Tuesday, September 05, 2017

മന്ദഃ കവിയശപ്രാർത്ഥീ

പ്രക്ഷിപ്തം പ്രക്ഷിപ്തം എന്നു പറഞ്ഞ് പല പ്രമുഖ കൃതികളിലെയും ചില ചില ശ്ലോകങ്ങളേ ഓരോരുത്തർ അവനവന്റെ  യുക്തിക്കനുസരിച്ച് ഒഴിവാക്കുന്നത് ഒരു ഫാഷനായ ഒരു കാലം ഉണ്ടായിരുന്നു
വിദ്വാനാണെന്നു കാണിക്കാൻ വേണ്ടി പലരും ഇമ്മാതിരി കാണിച്ചപ്പോൾ അവരെ കളിയാക്കുവാനായി ശ്രീ MR Nair സാക്ഷാൽ സഞ്ജയൻ എഴുതിയ ഒരു ലേഖനം ഉണ്ട്

കാളിദാസന്റെ രഘുവംശത്തിലെ ഒരു ശ്ലോകം ഉപയോഗിച്ചാണ്‌ അദ്ദേഹം ഈ കൃത്യം നിർവഹിച്ചത്

സഞ്ജയൻ പറയുന്നത് ഇവരുടെ ഒക്കെ യുക്തി വച്ചു നോക്കിയാൽ കാളിദാസൻ രഘുവംശത്തിലെ ആദ്യ മൂന്നു ശ്ലോകങ്ങളേ എഴുതിയിട്ടുള്ളു. മൂന്നാം ശ്ലോകത്തിനു ശേഷം ബാക്കി എല്ലാം പ്രക്ഷിപ്തം ആണ്‌. ആ മൂന്നാമത്തെ ശ്ലോകം എഴുതിയതിനു ശേഷം ബോധമുള്ളവർ ആരെങ്കിലും ബാക്കി എഴുതുമൊ?  :)

എന്താണീ മൂന്നാം ശ്ലോകം
അത് നമുക്ക് പഠിക്കാം വേണ്ടേ?

“മന്ദഃ കവിയശപ്രാർത്ഥീ
ഗമിഷ്യാമ്യുപഹാസ്യതാം
പ്രാംശുലഭ്യേ ഫലേ ലോഭാ-
ദുദ്ബാഹുരിവ വാമനഃ”

മന്ദഃ
കവിയശപ്രാർത്ഥീ
ഗമിഷ്യാമി
ഉപഹാസ്യതാം
പ്രാംശുലഭ്യേ
ഫലേ
ലോഭാത്
ഉദ്ബാഹുഃ
ഇവ
വാമനഃ


മന്ദഃ അകാരാന്തം പുല്ലിംഗം പ്രഥമ ഏകവചനം മന്ദൻ - മണ്ടൻ
കവിയശപ്രാർത്ഥീ ഈകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം - കവി എന്ന യശസ്സിനുവേണ്ടി പ്രാർത്ഥിക്കുന്നവൻ

ഗമിഷ്യാമി -  അതിലേക്ക് പോകും എന്ന ഭാവികാലം - ഗമ്‌ ധാതുവിന്റെ ലൃട് രൂപം ഉത്തമപുരുഷൻ ഏകവചനം

ഉപഹാസ്യതാം ആകാരാന്തം സ്ത്രീലിംഗം ദ്വിതീയ ഏകവചനം - ഉപഹാസ്യതയെ

പ്രാംശുലഭ്യേ അകാരാന്തം പുല്ലിംഗം സപ്തമി ഏകവചനം പ്രാംശുവിന്‌ മാത്രം ലഭിക്കുന്ന. പ്രാംശു - ഉയരമുള്ളവൻ

ഫലേ  അകാരാന്തം നപുംസകലിംഗം സപ്തമി ഏകവചനം

ലോഭാത് അകാരാന്തം നപുംസകലിംഗം പഞ്ചമി ഏകവചനം

ഉദ്ബാഹുഃ  ഉകാരാന്തം പുല്ലിംഗം പ്രഥമ ഏകവചനം കൈകൾ പൊക്കിനില്ക്കുന്നവൻ

ഇവ അവ്യയം പോലെ
വാമനഃ  അകാരാന്തം പുല്ലിംഗം പ്രഥമ ഏകവചനം കുള്ളൻ -പൊക്കമില്ലാത്തവൻ


ക്രിയ ഗമിഷ്യാമി (ഉത്തമ പുരുഷരൂപം ആയത് കൊണ്ട് ഇവിടെ പറഞ്ഞിട്ടില്ലെങ്കിലും അഹം എന്നായിരിക്കും കർത്താവ്‌.) അതു കൊണ്ട്
(അഹം) ഗമിഷ്യാമി.

എങ്ങനെ ഉള്ള ഞാൻ മണ്ടനായ ഞാൻ

മന്ദഃ (അഹം) ഗമിഷ്യാമി.
മന്ദഃ കവിയശപ്രാർത്ഥീ (അഹം) ഗമിഷ്യാമി
മന്ദനായ കവിയുടെ പ്രസിദ്ധി ആഗ്രഹിക്കുന്ന ഞാൻ പോകും

എങ്ങോട്ട് പോകും?

ഉപഹാസ്യതാം ഗമിഷ്യാമി - ഉപഹാസ്യതയെ പ്രാപിക്കും എന്ന് - നാണിക്കേണ്ടി വരും എന്ന്

മന്ദഃ  കവിയശപ്രാർത്ഥീ (അഹം) ഉപഹാസ്യതാം ഗമിഷ്യാമി.

അതിനൊരുദാഹരണം പറഞ്ഞിട്ടുണ്ട്.
വാമനഃ ഇവ - വാമനനെ പോലെ - കുള്ളനെ പോലെ

മന്ദഃ  കവിയശപ്രാർത്ഥീ (അഹം) വാമനഃ ഇവ ഉപഹാസ്യതാം ഗമിഷ്യാമി.

മണ്ടനായ കവിയശപ്രാർഥിയായ ഞാൻ കുള്ളനെ പോലെ അപഹസിക്കപ്പെടും

ആ കുള്ള്നും ഉണ്ട് വിശേഷണങ്ങൾ

ഉദ്ബാഹുഃ വാമനഃ ഇവ - കൈകൾ പൊക്കി പിടിച്ചിരിക്കുന്ന വാമനനെ പോലെ

മന്ദഃ  കവിയശപ്രാർത്ഥീ (അഹം) ഉദ്ബാഹുഃ വാമനഃ ഇവ ഉപഹാസ്യതാം ഗമിഷ്യാമി.

എന്തിനാണു കുള്ളൻ കൈകൾ പൊക്കി പിടിച്ചിരിക്കുന്നത് ?

 ലോഭാത് = ആഗ്രഹം കൊണ്ട്

എന്തിലുള്ള ആഗ്രഹം കൊണ്ട് ?
ഫലേ ലോഭാത് = പഴത്തിലുള്ള ആഗ്രഹം കൊണ്ട്

മന്ദഃ  കവിയശപ്രാർത്ഥീ (അഹം)ഫലേ ലോഭാത് ഉദ്ബാഹുഃ വാമനഃ ഇവ ഉപഹാസ്യതാം ഗമിഷ്യാമി.

ഇനി ആ പഴത്തിനും ഉണ്ട് വിശേഷം. അത് എല്ലാവർക്കും ലഭിക്കില്ല, പിന്നെയോ നല്ല പൊക്കം ഉള്ളവർക്കു മാത്രമെ എത്തി പിടിക്കാൻ പറ്റൂ

അതാണു പ്രാംശുലഭ്യേ - പ്രാംശുവിനു മാത്രം ലഭ്യമായ

അപ്പോൾ ആകെ മൊത്തം?

മന്ദഃ  കവിയശപ്രാർത്ഥീ (അഹം) പ്രാംശുലഭ്യേ ഫലേ ലോഭാത് ഉദ്ബാഹുഃ വാമനഃ ഇവ ഉപഹാസ്യതാം ഗമിഷ്യാമി.

ഹഹഹഹ ഇങ്ങനെ നാണം കെടും എന്നു നേരത്തെ അറിഞ്ഞാൽ പിന്നെ ബുദ്ധി ഉള്ളവർ ആരെങ്കിലും ബാക്കി എഴുതുമൊ?


ശ്ലോകം പഠിച്ചില്ലെ?
അർത്ഥവും എങ്ങനെ മനസിലാക്കി എടുക്കാം എന്നും മനസിലായില്ലെ?

2 comments: