Monday, April 30, 2007

ദേവരാഗം എഴുതിയ രണ്ടാമത്തെ പോയിന്റിനെ കുറിച്ച്‌ അല്‍പം.
വൈദ്യന്റെ അടുത്തു വരുന്ന ഒരു ശരാശരി രോഗി പറയുന്ന വാക്കുകള്‍ പലപ്പോഴും ഇത്തരത്തിലായിരിക്കും-" ഡോക്ടരേ രണ്ടുദിവസമായി ഭയങ്കര പനിയായിരുന്നു. അടുത്തുള്ള ഡോക്ക്ടരെ കാണീച്ചു അവിടുന്ന്‌ ദേ ഈ ഇഞ്ചക്ഷനും ഗുളികകളും തന്നു. ഒരു കുറവുമില്ല അതു കഴിഞ്ഞ്‌ ഞാന്‍ പിന്നെ മറ്റേ ഡോക്ടറുടെ അടുത്തു പോയി അവിടുന്നും തന്നു കുറേ ഇഞ്ചക്ഷനും ഗുളികകളും. എല്ലാം ദേ കൊണ്ടു വന്നിട്ടുണ്ട്‌ . ഒരു കുറവുമില്ല അതു കൊണ്ട്‌ ഞാന്‍ ഇങ്ങു പോന്നു--" കുറച്ചു കടലാസു കളും മരുന്നുകളും മേശപുറത്തു വക്കും.
സാധാരണ ഒരാള്‍ക്ക്‌ ഈ സംഭാഷണത്തില്‍ അസ്വാഭാവികമായി ഒന്നും കാണുകയില്ലായിരിക്കാം.
എന്നാല്‍ പാവം ഡൊക്ടര്‍ക്കോ? സാധാരണ വേണ്ടതിന്റെ മൂന്നിരട്ടി അധ്വാനത്തിനുള്ള ആഹ്വാനമാണ്‌.
എങ്ങനെയെന്നാല്‍-

ഡോക്ടര്‍ എങ്ങനെയാണ്‌ രോഗം നിശ്ചയിക്കുന്നത്‌?
പല വഴികള്‍ കൊണ്ട്‌.
അവയില്‍ ഏറ്റവും പ്രധാനം ആരോഗത്തിന്റെ കഥയാണ്‌ - അഥവാ ചരിത്രമാണ്‌.
ഓരോ രോഗത്തിനും അതിന്റേതായ ഒരു ചരിത്രമുണ്ട്‌ - അത്‌ ശരീരത്തില്‍ പ്രകടമാകുന്ന രീതിയുടെ കഥ. അതില്‍ ഏറ്റെങ്കിലും ഒരവസ്ഥയില്‍ ഉണ്ടാകുന്ന ഒന്നോ രണ്ടോ ലക്ഷണങ്ങള്‍ കാരണമാണ്‌ രോഗി വൈദ്യസഹായം തേടുന്നത്‌.

ആ കഥ ആണ്‌ രോഗിയില്‍ നിന്നും വൈദ്യന്‍ പ്രതീക്ഷിക്കുന്നത്‌. ഉദാഹരണത്തില്‍ പറഞ്ഞ പനി അതിലൊന്നാണ്‌. എന്നാല്‍ പറയുന്ന കൂട്ടത്തില്‍ രോഗി ചികില്‍സയുടെ വിവരങ്ങളാണ്‌ പിന്നീട്‌ നല്‍കുന്നത്‌. രോഗത്തിന്റെ കഥ ഉപേക്ഷിച്ചു.

ഇവിടെ നിന്നും രോഗിയെ വീണ്ടും തുടക്കത്തിലേക്ക്‌ തന്നെ കൊണ്ടു പോയി ആ കഥ പൂര്‍ണ്ണമാക്കിയാലേ വൈദ്യന്‌ രക്ഷയുള്ളു.

കഥ പൂര്‍ണ്ണമാകുവാന്‍ വേണ്ടി ചിലപ്പോള്‍ leading questions മനപൂര്‍വം ചോദിക്കേണ്ടി വരും ഇവിടെ (ഉദാഹരണത്തിന്‌ തലവേദനയും ഉണ്ടായിരുന്നോ? എന്നതുപോലെ). രോഗി വഴിതെറ്റി പോകാതിരിക്കാന്‍ ഉപയോഗിക്കേണ്ട ഇവ ചിലപ്പോള്‍ ഡോക്റ്ററെ തന്നെ വഴിതെറ്റിച്ചേക്കാം.

അടുത്ത ബുദ്ധിമുട്ട്‌ രോഗി കാണിച്ച മരുന്നുകളും കടലാസുകളും ആണ്‌. രോഗിയുടെ കഥ കേട്ട്‌, രോഗിയെ പരിശോധിച്ച്‌ , ഇന്ന ഇന്ന രോഗസാധ്യതകളാണുള്ളത്‌ എന്ന ഒരു പ്രാഥമിക തീരുമാനത്തിലെത്തുന്നതിനു മുമ്പ്‌ ഇവ കാണുമ്പോള്‍ bias സാധ്യത കൂടുന്നു- മനസ്സില്‍ നേരത്തെ തന്നെ ഒരു prejudice ഉടലെടുത്തേക്കാം. മനഃപൂര്‍വമല്ലാത്ത ഒരു പിഴവിനു സാധ്യത.

ഇതിനിടയില്‍ തന്നെ രോഗി പലതരം medical jargons സ്വയം ഉപയോഗിക്കുന്നതായും കാണുന്നു. ആ വാക്കുകളുടെ ശരിയായ അര്‍ഥം അറിഞ്ഞിട്ടായിരിക്കില്ല പലപ്പോഴും അവര്‍ അതു പറയുന്നത്‌ എന്നതു കൊണ്ടും വൈദ്യന്‍ കഷ്ടപ്പാടിലാകും. (ഉദാഹരണം-testis നെ kidney എന്നു വ്യവഹരിക്കുന്നവര്‍ ധാരാളം)

അതു കൊണ്ട്‌ രോഗികള്‍ വൈദ്യന്റെ അടുത്തു ചെന്നാല്‍, തനിക്കുള്ള ബുദ്ധിമുട്ടുകള്‍ -( പനി, ശ്വാസം മുട്ട്‌, നീര്‌, വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍) - പറയുക.
കടലാസുകളും മറ്റും വൈദ്യന്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം കാണിക്കുക. വര്‍ത്തമാനം പറയുമ്പോള്‍ കഴിയുന്നതും medical terms ഒഴിവാക്കുക.

ഇത്രയും ശീലിച്ചാല്‍ പരിശോധിക്കുന്ന ഡോക്റ്റര്‍ക്ക്‌ അതു വളരെ സഹായകമായിരിക്കും.

ഓര്‍ക്കുക ഇത്‌ രണ്ടു പേരും തമ്മില്‍ ഉള്ള ഉത്തമവിശ്വാസത്തിന്റെ പുറത്തുള്ള ഒരു പ്രവര്‍ത്തനമാണ്‌.

ശരീരം രോഗിയുടെ സ്വന്തമാണ്‌ . അതിനാല്‍ രോഗം എന്താണെന്നറിയാനും, അതിനുള്ള വിവിധ ചികില്‍സാ രീതികള്‍ - (ഉദാഹരണത്തിന്‌ ചില തൈറോയിഡ്‌ രോഗത്തില്‍ Radio active Iodine ഉപയോഗിക്കാം അഥവാ surgery ചെയ്യാം. )ഏതൊക്കെയാണ്‌, അവയില്‍ ഓരോന്നിന്റേയും ഗുണദോഷങ്ങള്‍ എന്തൊക്കെയാണ്‌ ഇതെല്ലാം അറിയാന്‍ രോഗിക്ക്‌ അവകാശമുണ്ട്‌ . അറിഞ്ഞതിനു ശേഷം തനിക്കിഷ്ടമുള്ളതു തെരഞ്ഞെടുക്കാനും അവകാശമുണ്ട്‌.

ഇപ്രകാരം transparent ആയി നടത്തിയാല്‍ ചികില്‍സ ഒരുപരിധി വരെ ആരോപണനിവൃത്തമാക്കാമെന്നു തോന്നുന്നു.

Wednesday, April 18, 2007

വിവേകിനമനുപ്രാപ്താഃ ഗുണാഃ യാന്തി മനോജ്ഞതാം

ക്ഷീയന്തേ സര്‍വദാനാനി യജ്ഞഹോമബലിക്രിയാഃ
നക്ഷീയതേ പാത്രദാനമഭയം സര്‍വദേഹിനാം

ക്ഷീയന്തേ സര്‍വദാനാനി യജ്ഞഹോമബലിക്രിയാഃ = സര്‍വദാനങ്ങളും (പാത്രദാനമൊഴികെ), ജജ്ഞവും , ബലിയും, ഹോമവും എല്ലാം നിഷ്പ്രയോജനങ്ങളാണ്‌
നക്ഷീയതേ പാത്രദാനമഭയം സര്‍വദേഹിനാം = സല്‍പാത്രത്തിലുള്ള ദാനവും ഭൂതദയയും മാത്രം നശിക്കാതെ നിലനില്‍ക്കുന്ന ഫലം തരുന്നു

വരം പ്രാണപരിത്യാഗോ മാനഭംഗേന ജീവനാത്‌
പ്രാണത്യാഗേ ക്ഷണം ദുഃഖം മാനഭംഗേ ദിനേ ദിനേ

പ്രാണപരിത്യാഗഃ = പ്രാണന്‍ ത്യജിക്കലാണ്‌
മാനഭംഗേന ജീവനാത്‌ വരം = മാനം നഷ്ടപ്പെടുത്തി ജീവിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം
പ്രാണത്യാഗേ ക്ഷണം ദുഃഖം = പ്രാണത്യാഗത്തില്‍ ഒരു ക്ഷണനേരത്തെ ദുഃഖമേ ഉള്ളു
മാനഭംഗേ ദിനേ ദിനേ = എന്നാല്‍ മാനനഷ്ടത്തിലകട്ടെ ദിവസം തോറും ദുഃഖം തന്നെ

ധനേഷു ജീവിതവ്യേഷു സ്ത്രീഷു ചാഹാരകര്‍മ്മസു
അതൃപ്താ പ്രാണിനഃ സര്‍വേ യാതാഃ യാസ്യതി യാന്തി ച

ധനേഷു ജീവിതവ്യേഷു സ്ത്രീഷു ച ആഹാരകര്‍മ്മസു = ധനം , ജീവനോപാധി, സ്ത്രീ, ആഹാരസംഭരണം എന്നിവയില്‍
അതൃപ്താ പ്രാണിനഃ സര്‍വേ യാതാഃ യാസ്യതി യാന്തി ച = തൃപ്തിയില്ലാതെയാണ്‌ ജന്തുക്കളൊക്കെ പോയതും , പോയിക്കൊണ്ടിരിക്കുന്നതും ഇനി പോകുവാന്‍ പോകുന്നതും

ഗുണൈഃ സര്‍വജ്ഞതുല്യോപി സീദത്യേകോ നിരാശ്രയഃ
അനര്‍ഘമപി മാണിക്യം ഹേമാശ്രയമപേക്ഷതേ

ഗുണൈഃ സര്‍വജ്ഞതുല്യഃ അപി സീദതി ഏകഃ നിരാശ്രയഃ = ഗുണങ്ങള്‍ കൊണ്ട്‌ സര്‍വജ്ഞതുല്യനാണെങ്കിലും മറ്റൊരാശ്രയമില്ലാത്തവന്‍ ഉയരുന്നില്ല
അനര്‍ഘം അപി മാണിക്യം ഹേമാശ്രയം അപേക്ഷതേ = മാണിക്യം അനര്‍ഘമാണെങ്കിലും അതു സ്വര്‍ണ്ണമാലയേ ആശ്രയിക്കുന്നതു കാണുന്നില്ലെ

വിവേകിനമനുപ്രാപ്താഃ ഗുണാഃ യാന്തി മനോജ്ഞതാം
സുതരാം രത്നമാഭാതി ചാമീകരനിയോജിതം

വിവേകിനമനുപ്രാപ്താഃ ഗുണാഃ യാന്തി മനോജ്ഞതാം = വിവേകികളായ ആളുകളോടു ചേര്‍ന്നിട്ടാണ്‌ ഗുണങ്ങള്‍ ശോഭിക്കുന്നത്‌
സുതരാം രത്നം ആഭാതി ചാമീകരനിയോജിതം = സ്വര്‍ണ്ണമാലയോടു ചേരുമ്പോഴല്ലേ രത്നങ്ങള്‍ ശോഭിക്കുന്നത്‌

അനന്തശാസ്ത്രം ബഹു വേദിതവ്യം

അനന്തശാസ്ത്രം ബഹുലാശ്ച വിദ്യാഃ അല്‍പശ്ച കാലോ ബഹുവിഘ്നതാ ച
യല്‍സാരഭൂതം തദുപാസിതവ്യം ഹംസോ യഥാ ക്ഷീരമിവാംബുമധ്യാത്‌

അനന്തശാസ്ത്രം = ശാസ്ത്രം അന്തമില്ലാത്തതാണ്‌
ബഹുലാശ്ച വിദ്യാഃ =ലഭിക്കേണ്ട ജ്ഞാനമോ വളരെ അധികമാണ്‌
അല്‍പശ്ച കാലോ = കാലം വളരെ കുറവും
ബഹുവിഘ്നതാ ച = തടസ്സങ്ങള്‍ വളരെ ഏറെയും ആണ്‌
യല്‍ സാരഭൂതം = അതുമൊണ്ട്‌ യാതൊന്നാണോ സാരമായുള്ളത്‌
തദ്‌ ഉപാസിതവ്യം = അതു പഠിക്കുക
ഹംസോ യഥാ ക്ഷീരം ഇവ അംബുമധ്യാത്‌ = ഹംസങ്ങള്‍ വെള്ളത്ത്‌ഇല്‍ നിന്നും പാല്‍ വേര്‍തിരിച്ചെടുക്കുന്നതുപോലെ
ഇതിന്റെ ആദ്യത്തെ വരി-

അനന്തശാസ്ത്രം ബഹു വേദിതവ്യം സ്വല്‍പശ്ചകാലോ ബഹവശ്ച വിഘ്നാഃ --" എന്നും ഒരു പാഠമുണ്ട്‌ അര്‍ത്ഥം ഇതു തന്നെയാണ്‌

ധന്യാ ദ്വിജമയീ നൗകാ വിപരീതാ ഭവാര്‍ണ്ണവേ
തരന്ത്യധോഗതാ സര്‍വേ ഉപരിസ്ഥാഃ പതന്ത്യധഃ

ധന്യാ ദ്വിജമയീ നൗകാ = ബ്രാഹ്മണരൂപിയായ വള്ളം
വിപരീതാ ഭവാര്‍ണ്ണവേ = ഭൂമിയില്‍ വിപരീതമായി പ്രവര്‍ത്തിക്കുന്നു.
തരന്തി അധോഗതാഃ സര്‍വേ = താഴെയുള്ളവരെല്ലാം അക്കരെ കടക്കുന്നു
ഉപരിസ്ഥാഃ പതന്ത്യധഃ = മുകളിലുള്ളവരെല്ലാം താഴേക്കു വീഴുന്നു.

ബ്രാഹ്മണ്യത്തിന്റെ മാഹാത്മ്യം മനസ്സിലാക്കിയവരില് വിനയം ഉള്ളവര്‍ മാത്രം രക്ഷപ്പെടുന്നു, അഹംകാരികള്‍ നശിച്ചു പോകുന്നു എന്ന്‌

പഠന്തി ചതുരോ വേദാന്‍ ധര്‍മ്മശാസ്ത്രാണ്യനേകശഃ
ആത്മാനം നൈവ ജാനന്തി ദര്‍വീ പാകരസം യഥാ

പഠന്തി ചതുരോ വേദാന്‍ = നാലു വേദങ്ങളും പഠിച്ചു
ധര്‍മ്മശാസ്ത്രാണ്യനേകശഃ = അനേകം ധര്‍മ്മശാസ്ത്രങ്ങളും പഠിച്ചു
ആത്മാനം നൈവ ജാനന്തി = എന്നാല്‍ ആത്മജ്ഞാനം ഉണ്ടായുമില്ല
ദര്‍വീ പാകരസം യഥാ = അടുക്കളയിലെ തവി കറികളുടെ സ്വാദ്‌ അറിയാത്തതു പോലെ.

വേദവും , ശാസ്ത്രവും ഒക്കെ പഠിക്കുന്നത്‌ ആത്മജ്ഞാനം ഉണ്ടായി ഈ ജന്മം കൊണ്ടു തന്നെ മോക്ഷലബ്ധിക്കു വേണ്ടി ശ്രമിക്കാനാണ്‌


മണിര്‍ലുണ്ഠതി പാദാഗ്രേ കാചം ശിരസി ധാര്യതേ
ക്രയവിക്രയവേലായാം കാചഃ കാചോ മണിര്‍മണിഃ

മണിര്‍ലുണ്ഠതി പാദാഗ്രേ = രത്നം പാദാഗ്രത്തില്‍ -(വിരലില്‍ മോതിരമായും മറ്റും) ധരിക്കപ്പെടുന്നു
കാചം ശിരസി ധാര്യതേ = കണ്ണാടി ശിരസ്സില്‍ ധരിക്കപ്പെടുന്നു
ക്രയവിക്രയവേലായാം = (എന്നാല്‍) വില്‍ക്കുന്ന അവസ്ഥയിലും വാങ്ങുന്ന അവസ്ഥയിലും (നോക്കുക)
കാചഃ കാചോ മണിര്‍മണിഃ = കണ്ണാടി കണ്ണാടിയും , രത്നം രത്നവുമാണ്‌ - അവകളുടെ യഥാര്‍ഥവില അപ്പോഴാണ്‌ അറിയുക.

ഏകദേശം ഇതു പോലെയുള്ള ഒരു ശ്ലോകമഅണ്‌ കാക്കയേയും കുയിലിനേയും ചേര്‍ത്ത്‌
കാക കൃഷ്ണഃ പികഃ കൃഷ്ണഃ കോ ഭേദഃ പികകാകയോഃ
വസന്തകാലേ സമ്പ്രാപ്തേ കാകഃ കാകഃ പികഃ പികഃ-

രണ്ടും കറുത്തതാണെങ്കിലും വസന്തം വരുമ്പോള്‍ കാക്ക കാക്കയും കുയില്‍ കുയിലുമാണ്‌ എന്നു പറയുന്ന ശ്ലോകവും.

ദൂരാഗതം പഥി ശ്രാന്തം വൃഥാ സ്വഗൃഹമാഗതം
അനര്‍ച്ചയിത്വാ യോ ഭുങ്ക്തേ സ വൈ ചണ്ഡാല ഉച്യതേ

ദൂരാഗതം പഥി ശ്രാന്തം = ദൂരെ നിന്നു വന്നവനും, യാത്ര കൊണ്ട്‌ ക്ഷീണിച്ചവനും
വൃഥാ സ്വഗൃഹമാഗതം = മറ്റൊരു കാര്യസാധ്യത്തിനുമല്ലാതെ വെറുതേ തന്റെ വീട്ടിലേക്കു വന്നവനുമായ അതിഥിയെ
അനര്‍ച്ചയിത്വാ യോ ഭുങ്ക്തേ = ശുശ്രൂഷിക്കാതെ സ്വയം ആഹാരം കഴിക്കുന്നവന്‍
സ വൈ ചണ്ഡാല ഉച്യതേ = അവനെയാണ്‌ ചണ്ഡാളന്‍ എന്നു വിളിക്കുന്നത്‌


ഛിന്നോപി ചന്ദനതരുര്‍ന്ന ജഹാതി ഗന്ധം
വൃദ്ധോപി വാരണപതിര്‍ന്ന ജഹാതി ലീലാം
യന്ത്രാര്‍പ്പിതോ മധുരതാം ന ജഹാതി ചേക്ഷുഃ
ക്ഷീണോപി ന ത്യജതി ശീലഗുണാന്‍ കുലീനഃ

ഛിന്നഃ അപി ചന്ദനതരുഃ ന ജഹാതി ഗന്ധം = മുറിക്കുമ്പോള്‍ പോലും ചന്ദനമരം ഗന്ധം ഉപേക്ഷിക്കുന്നില്ല
വൃദ്ധഃ അപി വാരണപതിഃ ന ജഹാതി ലീലാം = വയസ്സായാല്‍ പോലും ആന ലീലകളുപേക്ഷിക്കുന്നില്ല
യന്ത്രാര്‍പ്പിതഃ മധുരതാം ന ജഹാതി ച ഇക്ഷുഃ = ചക്കിലിട്ട്‌ ആട്ടിയാലും കരിമ്പ്‌ മാധുര്യം ഉപേക്ഷിക്കുന്നില്ല
ക്ഷീണഃ അപി ന ത്യജതി ശീലഗുണാന്‍ കുലീനഃ = കുലീനന്‍ അവശതയില്‍ പോലും അവനവന്റെ സല്‍ഗുണങ്ങളെ ത്യജിക്കുകയില്ല

Saturday, April 14, 2007

പ്രിയ അശോക്‌ കര്‍ത്താജീ,

"ഉപ്പ്‌ എരി പുളി ഇവ നിശ്ശേഷം വര്‍ജ്ജിച്ചാല്‍ ഒരു പരിഹാരമായി "
എന്നു താങ്കള്‍ എഴുതിയതു കൊണ്ടാണ്‌ ഞാന്‍ അതു ചോദിച്ചത്‌. പിന്നീടുള്ള മറുപടിയില്‍ അധികമായുള്ള ഉപയോഗം കുറയ്ക്കാണം എന്ന്‌ എഴുതിയത്‌ കണ്ടു അതു ശരിയുമാണ്‌. അപ്പോള്‍ താങ്കള്‍ ആദ്യം എഴുതിയത്‌ അതിശയോക്തി കലര്‍ത്തിയണ്‌ എന്നു പറഞ്ഞതും സമ്മതിക്കുന്നു. പക്ഷെ അപ്പോള്‍ ഒരു സംശയം ഇന്‍ഡിയഹെറിറ്റേജ്‌ പറഞ്ഞത്‌ "സാങ്കേതികാര്‍ത്ഥത്തില്‍ " മാത്രമാണോ ശരി?

മുമ്പൊരു ലേഖനത്തില്‍ അങ്ങ്‌ ബുദ്ധന്‍ ശസ്ത്രക്രിയക്കിടയില്‍
മരിച്ചതെന്നും എഴുതിക്കണ്ടിരുന്നു- അന്നു ഞാന്‍ ചോദിച്ചു - ആ വിവരം ആധികാരികമായിരിക്കുമല്ലൊ എന്ന്‌ കാരണം ഞാനോ എനിക്കറിയാവുന്ന ആയുര്‍വേദ പണ്ഡിതരോ ഒന്നും അങ്ങനെ ഒരു ചരിത്രം പഠിച്ചിട്ടില്ല. ( അവരോടും ഒക്കെ അന്വേഷിച്ചതിനു ശേഷമാണ്‌ ഞാന്‍ ചോദിച്ചത്‌) ഈ ലേഖനം വായിച്ചപ്പോള്‍ ചെറിയ സംശയങ്ങള്‍ ഉടലെടുക്കുന്നു .
എല്ലാ ശാസ്ത്രജ്ഞരിലും കള്ള നാണയങ്ങളുണ്ടാകാം പക്ഷെ ആയുര്‍വേദ ഡോക്ടര്‍മാര്‍ എല്ലാം എന്നുള്ള താങ്കളുടെ അഭിപ്രായത്തില്‍ താങ്കള്‍ ഉറച്ചു തന്നെ നില്‍ക്കുകയാണെങ്കില്‍ -( അതിനുള്ള്‌അ സ്വാതന്ത്ര്യം തീര്‍ച്ചയായും താങ്കള്‍ക്കുണ്ട്‌)
എല്ലാ ശാസ്ത്രജ്ഞരിലും കള്ള നാണയങ്ങളുണ്ടാകാം പക്ഷെ ആയുര്‍വേദ ഡോക്ടര്‍മാര്‍ എല്ലാം എന്നുള്ള താങ്കളുടെ അഭിപ്രായത്തില്‍ താങ്കള്‍ ഉറച്ചു തന്നെ നില്‍ക്കുകയാണെങ്കില്‍ -( അതിനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും താങ്കള്‍ക്കുണ്ട്‌)

ആയുര്‍വേദ ഡോക്ടര്‍മാര്‍ "ഇതൊന്നുമല്ല പഠിക്കുന്നത്‌" എന്ന്‌ എഴുത്‌ഇകണ്ടു!!!.

ഇനി അഥവാ എപ്പോഴെങ്കിലും അങ്ങക്ക്‌ അവസരം കിട്ടുകയാണെങ്കില്‍ ഇപ്പോഴത്തെ ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ ശങ്കരന്‍, അഥവാ തിരുവനന്തപുരം ആയുര്‍വേദ കോളേജ്‌ പ്രിന്‍സിപല്‍ ഡോ വാസുദേവന്‍ നമ്പൂതിരി, മുന്‍ കോയമ്പത്തൂര്‍ ആയുര്‍വേദ കോളെജ്‌ പ്രിന്‍സിപ്പാള്‍ (ഇപ്പോള്‍ ഷൊരണൂര്‍ ആയുര്‍വേദ സമാജം അഡ്വൈസര്‍ ഡോ മുരളീധരന്‍) തുടങ്ങി എത്ര പേരുടെ പേര്‍ വേണമെങ്കിലും ഞാന്‍ തരാം - അവരോട്‌ അല്‍പനേരം സംസാരിച്ചു നോക്കുക- ഇവരൊക്കെ പഠിപ്പിക്കുന്നവരാണ്‌. അല്ല എന്താണ്‌ പഠിപ്പിക്കുനതെന്നറിയാമല്ലൊ.
ആവേശം കൂടി അതിശയോക്തി അധികമാക്കാതിരിക്കുന്നതല്ലെ നല്ലത്‌? ഇവരൊക്കെ ഡോ എന്നു പേരു വച്ചതിലുള്ള വൈകാരിക വിക്ഷോഭം ആണൊ അതോ മറ്റു കാരണങ്ങള്‍ വല്ലതുമാണോ?

Friday, April 13, 2007

അമൃതം രാഹവേ മൃത്യു

യസ്യ ചിത്തം ദ്രവീഭൂതം കൃപയാ സര്‍വജന്തുഷു
തസ്യ ജ്ഞാനേന മോക്ഷേണ കിം ജടാഭസ്മലേപനൈഃ

കൃപയാ സര്‍വജന്തുഷു = സര്‍വജീവികളിലും ഉള്ള അനുകമ്പയാല്‍
യസ്യ ചിത്തം ദ്രവീഭൂതം = ആരുടെ ഹൃദയം അലിഞ്ഞിരിക്കുന്നുവോ
തസ്യ ജ്ഞാനേന മോക്ഷേണ കിം ജടാഭസ്മലേപനൈഃ = അവന്‌ ജ്ഞാനം, മോക്ഷം, ജടാധാരണം , ഭസ്മലേപനം ഇവകൊണ്ട്‌ എന്തു പ്രയോജനം? - ഇവയുടെ ഒന്നും ആവശ്യമില്ല എന്നര്‍ത്ഥം

ഏകമേവാക്ഷരം യസ്തു ഗുരുഃ ശിഷ്യം പ്രബോധയേല്‍
പൃഥിവ്യാം നാസ്തി തത്‌ ദ്രവ്യം യദ്ദത്വാ ച്‌ആനൃണീ ഭവേത്‌

ഏകമേവാക്ഷരം = ഒരക്ഷരമെങ്കിലും
യസ്തു ഗുരുഃ ശിഷ്യം പ്രബോധയേല്‍ = ശിഷ്യനു പഠിപ്പിച്ച ഗുരുവിന്‌
യദ്‌ ദത്വാ ച അനൃണീ ഭവേത്‌ = യാതൊന്നു കൊടുത്തിട്ട്‌ ആകടം വീട്ടുവാന്‍ സഹായിക്കുന്നതായി
പൃഥിവ്യാം നാസ്തി തത്‌ ദ്രവ്യം = ഭൂമിയില്‍ അങ്ങനെ ഒരു വസ്തുവില്ല

ഖലാനാം കണ്ടകാനാം ച ദ്വിവിധൈവ പ്രതിക്രിയാ
ഉപാനത്‌ മുഖ്ഭംഗോ വാ ദൂരതോ വാ വിസര്‍ജ്ജനം

ഖലാനാം കണ്ടകാനാം ച= ദുഷ്ടന്മാര്‍ക്കും മുള്ളിനും
ദ്വിവിധൈവ പ്രതിക്രിയാ = രണ്ടു വിധം പരിഹാരം
ഉപാനത്‌ മുഖ്ഭംഗോ വാ = മുന ഒടിച്ചു കളയുക
ദൂരതോ വാ വിസര്‍ജ്ജനം = അല്ലെങ്കില്‍ ദൂരത്തു കൂടി പോയി ഒഴിവാക്കുക

ത്യജന്തി മിത്രാണി ധനൈര്‍വിഹീനം
ദാരാശ്ച ഭൃത്യാശ്ച സുഹൃത്‌ ജനാശ്ച
തം ചാര്‍ത്ഥവന്തം പുനരാശ്രയന്തേ
ഹ്യര്‍ത്ഥൊ ഹി ലോകേ പുരുഷസ്യ ബന്ധുഃ

ധനൈര്‍വിഹീനം= ധ്‌അനമില്ലാതാകുമ്പോള്‍
ത്യജന്തി മിത്രാണി = മിത്രങ്ങള്‍ ഉപേക്ഷിക്കുന്നു
ദാരാശ്ച ഭൃത്യാശ്ച സുഹൃത്‌ ജനാശ്ച = ഭാര്യയും , ഭൃത്യന്മാരും, സുഹൃത്തുക്കളും (ഉപേക്ഷിക്കുന്നു)
തം ച അര്‍ത്ഥവന്തം പുനരാശ്രയന്തേ = അവന്‌ വീണ്ടും ധനമുണ്ടായാല്‍ അവനെ വീണ്ടും ആശ്രയിക്കുന്നു
ഹി അര്‍ത്ഥഃ ഹി ലോകേ പുരുഷസ്യ ബന്ധുഃ = കാരണം ധനം ആണ്‌ ലോകത്തില്‍ പുരുഷന്‌ ആകെയുള്ള ബന്ധു

അന്യായോപാര്‍ജ്ജിതം വിത്തം ദശവര്‍ഷാണി തിഷ്ഠതി
പ്രാപ്തേ ത്വേകാദശേ വര്‍ഷേ സമൂലം ച വിനശ്യതി

അന്യായോപാര്‍ജ്ജിതം വിത്തം = അന്യായമായി സമ്പാദിച്ച ധനം
ദശവര്‍ഷാണി തിഷ്ഠതി = പത്തു വര്‍ഷം നിലനില്‍ക്കും
പ്രാപ്തേ ത്വേകാദശേ വര്‍ഷേ = പതിനൊന്നാം കൊല്ലമായാല്‍
സമൂലം ച വിനശ്യതി = സമൂലം നശിച്ചു പോകും

പത്തു കൊല്ലം എന്നത്‌ കൃത്യ സമയമല്ല സൂചിപ്പിക്കുന്നത്‌ ഏറെകാലം നിലനില്‍ക്കില്ല എന്നും, അത്‌ ഉള്ളതും കൂടെ നശിപ്പിക്കും എന്നു മാത്രം അര്‍ഥമെടുക്കുക.

അയുക്തം സ്വാമിനാ യ്‌ഉക്തം യുക്തം നീചസ്യ ഭൂഷണം
അമൃതം രാഹവേ മൃത്യുര്‍വിഷം ശങ്കരഭൂഷണം

സമര്‍ത്ഥന്റെ കയ്യില്‍ നീചമായ വസ്തുവും നല്ലതാകുന്നു, നീചന്റെ കയ്യില്‍ നല്ല വസ്തുവും നീചമാകുന്നു. അമൃത്‌ രാഹുവിന്‌ മരണത്തേയും, വിഷം ശിവന്‌ അലങ്കാരത്തേയും നല്‍കുന്നതു പോലെ

Thursday, April 12, 2007

താവന്മൗനേന നീയന്തേ

സുസിദ്ധമൗഷധം ധര്‍മ്മം ഗൃഹഛിദ്രം ച മൈഥുനം
കുഭുക്തം കുശ്രുതം ചൈവ മതിമാന്‍ ന പ്രകാശയേത്‌
സുസിദ്ധമൗഷധം = സിദ്ധമായ ഔഷധം
ധര്‍മ്മം = താന്‍ ചെയ്ത ധര്‍മ്മപ്രവൃത്തി
ഗൃഹഛിദ്രം = തന്റെ ഗൃഹത്തിലുള്ള പ്രശ്നങ്ങള്‍
മൈഥുനം = മൈഥുനവിവരങ്ങള്‍
കുഭുക്തം = ആഹാരത്തിലുള്ള പിഴവ്‌
കുശ്രുതം = ചീത്ത വാര്‍ത്തകള്‍ എന്നിവ
മതിമാന്‍ = ബുദ്ധിയുള്ളവന്‍
ന പ്രകാശയേത്‌ = പുറത്തു പറയരുത്‌

താവന്മൗനേന നീയന്തേ കോകിലൈശ്ചൈവ വാസരാഃ
യാവത്‌ സര്‍വജനാനന്ദദായിനീ വാക്‌ പ്രവര്‍ത്തതേ

യാവത്‌ സര്‍വജനാനന്ദദായിനീ വാക്‌ പ്രവര്‍ത്തതേ = എപ്പോഴാണോ സര്‍വജനങ്ങള്‍ക്കും സന്തോഷം ഉണ്ടാക്കുന്ന ശബ്ദം ഉല്‍പന്നമാകുന്നത്‌
കോകിലൈഃ വാസരാഃ =കുയിലുകളാല്‍ ദിവസങ്ങള്‍
താവത്‌ മൗനേന നീയന്തേ = അതു വരെ മൗനമായി കഴിയുന്നു

കുയിലുകള്‍ തന്റെ ശബ്ദം എറ്റവും മധുരമാകുന്നതുവരെ മിണ്ടാതിരിക്കുന്നു, നല്ല ശബ്ദം ഉണ്ടാകുമ്പോള്‍ മാത്രം ശബ്ദിക്കുന്നു.



ധര്‍മ്മം ധനം ച ധാന്യം ച ഗുരോര്‍വചനമൗഷധം
സുഗൃഹീതം കര്‍ത്തവ്യമന്യഥാ തു ന ജീവതി
ധര്‍മ്മം, ധനം, ധാന്യം, ഗുരുവിന്റെ ഉപദേശം, ഔഷധം ഇവ സൂക്ഷിച്ച്‌ ശേഖരിക്കുകയും ഉപയോഗിക്കുകയും വേണം അല്ലെങ്കില്‍ അപകടമാണ്‌

ത്യജ ദുര്‍ജ്ജനസംസര്‍ഗ്ഗം ഭജ സാധുസമാഗമം
കുരു പുണ്യമഹോരാത്രം സ്മര നിത്യമനിത്യതാം

ദുര്‍ജ്ജനസംസര്‍ഗ്ഗം ഒഴിവാക്കുക, സജ്ജനങ്ങളോടൊത്തു വസിക്കുക, സല്‍പ്രവൃത്തികള്‍ ചെയ്യുക, അടുത്ത നിമിഷം ഇതൊന്നും ചെയ്യാന്‍ നാം ഉണ്ടാകുക പോലും ഇല്ലായിരിക്കാം എന്ന സ്‌അത്യത്തെ ഓര്‍ക്കുക

തുടരും

ദൂരസ്ഥോപി ന ദൂരസ്ഥ

ദൂരസ്ഥോപി ന ദൂരസ്ഥോ യോ യസ്യ മനസി സ്ഥിതഃ
യോ യസ്യ ഹൃദയേ നാസ്തി സമീപസ്തോപി ദൂരഗഃ

ദൂരസ്ഥഃ അപി = ദൂരത്തിരിക്കുനവനായാലും
ന ദൂരസ്ഥഃ = ദൂരത്തല്ല
യഃ യസ്യ = ആര്‌ ആരുടെ
മനസി സ്ഥിതഃ = മനസ്സില്‍ ഉണ്ടോ അവന്‍
യഃ യസ്യ ഹൃദയേ നാസ്തി = ആര്‌ ആരുടെ മനസില്‍ ഇല്ലയോ അവന്‍
സമീപസ്ഥഃ അപി ദൂരഗഃ = സമീപത്തിരിക്കുന്നവനാണെങ്കിലും വളരെ ദൂരത്തു തന്നെയാണ്‌.

ആളുകള്‍ അടുത്തോ ദൂരത്തോ താമസിക്കുന്നു എന്നതല്ല ബന്ധങ്ങളുടെ തീവ്രത ഉണ്ടാക്കുന്നത്‌. അത്‌ ഹൃദയബന്ധങ്ങളാണ്‌.



യസ്മാച്ച പ്രിയമിഛേത്തു തസ്യ ബ്രൂയാത്‌ സദാ പ്രിയം
വ്യാധോ മൃഗം വധം കര്‍ത്തും ഗീതം ഗായതി സുന്ദരം

യസ്മാത്‌ ച = ആരില്‍ നിന്നും
പ്രിയം ഇഛേത്‌ തു = പ്രിയം ലഭിക്കണമോ
തസ്യ ബ്രൂയാത്‌ സദാ പ്രിയം = അവനോട്‌ എപ്പോഴും അവനിഷ്ടമുള്ള കാര്യങ്ങള്‍ പറയുക
വ്യാധഃ = വേടന്‍
മൃഗം വധം കര്‍ത്തും = മൃഗങ്ങളേ കൊല്ലാന്‍ വേണ്ടി
ഗീതം ഗായതി സുന്ദരം = സുന്ദരമായ ഗാനങ്ങള്‍ ആലപിച്ചു അവയെ വശത്താക്കുനതു പോലെ.
കാര്യസാധ്യത്തിനു വേണ്ടി പുകഴ്ത്തി സംസാരിക്കുന്ന വിഷയമാണ്‌ പറയുന്നത്‌

ഇതിന്റെ മറു വശമാണ്‌ 'സ്പഷ്ടവക്താ ന വഞ്ചകഃ" എന്ന ശ്ലൊകഭാഗം കൊണ്ട്‌ വേറൊരിടത്ത്‌ പറയുന്നത്‌- അതായത്‌ തുറന്നു പറയുന്നവന്‍ വഞ്ചകനല്ല അവനെയാണ്‌ വിശ്വസിക്കേണ്ടത്‌ എന്ന്‌.
പക്ഷേ ബ്ലോഗില്‍ തുറന്നു പറയുവാന്‍ സൂക്ഷിക്കണേ


അത്യാസന്നാഃ വിനാശായ ദൂരസ്ഥാഃ ന ഫലപ്രദാഃ
സേവ്യതാം മദ്ധ്യഭാവേന രാജാവഹ്നിഗുരുസ്ത്രിയഃ

അത്യാസന്നാഃ വിനാശായ = അധികം അടുത്തിരുന്നാല്‍ അപകടമാണ്‌
ദൂരസ്ഥാഃ ന ഫലപ്രദാഃ = ദൂരത്തിരുന്നാല്‍ ഗുണമില്ലാ താനും
സേവ്യതാം മദ്ധ്യഭാവേന = അതുകൊണ്ട്‌ ഒരു മദ്ധ്യഭാവത്തില്‍ അടുത്തുമല്ല എന്നാല്‍ ദൂരത്തുമല്ല എന്ന മട്ടില്‍ വേണം ഇവരെ ഒക്കെ സേവിക്കുവാന്‍
രാജാവഹ്നിഗുരുസ്ത്രിയഃ= രാജാവ്‌, അഗ്നി, ഗുരു സ്ത്രീ ഇവരെ

അഗ്നിരാപഃ സ്ത്രിയോ മൂര്‍ഖഃ സര്‍പോ രാജകുലാനി ച
നിത്യം യത്നേന സേവ്യഅനി സദ്യപ്രാണഹരാണി ഷഡ്‌

അഗ്നി ആപഃ സ്ത്രിയഃ മൂര്‍ഖഃ സര്‍പഃ രാജകുലാനി ച = അഗ്നി ജലം, സ്ത്രീ, വിഡ്ഢി,സര്‍പ്പം, രാജകുലം ഇവയേ
നിത്യം യത്നേന സേവ്യാനി = വളരെ സൂക്ഷിച്ച്‌ വേബ്ബ്ണം കൈകാര്യം ചെയ്യാന്‍ - കാരണം
സദ്യപ്രാണഹരാണി ഷഡ്‌ = ഈ ആറെണ്ണം പെട്ടെന്നു തന്നെ പ്രാണനാശം വരുത്തുവാന്‍ കഴിവുള്ളവയാണ്‌

പ്രസ്താവസദൃശം വാക്യം പ്രഭാവൈഃ സദൃശം പ്രിയം
ആത്മശക്തിസമം കോപം യോ ജാനാതി സ പണ്ഡിതഃ

പ്രസ്താവസദൃശം വാക്യം = പുറന്മേ പറയുവാന്‍ യോഗ്യമായ വാക്ക്‌
പ്രഭാവൈഃ സദൃശം പ്രിയം = അവനവന്റെ നിലയ്ക്കും വിലയ്ക്കും ഒത്ത പ്രവൃത്തി
ആത്മശക്തിസമം കോപം = അവനവന്റെ ശക്തിക്കനുസരിച്ച്‌ പ്രകടിപ്പിക്കാവുന്ന കോപം
യഃ ജാനാതി = (ഇവയൊക്കെ) ആര്‌ അറിയുന്നുവോ
സ പണ്ഡിതഃ = അവന്‍ ബുദ്ധിമാനാണ്‌

ഏക ഏവ പദാര്‍ഥസ്തു ത്രിധാ ഭവത്‌ വീക്ഷിതഃ
കുണപം കാമിനീ മാംസം യോഗിഭിഃ കാമിഭിഃ ശ്വഭിഃ

ഒരേ ഒരു വസ്തുവിനെ തന്നെ യോഗികളും , കാമികളും നായ്ക്കളും മൃതവസ്തുവായും , കാമിനിയായും മാംസമായും കാണുന്നു

തുടരും

ന ശരീരം പുനഃ പുനഃ

ആത്മാപരാധവൃക്ഷസ്യ ഫലാന്യേതാനി ദേഹിനാം
ദാരിദ്ര്യരോഗദുഃഖാനി ബന്ധനം വ്യസനാനി ച

ആത്മാപരാധവൃക്ഷസ്യ = ആത്മാപരാധമാകുന്ന വൃക്ഷത്തിന്റെ- തന്നാല്‍ ചെയ്യപെട്ട അപരാധങ്ങള്‍ ആകുന്ന വൃക്ഷത്തിന്റെ
ഫലാനി = ഫലങ്ങളാണ്‌
ദേഹിനാം = ജീവികളുടെ
ഏതാനി = ഈ
ദാരിദ്ര്യരോഗദുഃഖാനി = ദാരിദ്ര്യം , രോഗങ്ങള്‍, മറ്റു ദുഃഖങ്ങള്‍
ബന്ധനം = ബന്ധനം - തടവ്‌
വ്യസനാനി ച= മറ്റു ദുരിതങ്ങളും

അവനവന്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങളുടെ ഫലമാണ്‌ അവനവന്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്‌പാടുകള്‍. അത്‌ ഈ ജന്മത്തില്‍ തന്നെ അനുഭവിച്ചു തീര്‍ക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത ജന്മത്തില്‍ അനുഭവിക്കേണ്ടി വരുന്നു.

പുനര്‍വിത്തം പുനര്‍മിത്രം പുനര്‍ഭാര്യാ പുനര്‍മ്മഹീ
ഏതല്‍ സര്‍വം പുനര്‍ലഭ്യം ന ശരീരം പുനഃ പുനഃ

പുനഃ വിത്തം = വീണ്ടും ധനവും
പുനഃ മിത്രം = വീണ്ടും സുഹൃത്തിനേയും
പുനഃ ഭാര്യാ = വീണ്ടും ഭാര്യയേയും
പുനഃ മഹീ = വീണ്ടും ഭൂമിയും
ഏതല്‍ സര്‍വം പുനര്‍ലഭ്യം = ഈ വകയൊക്കെ വീണ്ടും ലഭിക്കുന്നവയാണ്‌
ന ശരീരം പുനഃ പുനഃ = എന്നാല്‍ ശരീരം മാത്രം വീണ്ടും ലഭിക്കുകയില്ല.

വളരെ വിലപിടിച്ച ഈ മനുഷ്യജന്മം ലഭിച്ചിട്ട്‌ അതു പാഴാക്കി കളയാതെ വേണ്ട രീതിയില്‍ ഉപയോഗിക്കുവാനുള്ള ഉപദേശം.

മോക്ഷം ലഭിക്കുവാന്‍ ഉതകുന്ന ഏക ജീവിതം മനുഷ്യജീവിതമാണെന്ന്‌ ആചാര്യന്മാര്‍ പറയുന്നു. മറ്റ്‌ യാതൊരു യോനിയില്‍ ജനിച്ചലും അതു സാധ്യമല്ല, വീണ്ടും അവസാനം മനുഷ്യന്റെ ജന്മം തന്നെ വേണം; എങ്കില്‍ ഇപ്പോള്‍ ലഭിച്ച ഈ ജന്മം കൊണ്ടു തന്നെ അതിനുള്ള ശ്രമം ആകരുതോ?

ജലേ തൈലം ഖലേ ഗുഹ്യം പാത്രേ ദാനം മനാഗപി
പ്രാജ്ഞേ ശാസ്ത്രം സ്വയം യാതി വിസ്താരം വസ്തുശക്തിതഃ

ജലേ തൈലം = ജലത്തില്‍ എണ്ണയും
ഖലേ ഗുഹ്യം = ദുഷ്ടന്മാരില്‍ രഹസ്യവും
പാത്രേ ദാനം = സല്‍പാത്രത്തില്‍ ചെയ്യുന്ന ദാനവും
പ്രാജ്ഞേ ശാസ്ത്രം = ബുദ്ധിമാനില്‍ ശാസ്ത്രവും
മനാക്‌ അപി = അല്‍പമാണെങ്കില്‍ പോലും
സ്വയം യാതി വിസ്താരം വസ്തുശക്തിതഃ = അതാതിന്റെ ശക്തിക്കനുസരിച്ച്‌ സ്വയം തന്നെ വര്‍ധിച്ചുകൊള്ളും

ധര്‍മ്മാഖ്യാനേ ശ്മശാനേ ച രോഗിണാം യാ മതിര്‍ഭവേത്‌
സാ സര്‍വദൈവ തിഷ്ട്‌ഹേച്ച കോ ന മുച്യതി ബന്ധനാത്‌

ധര്‍മ്മാഖ്യാനേ = ധര്‍മ്മകഥാശ്രവണത്തിലും
ശ്മശാനേ = ശ്മശാനത്തിലും
രോഗിണാം യാ മതിര്‍ഭവേത്‌ = രോഗികളുടെ മനസ്സിലുണ്ടാകുന്ന ചിന്ത
സാ സര്‍വദൈവ തിഷ്ഠേച്ച = അത്‌ എല്ലായ്പോഴും നിലനിന്നാല്‍
കോ ന മുച്യതി ബന്ധനാത്‌ = ആര്‍ക്കാണ്‌ ഒക്ക്ഷം ലഭിക്കാത്തത്‌

ഉല്‍പന്നപശ്ചാത്താപസ്യ ബുദ്ധിര്‍ഭവതി യാദൃശീ
താദൃശീ യദി പൂര്‍വം സ്യാത്‌ കസ്യ ന സ്യാന്മഹോദയഃ

ഉല്‍പന്നപശ്ചാത്താപസ്യ = പശ്ചാത്തപിക്കുന്നവന്റെ
ബുദ്ധിഃ ഭവതി യാദൃശീ = ചിന്ത ഏതൊരു തരത്തിലാണോ
താദൃശീ യദി പൂര്‍വം സ്യാത്‌ = മുമ്പേ തന്നെ അതുപോലെ ആയിരുന്നെങ്കില്‍
കസ്യ ന സ്യാല്‍ മഹോദയഃ = ആര്‍ക്കാണ്‌ മഹത്വം ഉണ്ടാകാത്തത്‌?

മണ്ടത്തരം ചെയ്തു കഴിഞ്ഞല്ലേ പശ്ചാത്താപം ഉണ്ടാകുന്നത്‌. അപ്പോള്‍ രണ്ടാമതുദിച്ച ആ നേര്‍ബുദ്ധി ആദ്യമേ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരിക്കും എന്‍ന്‌.

തുടരും