Saturday, September 15, 2007

മരണശേഷം - 07

യമധര്‍മ്മന്‍ തുടര്‍ന്നും നചികേതസ്സിനെ അനുമോദിക്കുകയാണ്‌. കാരണം അവന്‍ അത്ര മഹത്തായ ഒരു തീരുമാനം ആണ്‌ എടുത്തത്‌.
ആദ്യം സ്വര്‍ഗപ്രാപ്തിക്കുള്ള നചികേതാഗ്നി ഉപദേശിച്ചു എന്നു പറഞ്ഞല്ലൊ. അഗ്നിയെ സ്വാധീനമാക്കി കഴിഞ്ഞു എന്നാല്‍ അഷ്ടൈശ്വര്യസിദ്ധിയും ഉണ്ടായി എന്നര്‍ഥമാക്കാം. അതായത്‌ "അണിമ, മഹിമ , ലഘിമ ഗരിമ , ഈശിത്വം വശിത്വം പ്രാപ്തി പ്രാകാശ്യം" മറവില്ലാതെ എന്തും കാണുവാനും, എവിടെയും സഞ്ചരിക്കുവാനും, മറയുവാനും, പ്രത്യക്ഷമാകുവാനും മറ്റും മറ്റും ഉള്ള കഴിവുകള്‍ ആണ്‌ ഇവ. മാജിക്കിനെക്കാള്‍ കൂടുതല്‍ ഉയര്‍ന്ന ഒരു സാധനം. ആ കഴിവ്‌ സാധാരണ "ഞാന്‍" എന്നും "എന്റെ" എന്നും മറ്റും അഹംകരിക്കുന്ന ഒരാള്‍ക്കു ലഭിച്ചാല്‍ അതു സമൂഹത്തിന്‌ ഒരിക്കലും നന്നായിരിക്കുകയില്ല. സാധാരണയായി അതു മറ്റുള്ളവരെ തന്റെ വരുതിയിലാക്കാനേ ഉപയോഗിക്കൂ. അതു കൊണ്ടാണ്‌ വിരക്തി വന്നു എന്നുറപ്പു വരുത്തിയ ശേഷം മാത്രം ഇവയൊക്കെ ഉപദേശിക്കുന്നത്‌. എന്നാല്‍ നചികേതസ്‌ ഇവയെ ഒക്കെ ആദ്യം തന്നെ നിഷേധിച്ച്‌ ആത്മജ്ഞാനം മാത്രം മതി എന്നു പറഞ്ഞവനാണ്‌

ആത്മജ്ഞാനം എന്നത്‌ എന്തെങ്കിലും കര്‍മ്മത്തിന്റെ ഫലമായി സിദ്ധിക്കുന്നതല്ല. വേദത്തിലെ കര്‍മ്മകാണ്ഡത്തില്‍ പറയുന്ന യജ്ഞങ്ങളൊന്നും മോക്ഷത്തിനെ തരികയില്ല. മോക്ഷം അങ്ങനെ എന്തെങ്കിലും കര്‍മ്മത്തിന്റെ ഫലം ആണെന്നു വന്നാല്‍ അത്‌ അനിത്യം ആകും. അപ്പോല്‍ അവയെല്ലാം അതിനു താഴെയുള്ള പ്രാണസാക്ഷാല്‍കാരത്തിനെ ഉപകരിക്കൂ. പ്രാണസാക്ഷാല്‍കാരത്തില്‍ നിന്നും വിരാഡ്രൂപപ്രതിഷ്ഠ നേടാം.

അങ്ങനെ സ്വര്‍ഗ്ഗപ്രാപ്തി വിരാഡ്രൂപപ്രതിഷ്ഠ ഇവ യമന്‍ നേടിയ കാര്യവും അവയെല്ലാം കണ്ടിട്ടും അവയുടെ മാഹത്മ്യം അറിയാമായിട്ടും അതിലും വലുതായ ആത്മസാക്ഷാല്‍കാരത്തിനു വേണ്ടി നീ അവയെ ത്യജിച്ചതു കൊണ്ട്‌ ധീരനാണെന്നും അടുത്ത മന്ത്രങ്ങളില്‍ പറയുന്നു.

"ജാനാമ്യഹം ശേവധിരിത്യനിത്യം
നഹ്യധ്രുവൈഃ പ്രാപ്യതേ ഹി ധ്രുവം തത്‌
തതോ മയാ നാചികേതശ്ചിതോഗ്നിഃ
അനിത്യൈര്‍ദ്രവ്യൈഃ പ്രാപ്തവാനസ്മി നിത്യം"

കര്‍മ്മഫലങ്ങളായി ലഭിക്കുന്ന ഏതൊരു സമ്പത്തും അനിത്യമാണെന്നു ഞാന്‍ അറിയുന്നു. നശ്വരങ്ങളായ ആ നിധികള്‍ ഉപയോഗിച്ച്‌ പരമസത്യമായ ആത്മജ്ഞാനം - മോക്ഷം- പ്രാപ്യമല്ല. നിത്യസത്യത്തെ പ്രാപിക്കണം എന്നുറപ്പു വന്നതിനാല്‍, എന്നാല്‍ ഭൗതികവസ്തുക്കളെക്കാള്‍ സ്ഥിരതയുള്ള സ്വര്‍ഗ്ഗത്തെയും, വിരാഡ്രൂപത്തേയും പ്രാപിക്കാനുതകുന്ന നചികേതാഗ്നി ജ്വലിപ്പിക്കപ്പെട്ടു.- അങ്ങനെ നൈമിഷികപദാര്‍ത്ഥങ്ങളെ യജിച്ച്‌ അവയെക്കാള്‍ സ്ഥിരപ്രതിഷ്ടയുള്ള വിരാഡ്രൂപപ്രതിഷ്ഠ ഞാന്‍ നേടി.

കാമസ്യാപ്തിം ജഗതഃ പ്രതിഷ്ഠാം
ക്രതോരനന്ത്യമഭയസ്യ പാരം
സ്തോമമഹദുരുഗായം പ്രതിഷ്ഠാം
ദൃഷ്ട്വാ ധീരോ നചികേതോത്യസ്രാക്ഷീ

പ്രാണസാക്ഷാല്‍കാരം കൊണ്ട്‌ ലഭിക്കാവുന്ന ഐശ്വര്യങ്ങളും, ജഗത്തിന്റെ മുഴുവന്‍ അധീശത്വവും, എല്ലാം ധീരനായ നചികേതസ്സെ നീ കൈവെടിഞ്ഞു.

തം ദുര്‍ദര്‍ശം ഗൂഢമനുപ്രവിഷ്ഠം
ഗുഹാഹിതം ഗഹ്വരേഷ്ഠം പുരാണം
അധ്യാത്മയോഗാധിഗമേന ദേവം
മത്വാ ധീരോഹര്‍ഷശോകൗ ജഹാതി

കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുള്ളവനും, ഉള്ളിന്റെ ഉള്ളില്‍ ഒളിച്ചിരിക്കുന്നവനും, ബുദ്ധിയില്‍ സ്ഥിതി ചെയ്യുന്നവനും, അനേകവിധത്തിലുള്ള സങ്കല്‍പങ്ങളാല്‍ മറയ്ക്കപ്പെട്ടവനും പ്രകൃതിവികാരരൂപങ്ങളില്‍ നിലനില്‍ക്കുന്നവനും പണ്ടേ ഉള്ളവനുമായ ആ ദേവനെ വിവേകമുള്ള മനുഷ്യന്‍, ഇന്ദ്രിയങ്ങളെ അടക്കി, പ്രത്യാഹരിച്ച്‌, മനസ്സിനെ അന്തര്‍മ്മുഖമാക്കി, ഏകാഗ്രമാക്കി അറിവു നേടി, മാറി മാറി വരുന്ന സുഖദുഃഖങ്ങളെ അതിജീവിക്കുന്നു.

"ഏതത്‌ ശ്രുത്വാ സമ്പരിഗൃഹ്യ മര്‍ത്യഃ
പ്രവൃഹ്യ ധര്‍മ്യമണുമേതമാപ്യ
സ മോദതേ മോദനീയം ഹി ലബ്ധ്വാ
വിവൃതം സദ്മ നചികേതസം മന്യേ"

ഈ ആത്മതത്വം ഗുരുമുഖത്തു നിന്നും കേട്ടറിഞ്ഞ്‌. അത്‌ സ്വസ്വരൂപം തന്നെ ആണ്‌ എന്ന്‌ വ്യക്തമായി മനസ്സിലാക്കി മരണത്തെ കാത്തു കഴിയുന്ന മനുഷ്യന്‍- ( അജ്ഞാനിയായ മനുഷ്യന്‍) ധ്യാനമനനങ്ങളില്‍ കൂടി അതിനെ ശരീരത്തില്‍ നിന്നും വേറിട്ടതായി മനസ്സിലാക്കി, ധര്‍മ്യവും അത്യന്തം സൂക്ഷ്മവുമായ അതുമായി ഒന്നായി ചേര്‍ന്ന്‌ ആനന്ദിക്കുന്നു.. നചികേതസ്സിനെ ഞാന്‍ അവിടെക്കുള്ള വാതില്‍ തുറന്നവനായി കരുതുന്നു.

3 comments:

  1. ആ കഴിവ്‌ സാധാരണ "ഞാന്‍" എന്നും "എന്റെ" എന്നും മറ്റും അഹംകരിക്കുന്ന ഒരാള്‍ക്കു ലഭിച്ചാല്‍ അതു സമൂഹത്തിന്‌ ഒരിക്കലും നന്നായിരിക്കുകയില്ല. സാധാരണയായി അതു മറ്റുള്ളവരെ തന്റെ വരുതിയിലാക്കാനേ ഉപയോഗിക്കൂ.

    ReplyDelete
  2. പ്രിയ സൂ,
    തുടര്‍ന്നു വായിക്കുന്നവിവരം അറിയിക്കുന്നതില്‍ സന്തോഷം , നന്ദി

    ReplyDelete