Thursday, April 12, 2007

ന ശരീരം പുനഃ പുനഃ

ആത്മാപരാധവൃക്ഷസ്യ ഫലാന്യേതാനി ദേഹിനാം
ദാരിദ്ര്യരോഗദുഃഖാനി ബന്ധനം വ്യസനാനി ച

ആത്മാപരാധവൃക്ഷസ്യ = ആത്മാപരാധമാകുന്ന വൃക്ഷത്തിന്റെ- തന്നാല്‍ ചെയ്യപെട്ട അപരാധങ്ങള്‍ ആകുന്ന വൃക്ഷത്തിന്റെ
ഫലാനി = ഫലങ്ങളാണ്‌
ദേഹിനാം = ജീവികളുടെ
ഏതാനി = ഈ
ദാരിദ്ര്യരോഗദുഃഖാനി = ദാരിദ്ര്യം , രോഗങ്ങള്‍, മറ്റു ദുഃഖങ്ങള്‍
ബന്ധനം = ബന്ധനം - തടവ്‌
വ്യസനാനി ച= മറ്റു ദുരിതങ്ങളും

അവനവന്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങളുടെ ഫലമാണ്‌ അവനവന്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്‌പാടുകള്‍. അത്‌ ഈ ജന്മത്തില്‍ തന്നെ അനുഭവിച്ചു തീര്‍ക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത ജന്മത്തില്‍ അനുഭവിക്കേണ്ടി വരുന്നു.

പുനര്‍വിത്തം പുനര്‍മിത്രം പുനര്‍ഭാര്യാ പുനര്‍മ്മഹീ
ഏതല്‍ സര്‍വം പുനര്‍ലഭ്യം ന ശരീരം പുനഃ പുനഃ

പുനഃ വിത്തം = വീണ്ടും ധനവും
പുനഃ മിത്രം = വീണ്ടും സുഹൃത്തിനേയും
പുനഃ ഭാര്യാ = വീണ്ടും ഭാര്യയേയും
പുനഃ മഹീ = വീണ്ടും ഭൂമിയും
ഏതല്‍ സര്‍വം പുനര്‍ലഭ്യം = ഈ വകയൊക്കെ വീണ്ടും ലഭിക്കുന്നവയാണ്‌
ന ശരീരം പുനഃ പുനഃ = എന്നാല്‍ ശരീരം മാത്രം വീണ്ടും ലഭിക്കുകയില്ല.

വളരെ വിലപിടിച്ച ഈ മനുഷ്യജന്മം ലഭിച്ചിട്ട്‌ അതു പാഴാക്കി കളയാതെ വേണ്ട രീതിയില്‍ ഉപയോഗിക്കുവാനുള്ള ഉപദേശം.

മോക്ഷം ലഭിക്കുവാന്‍ ഉതകുന്ന ഏക ജീവിതം മനുഷ്യജീവിതമാണെന്ന്‌ ആചാര്യന്മാര്‍ പറയുന്നു. മറ്റ്‌ യാതൊരു യോനിയില്‍ ജനിച്ചലും അതു സാധ്യമല്ല, വീണ്ടും അവസാനം മനുഷ്യന്റെ ജന്മം തന്നെ വേണം; എങ്കില്‍ ഇപ്പോള്‍ ലഭിച്ച ഈ ജന്മം കൊണ്ടു തന്നെ അതിനുള്ള ശ്രമം ആകരുതോ?

ജലേ തൈലം ഖലേ ഗുഹ്യം പാത്രേ ദാനം മനാഗപി
പ്രാജ്ഞേ ശാസ്ത്രം സ്വയം യാതി വിസ്താരം വസ്തുശക്തിതഃ

ജലേ തൈലം = ജലത്തില്‍ എണ്ണയും
ഖലേ ഗുഹ്യം = ദുഷ്ടന്മാരില്‍ രഹസ്യവും
പാത്രേ ദാനം = സല്‍പാത്രത്തില്‍ ചെയ്യുന്ന ദാനവും
പ്രാജ്ഞേ ശാസ്ത്രം = ബുദ്ധിമാനില്‍ ശാസ്ത്രവും
മനാക്‌ അപി = അല്‍പമാണെങ്കില്‍ പോലും
സ്വയം യാതി വിസ്താരം വസ്തുശക്തിതഃ = അതാതിന്റെ ശക്തിക്കനുസരിച്ച്‌ സ്വയം തന്നെ വര്‍ധിച്ചുകൊള്ളും

ധര്‍മ്മാഖ്യാനേ ശ്മശാനേ ച രോഗിണാം യാ മതിര്‍ഭവേത്‌
സാ സര്‍വദൈവ തിഷ്ട്‌ഹേച്ച കോ ന മുച്യതി ബന്ധനാത്‌

ധര്‍മ്മാഖ്യാനേ = ധര്‍മ്മകഥാശ്രവണത്തിലും
ശ്മശാനേ = ശ്മശാനത്തിലും
രോഗിണാം യാ മതിര്‍ഭവേത്‌ = രോഗികളുടെ മനസ്സിലുണ്ടാകുന്ന ചിന്ത
സാ സര്‍വദൈവ തിഷ്ഠേച്ച = അത്‌ എല്ലായ്പോഴും നിലനിന്നാല്‍
കോ ന മുച്യതി ബന്ധനാത്‌ = ആര്‍ക്കാണ്‌ ഒക്ക്ഷം ലഭിക്കാത്തത്‌

ഉല്‍പന്നപശ്ചാത്താപസ്യ ബുദ്ധിര്‍ഭവതി യാദൃശീ
താദൃശീ യദി പൂര്‍വം സ്യാത്‌ കസ്യ ന സ്യാന്മഹോദയഃ

ഉല്‍പന്നപശ്ചാത്താപസ്യ = പശ്ചാത്തപിക്കുന്നവന്റെ
ബുദ്ധിഃ ഭവതി യാദൃശീ = ചിന്ത ഏതൊരു തരത്തിലാണോ
താദൃശീ യദി പൂര്‍വം സ്യാത്‌ = മുമ്പേ തന്നെ അതുപോലെ ആയിരുന്നെങ്കില്‍
കസ്യ ന സ്യാല്‍ മഹോദയഃ = ആര്‍ക്കാണ്‌ മഹത്വം ഉണ്ടാകാത്തത്‌?

മണ്ടത്തരം ചെയ്തു കഴിഞ്ഞല്ലേ പശ്ചാത്താപം ഉണ്ടാകുന്നത്‌. അപ്പോള്‍ രണ്ടാമതുദിച്ച ആ നേര്‍ബുദ്ധി ആദ്യമേ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരിക്കും എന്‍ന്‌.

തുടരും

4 comments:

  1. മണ്ടത്തരം ചെയ്തു കഴിഞ്ഞല്ലേ പശ്ചാത്താപം ഉണ്ടാകുന്നത്‌. അപ്പോള്‍ രണ്ടാമതുദിച്ച ആ നേര്‍ബുദ്ധി ആദ്യമേ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരിക്കും എന്‍ന്‌

    ReplyDelete
  2. ഭംഗിയായി ജീവിക്കുക,
    കഴിയുമെങ്കില്‍ ജീവിതത്തെത്തന്നെ ഭംഗിയാക്കുക,
    കഴിയില്ലെങ്കില്‍ അതിനെ വൃത്തികേടാക്കാതെയെങ്കിലും മരിക്കുക

    എന്നത് ഒരു ദേശത്തിന്റെ കഥയിലാണോ (?) വായിച്ചെന്ന് തോന്നുന്നു. പക്ഷേ അതിലും സത്യം ബ്രൂയാത്...ന്റെ വ്യാഖ്യാനം പൂര്‍ണ്ണമായും ശരിയായല്ല/നമ്മള്‍ സാധാരണ കേള്‍ക്കുന്ന രീതിയിലായിരുന്നു പൊറ്റക്കാട് കൊടുത്തിരുന്നത്.

    നല്ല സുഭാഷിതങ്ങള്‍.

    ReplyDelete
  3. Hi,
    Like to get some MP3 music about the Carnatic music class of geetham.
    Sorry to post this here that also in English (tried a short cut even though I read the new blogs Monday to Friday).
    Thanks a lot to every one.
    Regards,
    Dhanesan

    ReplyDelete
  4. വക്കാരിജീ,
    "മുഹൂര്‍ത്തമപി ജീവേച്ച നരഃ ശുക്ലേന കര്‍മ്മണാ--" എന്നു തുടങ്ങുന്ന ഒരു ശ്ലോകം നിജഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ എന്ന പോസ്റ്റില്‍ കൊടുത്തിരുന്നു. കുറച്ചേ ജീവിച്ചുള്ളു എങ്കിലും അതു നന്നായി ജീവിക്കുക അതു തന്നെ.

    പ്രിയ ധനേശന്‍,

    കര്‍ണ്ണാടകസംഗീതം ,സപ്തസ്വരങ്ങള്‍ എന്ന പേരില്‍ ആണെന്നു തോന്നുന്നു 7 കാസറ്റുകളായി ആലുവയില്‍ പെന്‍ ബുക്ക്‌ ഹൗസില്‍ നിന്നും പബ്ലിഷ്‌ ചെയ്തിട്ടുണ്ട്‌ അതില്‍ സ്വരങ്ങളും, വരിശകളും, ഗീതങ്ങളും , കീര്‍ത്തനങ്ങളും വരെ കുറച്ചു വീതം എല്ലാം ഉണ്ട്‌. എറണാകുളത്ത്‌ MG റോഡിലുള്ള music world ല്‍ ലഭിക്കും എന്നു തോന്നുന്നു. കൂട്ടത്തില്‍ ഒരു ബുക്കില്‍ സാഹിത്യവും ഉണ്ട്‌.
    ആശംസകളോടെ

    ReplyDelete