Tuesday, September 04, 2007

മരണശേഷം contd-2

യമരാജന്റെ ഈ ഉത്തരം നചികേതസ്സിനെ പിന്തിരിപ്പിക്കുവാന്‍ സമര്‍ത്ഥമായില്ല- കാരണം നിശ്ചയബുദ്ധിയുള്ളവനാണ്‌. അവന്‍ ദൃഢമായ വിശ്വാസത്തോടു കൂടി ആണ്‌ യമസന്നിധിയില്‍ എത്തിയത്‌. ഇപ്പോള്‍ ദേവന്മാര്‍ക്കു കൂടി സംശയം ഉള്ള വസ്തു ആണ്‌ എന്ന പ്രസ്താവന തന്റെ ചോദ്യത്തിന്റെ മാഹാത്മ്യത്തെ ആണ്‌ സൂചിപ്പിക്കുനത്‌ അതു കൊണ്ട്‌ യാതൊരു കാരണവശാലും അതൊഴിവാക്കുവാന്‍ സാധിക്കില്ല എന്നും,

ജീവലോകത്തിനെ പരലോകത്തേക്കു പ്രവേശിപ്പിക്കുന്ന യമരാജനെ കാള്‍ ഈ തത്വം ഉപദേശിക്കുവാന്‍ യോഗ്യനായ മറ്റൊരാളില്‍ല എന്നും ഉറപ്പുള്ള നചികേതസ്സ്‌ എന്താണ്‌ പറയുന്നത്‌ എന്നു നോക്കാം.

"ദേവൈരത്രാപി വിചികിത്സിതം കില ത്വം
മൃത്യോ യന്ന സുജ്ഞേയമാത്ഥ
വക്താ ചാസ്യ ത്വാദൃഗന്യോ നലഭ്യോ
നാന്യോ വരസ്തുല്യ ഏതസ്യകശ്ചിത്‌"

ഈ ആത്മ വിഷയത്തില്‍ ദേവന്മാരാല്‍ പോലും സംശയം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടോ? അങ്ങും പറയുന്നു ഈ തത്വത്തെ എളുപ്പം ഗ്രഹിക്കുവാന്‍ സാധിക്കുകയില്ലെന്ന്‌
ഈ അറിവു പകര്‍ന്നു തരുവാന്‍ അങ്ങക്കു തുല്ല്യനായി മറ്റൊരാളെ കിട്ടാനും ഇല്ല. അതുകൊണ്ട്‌ ഇതിനു തുല്ല്യമായി മറ്റൊരു വരം ഇല്ല തന്നെ.
തനിക്ക്‌ ഈ വരം ഒഴികെ മറ്റൊന്നും ആവശ്യമില്ല എന്ന് ഉറപ്പിച്ചു പറയുന്നു.

എന്നാല്‍ യമരാജന്റെ അഭിപ്രായം എന്താണ്‌?

അവന്റെ ദൃഢബുദ്ധിയും ഗുരുഭക്തി വിശ്വാസം ഇവയും ബോധ്യമായി. എന്നാല്‍ പ്രാപഞ്ചികവസ്തുക്കളില്‍ അവന്‌ വശീകാരവൈരാഗ്യം ഉണ്ടായിട്ടുണ്ടോ എന്നറിയില്ലല്ലൊ. പകുതി വഴിക്കു വച്ച്‌ കുറച്ചു സമ്പത്തു വേണമെന്നോ, ഒരു കല്ല്യാണം കഴിക്കണം എന്നോ , ഒരു രാജാവാകണം എന്‍നോ ഒക്കെ തോന്നുന്നവനാണെങ്കില്‍ ഈ വഴിക്ക്‌ നയിച്ചിട്ട്‌ കാര്യമില്ല.
അപ്പോള്‍ അവന്‌ ഈ ഭൗതികജീവിതത്തില്‍ എത്രമാത്രം വിരക്തി വന്നിട്ടുണ്ട്‌ എന്നുള്ള പരീക്ഷ ആണ്‌ അടുത്തതായി കാണുന്നത്‌.

"അനാരംഭോ ഹി കാര്യാണാം പ്രഥമം ബുദ്ധിലക്ഷണം
പ്രാരബ്ധസ്യാന്ത്യഗമനം ദ്വിതീയം ബുദ്ധിലക്ഷണം "

ഏതു കാര്യവും മുഴുമുപ്പിക്കുവാന്‍ കഴിയുകയില്ലെങ്കില്‍ തുടങ്ങാതിരിക്കുന്നതാണ്‌ ബുദ്ധിയുടെ ആദ്യത്തെ ലക്ഷണം.
ഇനി അഥവാ തുടങ്ങിയാല്‍ അതു മുഴുമിപ്പിക്കുക എന്നുള്ളത്‌ ബുദ്ധിയുടെ രണ്ടാമത്തെ ലക്ഷണം.
അതുകൊണ്ട്‌ ഇവന്‌ വിദ്യ കൊടുത്താല്‍ അത്‌ അവന്‍ പൂര്‍ണ്ണമായി സാക്ഷാല്‍കരിക്കുവാന്‍ പ്രാപ്തനല്ലെങ്കില്‍ കൊടുക്കുന്നത്‌ അസ്ഥാനത്താകും. അവന്‍ ഇടക്ക്‌ ഇട്ടിട്ടുപോയാല്‍ തന്റെ പ്രവൃത്തി ഫലശൂന്യമാകും അതുകൊണ്ട്‌ എല്ലാവിധത്തിലും യമരാജന്‍ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്‌ തുടര്‍ന്നങ്ങോട്ട്‌. നോക്കുക-

"ശതായുഷഃ പ്‌ഉത്രപൗത്രാന്‍ വൃണീഷ്വ
ബഹൂന്‍ പശൂന്‍ ഹസ്തിഹിരണ്യമശ്വാന്‍
ഭൂമേര്‍മഹദായതനം വൃണീഷ്വ സ്വയം ച
ജീവ ശരദോയാവദിച്ഛസി"

ദീര്‍ഘായുഷ്മാന്മാരായ പുത്രന്മാരേയും പൗത്രന്മാരേയും വരിക്കുക,ധാരാളം പശു, ആന, കുതിര, സ്വര്‍ണ്ണം തുടങ്ങി അളവറ്റ സമ്പത്തിനെ വരിക്കുക, വിസ്‌ തൃ തമായ ഭൂമി വരിക്കുക, നീ എത്രകാലം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും കാലം ആയുസ്സ്‌ വരിക്കുക
എന്താ വേണ്ടത്‌? ധനമോ ആനകുതിരാദിയോ, സ്വര്‍ണ്ണമോ, രാജ്യമോ, ദീര്‍ഘജീവിതമോ എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍. ജീവിതം അത്രനാള്‍ വേണം എന്നു അവന്‍ തീരുമാനിച്ചാല്‍ മതി അത്രയും ലഭിക്കും. പോരേ?

ഇനിയും നചികേതസ്‌ മിണ്ടുന്നില്ല എന്നു കണ്ടപ്പോള്‍

"ഏതത്തുല്ല്യം യദി മന്യസേ വരം
വൃണീഷ്വ വിത്തം ചിരജീവികാം ച
മഹാഭൂമോ നചികേതസത്വമേധി
കാമാനാം ത്വാ കാമഭാജം കരോമി"

അല്ല ഇനിയും ഇതുപോലെ മറ്റ്‌ എന്തെങ്കിലും ധനമോ, ദീര്‍ഘജീവിതമോ, വരമോ ഉണ്ടെന്നു നീ വിചാരിക്കുന്നു എങ്കില്‍ അതൊക്കെ ചോദിച്ചു കൊള്ളൂ. അല്ലയോ നചികേതസ്സെ നീ ചക്രവര്‍ത്തിയായി , സൗഭാഗ്യവാനായി കഴിയൂ, നിന്നെ ദിവ്യങ്ങളായ എല്ലാ കാമങ്ങളുടെയും അനുഭോക്താവാക്കി ഞാന്‍ അനുഗ്രഹിക്കാം.
ഇതിലൊന്നും നമ്മുടെ നചികേതസ്സ്‌ വീഴുന്നില്ല എന്നു കണ്ട്‌ യമന്‍ അടവൊന്നു മാറ്റുന്നു.

മനുഷ്യലോകത്തിലെ സുഖഭോഗങ്ങള്‍ നചികേതസ്സിനെ ആകര്‍ഷിക്കുന്നില്ല എന്നു കണ്ട്‌ സ്വര്‍ഗ്ഗസുഖം കാട്ടി പ്രലോഭിപ്പിക്കുകയാണ്‌ അടുത്തതായി.

"യേ യേ കാമാ ദുര്‍ല്ലഭാ മര്‍ത്യലോകേ
സര്‍വാന്‍ കാമാന്‍ ഛന്ദതഃ പ്രാര്‍ഥയസ്വ
ഇമാരാമാഃ സരഥാഃ സതൂര്യാ
നഹീദൃശാ ലംഭനീയാ മനുഷ്യൈഃ
ആഭിര്‍മത്പ്രത്താഭിഃ പരിചാരയസ്വ
നചികേതോ മരണം മാനുപ്രാക്ഷീഃ

മനുഷ്യലോകത്ത്‌ ലഭിക്കാത്തവയായ എന്തൊക്കെ ആഗ്രഹങ്ങള്‍ ഉണ്ടോ അങ്ങനെ ഉള്ള ഏത്‌ ആഗ്രഹവും ചോദിച്ചു കൊള്ളൂ. രഥങ്ങളും , വിവിധവാദ്യവൃന്ദന്‍ഗളോടും കൂടിയ ദേവാംഗനമാരെ ചോദിച്ചു കൊള്ളൂ- മനുഷ്യര്‍ക്ക്‌ പരിചരണത്തിനു ലഭിക്കാത്ത അവരെ പോലും ഞാന്‍ നിനക്കായി തരാം, പക്ഷെ മരണത്തെ കുറിച്ചു മാത്രം ചോദിക്കരുതേ.

കേവലം ഒരു ചോദ്യത്തിനുത്തരം കൊടുക്കുവാതിരിക്കുവാന്‍ വേണ്ടി യമന്‍ എന്തെല്ലാം ആണ്‌ വച്ചു നീട്ടുന്നത്‌?
ഇഷ്ടമുള്ളത്രകാലം ജീവിതം- മരിക്കണം എന്ന്‌ എന്നു തോന്നുന്നുവോ അന്നു മരിച്ചാല്‍ മതി,
ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ മുഴുവനും അടക്കി ഭരിക്കുവാനുള്ള ചക്രവര്‍ത്തിപദം,
ദീര്‍ഘായുഷ്മാന്മാരായ പുത്രപൗത്രാദികള്‍,
പരിചാരികമാരായി ദേവസുന്ദരിമാര്‍,
അളവറ്റ ധനം- ഇവയെല്ലാം തന്റെ ഒരു വാക്കിനു വേണ്ടി മാത്രം കാത്തിരിക്കുക ആണ്‌.
നമ്മുടെ മുമ്പില്‍ ഈ ഒരു ചോദ്യം വന്നാലോ?

9 comments:

  1. അനാരംഭോ ഹി കാര്യാണാം പ്രഥമം ബുദ്ധിലക്ഷണം
    പ്രാരബ്ധസ്യാന്ത്യഗമനം ദ്വിതീയം ബുദ്ധിലക്ഷണം

    ReplyDelete
  2. അഭിനന്ദനീയമായ ഉദ്യമം.........
    അടുത്ത അധ്യായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  3. മാഷേ ,

    ക്ഷമിക്കാവുന്നതാണ്‌ എന്നാലും പറയാതിരിക്കുന്നില്ല , ചില അക്ഷരപ്പിശകുകള്‍‌ വന്നിട്ടുണ്ട്.
    (ഇത്തരത്തിലുള്ളവ പര്ണ്ണതയോടെ വായിക്കണം എന്ന സ്വാര്‍ത്ഥതയാണെ)

    അഭിനന്ദനങ്ങള്‍‌ , തുടരുമല്ലോ?

    ReplyDelete
  4. നചികേതസ്സിനു കിട്ടുന്ന ഉത്തരം അറിയാന്‍‍ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.:)

    ReplyDelete
  5. പണിക്കര്‍ജീ :) വായിച്ചു. ഇന്നലെ ഞാന്‍ ടൈപ്പ് ചെയ്തതില്‍ തെറ്റുണ്ടല്ലേ?

    ReplyDelete
  6. പ്രിയ തറവാടി ജീ,
    ശ്രദ്ധികുന്നതില്‍ സന്തോഷം അക്ഷരപ്പിശകുകള്‍ ചിലതൊക്കെ അശ്രദ്ധ കൊണ്ടുണ്ടായതാണ്‌. മറ്റു ചിലവ win 98 ഉപയോഗിക്കുന്നതുകൊണ്ടും. അശ്രദ്ധ കൊണ്ടുള്ളവ ഉണ്ടാകതിരിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കാം

    ReplyDelete
  7. പ്രിയ ജോജൂ,
    താല്‍പര്യം ഉണ്ടെന്നറിയുന്നതില്‍ സന്തോഷം. എനിക്കു മനസ്സിലായ വിധത്തില്‍ ഇതു കൂടുതല്‍ എഴുതുവാന്‍ ശ്രമിക്കാം. വിമര്‍ശനം പ്രതീക്ഷിക്കുന്നു.
    നന്ദി

    ReplyDelete
  8. പ്രിയ സൂ,
    എനിക്കു പറ്റുന്ന അക്ഷരത്തെറ്റിനെ പറ്റി ഞാന്‍ ഇപ്പോള്‍ തറവാടിക്ക്‌ മറുപടി എഴുതിയതേ ഉള്ളു.
    അതൊക്കെ മനുഷ്യ സഹജമല്ലേ. സാരമക്കണ്ട. കൂടുതല്‍ വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. പ്രിയ വേണു ജീ,
    എന്നാല്‍ കഴിയുന്ന വിധം അത്‌ എഴുതുവാന്‍ ശ്രമിക്കാം. വളരെ ബുദ്ധിമുട്ടുള്ള, ഗഹനമായ വിഷയം ആണ്‌. അതുകൊണ്ട്‌ ശാന്തമായി വായിച്ച്‌ മറുപടി എഴുതുമല്ലൊ. താങ്കളുടെ പ്രോല്‍സാഹനം എത്ര നന്ദി പറഞ്ഞാല്‍ മതിയാകുന്നതാണ്‌ എന്നറിയുന്നില്ല.

    അടുത്ത പോസ്റ്റ്‌ കൂടി ചേര്‍ത്ത്‌ ഇവ മൂന്നും എന്റെ ഒന്നാം വാര്‍ഷിക പോസ്റ്റായി കണക്കാക്കുക.

    ReplyDelete