Thursday, March 29, 2012

ഒരു ശവപ്പെട്ടി കൂടി കരുതിക്കൊ ആയുർവേദത്തിനെ അടക്കാൻ

ആയുർവേദമരുന്നുകൾക്ക് നിലവാരം ഉറപ്പിക്കാൻ നിയമം വരുന്നു. നല്ല കാര്യം. വളരെ നല്ല കാര്യം.

പക്ഷെ അത് എപ്രകാരം ആണ് നടപ്പിലാക്കുന്നത് എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

മരുന്ന് കൊണ്ടുപോയി ലാബറട്ടറിയിൽ പരിശോധിക്കുമൊ?

എന്നിട്ട് അതിൽ രൂക്ഷത എത്രയുണ്ട്, സ്നിഗ്ദ്ധത എത്രയുണ്ട്, വീര്യം എന്താണ്, വിപാകരസം എന്താണ്, വാതശമനത്വം എത്രയുണ്ട്, കഫത്തെ കോപിപ്പിക്കുന്നതാണൊ എന്നൊക്കെ കണ്ടുപിടിക്കുമായിരിക്കും അല്ലെ?

എന്നിട്ട് കറക്റ്റ് ആയതിനു ലൈസൻസ് നൽകും

കടുകിട ഒന്നങ്ങോട്ടൊ ഒന്നിങ്ങോട്ടൊ പോയാൽ അവൻ ഔട്

ഹൊ കാലം പോയ പോക്കെ !!!

ഞങ്ങൾ കോട്ടക്കൽ പഠിക്കുന്ന കാലത്ത് ചങ്കുവെട്ടിയിൽ ഉള്ള കെട്ടിടം ആയിരുന്നു കോളെജ്. അവിടത്തെ ഫുട്ബാൾ ഗ്രൗണ്ടിൽ ഇടയ്ക്കിടയ്ക്ക് ഓരോ ട്രക് വന്ന് കുറെ തൊലിയൊ, വേരൊ, ഞെരിഞ്ഞിലൊ ഒക്കെ ഉണക്കാൻ ഇടും. ഉണങ്ങി കഴിയുമ്പോൾ തിരികെ വാരിക്കൊണ്ടും പോകും. ഞങ്ങൾ ഓടുമ്പോൾ മിക്കപ്പോഴും ഞെരിഞ്ഞിൽ കാലിൽ തറച്ചു കയറും.

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒരു ഫുട്ബാൾ കോർട്ട് മുഴുവൻ നിരത്തി ഇട്ടിരിക്കുന്ന ഈ മരുന്നുകൾ എന്താണെന്ന് ആർ അറിയും?

ഒരു ടൺ കുറുന്തോട്ടി വേർ വേണം എന്നു പറഞ്ഞു എന്നു വിചാരിക്കുക. ആ കൊണ്ടു വരുന്ന ട്രക്കിൽ മാവിന്റെ വേരു നിറച്ചു കൊണ്ടു വന്നാലും ആരറിയും?

പണ്ട്യു അറംഗസീബിനെ പറ്റി പറഞ്ഞു കേട്ട ഒരു കാര്യം ഉണ്ട്.
ഒരിക്കൽ ഡൽഹിയിൽ ഉണ്ടായിരുന്ന ഒരു പള്ളി ഇടിഞ്ഞു വീണ വർത്ത അദ്ദേഹത്തെ ആരോ വന്നു ധരിപ്പിച്ചു.

അദ്ദേഹം ആദ്യം ചോദിച്ച ചോദ്യം "അതിനു മുന്നിൽ നിന്ന ആല്മരത്തിനു കേടുവല്ലതും വന്നൊ"? എന്നായിരുന്നു അത്രെ

കാരണവും അദ്ദേഹം വിശദീകരിച്ചു "അല്ല പള്ളി വേണമെങ്കിൽ ഒരു ദിവസം കൊണ്ട് പണിതുയർത്താം പക്ഷെ അതുപോലെ ഒരു ആല്മരം വേണം എങ്കിൽ കൊല്ലം അൻപതുവേണം"

എന്നു പറഞ്ഞതു പോലെ ആയുർവേദത്തിൽ ഉപയോഗിക്കുന്ന പച്ച മരുന്നുകൾ താനെ വളർന്നു വരേണ്ടവ ആണ്. അതു ദിവസം തോറും ഓരോ ടൺ ഇങ്ങു പോരട്ടെ എന്നു പറഞ്ഞാൽ അതിലെ അപ്രായോഗികത തലയിൽ ആൾതാമസം ഉള്ളവർക്കു മനസിലാകും

അപ്പോൾ ഈ ഉണ്ടാക്കുന്ന മരുന്ന് ശരിക്കുള്ള മരുന്നായിരിക്കണം എങ്കിൽ അത് സ്വയം പച്ച മരുന്നുകൾ പറിച്ചെടുത്ത് സ്വന്തമായി അന്നന്നത്തെ ആവശ്യത്തിനുള്ളത് അവരവർ ഉണ്ടാക്കുന്നതായിരിക്കണം

ആ രീതിയിൽ ഉണ്ടാക്കുവാൻ ആണ് ആചാര്യന്മാർ ഉദ്ദേശിച്ചിരുന്നത് എന്നും ഞാൻ കരുതുന്നു.

എന്നാൽ ഇന്ന് പച്ചമരുന്നു പോയിട്ട് മാവു കണ്ടാൽ പോലും തിരിച്ചറിയാൻ പാടില്ലാത്ത ഒരു തലമുറ അല്ലെ വളർന്നുവരുന്നത്.

ഒരിക്കൽ എന്റെ ഏട്ടന്റെ മകൻ വീട്ടിൽ വന്നു. ഒരു ചെടിച്ചട്ടിയിൽ വളർന്നു കായ്ച്ചു നിൽക്കുന്ന വെണ്ടക്ക കണ്ടപ്പോൾ അവന്റെ ഒരതിശയം " ഹയ്യൊ ചിറ്റപ്പാ ഇതല്ലെ വെണ്ടക്കാ?" ഏതാണ്ടു ചന്ദ്രനിൽ നിന്നു വന്നതു പോലെ അവന്റെ ചോദ്യ കേട്ടു ഞാൻ ആയിരുന്നു നാണിച്ചത്.

ആ നിലയ്ക്ക് പുതിയ തലമുറയ്ക്ക് ഏതെങ്കിലും ചെറുകിട വൈദ്യന്മാരുടെ സഹായം തേടി അവനവൻ ആവശ്യം ഉള്ള മരുന്നുകൾ ഉണ്ടാക്കി എടുത്താൽ അതു വിശ്വസിച്ചു കഴിക്കാം.

അതല്ല കെട്ടും മട്ടും മോടിയും പരസ്യവും പോകറ്റിൽ കിട്ടുന്ന കാശും കണ്ട് മരുന്നിനു ലൈസൻസ് കൊടുത്തു തുടങ്ങിയാൽ നല്ല ഒരു ശവപ്പെട്ടി കൂടി കരുതിക്കൊ ആയുർവേദത്തിനെ അടക്കാൻ

22 comments:

  1. ചില നിയമങ്ങള്‍ പ്രായോഗികം ആവണം എങ്കില്‍ അതിനെപ്പറ്റി
    അറിവ് ഉള്ളവര്‍ വേണം.രാഷ്ട്രീയ സമ വാക്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍
    ക്രികെറ്റ് ബോര്‍ഡില്‍ ഫുട് ബോള്‍ കളിക്കാരെ മാനേജര്‍ ആക്കുന്ന നമ്മുടെ
    നാട്ടില്‍ ഇതൊക്കെ നടക്കും...
    അപ്പോപ്പിന്നെ അവരും ചോദിക്കും വെണ്ടക്കാ പോലെ "കാച്ചിലും ഞറങ്ങണ
    പിറങ്ങണ ആയി കിടക്കുന്ന ഒരു തരം വള്ളിയല്ലേ" അത് എന്ന്..!!!!
    വിജ്ഞാന പ്രദമായ ഈ ലേഖനത്തിന് അഭിനന്ദനങ്ങള്‍..

    ReplyDelete
  2. കുറുംതോട്ടിക്കും വാതം വരുന്നക്കാലമാ..!
    എന്തൊക്കെ നടക്കും ന്ന് കണ്ടറിയണം..!

    അലോപ്പതി പോലെതന്നെ ആയുര്‍വേദവും കച്ചവടവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.അതുകൊണ്ടുതന്നെയാണ് അതിന്മേലുള്ള വിശ്വാസം കുറയുന്നതും.
    എന്തുചെയ്യാം “ചുണ്ടങ്ങാ” കിട്ടാനില്ലെങ്കില്‍ “ചെറിയ വഴുതനങ്ങാ“ വച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ മടിക്കത്തിടത്തേക്ക് ആയുര്‍വേദമെത്തി..!

    കാര്യമാത്ര പ്രസക്തമായ ചിന്തകള്‍ക്ക് ആശംസകള്‍..!!

    ReplyDelete
  3. എന്റെ ലോകം, പ്രഭൻ കൃഷ്ണൻ ജി

    ഇപ്പോൾ എല്ലാറ്റിലും വലുത് കാശല്ലെ?
    കോളേജിൽ പോയി ആയുർവേദം പഠിച്ചവരും, ആയുർവേദ കോളേജിൽ തന്നെ ആധുനികം പഠിപ്പിക്കണം എന്നി വാശി പിടിക്കുന്നു.
    പാരമ്പര്യമായി കുലത്തൊഴിലായി ആയുർവേദം അഭ്യസിച്ചവർ ആയുർവേദം ചികിൽസിക്കരുതെന്നു വാശി പിടിക്കുന്നു.

    മുടിവളർത്തലും ലാവണ്യവും ആണ് ആയുർവേദത്തിന്റെ മുഖമുദ്ര എന്നു വരുത്തിത്തീർക്കുന്നു.

    കണ്ട അവന്മാരെയും അവളുമാരെയും ഉഴിഞ്ഞു കാശൂണ്ടാക്കുന്നതാണ് അതിലും എളുപ്പം എന്നു കണ്ടുപിടിക്കുന്നു

    ശംഭോ മഹാദേവാ

    ReplyDelete
  4. വയറു കുറക്കാൻ,കഷണ്ടിമാറ്റാൻ,അകാലനര തടയാൻ,ഏതിനോയൊക്കെ വലിപ്പം കൂട്ടാൻ...എനിക്ക് വയ്യ പരസ്യങ്ങൾകണ്ട് ചിരി വരുന്നത് എനിക്കല്ലാ ചിരഞ്ചീവി എന്ന് നാം ധരിക്കുന്ന അഗസ്ത്യമുനിക്കാണു.... എന്റെ വീട്ടിനടുത്താണു അഗസ്ത്യാർകൂടം അവിടെ സുലഭമായി ആരോഗ്യപച്ചയും,തഴുതാമയും,മറ്റ് അപൂർവ്വമായ സസ്യങ്ങളുമുണ്ട് പക്ഷേ അത് എതൊക്കെയാണെന്ന് കണ്ട് പിടിക്കാൻ ഇവിടാരുമില്ലാ...എല്ലാ വരും പരസ്യത്തിന്റെ പിന്നാലെയാണു...അതിൽ അടങ്ങിയിരിക്കുന്നതെന്താണെന്ന് അത് നിർമ്മിക്കുന്നവർക്ക് പോലും അറിയില്ലാ..സഹോദരൻ പറഞ്ഞത് ശരിയാണു
    "ഒരു ശവപ്പെട്ടി കൂടി കരുതിക്കൊ ആയുർവേദത്തിനെ അടക്കാൻ".......

    ReplyDelete
  5. വെണ്ടക്ക ആണെന്നു മനസ്സിലായല്ലോ അവനു്. അതെന്താണെന്നു ചോദിച്ചില്ലല്ലോ.

    ReplyDelete
  6. പ്രിയമുള്ള ചന്തു നായർ,
    പാരമ്പര്യവൈദ്യന്മാർക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ആധുനിക ആയുർവേദ ഡിഗ്രിക്കാരെ കൊണ്ടു പോയി ഒന്നു ഒരു കഷായത്തിനുള്ള മരുന്നു പറിപ്പിക്കാമൊ? പരീക്ഷയ്ക്കു വക്കുന്ന കുറെ ഏതാണ്ട് മനസിലാകും എന്നതല്ലാതെ ചിലപ്പോൾ തെങ്ങും മാവും പോലും തിരിച്ചറിയില്ല മിക്കതിനും.

    ഇങ്ങനെ പോയാൽ അധികം കാലം വേണ്ടി വരില്ല ശവദാഹത്തിന്

    റ്റൈപിസ്റ്റ്,

    അതു ശരിയാ അത് വെണ്ടക്ക ആണെന്നു മനസിലായല്ലൊ ഭാഗ്യം :)

    ReplyDelete
  7. അഞ്ജനമെന്നത് ഞാനറിയും,
    മഞ്ഞളുപോലെ വെളുത്തിരിക്കും...!

    ഗുണമേന്മക്ക് ഒരു അളവുകോൽ ഏതു ഉൽ‌പ്പന്നത്തിനും ആവശ്യമാണ്. അതുമായി ബന്ധപ്പെട്ട പ്രഗൽഭരായവർ കൂടിയിരുന്ന് വേണ്ടവിധത്തിൽ ഓരോന്നിനും ഓരോ ഫോർമുല ഉണ്ടാക്കിയെടുക്കണം.

    ആശംസകൾ...

    ReplyDelete
  8. വി കെ ജി,
    ഗുണനിലവാരം വേണം വേണം എന്നു തന്നെ ആണ് ഞാനും പറയുന്നത്.
    പക്ഷെ രാസപദാർത്ഥങ്ങളെ പോലെ അല്ല ആയുർവേദമരുന്നുകൾ.
    ഫാക്റ്ററികളിൽ ഉല്പാദിപ്പിക്കണം വലിയ അളവിൽ വേണം എന്നാണെങ്കിൽ അതുപോലെ അസംസ്കൃതവസ്തുക്കൾ എവിടെ നിന്നു ലഭിക്കും?

    അതൊരു വസ്തുത

    മറ്റൊന്ന്
    ആയുർവേദ ആചാര്യന്മാർ പലതരത്തിൽ മരുന്നുകളുടെ നിർമ്മാണം പറഞ്ഞിട്ടുണ്ട്
    ചിലവയ്ക്ക് കൃത്യം അളവുകൾ പറഞ്ഞിരിക്കുന്നു. അതിനെ നൂറു കൊണ്ട് ഗുണിച്ച് നൂറളവുണ്ടാക്കാൻ പറഞ്ഞിട്ടില്ല.
    അങ്ങനെ ഉണ്ടാക്കിയാൽ ഒരു ഗ്ലാസ് ചായക്കെടുക്കുന്ന വസ്തുക്കളെ നൂറു കൊണ്ടു ഗുണിച്ചു നൂറു ചായ ഉണ്ടാക്കി അതിൽ നിന്നും ഒരു ഗ്ലാസ് കുടിക്കുന്നതും ഒറ്റ ഗ്ലാസ് ഉണ്ടാകിയതു കുടിക്കുന്നതും പോലെ വ്യത്യാസം കാണാം

    മറ്റൊന്ന്
    "ഋഷയസ്ത്വേവ ജാനന്തി യോഗസംയോഗജം ഫലം" എന്നു പറഞ്ഞിട്ടാണ് യോഗങ്ങൾ പറയുന്നത്. അതിൽ എന്തെങ്കിലും മരുന്ന് കൂട്ടുകയൊ കുറയ്ക്കുകയൊ ചെയ്യുന്നത് വളരെ ആലോചിച്ച് രോഗിയുടെ അവസഥയ്ക്കനുസരിച്ചു വേണം എന്നും നിഷ്കർഷിച്ചിരിക്കുന്നു.

    എന്നാൽ ഇന്നൊ? കഷായം ഉണ്ടാക്കി ഉണക്കി ഗുളിക ആക്കുന്നു, കഷാലം കുറുക്കി അതിൽ ബെൻസോയിക് ആസിഡ് ചേർത്ത് സൂക്ഷിക്കുന്നു. ഇതൊക്കെ ഏതു വകുപ്പിൽ പെടുത്തും?

    ഈശ്വരോ രക്ഷതു

    ReplyDelete
  9. ഡോക്ടര്‍ അവസാനം എഴുതിയിരിക്കുന്ന
    ഉപദേശവും,മുന്നറിയിപ്പും
    അര്‍ത്ഥവത്താണ്.
    ചിന്തിക്കേണ്ടതുമാണ്.
    ആശംസകള്‍

    ReplyDelete
  10. ഒരു ശവപ്പെട്ടി കൂടി കരുതിക്കൊ ആയുർവേദത്തിനെ അടക്കാൻ...


    കൊള്ളാം....

    ReplyDelete
  11. ആയുർവേദത്തെ എപ്പോഴേ അടക്കിക്കഴിഞ്ഞു! ഇപ്പോൾ ഉള്ളത് അതിന്റെ അറ്റസ്റ്റ് ചെയ്യാത്ത ഫോട്ടോസ്റ്റാറ്റ് മാത്രം. തനത് കാലാവസ്ഥയിൽ പ്രകൃത്യാ വളർന്നു വരുന്ന സസ്യങ്ങൾക്കേ അവയുടെ ഉള്ളിൽ ഔഷധമൂല്യത്തെ കാത്തു വയ്ക്കാനാവൂ. കൃത്രിമമായി തോട്ടങ്ങളിലുണ്ടാക്കുന്നവ “ബ്രോയിലർ” ചെടികളല്ലേ?
    പൊതുവേ എല്ലാറ്റിനും മൂല്യം നഷ്ടപ്പെട്ട ഈ കാലത്ത് ആയുർവേദ മരുന്ന് ഇത്രയൊക്കെ മതി.ഒറിജിനൽ കൊടുത്താൽ ഡോസ് താങ്ങാൻ പറ്റില്ല. രോഗി തൽക്ഷണം മൃതിയടയും.
    ബെസ്റ്റൊരു പോസ്റ്റ്. ആശംസകൾ . ഔറംഗസീബിന്റെ കഥ പറഞ്ഞതിനൊരു പ്രത്യേക ഫീസ് അടുത്ത പോസ്റ്റായി ഡോക്ടർക്ക് സമർപ്പിക്കാം.

    ReplyDelete
  12. ...ആദ്യമേ പറയട്ടെ, ആയ്യൂർവ്വേദത്തിനെപ്പറ്റി ശരിക്കും അറിയാവുന്ന ബഹു:വി.വി.ഗിരി, കോട്ടയ്ക്കലിൽ വന്ന് ചികിത്സകഴിഞ്ഞു തിരിച്ചുപോകുമ്പോൾ അന്നു പറഞ്ഞത്..’ആയൂർവ്വേദം പ്രചുരപ്രചാരം വരുത്തേണ്ടുന്ന കാലമാണിത്...’ എന്നാണ്. ഇന്ന് എന്റെ അറുപതാം വയസ്സിൽ - ദൈവസഹായത്താൽ യാതൊരു രോഗങ്ങളുമില്ലെന്ന് പരിശോധനയിൽ തെളിയുന്നു. ഓർമ്മവച്ച കാലം മുതൽ ആയുർവ്വേദമരുന്നുകളേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ. എന്റെ അഛൻ 93-ആം വയസ്സിൽ കഴിഞ്ഞവർഷം അന്തരിക്കുന്നതിന്റെ രണ്ടുദിവസം മുമ്പും ചവിട്ടാൻ സൈക്കിളെടുത്തു. ഞാൻ പിടിച്ചുവാങ്ങി മാറ്റിവച്ചതാണ്. അഛനും ആയുർവേദമരുന്നുകളേ ഉപയോഗിച്ചിരുന്നുള്ളൂ. ഈയിടെ എന്റെ മകൾക്ക് പല്ലുവേദനവന്ന് പല്ലെടുക്കാൻ തീരുമാനിച്ചു. ഒരുതുള്ളി സ്പിരിറ്റും ഒരുതുള്ളി ഗ്രാമ്പൂയെണ്ണയും പഞ്ഞിയിൽ മുക്കി പല്ലിൽ വയ്ക്കാൻ വിളിച്ചുപറഞ്ഞു. അങ്ങനെ ചെയ്തശേഷം ഇന്നുവരെ പിന്നെ പല്ലുവേദന വന്നിട്ടില്ല. അത്യാവശ്യം കൂട്ടിച്ചേർക്കലുകളും ശസ്ത്രക്രിയകളുമല്ലാതെ പല ഭൂരിപക്ഷം രോഗങ്ങൾക്കും ആയുർവ്വേദമാണ് പ്രാധാന്യമേറിയതെന്ന് പലർക്കും അറിഞ്ഞുകൂടാത്തതാണ് പ്രശ്നം. പിന്നെ, ധാരാളം അനുഭവങ്ങൾ വേറേയും. ഇന്ന് നമ്മുടെ രാജ്യത്ത് പച്ചമരുന്നുകളുടെ ദൌർല്ലഭ്യവും ‘വാര്യരെ’പ്പോലുള്ള കൺകണ്ട വൈദ്യന്മാരുടെ അഭാവവും ‘ആയുർവ്വേദ’ത്തിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്നു എന്നതാണ് സത്യം. ഒന്ന് മനസ്സിലാക്കേണ്ടതുണ്ട്, പച്ചിലമരുന്നുകളുടെ യഥാർത്ഥ ‘സത്ത്’ തന്നെ ഉണ്ടാക്കിയെടുത്താണ് ‘അലോപ്പതി’യിലെ 80% മരുന്നുകളും നിർമ്മിക്കുന്നത്. (ലാഭേഛയാൽ മായം കൂടുന്നു എന്നതാണ് കുഴപ്പം). നല്ല ഒരു കുറിപ്പ് കാണിച്ചതിന് അനുമോദനങ്ങൾ....

    ReplyDelete
  13. ചോപ്ര ജി
    അതായിരുന്നു കാര്യം, അല്ലെ? ഞാൻ അത്ര ശ്രദ്ധിച്ചില്ല. ഹ ഹ ഹ :)

    മിക്ക കാര്യങ്ങളിലും അമേരിക്ക അമേരിക്ക എന്നു പറഞ്ഞു സായിപ്പിന്റെ വാലു നക്കുന്ന നമ്മൾ മതിലു കെട്ടുന്ന കാര്യത്തിലെന്താണ് അവിടെ നോക്കാത്തത് എന്നു മനസിലാകുന്നില്ല. പണ്ടൊക്കെ വേലിയിൽ പോയി നോക്കിയാൽ എന്തെങ്കിലും ഒക്കെ പച്ച മരുന്നുകൾ കണ്ടു കിട്ടുമായിരുന്നു

    ഇന്നു വേലി ഇല്ലല്ലൊ എല്ലാം വിളവു തിന്നാൻ പോയിരിക്കയല്ലെ

    മതിലുകൾ കൊണ്ടു നിറയട്ടെ ലോകം മതിലുകൾ സിന്ദാബാദ്

    ReplyDelete
  14. വി എ ചേട്ടാ,

    http://indiaheritage1.blogspot.in/2011/08/blog-post_26.html ആയുർവേദം വികസിക്കണം വളരണം എന്നു പറയുമ്പോൾ മരുന്നുണ്ടാക്കുന്ന കമ്പനികൾ ഉണ്ടാകണം എന്നു അർത്ഥം എടുക്കാൻ പറ്റില്ലല്ലൊ.

    ആയുർവേദം ഉപദേശിച്ച ആചാര്യന്മാർ ഒരു ആയുർവേദവൈദ്യനെ ഒരു "വൺ മാൻ ആർമി" ആയാണ് സങ്കൽപ്പിച്ചത്. ആ വൈദ്യൻ രോഗിയെ പരിശോധിക്കും, വേണ്ട മരുന്നുകൾ തന്നത്താനെ ഉണ്ടാക്കി രോഗിയ്ക്കു കൊടുക്കും വേണ്ട ചികിൽസകൾ തന്നത്താനെയൊ സഹായികളഓടൊത്തൊ ചെയ്യും.

    അല്ലാതെ ഇന്നത്തെ പോലെ കസേരയിൽ ഇരുന്നു കുറിപ്പടി കുറിക്കും കടയിൽ നിന്ന് എന്തെങ്കിലും ചവർ മേടിക്കും എന്ന രീതിയിൽ അല്ല.
    ഓരോ രോഗിയും ഓരോ വ്യത്യസ്ഥ അവസ്ഥയും ആയാണ് വരുന്നത്. അവരിൽ ഓരോരുത്തർക്കും വ്യത്യസ്ഥമായ മരുന്നുകൾ ആയിരിക്കും വേണ്ടി വരുന്നത്. ഇതിനെല്ലാം ഉള്ള മാർജിൻ ആചാര്യന്മാർ ഇട്ടിട്ടുണ്ട്.

    ഇന്നി സ്റ്റെതെസ്കോപ് വച്ചില്ലെങ്കിൽ ആയുർവേദ ഡോക്റ്ററാകില്ല എന്നു വരെ വിശ്വസിക്കുന്ന അഭിനവ ഡോക്റ്റർമാർ

    വെറുതെ അല്ല ആയുർവേദം ഫോടൊസ്റ്റാറ്റ് ആണെന്ന് ചോപ്രാജിയും പറഞ്ഞത് ഹ ഹ ഹ :)

    ReplyDelete
  15. ആയുര്‍വേദം ചാകുമെന്ന് കരുതി ശവപ്പെട്ടിയുമായിരുന്നോളൂ.. ഇപ്പൊ ചാവും കെട്ടോ.. പിന്നെ, സ്റ്റെതസ്കോപ്പ് ഉപയോഗിക്കാത്ത ആചാര്യന്‍മാരുടെ ശ്രദ്ധക്ക്.. ആയുര്‍വേദം പഠിക്കാന്‍ പൊയവര്‍ പലരും പണ്ട് മോഡേണിണിന്‍റെ പളപളപ്പ് കണ്ട് അത് പഠിക്കാന്‍ പോയി. ഇപ്പൊ ആയുര്‍വേദം പ്രയോഗിക്കുന്നുണ്ടോ ആവൊ.... എന്തായാലും ബ്ളോഗിലൂടെ നിലവിളിക്ക് കുറവില്ല.. "ആയുര്‍വേദത്തെ കൊല്ലുന്നേ....."

    ReplyDelete
  16. Jishnu Chandran has left a new comment on your post "ഒരു ശവപ്പെട്ടി കൂടി കരുതിക്കൊ ആയുർവേദത്തിനെ അടക്കാ...":

    ആയുര്‍വേദം ചാകുമെന്ന് കരുതി ശവപ്പെട്ടിയുമായിരുന്നോളൂ.. ഇപ്പൊ ചാവും കെട്ടോ.. പിന്നെ, സ്റ്റെതസ്കോപ്പ് ഉപയോഗിക്കാത്ത ആചാര്യന്‍മാരുടെ ശ്രദ്ധക്ക്.. ആയുര്‍വേദം പഠിക്കാന്‍ പൊയവര്‍ പലരും പണ്ട് മോഡേണിണിന്‍റെ പളപളപ്പ് കണ്ട് അത് പഠിക്കാന്‍ പോയി. ഇപ്പൊ ആയുര്‍വേദം പ്രയോഗിക്കുന്നുണ്ടോ ആവൊ.... എന്തായാലും ബ്ളോഗിലൂടെ നിലവിളിക്ക് കുറവില്ല.. "ആയുര്‍വേദത്തെ കൊല്ലുന്നേ....."



    Posted by Jishnu Chandran to അക്ഷരശാസ്ത്രം at Friday, March 30, 2012 11:20:00 PM


    ജിഷ്ണുവിന്റെ ഈ കമന്റ് പോസ്റ്റിലേക്കു പോയില്ല എന്താണാവൊ കാരണം അതു കൊണ്ട് ഞാൻ കോപി പേസ്റ്റ് ചെയ്യുന്നു

    ജിഷ്ണു പുതിയ തലമുറയിലെ ആയുർവേദ ഡോക്റ്ററല്ലെ - അതുകൊണ്ട് ഇതിനെ പറ്റി ഇപ്പോൾ അഭിപ്രായം പറയുന്നില്ല

    Saturday, March 31, 2012 7:14:00 AM

    ReplyDelete
  17. ആ‍യുര്‍വ്വേദത്തിന്റെ ഇപ്പോഴത്തെ ഈ പോക്ക് എങ്ങോട്ടാണെന്നെനിക്കും മനസ്സിലാവുന്നില്ല. ഒരു കോട്ടയ്ക്കല്‍ കാരനെന്ന നിലയില്‍ അന്നും ഇന്നും ഉള്ള വിത്യാസങ്ങള്‍ നേരില്‍ കാണുന്നു. ഇപ്പോള്‍ എല്ലാം എസ്സന്‍സ് രൂപത്തിലല്ലെ? പിന്നെ പുതിയ ബിസിനസ് തന്ത്രങ്ങളും. ഉപ്പയുണ്ടായിരുന്ന കാലത്ത് മാധവന്‍ വൈദ്യര്‍ വന്ന് പുല്പായയിലിരുന്ന് കഷായത്തിനുള്ള കുറിപ്പെഴുതിയിരുന്നതും അങ്ങാടിയില്‍ നിന്ന് ഉപ്പ കൊണ്ടു വരുന്ന വലിയ പൊതികളിലുള്ള കൊത്തിയരിഞ്ഞ മരുന്നുകള്‍ മണ്‍ പാത്രത്തില്‍ അടുപ്പില്‍ വെച്ച് ഉമ്മ കഷായം കുറുക്കിയിരുന്നതും ഓര്‍ത്തു പോയി.

    ReplyDelete
  18. പ്രിയമുള്ള മുഹമ്മദ് കുട്ടി

    കോട്ടക്കൽ മാത്രമല്ല വന്‌കിട ഔഷധനിർമ്മാണശാലകൾക്കെല്ലാം നേരിടേണ്ടിവരുന്ന ഒരു പ്രശ്നം ആണ് ഇത്.
    പുതിയ ആയുർവേദഡോക്റ്റർമാരുടെ പ്രതിനിധി എന്നപോലെ ഡൊ ജിഷ്ണു ഇട്ട മുകളിലത്തെ കമന്റും കൂട്ടി വായിക്കുമ്പോൾ :(

    ReplyDelete
  19. നല്ല ലേഖനം വളരെ ഇഷ്ടമായി നര്‍മ്മം !

    ആയുര്‍വേദത്തിന്റെ പേര് പറഞ്ഞു നാട്ടിലാക്കെ തട്ടിപാണ് , ഒന്നിനെ കുറിച്ച് മലയാളിയ്ക്ക് ഒരു ചുക്കും അറിയില്ല , അല്പം ബുദ്ധിയുള്ളവന് കര്‍ക്കിടക കഞ്ഞി വച്ച് ഒരു വര്‍ഷത്തെയ്ക്കുള്ള വരുമാനം ഉണ്ടാക്കി എടുക്കാം , ആര്‍ക്കറിയാം അതിലോകെ എന്താ അടങ്ങിയിരിക്കുന്നെ എന്ന് വാങ്ങുന്നു കഴിക്കുന്നു അത്ര തന്നെ ....

    അതിനാല്‍ എതു വിധേനയും കര്‍ശനമായ ഗുണനിലവാരം നടപ്പാക്കണം മരുന്നിനു വില കൂടും എന്നലാത്തെ ഫലം ഉണ്ടാകുമോ എന്നത് കണ്ടു തന്നെ അറിയണം !!

    ReplyDelete
  20. കള്ള നാണയങ്ങളെ തിരിച്ചറിയപ്പെടാനായിരിക്കും ലൈസന്‍സ് എന്ന പരിപാടി നടത്തുന്നത്...... പോസ്റ്റ് പറഞ്ഞതുപോലെ മാവിന്റെ വേരും, കുറുംതൊട്ടിയുടെ വേരും അറിയാത്ത എത്രയോ കള്ളവൈദ്യന്‍മ്മരുണ്ട് ഇവിടെ......അവരെ ഒതുകേണ്ട കാലം കഴിഞ്ഞു.....ഒരുപക്ഷേ ഇവരാണ് ആയുവേദത്തിന്റെ അവസാന ആണിയടിക്കുന്നവര്‍.....

    ReplyDelete
  21. ഔറംഗസീബിന്റെ കഥ ഇഷ്ടപ്പെട്ടു....

    പിന്നെ പറഞ്ഞതു ശരിയാണു, എനിക്കും മരങ്ങൾ പലതും അറിയില്ല എന്നതിൽ സ്വയം ലജ്ജയില്ലാതില്ല.

    ReplyDelete
  22. നല്ല ലേഖനം...!

    "ഒരു ശവപ്പെട്ടി കൂടി കരുതിക്കൊ ആയുർവേദത്തിനെ അടക്കാൻ" ....:)))

    ReplyDelete