Saturday, September 09, 2006

തുടര്‍ച്ച ചാണക്യന്‍ നിര്‍വചിച്ചിരിക്കുന്നത്‌

ആശാനേ നമ്മള്‍ പറഞ്ഞുകൊണ്ടു വന്ന വിശ്വാമിത്രണ്റ്റെ കഥ ശൂന്നായിപ്പോയല്ലൊ . അതു ഒന്നു തുടരരുതോ?

ശരി മാഷേ. ആ വിശ്വാമിത്രന്‍ ആദ്യം രാജാവായിരുന്നു . പിന്നീട്‌ തപസ്സു തുടങ്ങി രാജര്‍ഷി, ഋഷി, മഹര്‍ഷി എന്നിങ്ങനെ പടിപടിയായിട്ടാണ്‌ ബ്രഹ്മര്‍ഷിത്വത്തെ അഥവാ ബ്രാഹ്മണത്വത്തെ പ്രാപിക്കുന്നത്‌.

അതു ശരി അപ്പോള്‍ ഈ ഋഷി എന്നൊക്കെ പറയുന്നത്‌ ബ്രഹ്മണനും താഴെയാണോ ആശാനേ? നമ്മല്‍ വിചാരിച്ചതങ്ങനെയല്ലായിരുന്നല്ലൊ മാഷേ

നമ്മളോടങ്ങിനെ വിചാരിക്കാന്‍ വല്ലവരും പറഞ്ഞോ?

ആട്ടെ ആശാനേ എങ്ങിനെയുള്ള ആളെയാണ്‌ ഈ ഋഷി എന്നൊക്കെപ്പറയുന്നത്‌?

മാഷേ നിര്‍വ്വചനങ്ങള്‍ എളൂപ്പവും പൂര്‍ണ്ണവുമല്ല അതുകൊണ്ട്‌ കഥാരൂപത്തില്‍ വിശദമായി തന്നെ വാല്‍മീകി ഇതു പറയുന്നുണ്ട്‌ അതു ഞാന്‍ വഴിയേപറഞ്ഞു തരാം. എന്നാല്‍ ചുരുക്കരൂപത്തില്‍ മനസ്സിലാക്കാനായി ചാണക്യന്‍ പറഞ്ഞിട്ടുള്ള ചില ലക്ഷണങ്ങളുണ്ട്‌. അതുകള്‍ ഓരോന്നായി പറഞ്ഞു തരാം. (ഇതൊന്നും പൂര്‍ണ്ണമാണെന്നു ധരിച്ചുകളയരുത്‌)

ദ്വിജന്‍--
"ഏകാഹാരേണ സന്തുഷ്ടഃ ഷട്കര്‍മ്മനിരതഃ സദാ
ഋതുകാലേഭിഗാമീ ച സോ വിപ്രോ ദ്വിജ ഉച്യതേ

ദ്വിജന്‍ എന്ന പേരിന്നര്‍ഹനായവന്‍ ഒരു നേരത്തേ ആഹാരം കൊണ്ടു സന്തുഷ്ടനാണ്‌. നിത്യവും ഷഡ്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നവനാണ്‌. പഠിക്കുക, പഠിപ്പിക്കുക, യജ്ഞം ചെയ്യുക, യജ്ഞം ചെയ്യിപ്പിക്കുക, ദാനം വാങ്ങുക ദാനം കൊടുക്കുക ഇവയാണ്‌ ഷഡ്കര്‍മ്മങ്ങള്‍. ഋതുകാലത്ത്‌ ഭാര്യാസേവ ധര്‍മ്മമായി അനുഷ്ടിക്കും

ആശാനേ അപ്പോള്‍ മൂക്കറ്റം മൂന്നു നേരവും ശാപ്പാടടിച്ചും, നാടുനീളെ സംബന്ധം നടത്തിയും നടന്നിരുന്നവരെയും നമ്മള്‍ ഇതുവരെ ബ്രാഹ്മണനെന്നും ദ്വിജനെന്നും മറ്റുമല്ലേ വിളിച്ചിരുന്നത്‌?

മാഷേ അതുകോണ്ടാണല്ലോ അന്നു ചാണക്യനെഴുതിയ ഇതൊക്കെ ഇന്നു നമ്മള്‍ക്ക്‌ പുനര്‍വിചിന്തനം ചെയ്യേണ്ടിവരുന്നത്‌. ബാക്ക്‌ കേള്‍ക്കൂ

ഋഷി--

ആകൃഷ്ടഫലമൂലാനി വനവാസരതിഃ സദാ
കുരുതേ//ഹരഹഃ ശ്രാദ്ധം ഋഷിര്‍വിപ്ര സ ഉച്യതേ

വനവാസികളായി ഫലമൂലാദികള്‍ ഭക്ഷിച്ച്‌ , ലൌകികജീവികളല്ലാത്തതിനാല്‍ ചെയ്യുന്നതെല്ലാം ശ്രാദ്ധമായി അനുഷ്ഠിക്കുന്നവനാണ്‌ ഋഷി.


ലൌകികേ കര്‍മ്മണി രതഃ പശൂനാം പരിപാലകഃ
വാണിജ്യ കൃഷികര്‍ത്താ ച സ വിപ്രൊ വൈശ്യ ഉച്യതേ

ലൌകികകര്‍മ്മനിരതനും പശുപാലനം തുടങ്ങിയവ ചെയ്യുന്നവനും, കച്ചവടം ചെയ്യുന്നവനും ആയവനാണ്‌ വൈശ്യന്‍.

എണ്റ്റാശാനേ ഇനി എന്തൊക്കെ പൊല്ലാപ്പാണോ നിങ്ങള്‍ ഉണ്ടാക്കാന്‍ പോണത്‌

1 comment:

  1. ആശാനേ അപ്പോള്‍ മൂക്കറ്റം മൂന്നു നേരവും ശാപ്പാടടിച്ചും, നാടുനീളെ സംബന്ധം നടത്തിയും നടന്നിരുന്നവരെയും നമ്മള്‍ ഇതുവരെ ബ്രാഹ്മണനെന്നും ദ്വിജനെന്നും മറ്റുമല്ലേ വിളിച്ചിരുന്നത്‌?

    ReplyDelete