Monday, September 03, 2007

മരണശേഷം ?

'യേയം പ്രേതേ വിചികിത്സാ മനുഷ്യേ
അസ്തീത്യേകേ നായമസ്തീതി ചൈകേ
ഏതദ്വിദ്യാമനുശിഷ്ടസ്ത്വയാഹം
വരാണാമേഷ വരസ്ത്ര് തീയഃ"

പ്രേതേ മനുഷ്യേ = മരിച്ച മനുഷ്യനെ കുറിച്ച്‌
യാ ഇയം വിചികിത്സാ = പറയപ്പെടുന്ന യാതൊരു ഈ സംശയം
ഏകേ അസ്തി ഇതി =ചിലര്‍ ആത്മാവുണ്ടെന്നും, അതു മറ്റൊരു ദേഹം കൈക്കൊള്ളുമെന്നും പറയുന്നു
ഏകേ നായം അസ്തി ഇതി ച = മറ്റു ചിലര്‍ മരണശേഷം മറ്റൊന്നും അവശേഷിക്കുന്നിലെന്നും പറയുന്നു.
ത്വയാ അനുശിഷ്ടഃ അഹം = അങ്ങയാല്‍ ഉപദേശിക്കപ്പെട്ട ഞാന്‍
ഏതത്‌ വിദ്യാം = ഈ അറിവിനെ വ്യക്തമായി മനസ്സിലാക്കുമാറാകണം
വരാണാം ഏഷ തൃതീയഃ വരഃ= മൂന്നാമതായി ഞാന്‍ ചോദിക്കുന്ന വരം ഇതാണ്‌.
കഠോപനിഷത്തിലെ പ്രസിദ്ധമായ ഒരു ശ്ലോകമാണ്‌ ഇത്‌. ഗൗതമരാജാവിന്റെ പുത്രനായ നചികേതസ്സ്‌ യമനോട്‌ ചോദിക്കുന്ന ചോദ്യം.

ഗൗതമരാജാവ്‌ ഒരു യാഗം നടത്തി ഗോദാനം ചെയ്തു കൊണ്ടിരിക്കുമ്പോള്‍, അതില്‍ ധാരാളം പ്രായം കൂടിയ പശുക്കളെ ദാനം ചെയ്യുന്നതു കണ്ട നചികേതസ്സ്‌, ആ ദാനത്തിലുള്ള ഇഷ്ടക്കേടു കാരണം, പിതാവിന്നടുത്തു ചെന്ന്‌ തന്നെ ആര്‍ക്കാണ്‌ ദാനം ചെയ്യുക എന്നു ചോദിച്ചു.

ആദ്യമൊന്നും മിണ്ടാതിരുന്ന പിതാവിനോട്‌ പലപ്രാവശ്യം ചോദിച്ചപ്പോള്‍ രാജാവ്‌ കോപിച്ച്‌ "നിന്നെ യമരാജനാണ്‌ ദാനം ചെയ്യുന്നത്‌" എന്നു പറഞ്ഞു അത്രെ.

അതു കേട്ട നചികേതസ്സ്‌ പിതാവിന്റെ വാക്കുകള്‍ വ്യര്‍ത്ഥമാകുവാന്‍ പാടില്ല എന്നുറച്ച്‌ സ്വയം യമപുരിയിലെത്തി.

അവിടെ മൂന്നു ദിവസം കാത്തിരുന്ന ശേഷമാണ്‌ യമന്റെ ദര്‍ശനം ഉണ്ടാകുന്നത്‌.
തനിക്കു വേണ്ടി മൂന്നു ദിവസം കാത്തിരുന്നുപവസിച്ച നചികേതസ്സിനോട്‌ സന്തുഷ്ടനായ യമന്‍ മൂന്നു വരങ്ങള്‍ വരിക്കുവാന്‍ ആവശ്യപ്പെട്ടു.

( മൂന്നു ദിവസം കാത്തിരുന്ന്‌ ഉപവസിച്ചു എന്നതിന്‌ ആന്തരാര്‍ത്ഥം ഉണ്ട്‌.-പ്രപഞ്ചം എന്നത്‌ യമഭവനമാണ്‌- അവിടെ രാജാവ്‌ യമനാണ്‌ പിതാവിലൂടെ ജനിച്ചു ജീവന്‍ ഇവിടെ എത്തുന്നത്‌ അജ്ഞാനത്തിന്റെ മൂന്നു മറകളും കൊണ്ടാണ്‌- സ്ഥൂലശരീരം, സൂക്ഷശരീരം, കാരണശരീരം എന്നിവയാണ്‌ അവ. ഈ ദേഹങ്ങളുടെ മറ കാരണം യഥാര്‍ത്ഥ സത്യാനുഭവം സാധ്യമാകുന്നില്ല. മരണത്തിന്റെ വെളിച്ചത്തില്‍ ഈ മൂന്നു ശരീരങ്ങള്‍ക്കും ധന്യത നല്‍കി അവയെ ഒഴിവാക്കി ആത്മാനുഭവം നേടുക എന്നുള്ളതായിരിക്കണം ഓരോ ജീവന്റേയും ലക്ഷ്യം.
അതിന്‌ ഓരോന്നായി രണ്ടു വരങ്ങള്‍ ലഭിച്ച ശേഷം മൂന്നാമതായി ചോദിച്ച വരമാണ്‌ നാം മുകളില്‍ കണ്ടത്‌.ആദ്യത്തെ രണ്ടു വരങ്ങള്‍ കൊണ്ട്‌ സ്ഥൂലസൂക്ഷ്മശരീരങ്ങളുടെ ശാന്തിക്കുള്ള ഉപായം നേടിയ ശേഷം കാരണശരീരശാന്തിക്കുള്ള ഉപായമാണ്‌ ഇവിടെ വരുന്നത്‌.

ആദ്യത്തെ രണ്ടു വരങ്ങളും കര്‍മ്മഫലവുമായി ബന്ധപ്പെട്ടതായതു കൊണ്ടും അനിത്യങ്ങളായതു കൊണ്ടും യമന്‍ വളരെ വേഗം ഉപദേശിക്കുന്നു.
എന്നാല്‍ മൂന്നാമത്തെ ചോദ്യം വന്നപ്പോള്‍ യമന്‍ പെട്ടെന്നൊന്നും ഉത്തരം കൊടുക്കുന്നില്ല. കാരണം-
അതിനുത്തരം മനസ്സിലാകണം എങ്കില്‍ ശിഷ്യന്‌ ചില കഴിവുകള്‍ വേണം. ഈ പ്രപഞ്ചമാണ്‌ എല്ലാം എന്നും ഇവിടെയുള്ള സുഖങ്ങള്‍ അനുഭവിക്കലാണ്‌ ജീവിതലക്ഷ്യം എന്നും വിചാരിക്കുന്നവര്‍ക്ക്‌ അതു മനസ്സിലാവില്ല.
വരാഹാവതാരത്തിന്റെ കഥയില്‍ ഞാന്‍ മുമ്പെഴുതിയതു പോലെ ഭഗവാന്‍ വിസ്‌ഹ്ണു പോലും പന്നി കുടുംബമായി പുളച്ചു മദിച്ചു ജീവിച്ചിരുന്നിടത്തു നിന്നു രക്ഷ പെടുത്തുവാന്‍ പരമശിവന്റെ ശൂലം വേണ്ടി വന്നു. അപ്പോള്‍ പാവം മനുഷ്യരോ?
അപ്പോള്‍ ശിഷ്യന്‌ അതു സ്വീകരിക്കുവാന്‍ വേണ്ട പ്രാപ്തി ഉണ്ടോ എന്നു പരിശോധിക്കുവാന്‍ വേണ്ടി യമധര്‍മ്മന്‍ നടത്തുന്ന പരീക്ഷണങ്ങളും അവക്ക്‌ നചികേതസ്സിന്റെ മറുപടിയും വായിച്ചു പഠിക്കേണ്ടതു തന്നെ ആണ്‌
(ഈ സീരീസിലെ ആശയങ്ങള്‍ക്ക്‌ ശ്രീ ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യം, പ്രൊഫ ജി ബാലകൃഷ്ണന്‍ നായരുടെവേദാന്തദര്‍ശനം എന്നിവയോട്‌ കടപ്പാട്‌)

will be contd-
ഇവ കൂടി വായിക്കുക
ഒന്ന്‌

രണ്ട്‌


മൂന്ന്‌


നാല്‌


അഞ്ച്‌


ആറ്‌


ഏഴ്‌


എട്ട്‌


ഒന്‍പത്‌


പത്ത്‌

18 comments:

  1. പ്രേതേ മനുഷ്യേ = മരിച്ച മനുഷ്യനെ കുറിച്ച്‌
    ഏകേ അസ്തി ഇതി =ചിലര്‍ ആത്മാവുണ്ടെന്നും, അതു മറ്റൊരു ദേഹം കൈക്കൊള്ളുമെന്നും പറയുന്നു
    ഏകേ നായം അസ്തി ഇതി ച = മറ്റു ചിലര്‍ മരണശേഷം മറ്റൊന്നും അവശേഷിക്കുന്നിലെന്നും പറയുന്നു.

    കഠോപനിഷത്തിലെ പ്രസിദ്ധമായ ഒരു ശ്ലോകമാണ്‌ ഇത്‌. ഗൗതമരാജാവിന്റെ പുത്രനായ നചികേതസ്സ്‌ യമനോട്‌ ചോദിക്കുന്ന ചോദ്യം.

    ReplyDelete
  2. देवैर्त्रापि विचिकित्स पुरा

    न हि सुज्ञेय्मणुरेष धर्माः

    अन्यम वरम नचिकेतो वृणीष्व्

    मा मोपरोत्सिरति मा सृजैनम ॥

    (ഞാന്‍ പുസ്തകം നോക്കി എഴുതിയതാണ്. അറിയുകയില്ല.)

    ഈ ബ്ലോഗില്‍ പുതിയതൊന്നുമില്ലേയെന്ന് വന്നുനോക്കണം എന്ന് വിചാരിച്ചതേയുള്ളൂ.

    :)

    ReplyDelete
  3. സൂവേ
    ഏതു font ഉപയോഗിച്ചാണ്‌ ആ ശ്ലോകം എഴുതിയത്‌? എനിക്കു വായിക്കുവാന്‍ സാധിക്കുനില്ല. ആ font ഒന്ന്‌ മെയില്‍ ചെയ്യുമോ? indiaheritage@yahoo.co.in

    ReplyDelete
  4. ഇന്‍ഡ്യാ ഹെറിറ്റേജ്‌ ,

    വളരെ താത്പര്യപൂര്‍വ്വമാണുവായിച്ചത്‌ , ഒരു ചെറിയ അപേക്ഷ ,

    സംസ്കൃതത്തിലെഴുതുന്നവ ആദ്യം മുഴുവന്‍ എഴുതി , പിന്നീട്‌ എന്നെപ്പോലുള്ളവര്‍ക്ക്‌ മനസ്സിലാവാന്‍ വേണ്ടി , മലയാളത്തില്‍ പൂര്‍ണ്ണമായെഴുതുന്നതല്ലെ ഉചിതം? (ഇടക്ക്‌ സംസ്കൃതം എഴുതുന്നതിനാല്‍ ചോദിച്ചതാണ്‍ , അപ്പോള്‍ വാക്കുകളുടെ അര്‍ത്ഥം നേരെ കിട്ടില്ലെന്ന ഒരു പ്രശ്നമുണ്ടെന്നുള്ളത്‌ നേരുതന്നെ)

    അതായത്‌ ,

    ശ്ളോകം ആദ്യമെഴുതുക ,
    പൂര്‍ണ്ണ വിവരണം പിന്നീടെഴുതുക ഇതാണുദ്ദേശിച്ചത്‌ ,എന്നെപ്പോലുള്ള മണ്ടശിരോമണിമാര്‍ക്ക്‌ ക്ഷമ കുറച്ചുകുറാവാണേ!
    :)

    ReplyDelete
  5. മാഷേ, വായിക്കുന്നു. തുടരുക.:)

    ReplyDelete
  6. ഹിന്ദിയുടെ ഏത് യൂനിക്കോഡ് ഫോണ്ട് ഉണ്ടെങ്കിലും കാണുമെന്ന് തോന്നുന്നു. ഇവിടെ കീമാന്‍- ന്റെ കൂടെ ഉപയോഗിക്കാന്‍ ഉള്ള ഹിന്ദി കീബോര്‍ഡ് ഉണ്ട്. അതുപയോഗിച്ചാണ് ടൈപ്പ് ചെയ്തത്. വിശദമായി, ചോദിച്ചിട്ട് അറിയിക്കാം.

    ReplyDelete
  7. സാര്‍,
    ഉദ്ദാലകന്റെ പുത്രനായ ആരുണിയല്ലേ നചികേതസ്സിന്റെ പിതാവ് ?

    ഒന്നാമത്തെ വരം ‘അച്ഛന്‍ ശാന്തനും സന്തുഷ്ടനുമായി തന്നെ തിരിച്ചെടുക്കണം’ എന്നതും രണ്ടാമത്തേത് ‘സ്വര്‍ഗ്ഗം പൂകാനുള്ള യാഗത്തിന്റെ വിദ്യ അറിയാനും’ ആയിരുന്നു എന്നാണ്‍ വായിച്ചറിവ്.
    മൂന്നമത്തെ ചോദ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ യമരാജാവ് പലതും -വഴിവിട്ടും, ഓഫര്‍ ചെയ്തിരുന്നത്രേ. ദീര്‍ഘായുസ്സ് തന്നെ ഒരുദാഹരണം:)!

    യമരാജാവ് നചികേതസിന്‍ നല്‍കുന്ന അനുഗ്രഹമാണ്‍ കഠോപനിഷത്തിലെ കാതല്‍ എന്ന് എനിക്ക് തോന്നുന്നു!
    ‘ത്വാദൃങ് നോ ഭൂയാത് നചികേതഃ പ്രഷ്ടാ’

    ReplyDelete
    Replies
    1. ശരിയാണ് നചികേതസിന്റെ പിതാവ് ആരാണ് ?

      Delete
  8. പ്രിയ തറവാടി ജീ,
    പറഞ്ഞതു പോലെ അര്‍ത്ഥം വേറെ ആയി എഴുതുവാന്‍ ശ്രമിക്കാം. അഭിപ്രായത്തിന്‌ നന്ദി

    ReplyDelete
  9. പ്രിയ സതീഷ്‌ ജീ,
    വളരെ ശരിയാണ്‌. അദ്ദേഹം അരുണന്റെ പുത്രനാണ്‌ ഉദ്ദാലകന്‍ എന്നും നാമധേയമുണ്ട്‌. (11ആം ശ്ലോകം - --"ഔദ്ദാലകിരാരുണി--")
    എന്നാല്‍ ഒന്നാം ശ്ലോകം നോക്കുക -ഓം ഉശന്‍ ഹ വാജശ്രവസഃ സര്‍വവേദസം
    ദദൗ തസ്യഹ നചികേതാ നാമ പുത്ര ആസ" അദ്ദേഹത്തിന്‌ അന്നദാതാവ്‌ എന്ന അര്‍ത്ഥത്തില്‍ വാജശ്രവസ്‌ എന്നും പേരുണ്ട്‌.
    എന്നാല്‍ 10ആം ശ്ലോകത്തില്‍ നചികേതസ്‌ തന്റെ അച്ഛനെ സൂചിപ്പിക്കുവാന്‍ ഗൗതമന്‍ എന്ന പേരാണ്‌ ഉപയോഗിക്കുന്നത്‌-"---വീതമന്യുര്‍ ഗൗതമോ മാഭി മൃത്യോ--" അതുകൊണ്ട്‌ ആ പേര്‍ ഞാന്‍ എഴുതി എന്നേ ഉള്ളു.
    വളരെ ശ്രദ്ധിച്ച്‌ ഇത്തരത്തിലുള്ള നിരൂപണം നടത്തുന്നതിന്‌ നന്ദി. തുടര്‍ന്നും എഴുതുമല്ലൊ.

    ReplyDelete
  10. പ്രിയ സതീഷ്‌ ജീ,
    സ്ഥൂലശരീരധര്‍മ്മമാണ്‌ ഐഹികജീവിതത്തിലെ കടങ്ങള്‍ വീട്ടുക എന്നത്‌. അതിനാണ്‌ പിതാവിനെ സംബന്ധിക്കുന്ന വരം വാങ്ങുന്നത്‌. അടുത്തത്‌ സൂക്ഷ്മശരീരത്തിന്റേതായ സങ്കല്‍പലോകശാന്തി - അതാണ്‌ സ്വര്‍ഗ്ഗലോകപ്രാപ്തിക്കുള്ള അഗ്നിയെ യാചിക്കുന്നത്‌.

    ReplyDelete
  11. പ്രിയ വേണുജീ
    നന്ദി തുടരാം,
    സനാതന്‍ ജീ
    താങ്കളുടെ മരുന്നു മണമുള്ള ബാല്യം കുറച്ചു നോവിച്ചു കേട്ടോ. എനിക്ക്‌ കമന്റിടുവാനുള്ള സാങ്കേതിക തടസ്സം കൊണ്ടാണ്‌ പലയിടത്തും കമന്റുകള്‍ ഇടണമെന്നുണ്ടായിട്ടും ഇടുവാന്‍ സാധിക്കാത്തത്‌

    ReplyDelete
  12. പ്രിയ സൂ,
    യമന്‍ മറുപടി പറയുന്ന ശ്ലോകമാണ്‌ സൂ എഴുതിയത്‌ അതില്‍ ചില പിശകുകളുണ്ട്‌. നാളെ പോസ്റ്റ്‌ ചെയ്യുന്നതില്‍ ഈ ശ്ലോകവും വരുന്നുണ്ട്‌
    നന്ദി

    ReplyDelete
  13. വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യ രണ്ടുവരങ്ങള്‍ എന്തെല്ലാമായിരിക്കും എന്നറിഞ്ഞാല്‍ കൊള്ളാം എന്നു തോന്നി. അതു പറഞ്ഞു തന്ന സതീഷിനും നന്ദി.

    ReplyDelete
  14. ഈ ഉദ്ദാലകൻ തന്നെയാണോ അഷ്ടാവക്രൻ്റെ അമ്മാവനും,ശ്വേതകേതു, സുജാത എന്നിവരുടെ പിതാവും, കഹോഡകൻ്റെ ഗുരുവും ?...

    ReplyDelete
  15. മരണത്തിന് ശേഷം ഒരു ലോകമില്ല. ഹേ മൂഢൻമാരേ ജീവിച്ചിരിക്കുമ്പോൾ ആർക്കെങ്കിലും ഒരു ഉപകാരം ചെയ്യുക. എന്നിട്ട് വിളിക്കുക. mgm 9387777839

    ReplyDelete