Thursday, July 31, 2008

വ്യാധഗീത അഥവാ ഉത്തരഗീത

"സ്വധര്‍മ്മേ നിധനം ശ്രേയഃ"

ഭഗവത്‌ ഗീതയിലെ ഒരു വരിയാണ്‌.

ശ്രേയസ്‌ എന്നാല്‍ ഐശ്വര്യം, ഐശ്വര്യം എന്നത്‌ ഈശ്വരനെ സംബന്ധിക്കുന്നത്‌ - അതായത്‌ മോക്ഷപ്രാപ്തി എന്നു ചുരുക്കത്തില്‍ പറയാം-.

സ്വധര്‍മ്മം അനുഷ്ഠിക്കുന്നതിനിടയില്‍ മരിച്ചു പോയാല്‍ മോക്ഷം കിട്ടും എന്ന്‌. അതിനു വേണ്ടി വേറെ
തപസ്‌ ഒന്നും ചെയ്യേണ്ട കാര്യമില്ലെന്ന്‌, പൂജയൊന്നും ചെയ്യേണ്ടെന്ന്‌, അമ്പലത്തില്‍ പോകേണ്ട ആവശ്യമില്ലെന്ന്‌, ജാതകം നോക്കേണ്ടെന്ന്‌,നാമം ജപിക്കേണ്ടെന്ന്‌. തന്റെ ധര്‍മ്മം എന്താണോ അതു ശരിയായിചെയ്താല്‍ മാത്രം മതി എന്ന്‌.

(ഗീതയില്‍ പറഞ്ഞതായതു കൊണ്ട്‌ വിശ്വസിക്കാത്തവര്‍ വഴക്കിനു വരണ്ടാ - അവര്‍ക്ക്‌ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം തന്നിരിക്കുന്നു)

പറയുന്നതാരാ കൃഷ്ണന്‍. കള്ളന്‍ അവിടം കൊണ്ട്‌ നിര്‍ത്തിയില്ല.
പിന്നീടൊരിക്കല്‍ അര്‍ജ്ജുനന്‌ കൃഷ്ണനോടൊത്തിരിക്കുമ്പോള്‍, ഭഗവത്‌ ഗീത ഒന്നു കൂടി കേള്‍ക്കണം എന്ന്‌ ഒരാഗ്രഹം. ചോദിച്ചു "ഹെയ്‌ ആ ഗീത ഒന്നു കൂടി പറയുമോ? കേള്‍ക്കാനൊരാശ."

കൃഷ്ണനാരാ മോന്‍ - " അയ്യോ ഞാന്‍ അതു മറന്നു പോയല്ലൊ"

എന്നാല്‍ അര്‍ജ്ജുനന്‍ വിടാന്‍ ഭാവമില്ല. വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു "അതു ഞാന്‍ മറന്നു പോയി, പകരം വേറോരു ഗീത ഉപദേശിക്കാം"

അങ്ങനെ ഉപദേശിച്ചതാണത്രെ വ്യാധഗീത അഥവാ ഉത്തരഗീത.

അതൊരു കഥയാണ്‌.

ഒരിടത്ത്‌ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അയാള്‍ വിദ്യാഭ്യാസം ഒക്കെ കഴുഞ്ഞ്‌ കാട്ടില്‍ പോയി തപസ്സു തുടങ്ങി. ആഹാരം കഴിക്കേണ്ടതിനുവേണ്ടി ഭിക്ഷയെടുക്കുവാന്‍ മാത്രം നാട്ടില്‍ വരും മടങ്ങി പോയി തപസ്സു തുടരും

തപസ്സ്‌ വളരെ ശക്തമായി തുടര്‍ന്നു. കുറെകാലം കഴിഞ്ഞ്‌ ഒരു ദിവസം തപസ്സിനിടയില്‍ അദ്ദേഹം ഇരുന്ന വൃക്ഷത്തില്‍ ഇരുന്ന ഒരു കിളി അദ്ദേഹത്തിന്റെ തലയിലേക്ക്‌ കാഷ്ടിച്ചു.

ബ്രാഹ്മണന്‌ വളരെ ദ്വേഷ്യം തോന്നി. മുകളില്‍ കിളിയുടെ നേര്‍ക്ക്‌ കോപത്തോടെ നോക്കി.
ദാ കിടക്കുന്നു. കിളി വെന്തു താഴെ.

ബ്രാഹ്മണന്‌ ഒരു കാര്യം മനസ്സിലായി താന്‍ ഇപ്പോള്‍ ചില്ലറക്കാരനൊന്നും അല്ല. തപശ്ശക്തി വളര്‍ന്നു തുടങ്ങിയിരിക്കുന്നു.

ഭിക്ഷയ്ക്കായി നാട്ടിലെത്തി.

ഒരു ഗൃഹത്തിനു മുമ്പില്‍ എത്തി " ഭിക്ഷാം ദേഹി" പറഞ്ഞു

അകത്തു നിന്നും ഒരു സ്ത്രീശബ്ദം കേട്ടു " അല്‍പനേരം നില്‍ക്കൂ, ഞാന്‍ ഇവിടെ ഭര്‍ത്താവിനും കുട്ടികള്‍ക്കും ആഹാരം ഉണ്ടാക്കുകയാണ്‌. ഉടന്‍ വരാം"

ഹും അമ്പട ഞാനേ എന്നോടോ കളി ബ്രാഹ്മനന്‌ സഹിക്കുമോ? അദ്ദേഹം ഒന്നു വിരട്ടി " ഞാന്‍ ആരാണെന്നറിഞ്ഞിട്ടാണോ ഇപ്പറയുന്നത്‌?"

പക്ഷെ അകത്തു നിന്നും വന്ന ശബ്ദത്തില്‍ കീട്ടത്‌ ഇങ്ങനെ ആയിരുന്നു." ശെടാ എങ്ങാണ്ടൊരു മരത്തിലിരുന്ന കിളിയെ ച്ട്ടു എന്നും പറഞ്ഞ്‌ ഇവിടെ കളിക്കല്ലേ. ഭിക്ഷ വേണമെങ്കില്‍ അല്‍പനേരം നില്‍ക്ക്‌ അല്ലെങ്കില്‍ എന്താന്നു വച്ചാല്‍ അങ്ങ്‌ കാണിക്ക്‌"

ബ്രാഹ്മണന്‌ ഒരുചിന്താക്കുഴപ്പം ഞാന്‍ ഇപ്പോള്‍ കാട്ടില്‍ നിന്നെത്തിയതല്ലെ ഉള്ളു . വേറെ ആരും ആ സംഭവം ഒട്ടറിഞ്ഞതുമില്ല. പിന്നെ ഈ സ്ത്രീ ഇങ്ങനെപറയുവാന്‍ കാര്യം ഏതായാലും നില്‍ക്കുക തന്നെ അല്ലാതെ ഗത്യന്തരമില്ലല്ലൊ. അവിടെ ന്ന്നു.

അകത്തെ ജോലി എല്ലാം കഴിഞ്ഞ്‌ സ്ത്രീ ഭിക്ഷയുമായി എത്തി.

ബ്രാഹ്മണന്‍ ചോദിച്ചു " അല്ല നിങ്ങള്‍ എങ്ങനെ ആണ്‌ ആ കിളിയെ ഞാന്‍ കോപാഗ്നിയില്‍ ദഹിപ്പിച്ച വിവരം അറിഞ്ഞത്‌?"

സ്ത്രീ- " എനിക്കു വേറേ ജോലിയുണ്ട്‌ അതുകൊണ്ട്‌ പറഞ്ഞു നില്‍ക്കാന്‍ നേരമില്ല . നിങ്ങള്‍ക്കറിയണം എന്നു നിര്‍ബന്ധമാണെങ്കില്‍ ആ ഇറച്ചിവെട്ടുകാരനോടൂ പോയി ചോദിക്ക്‌" കുറച്ചു ദൂരത്തുള്ള ഒരു ഇറച്ചിവെട്ടുകാരനെ കുറിച്ച്‌ ആ സ്ത്രീ പറഞ്ഞിട്ട്‌ അകത്തേക്കു പോയി.

തന്റെ തപശ്ശക്തിയെ കുറിച്ച്‌ ഇവര്‍ അറിഞ്ഞു, എന്നാല്‍ അവര്‍ക്കെങ്ങനെ ഈ അറിവു കിട്ടി എന്നു പോലും തനിക്കറിയില്ല . ബ്രാഹ്മണന്‌ താന്‍ അല്‍പം ചെറുതായോ എന്നൊരു സംശയം ഹേയ്‌ അങ്ങനെ ആവില്ല ആ ഇറച്ചിവെട്ടുകാരന്‍ കണ്ടുകാണും, അവന്‍ വന്നു പറഞ്ഞു കൊടുത്തതായിരിക്കും ഏതായാലും ഒന്നന്വേഷിച്ചുകളയാം
നടന്നു വളരെ വളരെ ദൂരം പോയി പോയി ഇറച്ചിവെട്ടുകാരന്റെ അടുത്തെത്തി.
അവന്റെ മുമ്പില്‍ ഇറച്ചി വാങ്ങുവാന്‍ വന്ന ഒരു ജനക്കൂട്ടം തന്നെയുണ്ട്‌ - , എന്നാലും ബ്രാഹ്മണനെ കണ്ട ഉടന്‍ അവന്‍ പറഞ്ഞു " ഹോ, ആ സ്ത്രീ പറഞ്ഞയച്ചതാണല്ലേ അല്‍പം നില്‍ക്കൂ, ഇവര്‍ക്ക്‌ ഈ ഇറച്ചിയൊക്കെ ഒന്നു കൊടുത്തു കയ്യൊഴിഞ്ഞോട്ടെ. അപ്പോള്‍ പറയാം"

ബ്രാഹ്മണന്റെ ചമ്മലിന്‌ ഒരു മുഴം നീളം കൂടി. ശെടാ ഞാന്‍ നേരെ അവിടെ നിന്നും വരികയാണ്‌ ആ വിവരം ഇവന്‍ എങ്ങനെ അറിഞ്ഞു?

ഭഗവാന്‍ അര്‍ജ്ജുനനോട്‌ തുടര്‍ന്നു പറഞ്ഞു അത്രയേ ഉള്ളു. അവനവന്റെ ധര്‍മ്മം ശരിയായി നിര്‍വഹിച്ചു കൊണ്ടിരിക്കുന്നവന്‍ ജ്ഞാനിയാകും. അവനെ ഇപ്പറഞ്ഞ ഉമ്മാക്കിയൊന്നും കാട്ടി വിരട്ടുവാന്‍ സാധിക്കുകയില്ല. അവന്‍ എല്ലാം അറിയുന്നു. അവന്‌ ശാപം ഏല്‍ക്കുന്നില്ല. അവന്‍ സര്‍വജ്ഞനാകുന്നു. അവന്‌ മോക്ഷം ലബ്ധമായിരിക്കുന്നു. അവനെ കര്‍മ്മഫലം ബന്ധിക്കുന്നില്ല

4 comments:

  1. സ്വധര്‍മ്മം അനുഷ്ഠിക്കുന്നതിനിടയില്‍ മരിച്ചു പോയാല്‍ മോക്ഷം കിട്ടും എന്ന്‌. അതിനു വേണ്ടി വേറെ
    തപസ്‌ ഒന്നും ചെയ്യേണ്ട കാര്യമില്ലെന്ന്‌, പൂജയൊന്നും ചെയ്യേണ്ടെന്ന്‌, അമ്പലത്തില്‍ പോകേണ്ട ആവശ്യമില്ലെന്ന്‌, ജാതകം നോക്കേണ്ടെന്ന്‌,നാമം ജപിക്കേണ്ടെന്ന്‌. തന്റെ ധര്‍മ്മം എന്താണോ അതു ശരിയായിചെയ്താല്‍ മാത്രം മതി എന്ന്‌.

    (ഗീതയില്‍ പറഞ്ഞതായതു കൊണ്ട്‌ വിശ്വസിക്കാത്തവര്‍ വഴക്കിനു വരണ്ടാ - അവര്‍ക്ക്‌ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം തന്നിരിക്കുന്നു)
    ഇതും വേണമെങ്കില്‍ കൂട്ടി വായിക്കാവുന്നതാണ്‌

    ReplyDelete
  2. സ്വധര്‍മ്മം തന്നെ പൂജ.
    നല്ല കഥയും സാരാംശവും.!

    ReplyDelete
  3. പ്രിയ ശന്തനു നായര്‍,
    സ്വധര്‍മ്മത്തിന്റെ ഒരു ലിങ്ക്‌ കൊടുത്തിരുന്നത്‌ ശ്രദ്ധിച്ചില്ലെന്നുണ്ടോ?
    കൃത്യമായി നിര്‍വചിക്കുവാന്‍ സാധിക്കില്ലെങ്കിലും രണ്ടു പോസ്റ്റുകളിലായി അതിനെകുറിച്ച്‌ ഞാന്‍ എഴുതിയിരുന്നു- ചാണക്യസൂത്രത്തിന്റെ വ്യാഖ്യാനങ്ങളായി "സുഖസ്യ മൂലം ധര്‍മ്മഃ" "ധര്‍മ്മസ്യമൂലമര്‍ത്ഥഃ" എന്നവ

    ReplyDelete
  4. വ്യാധഗീതയും, വേശ്യയുടെയും സംന്ന്യാസിയുടെയും കഥയും കൂട്ടി വായിച്ചാല്‍ സ്വധര്‍മ്മം അന്വേഷിച്ച്‌ എവിടെയും പോകണ്ട എന്ന തിരിച്ചറിവ്‌ ഉണ്ടാകുന്നു.

    ReplyDelete