Monday, September 17, 2007

മരണശേഷം -08

അധ്യാത്മയോഗം അഭ്യസിച്ച്‌ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും
പിന്‌വലിച്ച്‌ എന്നൊക്കെ മുമ്പു പറഞ്ഞു.

മനസ്സ്‌ എന്ന പതിനൊന്നാമത്തെ ഇന്ദ്രിയം ആണ്‌ ആകെ ഉള്ള
കുഴപ്പക്കാരന്‍. അവന്‍ ഏതു നേരവും പ്രവൃത്തിനിരതനാണ്‌. അവന്‍ ശാന്തനാണെങ്കില്‍
കാര്യം ജയിച്ചു.

വലിയ വലിയ കാര്യങ്ങളിലേക്കു കടക്കുന്നതിനു മുമ്പ്‌ നമുക്ക്‌ ചില
ചെറിയ കാര്യങ്ങള്‍ നോക്കാം.

നമുക്ക്‌ ഏതെങ്കിലും ഒരു വസ്തുവില്‍ ആഗ്രഹം ജനിക്കുന്നു എന്നു
വിചാരിക്കുക. അപ്പോള്‍ മനസ്സു ഇളകിക്കൊണ്ടിരിക്കുന്നു. ആ വസ്തുവിനോടുള്ള നമ്മുടെ
അഭിനിവേശം എത്രയുണ്ടോ അതിനനുസരിച്ചിരിക്കും നമ്മുടെ മനഃപ്രയാസവും.

എന്നാല്‍ ആ വസ്തു നമുക്കു ലഭിക്കുമ്പോഴോ? ഒരു നിമിഷത്തേക്ക്‌
സന്തോഷമായി എന്നു തോന്നും. മനസ്സുശാന്തമായി എന്നു നാം പറയും. ഈ ശാന്തത
ദീര്‍ഘനേരം നിലനില്‍ക്കില്ല. അടുത്ത വസ്തുവിലോ കാര്യത്തിലോ ഉള്ള
പ്രവൃത്തി ഉടന്‍ തുടങ്ങുകയായി. വീണ്ടും ഇളക്കം. ഈ പ്രക്രിയ അനുസ്യൂതം
തുടരുന്നു.

സാക്ഷാല്‍കരിക്കുവാന്‍ സാധിക്കാത്ത ആഗ്രഹങ്ങള്‍
ദുഃഖദായികളാകുന്നു.

ഇതിനെ തന്നെ തമാശരൂപത്തില്‍ കണക്ക്‌ കാണിച്ചും പറയാറുണ്ട്‌.
ആഗ്രഹം , ആഗ്രഹസാക്ഷാല്‍കാരം എന്നീ രണ്ട്‌ പ്രക്രിയകളെ ആണല്ലൊ നാം
സ്വീകരിച്ചത്‌. ഒരു ആഗ്രഹം , ഒരു ആഗ്രഹസാക്ഷാല്‍കാരം അപ്പോള്‍
ലഭിച്ചത്‌ ഒരു സന്തോഷം, എങ്കില്‍ infinite അനന്തമായ സന്തോഷം
കിട്ടണമെങ്കിലുള്ള വഴി ഇവ തമ്മിലുള്ള ratio ആയതിനാല്‍ ആഗ്രഹത്തേ
'0' ആക്കുക
number of ആഗ്രഹസാക്ഷാല്‍കാരം/number of ആഗ്രഹം =infinite

ആകും അപ്പോള്‍.

അതായത്‌ ആഗ്രഹം ഇല്ലാതെ ആക്കിയാല്‍ അനന്തമായ
സന്തോഷമായിരിക്കും ഫലം എന്നര്‍ത്ഥം("ജ്ഞേയഃ സ നിത്യസന്യാസീ യോ ന ദ്വേഷ്ടി ന
കാംക്ഷതി - ഭഗവദ്‌ഗീത)

മനസ്സിനെ അടക്കുക എന്ന്‌ എന്തെളുപ്പമാണ്‌ പറഞ്ഞു നിര്‍ത്തിയത്‌. എന്നാല്‍
കാര്യം അങ്ങനെ അല്ല. ഈ ലോകത്ത്‌ അതിനെക്കാള്‍ പ്രയാസമുള്ള മറ്റൊരു
കാര്യം ഇല്ലതന്നെ.
അതിനുള്ള ഒരു വഴി അധ്യാത്മ യോഗം ആണ്‌. യോഗത്തില്‍ ധ്യാനം
ശീലിച്ച്‌ സമാധിയില്‍ എത്തുക.

'സമാധി' എന്ന വാക്കും പ്രത്യേകത ഉള്ളതാണ്‌ എന്താണ്‌ അതിന്റെ
അര്‍ത്ഥം?
'സമ' ആയ 'ധീ' ആണ്‌ സമാധി. ധീ എന്നത്‌ ബുദ്ധി. അത്‌ 'സമ'
ആയും 'വിഷമ' ആയും ഇരിക്കാം. എല്ലാറ്റിനേയും ഒരേപോലെ കാണുന്നതാണ്‌
'സമ', ഭേദം കാണുന്നത്‌ 'വിഷമ'.

ഭഗവദ്‌ഗീതയില്‍ പറയുന്ന
"വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ സമദര്‍ശിനഃ"

എന്ന ശ്ലോകത്തില്‍ നോക്കുക- വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനിലും,
പശുവിലും, ആനയിലും, പട്ടിയിലും, പട്ടിയെ തിന്നുന്നവനിലും എല്ലാം ഒരേ
തത്വത്തെ കാണുന്നവനെ ആണ്‌ 'പണ്ഡിതന്‍' എന്നു വിളിക്കുന്നത്‌. ഇവരില്‍
വ്യത്യാസം കാണുന്നവന്‍ പണ്ഡിതന്‍ പോലും അല്ല -( പിന്നല്ലെ ബ്രാഹ്മണന്‍
ആകുന്നത്‌ !!!)

ഇതില്‍ നിന്നും കുറച്ചു കൂടി ഉയരത്തില്‍ ഈ പ്രപഞ്ചത്തെ മുഴുവനും
ഒരു വ്യത്യാസവും ഇല്ലാത്തതായി അനുഭവിക്കുവാന്‍ കഴിയുന്ന ആ
അവസ്ഥയാണ്‌ 'സമാധി'.

സമാധ്യവസ്ഥയില്‍ പ്രാണസഞ്ചാരവും അടങ്ങും എന്നതു കൊണ്ടാണ്‌ ആദ്യം
പ്രാണായാമം ശീലിക്കേണ്ടി വരുന്നത്‌.

ധ്യാനം എന്നത്‌ 'സഗുണം ' നിര്‍ഗ്ഗുണം' എന്നിങ്ങനെ രണ്ടു രീതിയില്‍
ശീലിക്കാം. സഗുണോപാസനയില്‍ ഏതെങ്കിലും ഒരു പ്രതീകത്തെ ഉപാസിച്ച്‌ അതില്‍
മനസ്സിനെ കേന്ദ്രീകരിക്കുന്നു. അതാണ്‌ യോഗത്തില്‍ 'ധാരണ' എന്ന പേരില്‍
പറയപ്പെടുന്നത്‌.
കഠോപനിഷത്തില്‍ 'പ്രണവം' അഥവാ ഓംകാരമാണ്‌ പ്രതീകമായി
എടുക്കുന്നത്‌. (മുണ്ഡകോപനിഷത്തില്‍ പ്രണവം വളരെ വിശദമാക്കുന്നു) ഇനി
അങ്ങോട്ട്‌ നചികേതസ്സിന്റെ ചോദ്യവും അതിനു മറുപടി ആയി യമധര്‍മ്മന്റെ
പ്രണവത്തെ കുറിച്ചുള്ള വിശദീകരണവും ആണ്‌.

"അന്യത്ര ധര്‍മ്മാദന്യത്രാധര്‍മ്മാത്‌
അന്യത്രാസ്മാത്‌ കൃതാകൃതാത്‌
അന്യത്ര ഭൂതാച്ച ഭവ്യാച്ച
യത്തദ്‌ പശ്യസി തദ്വദ"

നചികേതസ്സ്‌ ചോദിക്കുന്നു- ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും അപ്പുറം,
കാര്യകാരണരൂപമായ ഈ ജഗത്തിനും മീതെ ആയി
ഭൂതഭാവിവര്‍ത്തമാനങ്ങള്‍ക്കും ഉപരിയായി അങ്ങു യാതൊരു തത്വത്തെ കാണുന്നുന്വോ അതിനെ
ഉപദേശിച്ചാലും

ഈ ചോദ്യത്തിനുത്തരമായി ഓംകാരത്തെ കാണിച്ചു കൊടുക്കുന്നു-

"സര്‍വേ വേദാ യത്‌പദമാമനന്തി
തപാംസി സര്‍വാണി ച യദ്വദന്തി
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ ബ്രവീമ്യോമിത്യേതത്‌"

വേദങ്ങളെല്ലാം യാതൊരു തത്വത്തേ വിവരിക്കുന്നുവോ, തപസ്സുകളെല്ലാം
യാതൊന്നിനെ ലക്ഷ്യമാക്കുന്നുവോ, ബ്രഹ്മചര്യം യാതൊന്നിനുവേണ്ടി
അനുഷ്ഠിക്കപ്പെടുന്നുവോ ആ തത്വം ഓംകാരം ആണ്‌.
"ഏതദ്ധ്യേവാക്ഷരം ബ്രഹ്മ
ഏതദ്ധ്യേവാക്ഷരം പരം
ഏതദ്ധ്യേവാക്ഷരം ജ്ഞാത്വാ
യോ യദിഛസി തസ്യ തത്‌"

അക്ഷരമായ - നശിക്കാത്തതായ ബ്രഹ്മവും, പരമമായ സത്യവും,
ആയ ഈ ഓംകാരത്തെ അറിഞ്ഞുപാസിക്കുന്നവന്‌ എന്താഗ്രഹിക്കുന്നുവോ അത്‌
അവന്റേതാകുന്നു.

"ഏതദാലംബനം ശ്രേഷ്ഠം
ഏതദാലംബനം പരം
ഏതദാലംബനം ജ്ഞാത്വാ
ബ്രഹ്മലോകേ മഹീയതേ"

സഗുണോപാസനക്കുള്ള ഏറ്റവും നല്ല വസ്തു ഈ ഓംകാരമാണ്‌ ഇതിനെ
അറിഞ്ഞുപാസിക്കുന്നവന്‍ ബ്രഹ്മലോകത്തില്‍ പൂജ്യനാകുന്നു.

9 comments:

  1. വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനിലും,
    പശുവിലും, ആനയിലും, പട്ടിയിലും, പട്ടിയെ തിന്നുന്നവനിലും എല്ലാം ഒരേ
    തത്വത്തെ കാണുന്നവനെ ആണ്‌ 'പണ്ഡിതന്‍' എന്നു വിളിക്കുന്നത്‌. ഇവരില്‍
    വ്യത്യാസം കാണുന്നവന്‍ പണ്ഡിതന്‍ പോലും അല്ല -( പിന്നല്ലെ ബ്രാഹ്മണന്‍
    ആകുന്നത്‌ !!!)

    ReplyDelete
  2. നന്ദി പണിക്കര്‍ മാഷേ.

    ReplyDelete
  3. മനസ്സ് ഇല്ലായിരുന്നെങ്കില്‍ :)

    ReplyDelete
  4. വക്കാരിമഷ്‌ടാ ji, നന്ദി

    സൂവേ
    മനസ്സില്ലെങ്കില്‍ പാലമില്ലാതെ പോയില്ലെ? അപ്പോള്‍
    ഒന്നുകില്‍ ആണ്‍കിളി അക്കരയ്ക്ക്‌ അല്ലെങ്കില്‍ പെണ്‍കിളി ഇക്കരയ്ക്ക്‌ " എന്ന പോലെ ജീവാത്മാവും പരമാത്മാവും കിടന്നു കഷ്ടപ്പെടേണ്ടി വരും . മനസ്സും അത്യാവശ്യം തന്നെ

    ReplyDelete
  5. നമുക്കു മറക്കതിരിക്കുക
    വീണ്ടും വ്രതശുദ്ധിയുടെ നാളുകള്
    നേരുന്നു നന്മകള്...

    ReplyDelete
  6. നമസ്കാരം,
    ഞാന്‍ അടുത്തകാലത്താണ്‌ ഈ ബ്ലോഗ്‌ എന്ന മാധ്യമം കാണുന്നത്‌. അതില്‍ അല്‍പം വ്യത്യസ്തത പുലര്‍ത്തുന്ന താങ്കളുടെ ഈ ശ്രമവും കാണാനിടയായി. ചില സംശയങ്ങള്‍ക്ക്‌ മറുപടിയും പ്രതീക്ഷിക്കുന്നു. ഇതിലെ പഴയ പോസ്റ്റുകളും സമയം കിട്ടുമ്പോള്‍ വായിക്കുന്നുണ്ട്‌. പഞ്ചേന്ദ്രിയം എന്താണെന്ന് അറിയാം. "മനസ്സ്‌" പതിനൊന്നാമത്തെ ഇന്ദ്രിയമാണെന്നു എഴുതിക്കണ്ടു. ഒന്നു വിശദമാക്കിത്തരാമോ?
    മനസ്സിനെക്കുറിച്ച്‌ ഞാന്‍ വായിച്ചിട്ടുള്ളത്‌ ഇങ്ങനെയാണ്‌:-

    "മനസ്സ്‌ അന്തഃകരണങ്ങളിലെ ബോധതലത്തിലുള്ള ഒരു പ്രക്രിയയാണ്‌. വികാരത്തേയൊ വിചാരത്തെയോ ഇച്ഛയെയോ ജനിപ്പിക്കുന്നതു മനസ്സല്ല. ബോധത്തിന്റെ വെളിച്ചത്തിലേക്ക്‌ ചിത്തവൃത്തികളെ കൊണ്ടുവന്ന്‌ ബുദ്ധിയുടെ പരിശോധനയ്ക്കായി അതിനെയൊക്കെയും വിധേയമാക്കുകയാണ്‌ മനസ്സിന്റെ ജോലി."

    അനുമോദനങ്ങള്‍...

    ReplyDelete
  7. പ്രിയ ഷാന്‍ , ഈ കമന്റ്‌ കാണുവാന്‍ വൈകി. ക്ഷമചോദിക്കുന്നു. ആശംസകള്‍ അങ്ങോട്ടും നേരുന്നു.

    ReplyDelete
  8. പ്രിയ താരാപഥം,

    ഈ കമന്റു കാണുവാന്‍ വൈകിയതില്‍ ക്ഷമിക്കുക.

    ഇന്ദ്രിയങ്ങള്‍ പതിനൊന്നാണ്‌ എന്നു പറയുന്നു.
    "ഏകാദശേന്ദ്രിയാണി, പഞ്ച ജ്ഞാനേന്ദ്രിയാണി, പഞ്ച കര്‍മ്മേന്ദ്രിയാണി, ഉഭയാത്മകം മനഃ"
    അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും, അഞ്ചു കര്‍മ്മേന്ദ്രിയങ്ങളും, മനസ്സ്‌ എന്ന ഒരു ഉഭയാത്മക - ജ്ഞാനകര്‍മ്മേന്ദ്രിയവും.

    ReplyDelete