Wednesday, November 17, 2010

നിര്‍ദ്ദേശങ്ങള്‍

യോഗശാസ്ത്രത്തിന്റെ ആത്യന്തികമായ പ്രയോജനം സമാധി എന്നാണ്‌

അതാണ്‌ അതിന്റെ എട്ടാമത്തെ അംഗം

"സമാധി" എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം "സമയായ ധീ" എന്നാണ്‌.

ധീ = ബുദ്ധി
സമയായ ബുദ്ധി എന്നു പറഞ്ഞാല്‍ എല്ലാറ്റിനെയും ഒരേപോലെ കാണുന്ന ബുദ്ധി.

അതായതു ഈ പ്രപഞ്ചത്തിലുള്ള യാതൊന്നും തന്നില്‍ നിന്നും അന്യമല്ല എന്നുള്ള അറിവ്‌.

ബുദ്ധി 'സമാ' എന്നും 'വിഷമാ' എന്നും രണ്ടു തരത്തിലാണ്‌ ഭാരതീയ തത്വശാസ്ത്രം പറയുന്നത്‌.

വിഷമയായ ബുദ്ധിയാണ്‌ നമുക്കുള്ളത്‌ അതുകൊണ്ടാണ്‌ നാം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാണെന്നുള്ള തോന്നല്‍ നമുക്കുള്ളത്‌.

അതുള്ളപ്പോള്‍ നമുക്ക്‌ അതുവേണം ഇതുവേണം മറ്റുള്ളവരെക്കാള്‍ കൂടുതല്‍ വേണം എന്ന തോന്നലിനു പ്രസക്തിയുണ്ട്‌. കാരണം നാം മറ്റുള്ളതില്‍ നിന്നും വ്യത്യസ്ഥനാണ്‌/വ്യത്യസ്ഥയാണ്‌.

അതു മാറി സമയായ ബുദ്ധിയുണ്ടായാലെ സുഖം ലഭിക്കൂ.

ആ ആത്യന്തികസുഖത്തിനുള്ള ഉപായം ആണ്‌ യോഗശാസ്ത്രം.

ബുദ്ധി മനസ്‌ ഇവ അന്യോന്യബദ്ധമാണ്‌. മനസ്സും ശരീരവും അതേപോലെ തന്നെ അന്യോന്യബദ്ധമാണ്‌ ആധാരം/ആധേയം അല്ലെങ്കില്‍ ആശ്രയം/ ആശ്രയി എന്ന രീതില്‍

ശരീരം ആരോഗ്യം ഉള്ളതാണെങ്കില്‍ മാത്രമേ മനസ്സും ആരോഗ്യമുള്ളതാകൂ

മനസ്സ്‌ ആരോഗ്യമുള്ളതാണെങ്കിലേ ശരീരം ആരോഗ്യം ഉള്ളതായിരിക്കൂ.

അതുകൊണ്ട്‌ മാനസികാരോഗ്യം ഇച്ഛിക്കുന്നവര്‍ക്കുള്ള ആദ്യനിര്‍ദ്ദേശം ആണ്‌ ശാരീരിക ആരോഗ്യം നിലനിര്‍ത്താനുള്ള ഉപായങ്ങള്‍.

അതിന്റെ ആദ്യപടിയാണ്‌ "യോഗാസനങ്ങള്‍"

"സ്ഥിരസുഖമാസനം" എന്നാണ്‌ അതിന്റെ നിര്‍വചനം.

ഏതൊരു ആസനം ആണൊ പരിശീലിക്കുന്നത്‌ ആ ആസനത്തില്‍ സ്ഥിരമായും സുഖമായും തുടരാന്‍ സാധിക്കണം അല്ലെങ്കില്‍ അതു ശരിയല്ല.

കൂടുതല്‍ നേരം എന്നത്‌ 'സ്ഥിരം' എന്ന പദത്തിന്റെ ലളിതമായ വിവരണം.

എത്രനേരം തുടര്‍ന്നാലും അത്രനേരവും 'സുഖ'മായിരിക്കണം എന്നത്‌ അതിന്റെ ഉപാധി.

അതായത്‌ കാലിന്റെ തുടകള്‍ വേദനിച്ചു കൊണ്ട്‌ ഒരാള്‍ പദ്‌മാസനം ശീലിക്കുന്നു എങ്കില്‍ അതു തെറ്റാണ്‌ എന്നര്‍ത്ഥം. വേദന ഉണ്ടാകുന്നതിനു മുമ്പു തന്നെ അതു നിര്‍ത്തിയിരിക്കണം.

അപ്പോള്‍ ഏതു ആസനം ശീലിച്ചാലും അത്‌ ആദ്യം ആദ്യം അല്‍പസമയം മാത്രം ശീലിക്കുക.

നാം കളികള്‍ തുടങ്ങുമ്പോള്‍ കാണാറില്ലേ ആദ്യത്തെ ദിവസം കളിച്ചാല്‍ കുറെ ഏറെ സമയം കളിക്കും വൈകുന്നേരം വീട്ടില്‍ വന്നു കുളി കഴിഞ്ഞു കിടന്നാല്‍ പതുക്കെ ശരീര വേദന തുടങ്ങുകയായി.

എന്നാല്‍ ക്രമേണ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ വേദന തന്നത്താനെ ഇല്ലാതെ ആകും.

പക്ഷെ ചിലപ്പോള്‍ രണ്ടാമത്തെ ദിവസം കളിക്കന്‍ കഴിഞ്ഞു എന്നു വരികയില്ല.

അത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടാകാന്‍ യോഗ പരിശീലനത്തിനിടയില്‍ ഉണ്ടാകരുത്‌ എന്നര്‍ത്ഥം.

ക്രമേണ മാത്രമേ സമയദൈര്‍ഘ്യവും, യോഗയുടെ കാഠിന്യവും വര്‍ദ്ധിപ്പിക്കാവൂ.

തുടരും

4 comments:

 1. "ക്രമേണ മാത്രമേ സമയദൈര്‍ഘ്യവും, യോഗയുടെ കാഠിന്യവും വര്‍ദ്ധിപ്പിക്കാവൂ."

  ഇതിപ്പോ യോഗയുടെ മാത്രം കാര്യമാണോ? ഏതു പരിപാടിയാണെങ്കിലും ചെറുതായി തുടങ്ങി പയ്യെ പയ്യെ കാഠിന്യം കൂട്ടി ക്കൊണ്ട് വരേണ്ടേ?

  ReplyDelete
 2. പിടികൂടി അല്ലേ യാത്രികന്‍ ജീ :)

  ശരിയാണ്‌ എല്ലാകാര്യത്തിലും അങ്ങനെ തന്നെയാണ്‌ നല്ലത്‌.

  തണലിന്റെ പോസ്റ്റില്‍ യോഗ പഠിപ്പിക്കാന്‍ തുടങ്ങുന്നതുകോണ്ടും ഞാന്‍ എനിക്കറിയാവുന്നതുപോലെ സഹകരിക്കാം എന്നു പറഞ്ഞതു കൊണ്ടും യോഗ പ്രത്യേകിച്ചു പറഞ്ഞെന്നെ ഉള്ളു

  അഭിപ്രായത്തിനു നന്ദി

  ReplyDelete
 3. തീര്‍ച്ചയായും താങ്കളുടെ ഈ ഉദ്യമം പ്രശംസനീയം തന്നെ. പല പുതിയ അറിവുകളും താങ്കളുടെ ബ്ലോഗില്‍ നിന്ന് അറിയാന്‍ കഴിയുന്നു. തുടരുക

  ReplyDelete
 4. തണൽ വഴിയാണിവിടെ എത്തിയത്‌.
  വായിച്ച്‌ ആർത്തിയായി പോയി!

  ReplyDelete