Monday, April 30, 2007

ദേവരാഗം എഴുതിയ രണ്ടാമത്തെ പോയിന്റിനെ കുറിച്ച്‌ അല്‍പം.
വൈദ്യന്റെ അടുത്തു വരുന്ന ഒരു ശരാശരി രോഗി പറയുന്ന വാക്കുകള്‍ പലപ്പോഴും ഇത്തരത്തിലായിരിക്കും-" ഡോക്ടരേ രണ്ടുദിവസമായി ഭയങ്കര പനിയായിരുന്നു. അടുത്തുള്ള ഡോക്ക്ടരെ കാണീച്ചു അവിടുന്ന്‌ ദേ ഈ ഇഞ്ചക്ഷനും ഗുളികകളും തന്നു. ഒരു കുറവുമില്ല അതു കഴിഞ്ഞ്‌ ഞാന്‍ പിന്നെ മറ്റേ ഡോക്ടറുടെ അടുത്തു പോയി അവിടുന്നും തന്നു കുറേ ഇഞ്ചക്ഷനും ഗുളികകളും. എല്ലാം ദേ കൊണ്ടു വന്നിട്ടുണ്ട്‌ . ഒരു കുറവുമില്ല അതു കൊണ്ട്‌ ഞാന്‍ ഇങ്ങു പോന്നു--" കുറച്ചു കടലാസു കളും മരുന്നുകളും മേശപുറത്തു വക്കും.
സാധാരണ ഒരാള്‍ക്ക്‌ ഈ സംഭാഷണത്തില്‍ അസ്വാഭാവികമായി ഒന്നും കാണുകയില്ലായിരിക്കാം.
എന്നാല്‍ പാവം ഡൊക്ടര്‍ക്കോ? സാധാരണ വേണ്ടതിന്റെ മൂന്നിരട്ടി അധ്വാനത്തിനുള്ള ആഹ്വാനമാണ്‌.
എങ്ങനെയെന്നാല്‍-

ഡോക്ടര്‍ എങ്ങനെയാണ്‌ രോഗം നിശ്ചയിക്കുന്നത്‌?
പല വഴികള്‍ കൊണ്ട്‌.
അവയില്‍ ഏറ്റവും പ്രധാനം ആരോഗത്തിന്റെ കഥയാണ്‌ - അഥവാ ചരിത്രമാണ്‌.
ഓരോ രോഗത്തിനും അതിന്റേതായ ഒരു ചരിത്രമുണ്ട്‌ - അത്‌ ശരീരത്തില്‍ പ്രകടമാകുന്ന രീതിയുടെ കഥ. അതില്‍ ഏറ്റെങ്കിലും ഒരവസ്ഥയില്‍ ഉണ്ടാകുന്ന ഒന്നോ രണ്ടോ ലക്ഷണങ്ങള്‍ കാരണമാണ്‌ രോഗി വൈദ്യസഹായം തേടുന്നത്‌.

ആ കഥ ആണ്‌ രോഗിയില്‍ നിന്നും വൈദ്യന്‍ പ്രതീക്ഷിക്കുന്നത്‌. ഉദാഹരണത്തില്‍ പറഞ്ഞ പനി അതിലൊന്നാണ്‌. എന്നാല്‍ പറയുന്ന കൂട്ടത്തില്‍ രോഗി ചികില്‍സയുടെ വിവരങ്ങളാണ്‌ പിന്നീട്‌ നല്‍കുന്നത്‌. രോഗത്തിന്റെ കഥ ഉപേക്ഷിച്ചു.

ഇവിടെ നിന്നും രോഗിയെ വീണ്ടും തുടക്കത്തിലേക്ക്‌ തന്നെ കൊണ്ടു പോയി ആ കഥ പൂര്‍ണ്ണമാക്കിയാലേ വൈദ്യന്‌ രക്ഷയുള്ളു.

കഥ പൂര്‍ണ്ണമാകുവാന്‍ വേണ്ടി ചിലപ്പോള്‍ leading questions മനപൂര്‍വം ചോദിക്കേണ്ടി വരും ഇവിടെ (ഉദാഹരണത്തിന്‌ തലവേദനയും ഉണ്ടായിരുന്നോ? എന്നതുപോലെ). രോഗി വഴിതെറ്റി പോകാതിരിക്കാന്‍ ഉപയോഗിക്കേണ്ട ഇവ ചിലപ്പോള്‍ ഡോക്റ്ററെ തന്നെ വഴിതെറ്റിച്ചേക്കാം.

അടുത്ത ബുദ്ധിമുട്ട്‌ രോഗി കാണിച്ച മരുന്നുകളും കടലാസുകളും ആണ്‌. രോഗിയുടെ കഥ കേട്ട്‌, രോഗിയെ പരിശോധിച്ച്‌ , ഇന്ന ഇന്ന രോഗസാധ്യതകളാണുള്ളത്‌ എന്ന ഒരു പ്രാഥമിക തീരുമാനത്തിലെത്തുന്നതിനു മുമ്പ്‌ ഇവ കാണുമ്പോള്‍ bias സാധ്യത കൂടുന്നു- മനസ്സില്‍ നേരത്തെ തന്നെ ഒരു prejudice ഉടലെടുത്തേക്കാം. മനഃപൂര്‍വമല്ലാത്ത ഒരു പിഴവിനു സാധ്യത.

ഇതിനിടയില്‍ തന്നെ രോഗി പലതരം medical jargons സ്വയം ഉപയോഗിക്കുന്നതായും കാണുന്നു. ആ വാക്കുകളുടെ ശരിയായ അര്‍ഥം അറിഞ്ഞിട്ടായിരിക്കില്ല പലപ്പോഴും അവര്‍ അതു പറയുന്നത്‌ എന്നതു കൊണ്ടും വൈദ്യന്‍ കഷ്ടപ്പാടിലാകും. (ഉദാഹരണം-testis നെ kidney എന്നു വ്യവഹരിക്കുന്നവര്‍ ധാരാളം)

അതു കൊണ്ട്‌ രോഗികള്‍ വൈദ്യന്റെ അടുത്തു ചെന്നാല്‍, തനിക്കുള്ള ബുദ്ധിമുട്ടുകള്‍ -( പനി, ശ്വാസം മുട്ട്‌, നീര്‌, വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍) - പറയുക.
കടലാസുകളും മറ്റും വൈദ്യന്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം കാണിക്കുക. വര്‍ത്തമാനം പറയുമ്പോള്‍ കഴിയുന്നതും medical terms ഒഴിവാക്കുക.

ഇത്രയും ശീലിച്ചാല്‍ പരിശോധിക്കുന്ന ഡോക്റ്റര്‍ക്ക്‌ അതു വളരെ സഹായകമായിരിക്കും.

ഓര്‍ക്കുക ഇത്‌ രണ്ടു പേരും തമ്മില്‍ ഉള്ള ഉത്തമവിശ്വാസത്തിന്റെ പുറത്തുള്ള ഒരു പ്രവര്‍ത്തനമാണ്‌.

ശരീരം രോഗിയുടെ സ്വന്തമാണ്‌ . അതിനാല്‍ രോഗം എന്താണെന്നറിയാനും, അതിനുള്ള വിവിധ ചികില്‍സാ രീതികള്‍ - (ഉദാഹരണത്തിന്‌ ചില തൈറോയിഡ്‌ രോഗത്തില്‍ Radio active Iodine ഉപയോഗിക്കാം അഥവാ surgery ചെയ്യാം. )ഏതൊക്കെയാണ്‌, അവയില്‍ ഓരോന്നിന്റേയും ഗുണദോഷങ്ങള്‍ എന്തൊക്കെയാണ്‌ ഇതെല്ലാം അറിയാന്‍ രോഗിക്ക്‌ അവകാശമുണ്ട്‌ . അറിഞ്ഞതിനു ശേഷം തനിക്കിഷ്ടമുള്ളതു തെരഞ്ഞെടുക്കാനും അവകാശമുണ്ട്‌.

ഇപ്രകാരം transparent ആയി നടത്തിയാല്‍ ചികില്‍സ ഒരുപരിധി വരെ ആരോപണനിവൃത്തമാക്കാമെന്നു തോന്നുന്നു.

7 comments:

 1. ശരീരം രോഗിയുടെ സ്വന്തമാണ്‌ . അതിനാല്‍ രോഗം എന്താണെന്നറിയാനും, അതിനുള്ള വിവിധ ചികില്‍സാ രീതികള്‍ - (ഉദാഹരണത്തിന്‌ ചില തൈറോയിഡ്‌ രോഗത്തില്‍ Radio active Iodine ഉപയോഗിക്കാം അഥവാ surgery ചെയ്യാം. )ഏതൊക്കെയാണ്‌, അവയില്‍ ഓരോന്നിന്റേയും ഗുണദോഷങ്ങള്‍ എന്തൊക്കെയാണ്‌ ഇതെല്ലാം അറിയാന്‍ രോഗിക്ക്‌ അവകാശമുണ്ട്‌ . അറിഞ്ഞതിനു ശേഷം തനിക്കിഷ്ടമുള്ളതു തെരഞ്ഞെടുക്കാനും അവകാശമുണ്ട്‌.

  ഇപ്രകാരം transparent ആയി നടത്തിയാല്‍ ചികില്‍സ ഒരുപരിധി വരെ ആരോപണനിവൃത്തമാക്കാമെന്നു തോന്നുന്നു.

  ReplyDelete
 2. നല്ല ലേഖനം. ഞാനൊക്കെ ഡോക്ടറുടെ അടുത്തുപോയി ആവശ്യമില്ലാത്ത വിവരണങ്ങളാണ് നടത്തുന്നത് എന്നു മനസിലായി. ഞങ്ങളുടെ ഡോക്ടര്‍ എന്റെ ഭര്‍ത്താവിനോട് സംസാരിക്കാനാണ് താത്പര്യം കാണിക്കുന്നത്,അദ്ദേഹം കാര്യമാത്രപ്രസക്തമായേ സംസാരിക്കൂ, അതാവാം കാരണം.

  ReplyDelete
 3. പണിക്കര്‍ ജീ :) ലേഖനത്തിന് നന്ദി.

  ReplyDelete
 4. പണിക്കര്‍ മാഷിന്റെ അഭിപ്രായം ആരായണമെന്ന് പലതവണ വിചാരിച്ച കാര്യമാണ്‌ ഇപ്പോള്‍ ഇങ്ങോട്ടു തന്നെ പറഞ്ഞിരിക്കുന്നത്‌! രോഗി കമ്യൂണിറ്റിയെ ഞാനും ഡോക്റ്റര്‍ കമ്യൂണിറ്റിയെ പണിക്കര്‍മാഷും പ്രതിനീധികരിച്ച്‌ ഒരു പോസ്റ്റ്‌ മനസ്സില്‍ വിചാരിച്ചിട്ട്‌ കുറേക്കാലമായി.

  നിയമത്തിന്റെ കണ്ണില്‍ പോലും ഡോക്ടറും രോഗിയുമായുള്ള ബന്ധം അല്ലെങ്കില്‍ എഴുതപ്പെടാത്ത കരാര്‍ uberrimae fidei അതായത്‌ പരിപാവനവും പരിപൂര്‍ണ്ണവുമായ പരസ്പര വിശ്വാസത്തിന്റെ പുറത്തുള്ളതാണ്‌- വക്കീലും കക്ഷിയും പോലെ, ഭാര്യയും ഭര്‍ത്താവും പോലെ, ഇന്‍ഷ്വററും ഇന്‍ഷ്വേര്‍ഡും പോലെ [ പരമാവധി ചികിത്സ എന്ന് ആശുപത്രിയുടെ ഓബ്ജക്റ്റീവ്‌ മാറുന്നത്‌ പരമാവധി ആരോഗ്യം എന്ന രോഗിയുടെ ഓബ്ജക്റ്റീവുമായി ക്ലാഷ്‌ ചെയ്യുന്നു എന്നും മറ്റുമുള്ള പരാതികള്‍ ഈ താത്വിക തല നിരീക്ഷണത്തില്‍ അപ്രസക്തമാണ്‌. മാഷിന്റെ ലേഖനത്തില്‍ പ്രതിപാദിക്കുന്ന കാര്യങ്ങളില്‍ പെടുന്നില്ല- ഇനിയങ്ങോട്ട്‌ ആരും ചര്‍ച്ചയില്‍ വഴിതെറ്റി പോയി കമന്റിടാതിരിക്കാന്‍ ആദ്യമേ പറഞ്ഞെന്നേയുള്ളു]

  ജീവനും ആരോഗ്യവും രോഗവും രോഗിയുടേതാണ്‌ . അത്‌ ചികിത്സിച്ച്‌ ഭേദപ്പെടുത്താനുള്ള ഉത്തരാദിത്വവും അയാളുടേതാണ്‌. പരിപൂര്‍ണ്ണ വിശ്വാസക്കരാറിന്മേല്‍ അപ്പണി ചെയ്യാനറിയാവുന്ന വിദഗ്ദ്ധനെ രോഗി അതേല്‍പ്പിക്കുന്നു, പ്രതിഫലവും കൊടുക്കുന്നു.

  സ്വയം ചികിത്സിക്കുന്നത്‌ തന്റെ രോഗം ഭേദമാക്കാന്‍ ആശാസ്യമായ വഴിയല്ല എന്ന എന്നറിഞ്ഞാണല്ലോ അതു ചെയ്യാന്‍ അറിവും പരിശീലനവും ലൈസന്‍സും നേടിയ ആളിനെ തിരക്കി ചെന്ന് അതേല്‍പ്പിക്കുന്നത്‌, അതുകൊണ്ട്‌ പിന്നെ അതില്‍ ഇടപെട്ട്‌ വഷളാക്കാനും പണിയെടുത്തുകൊണ്ടിരിക്കുന്ന ആളിനെ വഴി തെറ്റിക്കാനും തെറ്റിദ്ധരിപ്പിക്കാനും നോക്കാതെ അദ്ദേഹം പറയുന്നത്‌ അനുസരിക്കുകയും മൊത്തത്തില്‍ സഹകരിക്കുകയുമാണ്‌ വിവരമുള്ള രോഗി ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കേണ്ട രീതി.

  താത്വിക തലത്തില്‍ മൊത്തം ശരിവച്ച കാര്യമാണ്‌ ഡോക്റ്റര്‍ക്കോ രോഗിക്കോ രണ്ടുപക്ഷം ഇക്കാര്യത്തില്‍ കാണില്ല.

  പ്രായോഗിക തലത്തില്‍- എല്ലാ ഉബേരിമേ ഫീഡി കോണ്ട്രാക്റ്റിനും മൂന്നു മാക്സിം ഉണ്ട്‌.

  1. പരസ്പരം എല്ലാം അറിയിക്കാനുള്ള ബാദ്ധ്യത, അല്ലെങ്കില്‍ അറിയാന്‍ മറുകക്ഷിക്ക്‌ താല്‍പ്പര്യമില്ല എന്ന അനുമാനം (ഉദാ. എന്റെ ബൈക്കെടുത്തു വിറ്റാല്‍ ഭാര്യയോട്‌ പറയേണ്ടത്‌ ധാര്‍മ്മികമായ ഉത്തരവാദിത്തം, എന്നാല്‍ അതു വില്‍ക്കാന്‍ പോയ വഴി ചായ കുടിച്ചത്‌ അറിയാന്‍ അവര്‍ക്കു താല്‍പ്പര്യമില്ല)

  2. പരസ്പരം ചതിക്കാതെയും വഴി തെറ്റിക്കാതെയും ഇരിക്കാനുള്ള ബാദ്ധ്യത- ഇതില്ലെങ്കില്‍ ഉബേരിമേ ഫീഡി കരാര്‍ വര്‍ക്ക്‌ ചെയ്യില്ല. ബാര്‍ബര്‍ക്ക്‌ ഷേവ്‌ ചെയ്യാന്‍ കഴുത്തു കാണിച്ചുകൊടുക്കുന്നത്‌ ഈ പാപി കൊരവള്ളി അറുത്ത്‌ നമ്മുടെ വാച്ചും മാലയും കൊണ്ട്‌ മുങ്ങില്ല എന്ന വിശ്വാസത്തിന്മേലാണ്‌, അതില്ലെങ്കില്‍
  ഷേവ്‌ നടക്കില്ല

  3. മറുകക്ഷിക്ക്‌ നല്ലതുമാത്രം വരുത്താനുള്ള ബാദ്ധ്യത- ഏതു പോക്കിരിയെയും വെറുതേ വിടുവിക്കാനാണു വക്കീല്‍ ശ്രമിക്കേണ്ടത്‌.

  ഈ മൂന്നു മാക്സിമുകളില്‍ ഒന്നു പിഴച്ചാല്‍ കരാര്‍ മൊത്തമായി പിഴച്ചു.

  രോഗി വൈദ്യ ബന്ധത്തില്‍ ഒന്നാമത്തെ മാക്സിം ഡിസ്ല്കോഷര്‍ പിഴയ്ക്കുന്നതിന്റെ ഒരുദാഹരണം പറയട്ടെ? എന്റെ ഭാര്യക്ക്‌ ഒരു മരുന്നിനോട്‌ ഗുരുതരമായ അലെര്‍ജിയുണ്ട്‌. ഇവിടെയൊക്കെ രോഗി രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ അറിയാവുന്ന അലര്‍ജികളൊക്കെ പറയാന്‍ മിക്ക (എല്ലാം അല്ല) ക്ലിനിക്കുകളും നിര്‍ബന്ധിക്കും എന്നാല്‍ നാട്ടില്‍ 90% ഡോക്ടര്‍മാരും മരുന്നു ശീട്ട്‌ എഴുതും മുന്നേ അത്‌ ഞങ്ങളോട്‌ ചോദിച്ചു കണ്ടിട്ടില്ലാത്തതുകൊണ്ട്‌ ഡോക്റ്റര്‍ പേനയെടുക്കുമ്പോഴേ അങ്ങോട്ടു കയര്‍ " ഡോക്റ്റര്‍ .... മരുന്നിനോട്‌ അലെര്‍ജി ഉണ്ട്‌" എന്നു പറയുകയാണു പതിവ്‌. ഡിസ്ക്ലോഷര്‍ എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത്‌ ചോദിക്കാതെയും ചിലപ്പോള്‍ പറയേണ്ടി വരും എന്നതുകൊണ്ടാണ്‌.

  കുറിപ്പടിയില്‍ ഡോക്ടര്‍ എഴുതിത്തരുന്നത്‌ മരുന്നുകളുടെ കമ്പനിപ്പേര്‍ ആണ്‌. അല്ല ജെനറിക്ക്‌ ബ്രാന്‍ഡ്‌ അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല-ക്രെസ്റ്റര്‍ എന്നു പറഞ്ഞാലും റോസുവസ്റ്റാറ്റിന്‍ എന്നു പറഞ്ഞാലും രോഗിക്ക്‌ ഗ്രീക്കോ ലാറ്റിനോ കേട്ടപോലെ തന്നെ, എന്നാല്‍ അത്‌ അംഗീകൃതവും സാധാരണയായി ചികിത്സക്ക്‌ ഉപയോഗിക്കുന്നതാണോ എന്ന് അറിയാനുള്ള അവകാശം രോഗിക്കുണ്ട്‌. ഇപ്പറഞ്ഞ ക്രെസ്റ്ററിന്റെ ട്രയല്‍ ലോകത്തിലെ ഏറ്റവും
  വലിയ ട്രയലുകളിന്‍ ഒന്നായിരുന്നു, ഭൂരിപക്ഷവും ഇന്ത്യയില്‍ അത്‌ നടന്നപ്പോള്‍ ഒരൊറ്റ രോഗിയെങ്കിലും അറിഞ്ഞോ താന്‍ ഗിനിപ്പന്നിയായി ഉപയോഗിക്കപ്പെടുകയാണെന്ന്? മരുന്നിന്റെ വിശദവിവരങ്ങളൊന്നും അറിഞ്ഞില്ലെങ്കിലും ഞാന്‍ ആ പേര്‍ എഴുതിയെടുത്ത്‌ ഗൂഗിളിനു കൊടുക്കും അത്‌ നേരേ പോയി ഒരു ബ്രോഷരോ മെഡി ഇന്‍ഫോയോ തപ്പിക്കൊണ്ടു വന്നാല്‍ പിന്നെ വായിച്ച്‌ മിനക്കെടില്ല, അംഗീകൃത മരുന്നാണ്‌, അതു കൊണ്ടുവന്നില്ലെങ്കിലോ, കാശു തന്ന എന്നെ ഗിനിപ്പന്നിയാക്കിയതാവണം! ഉബേരിമേ ഫീഡി തകര്‍ന്നു കൊട വേറേ കൊടക്കാലു വേറേ ആയി
  (അതാണു ഞാന്‍ ക്രോസ്സ്‌ വാലിഡേഷന്‍ എന്നു പറയുന്ന വിദ്യ). ക്രെസ്റ്റര്‍ കേസില്‍ തന്നെ കിടന്നു കറങ്ങാന്‍ കാരണം അതിന്റെ ട്രയല്‍ ഡോസ്‌ 1500mg ആയിരുന്നെന്‍ അസ്റ്റ്രസെനിക്ക തന്നെ പറഞ്ഞതുകൊണ്ടാണ്‌, ബോധമുള്ള ഏതെങ്കിലും രോഗി ഈ ഉയര്‍ന്ന ഡോസ്‌ സ്റ്റാറ്റിന്‍ കഴിക്കുമോ? ഇതില്‍ ഉബേരിമേ ഫീഡി മാക്സിം രണ്ടും മൂന്നും തകരും , ക്രോസ്‌ വാലിഡേറ്റ്‌ ചെയ്യുന്നതില്‍ അപ്പോള്‍ പിശകുണ്ടോ?

  ചിലപ്പോഴെങ്കിലും പരിശോധന എന്ന സ്നാപ്‌ ഷോട്ടില്‍ കിട്ടാത്ത വിവരങ്ങള്‍ രോഗിയുടെ കൈവശം കാണില്ലേ? അവന്റെ ജന്മം മുഴുവന്‍ ശരീരം അവന്റെ കൂടെ ഉണ്ടായിരുന്നു എന്നതിനാല്‍ അവന്‍ അറിവില്ലാത്തവനാണെങ്കിലും ഒരു ഡൈനമിക്ക്‌ ചിത്രം അവനു കിട്ടുന്നില്ലേ? അതില്‍ നിന്നെന്തെങ്കിലും ഡോക്റ്റര്‍ക്ക്‌ പ്രയോജനപ്പെടില്ലേ?

  [മൂന്നു മാക്സിം പാലിക്കുന്നുണ്ടോ എന്ന് രോഗി നോക്കേണ്ടതുണ്ടോ ഇല്ലയോ എന്നു മാത്രമാണ്‌ വായനക്കാരേ ചര്‍ച്ചക്ക്‌ എടുത്തിട്ടത്‌, അല്ലാതെ രോഗികളെല്ലം ഇങ്ങനെയാണോ, ഡോക്ടര്‍മാരെല്ലാം ഇങ്ങനെയാണോ എന്നൊന്നുമല്ല. ]

  ReplyDelete
 5. സു, ശാലിനി,
  വായിച്ചതിലും അഭിപ്രായം എഴുതിയതിലും നന്ദി.

  പക്ഷെ ഇത്‌ അശോക്‌ കര്‍ത്താവിന്റെ ബ്ലോഗില്‍ (ആദ്യത്തെ link) നടക്കുന്ന ഒരു സംവാദത്തിന്റെ ഭാഗമാണ്‌. അതു കൂടി വായിക്കുമല്ലൊ. എന്നിട്ട്‌ അഭിപ്രായം അറിയിക്കുമെന്നു കരുതുന്നു. എനിക്ക്‌ അതില്‍ കമന്റിടാന്‍ നോക്കി സാധിക്കാഞ്ഞതു കൊണ്ടാണ്‌ ഇങ്ങനെ ഒരു പോസ്റ്റ്‌ ആക്കിയത്‌

  ReplyDelete
 6. ദേവന്‍,
  താങ്കളുടെ നിരീക്ഷണങ്ങളേ എത്ര പുകഴ്ത്തിയാലും അധികമാകുകയില്ല. ഇതു പോലെയുള്ള ലേഖനങ്ങളും, കമന്റുകളും മനുഷ്യരാശിക്കു തന്നെ ഒരു മുതല്‍ക്കൂട്ടാണ്‌.

  രോഗികളില്‍ വളരെ നല്ല ഒരു പങ്കും അജ്ഞരായതു കൊണ്ടാണ്‌ കച്ചവടം പുരോഗമിക്കുന്നത്‌.

  എന്റെ തന്നെ ഒരു ബന്ധു- വളരെ കാലം oral malignancy യാല്‍ പീഡിതനായിരുന്നു എങ്കിലും ചികില്‍സയില്‍ ഭേദപ്പെട്ട്‌ ആണ്ടിലൊരിക്കല്‍ മാത്രം review ചെയ്തു കൊണ്ടിരുന്നതാണ്‌.

  അപ്പോഴല്ലേ നമ്മുടെ RCC യിലെ പരീക്ഷണം. ഒരു തവണ നിരീക്ഷണത്തിനു ചെന്ന അയ്‌ആളേ ചികില്‍സിച്ചു മുകളിലേക്കു വിട്ടു. മരണത്തിനു മുമ്പു ഞങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ പോലും അദ്ദേഹത്തിനു താന്‍ ചതിക്കപ്പെട്ടു എന്നറിയില്ലായിരുന്നു - അന്നു അദ്ദേഹം എന്നോടു പറഞ്ഞത്‌

  "--three star Hotel ല്‍ AC room ഒക്കെ തന്ന്‌ എന്തു നല്ല പരിചരണമായിരുന്നു. നല്ല സ്നേഹമുള്ള ആള്‍ക്കാര്‍ " എന്ന്‌.

  ഇവരെ വിശേഷിപ്പിക്കാന്‍ എനിക്കു വാക്കുകളില്ലാതെ പോകുന്നു ഇവരുടെ മക്കളോടാനെങ്കില്‍ ഇതു പോലെ ചെയ്യുമോ ആവോ ചെയ്യുമായിരിക്കും അല്ലേ?.ഈ വര്‍ഗ്ഗത്തിന്‌ മക്കളെന്നോ മറ്റുള്ളവരെന്നോ വ്യത്യാസം കാണുമോ?

  ReplyDelete