Saturday, March 31, 2007

ശിക്ഷേത്‌ ചത്വാരി കുക്കുടാത്‌ -തുടര്‍ച്ച-

സിംഹത്തില്‍ നിന്നും ബകത്തില്‍ നിന്നും പഠിക്കേണ്ട ഓരോന്ന്‌ കഴിഞ്ഞു ഇനി പൂവങ്കോഴിയില്‍ നിന്നും പഠിക്കാനുള്ള നാലെണ്ണം നോക്കാം.

കാലത്തുണര്‍ന്നെണീക്കുക, ഇതില്‍ കോഴിയോളം ചിട്ട വേറെ ആര്‍ക്കെങ്കിലും ഉണ്ടോ എന്നു സംശയം.
സ്വന്തം ആഹാരം സ്വപ്രയത്നത്താല്‍ സമ്പാദിക്കുക അതു യുദ്ധം ചെയ്താണെങ്കില്‍ കൂടിയും.
യുദ്ധം ചെയ്യുന്നത്‌ മരണം വരെ ചെയ്യുക- ഇതിന്‌ സമരത്തില്‍ നിന്നും പിന്മാറാതിരിക്കുക, താനുദ്ദേശിക്കുന്ന ആശയത്തിനു വേണ്ടി നിലകൊള്ളുക എന്നൊക്കെ അര്‍ത്ഥം
തനിക്കു ലഭിച്ച ആഹാരം മറ്റുള്ളവര്‍ക്കും കൂടി പങ്കു വയ്ക്കുക

ഈ നാലു ഗുണങ്ങളാണ്‌ കോഴിയില്‍ നിന്നും പഠിക്കുവാനുള്ളത്‌
നോക്കുക-

പ്രത്യുത്ഥാനം ച യുദ്ധം ച സംവിഭാഗം ച ബന്ധുഷു
സ്വയമാക്രമ്യ ഭുക്തം ച ശിക്ഷേത്‌ ചത്വാരി കുക്കുടാത്‌

കാക്കയില്‍ നിന്നും പഠിക്കുവാനുള്ള സംസ്കൃതം ശ്ലോകം ഞാന്‍ നോക്കിയിട്ട്‌ അതില്‍ നാലെണ്ണമേ എനിക്കു കിട്ടുന്നുള്ളൂ അറിവുള്ളവര്‍ അതൊന്നു വിശദീകരിച്ചാല്‍ നന്നായിരിക്കും പക്ഷെ അതിന്റെ തന്നെ ഹിന്ദി ദോഹയില്‍ അഞ്ചും കാണുന്നുണ്ട്‌. അതു കൊണ്ട്‌ അതു രണ്ടും പകര്‍ത്താം.


ഗൂഢമൈഥുനചാരിത്വം കാലേ കാലേ ച സംഗ്രഹം
അപ്രമത്തമവിശ്വാസം പഞ്ച ശിക്ഷേച്ച വായസാത്‌

മൈഥുനം രഹസ്യമായിരിക്കുക, കാലാകാലങ്ങളില്‍ വേണ്ട വസ്തുക്കള്‍ സമ്പാദിച്ചു വക്കുക,
അഹംകരിക്കാതിരിക്കുക, ആരിലും പൂര്‍ണ്ണമായി വിശ്വസിക്കാതിരിക്കുക എന്നെ നാലെണ്ണമല്ല്ലാതെ മറ്റൊരര്‍ഥം ഇതിലുണ്ടോ എന്നു ജ്യോതിര്‍മ്മയിയെ പോലെയുള്ള സംസ്കൃത പണ്ഡിതരുടെ അഭിപ്രായം അറിയുവാനാഗ്രഹിക്കുന്നു.

ഹിന്ദി ദോഹ ഇപ്രകാരം-

അതി സതര്‍ക്കതാ ഗുപ്തരതി ന കിസീ പര്‍ ബിശ്വാസ്‌
അധിക ഢിഠായീ സംഗ്രഹീ കാഗ പഞ്ച ഗുണ ഖാസ

ഇതില്‍ എല്ലായ്പോഴും ജാഗരൂകനായിരിക്കുക എന്ന്‌ അഞ്ചാമതൊരു ഗുണവും കൂടി കാണുന്നു.

അടുത്തത്‌ നായയില്‍ നിന്നും പഠിക്കാനുള്ള ആറു ഗുണങ്ങള്‍-
ധാരാളം ഭക്ഷണം കഴിക്കാനുള്ള ശക്തി ഉണ്ടങ്കിലും തങ്ക്കു കിട്ടുന്ന അല്‍പഭക്ഷണത്തിലും നായ തൃപ്തനാകും. നല്ലവണ്ണം ഉറങ്ങും എന്നാല്‍- ഏതു എത്ര ചെറിയ ശബ്ദം കേട്ടാലും ഉണരും - അതായത്‌ ശ്രദ്ധാപൂര്‍ണ്ണമായ ജീവിതം, യജമാനനില്‍ ഉള്ള ഭക്തി, ശൗരയം ഇവയാണ്‌ ആ ഗുണങ്ങള്‍


ശ്ലോകം-
ബഹ്വാശീ സ്വല്‍പസന്തുഷ്ടഃ സനിദ്രോ ലഘുചേതനഃ
സ്വാമിഭക്തശ്ച ശൂരശ്ച ഷഡേതേ ശ്വാനതോ ഗുണാഃ

ഇനി നമ്മുടെ കഴുതയില്‍ നിന്നും നോക്കാനുള്ളവ
എത്ര ക്ഷീണിതനാണെങ്കിലും ഭാരം വഹിച്ചു കൊണ്ടു പോകുക, തണുപ്പ്‌, ചൂട്‌ എന്നിവയെപറ്റിയൊന്നും ചിന്തിക്കാതിരിക്കുക, സദാ പ്രസന്ന വദനനായിരിക്കുക- സന്തുഷ്ടനായിരിക്കുക ഈ ഗുണങ്ങള്‍ കഴുതയില്‍ നിന്നും പഠിക്കാനുണ്ട്‌.

സുശ്രാന്തോപി വഹേത്‌ ഭാരം ശീതോഷ്ണേ ച ന പശ്യതി
സന്തുഷ്ടശ്ചരതേ നിത്യം ത്രീണി ശിക്ഷേച്ച ഗര്‍ദ്ദഭാത്‌

ഇവയൊക്കെ നോക്കി ഈ ഗുണങ്ങള്‍ എല്ലാം അവനവന്റെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ സാധിച്ചാല്‍ ജീവിതസമരത്തില്‍ വിജയിക്കാന്‍ എളുപ്പമാകും.

3 comments:

  1. സിംഹത്തില്‍ നിന്നും ബകത്തില്‍ നിന്നും പഠിക്കേണ്ട ഓരോന്ന്‌ കഴിഞ്ഞു ഇനി പൂവങ്കോഴിയില്‍ നിന്നും പഠിക്കാനുള്ള നാലെണ്ണം നോക്കാം.

    9

    ReplyDelete
  2. ചുരുക്കമായി ചൊന്നാല്‍ ഉത്തമനായ പുരുഷന്‍ കോഴിയെപ്പോലെയും,കാക്കയെപ്പോലെയും, പട്ടിയെപ്പോലെയും, കഴുതയെപ്പോലെയും പെരുമാറുന്നവനായിരിക്കണം. :)

    ReplyDelete