Friday, December 15, 2006

യോഗത്തിന്റെ ആദ്യപടിയില്‍ വേണ്ട നിയമം

യോഗ കൂടൂതല്‍ ഇവിടെ ഒക്കെ കാണാം

ഒന്ന്
രണ്ട്‌
മൂന്ന്
നാല്‌

ആശാനേ,
ഇപ്പോള്‍ എല്ലായിടത്തും യോഗ ഒരു ഫാഷന്‍ ആയിക്കാണുന്നുണ്ടല്ലൊ. ഏതു ചാനല്‍ തുറന്നാലും ഓരോരുത്തര്‍ തലയും കുത്തി നില്‍ക്കുക, ശ്വാസം വലിച്ചു വിടൂക തുടങ്ങി പല വ്യായാമങ്ങളും മറ്റും കാണുന്നുണ്ടല്ലൊ. പലരും സ്വയം പ്രഖ്യാപിത ഗുരുക്കന്മാരും മറ്റുമാകുന്നു, വളരെപ്പേര്‍ അവരുടെ പിന്നാലേ പോകുന്നു, മറ്റു ചിലര്‍ അതിനെ ചൊല്ലി വഴക്കിടുന്നു. ഇതിന്റെയൊക്കെ ഒരു നിജസ്ഥിതി എനതാണെന്നു പറയാമോ?

മാഷേ, യോഗശാസ്ത്രം അഥവാ യോഗദര്‍ശനം പതഞ്ജലിമഹര്‍ഷിയാലുണ്ടാക്കപെട്ടതാണ്‌. ചുരുക്കി പറഞ്ഞാല്‍ എട്‌ട്‌ അംഗങ്ങളുള്ള ഒരു ശാസ്ത്രമാണ്‌ യോഗദര്‍ശനം.അവ

"യമനിയമാസനപ്രാണയാമപ്രത്യാഹാരധാരണാധ്യാനസമാധയോ അഷ്ടാവംഗാനി"

എന്ന വചനത്തില്‍ നിന്ന്‌ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണാ, ധ്യാനം, സമാധി എന്നിവയാണ്‌ എന്നു കിട്ടുന്നു.ഇവയിലെ ഓരോ അംഗങ്ങളും ക്രമേണ ശീലിച്ചാല്‍ മാത്രമേ പൂര്‍ണ്ണഫലം ലഭിക്കുകയുള്ളു.

ഇപ്പോള്‍ കണ്ടു വരുന്നത്‌ ആസനങ്ങളില്‍ വരുന്ന ഹഠയോഗവും, പ്രാണായാമവും, പിന്നെ കുറച്ചു ധ്യാനവും മാത്രം പ്രചരിപ്പിക്കുന്നതാണ്‌
"അഹിംസാ സത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ" ഇതാണ്‌ യമം.

യമം

"അഹിംസാസത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ"

അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ്‌ യമം എന്നു പറയപ്പെടുന്നത്‌

ഹിംസയുടെ അഭാവം ആണ്‌ അഹിംസ.

ഹിംസ എന്നാല്‍ " ഹിമസാ നാമ പ്രാണിനാം പരദ്രോഹചിന്താ"
മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ചിന്ത, അഥവാ മന്‍സികവ്യാപാരം പോലും ഹിംസയാകുന്നു.
അതിനാല്‍ കായികമായും, മാനസികമായും, വാചികമായും ഉള്ള പരദ്രോഹചിന്ത ഒഴിവാക്കുക. എന്നതാണ്‌ അഹിംസാശബ്ദം കൊണ്ടുദ്ദേശിക്കുന്നത്‌

സത്യം.

"ഓം വാങ്ങ്‌ മേ മനസി പ്രതിഷ്ഠ്‌ഇതാ മനോ മേ വാചി പ്രതിഷ്ഠിതാ--" ഇത്യാദി ഉപനിഷദ്വാക്യം
ഓര്‍മ്മിക്കുക. മനസ്സില്‍ വിചാരിക്കുന്നത്‌ പറയുക, പറയുന്നത്‌ പ്രവര്‍ത്തിക്കുക ഇതാണ്‌ ഇവിടെ
ഉദ്ദേശിക്കുന്ന സത്യം. 'സത്‌ ഇയം' എന്നു തുടങ്ങി ഞാന്‍ മുമ്പെഴുതിയ പല അര്‍ഥങ്ങളും സത്യത്തിനുണ്ട്‌
എങ്കിലും ഈ പ്രകരണത്തില്‍ മേല്‍പറഞ്ഞ അര്‍ത്ഥത്തിനാണ്‌ സാംഗത്യം.

അസ്തേയം.

സ്തേയം എന്നാല്‍ ചൗര്യം - മോഷണം എന്നര്‍ത്ഥം. "പരദ്രവ്യവാഞ്ച്ഛ" എന്നാണ്‌ നിര്‍വചനം.
മറ്റുള്ളവരുടെ വസ്തുക്കളില്‍ ഉണ്ടാകുന്ന ആഗ്രഹത്തെപ്പോലും മോഷണം എന്നു കരുതുക.

ഇവിടെ ഒന്നു ശ്രദ്ധിക്കാം ഈ പറയുന്ന എല്ലാറ്റിനും കായികം, വാചികം, മാനസികം എന്നീ മൂന്നു
തലങ്ങളിലും വ്യാപ്തിയുണ്ട്‌.

ബ്രഹ്മചര്യം.

മുഖ്യം , ഗൗണം എന്നു രണ്ടു തരത്തില്‍ ബ്രഹ്മചര്യമുണ്ട്‌.

"ആകൃഷ്ടഫലമൂലാനി വനവാസരതിഃ സദാ
കുരുതേഹരഹഃ ശ്രാദ്ധമൃഷിര്‍വിപ്രഃ സ ഉച്യതേ" വനത്തില്‍ താമസിച്ച്‌, ഫലമൂലങ്ങള്‍
ഭക്ഷിച്ച്‌, കര്‍മ്മങ്ങളെല്ലാം ശ്രാദ്ധമായി ചെയ്യുന്ന
(ഭൗതികമായ അസ്തിത്വത്തില്‍ വിരക്തി വന്നതുകൊണ്ട്‌ തന്റെ ശരീരവും ജഡമാണെന്നു മനസ്സിലാകിയതു
കൊണ്ട്‌ തനിക്കു വേണ്ടി ചെയ്യുന്നതും ശ്രാദ്ധമാകുന്നു എന്നര്‍ത്ഥം) വിപ്രനാണ്‌ ഋഷി. അവരുടെ ജീവിതം മുഖ്യബ്രഹ്മചര്യമാണ്‌.

ഗൗണം--

"ഏകാഹാരേണ സന്തുഷ്ടഃ ഷഡ്കര്‍മ്മനിരതഃ സദാ
ഋതുകാലേഭിഗാമീ ച സ വിപ്രോ ദ്വിജ ഉച്യതേ"

ഒരു നേരത്തെ ആഹാരം കൊണ്ട്‌ സന്തുഷ്ടനും, നിത്യവും പഠിക്കുക, പഠിപ്പിക്കുക, ദാനം മേടിക്കുക,
ദാനം കൊടുക്കുക, യജ്ഞം ചെയ്യുക, യജ്ഞം ചെയ്യിപ്പിക്കുക എന്നീ ഷഡ്കര്‍മ്മങ്ങള്‍ ചെയ്യുന്നവനും, ഋതുകാലത്ത്‌
ധര്‍മ്മമായി പത്നീസേവ ചെയ്യുന്നവനും ആയ വിപ്രനേ ദ്വിജന്‍ എന്നു വിളിക്കുന്നു. ഇതു ഗൗണബ്രഹ്മചര്യം. രണ്ടും ശ്രേഷ്ഠം തന്നെ.

അപരിഗ്രഹം

സ്വന്തം ശരീരത്തേ ആരോഗ്യത്തോടുകൂടി നിലന്‍ഇര്‍ത്തുവാന്‍ എന്ത്‌ ഭക്ഷണം വേണമോ , അതാതു
ദിവസം അത്ര ആഹാരത്തില്‍ കൂടുതലായി മറ്റൊരു വസ്തുവും സ്വീകരിക്കാതിരിക്കുകയും,
ബാകിയുള്ളതിനെ ദാനം ചെയ്യുകയും ചെയ്യുന്നതിനെ ആണ്‌ അപരിഗ്രഹം എന്നു പറയുന്നത്‌

വളരെ ചുരുക്കത്തില്‍ പറഞ്ഞാല്‍ യമം എന്നത്‌ ഇപ്പറഞ്ഞതാണ്‌. ഇതെല്ലാം സ്വായത്തമാക്കി വേണം യോഗിയാകാന്‍ തുടങ്ങുന്നത്‌.

നിയമം എന്നത്‌- "തത്ര ശൗചസന്തോഷതപഃസ്വാദ്ധ്യായേശ്വരപ്രണിധാനാനി നിയമാഃ"

ശുചിത്വം, സന്തോഷം , തപസ്‌, സ്വാദ്ധ്യായം, ഈശ്ഡ്വരപ്രണിധാനം ഇവയാണ്‌.

കായവാങ്ങ്‌ മാനസശുചിത്വം, -- കായത്തിന്റെ ശുചിത്വം എന്നത്‌ സ്നാനാദികള്‍, മനസ്സിന്റെ ശുചിത്വം എന്നത്‌ ഇന്ദ്രിയനിഗ്രഹം, വാക്കിന്റെ ശുചിത്വം എന്നാല്‍ സത്യപാലനം. സത്യപാലനം എന്നാല്‍ മനസ്സില്‍ വിചാരിക്കുന്നത്‌ പറയുക, പറയുന്നത്‌ പ്രവര്‍ത്തിക്കുക, എന്നുകൂടിയുണ്ടെന്നു മനസ്സിലാക്കുക.സന്തോഷം എന്നതിനര്‍ഥം തനിക്കുള്ളതില്‍ തൃപ്ത്‌ഇ എന്ന്‌.

സത്യപാലനത്തിലുള്ള ദൃഢവ്രതമാണ്‌ തപസ്‌, മറ്റൊന്ന്‌ നിശ്ചയിച്ച കാര്യം പൂര്‍ണ്ണമാക്കുന്നതുവരെ തുടരെ പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി.

സ്വാദ്ധ്യായം സു ആയിട്ടുള്ള അദ്ധ്യയനം.നല്ല കാര്യങ്ങള്‍ വേണ്ടവണ്ണം അധ്യയനം ചെയ്യുക എന്നിപ്പോള്‍ മനസ്സിലാക്കുക

ഈശ്വരപ്രണീധാനം എന്നത്‌ സ്വാര്‍ഥപ്രതിപത്തിയില്ലാതെ പ്രവര്‍ത്തിക്കുക എന്നര്‍ഥമാക്കുന്നു.

എന്തു പ്രവര്‍ത്തി ചെയ്യുന്നതും ഫലേഛയില്ലാതെയായിരിക്കുക. ഏതു കര്‍മ്മത്തിനും അതിന്റേതായ ഒരു ഫലമുണ്ട്‌ അത്‌ നാം വിചാരിച്ചാലും ഇല്ലെങ്കിലും ഉണ്ടാകുക തന്നെ ചെയ്യും. അഗ്നിയില്‍ തൊട്ടിട്ട്‌ തണുപ്പു വേണമെന്നു വിചാരിച്ചാല്‍ ലഭിക്കാത്തതു പോലെ നാം എന്തു വേണം എന്നു വിചാരിക്കുന്നതിലല്ല കാര്യം, എന്തു പ്രവര്‍ത്തിക്കുന്നു എന്നതിലാണ്‌ അപ്പോള്‍ നാം ചെയ്യുന്ന കര്‍മ്മം നമുക്കു വേണ്ടിയല്ല ഈശ്വരനു വേണ്ടിയാണ്‌ എന്ന ഭാവന ഉണ്ടെങ്കില്‍ കര്‍മ്മങ്ങള്‍ നല്ലതേ ചെയ്യൂ എന്ന്‌. ഉദാഹരണത്തിന്‌ അടുക്കളയില്‍ ഉണ്ടാക്കുന്ന ആഹാരം തന്റെ ഭര്‍ത്താവിനും, മക്കള്‍ക്കും വേണ്ടിയാണ്‌ എന്നു ഭാവനയോടുകൂടി ഭാര്യ ഉണ്ടാക്കുന്നതും , അവര്‍ അതു കഴിക്കുമ്പോള്‍ സന്തോഷത്തോടു കൂടി അതിന്റെ അനുഭൂതി ആസ്വദിക്കുകയും ചെയ്യുന്ന ആ മനസ്ഥിതി, അത്‌ അനുഭവൈകവേദ്യമാണ്‌. ഇവയെല്ലാമാണ്‌ യോഗത്തിന്റെ ആദ്യപടിയില്‍ വേണ്ട നിയമം.

8 comments:

  1. ഇവയെല്ലാമാണ്‌ യമം എന്ന വാകുകൊണ്ട്‌ നിര്‍ദ്ദേശിക്കുന്നത്‌. യോഗത്തിന്റെ ആദ്യപടിയില്‍ വേണ്ട യമം കഴിഞ്ഞു നിയമം നാളെപ്പറയം പോരേ?

    ReplyDelete
  2. ഇത് നന്നായി. ഇനിയും വരട്ടെ.

    ReplyDelete
  3. വളരെ വളരെ വളരെ നന്നായിരിക്കുന്നു പണിക്കര്‍ സാറേ. യോഗ വെറും പൊള്ളയാണെന്നും, അത് ഒരു വ്യായാമരീതി മാത്രമാണെന്നും ഒക്കെയുള്ള തോന്നലുളവാക്കാനും ക്യാപ്‌സൂള്‍ യോഗക്കാര്‍ക്കായി എന്ന് തോന്നുന്നു.

    അവസാനത്തെ ഖണ്ഡിക വളരെ നന്നായി തോന്നി. എന്റെ തലയില്‍ കയറാനായി ഞാന്‍ അതിനെ
    “ചെയ്യാനുള്ളത് ചെയ്യുക, കിട്ടാനുള്ളത് കിട്ടും, വരാനുള്ളത് വഴിയില്‍ തങ്ങില്ലാ” എന്നാക്കി :)

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  4. ക്ഷമിക്കണം,ക്ഷമിക്കണം,

    പ്രായം മനസ്സിനെ വല്ലാതെ കുഴക്കുന്നുണ്ടോ എന്നു സംശയം, ഞാന്‍ ഇന്നലെ യോഗക്കാരോടു ദ്വേഷ്യം തോന്നിയപ്പോള്‍ ആവേശം മൂത്ത്‌ നിയമത്തെ യമം എന്നെഴുതിപ്പോയതാണ്‌. ഇന്നലെ എഴുതിയത്‌ നിയമം.-(ശൗചസന്തോഷതപസ്വാദ്ധ്യായേശ്വരപ്രണീധാനാനി നിയമാഃ എന്നു വായിക്കുക)

    യമം ഇന്നെഴുതാം
    "അഹിംസാ സത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ"

    വിശദീകരണം പോസ്റ്റായെഴുതാം

    ReplyDelete
  5. പണിക്കര്‍ സാറേ, കണ്‍ഫ്യൂഷനായി. അപ്പോള്‍

    “ഇവയെല്ലാമാണ്‌ യമം എന്ന വാകുകൊണ്ട്‌ നിര്‍ദ്ദേശിക്കുന്നത്‌. യോഗത്തിന്റെ ആദ്യപടിയില്‍ വേണ്ട യമം കഴിഞ്ഞു നിയമം നാളെപ്പറയം...” എന്ന് പറഞ്ഞതില്‍ യമ‌മാണോ നിയമമാണോ ഉദ്ദേശിച്ചത്? അങ്ങിനെയാണെങ്കില്‍ സൌകര്യം പോലെ പോസ്റ്റ് ഒന്ന് തിരുത്തിയെഴുതുമോ?

    ReplyDelete
  6. ശൗചസന്തോഷതപസ്വാദ്ധ്യായേശ്വരപ്രണീധാനാനി നിയമാഃ എന്നു വായിക്കുക


    യമം "അഹിംസാ സത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ"

    ReplyDelete
  7. യോഗാഭ്യാസത്തിനേപ്പറ്റി എനിക്കു കേട്ടറിവും വായിച്ചറിവും മാത്രമേ ഉള്ളൂ, ചെയ്തറിവു്‌ ഇല്ല എന്നാലും ഒരു അഭിപ്രായം തോന്നുന്നു.
    യമം, നിയമം തുടങ്ങിയ എട്ടു അംഗങ്ങള്‍ ഉള്ളതാണല്ലോ യോഗം. അതില്‍ ഒരു അംഗത്തില്‍ പ്രവീണ്യം വന്നതിനു ശേഷമേ അടുത്ത അംഗത്തിലേക്കു പ്രവേശിക്കാന്‍ പാടുള്ളൂ എന്നൊന്നും ഇല്ലല്ലോ. (അംഗങ്ങള്‍ ക്രമേണ മാത്രമേ പരിശീലിക്കാന്‍ പാടുള്ളൂ എന്നുണ്ടൊ?) ഒരു കുട്ടി വളരുന്പോള്‍ കാല്‍ വളര്‍ന്നതിനു ശേഷമല്ലല്ലോ കൈ വളരുന്നത്. വളര്‍ച്ചയുടെ ഭാഗമായി എല്ലാ അംഗങ്ങളും ഒപ്പം വളരുന്നു. അതുപോലെ കുറച്ചു കാലം യോഗം ശീലിച്ചാല്‍ ( ആസനം, പ്രാണായാമം, ധ്യാനം എന്നിവ ശീലിച്ചാല്‍) യമം, നിയമം എന്നിവ താനേ വന്നുചേരില്ലേ? കുട്ടികളുടെ കൈ മാത്രം വളരാനായി പ്രത്യേകിച്ചു ഒരു ഭക്ഷണവും നാം അവര്‍ക്കു കൊടുക്കാറില്ലല്ലോ
    എന്റെ ഒരു സംശയം ഇവിടെ കുറിച്ചു എന്നു മാത്രം. ബ്ളോഗ് വളരെ നന്നായിരുന്നു

    എന്നു്‌
    വിദ്യാര്‍ത്ഥി

    ReplyDelete
  8. പ്രിയ വിദ്യാര്‍ത്ഥീ,

    യമം നിയമം എന്നിവ യോഗാഭ്യാസികള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും തന്നെ ഐശ്വര്യപ്രദമാണ്‌.
    പിന്നെ യോഗത്തിന്റെ അംഗങ്ങള്‍ ക്രമേണ പരിശീലിക്കുന്നതു തന്നെ ആണ്‌ നല്ലത്‌.
    സമാധി ആദ്യം വേണം എന്നു വച്ചാല്‍ നടക്കില്ല തന്നെ.
    കയ്യും കാലും വളരുന്ന ഉദാഹരണം ഇവിടെ എങ്ങനെ യോജിക്കുന്നു എന്നും മനസ്സിലാകുന്നില്ല.
    അഭിപ്രായത്തിനു നന്ദി.

    ReplyDelete