലഭ്യോ
നാന്യോ വരസ്തുല്യ ഏതസ്യകശ്ചിത്"
ഈ ആത്മ വിഷയത്തില്‍ ദേവന്മാരാല്‍ പോലും സംശയം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടോ? അങ്ങും പറയുന്നു ഈ തത്വത്തെ എളുപ്പം ഗ്രഹിക്കുവാന്‍ സാധിക്കുകയില്ലെന്ന്
ഈ അറിവു പകര്‍ന്നു തരുവാന്‍ അങ്ങക്കു തുല്ല്യനായി മറ്റൊരാളെ കിട്ടാനും ഇല്ല. അതുകൊണ്ട് ഇതിനു തുല്ല്യമായി മറ്റൊരു വരം ഇല്ല തന്നെ.
തനിക്ക് ഈ വരം ഒഴികെ മറ്റൊന്നും ആവശ്യമില്ല എന്ന് ഉറപ്പിച്ചു പറയുന്നു.
എന്നാല്‍ യമരാജന്റെ അഭിപ്രായം എന്താണ്?
അവന്റെ ദൃഢബുദ്ധിയും ഗുരുഭക്തി വിശ്വാസം ഇവയും ബോധ്യമായി. എന്നാല്‍ പ്രാപഞ്ചികവസ്തുക്കളില്‍ അവന് വശീകാരവൈരാഗ്യം ഉണ്ടായിട്ടുണ്ടോ എന്നറിയില്ലല്ലൊ. പകുതി വഴിക്കു വച്ച് കുറച്ചു സമ്പത്തു വേണമെന്നോ, ഒരു കല്ല്യാണം കഴിക്കണം എന്നോ , ഒരു രാജാവാകണം എന്‍നോ ഒക്കെ തോന്നുന്നവനാണെങ്കില്‍ ഈ വഴിക്ക് നയിച്ചിട്ട് കാര്യമില്ല.
അപ്പോള്‍ അവന് ഈ ഭൗതികജീവിതത്തില്‍ എത്രമാത്രം വിരക്തി വന്നിട്ടുണ്ട് എന്നുള്ള പരീക്ഷ ആണ് അടുത്തതായി കാണുന്നത്.
"അനാരംഭോ ഹി കാര്യാണാം പ്രഥമം ബുദ്ധിലക്ഷണം
പ്രാരബ്ധസ്യാന്ത്യഗമനം ദ്വിതീയം ബുദ്ധിലക്ഷണം "
ഏതു കാര്യവും മുഴുമുപ്പിക്കുവാന്‍ കഴിയുകയില്ലെങ്കില്‍ തുടങ്ങാതിരിക്കുന്നതാണ് ബുദ്ധിയുടെ ആദ്യത്തെ ലക്ഷണം.
ഇനി അഥവാ തുടങ്ങിയാല്‍ അതു മുഴുമിപ്പിക്കുക എന്നുള്ളത് ബുദ്ധിയുടെ രണ്ടാമത്തെ ലക്ഷണം.
അതുകൊണ്ട് ഇവന് വിദ്യ കൊടുത്താല്‍ അത് അവന്‍ പൂര്‍ണ്ണമായി സാക്ഷാല്‍കരിക്കുവാന്‍ പ്രാപ്തനല്ലെങ്കില്‍ കൊടുക്കുന്നത് അസ്ഥാനത്താകും. അവന്‍ ഇടക്ക് ഇട്ടിട്ടുപോയാല്‍ തന്റെ പ്രവൃത്തി ഫലശൂന്യമാകും അതുകൊണ്ട് എല്ലാവിധത്തിലും യമരാജന്‍ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുകയാണ് തുടര്‍ന്നങ്ങോട്ട്. നോക്കുക-
"ശതായുഷഃ പ്‌ഉത്രപൗത്രാന്‍ വൃണീഷ്വ
ബഹൂന്‍ പശൂന്‍ ഹസ്തിഹിരണ്യമശ്വാന്‍
ഭൂമേര്‍മഹദായതനം വൃണീഷ്വ സ്വയം ച
ജീവ ശരദോയാവദിച്ഛസി"
ദീര്‍ഘായുഷ്മാന്മാരായ പുത്രന്മാരേയും പൗത്രന്മാരേയും വരിക്കുക,ധാരാളം പശു, ആന, കുതിര, സ്വര്‍ണ്ണം തുടങ്ങി അളവറ്റ സമ്പത്തിനെ വരിക്കുക, വിസ് തൃ തമായ ഭൂമി വരിക്കുക, നീ എത്രകാലം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും കാലം ആയുസ്സ് വരിക്കുക
എന്താ വേണ്ടത്? ധനമോ ആനകുതിരാദിയോ, സ്വര്‍ണ്ണമോ, രാജ്യമോ, ദീര്‍ഘജീവിതമോ എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍. ജീവിതം അത്രനാള്‍ വേണം എന്നു അവന്‍ തീരുമാനിച്ചാല്‍ മതി അത്രയും ലഭിക്കും. പോരേ?
ഇനിയും നചികേതസ് മിണ്ടുന്നില്ല എന്നു കണ്ടപ്പോള്‍
"ഏതത്തുല്ല്യം യദി മന്യസേ വരം
വൃണീഷ്വ വിത്തം ചിരജീവികാം ച
മഹാഭൂമോ നചികേതസത്വമേധി
കാമാനാം ത്വാ കാമഭാജം കരോമി"
അല്ല ഇനിയും ഇതുപോലെ മറ്റ് എന്തെങ്കിലും ധനമോ, ദീര്‍ഘജീവിതമോ, വരമോ ഉണ്ടെന്നു നീ വിചാരിക്കുന്നു എങ്കില്‍ അതൊക്കെ ചോദിച്ചു കൊള്ളൂ. അല്ലയോ നചികേതസ്സെ നീ ചക്രവര്‍ത്തിയായി , സൗഭാഗ്യവാനായി കഴിയൂ, നിന്നെ ദിവ്യങ്ങളായ എല്ലാ കാമങ്ങളുടെയും അനുഭോക്താവാക്കി ഞാന്‍ അനുഗ്രഹിക്കാം.
ഇതിലൊന്നും നമ്മുടെ നചികേതസ്സ് വീഴുന്നില്ല എന്നു കണ്ട് യമന്‍ അടവൊന്നു മാറ്റുന്നു.
മനുഷ്യലോകത്തിലെ സുഖഭോഗങ്ങള്‍ നചികേതസ്സിനെ ആകര്‍ഷിക്കുന്നില്ല എന്നു കണ്ട് സ്വര്‍ഗ്ഗസുഖം കാട്ടി പ്രലോഭിപ്പിക്കുകയാണ് അടുത്തതായി.
"യേ യേ കാമാ ദുര്‍ല്ലഭാ മര്‍ത്യലോകേ
സര്‍വാന്‍ കാമാന്‍ ഛന്ദതഃ പ്രാര്‍ഥയസ്വ
ഇമാരാമാഃ സരഥാഃ സതൂര്യാ
നഹീദൃശാ ലംഭനീയാ മനുഷ്യൈഃ
ആഭിര്‍മത്പ്രത്താഭിഃ പരിചാരയസ്വ
നചികേതോ മരണം മാനുപ്രാക്ഷീഃ
മനുഷ്യലോകത്ത് ലഭിക്കാത്തവയായ എന്തൊക്കെ ആഗ്രഹങ്ങള്‍ ഉണ്ടോ അങ്ങനെ ഉള്ള ഏത് ആഗ്രഹവും ചോദിച്ചു കൊള്ളൂ. രഥങ്ങളും , വിവിധവാദ്യവൃന്ദന്‍ഗളോടും കൂടിയ ദേവാംഗനമാരെ ചോദിച്ചു കൊള്ളൂ- മനുഷ്യര്‍ക്ക് പരിചരണത്തിനു ലഭിക്കാത്ത അവരെ പോലും ഞാന്‍ നിനക്കായി തരാം, പക്ഷെ മരണത്തെ കുറിച്ചു മാത്രം ചോദിക്കരുതേ.
കേവലം ഒരു ചോദ്യത്തിനുത്തരം കൊടുക്കുവാതിരിക്കുവാന്‍ വേണ്ടി യമന്‍ എന്തെല്ലാം ആണ് വച്ചു നീട്ടുന്നത്?
ഇഷ്ടമുള്ളത്രകാലം ജീവിതം- മരിക്കണം എന്ന് എന്നു തോന്നുന്നുവോ അന്നു മരിച്ചാല്‍ മതി,
ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ മുഴുവനും അടക്കി ഭരിക്കുവാനുള്ള ചക്രവര്‍ത്തിപദം,
ദീര്‍ഘായുഷ്മാന്മാരായ പുത്രപൗത്രാദികള്‍,
പരിചാരികമാരായി ദേവസുന്ദരിമാര്‍,
അളവറ്റ ധനം- ഇവയെല്ലാം തന്റെ ഒരു വാക്കിനു വേണ്ടി മാത്രം കാത്തിരിക്കുക ആണ്.
നമ്മുടെ മുമ്പില്‍ ഈ ഒരു ചോദ്യം വന്നാലോ?
Added later-
Tuesday, September 04, 2007
മരണശേഷം - contd 03
ഇഷ്ടമുള്ളത്രകാലം ജീവിതം- മരിക്കണം എന്ന് എന്നു തോന്നുന്നുവോ അന്നു മരിച്ചാല്‍ മതി,
ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ മുഴുവനും അടക്കി ഭരിക്കുവാനുള്ള ചക്രവര്‍ത്തിപദം,
ദീര്‍ഘായുഷ്മാന്മാരായ പുത്രപൗത്രാദികള്‍,
പരിചാരികമാരായി ദേവസുന്ദരിമാര്‍,
അളവറ്റ ധനം- ഇവയെല്ലാം തന്റെ ഒരു വാക്കിനു വേണ്ടി മാത്രം കാത്തിരിക്കുക ആണ്.
നമ്മുടെ മുമ്പില്‍ ഈ ഒരു ചോദ്യം വന്നാലോ?
ഇന്നുള്ള ഭൗതികവാദികളില്‍ ആരുടെ മുമ്പിലും ഉത്തരത്തിനൊരു സംശയവും ഇല്ലാത്ത ചോദ്യം- മൃഗതുല്യരായി ഐഹികസുഖത്തില്‍ മദിക്ക്‌ഉകയാണ് ഏറ്റവും വലിയ മോക്ഷം എന്നു കരുതുന്നവര്‍ക്ക് സംശയം ഉണ്ടാകേണ്ട കാര്യമില്ലല്ലൊ.
അവര്‍ക്ക് ഈ ജീവിതം കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചു അത്രേ. എന്നാല്‍ അവര്‍ തന്നെ പറയുന്ന ചില തത്വങ്ങള്‍ക്ക് എതിരാണ് ആ വാദം എന്നവര്‍ മനസ്സിലാക്കുന്നില്ല-
matter cannot be created nor destroyed അത് മറ്റൊരു രൂപത്തിലേക്ക് മാറ്റുവാനേ കഴിയുകയുള്ളു
അവര്‍ പറയുന്നു നമ്മുടെ ശരീരം ഉണ്ടായിരിക്കുന്നത് ചില രാസപദാര്‍ഥങ്ങളുടെ സംയുക്തമായിട്ടാണ് എന്ന് - കുറേ calcium, phosphorous, iron എന്നിങ്ങനെ കുറേ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ നമ്മുടെ ശരീരം പരിശോധിച്ചാല്‍ കണ്ടെത്താനായേക്കും. പക്ഷെ അവയുടെ സംഘാതമാണ് ഈ ജീവനുള്ള ശരീരം, എന്നു വിശ്വസിക്കുന്നതിനോളം ഭൂലോകവിഡ്ഢിത്തം മറ്റൊന്നുണ്ടാകും എന്നു തോന്നുന്നില്ല.
calcium ത്തിന് വേദനിക്കുകയില്ല, സന്തോഷവും ഉണ്ടാകുകയില്ല- അതുപോലെ തന്നെ ബാക്കിയുള്ളവയ്ക്കും, പക്ഷെ നമുക്ക് ഇവ രണ്ടും അനുഭവപ്പെടുന്നുണ്ട്.
എന്റെ ശരീരം ആദ്യം ഉടലെടുത്തത് അമ്മയുടെ ഉള്ളില്‍ നിന്നുണ്ടായ ഒരേ ഒരു അണ്ഡകോശത്തില്‍ നിന്നുമാണ്. അത് വളര്‍ച്ചയുടെ ഘട്ടത്തില്‍ രണ്ടായി , നാലായി, എട്ടായി, പതിനാറായി അങ്ങനെ അനേകകോടികളായി- ഇപ്പോഴും മാറിമാറി പുതിയതു പുതിയത് ഉണ്ടാകുകയും പഴയത് പഴയത് നശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ മാത്രം മാറുന്നില്ല, ആ ഞാന്‍ ആദ്യം ബാലനായിരുന്നു, പിന്നീട് കുമാരനായി, യുവാവായി, ഇനി വയസ്സനാകും അവസാനം?
അതേ ഞാന്‍ മാറുന്നില്ല എന്റെ ശരീരം മാത്രമാണ് മാറുന്നത്, അതിന്റെ ഉപകരണങ്ങള്‍ക്കാണ് ക്ഷീണം ഉണ്ടാകുന്നത് അല്ലാതെ എനിക്കല്ല. അപ്പോള്‍ മരണവും എന്റെ ശരീരത്തിന് മാത്രമാണ് അല്ലാതെ എനിക്കല്ല - ഈ ഞാന്‍ നിത്യനാണ് എന്ന അറിവ് നേടുവാന്‍ സഹായിക്കുന്ന ശാസ്ത്രമാണ് തത്വജ്ഞാനം.
അതു നേടണം എന്നു തോന്നണമെങ്കില്‍ പോലും മുജ്ജന്മപുണ്യം ഉണ്ടായിരിക്കണം.
നചികേതസ് പ്രലോഭനങ്ങളില്‍ പെടാതിരിക്കാനുള്ള കാരണം ഈ തിരിച്ചറിവാണ്. അവനറിയാം - എത്രകാലം ജീവിച്ചാലും അവസാനം യമന്റെ അടുത്ത് വന്നേ പറ്റൂ, അത് തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും അല്ലെങ്കിലും. അവിടെ വച്ച് തന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു, അതിനു ശേഷം എന്ത്? അത് അറിയുകയും അതിനെ സാക്ഷാല്‍കരിക്കുകയും ചെയ്യുവാന്‍ സാധിക്കുക എന്നതിനും അപ്പുറം യാതൊരു വിജ്ഞാനവും ഇല്ല തന്നെ. ബാക്കി എല്ലാം നശ്വരമാണ്.
അങ്ങനെ ഒരു അനശ്വരമായ അറിവിനെ വിട്ടുകളയുവാന്‍ ഒരുങ്ങാതെ നചികേതസ് പറയുന്നു-
"ശ്വോഭാവാ മര്‍ത്യസ്യ യദന്തകൈതത്
സര്‍വേന്ദ്രിയാണാം ജരയന്തി തേജഃ
അപി സര്‍വം ജീവിതമല്‍പമേവ
തവൈവ വാഹാസ്തവനൃത്യഗീതേ"
അല്ലയോ യമധര്‍മ്മന്‍, മരണധര്‍മ്മിയാണ് മനുഷ്യന്‍, അതുകാരണം ഇപ്പറഞ്ഞ സുഖങ്ങളെല്ലാം നാളെ ഉണ്ടാകുമോ ഇല്ലയോ എന്നതില്‍ നിശ്ചയമില്ല.തന്നെയുമല്ല, എല്ലാ ഇന്ദ്രിയങ്ങളുടെയും ബലത്തെ ഇവ നിഗ്രഹിക്കുകയും ചെയ്യുന്നു. ജീവിതം എത്ര ദീര്‍ഘമായിരുന്നാലും ശരി , കാലത്തിന്റെ അനന്തതയില്‍ അത് അല്‍പമാത്രമാകുന്നു. അതുകൊണ്ട് അശ്വാദി സമ്പത്തുകളും , നൃത്യഗീതാദികളും എല്ലാം അങ്ങയുടെ പക്കല്‍ തന്നെ ഇരിക്കട്ടെ.
അതേ നചികേതസ്സ് വ്യക്തമായി പറയുന്നു - "ജാതസ്യ ഹി ധ്രുവോ മൃത്യുഃ-- എന്ന ഗീതാവചനം പോലെ ജനിച്ചു എങ്കില്‍ ഒരിക്കല്‍ മരണം നിശ്ചയം അതുകൊണ്ട് എത്ര ദീര്‍ഘമായ ജീവിതം തന്നാലും അതിനവസാനം ഒരു മരണം ഉറപ്പാണ്. അതിനു ശേഷം എന്താണ് എന്ന് അറിയുകയും ഇല്ല - ആ അനിശ്ചിതത്വത്തെ വരിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.
അതുകൊണ്ട് അങ്ങ് തരാമെന്നു പറഞ്ഞ സുഖഭോഗങ്ങളെല്ലാം അങ്ങയുടെ പക്കല്‍ തന്നെ ഇരിക്കട്ടെ, എനിക്ക് ഞാന്‍ ചോദിച്ച വരം മാത്രം മതി.
തന്നെയുമല്ല, മനുഷ്യനെ എന്നെങ്കിലും എന്തെങ്കിലും കൊടുത്ത് തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുമോ?
ഇല്ല ഒരിക്കലും ഇല്ല. തൃഷ്ണ അഥവാ ആര്‍ത്തി എന്ന ദോഷം മനുഷ്യസഹജമാണ്. എന്തു കിട്ടിയാലും അതു പോരാ അതില്‍ കൂടുതല്‍ വേണം എന്ന ചിന്ത ഉദിക്കും. ദുഃഖകാരണമായ തൃഷ്ണ ശമിക്കുന്നത് അനന്താനന്ദത്തില്‍ മാത്രമാണ്. നോക്കുക-
"ന വിത്തേന തര്‍പ്പണീയോ മനുഷ്യോ
ലപ്സ്യാമഹേ വിത്തമദ്രാക്ഷ്മ ചേത്ത്വാ
ജീവിഷ്യാമോ യാവദീശിഷ്യസി ത്വം
വരസ്തു മേ വരണീയഃ സ ഏവ"
മനുഷ്യനെ സമ്പത്തു കൊണ്ട് ഒരിക്കലും തൃപ്തിപ്പെടുത്തുവാന്‍ സാധിക്കില്ല. സമ്പത്തു വേണമെങ്കില്‍ അങ്ങയെ കണ്ടാല്‍ മതിയല്ലൊ, അങ്ങ് എത്രകാലം അധീശനായിരിക്കുന്നുവോ അത്രയും കാലമേ ജീവിച്ചിരിക്കുവാനും കഴിയൂ. അതുകൊണ്ട് എനിക്കു വേണ്ട വരം ഇതു മാത്രം
"അജീര്യതാമമൃതാനാമുപേത്യ
ജീര്യന്‍ മര്‍ത്യഃ ക്വധഃസ്ഥഃപ്രജാനന്‍
അഭിധ്യായന്‍ വര്‍ണ്ണരതിപ്രമോദാന്‍
അതിദീര്‍ഘേ ജീവിതേ കോരമേത"
ജരാനരകള്‍ ബാധിക്കാത്ത - നശിക്കാത്ത സത്യസ്വരൂപം പ്രാപിച്ച ബ്രഹ്മനിഷ്ഠന്മാരെ കണ്ടു മുട്ടിയാല്‍ അവരുടെ പക്കല്‍ നിന്നും, ഭൂമിയില്‍ ജീവിക്കുന്ന ജീര്‍ണ്ണിക്കുന്ന മനുഷ്യന്‍ നശ്വരപദാര്‍ത്ഥങ്ങള്‍ ചോദിച്ചു വാങ്ങുമോ? സ്വര്‍ഗ്ഗീയങ്ങളെന്നു കരുതുന്ന വര്‍ണ്ണപ്പൊലിമയുള്ള വസ്തുക്കളില്‍ ആനന്ദിച്ച് ദീര്‍ഘജീവിതം മേടിക്കുമോ? - അത് വിഡ്ഢിത്തമായിരിക്കും എന്നു സാരം
"യസ്‌മിന്നിദം വിചികിത്സന്തി മൃത്യോ
യത് സാമ്പരായേ മഹതി ബ്രൂഹി നസ്തത്
യോയം വരോ ഗൂഢമനുപ്രവിഷ്ടോ
നാന്യം തസ്മാന്നചികേതാ വൃണീതേ"
മരണാനന്തരമുള്ള ജീവന്റെ ഗതിയെ കുറിച്ച ഈ ചോദ്യം ആതജ്ഞാന്ത്തില്‍ വലിയ പ്രയോജനം ഉളവാക്കുനതാണല്ലൊ. ഗൂഢമായ ആത്മാവിനെ സംബന്ധിക്കുന്ന ഈ ജ്ഞാനം അവിടുന്ന് എനിക്കു വെളിപ്പെടുത്തിതരൂ
ഇവ കൂടി വായിക്കുക
ഒന്ന്
രണ്ട്
മൂന്ന്
നാല്
അഞ്ച്
ആറ്
ഏഴ്
എട്ട്
Subscribe to:
Post Comments (Atom)
നചികേതഃ= അല്ലയോ നചികേതസ്സെ
ReplyDeleteഅന്യം വരം വൃണീഷ്വ = നീ മറ്റൊരു വരം വരിച്ക്‌ഹാലും
മാമാ ഉപരോത്സീ = എന്നെ ഇങ്ങനെ നിര്‍ബന്ധിക്കരുതേ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു :)
ReplyDeleteപ്രിയ സനാതന്‍ ജീ
ReplyDeleteഅടുത്ത ഭാഗവും കാലത്തു തന്നെ പോസ്റ്റിയിട്ടുണ്ട്.
താല്‍പര്യമുള്ളവര്‍ ഉണ്ടെന്നു കാണുന്നതില്‍ സന്തോഷം .നന്ദി