Monday, April 20, 2009

ആഗ്നേയാസ്ത്രം സമം ആറ്റം ബോംബ്‌,

ഈ പോസ്റ്റ്‌ വായിച്ചു കഴിയുമ്പോള്‍ ആഗ്നേയാസ്ത്രം സമം ആറ്റം ബോംബ്‌, പുഷ്പകവിമാനം = ബോയിംഗ്‌ വിമാനം എന്നൊക്കെയാണ്‌ ഞാന്‍ പറഞ്ഞത്‌ എന്നു പറഞ്ഞ്‌ എന്റെ പുറത്തോട്ടു കേറീക്കോണം

ശ്രീ യുടെ ഒരു കമന്റില്‍ വേദിക്‌ മാത്‌ മാറ്റിക്സ്‌ നെ കുറിച്ച്‌ "ചില ഫ്രാഡുകള്‍ പറയുന്ന" എന്നെഴുതി കണ്ടു ആരെയാണുദ്ദേശിച്ചത്‌ എന്നറിയില്ല.

അന്നേരം എഴുതണം എന്നു വിചാരിച്ചതായിരുന്നു. പക്ഷെ ഇടക്ക്‌ നാട്ടില്‍ പോകേണ്ട ഒരാവശ്യം വന്നതിനാല്‍ അല്‍പം താമസിച്ചു ഈ ചെറിയ കുറിപ്പിന്‌


"സമപരിണാഹസ്യാര്‍ഥംവിഷ്കംഭാര്‍ഥഹതമേവ വൃത്ത ഫലം"

ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെ പകുതിയെ അതിന്റെ വ്യാസത്തിന്റെ പകുതി കൊണ്ടു ഗുണിച്ചാല്‍ വൃത്തതിന്റെ വിസ്തീര്‍ണ്ണം ലഭിക്കുന്നു എന്ന്‌ ഈ വരിയുടെ അര്‍ത്ഥം.

ചുറ്റളവ്‌ = 2പൈ r
വ്യാസം=r
1/2 * 2 പൈ r * r = pi* r^2

പാശ്ചാത്യര്‍ പൈയുടെ വില കണ്ടു പിടിച്ചില്ലായിരുന്നു എങ്കില്‍ വൃത്തത്തിന്റെ വ്യാസം കണ്ടു പിടിക്കുവാന്‍ ജീവിതത്തില്‍ സാധിക്കില്ലായിരുന്നു എന്നു അന്തം വിട്ടിരുന്ന എന്നെ പോലെ യുള്ളവര്‍ക്ക്‌ ഇതൊരു പുതിയ അറിവായിരുന്നു

ഇതിനെ തന്നെ വേറൊരു രീതിയില്‍ ലീലാതിലകത്തില്‍ പറയുന്നു

"വൃത്തക്ഷേത്രെ പരിധിഗുണിതവ്യാസപാദഃ ഫലം തത്‌
ക്ഷുണ്ണം വേദൈരുപരിപരിതഃ ക ന്ദുകസ്യേവ ജാലം
ഗോളസ്യൈവം തദപി ച ഫലം പുഷ്ടജം വ്യാസനിഘ്നം
ഷഡ്ഭിര്‍ഭക്തം ഭവതി നിയതം ഗോളഗര്‍ഭേ ഘനാഖ്യം

വൃത്തതിന്റെ ചുറ്റളവിനെ വ്യാസം കൊണ്ടു ഗുണിച്ച്‌ അതിനെ നാലുകൊണ്ടു ഹരിച്ചാല്‍ വൃത്തത്തിന്റെ വിസ്തീര്‍ണ്ണം ലഭികും എന്ന്‌.

അതായത്‌

ചുറ്റളവ്‌ 2 pi r
വ്യാസം 2r
അപ്പോള്‍ 2 pi r * 2r / 4 = pi r^2

ഇതിന്റെ രണ്ടു , മൂന്നു, നാലു പാദങ്ങളെ കൊണ്ട്‌ പറയുന്നത്‌ ഇതിനെ ഉപയോഗിച്ചു ഗോളത്തിന്റെ വിസ്തീര്‍ണ്ണം, വ്യാപ്തം(volume) ഇവ കണ്ടു പിടിക്കുന്നതാണ്‌.

കണക്കു താല്‍പര്യമുള്ളവര്‍ക്ക്‌ ചെയ്തു നോക്കാം.

അപ്പോള്‍ ചുറ്റളവ്‌ എങ്ങനെ കണ്ടു പിടിക്കും അതിനു pi വേണ്ടേ?

തന്ത്രസംഗ്രഹത്തില്‍ ഇങ്ങനെ ഒരു ശ്ലോകമുണ്ട്‌

"വ്യാസേ വാരിധി നിഹതേ രൂപഹതേ വ്യാസസാഗരാഭിഹതേ
സ്ത്രിശരാദിവിഷമഭക്തമൃണം സ്വം പൃഥക്‌ ക്രമാത്‌ കുര്യാത്‌"
വ്യാസത്തിനെ നാലുകൊണ്ട്‌ ഗുണിച്ചിട്ട്‌ വിഷമസംഖ്യകളെ കൊണ്ട്‌ ഹരിക്കുക. എന്നിട്ട്‌ ഒന്നിടവിട്ട്‌ കുറയ്ക്കുക്യും കൂട്ടുകയും ചെയ്യുക.

കണക്കില്‍ എഴുതുമ്പോള്‍ -

ചുറ്റളവ്‌= 4D/1-4D/3 + 4D/5-4D/7 +4D/9-4D/11 +-------

പൈയുടെ വിലയും ഇതില്‍ നിന്നും ലഭിക്കുന്നു.

pi= 4(1-1/3+1/5-1/7+1/9-1/11--
ഇതിനെക്കാള്‍ മുമ്പു തന്നെ മാധവാചാര്യന്‍ ക്രിയാക്രമകരിയില്‍ ഈ വിവരം പറയുന്നുണ്ട്‌. അതോടൊപ്പം പറയുന്നു-
ഇതെത്ര തവണ കൂടുതല്‍ ചെയ്യുന്നുവോ ചുറ്റളവ്‌ അത്ര കണിശമായിത്തീരുന്നു.
ഇവിടെ non-terminating series of james gregori എന്നോ മറ്റോ പറഞ്ഞാല്‍ "അതു താനല്ലയോ ഇതു " എന്നല്ലേ ഞാന്‍ പറഞ്ഞത്‌ എന്നു ശ്രീഹരിയ്ക്കു തോന്നും അതുകൊണ്ട്‌ ഞാന്‍ ഒന്നും പറയുന്നില്ല.(1630-1675 AD കാരനായ ഗ്രിഗറി പറഞ്ഞത്‌ എങ്ങനെ മാധവന്‍ 1350AD യില്‍ പറയും അല്ലേ? !!!)

തല്‍ക്കാലം മാധാവാചാര്യന്റെ ശ്ലോകം കുറിയ്ക്കാം
"വ്യാസാച്ചതുര്‍ഘ്നാത്‌ബഹുശഃ പൃഥക്സ്ഥാത്‌ ത്രിപഞ്ചസപ്താദ്യയുഗാഹൃതാനി
വ്യാസേ ചതുര്‍ഘ്നേ ക്രമശസ്ത്വൃണം സ്വം കുര്യാത്‌ തദാ തദാ സ്യാത്‌ പരിധിഃ സുസൂക്ഷ്മഃ"

ആധുനിക കണക്കിന്റെ സംഭാവനയാണെന്നു നാം വിശ്വസിക്കുന്ന Ratio- proprortions ഇവയെ കുറിച്ചു നമുക്കുണ്ടായിരുന്ന അറിവെന്തായിരുന്നു -

ആര്യഭടീയത്തിന്റെ വ്യാഖ്യാനത്തില്‍ ഭാസ്കരാചാര്യന്‍ തന്ന ഈ ശ്ലോകം നോക്കുക

"അഷ്ടൗ ദാന്താസ്ത്രയോ ദമ്യാ ഇതി ഗാവഃ പ്രകീര്‍ത്തിതാഃ
ഏകാഗ്രസ്യ സഹസ്രസ്യ കതിദാന്താഃ കതീതരേ"

പതിനൊന്നു പശുക്കളില്‍ എട്ടെണ്ണം മെരുക്കപ്പെട്ടവയും മൂന്നെണ്ണം മെരുക്കപ്പെടേണ്ടവയും ആണെങ്കില്‍ ആയിരത്തൊന്നു പശുക്കളില്‍ എത്ര മെരുക്കപ്പെട്ടവ എത്ര മെരുക്കപ്പെടേണ്ടവ?

ശരാശരിയെ കുറിയ്ക്കുന്ന ഈ ഭാഗം നോക്കുക-
ലീലാവതി ഭാസ്കരാചാര്യന്‍ - 2ന്റെ
"ഗണയിത്വാ വിസ്താരം ബഹുഷുസ്ഥാനേഷു തദ്യുതിര്‍ഭാജ്യാ
സ്ഥാനകമിത്യാ സമമിതിരേവം ദൈര്‍ഘ്യേ ച വേധേ ച"
നീളം വീതി, ആഴം തുടങ്ങിയവയ്ക്ക്‌ അളവു പലയിടത്ത്‌ എടുത്ത്‌ അവയുടെ എല്ലാം കൂടിയ തുകയെ , എത്രതവണ എടുത്തോ ആ സംഖ്യ കൊണ്ട്‌ ഹരിക്കണം.

ഇതിനുള്ള വ്യാഖ്യാനത്തില്‍ ഗണേശന്‍ എന്ന ആചാര്യന്‍ എഴുതുന്നു-
"യഥാ യഥാ ബഹുഷു സ്ഥാനേഷു വിസ്തരാധികം ഗണ്യതേ
തഥാ തഥാ സമമിതി സൂക്ഷ്മസൂക്ഷ്മതരാ സ്യാത്‌ "

അതായ്ത്‌ എത്രതവണ കൂടൂതല്‍ ഈ അളവുകള്‍ എടൂക്കുന്നുവോ , ശരാശരി അത്രകൂടൂതല്‍ കൃത്യമാകുന്നു എന്ന്‌.


ഭാരതീയ ശാസ്ത്രങ്ങളില്‍ പുരോഗതി വരണമെങ്കില്‍ അവനവന്റെ യുക്തി വേണ്ടും വണ്ണം ഉപയോഗിക്കണം എന്നു പറഞ്ഞിട്ടില്ല എന്നു തോന്നും ചിലരുടെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍.

അതും ശരിയല്ല.

അന്ധമായ വിശ്വാസം ഒന്നിലേ പറയുന്നുള്ളു - ആത്യന്തികസത്യസാക്ഷാല്‍കാരത്തില്‍ - അത്‌ അനുഭവിച്ചവര്‍ പറഞ്ഞിട്ടുള്ളതാനെന്നു ഞാന്‍ വിശ്വസിക്കുന്നു - അതു അനുഭവിക്കാനേ സാധിക്കൂ - അല്ലാതെ തര്‍ക്കിച്ചു തീരുമാനിക്കാവുന്ന ഒന്നല്ല അതുകൊണ്ട്‌.

അതിനിപ്പുറമുള്ളതെല്ലാം

" വിമൃശ്യൈതദശേശേണ യഥേച്ഛസി തഥാ കുരു " എന്നു ഭഗവാന്‍ ഗീതയില്‍ പറഞ്ഞതു പോലെ വിമര്‍ശനബുദ്ധിയോടുകൂടി പഠിച്ചിട്ട്‌ അവനവനു ശരിയെന്നു തോന്നുന്നത്‌ ചെയ്യുക.

"കാലാന്തരേ തു സംസ്കാരശ്ചിന്ത്യതാം ഗണകോത്തമൈഃ"

ഉത്തമന്മാരായ ഗണകന്മാര്‍ - കണക്കന്മാര്‍ - ഭാവിയില്‍ വേണ്ടവിധത്തിലുള്ള സംസ്കാരം, ആലോചിച്ചു ചെയ്യണം " എന്നു പറഞ്ഞാല്‍ വീണ്ടും വീണ്ടും പഠിച്ചു പഠിച്ച്‌ ഉയരണം എന്നു തന്നെ ആണര്‍ത്ഥം.

ഇതൊക്കെ പറഞ്ഞെങ്കിലും വേദത്തില്‍ എന്താണുണ്ടായിരുന്നത്‌ എന്നോ എന്തൊക്കെ ഇല്ലായിരുന്നു എന്നോ പറയുവാന്‍ ഞാനാളല്ല.

കാരണം സംസ്കൃതം എന്ന ഭാഷയുടെ വിവരണാതീതമായകഴിവുകളുടെ ചില അംശങ്ങള്‍ കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്നവനാണ്‌ ഞാന്‍. അതിന്റെ ചില വശങ്ങള്‍ ഞാന്‍ ആയുര്‍വേദത്തിന്റെ ഭാഷയും മറ്റും പറഞ്ഞ പോസ്റ്റുകളില്‍ കൊടുത്തിട്ടും ഉണ്ട്‌.

റോഡരികിലുള്ള ബോര്‍ഡ്‌ വായിച്ചു തമിഴു പഠിച്ചാല്‍ തമിഴിലെ അക്ഷരം വായിക്കാന്‍ പഠിച്ചു എന്നു പറയാം പക്ഷെ അതിന്റെ കൂടെ താന്‍ തമിഴ്‌ പണ്ഡിതനും ആയി എന്നു ധരിച്ചാല്‍- കഷ്ടം എന്നേ പറയാന്‍ സാധിക്കൂ

ആചാര്യന്‍ എന്ന ശബ്ദത്തിനെ വിശദീകരിക്കുന്നത്‌ "ഷഡംഗയുക്തമായി വേദം അഭ്യസിപ്പിക്കുവാന്‍ കഴിവുള്ളയാള്‍ " എന്നാണ്‌

ഷഡംഗം എന്നത്‌ ആയുര്‍വേദത്തിലെ കഷായമല്ല ഇവിടെ.

ആറംഗങ്ങള്‍. - അതിലെ വ്യാകരണം, നിരുക്തം എന്നിവ ഗുരുവിന്റെ അടൂത്തു നിന്നും അഭ്യസിച്ചാല്‍ ചിലപ്പോള്‍ വേദത്തില്‍ ഉള്ളത്‌ വല്ലതും മനസ്സിലായേക്കും.- അല്ലാതെ മുമ്പൊരിടത്തു കണ്ടതു പോലെ ആയുര്‍വേദഗ്രന്ഥങ്ങളില്‍ കൂടെ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാകുന്ന വിഡ്ഢികള്‍ - അല്ല അവര്‍ക്കു മറ്റു പല ഉദ്ദേശങ്ങളും ഉണ്ടല്ലൊ അല്ലേ.

22 comments:

  1. ഈ പോസ്റ്റ്‌ വായിച്ചു കഴിയുമ്പോള്‍ ആഗ്നേയാസ്ത്രം സമം ആറ്റം ബോംബ്‌, പുഷ്പകവിമാനം = ബോയിംഗ്‌ വിമാനം എന്നൊക്കെയാണ്‌ ഞാന്‍ പറഞ്ഞത്‌ എന്നു പറഞ്ഞ്‌ എന്റെ പുറത്തോട്ടു കേറീക്കോണം

    "സമപരിണാഹസ്യാര്‍ഥംവിഷ്കംഭാര്‍ഥഹതമേവ വൃത്ത ഫലം"

    ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെ പകുതിയെ അതിന്റെ വ്യാസത്തിന്റെ പകുതി കൊണ്ടു ഗുണിച്ചാല്‍ വൃത്തതിന്റെ വിസ്തീര്‍ണ്ണം ലഭിക്കുന്നു എന്ന്‌ ഈ വരിയുടെ അര്‍ത്ഥം.

    ചുറ്റളവ്‌ = 2പൈ r
    വ്യാസം=r
    1/2 * 2 പൈ r * r = pi* r^2

    പാശ്ചാത്യര്‍ പൈയുടെ വില കണ്ടു പിടിച്ചില്ലായിരുന്നു എങ്കില്‍ വൃത്തത്തിന്റെ വ്യാസം കണ്ടു പിടിക്കുവാന്‍ ജീവിതത്തില്‍ സാധിക്കില്ലായിരുന്നു എന്നു അന്തം വിട്ടിരുന്ന എന്നെ പോലെ യുള്ളവര്‍ക്ക്‌ ഇതൊരു പുതിയ അറിവായിരുന്നു

    ReplyDelete
  2. ഈ പോസ്റ്റിന്റെ ആദ്യത്തെ പാരഗ്രാഫ് മാത്രം ഒഴിവാക്കി, തലക്കെട്ടും മാറ്റി വീണ്ടും പ്രസിദ്ധീകരിക്കുമോ? പൈതൃകത്തെപ്പറ്റിയുള്ള അറിവും പൈതൃകത്തിന്റെ ഭാഗമാണെന്നറിയാത്തവരുടെ വിമർശനങ്ങൾക്ക് ഉത്തരം പറയാൻ സമയം ചെലവാക്കുന്നത് വ്യർഥമാണെന്നാണെന്റെ അഭിപ്രായം.

    "ഇതിനെ തന്നെ വേറൊരു രീതിയില്‍ ലീലാതിലകത്തില്‍ പറയുന്നു"
    ലീലാ തിലകം ?

    സി.കൃഷ്ണൻ നമ്പൂതിരി എഴുതിയ “ഭാരതീയ ശാസ്ത്രചിന്ത” എന്ന പുസ്തകസീരീസിൽ ഒന്നാമത്തെ പുസ്തകം “ഗണിത”ത്തിൽക്കൊടുത്ത കാര്യങ്ങൾ താൽ‌പ്പര്യമുളവാക്കുമെന്നു തോന്നുന്നു. ആ സീരീസിലെ ഭൌതികം(പ്രപഞ്ചവിജ്ഞാനീയം),രസതന്ത്രം എന്നിവ ഞാൻ കണ്ടിട്ടുണ്ട്.ഏറ്റവും ഒടുക്കമിറങ്ങിയത് ”മനോവിജ്ഞാനീയ“മാണെന്നുമറിയുന്നു.

    ReplyDelete
  3. പേരൊക്കെ പോസ്റ്റില്‍ ഉള്ളത് കൊണ്ട് കമന്റിടാം ന്നു കരുതി....

    "പാശ്ചാത്യര്‍ പൈയുടെ വില കണ്ടു പിടിച്ചില്ലായിരുന്നു എങ്കില്‍ വൃത്തത്തിന്റെ വ്യാസം കണ്ടു പിടിക്കുവാന്‍ ജീവിതത്തില്‍ സാധിക്കില്ലായിരുന്നു എന്നു അന്തം വിട്ടിരുന്ന എന്നെ പോലെ യുള്ളവര്‍ക്ക്‌ ഇതൊരു പുതിയ അറിവായിരുന്നു"

    മാഷേ, ശാസ്ത്രം ഗണിതം ഇതൊക്കെ ഒന്നേ ഉള്ളൂ... സയന്‍സ് എന്നു പറയുന്നത് പാശ്ചാത്യരുടെ കണ്ടുപിടിത്തങ്ങള്‍ക്ക് ആരും ഇട്ട ഓമനപ്പേരല്ല... പ്രാചീനഭാരതത്തില്‍ ഗണിതശാസ്ത്രം ഏറെ പുരോഗമിച്ചിരുന്നു എന്നത് തര്‍ക്കത്തിനതീതമായ കാര്യമാണ്. ( നമ്മളും ലീലാവതിയൊക്കെ വായിച്ചിട്ടുണ്ടേ)...

    പ്രാചീനഭാരതീയചാര്യന്മാരുടെ ശാസ്ത്രജ്ഞാനത്തെക്കുറിച്ച് ഞങ്ങള്‍ക്കൊക്കെ ബഹുമാനം മാത്രമേയുള്ളൂ...

    പക്ഷെ ഇവിടെ മാഷ് പറയാന്‍ ഉദ്ദേശിച്ചത് എന്ത് എന്ന് വ്യക്തമായില്ല.. ആദ്യമായി പൈയുടെ വാല്യൂ കണ്ടുപിടിച്ചത് ഭാരതീയരായിരുന്നുവെന്നോ?

    ദേ ഉമേഷ് ജീയുടെ ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ.... അങ്ങോട്ട് പോയി വായിക്കില്ല എന്നറിയാം... അതോണ്ട് ഇവിടെ കോപ്പി പേസ്റ്റുന്നു.

    "ഒരു വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള അനുപാതമായ “പൈ”യുടെ മൂല്യം ക്രി. പി. അഞ്ചാം ദശകത്തില്‍ ആര്യഭടന്‍ നാലു ദശാംശസ്ഥാനങ്ങള്‍ക്കു കൃത്യമായി കണ്ടെത്തി.


    ചതുരധികം ശതമഷ്ടഗുണം ദ്വാഷഷ്ടിസ്തഥാ ചതുര്‍ത്ഥാണാം
    അയുതദ്വയവിഷ്കംഭസ്യാസന്നോ വൃത്തപരിണാഹഃ
    (ആര്യഭടീയം)

    ഇതനുസരിച്ചു്‌, 20000 വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി 104 x 8 + 62000 = 62832 ആണു്‌. അതായതു്‌, പൈ = 3.1416. ഇതു നാലു ദശാംശസ്ഥാനങ്ങള്‍ക്കു ശരിയാണു്‌.

    ലോകത്തില്‍ ആദ്യമായി പൈയുടെ മൂല്യം നാലു ദശാംശസ്ഥാനങ്ങള്‍ക്കു കൃത്യമായി കണ്ടുപിടിച്ചതു്‌ ആര്യഭടനാണു്‌ എന്നൊരു തെറ്റായ ധാരണയുണ്ടു്‌. ക്രി. മു. മൂന്നാം ശതകത്തില്‍ ആര്‍ക്കിമിഡീസ്‌ പൈയുടെ മൂല്യം 211875/67441 = 3.14163… ആണെന്നു കണ്ടുപിടിച്ചിരുന്നു. ക്രി. പി. രണ്ടാം ശതകത്തില്‍ ടോളമി 377/120 = 3.141666… എന്നും. ഇവയ്ക്കു രണ്ടിനെക്കാളും പൈയുടെ മൂല്യത്തോടു്‌ (3.1415926…) അടുത്തു നില്‍ക്കുന്നതു്‌ ആര്യഭടന്റെ മൂല്യമാണെന്നതു മറ്റൊരു കാര്യം. ആര്യഭടനു മുമ്പേ ചീനക്കാരനായ സു ചൊങ്ങ്ഴി (Zu Chongzhi) ഇതിനെക്കാള്‍ കൃത്യമായി (3.1415926-നും 3.1415927-നും ഇടയ്ക്കാണെന്നു്‌) കണ്ടുപിടിച്ചിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ടു്‌.
    "

    ഇനി ആര്യഭടനേക്കാളും മുന്‍പേ മറ്റാരെങ്കിലും കണ്ടുപിടിച്ചു എന്നത് ആര്യഭടന്റെ കണ്ടുപിടത്തത്തിന്റെ വില കുറയ്ക്കുന്നുമില്ല...

    ഒരിക്കല്‍ കൂടെ ശാസ്ത്രം അത് എവിടെ നിന്നുണ്ടായതാണെങ്കിലും അതെല്ലാം അമൂല്യമാണ്. പക്ഷേ ശാസ്ത്രമെന്നും പറഞ്ഞ് ഫ്രാഡ് വേലകള്‍ ഇറക്കുന്നതിനെ ഇറക്കുകയും ചെയ്യും പ്രതിപാദിച്ച വേദിക് മാത്തമറ്റിക്സ് ഫ്രാഡ് എന്തായിരുന്നു എന്ന് മനസിലാക്കാന്‍ അപ്പോള്‍ തന്ന ലിങ്ക് മാഷൊന്നു വായിച്ചു നോക്കിയാല്‍ മതിയായിരുന്നു. അതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തെ കുറിച്ച് പോസ്റ്റിട്ട് മാഷ് എന്നെ പേരെടുത്ത് വിമര്‍ശിക്കാന്‍ ശ്രമിക്കുന്നു... വേദിക് മാത്തമറ്റിക്സ് എന്ന ഫ്രാഡിനെക്കൂറിച്ച് ഞാന്‍ പരഞ്ഞിട്ടുണ്ടേങ്കില്‍ , ഞാന്‍ ബഹുമാനിക്കുന്ന ലീലാവതിയെ ചൂണ്ടിക്കാണിച്ച് മാഷെന്തിനാണ് ഇങ്ങനെ പോസ്റ്റിടുന്നത്? ലീലാവതിയേയും ഭാസ്കരാചാര്യറേയും ആര്യഭടനേയും ആരിവിടെ കുറ്റം പറഞ്ഞു? വെറുതേ എഴുതാപ്പുറം വായിക്കരുത്...

    ഇനിയെങ്കിലും കാര്യം മനസിലാക്കി വിമര്‍ശിക്കാന്‍ നടക്കുക...

    മുന്‍ കമന്‍സില്‍ മധുരാജ് പറഞ്ഞ പോലെ ഇതൊരു ഇന്‍ഡിപെന്‍ഡന്റ് പോസ്റ്റാക്കി ഇട്ടാല്‍ ഈ പോസ്റ്റിനു അര്‍ഥമുണ്ട്.. പറഞ്ഞ കാര്യത്തിനു വാല്യൂവും ഉണ്ടാവും...

    ReplyDelete
  4. 1. ശ്രീഹരി പറഞ്ഞു എന്നല്ലാതെ എവിടെ പറഞ്ഞു എന്നു ലിങ്കൊന്നും ഇല്ലാത്തതു കൊണ്ടു് എന്തു പറഞ്ഞു എന്നറിയാൻ നിർവ്വാഹമില്ല. (ബോർഡു നോക്കി തമിഴു പഠിച്ച ലിങ്കു കൊടുക്കാൻ അറിവില്ലായ്മ ഇല്ല താനും!) വേദിക് മാത്തമാറ്റിക്സിനെപ്പറ്റിയാണെന്നാണു താങ്കളുടെ വാക്കുകളിൽ നിന്നു മനസ്സിലാകുന്നതു്. അങ്ങനെയാണെങ്കിൽ...

    2. താങ്കൾ ഈ പോസ്റ്റിൽ പറഞ്ഞതൊന്നും വേദഗണിതമല്ല. ഭാസ്കരനും മാധവനും മറ്റും പറഞ്ഞതാണു്. പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷം. വേദങ്ങൾ അത്ര പുതിയതല്ല എന്നാണു കേട്ടിട്ടുള്ളതു്. വേദഗണിതത്തെപ്പറ്റിയുള്ള വിമർശനത്തിനു് ഇതൊക്കെ പറയുന്നതിന്റെ യുക്തി എന്തു്?

    3. ഈ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളെപ്പറ്റി ആർക്കും എതിരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല. ഇവയിൽ മിക്കതിനെപ്പറ്റിയും ഞാൻ എഴുതിയിട്ടുണ്ടു്.


    3ക) സമപരിണാഹസ്യാര്‍ദ്ധം (താങ്കൾ എഴുതിയതു പോലെ സമപരിണാഹസ്യാര്‍ഥം അല്ല) ഇവിടെ. വളരെ വിദഗ്ദ്ധമായി താങ്കൾ ആ ശ്ലോകത്തിന്റെ ഉത്തരാർദ്ധം മുക്കിയല്ലോ. ഗോളത്തിന്റെ വ്യാപ്തം തരുന്ന ആ ഭാഗം തെറ്റാണെന്നു് എന്റെ പോസ്റ്റിലുണ്ടു്. ഇതും വേദഗണിതമല്ല. ആര്യഭടൻ ക്രി. പി. ആറാം നൂറ്റാണ്ടിൽ എഴുതിയതാണു്. വൃത്തത്തിന്റെ വിസ്താരം കണ്ടുപിടിക്കാനുള്ള വഴി അതിനും നൂറ്റാണ്ടുകൾ മുമ്പേ ലോകത്തിനറിയാമായിരുന്നു.
    3ഖ) വൃത്തക്ഷേത്രേ പരിധിഗുണിത... മുകളിൽ പറഞ്ഞ പോസ്റ്റിൽത്തന്നെ. ഭാസ്കരാചാര്യർ പന്ത്രണ്ടാം നൂറ്റാണ്ടിൽ. ലീലാതിലകമല്ല, ലീലാവതി. ലതു വ്യാകരണം. ലിതു ഗണിതം.
    3ഗ) വ്യാസേ വാരിധിനിഹിതേ... ഇവിടെ. മാധവൻ ക്രി. പി. 14-15 നൂറ്റാണ്ടുകളിൽ.
    3ഘ) വ്യാസാച്ചതുര്‍ഘ്നാദ് ബഹുധഃ പൃഥക് സ്ഥാത്... ഇവിടെ. ഇതു് മാധവന്റെയല്ല, പുതുമന സോമയാജിയുടേതാണു്.

    4) അതുപോലെ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഭാസ്കരാചാര്യർ ശരാശരിയെപ്പറ്റി പറഞ്ഞു എന്നതു് അത്ര വലിയ കാര്യമാണോ? അതിനെക്കാൾ എത്രയോ മുമ്പു തന്നെ ശരാശരിയും വെയിറ്റഡ് ആവറേജും ജ്യോമട്രിക് മീനുമൊക്കെ ഗണിതജ്ഞർ ഉപയോഗിച്ചിരിക്കുന്നു.

    5) മാധവൻ 1350-ൽ എന്തോ പറഞ്ഞു എന്നു കണ്ടു. 1350-ൽ മാധവൻ ജനിച്ചിട്ടേ ഉള്ളൂ. ജനിച്ച ഉടനേ ഗണിതം പറഞ്ഞുതുടങ്ങിയില്ല അദ്ദേഹം. എന്തായാലും അദ്ദേഹം ഗ്രിഗറിയ്ക്കു മുന്നേ ആ ശ്രേണി കണ്ടുപിടിച്ചിട്ടുണ്ടു്. അതിനെപ്പറ്റി ഞാൻ ഇവിടെ വിശദമായി പറഞ്ഞിട്ടുണ്ടു്. മാധവൻ പറഞ്ഞുവെച്ചതേ ഉള്ളൂ, ഗ്രിഗറി അതു തെളിയിക്കുകയും ചെയ്തു എന്നും തോന്നുന്നു. (ഗ്രിഗറിയുടെ തെളിവു് ഞാൻ കണ്ടിട്ടില്ല, അതാണു തോന്നുന്നു എന്നു പറഞ്ഞതു്.)


    വേദിക് മാത്തമാറ്റിക്സ് എന്നതിനെ ഞാൻ പലയിടത്തും വിമർശിച്ചിട്ടുണ്ടു്. അതു് വേദകാലത്തെ ഗണിതത്തെ (ശുൽബസൂത്രം തുടങ്ങിയവ) അല്ല. വേദിക് മാത്തമാറ്റിക്സ് എന്നു പറഞ്ഞു് പുരി ശങ്കരാചാര്യരുടെ കുറിപ്പുകളിൽ നിന്നു് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം കുറേപ്പേർ ചേർന്നു പ്രസിദ്ധീകരിച്ച ഈ പുസ്തകവുമായി ബന്ധപ്പെട്ട വേദിക് മാത്തമാറ്റിക്സിനെ ആണു്. (അതു തന്നെയാവും ശ്രീഹരിയും വിമർശിച്ചിരിക്കുക.) അതിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ? എന്നാൽ ഒരു സംവാദമാകാം.

    “ഇതൊക്കെ പറഞ്ഞെങ്കിലും വേദത്തില്‍ എന്താണുണ്ടായിരുന്നത്‌ എന്നോ എന്തൊക്കെ ഇല്ലായിരുന്നു എന്നോ പറയുവാന്‍ ഞാനാളല്ല. കാരണം സംസ്കൃതം എന്ന ഭാഷയുടെ വിവരണാതീതമായകഴിവുകളുടെ ചില അംശങ്ങള്‍ കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്നവനാണ്‌ ഞാന്‍.”

    അപ്പോൾ ചങ്കരൻ ചത്താലും തെങ്ങിൽ നിന്നു പിടി വിടില്ല, അല്ലേ?

    ReplyDelete
  5. ശ്രീഹരീ,

    ശ്രീശങ്കരാചാര്യര്‍ ജീവിച്ചിരുന്നപ്പോള്‍ ആദ്ദേഹത്തെ സഭയില്‍ നിന്നും ഒഴിവാക്കിയവരും, മരിച്ചുകഴിഞ്ഞ്‌ ആദരണീയനായിക്കഴിഞ്ഞപ്പോള്‍, അദ്ദേഹത്തെ കച്ചവടചരക്കാകിയ ആരെങ്കിലും എന്തെങ്കിലും എഴുതിയതിനെ അല്ല ഞാന്‍ ഭാരതീയ പൈതൃകം എന്നു കരുതുന്നത്‌. അതിനെ ആണ്‌ നിങ്ങളും വിമര്‍ശിക്കുന്നത്‌ എന്നറിഞ്ഞതില്‍ സന്തോഷം.

    പൈയുടെ വില നിശ്ചയിക്കുവാന്‍ ഉമേഷ്‌ എഴുതിയവയല്ലാതെ കൂടുതല്‍ കൃത്യമായ വഴികളും ഉണ്ട്‌.

    ഭാസ്കരന്‍ 2 ന്റെ ലീലാവതിയില്‍ ക്ഷേത്രവ്യവഹാരം 40 പറയുന്ന ശ്ലോകം

    വ്യാസേ ഭവനന്ദാഗ്നിഹതേ വിഭക്തേ ഖബാണസൂര്യൈഃ പരിധിഃ സുസൂക്ഷ്മഃ
    ദ്വാവിംശതിഘ്നേ വിഹൃതേഥ ശൈലൈഃ സ്ഥൂലോഥവാ സ്യാത്‌ വ്യവഹാരയോഗ്യഃ

    വ്യാസത്തെ (Diameter) 3927 കൊണ്ട്‌ ഗുണിച്ച്‌ 1250 കൊണ്ട്‌ ഹരിച്ചാല്‍ ചുറ്റളവു ലഭിക്കും.
    അഥവാ വ്യാസത്തെ 22 കൊണ്ട്‌ ഗുണിച്ച്‌ 7 കൊണ്ട്‌ ഹരിച്ചാല്‍ ചുറ്റളവു ലഭിക്കും.

    ആദ്യത്തെ ഫലം ഏകദേശം 3.1416 തരുന്നു
    രണ്ടാമത്തെത്‌ കൃത്യമായി 3.1428571--- (22/7) തരുന്നു (ഇതും ഇനി ഉമേഷ്‌ എവിടെ എങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയില്ല- ഇതില്‍ കാണാത്തതു കൊണ്ട്‌ കുറിച്ചു)

    ഉമേഷേ പോസ്റ്റില്‍ പറയുന്ന കാര്യങ്ങളോട്‌ എതിര്‍പ്പില്ല എന്നു പറഞ്ഞതിലും, അക്ഷരപ്പിയകു ചൂണ്ടി കാണിച്ചതിലും നന്ദി. പിന്നെ ഒന്നു ഞാന്‍ അതുകൊണ്ട്‌ അങ്ങോട്ടും കാണീക്കാം വ്യാസേ വാരിധി നിഹിതേ അല്ല "നിഹതേ" :)

    നിങ്ങള്‍ എതിര്‍ക്കുന്ന വേദിക്‌ മാത്‌സ്‌ , വേദഗണിതം അല്ല എന്നു മനസിലാക്കി തന്നതില്‍ പ്രത്യേക നന്ദി.
    ശ്രീഹരിയോട്‌ പറഞ്ഞ ആദ്യത്തെ വാചകംകൂട്ടി വായിക്കുക

    ReplyDelete
  6. പ്രിയ മധുരാജ്‌ ജി,

    ട്രെയിനില്‍ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ ലീലാതിലകം ചാര്‍ത്തീ എന്ന പാട്ടും കേട്ടു കൊണ്ട്‌ ടൈപ്പ്‌ ചെയ്തതിന്റെ ഫലമാണാ കണ്ടത്‌ ക്ഷമിക്കുക
    :)

    ReplyDelete
  7. എനിക്കും ഇതൊക്കെ പുതിയ അറിവുക‌‌ള്‍.

    ReplyDelete
  8. "“ഇതൊക്കെ പറഞ്ഞെങ്കിലും വേദത്തില്‍ എന്താണുണ്ടായിരുന്നത്‌ എന്നോ എന്തൊക്കെ ഇല്ലായിരുന്നു എന്നോ പറയുവാന്‍ ഞാനാളല്ല. കാരണം സംസ്കൃതം എന്ന ഭാഷയുടെ വിവരണാതീതമായകഴിവുകളുടെ ചില അംശങ്ങള്‍ കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്നവനാണ്‌ ഞാന്‍.”

    അപ്പോൾ ചങ്കരൻ ചത്താലും തെങ്ങിൽ നിന്നു പിടി വിടില്ല, അല്ലേ?
    "

    പ്രിയ ഉമേഷ്‌ താങ്കള്‍ എഴുതിയ അവസാനത്തെ വരിയ്ക്കുള്ള മറുപടി അന്നേരം എഴുതാന്‍ വിട്ടുപോയി.

    ഏതെങ്കിലും ഒരു ഇംഗ്ലീഷ്‌ പുസ്തകം മറിച്ചു നോക്കി അതില്‍ 'h' എന്ന ഒരക്ഷരം കണ്ടാല്‍ മതി ആ പുസ്തകത്തില്‍ h എന അക്ഷരം ഉണ്ട്‌ എന്നു ഉറക്കെ പറയാം.

    എന്നാല്‍ അതില്‍ 'h' എന്ന അക്ഷരം ഇല്ല എന്നു പറയണം എങ്കില്‍ വളരെ വിശദമായി ആ പുസ്തകം മുഴുവന്‍ പരിശോധിച്ച്‌, ആ അക്ഷരം അതില്‍ കാണുന്നില്ല എന്നുറപ്പു വരുത്തണം.

    ഇതു വെറും ഒരക്ഷരത്തിന്റെ കാര്യം.

    ഇനി ആ പുസ്തകത്തിലുള്ള ഏതെങ്കിലും ഒരാശയത്തെ കുറിച്ച്‌ ഇതുപോലെ പറയണം എങ്കില്‍ ആ പുസ്തകം മുഴുവനും , അതുപഠിക്കേണ്ട രീതിയില്‍ വിശദമായി പഠിക്കണം, എന്നാല്‍ പോലും ആ പുസ്തകത്തില്‍ അങ്ങനെ 'ഒരാശയം എനിക്കു കാണുവാന്‍ കഴിയുന്നില്ല' എന്നെ പറയുവാന്‍ സാധിക്കൂ അല്ലാതെ ആ പുസ്തകത്തില്‍ മറ്റൊരാള്‍ക്ക്‌ കാണുവാന്‍ സാധിക്കില്ല എന്നു പറയുവാന്‍ ഒക്കുകയില്ല.

    വേദം അഭ്യസിക്കേണ്ടത്‌ ആചാര്യനില്‍ നിന്നാണ്‌ - താങ്കള്‍ എഴുതിയതുപോലെ താടിയും മുടിയും നീട്ടി ഇരിക്കുന്ന സിബു ഗുരുവിന്റെ അടുത്തു നിന്നല്ല.

    ആചാര്യന്‍ "മന്ത്രവ്യാഖ്യാകൃദാചാര്യഃ"

    സാധാരണ മന്ത്രം എന്നത്‌ മീമാസ്യമല്ലെന്നാണു പറയുക - കാരണം അതിന്റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ കെല്‍പുള്ളവരെ മാത്രമേ അതു പഠിപ്പിക്കാവൂ അത്രെ - കഠോപനിഷത്തില്‍ നചികേതസ്സിനെ പരിശോധിക്കുന്നതു പോലെ.

    മന്ത്രത്തിനെ വ്യാഖ്യാനിക്കുവാന്‍ കഴിവുള്ളയാള്‍ ആചാര്യന്‍ എന്നു പറയുന്നു. എന്നാല്‍ ഇതിലും വിശദമായി
    "ഉപനീയ തു യഃ ശിഷ്യം വേദമദ്ധ്യാപയേന്നരഃ
    സാംഗോപാംഗരഹസ്യൈസ്തു തമാചാര്യം പ്രചക്ഷതേ"

    ഷഡംഗസംയുക്തമായി വേദമന്ത്രങ്ങള്‍ ശിഷ്യനെ ഉപനയനം ചെയ്തു പഠിപ്പിക്കുവാനും അവയുടെ രഹസ്യങ്ങള്‍ അവനു വെളിപെടുത്തുവാനും കഴിവുള്ളയാള്‍ ആചാര്യന്‍.

    ഇങ്ങനെ ഒന്നും പഠിക്കുവാനുള്ള സാഹചര്യം എനിക്കു ലഭിച്ചിട്ടില്ല.

    അങ്ങനെ ഒരവസരം ലഭിച്ചിട്ട്‌ അതിനു ശേഷം "വേദത്തില്‍ ജ്ഞാനം ശുഷ്കമാണെന്ന്‌" എനിക്കു മനസ്സിലായാല്‍ അന്നോ അല്ലെങ്കില്‍ താങ്കളെ പോലെ ഞാനും ഒരു ശുംഭനായാല്‍ അന്നോ "ചങ്കരന്‍ തെങ്ങില്‍ നിന്നു പിടി വിടാം" കേട്ടോ
    see this also for the language sanskrit

    ReplyDelete
  9. "ഇങ്ങനെ ഒന്നും പഠിക്കുവാനുള്ള സാഹചര്യം എനിക്കു ലഭിച്ചിട്ടില്ല.

    അങ്ങനെ ഒരവസരം ലഭിച്ചിട്ട്‌ അതിനു ശേഷം "വേദത്തില്‍ ജ്ഞാനം ശുഷ്കമാണെന്ന്‌" എനിക്കു മനസ്സിലായാല്‍ അന്നോ അല്ലെങ്കില്‍ താങ്കളെ പോലെ ഞാനും ഒരു ശുംഭനായാല്‍ അന്നോ "ചങ്കരന്‍ തെങ്ങില്‍ നിന്നു പിടി വിടാം" കേട്ടോ"

    മരത്തലയന് മനസ്സിലായത് ഇതാണ്. ഇതു വരെ പഠിക്കുവാനുള്ള അവസരം ലഭിച്ചിട്ടില്ല. പഠിക്കാതെ എങ്ങനെ പറയാൻ കഴിയും ജ്ഞാനം ശുഷ്‌ക്കമാണോ അല്ലിയോ എന്ന്? പഠിച്ചു കഴിയുമ്പോൾ ചിലപ്പോൾ മനസ്സിലാകും ഞാനും താങ്കളെ പ്പോലെ ഒരു ശുംഭനാണെന്ന്. അന്നേരം ചങ്കരൻ തെങ്ങിന്മേൽ നിന്നും വിടാം എന്നാണ് തന്ന്ങ്കൾ പറയുന്നത്, അല്ലേ?

    കാര്യങ്ങൾ പഠിക്കുന്നതിനു മുമ്പേ മറ്റൊരാളെ ശുംഭൻ എന്നു വിളിക്കുന്ന ആൾ ഏത് ഗുരുവിന്റെ അടുത്തു പോയാലും വലിയ രക്ഷ കിട്ടുമെന്ന് ഈ മരത്തലയനു പോലും തോന്നുന്നില്ല.

    ReplyDelete
  10. ""ഇങ്ങനെ ഒന്നും പഠിക്കുവാനുള്ള സാഹചര്യം എനിക്കു ലഭിച്ചിട്ടില്ല.

    അങ്ങനെ ഒരവസരം ലഭിച്ചിട്ട്‌ അതിനു ശേഷം "വേദത്തില്‍ ജ്ഞാനം ശുഷ്കമാണെന്ന്‌" എനിക്കു മനസ്സിലായാല്‍ അന്നോ അല്ലെങ്കില്‍ താങ്കളെ പോലെ ഞാനും ഒരു ശുംഭനായാല്‍ അന്നോ "ചങ്കരന്‍ തെങ്ങില്‍ നിന്നു പിടി വിടാം" കേട്ടോ"


    ഹെറിറ്റേജ് മാഷോട് ഭയങ്കര അസൂയ തോന്നുന്നു... ഇങ്ങനെ blissful ആയ ജീവിതം നയിക്കാന്‍ ഒരു ഭാഗ്യം വേണം...

    ജിബ്രാന്റെ ഫോര്‍ റണ്ണര്‍ എന്ന പുസ്തകത്തിലെ രണ്ടാമത്തെ കഥ ഓര്‍മ വരുന്നതെന്താണോ എന്തോ?

    ReplyDelete
  11. മരത്തലയന്‍ ജീ

    നിങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല എങ്കിലും മറ്റു വായനക്കാരെ തെറ്റിദ്ധരിപ്പിക്കത്തക്കവണ്ണം വ്യാഖ്യാനങ്ങള്‍ കൊണ്ടു വരുന്നതു കൊണ്ട്‌ ഇത്‌-

    വേദം പഠിക്കുവാന്‍ ആഗ്രഹിക്കുന്ന ശിഷ്യന്‍ പറയുന്നത്‌
    "സാംഗോപാംഗോപനിഷദോ സരഹസ്യ പ്രദീയതാം " അംഗങ്ങള്‍ ഉപാംഗങ്ങള്‍, ഉപനിഷത്തുകള്‍, ഇവയോടുകൂടി ഉപദേശിച്ച്‌ അതിലെ രഹസ്യം കൂടി വെളിപ്പെടുത്തിതരുമാറാകണം' എന്നാണ്‌

    അല്ലാതെ ഇന്നു കാണുന്ന വേദവ്യാഖ്യാനങ്ങള്‍ വായിച്ചാല്‍ കാണുന്നതുപോലെ "അല്ലയോ ദേവേന്ദ്രാ വരൂ ഇരിക്കു എന്റെ ദക്ഷിണ സ്വീകരിക്കൂ എനിക്കതു തരൂ ഇതു തരൂ " എന്ന പോലെയുള്ള അര്‍ത്ഥം മാത്രമാണ്‌ അവയ്ക്കുള്ളത്‌ എങ്കില്‍ ഈ ഞാനും അവയെ നേരെ പുറംകാലുകൊണ്ട്‌ തള്ളുകയേ ഉള്ളു. അതല്ലാതെ അര്‍ഥങ്ങളും രഹസ്യവും ഉള്ളതു മനസ്സിലാകണം എങ്കില്‍ ആചാര്യന്റെ അടുത്തു നിന്നും അഭ്യസിക്കണം എന്നു പണ്ടുള്ളവര്‍ പറഞ്ഞു.

    സംസ്കൃതം പഠിക്കാനിടകിട്ടിയപ്പോള്‍ സാധാരണ ശ്ലോകങ്ങള്‍ക്കു തന്നെ വിശിഷ്ഠമായ പല അര്‍ത്ഥങ്ങളും ഗുരുനാഥന്മാര്‍ ഉപദേശിച്ചതു കണ്ടപ്പോള്‍, വേദങ്ങളിലും ഇതുപോലെ പലതും ഉണ്ടായിരിക്കാം എന്നു തോന്നി.

    അതു മനസിലാകണം എങ്കില്‍ അതിനനുസരിച്ചുള്ള ഗുരുനാഥന്മാരെ ലഭിക്കണം എന്നും മനസ്സിലായി. അല്ലാതെ വഴിയരികിലുള്ള ബോര്‍ഡ്‌ നോക്കി തമിഴ്‌ പഠിച്ചതുപോലെ സംസ്കൃതം പഠിച്ചാല്‍ മനസ്സിലാവുകയില്ലെന്നും മനസ്സിലായി

    അതുകൊണ്ടാണ്‌ അതിനെ കുറിച്ച്‌ അഭിപ്രായം പറയുവാന്‍ ഞാന്‍ ആളല്ല എന്നെഴുതിയത്‌.

    ആ വാചകത്തെ എടുത്താണ്‌ ഉമേഷ്‌ ചങ്കരന്‍ തെങ്ങില്‍ തന്നെയാണെന്ന് ഘോഷിച്ചത്‌.

    ഇതേ ഉമേഷ്‌ തന്നെ ദാ ഇവിടെ എഴുതിയിരിക്കുന്നു "വേദകാലത്തുള്ള വിജ്ഞാനം ഇതിലും ശുഷ്കമാണ്‌" എന്ന് - അപ്പോള്‍ മേല്‍പറഞ്ഞ രീതിയില്‍ വേദം മുഴുവന്‍ അഭ്യസിച്ചു കഴിഞ്ഞു കാണും അല്ലേ?

    അവനവനറിയില്ലാത്ത കാര്യത്തെ കുറിച്ചിതുപോലെ എഴുതിയിട്ട്‌ ചങ്കരനെ തെങ്ങില്‍ കയറ്റുന്നതിനെ ഏറ്റവും മിതമായ ഭാഷയില്‍ ശുംഭത്തരം എന്നല്ലാതെ എന്താണു വിളിക്കുക

    ReplyDelete
  12. മാണിക്കന്റെ പ്രൊഫെയില്‍ വഴി ഉമേഷിന്റെ വോട്ടുപിടുത്ത ബ്ലോഗ്‌ കണ്ടപ്പോഴല്ലെ കാര്യങ്ങളുടെ കിടപ്പുപിടികിട്ടിയത്‌.

    കഴിഞ്ഞ മൂന്നു കൊല്ലങ്ങളായി ഉമേഷ്‌ എന്റെ ബ്ലോഗില്‍ ഇടുന്ന മിക്ക കമന്റുകളുടെയും ഒരു രീതിയുടെ കാരണം എനിക്കു മനസ്സിലാകാതിരിക്കുകയായിരുന്നു.

    എന്തും രാഷ്ട്രീയത്തില്‍ കൂടി മാത്രം നോക്കി കണ്ടാല്‍ ഇങ്ങനെ ഒക്കെ ആകും അല്ലേ.

    അപ്പോള്‍ ശരി. ഇനി ഉമേഷിന്റെ കമന്റുകളെയും ഞാന്‍ അത്തരത്തിലേ കാണുന്നുള്ളു.

    അല്ലാതെ കണ്ട്‌ പറഞ്ഞ മറുപടികള്‍ വേണമെങ്കില്‍ ഡെലീറ്റ്‌ ചെയ്യാം - അടൂപ്പം ഉള്ളവരോട്‌ കൂടുതല്‍ സ്വാതന്ത്യം എടുക്കുമായിരുന്നു ഇനി താങ്കളെ അവഗണിക്കുകയേ ഉള്ളു എന്നു ചുരുക്കം .

    എന്നാല്‍ ഒരു കാര്യം ഒന്നു കൂടി വ്യക്തമാക്കട്ടെ - ഞാന്‍ പറയുന്നത്‌ എന്റെ സ്വതന്ത്രമായ അഭിപ്രായങ്ങളാണ്‌. അല്ലാതെ ഒരു പക്ഷവും ചേര്‍ന്നല്ല.

    ReplyDelete
  13. ശ്രീ ഇന്‍‌ഡ്യാഹെരിറ്റേജ്, "പൂച്ച ഏതുനിറമായാലും എലിയെ പിടിച്ചാല്‍ പോരേ" എന്നതുപോലെ ഉമേഷിന്റെ രാഷ്ട്രീയചായ്‌വ് എങ്ങോട്ടായാലും അദ്ദേഹം ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ സത്യമാണോ എന്നു നോക്കിയാല്‍ പോരേ?

    വേദകാലത്ത് (അതായത് ഏകദേശം ക്രിസ്തുവിനുമുമ്പ് 1500 മുതല്‍ ക്രിമു 900 വരെയുള്ള കാലത്ത്) ആര്യന്മാരുടെ ഇടയിലെ വിജ്ഞാനം പൊതുവെ കമ്മിയായിരുന്നു എന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണു ഞാനും. സിന്ധുനദീതടനാഗരികതയ്ക്കുശേഷം സംസ്കാരം, ശാസ്ത്രം എന്നിവയില്‍ ഒരു കുതിപ്പുണ്ടാവാന്‍ ക്രിസ്തുവിനു പിമ്പ് മൂന്നാം ശതകത്തില്‍ ഗുപ്തന്മാര്‍ ["ഇദെന്താ" എന്നുചോദിച്ചുകൊണ്ടു :)] വരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു എന്നാണു ഞാന്‍ വായിച്ചിട്ടുള്ളത്.

    ReplyDelete
  14. സംവാദത്തിൽ ഇടപെടാൻ വന്നതല്ല,നന്ദി പറയാൻ വന്നതാണ്.ഈ പോസ്റ്റും അടിയിലെ ചർച്ചയും എനിക്കു ചില പുതിയ കാര്യങ്ങൾ മനസ്സിലാക്കിത്തന്നു.അതിനു കാരണക്കാരായവരോടൊക്കെ നന്ദി.

    ReplyDelete
  15. മാണിക്കന്‍ ജീ,

    ഇതിലും വലിയ തര്‍ക്കങ്ങള്‍ ഇതിലുമോശമായ രീതിയില്‍ ഞാനും ഡൊ സൂരജും തമില്‍ പലതവണ നടന്നിട്ടുണ്ട്‌.

    എങ്കില്‍ പോലും അതു കഴിഞ്ഞും ഡോ സൂരജ്‌ എഴുതിയതിലെ എനിക്കംഗീകരിക്കാവുന്ന കാര്യങ്ങള്‍ ഞാന്‍ എന്റെ പോസ്റ്റില്‍ അദ്ദേഹത്തിന്റെതായി ക്വോട്‌ ചെയ്തിട്ടും ഉണ്ട്‌.ദാ
    ഇവിടെ നോക്കിയാല്‍ കാണാം
    ഒരുദാഹരണം

    എതിര്‍ക്കേണ്ടതിനെ കാര്യകാരണസഹിതം എതിര്‍ത്തിട്ടും ഉണ്ട്‌. ഇതൊന്നും രാഷ്ട്രീയക്കണ്ണില്‍ കൂടിയല്ല ഞാന്‍ കാണുന്നത്‌.

    പക്ഷെ ഇവിടെ ഉമേഷ്‌ എന്താണെഴുതിയിരിക്കുന്നത്‌ എന്നു വായിച്ചുവോ?

    ഞാന്‍ എഴുതിയ വാചകം ഇതാണ്‌"വേദത്തില്‍ എന്താണുള്ളതെന്നൊ എന്തൊക്കെയാണ്‌ ഇല്ലാത്തതെന്നൊ പറയുവാന്‍ ഞാന്‍ ആളല്ല, കാരണം സംസ്കൃതം എന്ന ഭാഷയുടെ വിവരണാതീതമായ കഴിവുകളുടെ ചില അംശങ്ങള്‍ കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്നവനാണ്‌ ഞാന്‍"

    ആ ഭാഷ കുറെ അഠിച്ചു പോയതുകൊണ്ടാണ്‌ അതെഴുതേണ്ടി വന്നത്‌ അതിനുള്ള എന്റെ പോസ്റ്റുകളുടെ ലിങ്കും കൊടൂത്തിരുന്നു.

    ആ വരി ക്വോട്‌ ചെയ്തിട്ട്‌ ഉമേഷ്‌ എഴുതിയ വാചകം കൊണ്ട്‌ എന്താണു പോലും ഉദ്ദേശിച്ചത്‌ ? ഉമേഷിനു മനസ്സിലായില്ലെങ്കില്‍ അങ്ങേര്‍ പിടിവിട്ടോട്ടെ ആരു പറഞ്ഞു വിടണ്ടാ എന്ന്‌ പക്ഷെ ഞാനും ചത്ത ചങ്കരനെ പോലെ തെങ്ങില്‍ പിടിച്ചിരിക്കുകയാണ്‌ എന്നു പറഞ്ഞാല്‍ ?

    അപ്പോള്‍ ഞാനും പിടി വിടേണം എങ്കില്‍ എന്തൊക്കെ അവസ്ഥകള്‍ ഉണ്ടാകണം എന്നെ ഞാന്‍ പറഞ്ഞുള്ളു.

    അവസാനമായി- കാര്യമാത്രപ്രസക്തമായി എതിര്‍ക്കുന്നതിനെ ഞാന്‍ എല്ലായ്പ്പോഴും സസന്തോഷം സ്വീകരിക്കും, അല്ലാതെ എതിര്‍ക്കുവാന്‍ വേണ്ടി എതിര്‍ക്കുന്നതിനെ അവഗണിക്കും അത്ര തന്നെ- അങ്ങനെ തിര്‍ക്കുവാന്‍ വേണ്ടി എതിര്‍ക്കുന്ന സ്വഭാവമായിരുന്നു ഇതുവരെയും കാണിച്ചിരുന്നത്‌ എന്നിപ്പോഴാ മനസ്സിലായത്‌ എന്നു മാത്രം.

    ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്നും, ഞാന്‍ എഴുതിയ വാക്കുകളെ വികലമാക്കി പകര്‍ത്തി എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ എന്റെ ബ്ലോഗു വായിച്ചാല്‍ കാണാം.

    ReplyDelete
  16. ഡോ. പണിക്കർ,

    താങ്കൾ കല്പിച്ചു തന്ന ശുംഭൻ എന്ന ബിരുദം സസന്തോഷം കൈപ്പറ്റിയിരിക്കുന്നു. നാണമില്ലാത്തവനും ആലും ഉൾപ്പെടുന്ന പഴഞ്ചൊല്ലു് എനിക്കെതിരേ താങ്കൾക്കോ ചൂണ്ടുമ്പോൾ മടങ്ങിയിരിക്കുന്ന വിരലുകൾ ചൂണ്ടുന്ന പഴഞ്ചൊല്ലു് താങ്കൾക്കെതിരേ എനിക്കോ ഉപയോഗിക്കാൻ വേണ്ടിയല്ല. അതു് ഈ പോസ്റ്റിൽ താങ്കൾക്കു പറ്റിയ അബദ്ധം മറച്ചു സംവാദം വഴിതിരിച്ചു വിടാനുള്ള താങ്കളുടെ സ്ഥിരം പൂഴിക്കടക്കൻ വിദ്യ ആണെന്നു് അറിയുന്നതുകൊണ്ടാണു്.

    ഞാൻ ഇതാ ശുംഭന്മാരുടെ കമ്പനിയിലേക്കു പോകുന്നു. എന്തായാലും താങ്കൾ ഇതൊക്കെ വായിച്ചും അഭ്യസിച്ചും അവിടെത്തന്നെ എത്തുമ്പോൾ താങ്കളുടെ നിലവാരമനുസരിച്ചു് എന്റെ ബോസ്സാകുമല്ലോ. അതിന്റെ ബഹുമാനമെങ്കിലും ഇപ്പോൾ കാണിച്ചേക്കാം. :)

    അല്ലാ, വേദിക് മാത്തമാറ്റിക്സിൽ എന്തോ കൂടിയ സംഭവമുണ്ടു് എന്നും പറഞ്ഞു് എഴുതിയ ഈ പോസ്റ്റിൽ ക്രിസ്തുവിനു പിമ്പു് അഞ്ചാം നൂറ്റാണ്ടിനു മുമ്പുണ്ടായ ഒരു സംഭവവുമില്ലല്ലോ. അതിനെപ്പറ്റി എന്തേ ഒന്നും പറയാത്തതു്?

    താങ്കൾ ഈ കമന്റിൽ ഇങ്ങനെ എഴുതുന്നു:

    പൈയുടെ വില നിശ്ചയിക്കുവാന്‍ ഉമേഷ്‌ എഴുതിയവയല്ലാതെ കൂടുതല്‍ കൃത്യമായ വഴികളും ഉണ്ട്‌.
    ....
    ആദ്യത്തെ ഫലം ഏകദേശം 3.1416 തരുന്നു രണ്ടാമത്തെത്‌ കൃത്യമായി 3.1428571--- (22/7) തരുന്നു
    ഹഹഹഹഹഹ....

    ഇതാണു തമാശായതു്. 3.1416 എന്നതു് ഏകദേശമൂല്യവും 3.1428571 എന്നതു് കൃത്യമായ മൂല്യവും ആണെന്നു്! (അഞ്ജനവും മഞ്ഞളും ഒക്കെയുള്ള ഏതോ ഒരു പഴഞ്ചൊല്ലുണ്ടല്ലോ, അതെന്താ?) പൈയുടെ മൂല്യം 17 ദശാംശസ്ഥാനത്തിനു ശരിയായി പറഞ്ഞാൽ കടത്തനാടു ശങ്കരവർമ്മ “ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയന്‍ ഭൂപഗിഃ” എന്നു പരൽ‌പ്പേരിലൂടെ പറഞ്ഞ (വേദത്തിലല്ല, അതിനും ഒരുപാടു കാലം കഴിഞ്ഞു്) 3.14159265358979324 എന്നതാണു്. താങ്കളുടെ ഏകദേശമൂല്യമായ 3.1416 ആണു് താങ്കളുടെ കൃത്യമൂല്യമായ 3.1428571-നേക്കാൾ കൃത്യം. ഇതും കൂടുതൽ കൃത്യമായ മറ്റു മൂല്യങ്ങളും ഈ പോസ്റ്റിൽ ഉണ്ടു്.

    ശ്രീഹരിയുടെ കമന്റ് ഒന്നു വായിച്ചിരുന്നെങ്കിൽ ഈ ഹിമാലയൻ മണ്ടത്തരം താങ്കൾ എഴുന്നള്ളിക്കുകയില്ലായിരുന്നു. അല്ലെങ്കിൽ വല്ല വിക്കിപീഡിയയോ പഴയ കണക്കുപുസ്തകമോ, ഇതൊന്നും കണ്ടില്ലെങ്കിൽ പണ്ടു കണക്കു പഠിപ്പിച്ചോ ഗുരുവോ, ആരെങ്കിലും ശരിയായ കാര്യം പറഞ്ഞുതന്നേനേ.

    പിന്നെ, പൈ ഒരു അപരിമേയസംഖ്യയാണു്. എത്ര ശ്രമിച്ചാലും അതിന്റെ മൂല്യം പൂർണ്ണമായി കൃത്യമായി എഴുതാൻ പറ്റില്ല. ചുമ്മാതെ പറയുന്നതല്ല, പത്തൊമ്പതാം നൂറ്റാണ്ടിൽ തെളിയിച്ചിട്ടുള്ളതാണു്. അതിനാൽ അനന്തശ്രേണികളെക്കാളും കൃത്യമാണു് 22/7 എന്നു പറയുന്നതു ശരിയല്ല. അനന്തശ്രേണികൾ ഉപയോഗിച്ചു് എത്ര ദശാംശസ്ഥാനങ്ങൾ വരെ വേണമെങ്കിലും കണ്ടുപിടിക്കാം. എന്റെ ഈ പോസ്റ്റിൽ അതിനെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ടു്.

    പൈയുടെ മൂല്യം ഏറ്റവും എളുപ്പത്തിൽ ഏറ്റവും കൂടുതൽ ദശാംശസ്ഥാനങ്ങൾക്കു കണ്ടുപിടിക്കാനുള്ള വഴി കണ്ടുപിടിച്ചതും ഒരു ഭാരതീയനാണു് - ശ്രീനിവാസരാമാനുജൻ. ആ ഫോർമുലയും ഏറ്റവും അവസാനം ലിങ്കു കൊടുത്ത പോസ്റ്റിലുണ്ടു്.

    ഇനി ഞാൻ മുകളിൽ എഴുതിയതിൽ നിന്നു് ഏതെങ്കിലും വാക്കു തോണ്ടിയെടുത്തിട്ടു് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കമന്റോ പോസ്റ്റോ ഇട്ടോണം - ഞാൻ താങ്കളെ മണ്ടൻ എന്നു വിളിച്ചു എന്നും പറഞ്ഞു്!


    (ഈ പോസ്റ്റിനു ശേഷം താങ്കളുമായി തർക്കമൊന്നും ഉണ്ടാക്കാതെ ഇരിക്കുകയായിരുന്നു. എന്തു ചെയ്യാൻ, സമ്മതിക്കില്ല എന്നായാൽ?)

    ReplyDelete
  17. വികടൻ പറഞ്ഞപോലെ, സംവാദത്തിൽ ഇടപെടുന്നില്ല.

    മാണിക്കൻ ഇങ്ങനെ പറയുന്നു:
    വേദകാലത്ത് (അതായത് ഏകദേശം ക്രിസ്തുവിനുമുമ്പ് 1500 മുതല്‍ ക്രിമു 900 വരെയുള്ള കാലത്ത്) ആര്യന്മാരുടെ ഇടയിലെ വിജ്ഞാനം പൊതുവെ കമ്മിയായിരുന്നു എന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണു ഞാനും.

    ആര്യന്മാർ ഇന്ത്യയിൽ എത്തിയത് എന്നാണ് . ഇവിടെയെത്തുന്നതിനുമുമ്പ് കമ്മിയായിരുന്നെന്നാണോ പറഞ്ഞത്.

    ReplyDelete
  18. പാര്‍ത്ഥന്‍, ആര്യന്‍‌മാര്‍ ഇന്ത്യയിലെത്തിയത് ഏകദേശം ക്രി.മു. 1700-ഓടെയാണെന്നാണു പൊതുവെ കരുതപ്പെടുന്നത്.

    സൈന്ധവനാഗരികതയുടെ ഉച്ചകോടിയില്‍ (ക്രി.മു. 2600 - ക്രി.മു. 1900) അതിനോടു പലകാര്യങ്ങളിലും കിടപിടിക്കാവുന്ന മറ്റു സംസ്കാരങ്ങള്‍ ലോകത്തെങ്ങും ഉണ്ടായിരുന്നില്ല. ഉദാഹരണത്തിന്‌, ലോഹങ്ങളും, പ്രത്യേകതരം കല്ലുകളുമൊക്കെക്കൊണ്ട് ആഭരണങ്ങളും മറ്റലങ്കാരവസ്തുക്കളും ഉണ്ടാക്കാന്‍ അവരുപയോഗിച്ച സാങ്കേതികവിദ്യ ഇക്കാലത്തുപോലും പൂര്‍‌ണ്ണമായിട്ടും പുനരാവിഷ്കരിക്കാന്‍ (to reproduce) കഴിഞ്ഞിട്ടില്ല. ഈ നാഗരികസംസ്കാരവുമായിട്ടു താരതമ്യപ്പെടുത്തുമ്പോള്‍ വേദകാലത്തെ ആര്യന്മാര്‍ തികച്ചും പ്രാകൃതരായിരുന്നു എന്നു പറയപ്പെടുന്നു - അവര്‍‌ക്ക് സൈന്ധവരെപ്പോലെ നഗരങ്ങളില്ലായിരുന്നു, കൃഷിപ്പണി തുടങ്ങിയത് ഇവിടെഎത്തി വളരെനാള്‍ കഴിഞ്ഞിട്ടാണ്‌ തുടങ്ങിയ കാര്യങ്ങള്‍ ഉദാഹരണം. ഇതാണ്‌ "വിജ്ഞാനം പൊതുവെ കമ്മിയായിരുന്നു" എന്നതിലൂടെ ഞാന്‍ ഉദ്ദേശിച്ചത്.

    ReplyDelete
  19. @ മാണിക്കൻ:
    പല ചരിത്ര ഗവേഷകരുടെ കമന്റുകളും പോസ്റ്റുകളും വായിക്കുമ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്, പ്രാഗ്‌ദ്രാവിഡന്മാർ എന്നു പറയുന്ന പ്രാചീന ഭാരതീയർക്ക് വലിയ ജ്ഞാനമുണ്ടായിരുന്നില്ലെന്നും, ആര്യന്മാർ വന്നതിനുശേഷമാണ് ഇവിടെ വേദങ്ങൾ രചിക്കപ്പെട്ടതെന്നും ആണ്. അത് മുഴുവനും എനിയ്ക്ക് ദഹിക്കുന്നില്ല.
    അതിൽ നിന്നും വ്യത്യസ്ഥമായി, (ആര്യന്മാരുടെ ഇടയിലെ വിജ്ഞാനം പൊതുവെ കമ്മിയായിരുന്നു) എന്ന താങ്കളുടെ കമന്റ് കണ്ടു. വിശദീകരണം അറിയാൻ വേണ്ടിയാണ് ചോദിച്ചതും.

    (താങ്കൾ കൊടുത്ത ലിങ്കിൽ നിന്നും):
    the Aryans adopted almost nothing of Harappan culture. They built no cities, no states, no granaries, and used no writing. Instead they were a warlike people that organized themselves in individual tribal, kinship units, the jana.

    (അതിനുശേഷം പറയുന്നു):
    The earliest history of the Aryans in India is called the Rigvedic Period (1700-1000 BC) after the religious praise poems that are the oldest pieces of literature in India.

    ഇതിൽ തന്നെ വിരോധാഭാസം കാണുന്നു. അതായത്, എഴുത്ത് ശീലമാക്കിയിട്ടില്ലാത്ത ആര്യന്മാർ വന്നതിനുശേഷമാണ് വേദങ്ങളുടെ കാലം എന്ന്‌. അതെങ്ങനെ ശരിയാകും. ഇവിടെ വേദങ്ങൾ ഉണ്ടായിരുന്നെന്നും, അവർ വന്ന് അധികാരം പിടിച്ചെടുത്തതിനുശേഷം വേണ്ട മാറ്റങ്ങൾ വരുത്തി എന്നും വിശ്വസിച്ചുകൂടെ.

    ആധുനിക അധിനിവേശക്കാരും അവർക്ക് ജിം ജിം അടിക്കുന്നവവും ആര്യഅധിനിവേശ സംസ്കാരത്തിന് തെളിവുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
    ആര്യന്മാർ- ആര്യദേശക്കാർ - ഇറാനിലുള്ളവർ എന്നുവരെ ശരി. മദ്ധ്യേഷ്യയിൽനിന്നും യൂറോപ്പിലേയ്ക്കും അവിടന്നും ഇപ്പോ‍ൾ ആസ്റ്റ്രേലിയവരെയും നീണ്ടു കിടക്കുന്നു ആര്യന്റെ തുടക്കം.

    ഒരു ചൊല്ലുണ്ട് നാട്ടിൽ. മണ്ണാൻ ആറു കളിച്ചാൽ അഞ്ചേ കൂട്ടാൻ പാടുള്ളൂ. അത് സവർണ്ണ ഫാസിസം. ഇന്നും അതു തന്നെ തുടരുന്നു ലോക സവർണ്ണ ഫാസിസത്തിലൂടെ.

    (പോസ്റ്റിനോട് ബന്ധമില്ലാത്ത കമന്റ് നീണ്ടുപോയതി ക്ഷമ ചോദിക്കുന്നു.)

    ReplyDelete
  20. പാര്‍‌ത്ഥന്‍,

    പല ചരിത്ര ഗവേഷകരുടെ കമന്റുകളും പോസ്റ്റുകളും വായിക്കുമ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്, പ്രാഗ്‌ദ്രാവിഡന്മാർ എന്നു പറയുന്ന പ്രാചീന ഭാരതീയർക്ക് വലിയ ജ്ഞാനമുണ്ടായിരുന്നില്ലെന്നും, ആര്യന്മാർ വന്നതിനുശേഷമാണ് ഇവിടെ വേദങ്ങൾ രചിക്കപ്പെട്ടതെന്നും ആണ്.പ്രാഗ്‌ദ്രാവിഡന്മാര്‍ എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് ഇന്നത്തെ ദക്ഷിണേന്‍ഡ്യയില്‍ നവീനശിലായുഗകാലത്ത് ജീവിച്ചിരുന്ന മനുഷ്യരെയാണെന്നു കരുതുന്നു. അവിടെ ഒരു "സംസ്കാരം" (civilization) എന്ന നിലയിലൊന്നും ഉണ്ടായിരുന്നതായി ഞാന്‍ വായിച്ചിട്ടില്ല. അതുകൊണ്ട് താങ്കള്‍ പറഞ്ഞതിനോടും വിയോജിക്കുന്നില്ല. പക്ഷേ ഞാന്‍ എന്റെ ആദ്യത്തെ കമന്റില്‍ സംസാരിച്ചത് സിന്ധുതട സംസ്കാരം, ആര്യന്മാരുടെ വരവ് എന്നീ കാര്യങ്ങളെക്കുറിച്ചായിരുന്നു. ഭൂമിശാസ്ത്രപരമായി പറഞ്ഞാല്‍, ഇന്നത്തെ പാകിസ്താന്‍, ഉത്തര-, പൂര്‍‌വ്വഭാരതപ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെട്ട സ്ഥലം. അരിയും, പയറും പോലത്തെ വ്യത്യാസം നമ്മള്‍ പറഞ്ഞതില്‍.

    (താങ്കൾ കൊടുത്ത ലിങ്കിൽ നിന്നും):
    the Aryans adopted almost nothing of Harappan culture. They built no cities, no states, no granaries, and used no writing. Instead they were a warlike people that organized themselves in individual tribal, kinship units, the jana.

    (അതിനുശേഷം പറയുന്നു):
    The earliest history of the Aryans in India is called the Rigvedic Period (1700-1000 BC) after the religious praise poems that are the oldest pieces of literature in India.

    ഇതിൽ തന്നെ വിരോധാഭാസം കാണുന്നു. അതായത്, എഴുത്ത് ശീലമാക്കിയിട്ടില്ലാത്ത ആര്യന്മാർ വന്നതിനുശേഷമാണ് വേദങ്ങളുടെ കാലം എന്ന്‌. അതെങ്ങനെ ശരിയാകും.
    ഇതിലെന്താണു വൈരുദ്ധ്യം? സാഹിത്യം എപ്പോഴും എഴുതപ്പെട്ടതാവണമെന്നില്ലല്ലോ. ഋഗ്വേദം ഒരു സംഹിതയാക്കപ്പെട്ട കാലവും, അതാദ്യമായി എഴുതപ്പെട്ട കാലവും തമ്മില്‍ ആയിരം കൊല്ലത്തോളം വ്യത്യാസമുണ്ടെന്നു കരുതപ്പെടുന്നു. അതുവരെ വായ്‌മൊഴിയായാണ്‌ അതു തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടത്. ആ വായ്‌മൊഴിയുടെ ഒരു പ്രത്യേകതരം consistency checking മൂലം സൂക്തങ്ങള്‍ക്കൊന്നും അംഗഭംഗം സംഭവിക്കാതെ ഈ കൈമാറ്റം നടന്നുകൊണ്ടിരിക്കുകയും ചെയ്തു. അതുകൊണ്ടാണ്‌ ചരിത്രഗവേഷകര്‍‌ക്ക് ഋഗ്വേദത്തോടിത്രയുമിഷ്ടം. മൂവായിരം കൊല്ലത്തിനപ്പുറത്തെ കാര്യങ്ങള്‍ വലിയ കേടുപാടുകളില്ലാതെ വായിക്കാന്‍ പറ്റുന്നതുകൊണ്ട്.

    ആധുനിക അധിനിവേശക്കാരും അവർക്ക് ജിം ജിം അടിക്കുന്നവവും ആര്യഅധിനിവേശ സംസ്കാരത്തിന് തെളിവുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
    ആര്യന്മാർ- ആര്യദേശക്കാർ - ഇറാനിലുള്ളവർ എന്നുവരെ ശരി. മദ്ധ്യേഷ്യയിൽനിന്നും യൂറോപ്പിലേയ്ക്കും അവിടന്നും ഇപ്പോ‍ൾ ആസ്റ്റ്രേലിയവരെയും നീണ്ടു കിടക്കുന്നു ആര്യന്റെ തുടക്കം.
    ഇതൊരുവിധമുള്ള കാടടച്ചുവെടിവെയ്പാണെന്നു താങ്കള്‍ക്കുമറിയാം, എനിക്കുമറിയാം. പുതിയ തെളിവുകള്‍ വരുന്നതനുസരിച്ച് പഴയ തിയറികളില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് ചരിത്ര ഗവേഷണത്തിന്റെ ഭാഗമാണ്‌. കൂട്ടത്തില്‍ പറഞ്ഞുകൊള്ളട്ടെ, "ആര്യന്‍ അധിനിവേശ സിദ്ധാന്തം" ഒരുപാടുനാള്‍ മുമ്പുതന്നെ പഴയതായതാണ്‌. "ആര്യന്‍ കുടിയേറ്റം" എന്നതാണ്‌ ഇന്നത്തെ മിക്ക ചരിത്രകാരന്‍‌മാരും അംഗീകരിക്കുന്ന തിയറി. ഇതിനുവ്യത്യസ്തമായി എന്തെങ്കിലും സിദ്ധാന്തം ആര്‍‌ക്കെങ്കിലുമുണ്ടെങ്കില്‍ അവര്‍ തെളിവുകളോടെ അതു പറയുകയും, തല്‍‌ക്കാലമുള്ള സിദ്ധാന്തത്തിലും മികച്ചതെന്ന് മറ്റുള്ളവര്‍ക്കുബോദ്ധ്യപ്പെട്ടാല്‍ പുതിയത് പഴയതിനെ പുറന്തള്ളുകയും ചെയ്യും. അങ്ങനെയാണല്ലോ ശാസ്ത്രം മുന്നോട്ടുപോകുന്നത്.

    ഒരു ചൊല്ലുണ്ട് നാട്ടിൽ. മണ്ണാൻ ആറു കളിച്ചാൽ അഞ്ചേ കൂട്ടാൻ പാടുള്ളൂ. അത് സവർണ്ണ ഫാസിസം. ഇന്നും അതു തന്നെ തുടരുന്നു ലോക സവർണ്ണ ഫാസിസത്തിലൂടെ.plaatitude-കള്‍ക്ക് ഞാനെന്തു മറുപടി പറയാന്‍ :-) "ചൊട്ടയിലെ ശീലം ചുടലവരെ", "ആടറിയുമോ അങ്ങാടിവാണിഭം", "നിന്നെപ്പോലെ നിന്റെ അയല്‍‌ക്കാരനെയും സ്നേഹിക്കുക" എന്നിങ്ങനെ വിഷയത്തോടുബന്ധമില്ലാത്ത കുറെ ചൊല്ലുകള്‍ ഞാനും എഴുതാം :-) അതല്ല, ഏതെങ്കിലും ഒരു പ്രത്യേകസംഭവത്തെ മുന്‍‌നിര്‍‌ത്തിയാണു താങ്കള്‍ ഇതുപറയുന്നതെങ്കില്‍ ലിങ്കോ മറ്റോ ഇടുക. വായിക്കാനും, പഠിക്കാനും എനിക്കും താത്പര്യമുണ്ട്.

    എനിക്ക് ഇതുവരെ മനസ്സിലായ (ഞാന്‍ വിശ്വസിക്കുന്ന) കാര്യങ്ങള്‍ സമയം കിട്ടുമ്പോള്‍ ഒരു പോസ്റ്റായി ഇടാം. ഇതിപ്പോള്‍ തന്നെ ഒരുപാടു നീണ്ടുപോയി.

    ReplyDelete
  21. ഹായ് മാഷേ..

    താങ്കളുടെ ഈ പോസ്റ്റുകൾ വായിച്ചത് എനിയ്ക്ക് ഒരു ബ്ലോഗ് തൂടങ്ങാൻ കാരണമായി...
    താങ്കൾ ഇതു വായിയ്ക്കും എന്നു പ്രതീക്ഷിയ്ക്കുന്നു...
    http://ozhukunnanadi.wordpress.com/

    ReplyDelete