Monday, March 19, 2012

ആഹാരകാലം

ലൈഫ്‌ സ്റ്റെയില്‍ ഡിസൊര്‍ഡര്‍ Life Style Disorders
ഇംഗ്ലീഷില്‍ കേള്‍ക്കുമ്പോള്‍ രോമാഞ്ചം വരും അല്ലെ?
ഏതാണ്ടു വല്ല്യ സംഭവം.

ഇന്നത്തെ ലോകത്തില്‍ കാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണം ജീവിതചര്യയില്‍ വന്ന മാറ്റങ്ങള്‍ ആണ്‌ എന്നതു തര്‍ക്കമറ്റ സംഗതി ആണ്‌

അതുകൊണ്ട്‌ രോഗം വരാതെ എങ്ങനെ ശരീരത്തെ കാക്കാം എന്നറിയണ്ടെ?

അതല്ല ഒരു പടി കൂടി കടന്ന് ശരീരത്തെ എങ്ങനെ ആരോഗ്യം ഉള്ളതായി സൂക്ഷിക്കാം എന്നറിയണ്ടെ?

രോഗം ഇല്ലാഴിക അല്ല ആരോഗ്യം.

ആയുര്‍വേദം സ്വസ്ഥവൃത്തം എന്ന ഒരു പ്രകരണം തന്നെ ഇതിനായി മാറ്റി വച്ചിരിക്കുന്നു.

അതില്‍ വളരെ വിശദം ആയി പ്രതിപാദിച്ചിരിക്കുന്നതില്‍ നിന്നും നമുകാവശ്യമുള്ള ചില സംഗതികള്‍ ഇവിടെ പറയുവാന്‍ ശ്രമിക്കാം

ആഹാരം വിഹാരം എന്ന രണ്ടു വൃത്തികള്‍ ആണ്‌ പ്രതിപാദ്യവിഷയം.

ആഹാരം - സാധാരണ അര്‍ത്ഥം തന്നെ നാം എന്തു കഴിക്കുന്നു.

വിഹാരം നമ്മുടെ ദൈനം ദിന ചര്യകള്‍

ആദ്യമായി ആഹാരം ശ്രദ്ധിക്കാം

ആഹാരം ഇന്നത്തെ കണക്കിന്‌ എങ്ങനെ ഒക്കെ ആണ്‌ പറയുന്നത്‌?

ബ്രേക്‌ ഫാസ്റ്റ്‌ ഒരിക്കലും ഒഴിവാക്കരുത്‌. തുടങ്ങി ആധുനിക വിജ്ഞാനം പറയുന്നത്‌ കേട്ടിരിക്കുമല്ലൊ

എന്നാല്‍ ആയുര്‍വേദം പറയുന്ന രീതി വ്യത്യസ്ഥം ആണ്‌

ചരകന്‍ വിവിധാശിതപീതീയം വിമാനസ്ഥാനം തുടങ്ങി പലയിടത്തായി പറഞ്ഞവ കുറച്ചു കൂടി ലളിതം ആക്കി
വാഗ്ഭടന്‍ മാത്രാശിതീയം എന്ന ഒരു അദ്ധ്യായം ഇതു പറയാന്‍ വേണ്ടി ഉപയോഗിച്ചു.

അതില്‍ എന്തൊക്കെയാണ്‌ പറഞ്ഞിരിക്കുന്നത്‌ എന്നു നോക്കാം

ആഹാരം

1. എപ്പോള്‍ കഴിക്കണം

2. എന്തു കഴിക്കണം

3. എത്ര കഴിക്കണം

4. എങ്ങനെ കഴിക്കണം


എപ്പോള്‍ കഴിക്കണം

ആഹാരകാലം രണ്ടാണ്‌ പഴയവര്‍ പറഞ്ഞിട്ടുള്ളത്‌

"സായം പ്രാതര്‍മ്മനുഷ്യാണാം ഭോജനം വിധിനിര്‍മ്മിതം"

അല്ലാതെ മൂന്നു നേരവും നാലു നേരവും കഴിക്കാന്‍ പറഞ്ഞിട്ടില്ല.

പക്ഷെ കാലത്തും വൈകുന്നേരവും ഭക്ഷണം കഴിക്കണം എന്നല്ല വിധി

മുന്‍പു കഴിച്ച ആഹാരം ദഹിച്ചതിനു ശേഷമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളു

നാം അവിയല്‍ ഉണ്ടാക്കുമ്പോള്‍ പകുതി വെന്ത അവിയലിലേക്ക്‌ കുറച്ചു കൂടി പച്ച കഷണങ്ങള്‍ ചേര്‍ക്കാറുണ്ടൊ?

ചേര്‍ത്താല്‍ എന്തു സംഭവിക്കും?

അവിയല്‍ കൊള്ളുകയില്ല അത്ര തന്നെ

അല്ലെങ്കില്‍ അരി പകുതി വേവാകുമ്പോള്‍ കുറച്ചു കൂടി അരി ഇട്ടാല്‍ ചോര്‍ എങ്ങനിരിക്കും?

ഇതെ പോലെ ശരീരത്തിനുള്ളില്‍ ഒരിക്കല്‍ എത്തിപ്പെട്ട ആഹാരപദാര്‍ത്ഥത്തിന്റെ ദഹനപ്രക്രിയ തുടങ്ങി കഴിഞ്ഞാല്‍, അതു പൂര്‍ത്തിയായി ആമാശയത്തില്‍ നിന്നും ഒഴിവാകുന്നതിനു മുന്‍പായി മറ്റൊരു പദാര്‍ത്ഥം കഴിച്ചാല്‍, ശരിയായ ദഹനപ്രക്രിയ നടക്കില്ല.

ഈ ശരിയായ എന്ന പ്രയോഗം ശ്രദ്ധിക്കണം.

അല്‍പം കുറച്ച്‌ എന്തെങ്കിലും ചെന്നാല്‍ ചിലപ്പോള്‍ ശരീരം അതിനെ എങ്ങനെ എങ്കിലും ഒതുക്കി കൊള്ളും.

പക്ഷെ ചില ഘട്ടങ്ങളില്‍ ആദ്യം കഴിച്ച ആഹാരത്തിന്റെ ദഹനപ്രക്രിയയും ആയി പൊരുത്തപ്പെടാത്ത വസ്തു ആണ്‌ ചെല്ലുന്നത്‌ എങ്കില്‍ ശരീരം മറ്റൊരു രീതിയില്‍ പ്രതികരിക്കും

എങ്ങനെ?

മൊത്തം സാധനവും പുറം തള്ളും ഛര്‍ദ്ദിയായിരിക്കും ചിലപ്പോള്‍

അഥവാ അമാശയത്തില്‍ നിന്നും കുറച്ചു താഴേക്കു പോയിട്ടുണ്ടെങ്കില്‍ വയറിളക്കവും ഉണ്ടായി എന്നു വരും.

അതു പോയി തീര്‍ന്നാല്‍ സുഖമാക്കയും ചെയ്യും. എന്നാല്‍ നാം എന്താണു ചെയ്യുക?

ഓട്ടമായി ആശുപത്രിയിലേക്ക്‌.

ഗുളിക വിഴുങ്ങുന്നു

അതും പുറമെ വരുന്നു ഉടന്‍ കുത്തിവയ്പ്പായി. പിന്നെ ഡ്രിപ്‌ ആയി

ഇതിനിടയില്‍ ഉള്ളതെല്ലാം ഛര്‍ദ്ദിയായും വയറിളക്കമായും പുറമെ പോകുന്നതിനാല്‍ രോഗി സുഖപ്പെടുന്നു, രക്ഷപെടുന്നു. കൂട്ടത്തില്‍ ആശുപത്രിക്കാരും രക്ഷപെടുന്നു.

എല്ലാ ഛര്‍ദ്ദിയും വയറിളക്കവും അല്ല ഇവിടെ പറഞ്ഞത്‌. കാലം തെറ്റി വേണ്ടാത്ത ഭക്ഷണം കഴിച്ചതു കൊണ്ടുണ്ടാകുന്നതാണ്‍.

പക്ഷെ ഇന്നത്തെ കാലത്ത്‌ ഒന്നു കൂടി സൂക്ഷിക്കണം ഹോട്ടലില്‍ പോയാല്‍ മൂന്നു ദിവസം പഴക്കമുള്ളതും പുളിച്ചതും വളിച്ചതും എല്ലാം കിട്ടിയേക്കും. അതു കഴിച്ചുണ്ടാകുന്നതാണെങ്കില്‍ ആശുപത്രിയില്‍ പോയേക്കണെ ഇല്ലെങ്കില്‍ ചിലപ്പോല്‍ വിവരം അറിയും.

അപ്പോള്‍ പറഞ്ഞു വന്നത്‌ കാലം തെറ്റി കഴിക്കുന്ന കാര്യം

അതിനെ "വിഷമാശനം" എന്നു ആയുര്‍വേദം വിളിക്കും

" അകാലേ ബഹു വാല്‍പം വാ ഭുക്തം തു വിഷമാശനം"

അകാലത്തില്‍ - അതായത്‌ വേണ്ട സമയത്തല്ലാതെ കുറച്ചോ കൂടുതലൊ ആയി എന്തു കഴിക്കുന്നതും വിഷമാശനം എന്നു പറയപ്പെടുന്നു.

എങ്കില്‍ എന്താണ്‌ ശരിയായ ആഹാരകാലം?


"വിസൃഷ്ടെ വിണ്മൂത്രെ ഹൃദി സുവിമലെ ദോഷെ സ്വപഥഗേ
വിശുദ്ധെ ചോദ്ഗാരെ ക്ഷുദുപഗമെ വാതേനുസരതി
തഥഗ്നാവുദ്രിക്തെ വിശദകരണെ ദേഹെ ച സുലഘൗ
പ്രയുഞ്ജീതാഹാരം വിധിനിയമിതഃ കാലഃ സ ഹി മതഃ"


ഇത്രയും കാര്യങ്ങള്‍ നോക്കണം

മലമൂത്രവിസര്‍ജ്ജനം നടന്നിരിക്കണം
ഹൃദയവൈമല്യം ഉണ്ടാകണം
ദോഷങ്ങള്‍ സ്വപഥ സഞ്ചാരികള്‍ ആയിരിക്കണം
ഉദ്ഗാരം ശുദ്ധമായിരിക്കണം
വിശപ്പുണ്ടായിരിക്കണം
വാതാനുലോമ്യം ഉണ്ടാകണം
അഗ്നി ദീപ്തമായിരിക്കണം
ഇന്ദ്രിയങ്ങള്‍ തെളിഞ്ഞിരിക്കണം
ദേഹം ലഘുവായിരിക്കണം

ഇതൊക്കെ വൈദ്യന്‍ പരീക്ഷിച്ചറിയേണ്ട കാര്യം.

സാധാരണ ഒരാള്‍ ശ്രദ്ധിക്കേണ്ടത്‌
വിശപ്പുണ്ടായിരിക്കണം.
മുന്‍പു ആഹാരം കഴിച്ചത്‌ കുറഞ്ഞത്‌ മൂന്നു മണിക്കൂര്‍ എങ്കിലും മുന്‍പായിരിക്കനം.
ഏമ്പക്കം വരുന്നെങ്കില്‍ അതില്‍ മുന്‍പു കഴിച്ച ആഹാരത്തിന്റെ ഗന്ധം ഉണ്ടാകരുത്‌.
ശരീരതളര്‍ച്ച ഉണ്ടായിരിക്കരുത്‌- ലഘുത്വം വേണം.

എന്നാല്‍ ഇന്നു നാം കാണുന്നതോ?

അമ്മമാരും അച്ഛന്മാരും ടൈം ടേബിള്‍ വച്ചല്ലെ അടിച്ചു തീറ്റിക്കുന്നത്‌

വളര്‍ന്നാലൊ?

മീറ്റിംഗ്‌ - ഇടയ്ക്കിടക്ക്‌ ചായ , വറുത്തത്‌ , പൊരിച്ചത്‌, മിക്സ്ചര്‍, തേങ്ങാക്കൊല മാങ്ങാത്തൊലി

കാലത്ത്‌ വീട്ടില്‍ നിന്നും കഴിച്ച ലഘു ഭക്ഷണം അകത്തു കിടന്നു കരയും. അതിനു മുകളിലേക്ക്‌ ആണ്‌ ഈ വഹകള്‍

രണ്ടു മീറ്റിംഗ്‌ ഉണ്ടെങ്കില്‍ പരയണ്ടാ

ഇനി അതുമല്ല വീട്ടില്‍ ചൊറിയും കുത്തി ഇരിക്കുന്ന സമയത്തോ

ടി വി തുറന്നു
കയ്യില്‍ ഒരു പൊതി എടുത്തു

വിഡ്ഢിപ്പെട്ടി എന്ന പേര്‍ അന്വര്‍ത്ഥമാക്കി കൊണ്ട്‌ അതിനു മുന്നില്‍ ഇരുന്നു തീറ്റ. കപ്പലണ്ടിയോ ചിപ്സൊ എന്തു കുന്തമായാലും

അല്ല ഇതൊക്കെ കൊണ്ടല്ലെ ആശുപത്രികള്‍ നിലനില്‍ക്കുന്നത്‌. ലക്ഷോപലക്ഷം ആളുകള്‍ അതു കൊണ്ടല്ലെ ജീവിക്കുന്നത്‌ നടക്കട്ടെ

സാറന്മാരെ ആഹാരകാലം നോക്കിയെ ഇനി കഴിക്കാവെ.

ബാക്കി മൂന്നെണ്ണം പിന്നാലെ എഴുതാം എല്ലാം കൂടി ദഹനക്കേടാകണ്ടാ

8 comments:

 1. health is the physiological psychological , social and spiritual well being of the individual ....


  അര്‍ത്ഥവാത്തായ ഒരു ലേഖനം !

  സ്വാഗതം @ കേള്‍ക്കാത്ത ശബ്ദം

  ReplyDelete
 2. നന്നായി പണിക്കർ സാറേ.

  ദിവസം രണ്ടു നേരം ഭക്ഷണം എന്ന രീതിയായിരുന്നു സംഹിതാകാലത്ത്.

  എന്നാൽ പിൽക്കാലത്ത് (ഭാവപ്രകാശത്തിന്റെ കാലമായപ്പോഴേക്കും)മൂന്നു നേരം ഭക്ഷണം കഴിക്കുന്ന രീതി സാർവത്രികമായി.

  രാവിലെ-ഉച്ചയ്ക്ക്-രാത്രി.

  രാത്രിയിൽ ആദ്യ യാമത്തിൽ തന്നെ ഭക്ഷണം കഴിക്കണം എന്നാണ് ഭാവപ്രകാശം പറയുന്നത്. (രാത്രി 6 നും 9 നും ഇടയ്ക്ക്)

  അതിന് 48 മിനിറ്റ്(1 മുഹൂർത്തം)ശേഷം ഉറങ്ങാം.

  ഇക്കാലത്ത് ഇത് സ്വീകാര്യമാക്കാം എന്നു തോന്നുന്നു. (പക്ഷേ സീരിയലുകളും ചാനലുകളും നിരോധിക്കണം!!)

  ReplyDelete
 3. ട്രാക്കിങ് വിഥ് സങ്കോചം :(((

  ReplyDelete
 4. ഒരു നേരം തിന്നുന്നവൻ യോഗി
  രണ്ട് നേരം തിന്നുന്നവൻ ഭോഗി
  മൂന്നു നേരം തിന്നുന്നവൻ രോഗി
  നാലു നേരം തിന്നുന്നവൻ ദ്രോഹി.....

  ലേഖനം ഇഷ്ടമായി.

  ReplyDelete
 5. ഇഷ്ടപ്പെട്ടു..അടുത്തഭാഗം വായിക്കാന്‍ ഇനിയും വരാം...

  ReplyDelete
 6. പുണ്യാളാ

  അപ്പറഞ്ഞതു ശരി. അല്‍പം കൂടി വിശദം ആയി ആയുര്‍വേദം പറയുന്നു

  "സമദോഷ സമാഗ്നിശ്ച
  സമധാതുമലക്രിയാഃ
  പ്രസന്നാത്മേന്ദ്രിയമനഃ
  സ്വസ്ഥ ഇത്യഭിധീയതെ"

  ആരോഗ്യം ഉള്ളവരെ സ്വസ്ഥന്‍ എന്നാണ്‌ പറയുന്നത്‌. ശാരീരികാരോഗ്യത്തിനു പുറമെ ആത്മാവ്‌ ഇന്ദ്രിയം മനസ്‌ ഇവ കൂടി ആയുര്‍വേദം കണക്കിലെടുക്കുന്നു.

  ജയന്‍

  ആഹാരകാലം എന്നതിനു ദിവസത്തിന്റെ സമയത്തോടുള്ള ബന്ധത്തെക്കാള്‍ പ്രാധാന്യം ശരീരികപ്രേരണയും ആവശ്യവും ആണ്‌ എന്നായിരുന്നു ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ചത്‌.

  ഇന്ന സമയത്തു കഴിക്കണം എന്നു പറഞ്ഞാല്‍ അതു ശരി ആകില്ലല്ലൊ

  പക്ഷെ ഇന്നു നാം നമ്മുടെ ശരീരത്തെ Conditioned Reflex പഠിപ്പിച്ചു വിട്ടു ഹ ഹ ഹ :)

  കാര്‍ട്ടൂണ്‍ ജി ഇനി ശ്രദ്ധിച്ചാലും മതി. വൈക്ലബ്യം ഒന്നും വേണ്ട :)

  എച്മു ആ ദ്രോഹി കലക്കി. ഹ ഹ :)

  ജിഷ്ണു വരവിനും അഭിപ്രായത്തിനും നന്ദി

  ReplyDelete
 7. പഴമക്കാര്‍ പറയുന്ന ഒരു ചൊല്ലുണ്ട് നാട്ടില്‍. ദിവസത്തില്‍ രണ്ട്,
  ആഴ്ചയില്‍ രണ്ട്,
  മാസത്തില്‍ രണ്ട്.

  ReplyDelete
 8. പാർത്ഥൻ ജി ഏതൊക്കെ ആണെന്നു കൂടി എഴുതാമായിരുന്നു
  :)

  ReplyDelete