Thursday, November 20, 2008

സില്‍ വര്‍ ജൂബിലി -ചോദ്യം

ഞങ്ങള്‍ - ആധുനികവൈദ്യം ഒരുമിച്ചു പഠിച്ച ബാച്ചിലെ സുഹൃത്തുക്കളെല്ലാവരും കൂടി അതിന്റെ 25ആം വാര്‍ഷികം വന്നപ്പോള്‍ ഒന്നൊരുമിച്ചു കൂടിയിരുന്നു.

അന്ന്‌ ഒരു സുഹൃത്ത്‌ പറഞ്ഞ ചില വാക്കുകള്‍, അതേ പോലെ അല്ലെങ്കിലും അതിന്റെ പൊരുള്‍ ഇവിടെ കുറിക്കുവാന്‍ ശ്രമിക്കാം.

അദ്ദേഹം നങ്ങളുടെ ബാച്ചില്‍ ഒന്നാം സ്ഥാനത്തിനു വേണ്ടി വളരെ പരിശ്രമിച്ചു പഠിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഒപ്പം തന്നെ മിക്കവരേയും പോലെ മറ്റുള്ള പല പാഠ്യേതരപ്രവര്‍ത്തനങ്ങളിലും സജീവമായിപ്രവര്‍ത്തിക്കുന്നവനും ആയിരുന്നു.

ഇന്ന്‌ വളരെ പ്രശസ്തനും ആണ്‌.

അദ്ദേഹം അന്നു ചോദിച്ചത്‌ ഇപ്രകാരമായിരുന്നു. നാം പഠിച്ചുകൊണ്ടിരുന്ന കാലത്ത്‌ മല്‍സരബുദ്ധി വളരെയധികം ഉപയോഗിച്ചു. ഉറങ്ങേണ്ട സമയത്ത്‌ ഉറങ്ങാതെയും , കളിക്കേണ്ട സമയത്ത്‌ കളിക്കാതെയും പഠിച്ചു. സൗഹൃദം പുലര്‍ത്തേണ്ട പലരോടും, മറുകക്ഷിക്കാരന്‍ എന്ന നിലയില്‍ സൗഹൃദം കാട്ടാതെ വര്‍ത്തിച്ചു.

എന്തിനു വേണ്ടിയായിരുന്നു. ഉന്നതനാകുവാന്‍.

ഉന്നതനായി
ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍, നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ മിക്കവരും, മറ്റു ബാച്ചുകളിലെയും മിക്കവരും, ആരും നമുക്കുള്ള നിലയില്‍ നിന്നും താഴെയൊന്നും അല്ലാത്ത നിലയില്‍ തന്നെയുണ്ട്‌. പലരും നമ്മെക്കാള്‍ മുകളിലും ഉണ്ട്‌.

നാം വെറുപ്പു സൂക്ഷിച്ചിരുന്ന പലരും ഇപ്പോള്‍ വളരെ നല്ല സുഹൃത്തുക്കളും സഹജീവികളും ആണ്‌.

അന്നു ജീവിതം സുഖമായി കൊണ്ടു നടന്നവരും ഇപ്പറഞ്ഞ ഗണത്തില്‍ തന്നെയുണ്ട്‌.

ഇപ്പോല്‍ തോന്നുന്നു നാം അന്ന്‌ എന്തിനായിരുന്നു ഇത്രയും വേവലാതി പിടിച്ചിരുന്നത്‌. ജീവിതം കുറേ കൂടി ആസ്വദിക്കരുതായിരുന്നില്ലേ?

എന്നു വിചാരിച്ചിട്ടിപ്പോള്‍ എന്തു കാര്യം? ഇപ്പോള്‍ നമ്മുടെ മക്കളും അതു തന്നെ അല്ലേ ചെയ്യുന്നത്‌ അവരെ ഇതു പറഞ്ഞു മനസ്സിലാക്കുവാന്‍ നമുക്കു കഴിയുമോ?

അവരും നമ്മെ പോലെ തന്നെ സില്‍ വര്‍ ജൂബിലി ആഘോഷിക്കുമ്പോള്‍ മനസ്സിലാക്കുമായിരിക്കും അല്ലേ?

എന്തോ അന്നു മുതല്‍ മനസ്സില്‍ ഈ ചോദ്യം മുഴങ്ങുന്നുണ്ട്‌

11 comments:

  1. അക്കാലത്തെല്ലാം ഈ അറിവ് പകരാൻ ഒരു വഴിയും ഇല്ലല്ലോ നമ്മുടെ പാഠ്യപദ്ധതിയിൽ.
    പഴയ തലമുറയുടെ ഉപദേശമായി ഈ അറിവ് വിദ്യാലയങ്ങളിൽ എഴുതിവെയ്ക്കുക. ചിലപ്പോൾ ഫലം കണ്ടേക്കാം.

    ReplyDelete
  2. ഈ ചോദ്യം പഠിക്കുന്ന കാലത്തേ മുന്നിൽ വന്നതുകൊണ്ട് അധികം സമയം അതിനു കളഞ്ഞില്ല.ഗംഭീര ആസ്വാദനമായിരുന്നു.

    ReplyDelete
  3. ആരെങ്കിലും ഇതൊക്കെയൊന്ന് പറഞ്ഞുകൊടുത്താൽ,ഒരുപക്ഷെ,കുട്ടികൾ
    അനാരോഗ്യകരമായ ഇങ്ങിനത്തെ മത്സരബുദ്ധി നേരത്തേ മനസ്സിലാക്കി അതൊഴിവാക്കാൻ ശ്രമിച്ചേക്കും

    ReplyDelete
  4. അന്നത്തെ വിദ്യാർത്ഥികൾക്കിടയിലെ മത്സരബുദ്ധി സ്വയം തോന്നിയതായിരുന്നു.അച്ഛനമ്മമാർക്ക് വലിയ പങ്ക് ഉണ്ടായിരുന്നില്ല.ഇന്നത്തെ കുട്ടികൾ [പ്രത്യേകിച്ചും ചെറിയ ക്ലാസ്സുകളിലെ ] ഉറങ്ങേണ്ട സമയത്ത്‌ ഉറങ്ങാതെയും , കളിക്കേണ്ട സമയത്ത്‌ കളിക്കാതെയും സൗഹൃദം പുലര്‍ത്തേണ്ട പലരോടും, മറുകക്ഷിക്കാരന്‍ എന്ന നിലയില്‍ സൗഹൃദം കാട്ടാതെയും ഇരിക്കുന്നതിന് ഒരു പ്രധാന കാരണം അവരുടെ മാതാപിതാക്കൾ തന്നെയല്ലേ?

    ReplyDelete
  5. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ തന്നെ തെറ്റാണെന്നുള്ള ശക്തമായ ചിന്തകളാണു് ആ പ്രായത്തിലുള്ളത്. അതെന്നും അങ്ങനെ ആയിരിക്കാനേ തരമുള്ളു. ഹ്യൂമന്‍ സ്പിരിറ്റ് എന്നല്ല, ജീവിതയാത്രയില്‍ മുന്നോട്ട് മുന്നോട്ട് കുതിക്കാനുള്ള വികാരം ഒളിഞ്ഞിരിക്കുന്ന സമയം. തിരിഞ്ഞു നോക്കുമ്പോള്‍ ശരിയായിരുന്നു എന്ന് തോന്നിയ പലതും തെറ്റായിരുന്നു എന്ന് തോന്നുന്നതു പോലെ. ഒരു പക്ഷേ ഇന്നത്തെ തലമുറയും സില്‍വര്‍ ജൂബിലി ആഘോഷിക്കുമ്പോള്‍ തിരിഞ്ഞു നോക്കി ഇന്നത്തെ അവരുടെ ഓട്ടങ്ങളെ ഇങ്ങനെ ഒക്കെ തന്നെ വിലയിരുത്തിയേക്കാം.

    ReplyDelete
  6. അഞ്ചഭിപ്രായങ്ങളും അതേ സ്പിരിറ്റില്‍ സ്വീകരിക്കാവുന്നവയാണ്‌.

    പിന്നെ വേണുജീ സമയത്തു തോന്നിയില്ലെങ്കില്‍ പ്രയോജനം ഇല്ലല്ലൊ എന്നതല്ലെ ദുഃഖകരമായ വസ്തുത

    ReplyDelete
  7. ഹെറിറ്റേജ് കുട്ടികള്‍ കുട്ടികളായിരിക്കണം കുട്ടികളേ ആവാന്‍ പാടുള്ളു.

    വര്‍ഷാവര്‍ഷം നടക്കുന്ന കോളേജ് അലൂംനിയുടെ മീറ്റിങ്ങാണ് സ്ഥലം. എനിക്ക് സീനിയറായ ഒരാളുടെ കൊച്ചുമകന്‍ , വയസ്സേകദേശം നാലോ അഞ്ചോ വരും. അവന്‍ അമ്മയുടെ അരികെ ഇരിക്കുന്നു. എവിടെ എങ്കിലും ഇരുത്തിയാല്‍ മൂപ്പര്‍ അവിടേനിന്നും അനങ്ങില്ല. ഭക്ഷണ്മം അനങ്ങാതിരുന്ന് കഴിക്കും ഒന്നും മിണ്ടില്ല.

    ആജു കിടന്ന് വിലസുകയാണ് മിക്കവാറും , ബഹളം , ഓട്ടം , അടങ്ങിയിരിക്കാന്‍ ഇടക്കിടക്ക് ഞാന്‍ ഭീണിയും മുഴക്കുന്നുണ്ട് നൊ രക്ഷ. ' ദേ ഇവനെ നോക്കിയെ അടങ്ങിയിരിക്കുന്നത്? '

    സുഹൃത്തിന്‍‌റ്റെ മകനെ ചൂണ്ടിയപ്പോള്‍ അവന്‍‌റ്റെ അമ്മക്ക് ദുഖം:

    ' ഇവന്‍ എങ്ങിനെ എങ്കിലും ഒന്ന് വികൃതികാട്ടാന്‍ ഞങ്ങള്‍ പെടുന്ന പാട് ഞങ്ങള്‍ക്കല്ലെ അറിയൂ '

    അതായത് ഓരോ പ്രായത്തിലുള്ളത് അതാത് പ്രായത്തില്‍ ചെയ്യണം.

    നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അപ്പുട്ടകുറുപ്പിന്‍‌റ്റെ മകന്‍ നീലകണ്ടനെ തലങ്ങും വിലങ്ങും പെടച്ചത് , വൈകീട്ട് കുറുപ്പ് നീലകണ്ടനെ കയ്യില്‍ തൂക്കി വീട്ടില്‍ വന്ന് എന്‍‌റ്റുമ്മയുടെ മുന്നിലിട്ടു ' ഉമ്മാ ഇവനാണ് (നീലന്‍)പ്രശ്നക്കാരെനെങ്കില്‍ ഉമ്മ അടിക്കണം അല്ലെങ്കില്‍ അവനെ (എന്നെ) ഉപദേശിക്കണം'. ഉമ്മക്ക് തീരെ സംശയമില്ലായിരുന്നു , എന്നെ കുറുപ്പിന്‍‌റ്റെ മുന്നിലേക്കീട്ട് അടിക്കാന്‍ പറഞ്ഞു :)

    എയര്‍ ഫോഴ്സില്‍ ക്യാപ്റ്റനായ നീലകണ്ടനെ ഇന്ന് ഞാന്‍ പെടച്ചാല്‍ എന്താകുമെന്ന് പറയണോ ;)

    ReplyDelete
  8. തറവാടീ,
    കുട്ടികളുടെ സൈക്കോളജിയെക്കുറിച്ചു പറഞ്ഞപ്പോൾ ഇതും എഴുതണമെന്നു തോന്നി. എന്റെ മകനെയും ആജുന്റെ കൂട്ടത്തിൽ പെടുത്താം. എന്റെ അഭിപ്രായത്തിൽ മുണ്ട് പിഴിഞ്ഞുവെച്ചപോലെ ഇരിക്കുന്ന കുട്ടികൾ ആ പ്രായത്തിൽ ജീവിതം ആസ്വദിക്കാത്തവരാണ്.
    എന്റെ വലിയച്ചൻ ചെറുപ്പത്തിൽ ഞങ്ങൾക്കെല്ലാം തന്നിരുന്ന ഒരു ഉപദേശം ഉണ്ട്. “ വെറുതെ ഒരാളെ തല്ലിയിട്ടും, തല്ല് കൊണ്ടിട്ടും വീട്ടിലേയ്ക്ക് കയറിവരരുത്”

    ReplyDelete
  9. തറവാടിജീ,

    കുട്ടികള്‍ കളിക്കേണ്ടപ്പോള്‍ കളിച്ചും ഉറങ്ങേണ്ടപ്പോള്‍ ഉറങ്ങിയും ഒക്കെ തന്നെ വേണം ജീവിക്കുവാന്‍ എന്നല്ലേ ഞാന്‍ എഴുതിയതും?

    എന്റെ അടുത്തു വരുന്ന കുട്ടികളോട്‌ ഞാന്‍, എത്ര മണിക്കൂര്‍ ഉറങ്ങുന്നുണ്ട്‌ എന്നൊരു ചോദ്യം നിര്‍ബന്ധമായും ചോദിക്കാറുണ്ട്‌. പല കുട്ടികളും ആറു മണിക്കൂര്‍ എന്നൊക്കെ പറയുന്നതു കേള്‍ക്കുമ്പോള്‍, അതില്‍ വിഷമം തോന്നാറും ഉണ്ട്‌,

    പക്ഷെ അവരുടെ മാതാപിതാകളോട്‌ പറഞ്ഞിട്ടെന്തു കാര്യം അവര്‍ മക്കളെ ആക്കിക്കൊണ്ടിരിക്കുകയല്ലേ.

    പാര്‍ത്ഥന്‍ ജി ആ "തുണി പിഴിഞ്ഞു വച്ചപോലെ" എന്ന ഉദാഹരണത്തിന്‌ ഒരു പ്രത്യേക നന്ദി

    ReplyDelete
  10. ഹെറിറ്റേജ്,

    ഞാനും എതിര്‍ത്തല്ലല്ലൊ പറഞ്ഞത് :)

    >>ഇപ്പോല്‍ തോന്നുന്നു നാം അന്ന്‌ എന്തിനായിരുന്നു ഇത്രയും വേവലാതി പിടിച്ചിരുന്നത്‌ ജീവിതം കുറേ കൂടി ആസ്വദിക്കരുതായിരുന്നില്ലേ?എന്നു വിചാരിച്ചിട്ടിപ്പോള്‍ എന്തു കാര്യം? <<

    ഒരുകാര്യവുമില്ലെന്ന് മാത്രമല്ല , അങ്ങിനെ തോന്നേണ്ട ആവശ്യവുമില്ലെന്ന് പറയുകയായിരുന്നു ഞാന്‍. കാരണം മുകളിലെ താങ്കളുടെ വാക്കുകളില്‍ , കുട്ടികള്‍ വയസ്സന്‍‌മാരെപ്പോലെ ചിന്തിച്ചിരുന്നെങ്കില്‍ കൂടുതല്‍ അസ്വാദ്യമായേനെ എന്ന ഒരു ധ്വനിയുണ്ടെന്ന് ഞാന്‍ (തെറ്റ്) ധരിച്ചതിനാലാണ് , കുട്ടികള്‍ കുട്ടികളാവണം കുട്ടികളേ ആകാവൂ എന്ന് മുകളില്‍ കമന്‍‌റ്റിയത്.

    ഞാന്‍ ചെറുപ്പത്തില്‍ വളരെ ഇത്ര
    നല്ല കുട്ടിയായിരുന്നു അതുകൊണ്ട് തന്നെ ചെറുപ്പം എനിക്കിന്നും മധുരമാണ് ;)

    ReplyDelete
  11. തറവാടി ജീ, ആ പോസ്റ്റില്‍ രണ്ട്‌ സന്ദേശങ്ങളായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്‌.

    ഒന്ന്‌ ഇപ്പോള്‍ പറഞ്ഞ കുട്ടിത്തം

    രണ്ട്‌ കൂട്ടുകാര്‍ തമ്മില്‍ തമ്മില്‍ രാഷ്ട്രീയം കളിച്ചുണ്ടാകുന്ന വൈരാഗ്യം.

    എന്റെ എഴുത്ത്‌ ഇവ രണ്ടും വേണ്ട വിധത്തില്‍ വെളിപ്പെടുത്തുവാനുതകുന്നതല്ല എന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു അല്ലേ

    ReplyDelete